തര്‍ജ്ജനി

കെ. ആര്‍. ഇന്ദിര

Visit Home Page ...

ലേഖനം

അതിലോലമനസ്കര്‍...

മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ വീരേതിഹാസമായിരുന്ന തരുണ്‍ തേജ്പാലിനെക്കുറിച്ച് വായിച്ചപ്പോള്‍ പ്രതികരണബോധവും പ്രതികാരബോധവും ഉണര്‍ന്നുവശായതിന്റെ ഫലമാണ് ഈ എഴുത്ത്. ഓരോ സ്ത്രീയും നേരിടുന്ന പ്രതിസന്ധിയാണ് തെഹല്‍കയിലെ ജീവനക്കാരിക്കും ഉണ്ടായത്. സ്ത്രീകള്‍ അവയില്‍ പലതും രഹസ്യമാക്കിവെക്കുകയോ മറന്നുകളയുകയോ ആണ് ചെയ്യാറുള്ളത്. എനിക്കും ഉണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങള്‍.

ആദ്യത്തെ അനുഭവം തൃശൂര്‍ ആകാശവാണിയില്‍വെച്ച്. മഹാനായ സാഹിത്യകാരന്‍ കഥ വായിക്കാന്‍ വന്നിരിക്കയാണ്. ഞാന്‍ ആകാശവാണിയില്‍ ആപ്പീസറാവുന്നതിനു മുമ്പ് യുവവാണിയില്‍ കോമ്പിയര്‍ ആയിരുന്ന കാലം. സാഹിത്യകാരന്‍‌ എനിക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനംചെയ്തു. "ഗുരുവായൂര്ക്ക് വരൂ, ജോലി തരാം" എന്ന്. 'ഓ " എന്ന് വിനയപൂര്‍വ്വം തലയാട്ടിയെങ്കിലും ഞാന്‍ ചെന്നില്ല. അങ്ങനെ ദേവസ്വത്തിലെ ജോലി എനിക്ക് നഷ്ടപ്പെട്ടു. അത് കിട്ടിയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ആരായിരുന്നേനെ!

രണ്ടാമത്തെ അനുഭവവും തൃശൂര്‍ ആകാശവാണിയില്‍വെച്ച് അക്കാലത്ത് ശ്രോതാക്കളുടെ ആരാധനാപാത്രവും കണ്ണിലുണ്ണിയും തൃശൂര്‍നിലയത്തിന്റെ അഭിമാനവും ആയിരുന്ന താരം അതിയായ മൈത്രീഭാവത്തില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ നിലത്തൊന്നുമല്ലായിരുന്നു നില്പ്.പുറപ്പെട്ടുചെന്ന് ബസ്സിറങ്ങി നടന്നുതുടങ്ങിയപ്പോള്‍ താരം തിടുക്കത്തില്‍ നടന്നുവരുന്നു. അടുത്തെത്തിയപാടെ അയാള്‍ അതിലേറെ തിടുക്കത്തില്‍ മൊഴിഞ്ഞു, "എടോ, ഇന്ന് ഭാര്യ പോയിട്ടില്ല. അയാളുടെ അനിയന്‍ വന്നുകയറി, രാവിലെ." വിഡ്ഢിയായ ഞാന്‍ വായുംപിളര്ന്നു നിന്നു. ഭാര്യയേയും മക്കളെയും ഒക്കെ പരിചയപ്പെടുത്തിത്തരാനാണ് വീട്ടിലേക്കുക്ഷണിച്ചത് എന്നാണ് ഞാന്‍ കരുതിയത്. ആയമ്മ അന്ന് പോയിരുന്നെങ്കിലൊ?

3. കൃഷിയില്‍ തത്പരനായ ഡയരക്ടര്‍സാര്‍ വിരിപ്പ്, മുണ്ടകന്‍ വിളകളെപ്പറ്റി രസംപിടിച്ച് ഡയലോഗ് അടിക്കുന്നതിനിടയില്‍ പൊടുന്നനെ പറഞ്ഞു,"ഒരു ദിവസം നിന്റെ വയല്‍ ഞാന്‍ കൊയ്യും." ഒരു നിമിഷം വൈകാതെ എന്റെ വായില്‍നിന്ന് മറുപടി പുറത്ത് ചാടി. "ആ പൂതി മനസ്സില് വെച്ചാല്‍ മതി." അയാള്‍ പൊടുന്നനെ സ്ഥലംവിട്ടു. അപ്പോള്‍ ഞാന്‍ 8 വര്ഷം സര്‍വ്വീസുള്ള ആപ്പീസറായിക്കഴിഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ വാര്‍ത്താവിതരണ - പ്രക്ഷേപണമന്ത്രാലയത്തിലെ ഒരു മലയാളി ഉദ്യോഗസ്ഥനോട് അയാള്‍ പറഞ്ഞു, "ഞാന്‍ അവളോടൊന്നു ചോദിച്ചതാ, അവളെനിക്കു തന്നില്ല." അപ്പോള്‍ അയാള്‍ ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ ആയിക്കഴിഞ്ഞിരുന്നു. അവളു തന്നില്ല എന്ന് വാസ്തവം പറഞ്ഞതില്‍ എനിക്കയാളോടു നന്ദിയുണ്ട്. തന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ അപമാനം സഹിക്കാതെ ആറ്റില്‍ച്ചാടി ചാകേണ്ടിവരുമായിരുന്നു.

4. ആകാശവാണി തൃശ്ശൂര്‍നിലയത്തിലെ ഒരു കീഴുദ്യോഗസ്ഥയെ ഞാന്‍ ജാതിപ്പേര് വിളിച്ചു എന്നൊരു കള്ളക്കേസ് ആ സ്ത്രീയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൂട്ടി ഉണ്ടാക്കി. രണ്ട് കള്ളസാക്ഷികളെയും അവര്‍ ഏര്‍പ്പാടാക്കി. കള്ളസാക്ഷിയുടെ പാര്‍ട്ടിനേതാവിനോട് അയാളെ മാനസാന്തരപ്പെടുത്താന്‍ അപേക്ഷിച്ചു, ഞാന്‍. പാര്ട്ടി നേതാവ് പറഞ്ഞു, "എനിക്ക് കുറെ കാലായിട്ട് ഒരു മോഹംണ്ട്. അത് സാധിപ്പിച്ചുതരണം. "കള്ളസാക്ഷി മാനസാന്തരപ്പെടേണ്ട എന്ന് തീരുമാനിക്കേണ്ടിവന്നു എനിക്ക്.

5. അതുകൊണ്ട് ആ കേസ് വലിഞ്ഞിഴഞ്ഞ് നാലഞ്ചുവര്ഷം നീണ്ടു. കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പിയെ ഒന്ന് കണ്ടുസംസാരിക്കാന്‍ അനുവാദത്തിനുവേണ്ടി ഫോണില്‍ വിളിച്ചു. 'കാണാം' എന്ന് അയാള്‍. കുറച്ച് കഴിഞ്ഞ് അയാള്‍ തിരിച്ചുവിളിച്ചു. 'എവിടെ വെച്ചാണ് കാണുക? "അയാള്‍ ചോദിച്ചു. "ഓഫീസില്‍ വെച്ച്. സംശയലേശമില്ലാതെ ഞാന്‍ മറുപടിപറഞ്ഞു. "അത് വേണ്ട, ശക്തന്‍ സ്റ്റാന്റില്‍ വന്നാല്‍ മതി. ഞാന്‍ കാറുമായി അവിടെ വരാം." പോലീസാപ്പീസര്‍ പറഞ്ഞു. ഞാന്‍ അസ്തപ്രജ്ഞയായി. പോലീസാപ്പീസറെ പിണക്കിയാല്‍ പട്ടികജാതിക്കയര്‍ കഴുത്തില്‍മുറുകും. എന്തും സംഭവിക്കട്ടെ എന്നൊരു തീരുമാനമെടുത്ത് ഞാന്‍ ചടഞ്ഞിരുന്നു. അയാള്‍ തുടര്‍ച്ചയായി മൊബൈല്‍ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ടുവെച്ച് രക്ഷാമാര്‍ഗ്ഗം ആലോചിച്ച് ഞാന്‍ നേരം ഉന്തി. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു മെസ്സേജ് അയച്ചു, ഫോണില്‍. " I am waiting for the last 1hrs with prasaadam brought from sabarimala 4 u. Kindly make a call. "എത്ര നല്ല മനുഷ്യന്‍!! ഇപ്പോഴും എന്റെ ഫോണില്‍ ആ മെസ്സേജ് ഉണ്ട്. അയാള്‍ അപ്പോള്‍ മാത്രമല്ല, പിന്നീടും എനിക്കെതിരെ റിപ്പോര്ട്ട് എഴുതി കൊതിക്കെറുവ് തീര്‍ത്തു.

6. റേഡിയോനാടകത്തിലെ പദാര്‍ത്ഥവിചാരം, ഭാവാര്‍ത്ഥവിചാരം, നിര്‍മ്മിതിതന്ത്രം എന്ന ഒരു തീസിസ് എഴുതി പി.എച്ച്.ഡി എടുക്കാന്‍ പുറപ്പെട്ടു, ഞാന്‍ 2005ല്‍. റേഡിയോനിലയത്തിലെ മാന്യാതിഥിയും നാടകാചാര്യനും ആയ ജ്ഞാനവയോവൃദ്ധനെ ഗൈഡായി പ്രതിഷ്ഠിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ ജ്ഞാനഗുരു പേനഎടുക്കാന്‍ കൈ നീട്ടിയാലും എന്റെ മാറില്‍ അറിയാതെതൊടും എന്ന അവസ്ഥ സംജാതമായി. 'ഇന്ദിരയോട് എനിക്ക് ആരാധനയാണ്' എന്ന വചനമായിരുന്നു അടുത്തഘട്ടം. 'തീസിസ് ഇന്ദിരയുടെ വീട്ടില്‍വന്നു താമസിച്ച് വായിക്കാം' എന്ന മൂന്നാമത്തെ ഘട്ടത്തില്‍വെച്ച് ഞാന്‍ പി.എച്ച്.ഡി ഉപേക്ഷിച്ചു.

ഇത് വായിക്കുമ്പോള്‍ പല സ്ത്രീകളും കരുതും 'ഇത്രയേ ഉള്ളോ?"എന്ന്. അതില്‍ അത്ഭുതമില്ല. അവരുടെ ജീവിതം ആദിമദ്ധ്യാന്തം ഇത്തരം അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും

Subscribe Tharjani |