തര്‍ജ്ജനി

മുഖമൊഴി

ദില്ലിയിലെ തൂപ്പുകാര്‍

അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു, വരാനിരിക്കുന്ന ലോക് സഭാതെരഞ്ഞെടുപ്പിന്റെ തിരനോട്ടമായിരിക്കും അതെന്ന്. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പോരാടുന്ന ഭാരതീയ ജനത പാര്‍ട്ടി അതിനാല്‍ അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അതോടെ പാര്‍ട്ടിക്കകത്ത് കലഹവും കലക്കവുമെല്ലാം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ്പരാജയം അസഹനീയമായ ദുരന്തമാവും എന്നതിനാല്‍ അവര്‍ അനുനയത്തിലൂടെയും അനുരഞ്ജനത്തിലൂടെയും സമവായത്തിലെത്തി. കോണ്‍ഗ്രസ്സാവട്ടെ അവരുടെ അപ്രമാദിത്വത്തിലുള്ള വിശ്വാസംകാരണമാവാം പതിവുരീതിയിലുള്ള തട്ടുപൊളിപ്പന്‍ വര്‍ത്തമാനങ്ങളുമായി മത്സരത്തിനിറങ്ങി. അതിനിടയിലാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തിലൊന്നും ആം ആദ്മിയെ രണ്ട് മുഖ്യധാരാപാര്‍ട്ടികളും അവഗണിച്ചു. അവര്‍ രംഗത്തുണ്ടെന്നതുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയം കോടികള്‍ മുതലിറക്കി കോടികള്‍ കൊയ്തെടുക്കുന്ന പരിപാടിയാണെന്നതിനാല്‍ അഴിമതിവിരുദ്ധതയുമായി നടക്കുന്നവര്‍ക്ക് ഇതിലെന്ത് കാര്യം എന്ന അവരുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ആം ആദ്മി രംഗത്തുണ്ടെന്ന് അംഗീകരിക്കാന്‍ രണ്ട് പ്രബലമുന്നണികള്‍ക്കും സമ്മതിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പുഫലം അക്ഷരാര്‍ത്ഥത്തില്‍ അവരെ അമ്പരിപ്പിക്കുകയും ചെയ്തു.

അഴിമതിവിരുദ്ധപ്രസ്ഥാനം രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കണം എന്ന ആശയം വലിയ സംശയത്തോടെയാണ് എല്ലാവരും കണ്ടത്. അണ്ണ ഹസാരെ രാഷ്ട്രീയപാര്‍ട്ടി എന്ന ആശയത്തോട് വിയോജിച്ചു. പാര്‍ട്ടി എന്ന ആശയത്തിന്റെ നായകനായ കെജ്രിവാളിന് അധികാരമോഹമാണെന്ന് വിലയിരുത്താനും എളുപ്പമാണ്. രാഷ്ട്രീയാധികാരം ഉപയോഗിച്ച് വളരുന്ന അഴിമതിയെ ചെറുക്കുവാന്‍ രാഷ്ട്രീയാധികാരത്തിന്റെ പ്രവര്‍ത്തനരംഗങ്ങള്‍ക്കകത്ത് ചെന്നെത്തേണ്ടതുണ്ട്. അഴിമതിരഹിതമായ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പുറത്തുനിന്ന് ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തേക്കാളും ഫലപ്രദമാവുക, അകത്തുനിന്നുമുള്ള പ്രവര്‍ത്തനങ്ങളാണ്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രക്രിയയില്‍ ഇടപെടുവാനുള്ള ശേഷിയാണ് ഇതിനായി കൈവരിക്കേണ്ടത്. രാഷ്ട്രീയപ്രക്രിയയ്ക്കകത്ത് കടന്നുചെന്നല്ലാതെ ഇക്കാര്യം സാധിക്കുകയെന്നത് സമയവും ഊര്‍ജ്ജവും ധാരാളം വിനിയോഗിച്ചല്ലാതെ സാധിക്കുകയില്ല. രാഷ്ട്രീയപ്രക്രിയയ്ക്കകത്ത് കടക്കുകയെന്നാല്‍ അഴിമതിയുടെ വഴികളിലൂടെ സഞ്ചരിക്കുകയെന്നാണ് അതിന്റെ സാമാന്യമായ അര്‍ത്ഥം. അഴിമതിയുടെ ചളിക്കുണ്ടില്‍ വീണുപോവാതെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുവാനാണ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്.

അണ്ണ ഹസാരെയുടെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍പോലും അവിശ്വാസത്തോടെ, അശുഭാപ്തിവിശ്വാസത്തോടെ നിരീക്ഷിച്ച പാര്‍ട്ടിരൂപീകരണത്തെ വ്യവസ്ഥാപിതരാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടത് അവരുടെ സഹജീവികളെ നേരിടുന്നതുപോലെ ആരോപണങ്ങള്‍ ഉന്നയിച്ചാണ്. നിഗൂഢമായ പ്രവര്‍ത്തനമാണ് ഈ പാര്‍ട്ടിയും ചെയ്യുന്നതെന്ന് ജനങ്ങളെ ധരിപ്പിക്കുകയും ഞങ്ങളും ഇവരും ഒരേതൂവല്‍പക്ഷികളാണെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു ആ തന്ത്രം. ആദര്‍ശത്തിന്റെ മേലങ്കി ഞങ്ങള്‍ക്കുമുണ്ട്, അവര്‍ക്കുമുണ്ട്. അവര്‍ക്ക് അതിന്റെ ബാദ്ധ്യതയുള്ളതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുതരാന്‍ സാധിക്കില്ല, ഞങ്ങള്‍ക്ക് അത്തരം പ്രശ്നങ്ങളില്ലാത്തതിനാല്‍, വരൂ, ഞങ്ങള്‍ സാധിച്ചുതരാം. ഞങ്ങളോടൊപ്പം തന്നെ നില്ക്കൂ.... ഇതാണ് ആ തന്ത്രം. വന്‍പണച്ചാക്കുകളുമായി രഹസ്യധാരണയുണ്ടെന്ന് ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്സും ബി ജെ പിയും മാത്രമല്ല, ഇടതുപക്ഷത്തിന്റെ തലപ്പത്തിരിക്കുന്ന പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടിയും തുനിഞ്ഞിറങ്ങി. കോര്‍പ്പറേറ്റുകളുടെ മനസപുത്രനാണ് കെജ്രിവാളെന്ന് പ്രചരിപ്പിക്കുന്നതില്‍ അവരും ഉത്സാഹിച്ചു.

മാദ്ധ്യമങ്ങളിലൂടെ നിത്യവും നാം കാണുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുവാനും അതിനെ പിന്തുണയ്ക്കുവാനുമല്ല തോന്നിക്കുക. എല്ലാവിധത്തിലുമുള്ള നിയമലംഘനങ്ങളുടേയും അഴിമതികളുടേയും നിത്യോപാസകരാണ് രാഷ്ട്രീയക്കാര്‍. അത്തരക്കാര്‍ക്കല്ലാതെ അവിടെ സ്ഥാനമില്ല. ഭരിക്കുന്നതുതന്നെ അവനവന് കാശുണ്ടാക്കാനാണ് എന്നതാണ് അവരുടെ വിശ്വാസം. പലനാള്‍ കള്ളന്‍ ഒരുനാള്‍ കെണിയിലാവും എന്ന് പറയുന്നതുപോലെ ഒരുനാള്‍ കൂട്ടത്തില്‍ ഒരുവനെ കേസില്‍പെടുത്തി ജയിലില്‍ ഇട്ട് എത്ര നീതിപൂര്‍വ്വമാണ് കാര്യങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കാനും അവര്‍ ശ്രമിക്കും. കേന്ദ്രമന്ത്രിയായാലും കുറ്റംചെയ്താല്‍ തിഹാറില്‍ പോവും എന്ന് ധരിപ്പിക്കുകയാണ് തന്ത്രം. ജയിലില്‍ പോവുന്നവന്‍ കാലദോഷംകൊണ്ട് പോവുകയാണെന്ന് പെരുംകള്ളന്മാരായ അവരുടെ സഹപ്രവര്‍ത്തകരെക്കണ്ട് നാട്ടുകാരെല്ലാം മനസ്സിലാക്കുകയും ചെയ്യും. പക്ഷെ, ആരും ഇതൊന്നും വിളിച്ച് പറയില്ല. പറയാന്‍ ഭയന്നിട്ടല്ല, പറഞ്ഞിട്ട് കാര്യമില്ലെന്നതിനാല്‍ത്തന്നെ.

ഈ മലീമസമായ തൊഴുത്ത് ആര് വെടിപ്പാക്കും എന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തിയ ചോദ്യം. ഈ പ്രശ്നത്തില്‍ നിന്ന് മോചനമില്ല എന്നും ഇത് നമ്മുടെ വിധിയാണെന്നും ജനങ്ങള്‍ കരുതും. അഴിമതി ആഗോളപ്രതിഭാസമാണെന്നും അതിനാല്‍ ആര്‍ക്കും ഇതില്‍നിന്ന് രക്ഷയില്ലെന്നും സാമാന്യവത്കരിച്ച് പറയുകയും ചെയ്യുകയാണ് നമ്മുടെ രീതി. അവിടെയാണ് അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ നായകരില്‍ ഒരാളായ കെജ്രിവാള്‍ ബദല്‍പ്രവര്‍ത്തനവുമായി രംഗത്ത് വരുന്നത്. അത് ഫലം കാണുകയും ചെയ്തു. പതിനഞ്ച് വര്‍ഷമായി ദില്ലിയില്‍ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെയാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകയെ, രാഷ്ട്രീയത്തിലെ ഒരു ഹെവി വെയ്റ്റിന്റെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത് കെജ്രിവാളല്ല, ന്യൂ ദല്‍ഹി നിയോജകമണ്ഡലത്തിലെ ജനങ്ങളാണ്. ഇതാണ് യഥാര്‍ത്ഥജനവിധി.

ഇടതുകാലിലെ മന്ത് വലതുകാലിലേക്കും വലതുകാലില്‍ നിന്ന് ഇടതുകാലിലേക്കും മാറ്റുന്ന നാറാണത്ത് ഭ്രാന്തന്റെ നിരര്‍ത്ഥകകളിക്കപ്പുറം കാര്യങ്ങള്‍ ചെന്നെത്തുന്ന കാലം സമാഗതമായിരിക്കുന്നുവെന്നാണ് ദില്ലിയില്‍ ചൂലുമായി രംഗത്തിറങ്ങിയ ആം ആദ്മി പാര്‍ട്ടി കാണിച്ചുതന്നത്. ഇപ്പോള്‍ അവര്‍ ദില്ലിയില്‍ ചരിത്രം കുറിച്ചിരിക്കയാണ്. അത് നാടുമുഴുവന്‍ വ്യാപിക്കുന്ന കാലത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. യഥാര്‍ത്ഥജനവിധി പറയാന്‍ അവര്‍ കാത്തിരിക്കുകയാണ്.

Subscribe Tharjani |
Submitted by S Chandrasekharan Nair (not verified) on Sun, 2013-12-22 09:37.

ആംആദ്മി പാര്‍ട്ടി മറ്റ് പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമാകുന്നതെങ്ങിനെയെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ ഭരണഘടന മറ്റ് പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ഹൈക്കമാന്റിന് പകരം സാധാരണക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ലളിമായി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേമെന്റിലൂടെ പത്തുരൂപ അടച്ച് അംഗമാകാം. വാര്‍ഡ് സഭകളില്‍ നടക്കുന്ന ഇന്നത്തെ രീതിയെ മാറ്റി വാര്‍ഡിലെ വോട്ടര്‍മാര്‍ ഗ്രാമസഭ നിയന്ത്രിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യും. സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ കരുത്തുപയോഗിച്ച് മാദ്ധ്യമങ്ങളെ കടത്തിവെട്ടിയ എ.എ.പി വീടുവീടാന്തിരം വോളന്റിയര്‍മാരെ എത്തിക്കുകമാത്രമല്ല ഇലക്ഷന്‍ മാനിഫെസ്റ്റോ ജനങ്ങള്‍ക്കായി വിഭാവനം ചെയ്യുകയും ചെയ്തു. വരവ് ചെലവ് കണക്കുകള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. അഴിമതിക്കാരെ സ്ഥാനാര്‍ത്ഥിയാക്കാതെയും അത്തരക്കാരെ പിന്‍വലിച്ചും മാതൃക കാട്ടി.