തര്‍ജ്ജനി

കൃഷ്ണ ദീപക്

ഇ മെയില്‍ : krishnamaliyeckel@gmail.com

Visit Home Page ...

കവിത

നമ്മളിരുവര്‍ക്കിടയില്‍ ഇല്ലാതെയാകുന്ന നമ്മള്‍

നമ്മളിരുവര്‍ക്കിടയില്‍
വീണും ഞരങ്ങിയും ഇറുങ്ങിപ്പിടയുന്നു
നിറങ്ങളുരിച്ചുവിട്ട നിറഞ്ഞ ശൂന്യത
മരുഭൂമികള്‍ക്കും കാറ്റുമരങ്ങള്‍ക്കും ഇടയില്‍
തൂങ്ങിയാടുന്ന നെടുവീര്‍പ്പുകള്‍..

വറ്റിപ്പോകുന്ന ഇല്ലായിടങ്ങളുടെ കനലുരുക്കം
വിണ്ടുകീറിയ ഇടങ്ങള്‍
വലിഞ്ഞു പിളരുന്ന ഞരമ്പുനൂല്‍ വിരലുകള്‍
വിറങ്ങലിച്ച ചലനങ്ങള്‍...
കാഴ്ചകള്‍...

നമ്മളിരുവര്‍ക്കിടയില്‍ തിങ്ങി ഞെരുങ്ങി
കടല്‍മണമുള്ള ഉപ്പുകാറ്റുകള്‍...
കടലാഴമുള്ള നീറ്റലുകള്‍...

അരിച്ചു കയറുന്ന വേദനയുടെ
തിരപ്പെരുക്കം,
പെരുവെള്ളച്ചാലുകള്‍
നമ്മളിരുവര്‍ക്കിടയില്‍
നിലയ്ക്കാത്ത തിരയടികള്‍
അലതല്ലി കുരുങ്ങുന്ന പിടച്ചിലുകള്‍
പതഞ്ഞുപൊങ്ങി ഒഴുകി നീങ്ങുന്ന
കലങ്ങിയ ഉപ്പുപാടങ്ങള്‍

ഒലിച്ചു പോകുന്ന ഉപ്പുപാടങ്ങള്‍ക്കിടയില്‍
ഒറ്റ തിരിയുന്ന പുളച്ചിലുകള്‍
കീറിമുറിഞ്ഞ് അനക്കമറ്റ്
നമ്മളിരുവര്‍ക്കിടയില്‍ ഇല്ലാതെയാകുന്ന
നമ്മള്‍

Subscribe Tharjani |