തര്‍ജ്ജനി

കെ. വി. സിന്ധു

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

Visit Home Page ...

കവിത

റദ്ദാവുന്ന ബസ്സ്റ്റോപ്പുകള്‍

ഇറങ്ങേണ്ട സ്റ്റോപ്പ് മാറിപ്പോവുകയും
ഓരോ സ്റ്റോപ്പില്‍നിന്നും
തിരികെ കയറുകയും ചെയ്ത്
നിരന്തരമായി ബസ്സിലിരിക്കുകയാണ്
യുവതിയായ യാത്രക്കാരി.

അവള്‍, വേവലാതിയില്‍ വഴിവക്കിലെ
സ്ഥലപ്പേര് വായിച്ചെടുക്കുകയാണ്.
ഫ്ലക്സ് ബോര്‍ഡുകള്‍, സിനിമാപരസ്യങ്ങള്‍,
ഹോട്ടലുകള്‍, തുണിക്കടകള്‍.
ധൃതിപ്പെട്ട് തന്റെ നാട് തിരയുകയാണ്.

ബാഗില്‍ മടക്കിയിട്ട വാരികയില്‍
കഥയും കവിതയും നോക്കി
ആണെന്നും പെണ്ണെന്നും വായിച്ച്
തന്റെ ഭാഷ തേടുകയാണ്.

ഒരിക്കലും ഇറങ്ങേണ്ടതില്ലാത്ത ബസ്സില്‍
ഒരു പുരുഷനെ
ഓര്‍ത്തെടുക്കുകയാണ്.

ഒറ്റത്തെങ്ങിന്റെ കാഴ്ചയിലും
ഓരോ പുരുഷനും
ഉള്ളിലായിരം ശാഖകളുള്ള
വൃക്ഷമായിരുന്നു.

ഇടനേരങ്ങളില്‍ ഇളംകാറ്റിനെ പറഞ്ഞുവിട്ട്
മേലേക്കൊമ്പിലെ പൂക്കളോട്
കുശലം തിരക്കാന്‍ മറക്കാത്തത്ര
കരുതലുള്ള

വരിയിട്ടിറങ്ങുന്ന ഉറുമ്പിന്‍പറ്റങ്ങള്‍
വളവുകളില്‍ ഇക്കിളിയിടുമ്പോള്‍
തടിയനക്കാത്ത,
കനിവുള്ള

മേനിയിലോരോ കൂടൊരുക്കി
പൊള്ളയായ
ആല്‍മരം.

ഇനിയഥവാ,
നാടുനിറഞ്ഞ ഏതെങ്കിലും പ്രളയത്തില്‍
സഹസ്രലിംഗത്തോടെ
മരങ്ങള്‍ പുനര്‍ജ്ജനിച്ചുകാണുമോ !!

പലതായി മടക്കിയ ടിക്കറ്റില്‍
കബളിക്കപ്പെട്ടവളായി
അവള്‍ യാത്ര തുടരുകയാണ്.

പുറകിലേതോ സീറ്റിലിരിക്കുന്ന അച്ഛനെ
ഉറപ്പ് വരുത്താനെന്നവണ്ണം
തിരിഞ്ഞു നോക്കുന്ന കുഞ്ഞിന്റെ
നിഷ്കളങ്കമായ നിസ്സഹായതയോടെ
വേവലാതിയില്‍
യാത്ര തുടരുകയാണ്.

Subscribe Tharjani |