തര്‍ജ്ജനി

വിജു നായരങ്ങാടി

മലയാളവിഭാഗം,
ഗവ. കോളേജ്,
തിരൂര്‍.

Visit Home Page ...

ലേഖനം

കൃഷ്ണകവിതയിലെ സാക്ഷ്യങ്ങള്‍

കാവ്യവിഷാദവും ജീവിതവിഷാദവും തമ്മില്‍ എന്തുമാത്രം ബന്ധപ്പെടുന്നുണ്ട് എന്ന അന്വേഷണം മലയാളകവിതയില്‍ കാല്പനികകാലം മുതലുള്ള ചര്‍ച്ചയാണ്. കാവ്യവിഷാദങ്ങള്‍ പൊതുമനസ്സിന്റെ പൊതുമണ്ഡലവുമായി ബന്ധപ്പെട്ടുമാത്രം രൂപപ്പെടണം എന്ന ഒരു വേണ്ടാവാശി മലയാളകവിതാവായന സൂക്ഷിക്കുകയും ചെയ്തിരുന്നു എന്ന് ഓര്‍ക്കുക. എന്നാല്‍ എല്ലാ വിഷാദങ്ങളെയുംപോലെ കാവ്യവിഷാദങ്ങളെയും വ്യക്തിമനസ്സ് സ്വകാര്യസ്വത്തുപോലെ സൂക്ഷിക്കുന്നുണ്ടെന്നും ചിലപ്പോഴെങ്കിലും ഒരു സ്വകാര്യനിധികുംഭം തുറന്നുനോക്കുംപോലെ എടുത്ത് പരിശോധിക്കുന്നുണ്ടെന്നും നമ്മുടെ കവിതയില്‍ അടയാളപ്പെടുത്തിയത് സുഗതകുമാരിയാണ്. സുഗതകുമാരിയുടെ കവിതയില്‍ വിഷാദം ആധാരശ്രുതിയാണ്. ഈ വിഷാദം പൊതുജീവിതത്തിന്റെ നേര്‍ക്ക്‌ പൊതുമണ്ഡലത്തിന്റെ മനസ്സ് പങ്കിട്ടുകൊണ്ട് രൂപപ്പെട്ടുവന്ന വിഷാദമല്ല. പൊതുമണ്ഡലവുമായി അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സുഗതകുമാരി എഴുതിയ കവിതകളില്‍ വിഷാദത്തെക്കാളപ്പുറം പൊള്ളുന്ന പ്രതിഷേധമാണുള്ളത്. എന്നാല്‍ ആ കവിതയിലെ ആധാരശ്രുതിയായി വര്ത്തിക്കുന്ന വിഷാദാനുഭവം പ്രണയവും ഉന്മാദിയായ കാമവും ചേര്‍ന്ന് മനസ്സിന്റെ ബോധതലത്തിനപ്പുറത്തേക്ക് വളര്‍ത്തിയെടുത്തതും പരിചരിച്ചതും ആവിഷ്കരിച്ചതുമാണ്. പലകാലങ്ങളിലായി അവര്‍ എഴുതിയ കൃഷ്ണ കവിതകള്‍ ഈ തോന്നലിനു അടിവരയിടുന്നു.

കൃഷ്ണകവിതകളില്‍ ആഖ്യാതാവിനെയും കവിമനസ്സിനേയും ഭിന്നമാക്കി നിര്‍ത്തിക്കൊണ്ടുള്ള ഒരാഖ്യാനതന്ത്രമാണ് സുഗതകുമാരി ഉപയോഗിക്കുന്നത്. മനസ്സിന്റെ അതിശക്തമായ നൈസര്‍ഗ്ഗികചോദനതന്നെയാണ് ആഖ്യാതാവിനപ്പുറത്തു നില്ക്കുന്ന കവിമനസ്സായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ആ പകുതി നിരന്തരം മനസ്സ് ചൂണ്ടുന്നിടത്തേക്കുതന്നെ നോക്കാനും പ്രവര്ത്തിക്കാനും ആയുമ്പോള്‍ ആഖ്യാതാവിന്റെ സ്ഥാനത്ത് നില്ക്കുന്ന പകുതി, മുന്നറിയിപ്പുകള്‍ കൊടുത്തുകൊണ്ട് കൂടെനില്ക്കുന്നു. നിരന്തരം പരാജയപ്പെടുകയും ചെയ്യുന്നു. 'തുള്ളിയായൂര്‍ന്നു വീഴുന്ന കൈപ്പാര്‍ന്ന മധു ' എന്ന് ആദ്യത്തെ കൃഷ്ണകവിതയില്‍ സുഗതകുമാരി നിര്‍വ്വചിക്കുന്ന മാനസവിഷാദത്തിന്റെ കാരണം ഉന്മാദത്തിലേക്ക് അടര്ന്നുവീഴാന്‍ വെമ്പുന്ന കാമോന്മുഖമായ പ്രണയം തന്നെയാണ്. ഈയൊരു ഉന്മാദംപുരണ്ട വാക്കുകള്‍കൊണ്ടാണ് സുഗതകുമാരിയുടെ കൃഷ്ണകവിതകള്‍ രൂപപ്പെട്ടിട്ടുള്ളത്.

കൃഷ്ണന്‍ ഇന്ത്യയൊട്ടാകെയുള്ള മനസ്സിനെ ഭരിക്കുന്ന മിത്താണ്. മാത്രമല്ല കൃഷ്ണന്‍ ഒരു സമയം ഒരു പൊതുമിത്തും അതേ സമയം ഒരു സ്വകാര്യമിത്തും ആണ്. ഭക്തി കൊണ്ട് മുന്നോട്ടു പോകുന്നവര്‍ക്ക് ഒരു പൊതുമിത്തും പ്രണയംകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്ക് ഒരു സ്വകാര്യമിത്തും ആയി കൃഷ്ണന്‍ പെരുമാറുന്നു .അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കാല്പനിക പ്രണയത്തിന്റെ വക്ക് ഒരിക്കലെങ്കിലും കടിച്ചിട്ടുള്ള ഒരു പെണ്‍കൊടിയില്‍ കൃഷ്ണന്‍ മുനിഞ്ഞു കത്തുന്ന ചിരാതുപോലെ ചൂടും വെളിച്ചവും പ്രസരിപ്പിച്ചു നില്ക്കുന്നുണ്ടാവും എന്ന കാര്യത്തില്‍ സംശയിക്കാനില്ല. ആ പെണ്‍കൊടിയുടെ ഉള്ളില്‍ 'തീരാത്ത തേടാലാകുന്നു ജന്മം 'എന്നുകരയുന്ന ഒരു രാധികയും ശക്തമായ സാന്നിദ്ധ്യംആയിരിക്കും. ഈ രണ്ടു സാന്നിദ്ധ്യങ്ങളെ ചുമന്നു നടക്കുന്ന ഒരു വിലോലയും ഉന്മാദിയുമായ പെണ്‍കൊടി സുഗത കുമാരിയുടെ കൃഷ്ണകവിതകളുടെ കേന്ദ്രസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

ഈ നിലയില്‍ കൃഷ്ണകവിതകളെ പരിശോധിക്കേണ്ടിവരുമ്പോള്‍ കാളിയമര്‍ദ്ദനം എന്ന സുഗതകുമാരിയുടെ ആദ്യകാലകവിതയില്‍നിന്ന് തുടങ്ങേണ്ടിവരുന്നു. നിദ്രാഭംഗം, ജാഗരം എന്നാരംഭിക്കുന്ന പത്തു കാമാവസ്ഥകള്‍ ഉന്മാദം, മരണം എന്ന് അവസാനിക്കുന്നു. ഉന്മാദമൂര്‍ച്ഛയുടെ പാരമ്യമാണ് കാളിയമര്‍ദ്ദനം .'കുനിഞ്ഞതില്ല പത്തികള്‍ കണ്ണാ കുനിഞ്ഞതിന്നി കരളിന്നും 'എന്ന് ആവര്‍ത്തിക്കുന്ന കവിതയില്‍ ആഖ്യാതാവിന്റെ സ്ഥാനത്തുള്ള കാളിയന്‍ പുരുഷനാണെന്ന ഒരു നേര്‍ത്ത സൂചന മാത്രമേ കവിതയുടെ പ്രകടതലത്തിലുള്ളൂ. മറിച്ച്‌ ആ പ്രകടതലത്തെ മറികടക്കുന്ന, ചുറ്റിനും മദമിളകിക്കിടക്കുന്ന മനസ്സിനെ ലിംഗഭേദംകൂടാതെ വ്യാഖ്യാനിക്കാന്‍ പാകത്തിലാണ് കവിതയിലെ വാക്കുകളുടെയും ബിംബങ്ങളുടെയും വിന്യാസം. ഒരു രതിക്രിയയുടെ അമര്‍ന്ന താളത്തിലുള്ള തുടക്കം മുതല്‍ ചടുലവും മുറുകിയതുമായ പര്യവസാനംവരെ ഓരോ വാക്കിലും രതി നിറച്ചുവെച്ചു കൊണ്ടാണ് കവിത സഞ്ചരിക്കുന്നത്. ഒരു സ്വയംഭോഗത്തിലെ സ്വകാര്യതാണ്ഡവംപോലെയാണ് ആ കവിതയുടെ മര്‍മ്മം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതൊരു സംയോഗമായി പരിണമിക്കുന്നുമില്ല. സംയോഗക്രിയയില്‍ സംഭവിക്കുന്ന പരസ്പരലയം ഒരിക്കലും കാളിയമര്‍ദ്ദനത്തിലെ രതിമോഹത്തെ പുണരുന്നില്ലെന്ന് മാത്രമല്ല ഉദ്ദാമവും സചേതനവും സര്ഗ്ഗാത്മകവുമായ കാമത്തെ ദമനംചെയ്യാന്‍ വിധിക്കപ്പെടുന്ന ഒരുവളുടെ നിസ്സഹായതയും ആ അപ്പീലില്‍ ഉണ്ട്. ആ അര്‍ത്ഥത്തില്‍ അഹംബോധം സൃഷ്ടിക്കുന്ന ഉദ്ദാമവും ഉന്മാദിയുമായ രതിവാഞ്ഛയും ആ രതി വാഞ്ഛയെ അടിച്ചമര്‍ത്തലുമാണ് കാളിയമര്‍ദ്ദനം അങ്ങനെ അടിച്ചമര്‍ത്തുമ്പോഴും ഒരിക്കലും ശമിക്കാത്ത ഈ രതി പിന്നീടുള്ള കൃഷ്ണകവിതകളില ഒരു പരാഗംപുരണ്ടപോലെ പിന്തുടരുന്നുണ്ട്.

നഷ്ടബോധമായും ഉത്തരവാദിത്വമായും സ്നേഹത്തിന്റെ നിഷ്കന്മഷപ്രയോഗമായും വിരഹാതുരതയുടെ തീവ്രവിഷാദമായും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഇരുളുവീണ വഴികളില്‍ തേങ്ങിനടക്കുന്ന കാറ്റുപോലെ നിരാലംബതയായും ആ പരാഗം നിറംമാറി മാറി വരുന്നതുകാണാം. രത്യുന്മുഖമായ ഈ മാനസഭാവം ഒരു കവിതയില്‍നിന്ന് മറ്റൊരു കവിതയില്‍ എത്തുമ്പോഴേക്കും തീവ്രവും ചടുലവുമായ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിഒന്പതിലാണ്, അതായത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് സുഗതകുമാരി കാളിയമര്‍ദ്ദനം എഴുതുന്നത്‌. എന്നാല്‍ ഗജേന്ദ്രമോക്ഷം അറുപത്തിഏഴില്‍ എഴുതുമ്പോഴേക്കും കൃഷ്ണസങ്കല്പത്തിലെ പൊതുമിത്ത് സുഗതകുമാരിക്കകത്തെ സ്വകാര്യമിത്തുമായി ഒരു സംവാദസാദ്ധ്യത തേടുന്നുണ്ട് .ആ സംവാദസാദ്ധ്യത പിന്നീടുള്ള കവിതകളില്‍ ഒരടക്കിപ്പിടിച്ച ചിരിപോലെ കാമത്തെ പുറത്തു നിര്‍ത്താന്‍ വെമ്പുകയോ, രമിക്കുക എന്നതിനെ മാറ്റിപ്പണിയാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട് എന്നുകാണാം. രത്യുന്മുഖമായ ഈ മാനസഭാവം ഒരു കവിതയില്‍നിന്നും മറ്റൊരു കവിതയില്‍ എത്തുമ്പോഴേക്കും തീവ്രവും ചടുലവുമായ മാറ്റത്തിന് വിധേയമാവുന്നുണ്ട് എന്ന് കാണാമെന്നു പറഞ്ഞല്ലോ .ഒരു ദര്‍ശനം, മറ്റൊരു രാധിക, ഒരു വൃന്ദാവനരംഗം, മഴത്തുള്ളി, എവിടെ നീ, എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലും ശ്യാമരാധ, കൃഷ്ണാ നീയെന്നെയറിയില്ല തുടങ്ങിയ കവിതകള്‍ ഈ വസ്തുതയെ സാധൂകരിക്കും. അങ്ങേയറ്റം ആര്‍ദ്രമായ സ്ത്രീമനസ്സോടെയാണ് ഈ കവിതകള്‍ പ്രത്യക്ഷമാകുന്നത്. രതി ആത്യന്തികമായി മൃതിയാണെന്ന തീവ്രബോധത്തിലേക്കാണ് ഇവ കുതിച്ചെത്തുന്നത്. രമിക്കല്‍ മരിക്കല്‍ തന്നെയാണെന്ന് ഇവ അടിവരയിടുന്നു.

സുഗതകുമാരിയുടെ കൃഷ്ണകവിതകളില ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത്‌ കൃഷ്ണാ, നീയെന്നെയറിയില്ലാ എന്ന കവിതയാണ്.ആത്മാവ് കൂടി അര്‍ച്ചിച്ചുകൊണ്ടുള്ള ഒരു തപസ്സിന്റെ ഭൌതികേതരമായ നിലയാണ് ആ കവിതയുടെ മര്‍മ്മം. ആ അര്‍ച്ചനയിലേയ്ക്കു കവി എത്തുമ്പോഴേക്കും മനസ്സിന്റെ യൌവ്വനോന്മാദിയായ കാമം സ്വയം സമര്‍പ്പണത്തിന്റേതായ ഒരു മാറ്റത്തിന് വിധേയമാകുന്നുണ്ട്.അടിച്ചമര്‍ത്തല്‍പ്രക്രിയയുടെ ഒരു സ്വഭാവം കൂടിയാണത്. തീരാത്ത അലച്ചിലിനൊടുവില്‍ എത്തിപ്പെടും കണ്ടു കിട്ടും എന്ന തോന്നലിന്റെ ഉന്മാദമൂര്‍ച്ഛയിലെത്തിപ്പെടുമ്പോഴേക്കും ഇല്ല, ആ ലക്ഷ്യം കൈവിട്ടുപോയി എന്ന തോന്നലിനോട് സമരസപ്പെടാനുള്ള മനസ്സിന്റെ കഴിവുകൂടിയാണത്. ആ കഴിവിനെ തോറ്റിയുണര്‍ത്തി 'എന്റെ നിറയ്ക്കാന്‍ മറന്ന മണ്‍കുടം' ഒഴുകിപ്പോവുന്നത് നോക്കിയിരിക്കുന്ന ഞാനാം രാധികയെ ഒരു സ്വത്വവും അടയാളവും ഉള്ളവളായി സുഗതകുമാരി രേഖപ്പെടുത്തുന്ന കവിത കൂടിയാണ് ,കൃഷ്ണാ നീയെന്നെയറിയില്ലാ. ആ കവിതയിലെ ഒറ്റപ്പെടലിന്റെ തീവ്രത വിഷാദവും കാല്പനികമാധുര്യവും പ്രണയത്തെ പ്രണയം കൊണ്ടടയാളപ്പെടുത്താനുള്ള ക്രാഫ്റ്റിന്റെ മികവുമാണ് ആ കവിതയെ വായനയില്‍ മുന്നിലെത്തിച്ചത്. എന്നാല്‍ അതുവരെ മുഖമില്ലാതിരുന്ന ആ 'മറ്റൊരു രാധിക' സ്വന്തം മുഖംനേടി കൃഷ്ണ മിഴികള്‍ക്ക് മുന്നില്‍ ജ്വാലാമുഖിയായി നില്ക്കുന്നു എന്ന അപൂര്‍വ്വമായ ഒരുത്തരം കൂടി കൃഷ്ണാ, നീയെന്നെയറിയില്ല മുന്നോട്ടു വെയ്ക്കുന്നുണ്ട്. കൃഷ്ണന്‍ അവര്‍ക്കു രെ നീട്ടുന്ന ആ കലങ്ങിച്ചുവന്ന മിഴികളില്‍ അതീതമായ എന്തിലേക്കോ എത്തിപ്പെടാനുള്ള ഒരു ക്ഷണം കൂടിയുണ്ടെന്ന് മാം അപ്പോള്‍ ബോദ്ധ്യപ്പെട്ട് വായനയില്‍നിന്ന് പിന്മടങ്ങാനാവാതെ അസ്വസ്ഥരാവും. അവിടെയാണ് അഭിസാരിക എന്ന കവിത സുഗതകുമാരിയുടെ കൃഷ്ണകവിതകളുടെ നെറ്റിക്കയ്യില്‍ നില്ക്കുന്നതായി അനുഭവപ്പെടുക.

കൃഷ്ണകവിതകളില്‍ ആദ്യമേ നിറഞ്ഞുകണ്ട രതിബോധം മൃതിബോധമായി പരിപൂര്‍ണ്ണസ്ഥായിയില്‍ എത്തുന്ന സന്ദര്‍ഭമാണ് അഭിസാരിക. 'പാല പൂത്തു മദിക്കുന്ന രാവില്‍ ,പാരിജാതം മണക്കുന്ന രാവില്‍' അവള്‍ ഇറങ്ങാന്‍ തയ്യാറാവുന്നു. 'കാത്തിരിപ്പൂ, വരൂ, വരികെന്ന്' 'കാട്ടില്‍നിന്നും കുഴല്‍വിളിക്കുമ്പോള്‍ പിന്നെ മറ്റെന്ത് എന്ന ആ പഴയ രാധികയുടെ അവസാനനിശ്ചയം ഇവിടെ വ്യക്തമാവുന്നു. അവള്‍ തൊട്ടിലില്‍ക്കിടക്കുന്ന കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നുണ്ട് , കാന്തനെ നോക്കാതിരിക്കുന്നുമുണ്ട് .കൂട്ടിവെച്ച ഇഷ്ടങ്ങളെ എടുക്കാന്‍ മറക്കുന്നുണ്ട്‌. കണ്ണുനീരില്‍ കുളിച്ചിറങ്ങുന്ന അവള്‍ക്കറിയാം അവള്‍ വിളിക്കുന്നത്‌ ആടാനോ പാടാനോ രമിക്കാനോ അല്ല. മറിച്ച് ആത്യന്തികമായി ഒന്ന് കാണുവാന്‍ മാത്രമാണെന്ന്. നടന്നും തളര്‍ന്നും മുള്ളുകളില്‍ പോറിയും വഴിയില്‍ ഇടറിയും വീണും ജന്മദുരിതങ്ങളുടെ ജീവിതസങ്കടങ്ങളില്‍ പൊള്ളിയും അവള്‍ ആ സവിധം തിരഞ്ഞുപോകുന്നു. ഈ കവിതയുടെ അന്തരീക്ഷത്തില്‍ മദിപ്പിക്കുന്ന രതിയുടെ സാന്നിദ്ധ്യമുണ്ട്. രതിബോധതിന്റെ സാന്ദ്രലഹരിയില്‍നിന്ന് മൃതിസാന്നിദ്ധ്യത്തിന്റെ സാന്ദ്രമഹിമയിലേക്ക് ഒരു കവിയുടെ കാലങ്ങളായുള്ള പ്രയാണം ലക്ഷ്യംകാണുന്ന ഇടം കൂടിയാണിത്. 'നിന്റെ കൈയ്യൊന്നീ നിറുകയില്‍ വെക്കുക, സങ്കടംപോലെ പതുക്കേ' എന്ന് സുഗതകുമാരി മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതുന്നുണ്ട്. ആരുടെ കൈ? ഏതു നിമിഷത്തില്‍?

ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനഭാവങ്ങളില്‍ ഒരു കവിയ്ക്കുണ്ടാവേണ്ടുന്ന തീര്‍ച്ചകളെ ഈ നിമിഷത്തില്‍ നമുക്ക് അളന്നെടുക്കാനാവും എന്ന് തോന്നുന്നു അന്തരീക്ഷത്തില്‍ അതിശക്തമായ പ്രണയവും രതിയും സന്നിവേശിപ്പിക്കുകയും കാവ്യമര്‍മ്മത്തില്‍ ഈ അവസ്ഥകളെ മറികടക്കാനുള്ള ഇച്ഛ നിറച്ചുവെക്കുകയുംചെയ്യുക എന്ന അത്യപൂര്‍വ്വമായ കാവ്യതന്ത്രമാണ് അഭിസാരികയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സങ്കടങ്ങളില്‍നിന്നും പൊള്ളി തളര്‍ന്നവള്‍ പണ്ട് കണ്ടുമറന്ന ആ കലങ്ങിച്ചുവന്ന ചടുലമിഴിയുടെ നോട്ടത്തില്‍ ജ്വലിച്ച് അഭിസരിക്കുക തന്നെയാണ്, കൂടെപ്പോവുക തന്നെയാണ് ചെയ്യുന്നത്. ശൂന്യഹസ്തയും ശൂന്യമനസ്കയുമായിത്തന്നെ ആ തേടിചെല്ലലില്‍ 'ചന്ദനം മണക്കുന്നൊരാ മാറില്‍' സങ്കടങ്ങള്‍ ഇറക്കിവെയ്ക്കാന്‍ അവള്‍ക്കാവുന്നു ആ ചടുലനിമിഷത്തില്‍ 'ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്ന്' അവള്‍ തിരിച്ചറിയുകയും ചെയ്യുന്നു.

കാളിയമര്‍ദ്ദനത്തില്‍നിന്ന് അഭിസാരികയിലെക്കുള്ള ദൂരം രതിയില്‍നിന്ന് മൃതിയിലേക്കുള്ള സഞ്ചാരം തന്നെയാണ്. കവിയെ പരിശോധിക്കുമ്പോള്‍ കവിത നിയാമാകമാവുന്നു. കവിത പരിശോധിക്കുമ്പോള്‍ ആ കവിതയുടെ ആദ്യമുളപൊട്ടിയ കവിമനസ്സാണ് നിയാമകം. മനുഷ്യമനസ്സ് രത്യുന്മുഖതയുടെ കേദാരമാണെന്നു ഇന്ന് നമുക്കറിയാം ഈ രത്യുന്മുഖതയെ സത്യസന്ധമായി ആവിഷ്കരിക്കുന്നതിനേക്കാള്‍ സുന്ദരമായി മറ്റൊന്നുമില്ല എന്നും ഇന്ന് നമ്മള്‍ തുറന്നുമനസ്സിലാക്കുന്നു.

Subscribe Tharjani |