തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

ലേഖനം

ഉടലിലെ ഉടക്കുകള്‍

ഇന്ദ്രന്‍സിലൂടെ കേരളീയപൗരുഷത്തെ വായിക്കുമ്പോള്‍

ആണെന്നോ ആണത്തമെന്നോ പറയുന്നത് അനിര്‍വ്വചനീയവും അധിഭൗതികവുമായ എന്തോ സത്തയാണെന്നും ജൈവികതയുടെയും ദൈവികതയുടെയും സങ്കീര്‍ണമായൊരു കൂടിക്കലര്‍പ്പാണെന്നുമുള്ള ധാരണയ്ക്കുള്ളില്‍ നിന്നാണ് നിലവില്‍ സംസ്കാരവിചാരങ്ങള്‍ പുരുഷനെ പരിചരിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീവാദപരമായ ചര്‍ച്ചയ്ക്കുള്ളിലും പുരുഷാധിപത്യത്തെ വിമര്‍ശിക്കുമ്പോഴും ആണത്തം കാര്യമായ വിഷയമാകാത്തത്. സ്ത്രീയും പുരുഷനും വിരുദ്ധശക്തികളാണെന്നും പുരുഷത്വം സ്ത്രീത്വത്തിന്റെ എല്ലാത്തിനും മേലേ ഉയര്‍ന്നുനില്ക്കുന്നതാണെന്നും അതിനാല്‍ വിചിന്തനങ്ങള്‍ക്കപ്പുറമായൊരു തലം ആണിനുണ്ടെന്നും പൊതുവില്‍ സ്ഥാപിക്കപ്പെടുന്നു. ഇത്തരം അധികാരപരമായ വ്യവഹാരങ്ങളിലൂടെ ഉറച്ചുപോയ മാംസപിണ്ഡവും അതില്‍ ബന്ധിക്കപ്പെട്ട ഒരു ലിംഗവുമാണ് ഇന്ന് കേരളസമൂഹത്തില്‍ നില്ക്കുന്ന ആണെന്നത്. കീഴടക്കലല്ലാതെ കീഴടങ്ങലും അനുസരണയും കേട്ടിട്ടില്ലാത്തവന്‍, ആജ്ഞാപിക്കലല്ലാതെ വിനയമില്ലാത്തവന്‍, അധികാരമല്ലാതെ വിധേയത്വമില്ലാത്തവന്‍, അക്രമമല്ലാതെ പ്രതിരോധമില്ലാത്തവന്‍, ക്രൂരതയല്ലാതെ സൗമ്യതയില്ലാത്തവന്‍, ബലാല്‍ക്കാരമല്ലാതെ സ്നേഹമില്ലാത്തവന്‍ എന്നിങ്ങനെ കുറച്ചു സൂചകങ്ങളുടെ ആകരമാണ് പുരുഷന്‍. ഈ പുരുഷനെ എല്ലാത്തരത്തിലും പുനര്‍നിര്‍മ്മിക്കുന്ന, തകര്‍ക്കുന്ന, ആണത്തം ബഹുവചനാത്മകമാണെന്നു വ്യവഹരിക്കുന്ന പുരുഷചിന്തകള്‍ (Masculinity Studies) ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തിപ്പെടുന്നുണ്ട്. നിലവിലുള്ള പുരുഷന്റെ ഉടലും ഉടുപ്പും മാറ്റണമെന്നുള്ള ആവശ്യം രാഷ്ട്രീയമായിത്തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്. സഹകരിക്കുകയും കീഴടങ്ങുകയും കരയുകയും വീട്ടുജോലികള്‍ ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യുന്ന ഒരു പുരുഷനെ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ടെന്ന് അക്രമോത്സുകമായ കേരളീയപരിസരം വ്യക്തമാക്കുന്നു. ഈ നോട്ടത്തിലാണ് പുരുഷന്റെ സ്വഭാവങ്ങളുണ്ടോ എന്നു സംശയിപ്പിക്കുന്ന ഇന്ദ്രന്‍സ് എന്ന നടന്റെ ആണത്തം ചില ചിന്തകള്‍ക്ക് വിഷയമാകുന്നത്.

സിനിമയും പൗരുഷമൂശകളും
മലയാളസിനിമയില്‍ ആണത്തത്തെക്കുറിച്ചു നടക്കുന്ന ചര്‍ച്ചയെന്നത് മോഹന്‍ലാലിനെയും അതിനപരമായി മമ്മൂട്ടിയെയും നിര്‍ത്തിയുള്ളതാണ്. മമ്മൂട്ടിയെന്ന് പറയുന്നത് മലയാളിയുടെ കുടുംബപൗരുഷത്തിന്റെയും സ്ത്രൈണതയെ അതിവര്‍ത്തിച്ച ആണത്തത്തിന്റെയും നിയന്ത്രിക്കപ്പെട്ട ലൈംഗികതയുടെയും ഔദ്യോഗികപദവികളുടെയും അടയാളമായി, കറതീര്‍ന്ന അധീശപൗരുഷത്തിന്റെ മാതൃകയായി വായിക്കപ്പെടുമ്പോള്‍ മോഹന്‍ലാലാകട്ടെ ആട്ടവും പാട്ടും മദ്യപാനവും റൊമാന്‍സും പ്രകടിപ്പിച്ച് അയവുള്ള ശരീരഭാഷയിലൂടെ യുവാക്കളെ ഹരംപിടിപ്പിക്കുന്ന ആണത്തമായിട്ടാണ് വ്യവഹരിക്കുന്നത്. ഇതിന്നിടയില്‍ സുരേഷ് ഗോപി പോലീസ് വേഷങ്ങളിലൂടെ മമ്മൂട്ടി പ്രതിനിധാനം ചെയ്യുന്ന അധീശആണത്തത്തിന്റെ മറ്റൊരു തലം ആവിഷ്കരിക്കുന്നു. അദ്ദേഹത്തിന്റെ വേഷങ്ങളുടെ അക്രമോത്സുകത മമ്മൂട്ടിയേക്കാള്‍ അധീശപരമായൊരു ഭാവം സുരേഷ്ഗോപിക്കു നല്കിയിരുന്നു. പില്ക്കാലത്ത് ഈ നായകര്‍ക്കൊപ്പം വളര്‍ന്ന ദിലീപിന് അനുവദിച്ചത് സൂപ്പര്‍താരപദവിയല്ല മറിച്ച് ജനപ്രിയതാരം എന്ന സ്ഥാനമാണ്. കോമഡിയും കുട്ടിത്തവും പെണ്ണത്തവും ഇതിനിടയില്‍ മേമ്പൊടിപോലെ കരുത്തും കാണിച്ച ദിലീപ് വേഷങ്ങള്‍ സൂപ്പര്‍താരങ്ങളുടെ അധീശത്തത്തിനകത്ത് പ്രവേശിക്കുന്നതായിരുന്നില്ല. അടിസ്ഥാനപരമായി പെണ്ണത്തമായിരുന്നു അയാളുടെ മൂശയെന്ന് കാണാം. എന്നാല്‍ അതിനുശേഷം വന്ന പൃഥ്വിരാജ് പ്രകടിപ്പിച്ചത് മസില്‍ഭാഷയും അതിന്റെ യൗവനവുമാണ്. അയാളുടെ ശരീരഭാഷ അധീശപുരുഷന്റേതായിരുന്നു. ഇതെല്ലാം പൊതുവേ ചൂണ്ടിക്കാണിക്കുന്നത് അധീശആണത്തത്തിന്റെ ചിട്ടകള്‍ക്കകത്തുള്ള വ്യവഹാരങ്ങളേ ഇവിടെ ചര്‍ച്ചചെയ്യുന്നുള്ളൂ, അഥവാ ശരിയായ താരമായി മാറുന്നുള്ളു എന്നതാണ്. ഇതിനപ്പുറം കടന്ന് രണ്ടാംനിരതാരങ്ങളായ കലാഭവന്‍ മണി, ജയറാം, മുകേഷ്, സിദ്ദിഖ്, ജഗദീഷ്, ജഗതി, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രതിനിധാനം ചെയ്യുന്ന ആണത്തത്തിന്റെ രാഷ്ട്രീയം എന്തെന്നുള്ള ചോദ്യംപോലും ഉന്നയിക്കപ്പടുന്നില്ല. ഈ രണ്ടാംനിരയ്ക്കു പുറത്തും താരങ്ങളുള്ളതായിക്കാണാം. മാമുക്കോയ, മാള, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ് തുടങ്ങിയ ഹാസ്യതാരങ്ങളുടെ സ്ഥാനം ഒരര്‍ത്ഥത്തില്‍ പ്രാന്തസ്ഥമാണെന്നു പറയാം. ജാതി, മതം എന്നിവ ഇതില്‍ സങ്കീര്‍ണമായി കൂടിക്കുഴയുന്നതുകാണാം.

മലയാളസിനിമയിലെ പുരുഷചിന്തകള്‍ ഇത്തരത്തില്‍ ചുരുക്കാം. സൂപ്പര്‍താരനിര- ആണത്തത്തിന്റെ അക്രമോത്സുകമായ, ശരിയായ മാതൃകകള്‍. അധീശപൗരുഷം. രണ്ടാംനിരതാരങ്ങള്‍- അധീശ ആണത്തത്തിന്റെ ഉപഗ്രഹങ്ങള്‍ അഥവാ അവയെപ്പോലെ പെരുമാറുന്ന എന്നാല്‍ അധീശമാകാന്‍ കഴിയാത്ത, അതിനെ പരിപോഷിപ്പിക്കുന്നവര്‍. ഹാസ്യതാരങ്ങള്‍- അധീശആണത്തത്തിന് ആവശ്യമില്ലാത്ത രൂപത്തില്‍ മാത്രം ആണായ, രൂപങ്ങള്‍. സ്ത്രീകളക്കാള്‍ ദുര്‍ബലരാണിവര്‍. ഹാസ്യതാരങ്ങളായതിനാല്‍ ആണത്തത്തെ മിമിക്രിചെയ്ത് മാത്രം അനുകരിക്കേണ്ടിവരുന്ന അവസ്ഥ ആണത്തം അവര്‍ക്കന്യമാണെന്ന സൂചനയാണ്. ഇത്തരത്തില്‍ പ്രാന്തീകരിക്കപ്പെട്ട മൂന്നാംനിര താരങ്ങളിലൂടെ വായിച്ചാല്‍ കേരളീയമായ ആണത്തങ്ങളുടെ ഉടലിനെക്കുറിച്ചും ഉടുപ്പിനെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ലഭിക്കുന്നതുകാണാം. അഥവാ ആണത്തങ്ങളുടെ ഉടലില്‍ ചില ഉടക്കുകളുണ്ടെന്ന പ്രശ്നം വെളിവാകുന്നു.

ശരീരത്തിന്റെ ഇടങ്ങേറുകള്‍
പൊതുവില്‍ ഹാസ്യതാരങ്ങളുടെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത് അവരുടെ ശരീരത്തിലാണ്. വളരെ അയവുള്ള ശരീരമുള്ള അവര്‍ ഏതു രണ്ടാംകിടതരവും ചെയ്യുന്ന രീതിയില്‍ ആരെയും ചിരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തെ ഋണാത്മകമായി അവതരിപ്പിക്കുന്നു. പുരുഷത്വവും സ്ത്രൈണതയും കൂട്ടിക്കലര്‍ത്തിയ സന്ദിഗ്ദ്ധതയിലായിരിക്കും പൊതുവില്‍ അവരുടെ ശരീരഭാഷ. മിക്കപ്പോഴും ഒരു ശരീരമുണ്ടെന്ന തോന്നലുപോലും കാണാറുമില്ല. പുരുഷനായിരിക്കുകയും പുരുഷനായിരിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം കേവലമായ പ്രശ്നമല്ല, ചിരിയുടെ വിഷയവുമല്ല മറിച്ച് സങ്കീര്‍ണമായ ലിംഗപരതയെ നോക്കിച്ചിരിക്കുന്ന കാഴ്ചകളാണ്. ഇന്ദ്രന്‍സെന്ന നാമത്തിലും അയാളുടെ അഭിനയത്തിലും അതിനു പുറത്തെ ജീവിതത്തിലും തെളിയുന്നത് ശരീരത്തിന്റെ ഈ ഉടക്കുകളാണ്. പൗരുഷം എന്ന പ്രശ്നത്തിന്റെ തലതിരിച്ചിടലാണ് ഇന്ദ്രന്‍സിന്റെ ജീവിതമാകെയെന്ന് അദ്ദേഹത്തിന്റെ ആത്മകഥാവിവരണം സൂചിപ്പിക്കുന്നു.

ഗുരുത്വംകെട്ടു. കുരുത്തക്കേട് കൂടി. ഇതെല്ലാം കണ്ട് സഹികെട്ട് സ്വസ്ഥത നഷ്ടപ്പെട്ട പെറ്റമ്മ പൂജാമുറിയില്‍ നിലവിളക്കിന് മുമ്പിലിരുന്ന് ശപിച്ചു. ആ ശാപമില്ലായിരുന്നെങ്കില്‍ ഞാനൊരു മോഹന്‍ലാലോ മമ്മൂട്ടിയോ ആകുമായിരുന്നു- ഈ കമന്റ് പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സിന്റേത്.

സിനിമയില്‍ ഞാനിപ്പോഴും ബാലനടന്‍ മാത്രമാണ്. രണ്ടിഞ്ച് നീളം കൂടിയെന്ന് മാത്രം. ഒരുപാട് ചീത്തപ്പേരുണ്ടാക്കി. അങ്ങിനെ പേരുദോഷമുള്ള എനിക്ക് സിനിമയില്‍ ഒരുപാട് ചീത്തപ്പേരുണ്ടായി. കൊടക്കമ്പി, കുളക്കോഴി, കൊക്ക് അങ്ങിനെ കുറേ പേര്. ഷാറൂഖാനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുംപോലെ ആകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ശരീരഭംഗി അതിന് അനുവദിക്കുന്നില്ല. (ഞാനൊരു മോഹന്‍ലാലോ മമ്മൂട്ടിയോ ആകുമായിരുന്നു)

നടനായി ഞാന്‍ തിരിച്ചറിയപ്പെടാന്‍ കാരണം എന്റെ ശരീരമാണ്. മെലിഞ്ഞുണങ്ങിയ ശരീരമൊന്നു പുഷ്ടിപ്പെടുത്താന്‍ പണ്ട് ഒരുപാടു പണിപ്പെട്ടിട്ടുണ്ട്. ജിംനേഷ്യത്തിലൊക്കെപോയി വിയര്‍പ്പൊഴുക്കി. ദൈവം ഇങ്ങനെ ഒരു ശരീരം തന്നതില്‍ അന്നൊക്കെ വിഷമം തോന്നിയിരുന്നു. പണ്ട് നാട്ടില്‍ നാടകമത്സരത്തില്‍ പങ്കെടുത്ത കാലത്ത് വിധികര്‍ത്താക്കള്‍ എന്റെ കഥാപാത്രത്തെ തെരഞ്ഞുപിടിച്ചു വിമര്‍ശിക്കുമായിരുന്നു. ഒരു നാടകത്തില്‍ പോലീസുകാരന്റെ വേഷമിട്ടു. പോലീസുകാരന്റെ വേഷം ചെയ്യാന്‍ എനിക്ക് യാതൊരു യോഗ്യതയുമില്ലെന്നു വിമര്‍ശിച്ചു. പലപ്പോഴും ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനു യോജിച്ച നടനെ കണ്ടെത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു എന്നു വിധികര്‍ത്താക്കള്‍ പറഞ്ഞിട്ടുണ്ട്. ഈ ശരീരമാണ് നടനായി എനിക്ക് അവസരങ്ങള്‍ നേടിത്തന്നത്..... മാംസാഹാരം കഴിക്കില്ല. മുട്ടയും മുട്ടന്‍ മീനും ഇഷ്ടമല്ല. നത്തോലിപോലെ ചെറിയ മീന്‍മാത്രം കഴിക്കും. പച്ചക്കറിയാണ് ഇഷ്ടം. ഭാര്യ പറയുന്നു പിന്നെങ്ങനെ ശരീരം നന്നാവും?. (എളിമയുടെ ഇന്ദ്രജാലം)

ഇന്ദ്രന്‍സ് എന്ന തയ്യല്‍ക്കടയുടെ പേരിലൂടെ അറിയപ്പെടുന്ന നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കീഴാളനായ, രാഷ്ട്രീയക്കാരനായ ചെറുപ്പകാലത്ത് കടുത്ത ദാരിദ്ര്യത്തിലൂടെ വളര്‍ന്ന ഇന്ദ്രന്‍സിന് ശരീരം ചെറുപ്പത്തിലേ ബാദ്ധ്യതയായിരുന്നുവെന്നും അഭിനയത്തിലത് പ്രശ്നമുണ്ടാക്കിയരുന്നുവെന്നുമാണ് ഇന്ദ്രന്‍സ് തന്നെ പറയുന്നത്. മറ്റുള്ളവരുടെ പരിഹാസത്താല്‍ ഈ ശരീരത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം ഒരുപാട് പ്രയത്നിച്ചതും പ്രധാനമാണ്. ഒടുവില്‍ ഈ മെലിഞ്ഞ ശരീരംതന്നെ മതിയെന്ന് വയ്ക്കുകയായിരുന്നുവത്രേ അദ്ദേഹം. പില്ക്കാലത്ത് ഈ മെലിഞ്ഞശരീരമാണ് ഇന്നു കാണുന്ന എല്ലാ നേട്ടവും അദ്ദേഹത്തിന് നല്കിയത്. അതായത് മമ്മൂട്ടി, മോഹന്‍ലാല്‍ ഷാരൂഖ്ഖാന്മാരെ അനുകരിച്ച് പൗരുഷത്വത്തിന്റെ അധീശമാതൃകകളിലേക്ക് വളരുവാനാണ് ഇന്ദ്രന്‍സ് ജിംനേഷ്യത്തിലൊക്കെ പോയി അദ്ധ്വാനിച്ചത്. എന്നാല്‍ അതിനു പ്രയോജനമില്ലെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഇതിനു കാരണം അദ്ദേഹം കാണുന്നത് അദ്ദേഹത്തിന്റെ ഭക്ഷണത്തിലാണ്. അദ്ദേഹം പച്ചക്കറി പ്രിയനാണ്. ഇറച്ചി കഴിക്കില്ല. മീനാണെങ്കില്‍ നത്തോലി പോലെ ചെറിയ മീന്‍മാത്രം കഴിക്കും. ഇന്ദ്രന്‍സിന്റെ ഈ വിവരണങ്ങള്‍ ആണത്തത്തെ സംബന്ധിച്ച പലപ്രശ്നങ്ങളും ഉയര്‍ത്തുന്നതു കാണാം. ആണത്തത്തിന്റെ നിശ്ചിതമാതൃകകളിലേക്ക് എല്ലാ പുരുഷന്മാരും മാറിയിരിക്കണമെന്നും അത് ശരീരത്തിന്റെ അധീശഭാവത്തിലാണ് കുടികൊള്ളുന്നതെന്നുമുള്ള ചിന്തയാണ് ഇതില്‍ പ്രധാനം. മസിലുള്ള കരുത്തുള്ള ശരീരമാണ് പുരുഷന്റെ ശരീരമെന്ന ആണ്‍കോയ്മയുടെ നിര്‍മ്മിതിയാണ് ഇന്ദ്രസിന്റെ ശരീരം നിരാകരിക്കുന്നത്.

ജാതിയും പുരുഷനും

കേരള സമൂഹത്തിലെ ജാതിയും ശരീരവും ലിംഗവും തമ്മിലുള്ള സങ്കീര്‍ണ്ണത ഇവിടെ പ്രകടമാകുന്നു. കീഴാള സ്ത്രീ- പുരുഷശരീരങ്ങളെ ജാതിയുടെ ശ്രേണീകരണ അധികാരത്തിലാണ് പരിചരിച്ചിരുന്നത്. കീഴാളപുരുഷന് പുരുഷത്വമില്ലെന്നാണ് ജാതി-സവര്‍ണ്ണയുക്തിയുടെ തീര്‍പ്പ്. മലയാളത്തിലെ മിക്ക ഹാസ്യതാരങ്ങളും ഈ ജാതി യുക്തിയിലാണ് സിനിമയില്‍ പരിചരിക്കപ്പെടുന്നതെന്ന പ്രശ്നം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. അവരുടെ ശരീരത്തിന്റെ കറുപ്പനിറവും ശരീരചലനങ്ങളും ഭാഷയുമൊക്കെ 'ശരിയായ' പൗരുഷത്തിന്റെ മാതൃകകളിലേക്ക് ആഖ്യാനങ്ങളും വിവരണങ്ങളും കടത്തിവിടുന്നില്ല. ചരിത്രത്തില്‍ പറയ-ഈഴവ-പുലയ ശരീരങ്ങളെ അവതരിപ്പിക്കുന്നത് അടിമകള്‍ എന്ന നിലയിലാണ്. ഉടമയോട് മറുത്തൊന്നും പറയാത്ത വിധേയവാനായ അടിമത്വത്തിന്റെ ആഖ്യാനത്തില്‍ ഉടമയുടെ പൗരുഷത്വത്തിനു ഏഴയലത്തുപോലും വരാത്ത വിധത്തിലാണ് അടിമയിലെ പുരുഷന്‍ നില്ക്കുന്നത്. തന്റെ പെണ്ണിനെ സംരക്ഷിക്കുകയെന്ന ആണത്തത്തിന്റെ അടിസ്ഥാനമുദ്രാവാക്യവും ചരിത്രത്തിലെ അടിമപുരുഷന് അന്യമാണ്. സവര്‍ണജന്മിയുടെ അവകാശം കഴിഞ്ഞേ അടിമപുരുഷന് തന്റെ സ്ത്രീക്കുമേല്‍ എന്തെങ്കിലും അവകാശങ്ങള്‍ കിട്ടുന്നുള്ളു. എന്നാല്‍ ഈ ജാതിയെ ആധുനികത ചോദ്യം ചെയ്തപ്പോള്‍ അടിമത്വം മാറ്റിവച്ച് കീഴാളപുരുഷനും ഉണരുകയായി. എന്നിരുന്നാലും 'ശരിയായതിന്റെ' മാതൃകകളിലേക്ക് അവരിന്നും വരുന്നില്ലെന്ന പ്രശ്നം കേരളസമൂഹത്തില്‍ പകലുപോലെ കാണാം. കുമാരനാശാന്റെ ചാത്തനും തകഴിയുടെ കോരനും വടുതലയുടെ അന്തോനിയുമൊക്കെ മറ്റ് ആഖ്യാനങ്ങളിലെ (പുരുഷ) നായകന്മാരെപ്പോലെയല്ല ഇന്നും വായിക്കുന്നതെന്നു കാണാം. മലമ്പ്രദേശങ്ങളിലെ തോട്ടംതൊഴിലാളികള്‍ ഭൂരിപക്ഷവും കീഴാളരായ പുരുഷന്മാരുമായിരുന്നു. കേരളത്തിലെ ആധുനികതയുടെ സൃഷ്ടിയുമായിരുന്നു അവര്‍.

സിനിമയില്‍ ഇവര്‍ ഫ്യൂഡലിസത്തിന്റെ തുടര്‍ച്ചയായാണ് പ്രത്യക്ഷപ്പെട്ടത്. ജന്മിയുടെ/ കാരണവരുടെ/ മാനേജരുടെ സേവകനോ പ്യൂണോ ആയിമാത്രമാണ് അവരുടെ മിക്ക കഥാപാത്രങ്ങളും. അവര്‍ നിരന്തരം ആട്ടും തുപ്പും ഏറ്റുവാങ്ങി അല്ലെങ്കില്‍ നിരന്തരം അടിയും തൊഴിയുമേറ്റ് നിശ്ശബ്ദമായി സഹിച്ച് കാണികളെ 'ചിരിപ്പിക്കുന്നു'. സ്വന്തം ശരീരം മറ്റുള്ളവരുടെ അധീശത്വത്തിനു കീഴടക്കി പഴയ അടിമയെ പുനരാനയിച്ചുകൊണ്ട് അവരുടെ കീഴാളത നൈസര്‍ഗ്ഗികമാണെന്നും ഇതില്‍നിന്നൊരു മോചനം ഇല്ലെന്നും ഇവരുടെ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ സവര്‍ണ്ണത പറഞ്ഞുകൊണ്ടിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാര്‍ ഇത്തരമൊരു അവസ്ഥയെ നേരിട്ടിരുന്നതായി കാണാം. അധീശത്വം പുലര്‍ത്തുന്ന വെള്ളക്കാരനായ പുരുഷനേക്കാള്‍ തടിമിടുക്കും മറ്റു കഴിവുകളും പ്രകടിപ്പിച്ചാലും ആണത്തപരമായ അംഗീകാരം അവര്‍ക്കു കിട്ടിയിരുന്നില്ല. എന്നാല്‍ ഇവിടെ കീഴാളപുരുഷന് ആണത്തം ഉള്ളതായിത്തന്നെ ഗണിച്ചിരുന്നില്ല. ഈ പ്രശ്നം മലയാളത്തിലെ ഹാസ്യതാരങ്ങളുടെ പ്രകടനങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ആണത്തത്തെ ചോദ്യംചെയ്യുന്നതിലൂടെയേ ഇത്തരം പ്രശ്നങ്ങളെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയൂ.

നായകന്റെ ഉടയ്ക്കല്‍
ഇന്ദ്രന്‍സ് എന്ന താരം അവതരിപ്പിച്ചിട്ടുള്ള വേഷങ്ങള്‍ നമ്മുടെ ആണത്തചിന്തകളെയെല്ലാം അടിവേരോടെ പിഴുതെറിയുന്നതു കാണാം. കുളക്കോഴിയെന്നും കുടക്കമ്പിയെന്നും വിളിക്കപ്പെടുന്ന ഇന്ദ്രന്‍സ് കഥാപാത്രങ്ങളെല്ലാം പുരുഷത്വംപോയിട്ട് മനുഷ്യത്വംപോലുമില്ലാത്ത രൂപമായിട്ടാണ് വ്യവഹരിക്കപ്പെടുന്നത്. മുനുഷ്യരുടെ പൊതുഭാവത്തില്‍നിന്നു ഭിന്നമായുള്ള ചേഷ്ടകളും ഭാഷയും വേഷവും പ്രകടിപ്പിക്കുന്ന ഈ കഥാപാത്രങ്ങള്‍ ഹാസ്യത്തിന്റെ വിഷയമായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ ചിരിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന വിവക്ഷകള്‍ സാമുഹ്യഘടനയിലെ ശക്തമായ ലിംഗാധികാരത്തിന്റെ സൂചകമാണ്. ഈ ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രമാണ് ശുദ്ധരില്‍ ശുദ്ധന്‍. നായകസങ്കല്പം തിരുത്തിയെഴുതുന്ന ഇത്തരത്തിലുള്ള സമീപനങ്ങള്‍ മലയാളത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിവരെപ്പോലുള്ള ഹാസ്യതാരങ്ങളും നായകരായ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. അതില്‍നിന്നൊക്കെ ഭിന്നമായ ഒന്നാണ് ഇതിലെ ഇന്ദ്രന്‍സിന്റെ നായകവേഷം. സ്ത്രീയെക്കാള്‍ ദുര്‍ബലനായ പാത്രമായ ശുദ്ധരില്‍ ശുദ്ധന്‍ എന്ന ചിത്രത്തിലെ രാമന്‍കുഞ്ഞ് നില്ക്കുന്നത് നമ്മുടെ ലിംഗപരമായ മതിലുകളുടെയും വിഭജനങ്ങളുടെയും അതിരുകള്‍ക്ക് വെളിയിലാണ്. തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതവും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരു ദരിദ്രകുടുംബത്തിന്റെ കഥ പറയുകയാണ് ശുദ്ധരില്‍ ശുദ്ധന്‍. തേയിലത്തോട്ടത്തില്‍നിന്നുള്ള ചെറിയ വരുമാനമാണ് രാമന്‍‌കുഞ്ഞിന്റെയും (ഇന്ദ്രന്‍സ്) ജാനകിയുടെയും (ലക്ഷ്മിശര്‍മ്മ) മൂന്നു കുട്ടികളുടെയും ജീവിതം മുന്നോട്ടുനയിക്കുന്നത്. പാര്‍ട്ടിക്കാരനായ, പാര്‍ട്ടി പറയുന്നതെന്തും ശിരസാവഹിക്കുന്ന അയാളുടെ ശരീരഭാഷ കേരളത്തിലെ ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാഷയല്ലെന്നുള്ളതാണ് പ്രധാനം. ജന്മിത്വത്തിനും ബ്രിട്ടീഷുകാര്‍ക്കെതിരെയും ധീരമായി പോരാടിയെതെന്നു വര്‍ണ്ണിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാരന്‍ നിര്‍മിച്ചിട്ടുള്ള പൗരുഷസങ്കല്പത്തില്‍ നിന്നു നോക്കുമ്പോഴാണ് രാമന്‍കുഞ്ഞിന്റെ ആണത്തം വൈരുദ്ധ്യമെന്നു തോന്നുന്നത്. കൂലിവര്‍ദ്ധനവിനുവേണ്ടി തൊഴിലാളി യൂണിയന്‍ പ്രഖ്യാപിക്കുന്ന സമരം അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. വിശപ്പുമാറ്റാന്‍ പുതിയ വഴികള്‍തേടുന്ന അവര്‍ ചെന്നെത്തുന്നത് ചൂഷണത്തിന്റെ ഇടങ്ങളിലാണ്. യൂണിയനോടും പാര്‍ട്ടിയോടുമുള്ള കൂറ് രാമന്‍‌കുഞ്ഞിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് എത്തിക്കുന്നത്. മക്കളുടെ ഭക്ഷണത്തിനുവേണ്ടിയുള്ള തെണ്ടല്‍ അയാളെ വല്ലാതെ നിസ്വനാക്കുന്നു. പണമില്ലാത്തതിനാല്‍ കടയില്‍നിന്ന് അരി കിട്ടുന്നില്ല. മിക്കപ്പോഴും അയല്‍പക്കത്തുനിന്ന് അരി കടംവാങ്ങുകയാണ് പതിവ്. ഇതിനിടെ മറ്റു പണികള്‍ ചെയ്യാനുള്ള ശ്രമങ്ങളും പാര്‍ട്ടി തടയുന്നു. ഇതിനിടെ അവിടുത്തെ ഒരു ഗൂഡസംഘത്തിന്റെ അക്രമണത്തിനു വിധേയമായി അയാള്‍ ആശുപത്രിയിലാകുന്നു. കുട്ടികളുടെ പട്ടിണി മാറ്റാനായി ഭാര്യ അടുത്തൊരു മുതലാളിയുടെ വീട്ടില്‍ പണിക്കുപോകുന്നു. അയാള്‍ക്കുവേണ്ടത് അവരുടെ ഭക്ഷണമായിരുന്നില്ല, മറിച്ച് ശരീരമായിരുന്നു. രാമന്‍കുഞ്ഞിന്റെ ആശുപത്രിച്ചെലവിനുവേണ്ടിയുള്ള പണം കണ്ടെത്താനുള്ള ഭാര്യയുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. ആരും സഹായിക്കാനില്ലാതെ അവള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. മക്കളാകട്ടെ പട്ടിണികാരണം ഭക്ഷണം മോഷ്ടിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ഒടുവില്‍ പിടിക്കപ്പെട്ട് നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി വിഷം കഴിക്കുന്നു. രണ്ട് പേര്‍ മരിക്കുന്നു. ദുരന്തം സംഭവിച്ചതോടെ സര്‍ക്കാര്‍ ഇടപെടുകയും സംസ്ഥാന മനുഷ്യാവകാശകമ്മീഷനെ ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കുകയും അയാള്‍ ഈ ദുരന്തങ്ങളുടെ പിന്നിലെ ശക്തികളായ മുതലാളിയയെയും പാര്‍ട്ടിനേതാവിനെയും കുറ്റക്കാരായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒടുവില്‍ അക്രമണത്തില്‍ പരിക്കേറ്റ ഓര്‍മ്മ നഷ്ടമായ രാമന്‍കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുവരുന്നതോടെയാണ് കഥ തീരുന്നത്.

ആണത്തം കീഴടങ്ങലാകുമ്പോള്‍
സിനിമയുടെ ആദ്യഭാഗത്താണ് ഇന്ദ്രന്‍സ് കാര്യമായി പ്രത്യക്ഷപ്പെടുന്നത്. രണ്ടാംഭാഗത്ത് മനുഷ്യാവകാശകമ്മീഷനംഗമായി എല്ലാം പരിഹരിക്കുന്ന മുകേഷ് നിറഞ്ഞാടുന്നു. തുടക്കം മുതലേ അത്യന്തം ദയനീയമായ അവസ്ഥയിലാണ് രാമന്‍കുഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. തകര്‍ന്നുടഞ്ഞ ശരീരത്തോടും വ്യഥിതനായുമായാണ് അയാള്‍ ഉടന്നീളം പ്രത്യക്ഷപ്പെടുന്നത്. ഒരിക്കല്‍പ്പോലും അദ്ദേഹം ചിരിക്കുകയെ തമാശപറയുകയോ ചെയ്യുന്നില്ല. സന്തോഷത്തിന്റെ കണികപോലും ഇല്ലാത്ത ജീവിതമാണ് അയാള്‍ നയിക്കുന്നത്. അയാളുടെ ഭാര്യയും മക്കളും കുറച്ചെങ്കിലും സന്തോഷിക്കുന്നത് കാണാം. ഹൈറേഞ്ചിലെയും മറ്റും തോട്ടംതൊഴിലാളികളുടെയും അവസ്ഥ ഏതാണ്ട് ഇതാണെന്നു പറയാം. ഓരോ നേരത്തെയും ഭക്ഷണം അവരുടെ ഉറക്കംകെടുത്തുന്ന ചിന്തയാണ്. വളരെ ക്ഷീണിതനായി ആദ്യം രംഗത്തുവരുന്ന രാമന്‍കുഞ്ഞ് കഥ പുരോഗമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ക്ഷീണിതനാകുന്നു. അയാള്‍ക്കു ചുറ്റും നിരവധി പുരുഷന്മാരുണ്ട്. നിരവധി സാമുഹ്യസ്ഥാപനങ്ങളും ഇടങ്ങളുമുണ്ട്. കമ്പനി, പാര്‍ട്ടി, പോലീസ്, പള്ളിയും പൗരോഹിത്യവും, കുടുംബം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ഇടയിലാണ് അയാളുടെ നിത്യജീവിതം മുന്നോട്ടുപോകുന്നത്. ഈ സ്ഥാപനങ്ങളുടെമേല്‍ യാതൊരു നിയന്ത്രണവും അയാള്‍ക്കില്ലെന്നു മാത്രമല്ല അവയുടെ കീഴില്‍ ഞെരിഞ്ഞമരുകയാണ് അയാള്‍. നിലവിലുള്ള സാമുഹ്യഘടനയില്‍ എല്ലാത്തരം സാമുഹ്യസ്ഥാപനങ്ങളുടെയും നിയന്ത്രണം പുരുഷനാണ്. സ്ത്രീയാണ് ഇത്തരം സ്ഥാപനങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നത്. എന്നാല്‍ ഇവിടെയത് പുരുഷനാകുന്നു. രാമന്‍കുഞ്ഞിന്റെയും അയല്‍ക്കാരായ പുരുഷന്മാരുടെ ഭാര്യമാര്‍ക്കുള്ള സ്വച്ഛന്ദതയും സ്വാതന്ത്ര്യവും അയാള്‍ക്കില്ലെന്നുള്ളതാണ് വസ്തുത. ഒരു പുരുഷനുണ്ടെന്നു പറയുന്ന എല്ലാം ഇവിടെ രാമന്‍കുഞ്ഞില്‍ റദ്ദാക്കപ്പെടുന്നു.

1.അയാളുടെ നടപ്പും നിലപ്പും ഇരിപ്പുമെല്ലാം ബാലന്‍സില്ലാത്ത ഒരു കൊച്ചുകുട്ടിയുടേതു പോലെയാണ്. തപ്പിതപ്പിയുള്ള നടത്തവും പതിഞ്ഞ, ഭയന്നതും ഉറപ്പില്ലാത്ത വിധത്തിലുള്ളതുമായ സംസാരവും അയാളുടെ സ്വത്വത്തെ അനിശ്ചിതത്വത്തിലാക്കുന്നു. ആണത്തം പ്രശ്നവല്കരിക്കുന്നു. മിക്ക സിനമികളിലും ഇന്ദ്രന്‍സ് ഇത്തരത്തിലാണ് നടക്കുന്നതെന്നു കാണാം. എന്നാലതെല്ലാം ഹാസ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവിടെ ഇദ്ദേഹമാണ് നായകന്‍. ശരിയായ അഭിനയമാണ് അയാള്‍ കാണിക്കേണ്ടത്. എന്നാലതിനു കഴിയുന്നില്ലെന്ന പ്രശ്നം ബന്ധപ്പെടുന്നത് ആണത്തത്തിന്റെ വിമതത്വമാണ് പ്രകാശിപ്പിക്കുന്നത്. ഒരു ആണിന് ഇങ്ങനെയും ആകാം ജീവിതം എന്ന സൂചനയാണിത്.

2.പുരുഷന്റേതാണ് സമൂഹത്തിലെ എല്ലാത്തരത്തിലുമുള്ള തീരുമാനങ്ങളും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങളും അയാള്‍ക്കെടുക്കാന്‍ കഴിയുന്നില്ല. എല്ലാവരെയും അയാള്‍ അനുസരിക്കുകമാത്രമാണ് ചെയ്യുന്നത്. പാര്‍ട്ടിയിലെ അയാളുടെ പെരുമാറ്റം ഉദാഹരണം. നേതാക്കന്മാരുടെ വാക്കുകള്‍ കല്പനകള്‍പോലെ അയാള്‍ കൊണ്ടുനടക്കുന്നു. ഒന്നിനും വിയോജിപ്പോ മറുത്തുപറയലോ തന്റെ അവസ്ഥ പരിതാപകരമായിരുന്നിട്ടും അയാളില്‍നിന്ന് ഉണ്ടാകുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കൃത്യമായ, അധീശപരമായ ആണത്തസങ്കല്പം രൂപപ്പെടുത്തയിട്ടുണ്ടെന്ന് പഠിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമോത്സുകമായ, എന്തിനെയും ചോദ്യം ചെയ്യുന്ന ആണത്തമാണിത്. സംഘടിതശക്തികൊണ്ട് സമരത്തിലൂടെ ഏതു മുതലാളിത്തത്തെയും കീഴടക്കുന്ന ശക്തിയാണത്. മാര്‍ക്സിസ്റ്റ് ആണത്തമെന്നു റ്റോട് മക്കെല്ലം (Todd Maccullm, A Modern Weapon for Modern Man : Marxist Masculinity and the Social Practices of the One Big Union) വിളിക്കുന്നത് ഈ പൗരുഷത്തെയാണ്. കേരളത്തില്‍ പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഈ ആണത്തം കാണാം. എന്തിനെയും വെല്ലുവിളിക്കുന്ന, സ്ത്രീയെ കീഴടക്കുന്ന, കുടുംബത്തിന്റെ നാഥനായി അധികാരം കൈയാളുന്ന ആണത്തം. ഇതിന്റെ ചിഹ്നമാണ് സിനിമയിലെ നേതാക്കന്മാര്‍. എന്തിനേയും നേരിടുന്ന അവരുടെ ശരീരഭാഷ ശ്രദ്ധിക്കുക. വിധേയത്വമില്ലാത്ത സവിശേഷമായൊരു ശരീരഭാഷ രാഷ്ട്രീയനേതാക്കന്മാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നോക്കുകൊണ്ടും ആംഗ്യംകൊണ്ടും അധികാരത്തിന്റെ സൂക്ഷ്മത അവരുടെ ശരീരം കാണിക്കുന്നു. എന്നാല്‍ രാമന്‍കുഞ്ഞ് ഇങ്ങനെയല്ല. സ്ത്രീയേക്കാള്‍ ആഴത്തിലുള്ള വിധേയത്വവും കീഴടങ്ങലുമാണ് അയാള്‍ പ്രകടിപ്പിക്കുന്നത്. സിനിമയിലെ നേതാക്കന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ പെണ്ണത്തമാണ് പ്രകടിപ്പിക്കുന്നതെന്നു കാണാം.

3.വീട്ടിലാണ് അയാളുടെ വിധേയത്വവും കീഴടങ്ങലും കൂടുതല്‍ വ്യക്തമാകുന്നത്. കുടുംബത്തിനുള്ളിലെ ആനന്ദത്തിന്റെ കേന്ദ്രവും കുടുംബത്തിന്റെ സംരക്ഷകനും ഒക്കെയാണ് പുരുഷനെന്നാണ് വ്യവഹാരം. കുടുംബത്തിന്റെ സമ്പത്തും സ്ത്രീയുംകുട്ടികളും അതിന്റെ പാരമ്പര്യവുമെല്ലാം പുരുഷനിലാണ് കുടികൊള്ളുന്നത്. പുരുഷന്റെ ആനന്ദത്തിനുള്ള ഉപാധിയാണ് കുടുംബമെന്നാണ് സ്ത്രീപക്ഷ, ആണത്തപരമായ വിമര്‍ശനം. എന്നാല്‍ രാമന്‍കുഞ്ഞിന് കുടുംബത്തിനുള്ളില്‍ ഒരു ധര്‍മ്മവുമില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ഭാര്യയെയും മക്കളെയും സംരക്ഷിക്കാനോ അവര്‍ക്കുള്ള ഭക്ഷണം നല്കുവാനോ അയാള്‍ക്കു കഴിയുന്നില്ല. മിക്കപ്പോഴും അരിവാങ്ങുവാനായി കടയില്‍പോയ ശേഷം ഒഴിഞ്ഞ സഞ്ചിയുമായി തിരിച്ചുവരാനേ അയാള്‍ക്കു കഴിയുന്നുള്ളു. ആണത്തവും കുടുംബവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം കുടുംബത്തിന്റെ വരുമാനവും ഭക്ഷണവും കണ്ടെത്തുക (Bread-winner) പുരുഷന്റെ ഉത്തരവാദിത്തമാണ് എന്നതാണ്. മൂത്തമകനെക്കാള്‍ ദുര്‍ബലനാണ് അയാള്‍ കുടുംബത്തില്‍. അയല്‍പക്കത്തുനിന്ന് അരി കടംവാങ്ങുന്ന അയാളുടെ ദയനീയത മാത്രംമതി പുരുഷനെന്ന എല്ലാ സങ്കല്പവും ഉടയുവാന്‍. അധികാരവും ആണത്തവും തമ്മിലുള്ള എല്ലാ ബന്ധവും രാമന്‍കുഞ്ഞില്‍ തകര്‍ക്കപ്പെടുന്നു. സ്ത്രീയേക്കാളും അയാളുടെ മക്കളെക്കാളും വളരെ ദുര്‍ബലനാണ് രാമന്‍കുഞ്ഞെന്ന പുരുഷന്‍.

4.രാമന്‍കുഞ്ഞെന്ന അയാളുടെ പേരിലെ വൈരുദ്ധ്യവും ഇവിടെ ശ്രദ്ധിക്കണം. രാമനെന്ന നാമം പുരാണത്തിലെ ദൈവത്വത്തിന്റെയും പൗരുഷത്തിന്റെയും മൂര്‍ത്തിയാണ്. എല്ലാം തികഞ്ഞ ദൈവസങ്കല്പത്തിന്റെ അടയാളമാണ് രാമന്‍. അക്രമോത്സുകതയുടെയും സ്ത്രീത്വനിഷേധത്തിന്റെയുമൊക്കെ രൂപമായാണ് രാമന്‍ നിലക്കൊള്ളുന്നത്. കുഞ്ഞ് എന്ന പേരിന്റെ രണ്ടാംഭാഗം കുഞ്ഞുങ്ങളുടെ നിസ്സഹായത വ്യക്തമാക്കുന്നു. യഥാര്ത്ഥത്തില്‍ പേരിലെ രാമത്വം രാമന്‍കുഞ്ഞിലില്ല. കുഞ്ഞെന്നതിലെ കുഞ്ഞത്തമാണ് അയാളുടെ സ്ഥായീഭാവം. കുഞ്ഞിനെപ്പോലെയുള്ള നടത്തം, പെരുമാറ്റം, നിസ്സഹായത, എന്തിനും വഴിപ്പെടുന്ന രീതി എന്നിവയാല്‍ സ്ത്രൈണതയ്ക്കും കീഴെയായി അയാള്‍ നിലക്കൊള്ളുന്നു.

ആണത്തം ഏകശിലാത്മകമായ ഒന്നല്ലെന്നാണ് ആണത്തപഠനങ്ങളുടെ വിശദീകരണം. അത് പലതരത്തിലുണ്ട്. അധീശആണത്തം, കീഴാളആണത്തം, പ്രാന്തീകൃതം, എന്നിങ്ങനെ. ഇതില്‍ സ്ത്രീയെ കീഴടക്കുന്നതും ലിംഗവാദത്തിലൂന്നുന്നതുമായ പുരുഷനാണ് അധീശന്‍. അയാളാണ് സമൂഹത്തിലെ ആണത്തത്തിന്റെ മാതൃക. ബാക്കിയുള്ളതെല്ലാം അതിനു കീഴെയാണ് എന്നാണ് അല്ലെങ്കില്‍ പുരുഷനാകുന്നില്ല എന്നാണ് ആണ്‍കോയ്മാ വ്യവഹാരം. ജാതിപരമായും വര്‍ഗ്ഗപരമായുമുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലും സ്ത്രീയോട് സഹകരിക്കുന്നതിന്റെ വിവക്ഷകളിലും പലതരത്തിലുള്ള ആണത്തം രൂപപ്പെടുന്നുണ്ട്. കേരളീയസമൂഹത്തിലെ 'പെണ്‍കോന്തന്‍' എന്ന പ്രയോഗം ആണത്തത്തിന്റെ ഒരു ധാരയാണ്. ഈ വൈവിദ്ധ്യങ്ങളിലൂടെ ആണിനെ കാണുകയും ആണിലെ അധീശസങ്കല്പത്തെ നിര്‍വീര്യമാക്കുകയുമാണ് ആണത്തപഠനങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ രാമന്‍കുഞ്ഞിലെ പൗരുഷം (അഥവാ അതിന്റെ ഇല്ലായ്മ) ഈ നിര്‍വ്വചനങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതായിക്കാണാം. പെണ്ണിനെക്കാള്‍ ദുര്‍ബലനായ ആണെന്ന സങ്കല്പം ആണിന്റെ ശരീരം, ലിംഗം എന്നിവയെ വല്ലാതെ പോറലേല്പിക്കുന്ന ഒന്നാണ്.

മലയാളിആണത്തങ്ങളുടെ എല്ലാ വീര്യവും ഇവിടെ തച്ചുടയ്ക്കപ്പെടുന്നു. മാനസികമായും ശാരീരികമായും സ്ത്രീയെക്കാള്‍ ദുര്‍ബലനായ പുരുഷന്‍ എന്നത് മമ്മൂട്ടി - മോഹന്‍ലാല്‍മാരിലൂടെ നിര്‍വ്വചിക്കപ്പടുന്ന, എന്തിനെയും തച്ചുതകര്‍ത്ത് നീതിനടപ്പാക്കുന്ന പൂജിക്കപ്പടുന്ന നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പൗരുഷത്തെ ആകമാനം ചോദ്യംചെയ്യുന്നു. മമ്മൂട്ടി- ലാല്‍ - ഇന്ദ്രന്‍സുമാരെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇന്നേറെ ആവര്‍ത്തിക്കുന്ന 'പ്രകൃതിദത്തമായ' ലിംഗവും ജാതിയും അതിനെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ആണത്തവിചാരവും ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതു കാണാം. ആണത്തത്തിന്റെ അധീശപരമായ എല്ലാ മാതൃകകളെയും വ്യവഹാരങ്ങളെയും നിര്‍വ്വീര്യമാക്കണമെന്ന സന്ദേശമാണത്. പെണ്ണത്തം-ആണത്തം എന്നത് വിരുദ്ധദ്വന്ദമല്ലെന്നും ഇവ പരസ്പരം ലയിക്കുകയും കൊടുക്കല്‍-വാങ്ങലുകള്‍ നടത്തുകയുംചെയ്യുന്ന സ്വത്വങ്ങളാണെന്നുള്ള പ്രഖ്യാപനമാണത്. ഈ സന്ദേശം ശ്രവിക്കുമ്പോഴാണ് അതിനെ അനുസരിക്കുമ്പോഴാണ് മലയാളിആണിന്റെ മറ്റൊരു മുഖം വ്യക്തമാകുന്നത്. കേരളീയസമൂഹം ഒരു നവീകരണത്തിന് വിധേയമാകുന്നത്.

Subscribe Tharjani |