തര്‍ജ്ജനി

മുഖമൊഴി

കസ്തൂരിരംഗനും മലയോരജനതയും പിന്നെ നമ്മുടെ രാഷ്ട്രീയക്കാരും


കസ്തൂരിരംഗന്‍

പരിസ്ഥിതിദുര്‍ബ്ബലപ്രദേശങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറച്ചുകാലം മുമ്പ് കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ചാനലുകള്‍ നിത്യവും വൈകുന്നേരം പലതരം വിഷയങ്ങള്‍ ഇഴചീന്തി ചര്‍ച്ചചെയ്യുന്നതിനിടയില്‍ ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരുടേയും ശ്രദ്ധയില്‍ ഇല്ലാതെയായി. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ കുടിയേറ്റവും തോട്ടം നിര്‍മ്മാണവും ആരംഭിച്ചിട്ട് കാലം ഏറെയായി. സര്‍ സി.പി.രാമസ്വാമി അയ്യരുടെ കാലത്തേ തിരുവിതാംകൂറില്‍ നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചിരുന്നു. സായിപ്പുമാര്‍ ആരംഭിച്ച തോട്ടം നിര്‍മ്മാണത്തിന് ആക്കംകൂടുന്നത് അതോടെയാണ്. അക്കാലത്തെ വയനാടിന്റെ കഥ എസ്. കെ. പൊറ്റെക്കാട് വിഷകന്യക എന്ന നോവലില്‍ വരഞ്ഞുവെച്ചിട്ടുണ്ട്. ഇടത്തരക്കാരില്‍ താഴെയുള്ളവരാണ് പൊറ്റെക്കാടിന്റെ നോവലിലെ കുടിയേറ്റക്കാര്‍. കൈമുതലായി അദ്ധ്വാനിക്കാനുള്ള സന്നദ്ധതയുമായി പുറപ്പെട്ടവര്‍. അവരുടെ പ്രശ്നം നിലനില്പാണ്. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന മണ്ണാണ് അവരെ മലബാറിലേക്ക് മാടിവിളിച്ചത്. കേരളത്തിന്റെ കിഴക്കന്‍ മലനിരകളില്‍ ചോരനീരാക്കി അദ്ധ്വാനിച്ച് ഉപജീവനം നടത്തിപ്പോന്നവരുടെ കാലഘട്ടത്തിലല്ല നാം ജീവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, മുന്നാറിലെ അനധികൃതകുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥസംഘത്തെ അയച്ചതും അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായ കോലാഹലങ്ങളും നമ്മുടെ ഓര്‍മ്മയില്‍ നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ താരമൂല്യം ഉയര്‍ത്തിയ നടപടിയായിരുന്നു മുന്നാര്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കുവാനായി കൈക്കൊണ്ട നടപടികള്‍. അത് പരിപൂര്‍ണ്ണവിജയത്തില്‍ കലാശിക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ കേരളീയരാരും കാല്പനികലോകത്തില്‍ ജീവിക്കുന്നവരല്ല. എവിടെ അത് ചെന്ന് അവസാനിക്കും എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും പ്രതീക്ഷിക്കാവുന്നതായിരുന്നു. സി.പി.ഐ (എം) നേതൃത്വം നല്കുന്ന സര്‍ക്കാരിനെതിരെ ഇടുക്കിയിലെ പാര്‍ട്ടി സെക്രട്ടറിയായ മണിയാശാന്‍ തന്നെ രംഗത്തു വന്നു. സഹജമായ പ്രസംഗശൈലിയില്‍ത്തന്നെ അദ്ദേഹം പ്രതികരിച്ചതും നമ്മെ ടെലിവിഷന്‍കാര്‍ കാണിച്ചു. സി.പി.ഐ എന്ന പാര്‍ട്ടിയുടെ ഓഫീസ് നിയമലംഘനം നടത്തി കെട്ടിടം പണിതതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതന്നതും അവരുടെ പാര്‍ട്ടി ഓഫീസിനുനേരെ ജെ.സി.ബിക്കൈകള്‍ നീങ്ങുന്നതും മലയാളികള്‍ ഇടിപ്പടം കാണുന്ന ആവേശത്തോടെ കണ്ടതാണ്. മലയോരഭൂമി ആളുകള്‍ എങ്ങനെയെല്ലാം കൈക്കലാക്കുന്നുവെന്നതിനെക്കുറിച്ച് പറഞ്ഞുകേട്ട കഥകള്‍ക്കപ്പുറമാണ് ഇന്ന് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അക്കാലത്തെ സംഭവങ്ങള്‍ നമ്മെ സഹായിച്ചു.

ആദിവാസികളുടെ അജ്ഞത മുതലെടുത്ത് ആദിവാസിഭൂമി തട്ടിയെടുത്തും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിനല്കി വനഭൂമി തട്ടിയെടുത്തും പശ്ചിമഘട്ടത്തില്‍ ഉടനീളം പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ കയ്യേറ്റം നടക്കുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ടാറ്റ ടീ കമ്പനിയുടെ കൈവശമുള്ള ഭൂമിപോലും മുന്നാര്‍ നടപടികളുടെ കാലത്ത് വിവാദവിഷയമായിരുന്നു. തങ്ങള്‍ക്ക് നിയമപരമായി കൈവശമുള്ള ഭൂമിയോടൊപ്പം അടുത്തുള്ള ഭൂമിയുടെ കൂട്ടിച്ചേര്‍ത്ത് നടത്തുന്ന കയ്യേറ്റങ്ങള്‍ ഒരു കാറ്യമായി ആരും കണക്കാക്കിയിട്ടില്ല. കാട്ടിലെ മരം തോവരുടെ ആന, വലിയെടാ വലി എന്നത് മലയാളത്തിലെ വെറും ചൊല്ലല്ല എന്ന് പേരിയ മരംമുറിക്കേസ് നമ്മെ ഓര്‍പ്പിപ്പിച്ചു. ഇത്തരം കഥകളും വര്‍ത്തമാനങ്ങളും പൊറ്റെക്കാടിന്റെ നേവലില്‍ ചിത്രീകരിക്കപ്പെട്ട കാലത്തിലല്ല നമ്മളെന്നു ആ നോവലില്‍ കണ്ട മാത്തനേയും മറിയത്തേയും പോലുള്ളവരല്ല പശ്ചിമഘട്ടഭൂമിയില്‍ ഇന്ന് ഇടപെടുന്നതെന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. കേരളം അപ്പാടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞ കാലത്ത് പശ്ചിമഘട്ടത്തിന് വല്ല വ്യത്യാസവും ഉണ്ടാവുമോ? താരതമ്യേന എളുപ്പത്തില്‍ നിയമലംഘനം നടത്താവുന്ന ആ സ്ഥലം തട്ടിപ്പുകാരുടെ വിഹാരരംഗമാവുന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. പശ്ചിമഘട്ടനിരകളിലെ ആദിവാസികളെ പരിപാലിക്കുവാനും സംരക്ഷിക്കുവാനും കോടിക്കണക്കിന് ഉറുപ്പിക ഇക്കാലമത്രയും ചെലവാക്കിയിട്ടും നാള്‍ക്കുനാള്‍ ആദിവാസികള്‍ ഗതികിട്ടാത്ത അവസ്ഥയില്‍ ചെന്നവസാനിക്കുകയാണെന്ന് കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും മനുഷ്യസ്നേഹികളായ പത്രപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ബിഹാറില്‍ കണക്ക് ചോദിക്കുവാനും സ്വന്തം കാര്യം പറയുവാനും സാധിക്കാത്ത കന്നുകാലികളുടെ പേരിലാണ് കോടികള്‍ വെട്ടിച്ചതെങ്കില്‍ ഇവിടെ അതിനൊക്കെ സാധിക്കുന്ന മനുഷ്യരുടെ പേരിലാണ് തട്ടിപ്പുകള്‍!! സാധുജനത്തിന്റെ പേരില്‍, പാവപ്പെട്ടവരുടെ പേരില്‍ ആണയിടുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ അപ്പോഴും നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവല്ലോ. ആദിവാസിഭൂമി തിരിച്ചുനല്കുന്നതിനുള്ള നിയമം നടപ്പിലാക്കാന്‍ നീക്കം ഉണ്ടായപ്പോള്‍ ആദിവാസികള്‍ക്ക് വേറെ എവിടെയെങ്കിലും പകരം ഭൂമി നല്കണമെന്നായിരുന്നുവല്ലോ നമ്മുടെ രാഷ്ട്രീയക്കാരെല്ലാം കൈക്കൊണ്ട നിലപാട്!! അവര്‍ ഭൂമിതട്ടിപ്പുകാരുടെ നക്കാപ്പിച്ച വാങ്ങി വക്കാലത്തു പറയുന്നവരാണന്ന് തെളിയിച്ചു കഴിഞ്ഞു.

നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ പലതിനും പരിസ്ഥിതിനയമമുണ്ട്. ഒടുവില്‍ മുസ്ലിം ലീഗിനും പരിസ്ഥിതിനയമുണ്ടായി. നയം വേദികളില്‍ പ്രസംഗിക്കുവാനും ആദര്‍ശം പറയേണ്ടിടത്ത് വെച്ചുവിളമ്പനുമുള്ള ചരക്കാണ്, പ്രയോഗിക്കാനുള്ളതല്ല. സി.പി.ഐ എമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ പാര്‍ട്ടിയില്‍ അംഗങ്ങളായി ബിഹാറില്‍ നിന്നും ആസാമില്‍ നിന്നും തൊഴില്‍തേടിയെത്തിവരെ ചേര്‍ക്കേണ്ടിവരും.ഇപ്പോഴുള്ളവരെ മുഴുവന്‍ പുറത്താക്കേണ്ടിവരും. എന്നിട്ടും കേരളത്തില്‍ ആര്‍ക്കും അശേഷം അന്ധാളിപ്പ് ഉണ്ടാവാതിരിക്കുവാന്‍ കാരണം, നമ്മുക്കറിയാം, ഇതെല്ലാം വെറും ബഡായി മാത്രമാണ് എന്നതിനാലാണ്. നിയമവും ചട്ടവും നാം എടുക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത് ഇഷ്ടമില്ലാത്തവനെ ഉപദ്രവിക്കാനും നിശ്ശബ്ദനും നിഷ്ക്രിയനും ആക്കാനാണ്. നിയമം ലംഘിച്ചും നിമലംഘകരോട് സഹകരിച്ചും ജീവിക്കുകയെന്നതാണ് നമ്മുടെ രീതി. അപ്പോള്‍ ഒരു നേരമ്പോക്കിന് ചില്ലറ ആദര്‍ശപ്രസംഗം, സിദ്ധാന്തഗോഷ്ഠികള്‍ എന്നിവയെല്ലാം ഒരു വിനോദമായി നമ്മള്‍ നടത്തും.


മാധവ് ഗാഡ്ഗില്‍

പരിസ്ഥിതി നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച ആദര്‍ശപ്രസംഗത്തിനുള്ള വിഷയമാണ്. അവനവന്‍ എന്തുചെയ്യുന്നുവെന്നതിനെക്കാള്‍ മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുവാന്‍ അതില്‍ അപാരമായ സാദ്ധ്യതകളുണ്ട്. പരിസ്ഥിതിരാഷ്ട്രീയം, പരിസ്ഥിതിസൌന്ദര്യശാസ്ത്രം എന്നെല്ലാം പലപേരിലുള്ള ചര്‍ച്ചാ - പ്രസംഗവിഷയങ്ങളുമുണ്ട്. അതിനാല്‍ മാര്‍ക്സിസം പോലെ പ്രസംഗിക്കുവാനും വികാരംകൊള്ളുവാനുമുള്ള വിഷയമായി പരിസ്ഥിതിയെ നാം കൊണ്ടുനടക്കും. കോണ്‍ക്രീറ്റ്കെട്ടിടങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും കഴിഞ്ഞ ഒരു കവി വീട് വെച്ചപ്പോള്‍ അത് കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു. അതില്‍ ഉഷ്ണിച്ചും വിയര്‍ത്തും താന്‍ തന്നെ ചെയ്ത അബദ്ധത്തെ പഴിച്ച് മരണംവരെ അദ്ദേഹം ജീവിച്ചു.അന്യര്‍ക്ക് ഉപദേശങ്ങള്‍ നല്കാനല്ലാതെ സ്വന്തം ജീവിതത്തെ ശുദ്ധീകരിക്കാനോ സ്വയം തെറ്റ് തിരുത്തുവാനോ നാം സന്നദ്ധരാവില്ല. മലയാളിയുടെ സഹജമായ അവസരവാദം പരിസ്ഥിതികാര്യത്തിലും പൂര്‍ണ്ണമായ തികവോടെ നമ്മുക്ക് കാണാം.

മാധവ് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചവര്‍ കസ്തൂരിരംഗന്‍ പിന്നീട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അംഗീകരിക്കുമോ? കര്‍ഷകര്‍ എന്നത് നിയമലംഘകര്‍ക്കുള്ള പര്യായപദമാണ് എന്ന അര്‍ത്ഥത്തില്‍ സംസാരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും മതപുരോഹിതരും നമ്മുക്കുണ്ടെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന കലാപം കാണിച്ചുതന്നു. പരിസ്ഥിതിലോലമായ പ്രദേശങ്ങളുടെ സംരക്ഷണത്തിനായി നല്കിയ നിര്‍ദ്ദേശങ്ങള്‍ എന്താണെന്ന് പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം മലയോരനിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണവുമായി രംഗത്ത് ഇറങ്ങിയവരെല്ലാം സാമൂഹികവിരുദ്ധരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോട് യോജിക്കുവാന്‍ തോന്നുന്ന വിധത്തിലുള്ള പരാക്രമമാണ് നാം കണ്ടത്. ഇതിനെല്ലാം കൂട്ടുനിന്നവരാണ് പതിവുപോലെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. അവുടെ പ്രതിജ്ഞാബദ്ധത ആരോടാണെന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.

Subscribe Tharjani |
Submitted by KPS (not verified) on Sun, 2013-12-01 15:10.

നന്നായി എഴുതി മഹേഷ്.. രാഷ്ട്രീയക്കാരെല്ലാം ഒരേ തൂവല്‍പ്പക്ഷികളാവുകയും രാഷ്ട്രീയം പക്കാബിസിനസ്സ് ആവുകയും ചെയ്ത ഈകാലത്ത് ഇങ്ങനെ അവനവന്റെ വ്യഥകള്‍ സമാനമനസ്ക്കരോട് പങ്ക് വയ്ക്കാനല്ലാതെ വേറെന്ത് ചെയ്യാന്‍ കഴിയും ,,,,