തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

പാഠപുസ്തകങ്ങള്‍ എങ്ങനെ അച്ചടിക്കണം?

കേരളത്തില്‍ പാഠപുസ്തകം വീണ്ടും തര്‍ക്കവിഷയമായിരിക്കുന്നു. ഇന്നത്തെ മംഗളം പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഇവിടെ ആ വാര്‍ത്ത കാണാം. ഈ വാര്‍ത്തയില്‍ നിന്ന് മനസ്സിലാവുന്നത് പതിവുപോലെ അടുത്ത അദ്ധ്യയനവര്‍ഷവും പാഠപുസ്തകങ്ങളുടെ ലഭ്യതസംബന്ധിച്ച ഒരു പ്രശ്നം ഉണ്ടാവും എന്നാണ്. അതാവട്ടെ അഞ്ച്, ഏഴ്, പതിനൊന്ന് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളുടെ കാര്യത്തിലാണ്. അതില്‍ വലിയ വിശേഷമില്ല. യഥാസമയം അച്ചടിക്കാതിരുന്നതിനാല്‍ പുസ്തകം സമയത്ത് കിട്ടാതിരിക്കുക, വിതരണസംവിധാനത്തിലെ തകരാറ് കാരണം പുസ്തകം കിട്ടാതിരിക്കുക എന്നിവയെല്ലാം പതിവായ ഒരിടത്ത് മൂന്ന് ക്ലാസ്സുകളിലെ പുസ്തകത്തിന്റെ കാര്യത്തിലേ പ്രശ്നമുള്ളൂ എന്നാണെങ്കില്‍ അധികാരികളെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതുമാത്രമല്ല, മലയാളം പാഠപുസ്തകങ്ങളുടെ കാര്യത്തിലേ പ്രശ്നമുള്ളൂ. മറ്റ് വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ കിട്ടും. അങ്ങനെയാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം തോന്നിയത്.

പക്ഷെ വാര്‍ത്ത എഴുതിയ ലേഖകന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്കുവേണ്ടി പാഠപുസ്തകങ്ങളുടെ അച്ചടി അട്ടിമറിച്ചുവെന്ന് പറയുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് എന്താണാവോ കേരളത്തിലെ മൂന്ന് ക്ലാസ്സുകളിലെ പാഠപുസ്തകത്തില്‍ ഇത്രയും താല്പര്യം? പത്രത്തില്‍ പലതും പലപ്പോഴും അച്ചടിച്ചുവരും എന്ന് നമ്മുക്കറിയാം. അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാന്‍ അത് എഴുതിയവരുടെ ഇഷ്ടന്മാര്‍പോലും തയ്യാറാവില്ല. പത്ത് പത്രത്തില്‍ പത്ത് തരത്തിലാവും വാര്‍ത്ത. ചില പത്രങ്ങളിലെ ഒന്നാം നമ്പര്‍ വാര്‍ത്ത മറ്റുള്ളവര്‍ക്ക് അവസാനത്തെ വാര്‍ത്തപോലും ആവില്ല. ഈ പാഠപുസ്തകവാര്‍ത്തയും അങ്ങനെത്തന്നെ. ആകെ ഒരു പത്രത്തിലേ അത് കണ്ടുള്ളൂ.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പത്രങ്ങളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു. അതും നേരത്തെ പറഞ്ഞ ക്ലാസ്സുകളിലെ പാഠപുസ്തകത്തിന്റെ കാര്യമായിരുന്നു. പുതിയലിപിയില്‍ നിന്ന് മലയാളത്തിന്റെ പഴയലിപിയിലേക്ക് അച്ചടി മാറുന്നുവെന്നാണ് വാര്‍ത്ത. പുതുമയില്‍ നിന്ന് കൂടുതല്‍ പുതുമയിലേക്കല്ലേ നാം പോവേണ്ടത്? ഇതെന്താണ് പഴമയിലേക്ക് ഒരു തിരിച്ചുപോക്ക്? ആരാണ് ഈ പഴഞ്ചന്മാര്‍? കോണ്‍ഗ്രസ്സും ലീഗും കേരള കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നുള്ള മുന്നണി യാഥാസ്ഥിതികമുന്നണി ആയിതിനാലാവും എന്നൊക്കെ തോന്നി. ഇടതുപക്ഷക്കാരെപ്പോലെ വിപ്ലവാത്മകതയൊന്നും ഇവര്‍ക്ക് കാണില്ലല്ലോ. വിപ്ലവം മൂത്ത് തെങ്ങിന്‍ മണ്ടയില്‍ വികസനം വരില്ല എന്നെല്ലാമുള്ള പുത്തന്‍ ആശയങ്ങള്‍ ഇടതുപക്ഷക്കാര്‍ അവതരിപ്പിക്കും. തെങ്ങിന്‍ മണ്ടയില്‍ വികസനം വരില്ലെന്നതുപോലെ തര്‍ക്കമില്ലാത്ത വിപ്ലവാത്മക ആശയങ്ങള്‍ യാഥാസ്ഥിതികന്മാരില്‍ നിന്നും പ്രതീക്ഷിച്ചുകൂടല്ലോ. അപ്പോള്‍ ഈ പഴമയിലേക്കുള്ള തിരിച്ചുപോക്ക്, പിന്തിരിപ്പന്‍സഞ്ചാരം അമ്പരപ്പ് ഉളവാക്കേണ്ട കാര്യമല്ല.

പക്ഷെ, വാര്‍ത്ത വിശദമായി, മനസ്സിരുത്തി വായിച്ചപ്പോഴാണ് എന്തോ ഒരു പ്രശ്നം ഇതിലുണ്ടെന്ന് തോന്നിയത്. അതിലെന്തോ കാര്യമുണ്ടെന്ന് ഒന്നുകൂടി ഉറപ്പിച്ചത് മറ്റുപത്രങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല എന്നത് മനസ്സിലാക്കിയപ്പോഴാണ്. ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളിലാണ് വാര്‍ത്ത കുടിയിരിക്കുന്നതെന്ന പ്രഖ്യാതമായ വാര്‍ത്താനിര്‍വ്വചനം ഒരിക്കല്‍ക്കൂടി ഓര്‍ത്തു. ഇക്കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രമുഖജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ റെയിഡ് നടന്നതും സീല്‍ വെച്ചതും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലല്ലോ. മുഴുപേജ് പരസ്യം തരുന്ന പരസ്യക്കാരനെ വിഷമിപ്പിച്ച് പുലര്‍ത്തേണ്ട ഒന്നല്ലല്ലോ പത്രധര്‍മ്മം.

വിഷയം അച്ചടിയുമായി ബന്ധപ്പെട്ടതാണ്. ഡിടിപി ചെയ്ത് അച്ചടി ആരംഭിച്ച കാലംമുതല്‍ കേരളത്തില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അഡോബ് ലബോറട്ടറീസിന്റെ ഡിടിപി പായ്ക്കേജും ഉപയോഗിച്ചാണ് പണി നടത്തിക്കൊണ്ടിരുന്നത്. ആദ്യം ആള്‍ഡസ് പേജ് മേക്കര്‍ എന്ന പ്രോഗ്രാമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നെ അഡോബ് ലബോറട്ടറീസ് പേജ്മേക്കര്‍ വാങ്ങി പരിഷ്കരിച്ച് വിപണിയിലിറക്കി. പിന്നെ അത് അവരുടെ ക്രിയേറ്റീവ് സ്വീട്ടിന്റെ ഭാഗമാക്കി.പേജ് മേക്കറിന്റെ വേര്‍ഷന്‍ 7 കഴിഞ്ഞപ്പോള്‍ ആ ഉല്പന്നം നിറുത്തി ഇന്‍ഡിസൈന്‍ എന്ന ഒന്ന് പുതുതായി തുടങ്ങി. അതാണ് ഇപ്പോള്‍ ക്രിയേറ്റീവ് സ്വീട്ടിന്റെ ഭാഗമായി വരുന്നത്, പേജ്മേക്കറല്ല. സി.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഉല്പന്നപരമ്പരയിലെ 6ല്‍ ഇന്ത്യന്‍ഭാഷകള്‍ക്കുള്ള യൂനിക്കോഡ് സപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. മലയാളം ഒരു ഇന്ത്യന്‍ഭാഷയായതിനാല്‍ അതിനുള്ള സപ്പോര്‍ട്ടും അതില്‍പ്പെടും. ഇങ്ങനെയുള്ള ചരിത്രപശ്ചാത്തലത്തിലാണ് കേരളസര്‍ക്കാരിന്റെ പാഠപുസ്തകപ്രശ്നം ഉടലെടുക്കുന്നത്.

പത്രക്കാരന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നാന്‍ കാരണം, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള പേയ്ക്കേജല്ല അച്ചടിക്ക് ഉപയോഗിക്കുന്നത് എന്ന് നേരത്തെ വന്ന വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. സ്വതന്ത്രസോഫ്റ്റ് വേറില്‍ പ്രവര്‍ത്തിക്കുന്ന ടെക് എന്ന സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണത്രെ പുസ്തകം അച്ചടിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വേറില്‍, ഓപ്പറേറ്റിംഗ് സിസ്റ്റം കാശുകൊടുക്കാതെ കിട്ടും. ടെക് എന്ന സംവിധാനവും കാശുകൊടുക്കാതെ കിട്ടും. വിന്‍ഡോസില്‍ കിട്ടുന്നതിനെക്കാള്‍ മികച്ച മലയാളം സപ്പോര്‍ട്ട് ഓപ്പണ്‍സോഴ്സില്‍ ലഭ്യമാക്കിക്കൊണ്ട് ഒരു കമ്യൂണിറ്റി സജീവമായി രംഗത്തുണ്ട്. ഒരു ഫയല്‍ ടൈപ്പ് ചെയ്ത് പിഡിഎഫ് ആക്കുമ്പോള്‍ ണ്ട എന്ന അക്ഷരം അപ്പാടെ കാണാതായിപ്പോവുന്ന അഡോബ് അക്രോബാറ്റിലെ മായാജാലവും പ്രതിഭാസമൊന്നും ലിനക്സില്‍, ഓപ്പണ്‍ സോഴ്സില്‍ ഇല്ല. ടെക്കിനു പുറമെ സ്ക്രൈബസ് എന്ന പായ്ക്കേജില്‍ മലയാളം സപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ വേറെ ഒരു സംഘം ചെറുപ്പക്കാര്‍ സജീവമായി രംഗത്തുണ്ട്. അതിനാല്‍ മലയാളം അച്ചടിയുടെ രംഗത്ത് വിന്‍ഡോസ് പക്ഷപാതികളും സ്വതന്ത്ര സോഫ്റ്റ് വേര്‍ പക്ഷക്കാരും രണ്ട് ചേരികളായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ചുരുക്കിപ്പറയാം. അതില്‍ വിന്‍ഡോസും അഡോബിന്റെ സി എസ് 6ഉം കച്ചവടത്തിനായി വിപണിയില്‍ ഇറക്കിയ ഉല്പന്നങ്ങളാണ്. അവരുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ് കാശുകൊടുക്കാതെ കിട്ടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിടിപി പായ്ക്കേജും ഉപയോഗിച്ച് കുറ്റമറ്റരീതിയില്‍ മലയാളം അച്ചടിക്കാനാവും എന്നത്. അത് മാത്രമല്ല, ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ ഇങ്ങനെ അച്ചടിക്കാമെന്ന് വന്നാല്‍ കല്യാണക്കത്തും കൊച്ച് അറിയിപ്പുകളും അച്ചടിക്കാനായിപ്പോലും നാട്ടുകാരെല്ലാം ഇതല്ലേ ഉപയോഗിക്കുക!!! അപ്പോള്‍ അവിടെയാണ് കാര്യം.

പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, റിസേര്‍ച്ച് ആന്റ് ട്രയിനിംഗ് എന്ന സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ പേര് ശ്രേഷ്ഠഭാഷയില്‍ ആരെങ്കിലും വിവര്‍ത്തനം ചെയ്യേണ്ടതാണ്. അവരുടെ കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകങ്ങളെക്കുറിച്ച് തീരുമാനിക്കുന്ന പരമാധികാരസമിതി. അവര്‍ അംഗീകരിച്ചാല്‍ അതിനപ്പുറമില്ല. ഈ പുസ്തകങ്ങളുടെ അംഗീകാരത്തിന് കരിക്കുലം കമ്മിറ്റിയില്‍ പോയപ്പോള്‍ പതിവില്ലാതെ പലതരം തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നു. പുസ്തകങ്ങള്‍ ഫ്രീ കണ്ടന്റായി പ്രസിദ്ധീരിക്കുന്നതിനെക്കുറിച്ച്, പുതിയലിപിയില്‍ നിന്ന് പഴയലിപിയിലേക്ക് മാറുന്നതിനെക്കുറിച്ച്, പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച്.... അതില്‍ ഉള്ളടക്കമൊഴികെയുള്ള പ്രശ്നങ്ങളെല്ലാം സമവായത്തിലെത്തിച്ച് പരിഹരിച്ചു. ഉള്ളടക്കത്തെക്കുറിച്ച് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ അധികാരപരിധി എത്രത്തോളമാണെന്ന് വ്യക്തമല്ല. കരിക്കുലം കമ്മിറ്റിയുടെ തീരുമാനത്തെ തിരുത്താന്‍ അവര്‍ക്ക് അധികാരമുണ്ടോ? അവരെ ചുമതലപ്പെടുത്തിയതിനപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് അധികാരമുണ്ടോ? ചോദ്യങ്ങള്‍ എന്തുതന്നെയായാലും അവരുടെ തീരുമാനത്തെ തുടര്‍ന്നാണത്രെ കരിക്കുലം കമ്മിറ്റിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടത്.

കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാന്‍ പലതരം വഴികളുണ്ട്. ചാവേറുകളാണ് നേരെ നേരെ നിന്ന് പൊരുതിമരിക്കുക. അവരുടെ കാലം മാമാങ്കങ്ങള്‍ കഴിഞ്ഞതോടെ അവസാനിച്ചു. ഇപ്പോള്‍ കുതന്ത്രങ്ങളിലൂടെ കാര്യം നേടലാണ്. എന്തെങ്കിലും പറഞ്ഞ് തര്‍ക്കമുണ്ടാക്കുക. അതോടെ എല്ലാം നിശ്ചലമാക്കുക. ഹര്‍ത്താലുകള്‍ എന്ന പേരില്‍ നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത് ഈ നിശ്ചലമാക്കലാണ്. ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക. കടകള്‍ തുറക്കാന്‍ സമ്മതിക്കാതിരിക്കു, വാഹനങ്ങള്‍ തടയുക, വഴി മുടക്കുക. പാഠപുസ്തകത്തര്‍ക്കത്തിലൂടെ ഹര്‍ത്താല്‍ രാഷ്ട്രീയത്തിന്റെ അക്കാദമികമുഖം നാം കാണുകയാണ്. പക്ഷെ അത് വെറുതെയല്ല, വന്‍കോര്‍പ്പറേറ്റിനു വേണ്ടി ചെയ്യുന്ന പണിയാണ്. വെറുതെയാവില്ല, അങ്ങനെ വെറുതെ ചെയ്യുന്നവരല്ലല്ലോ കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്.

Subscribe Tharjani |