തര്‍ജ്ജനി

സുനില്‍ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

പെണ്ണുങ്ങള്‍ അവിടെത്തന്നെ നില്പുണ്ട്

കറിക്കരിയുന്ന, വിഴുപ്പലക്കുന്ന കൈകള്‍ ഇപ്പോള്‍ എല്ലാറ്റിന്റേയും സ്റ്റീയറിങ്ങ് പിടിക്കാന്‍ മുതിര്‍ന്നിട്ടും സമ്മതിച്ചു കൊടുക്കാന്‍ സമൂഹം മടിക്കുന്നതെന്താണ്?

വൈറ്റ് ഗേള്‍സ് എന്നൊരു പുതിയ പുസ്തകത്തില്‍ എഴുത്തുകാരന്‍ ഹില്‍ട്ടന്‍ ആല്‍സ് കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ ഹരമായ, ഏതാണ്ട് കിട്ടാക്കനിയായ വെള്ളക്കാരി പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നു: കറുത്തവന്മാര്‍ വെള്ളക്കാരികളെ വെറുക്കുകയും ആരാധിക്കുകയും ചെയ്യുന്നു; പരിഹസിക്കുകയും അനുകരിക്കുകയും ചെയ്യുന്നു; അവരാല്‍ അവഗണിക്കപ്പെടുമ്പോഴും ചിലര്‍ക്കെങ്കിലും ആശ്രയമാവുകയും ചെയ്യുന്നു. വെള്ളക്കാരി എന്നു പറയുന്നത് ഒരു മാനസികാവസ്ഥ പോലുമാണ്.

നോക്കുക, നമ്മുടെ ശ്രേഷ്ഠമലയാളത്തിലും പെണ്ണെഴുത്ത് വയസ്സറിയിച്ചെങ്കിലും സ്ത്രീയും സ്ത്രൈണതയും ഇപ്പോഴും വസ്തുവും വിഷയവും പാത്രവുമൊക്കെയാണ്. വൈറ്റ് ഗേള്‍സില്‍ ദൃഷ്ടി - ആംഗ്‌ള്‍ - പുരുഷാധീശത്വത്തിന്റേതാണെങ്കിലും സ്ത്രീയെ ഫ്രെയിം ചെയ്യുന്നതില്‍ ആത്മാര്‍ത്ഥതയുണ്ട്. ഭൂമിമലയാളത്തില്‍ സ്ത്രീകള്‍ താപമോ സഹതാപമോ അര്‍ഹിക്കുന്നവരും എന്നാല്‍ നമ്മുടെ പരിധിക്ക് പുറത്ത് ദയയോ പരിഗണനയോ അര്‍ഹിക്കാത്തവരായി തുടരുകയും ചെയ്യുന്നു. നമ്മുടെതന്നെ പതിനെട്ടാം നൂറ്റാണ്ട് നിര്‍വ്വചനങ്ങള്‍ സ്ത്രീകളില്‍ പ്രോജക്റ്റ് ചെയ്ത് നമ്മള്‍ അവരെ കൊണ്ടാടിക്കളയും. അതുകൊണ്ട് മോഹന്‍ലാല്‍ 'അമ്മയെ' ദര്‍ശിക്കുന്നതിന്റേയും, വിനീതവിധേയനാവുന്നതിന്റെയും, അനുഗൃഹീതനാവുന്നതിന്റെയും ചിത്രണങ്ങള്‍ നമുക്ക് പാഠങ്ങളാകുന്നു. പുനത്തിലാന്‍ ദേവദാസിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് പൂജനീയമാവുന്നു.

ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകത്തിനും ചലച്ചിത്രത്തിനും ശേഷം അതെഴുതിയ എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ കലയിലും ശാസ്ത്രത്തിലും മറ്റും മടിച്ചുനിന്ന വനിതകളെ ചരിത്രത്തില്‍ നിന്നും കൈപിടിച്ചിറക്കുന്നുണ്ട്. മാംസഭോജനപ്രകൃതമുള്ള ചെടികളെക്കുറിച്ച് ഡാര്‍വിന്‍ സംശയനിവാരണം നടത്തിയിരുന്ന മേരി ട്രീറ്റ് അതിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ സയന്‍സില്‍ എടുത്ത താല്പര്യങ്ങള്‍ സസ്യശാസ്ത്രത്തില്‍ മാത്രമായിരുന്നു. അതെന്തുകൊണ്ടായിരുന്നു? പൂക്കളും പൂന്തോട്ടവുമൊക്കെയായി ചുറ്റിപ്പറ്റിയായിരുന്നു സ്ത്രീജീവിതം.

അവരില്‍ കുട്ടികളില്ലാത്തവര്‍ക്ക്, സമ്പത്തിന്റെയും കുലീനത്വത്തിന്റെയും അനുഗ്രഹങ്ങളാലും, അടുക്കളയില്‍ നിന്നും പൂന്തോട്ടംവരെയെങ്കിലും വരാന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലോ അമേരിക്കന്‍ ഫിലസോഫിക്കല്‍ സൊസൈറ്റിയിലോ സ്ത്രീകള്‍ക്ക് സ്വാഗതമുണ്ടായിരുന്നില്ല. പെണ്ണുങ്ങള്‍ കൈയാളി ചെളിപുരണ്ടതിനാലാവും, സസ്യശാസ്ത്രം ശാസ്ത്രമാണോ എന്നുറക്കെ ചോദിച്ച ശാസ്ത്രജ്ഞന്മാരുണ്ട്. പക്ഷെ ചില സ്ത്രീകള്‍ ‍ നിശ്ശബ്ദം ഗവേഷണങ്ങളില്‍ മുഴുകി, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. പെണ്ണായിപ്പോയതുകൊണ്ട് പുരുഷസമൂഹം തങ്ങള്‍ ഗൌരവബുദ്ധ്യാ ചെയ്ത കാര്യങ്ങള്‍ - ശാസ്ത്രത്തിലും കലയിലും നടത്തിയ പര്യവേക്ഷണങ്ങള്‍ - പിന്തള്ളുമോ എന്ന ഭയത്താല്‍ പുറത്ത് പറയാനും മടിച്ചു. അതിനാല്‍ കറതീര്‍ന്ന കാര്യങ്ങളേ സ്ത്രീസ്രഷ്ടാക്കളില്‍നിന്നും ചരിത്രത്തിന് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ പൂപ്പല്‍ പിടിച്ചു കിടന്നു, കിടക്കുന്നു.

മലാലയുടെ പുസ്തകം - ഐ ആം മലാല - പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. ഒരു വെടിയേറിനിപ്പുറം നമ്മുടെ ഭാരതത്തില്‍ സ്ഥിതി വ്യത്യസ്തമല്ല. അപ്പോഴും വിദ്യ എന്നത് സ്ത്രീനാമമായി തുടരുകയും വിദ്യയുടെ അമ്മ സരസ്വതീദേവിയായി ആരാധിക്കപ്പെടുകയും ചെയ്യും. ജീവിതത്തില്‍ പെണ്‍കൈകള്‍ വെണ്‍ചാമരങ്ങളുടെ പിറകില്‍ അന്നുമുണ്ടാവും.

Subscribe Tharjani |