തര്‍ജ്ജനി

മുഖമൊഴി

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍


കടപ്പാട്: http://www.simpletaxindia.net

രാജ്യം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പതിവുപോലെ രണ്ട് മുന്നണികളും അധികാരം കയ്യടക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയുകയാണ്. വസ്തുതയെന്തായാലും പ്രചരണത്തിലൂടെ ജനങ്ങളെ സ്വന്തംപക്ഷത്ത് നിറുത്തി വോട്ടുനേടുകയാണ് ലക്ഷ്യം. അതില്‍ ആദര്‍ശവും മൂല്യവും ഒന്നും ഒരു പ്രശ്നമല്ല. അതിനിടയില്‍ ചില്ലറ ആദര്‍ശപ്രസംഗം നടത്തും. ആരെങ്കിലും അത് മുഖവിലയ്ക്ക് എടുക്കും എന്ന് കരുതിയല്ല ഈ ആദര്‍ശഘോഷണം. ജീവിതം മഹത്താണ്, അതിന് മഹത്തായ ലക്ഷ്യങ്ങള്‍ വേണമെന്നെല്ലാം ചെറിയക്ലാസ്സുകളില്‍ പഠിച്ചവര്‍ക്ക് അവനവന്റെ ജീവിതത്തില്‍ പാലിക്കാനാവാത്ത വലിയ മൂല്യങ്ങളും ആദര്‍ശങ്ങളും ലക്ഷ്യങ്ങളുമെല്ലാം കേള്‍ക്കാനും പറയാനും വലിയ ഇഷ്ടമാണ്. ഈ ഇഷ്ടത്തിന്റെ ആനുകൂല്യം കൈക്കലാക്കാന്‍ ഭരണ-പ്രതിപക്ഷമുന്നണികള്‍ തമ്മില്‍ രാഷ്ട്രീയവ്യത്യാസമില്ലെന്നും അധികാരം കയ്യിലുള്ളവരും കൈക്കലാക്കാന്‍ നോക്കുന്നവരും എന്ന വ്യത്യാസമേയുള്ളൂവെന്നും ആക്ഷേപിച്ച് ആദര്‍ശാത്മകമായ ഒരു മൂന്നാം മുന്നണിയുണ്ടാക്കാന്‍ കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ശ്രമം നടക്കാറുണ്ട്. ഇത്തവണയും അതിന് മുടക്കംവരാനിടയില്ല. പ്രധാനമന്ത്രിക്കസേരയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന രാഷ്ട്രീയഭിക്ഷാംദേഹികളും ഇടതുപക്ഷവും ചേര്‍ന്ന് പടച്ചുകൂട്ടുന്ന ആ മുന്നണി അധികാരത്തില്‍ വരില്ലെന്ന് അറിയാത്തവരില്ല. പക്ഷെ, രണ്ട് മുന്നണികള്‍ക്കും കേവലഭൂരിപക്ഷം അവകാശപ്പെടാനാവാതെ വരികയാണെങ്കില്‍ കൂട്ടുപിടിക്കാവുന്നവരെയെല്ലാം കൂടെക്കൂട്ട് അധികാരത്തിലേറുകയെന്നതാണ് നടപ്പുരീതി. അങ്ങനെ വരുമ്പോള്‍ വിലപേശാനും ചുളുവില്‍ അധികാരത്തില്‍ ഏറാനും സാധിക്കുമല്ലോ എന്ന മോഹചിന്തയാണ് മൂന്നാം ചേരിയില്‍ നില്ക്കുന്നവരുടെ രാഷ്ട്രീയത്തിന്റെ ആദര്‍ശഭൂമിക.

കഴിഞ്ഞകാലത്തെ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് വില്ലന്‍ കഥാപാത്രങ്ങള്‍ രംഗത്തുണ്ട് എന്നതാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ നായകരായ അരവിന്ദ് ഖജരിവാളും പ്രശാന്ത്ഭൂഷണും കൂട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പുരംഗത്തുണ്ട്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുക എന്ന ആശയത്തെ അണ്ണാ ഹസാരെയുടെ സംഘത്തില്‍പ്പെട്ട പലരും എതിര്‍ത്തു. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ശരിയാം വണ്ണം ഉന്നയിക്കുവാനും പരിഹരിക്കുവാനും രാഷ്ട്രീയരംഗത്ത് ഇറങ്ങുകതന്നെയാണ് വേണ്ടതെന്ന് ഖജരിവാളും കൂട്ടരും വാദിച്ചു. തെരഞ്ഞുടുപ്പില്‍ അഴിമതി ഒരു പ്രശ്നമായി ഉന്നയിക്കുവാനും അഴിമതിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്താനും രാഷ്ട്രീയരംഗത്തേക്കുള്ള ഇവരുടെ കടന്നുവരവ് വഴിയൊരുക്കും.

ക്രമവിരുദ്ധമായ ഇടപാടുകളിലൂടെ രാഷ്ട്രത്തിന്റെ സമ്പത്തിലെ പരശതംകോടി രൂപയാണ് രാഷ്ട്രീയക്കാരും അവരുടെ കയ്യാളുകളും കൊള്ളയടിച്ചത്. ഈ പണം വിദേശത്തെ ബാങ്കുകളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്.നികുതിവെട്ടിപ്പ് ഇവരുടെ ശ്വാസവായുവാണ്. സോപ്പും ചീര്‍പ്പും തീപ്പെട്ടിയും വാങ്ങുന്ന സാധാരണക്കാരന്‍ നികുതിനല്കുമ്പോള്‍ അഴിമതിയിലൂടെ ആര്‍ജ്ജിച്ച ധനം നികുതിയില്ലാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുകയാണ്. കല്‍ക്കരിപ്പാടം, ടു ജി സ്പെക്ട്രം തുടങ്ങി പരശതം കോടികളുടെ അഴിമതിയാണ് നാം കഴിഞ്ഞ കുറച്ചുകാലത്തിനിടെ കേട്ടത്. അഴിമതി ഈ നാട്ടില്‍ മാത്രമുള്ള പ്രശ്നമല്ല, ആഗോളപ്രതിഭാസമാണ്. എന്നാല്‍ അഴിമതിക്കാര്‍ ഭരണം കയ്യാളുന്നതും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരയ്ക്കാത്തതാണ്.


കടപ്പാട്: The Hindu

നിഷേധവോട്ട് എന്ന ചക്രായുധമാണ് ഇത്തവണ സമ്മതിദായകന് ലഭിച്ച ഏറ്റവും വലിയ ആയുധം. സ്ഥാനാര്‍ത്ഥികളില്‍ (ഹാ, എത്ര അര്‍ത്ഥസാന്ദ്രമായ പദം!) ഒരാളെ തെരഞ്ഞെടുക്കുകയല്ലാതെ വേറെ ഗതിയില്ലാതിരുന്ന അവസ്ഥയിലായിരുന്നു ഇക്കാലംവരെ സമ്മതിദായകര്‍. മുന്നണികളാണ് സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നത്. ഏതിര്‍മുന്നണിയോടുള്ള എതിര്‍പ്പ് കാരണം സമ്മതിദായകന് ഒരു താല്പര്യവുമില്ലാത്ത അഴിമതിക്കാരനോ, കാര്യപ്രാപ്തിയില്ലാത്തവനോ ആയ ഒരാളെ കൈക്കൊള്ളുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അതിനാല്‍ മുന്നണികളുടെ കുതന്ത്രത്തിലൂടെ നെറികെട്ടവര്‍ അധികാരത്തില്‍ എത്തുന്നു. സമ്മതിദായകന്‍ വിവേചനബുദ്ധി പ്രയോഗിച്ച് പരിപക്വമായ ജനാധിപത്യബോധത്തോടെ സമ്മതിദാനം നിറവേറ്റാന്‍ പുറപ്പെടുമ്പോള്‍ ബാലറ്റിലുള്ള ഒരാളും തനിക്ക് സ്വീകാര്യനല്ലെങ്കില്‍ പറയാന്‍ അവസരം വേണം.അതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അനുവദിച്ച് നല്കിയിരിക്കുന്നത്. പരിപക്വതയാര്‍ജ്ജിച്ച ജനാധിപത്യബോധത്തോടെ സമ്മതിദായകര്‍ വോട്ടുരേഖപ്പെടുത്താന്‍ പോവുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വോട്ട് ഇതിലാരും എനിക്ക് സ്വീകാര്യരല്ല എന്നതിന് കിട്ടുമെന്ന് ഉറപ്പാണ്.

കാലങ്ങളായി പല ചേരികളില്‍ നിറുത്തി വിധേയത്വം പ്രകടിപ്പിക്കുവാന്‍ പഠിപ്പിച്ച ജനസമൂഹം പതുക്കെ മാത്രമേ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുവാന്‍ ധൈര്യം കാണിക്കുകയുള്ളൂ. മുന്നണികള്‍ ഉയര്‍ത്തുന്ന കപടമായ ആദര്‍ശപ്രസംഗങ്ങളില്‍ അഭിരമിക്കുന്ന ശീലത്തിന് പകരം ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള ധീരതയും ചിന്താപരമായ വ്യക്തതയും ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. അത് ഉണ്ടായിവരും എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ചുകാലമായി നാം കണ്ടുവരുന്ന രാഷ്ട്രീയക്കാരുടേതല്ലാത്ത നേതൃത്വത്തില്‍ നടന്നുവന്ന സമരങ്ങള്‍.പ്രതീക്ഷകള്‍ കയ്യൊഴിയുവാനല്ല മികച്ച ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താനാണ് കാലം നമ്മോട് പറയുന്നത്.

Subscribe Tharjani |