തര്‍ജ്ജനി

പദ്മ സജു

മെയില്‍ : padma_sj@yahoo.co.in

Visit Home Page ...

കവിത

മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌

മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
മൌനമുറഞ്ഞുപോയൊരു മഹാസമുദ്രമാണ്
എങ്കിലും ആഴങ്ങളില്‍ നാമറിയാത്ത
ചില നേര്‍ത്ത തിരയിളക്കങ്ങളില്‍
നിശബ്ദമായ ചില മറുപടികളുണ്ട്
പറയുവാനവര്‍ കാത്തുവച്ചിരുന്നത്..

മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
ആരുമറിയാത്തൊരു വസന്തമൊളിപ്പിക്കുന്നു.
പിന്നെ വാക്കുകള്‍ പൊള്ളിച്ച വേനലുകള്‍,
മഞ്ഞുപോലുറഞ്ഞ മറുപടികള്‍..
ഹൃദയത്തിന്റെ നാലറകളിലവര്‍
പല ഋതുക്കളൊളിപ്പിച്ചപോലെ..

മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
നാം എത്രമുട്ടിയാലും തുറക്കപ്പെടാതെ
അടഞ്ഞുപോയ വാതിലുകളാണ്.
എങ്കിലും ചില സ്പന്ദനങ്ങള്‍
അടഞ്ഞ വാതിലിനപ്പുറം പലനേരം
പതുക്കെ വന്നുമടങ്ങാറുണ്ട്‌..നാമാരുമറിയാതെ.

Subscribe Tharjani |