തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

പള്ളിക്കൂടംകാലത്തെ മണങ്ങള്‍

ഉച്ചയ്ക്കു ക്ലാസ്സില്‍
വിശപ്പു തിളച്ചുമറിയുമ്പോള്‍
എല്ലാത്തിനെയും ആവേശിച്ചുകൊണ്ട്
മീന്‍-സാമ്പാര്‍ മണങ്ങള്‍ കടന്നുവന്ന്
ഞങ്ങള്‍ പിന്‍ബെഞ്ചുജീവികളെ
ക്രൂരമായി ആക്രമിക്കുന്ന
ഒരു കാലമുണ്ടായിരുന്നു.

അതിന്റെ കൊതിപ്രാന്തിലിരിക്കുമ്പോഴായിരിക്കും
ടാര്‍ തിളയ്ക്കുന്ന ഗന്ധം
ഘൂം… എന്നു തലച്ചോറിലാകെ പടരുന്നത്.
പിന്നെ മദമിളകിയ പാലയ്ക്കോ
ടീച്ചര്‍മാരുടെ സെന്റിനോ
ഉണ്ടാവില്ല മണം
പെന്‍സില്‍ മഷി മഷിത്തണ്ട് പുസ്തകം
ഒക്കെച്ചേര്‍ന്നുള്ള ക്ലാസ്സ്മുറിമണവും
ഉണ്ടാവുകയില്ല;
എന്നില്‍ ഞാന്‍ അറിയുന്നൊരു നനഞ്ഞവാടയും…

മിക്കപ്പോഴും നമ്മള്‍
പെരുംവെയില്‍ മണത്തോ
കൊടുമ്മഴ രുചിച്ചോ
പുകഞ്ഞു പുറത്തോ
ആയിരുന്നല്ലോ
തണലത്തോ കുടയത്തോ
ആയിരുന്നല്ലോ അവരൊക്കെ…

ക്ലാസ്സില്‍ കിട്ടിയാല്‍
എല്ലാം കൊണ്ടും പിന്നിലായിരുന്നതിനാല്‍
കെളയ്കാന്‍ പോടോ’ എന്നാക്ഷേപിച്ച
ആക്രോശങ്ങള്‍ മറക്കാവതോ?
കൃഷിയെക്കൂടെ വെറുപ്പിച്ച്
അന്നവര്‍ കാതിനു പിടിച്ചപ്പോഴൊക്കെ
കൈയില്‍ മണത്തത്
ഇറച്ചിയോ മീനോ സാമ്പാറോ-
പിന്നീടെല്ലാം നാം തര്‍ക്കിച്ചതല്ലേ?
ഇന്നിപ്പോള്‍
ഇടവഴിയിലൂടെ വരമ്പിലൂടെ മണ്പാതകളിലൂടെ
നടന്നെത്തിയ നമ്മള്‍
ടാര്‍വഴികളിലൂടെ ചിതറി-
ച്ചിതറിപ്പിരിഞ്ഞല്ലോ എങ്ങെന്നില്ലാതെ…
പിന്നെന്തെല്ലാം മണങ്ങള്‍,നാറ്റങ്ങളിലേയ്ക്കും
കൂമ്പടഞ്ഞു പോയി നാം

അക്ഷരങ്ങള്‍പോലെ തന്നെ
കൂട്ടുകാര്‍ പകുത്ത പൊതിച്ചോറിന്റെ
അന്‍പും രുചിയും അണയുകയില്ല
ഇനിയൊരിക്കലും, ആ മണവും…
മയില്‍പ്പീലിയുടെയും വളപ്പൊട്ടിന്റെയും
മഞ്ചാടിയുടെയും ഓര്‍മ്മകളൊന്നും
നമുക്കുണ്ടായിരുന്നില്ലല്ലോ
പീരുമുഹമ്മദേ,വിജയാ,വില്‍സാ…
(അന്നത്തെ വഴികളില്‍
തേനും തീനും ചിരിയുമായ്
കാത്തു നിന്ന മരങ്ങളായിരുന്നു
നമ്മുടെ തണുപ്പുകള്‍-മുറിക്കപ്പെട്ടവര്‍)

എങ്കിലും അന്നൊക്കെ
ടാര്‍ തിളയ്ക്കുന്ന ഗന്ധത്തെയും തോല്പിച്ച്
കുടലില്‍നിന്നും നാവില്‍ അള്ളിപ്പിടിച്ചിരുന്ന
വിശപ്പിന്റെ വരണ്ടൊരു ഗന്ധമുണ്ടായിരുന്നില്ലേ
അതാണിന്നുവരേയ്ക്കും
ഓടിച്ചോടിച്ചുപ്പോന്ന കവിതയെന്നും
രുചികളില്‍ മുറുഞ്ഞു പോകാതെ കാത്ത പാഠമെന്നും
ഓര്‍ക്കാതെ പറയാതെ വയ്യ
ഒറ്റയ്ക്കും തെറ്റയ്ക്കും യാത്രയ്ക്കും
പാതിരാവിലും ആശുപത്രിയിലും
കണ്ടു പിടയുമ്പോള്‍….

Subscribe Tharjani |