തര്‍ജ്ജനി

ഷെറിന്‍ കാതറിന്‍

Visit Home Page ...

കഥ

ജൂതന്‍

ഒന്ന്

പ്രഭാതകുര്‍ബ്ബാന കഴിഞ്ഞ് കോണ്‍വെന്റില്‍ തിരിച്ചെത്തിയ കന്യാസ്ത്രീകള്‍ ബര്‍ത്തലോമ്യയെ കണ്ട് ഭയന്നുപോയി. മഠത്തിലെ പൂന്തോട്ടത്തിന്റെ ഒത്ത നടുക്ക് ആജാനബാഹുവായ ഒരു പുരുഷന്‍. അയാള്‍ക്കരികില്‍ തുറന്ന് വെച്ച ഒരു ശവപ്പെട്ടി. കുപ്പായത്തിന് താങ്ങാനാവാത്ത ശീതം അയാളെ ആലില പോലെ വിറപ്പിച്ചിരുന്നു. നീലനിറത്തിലുള്ള ചുണ്ടുകള്‍ വിറയ്ക്കുകയോ പ്രാചീനമായ എന്തൊക്കെയോ ഉരുവിടുകയും ചെയ്തുകൊണ്ടിരുന്നു. അത്രയ്ക്കും കട്ടിയുള്ള പുരികങ്ങള്‍ വേറൊരു മനുഷ്യനിലും അവര്‍ കണ്ടിരുന്നില്ല. അപ്രതീക്ഷിതമായ വെളിച്ചമോ ശബ്ദമോ കേട്ട് അറച്ചു പോയ ഒരു ചിലന്തിയുടെ ശരീരഭാഷയായിരുന്നു അയാള്‍ക്ക്‌.

അയാളെ നോക്കിയ ഹ്രസ്വമായ നേരംകൊണ്ട് തന്നെ ആദിമമായ ഒരു ഭയം കന്യാസ്ത്രീകളെ ബാധിച്ചു. കാരണം ഉറക്കമിളച്ചതുപോലുള്ള ആ കണ്ണുകളും പനിപിടിച്ചതു പോലുള്ള ആ മുഖവും അവര്‍ക്ക് എവിടെയോ കണ്ടുപരിചയം ഉണ്ടായിരുന്നു. ആണിരോഗം ഉള്ളവനെപ്പോലെ തോട്ടത്തിലൂടെ വേച്ചുവേച്ചു നടന്ന ബര്‍ത്തലോമ്യോ അവരുടെ ഹൃദയത്തിലൂടെ ഒരു വാള്‍ പോലെ തുളച്ച് കയറി. വളപ്പിന്റെ മൂലയ്ക്ക് നിന്ന് കിട്ടിയ തീപ്പെട്ടി ഉരച്ചു അയാള് ഈ ലോകത്തെ മുഴുവന്‍ നോക്കിയതോടെ അവര്‍ക്ക് അതൊരു സംശയമല്ല എന്ന് മനസ്സിലായി. മൂന്നാം ദിവസം ഉയര്‍ത്തെണീറ്റുവന്ന യേശു ആണ് അതെന്നും ഇതേ കാഴ്ചയല്ലേ ജന്മങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ തന്നെ കണ്ടതെന്നും അവര്‍ ആത്മാവ്‌ കൊണ്ട് ഓര്ക്കുകയും ചെയ്തു.

ബര്‍ത്തലോമ്യോയെ ശവപ്പെട്ടിയില്‍ നിന്നും പുറത്തെടുത്ത കുര്യച്ചന്‍ എന്ന പണിക്കാരന്‍ അപ്പോഴും ഒരു ആവിയന്ത്രത്തെപ്പോലെ കിതച്ചുകൊണ്ടിരുന്നു. ഒരു ചൊറിയണച്ചെടി എടുത്ത് കാലില്‍ ഉരച്ചുനോക്കിയതിനു ശേഷമാണ് അയാള്‍ താന്‍ ഉറക്കത്തിലല്ല എന്ന് ഉറപ്പു വരുത്തിയത്. മഠം വക കെട്ടിടത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്റ്റുഡിയോയില്‍ വിറകിനായി തടിക്കഷണങ്ങള്‍ തിരഞ്ഞപ്പോഴാണ് അയാള്‍ക്ക് ആ ശവപ്പെട്ടി കിട്ടിയത്. പക്ഷേ, അത്രയും വെളുപ്പാന്‍കാലത്ത് കുര്യച്ചന്‍ എന്തിനവിടെ പോയി എന്നതില്‍ മാത്രം എല്ലാവര്‍ക്കും അമ്പരപ്പ് ഉണ്ടായിരുന്നു. ശവപ്പെട്ടിയില്‍ മനുഷ്യനെ കണ്ട ആയാള്‍ ഭയം മൂലം വെളുത്തുപോയിരുന്നു.

ബര്‍ത്തലോമ്യോ തോട്ടത്തിന് ഒത്ത നടുക്ക് കുന്തിച്ചിരുന്ന് ഞാങ്ങണ്ണപ്പുല്ലുകളില്‍ അരിച്ചു നടന്നിരുന്ന എറുമ്പുകളോട് എന്തോ ചോദിച്ചു കൊണ്ടിരുന്നു. എറുമ്പുകള്‍ ശവഘോഷയാത്രയില്‍ എന്നപോലെ കണ്ണുകള്‍താഴ്ത്തി അയാളെ അവഗണിച്ച് മുമ്പോട്ടുപോയി. പക്ഷേ, അയാളുടെ കണ്ണുകളില്‍നിന്ന് വീണ ഒരു നീര്‍ത്തുള്ളി അവരെ ചിതറിച്ചു കളഞ്ഞു. പൂമരങ്ങള്‍ക്ക് കീഴേ മണ്ണില്‍ വീണുകിടന്ന മഞ്ഞപ്പൂക്കള്‍ വാരി ബര്‍ത്തലോമ്യോ ചുറ്റുമുള്ളവരോട് ചോദിച്ചു "ഇപ്പോള്‍ വസന്തകാലമാണോ ? "

കൊന്തമാസം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ എങ്കിലും ആ ചോദ്യം അവരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. ചാറ്റല്‍ മഴയില്‍ നനഞ്ഞ പുല്‍ത്തകിടിയും ഋതു തെറ്റി പൂത്ത ഡയ്സി മരവും ചാരനിറത്തിലുള്ള രണ്ടു ഉണക്കമരങ്ങളും അവരേയും അല്പനേരം കുഴക്കിക്കളഞ്ഞു. വിഭ്രാന്തിപൂണ്ട കന്യാസ്ത്രീകള്‍ മരക്കോണിപ്പടികള്‍ ഓടിക്കയറി മദര്‍ സുപ്പീരിയരുടെ അടുത്തുചെന്നു. കടുത്ത ചെന്നിവേദന കാരണം മദര്‍ അന്ന് കുര്‍ബ്ബാനയ്ക്ക് പോയിരുന്നില്ല. അവര്‍ പറഞ്ഞ കഥയേക്കാളും വിവരണങ്ങളേക്കാളും മോഹഭരിതങ്ങളായ അവരുടെ മുഖങ്ങളാണ് മദറില്‍ ആശ്ചര്യം ഉളവാക്കിയത്. എത്ര ഉപവസിച്ചിട്ടും മെലിയാത്ത തന്റെ സ്ഥൂലശരീരവും ചെന്നിവേദനയും അവഗണിച്ച് മഠത്തിന്റെ മട്ടുപ്പാവിലേയ്ക്ക് നടന്നുനീങ്ങി. ദിശാഭ്രമം പെട്ട് തോട്ടത്തിലൂടെ വേച്ചുവേച്ചു നടന്ന ബര്‍ത്തലോമ്യയെ ദൂരെ നിന്ന് കണ്ടപ്പോള്‍ത്തന്നെ അവരുടെ ഹൃദയം ഊക്കോടെ മിടിച്ചു. ബര്‍ത്തലോമ്യയാവട്ടെ അവര്‍ മട്ടുപ്പാവില്‍ വന്നുനിന്നതും തന്റെ നടത്തം നിര്‍ത്തി നിര്‍ന്നിമേഷനായി അവരെത്തന്നെ നോക്കി നിന്നു. തന്റെ ഭാരം കുറയുന്നതായി മദര്‍ അറിഞ്ഞു. ശിരോവസ്ത്രം പറന്നു പോകുമെന്ന് ഭയന്ന് അവര്‍ ഇരുകൈകളും കൊണ്ട് തലയില്‍ ശക്തിയായി പിടിച്ചു.

ഒരു കട്ടന്‍ചായയില്‍ വീണ്ടെടുത്ത വീര്യത്തില്‍ കുര്യച്ചന്‍ പകയോടെ അലറി
"പള്ളിമേടെലെക്ക് ആളെ വിട്ടോണ്ടൊന്നും കാര്യയില്ല. ഇവനെ സി. ഐ അഗസ്റ്റ്യന്‍ സാറിനു കൊടുക്കയാണ് വേണ്ടത്"

സി. ഐ അഗസ്റ്റ്യന്‍ മട്ടാഞ്ചേരിയിലെ ലൂസിഫര്‍ ആണെന്ന് മഠത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. "ഇവന്റെ നെഞ്ചിന്‍കൂടിന് അഗസ്റ്റിന്‍സാറിന്റെ പത്തിടി കിട്ടിയാല്‍ തത്ത പറയും പോലെ പറയും ഇവന്‍. മന്ദബുദ്ധി കളിക്കുന്നു." അയാള്‍ വീണ്ടും കിതച്ചു.

കുര്യച്ചനെ മദര്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. കോണ്‍വെന്റിലെ അന്തരീക്ഷത്തിന് ചേരാത്ത അയാളുടെ ഭാഷയും ശരീരഭാഷയും മദറിനെ നന്നേ ചൊടിപ്പിച്ചു. സി.ഐ അഗസ്റ്റിനെക്കുറിച്ച് വീണ്ടും എന്തോ പറയാന്‍ വന്നപ്പോള്‍, മേശപ്പുറത്ത് പേപ്പര്‍വെയിറ്റ് എടുത്ത് അയാളുടെ മുഖത്തെറിയാന്‍ തോന്നിയ അരിശം, മദര്‍ ഈ ചോദ്യങ്ങളിലൂടെയാണ് തീര്‍ത്തത്. "വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന സ്റ്റുഡിയോയുടെ താക്കോല്‍ കുര്യച്ചന് എവിടെ നിന്ന് കിട്ടി? മഠത്തിന് പിന്നിലെ വലിയ കയ്യാല നിറയെ വിറകിരിക്കുമ്പോള്‍ കുര്യച്ചന്‍ എന്തിനു വിറകന്വേഷിച്ചു, അതും അത്രയും വെളുപ്പാന്‍കാലത്ത് അവിടെ പോയി? കുര്യച്ചനോടൊപ്പം വേറെ ആരൊക്കെ ഉണ്ടായിരുന്നു? കുര്യച്ചന്‍ ഇതൊക്കെ തുടങ്ങിട്ട്....? "
"ഇനി സി.ഐ അഗസ്റ്റിനെ വിളിക്കണോ എന്ന അവസാനത്തെ ചോദ്യം കേട്ട് കുര്യച്ചന് താന്‍ കുഴഞ്ഞുവീണു മരിച്ചുപോകും എന്ന് തോന്നി.

അടുക്കളവശത്ത് ബര്‍ത്തലോമ്യക്ക് ഭക്ഷണം വിളമ്പി. നീട്ടിയ നഖങ്ങള്‍ ഉള്ള വിരലുകള്‍ കൊണ്ട് അയാള് ആര്‍ത്തിയോടെ അത് വാരിത്തിന്നു. അയാളുടെ ചെമ്പിച്ച മുടിയില്‍ അപ്പോഴും തോട്ടത്തിലെ മണ്ണും പൂക്കളും ഉണ്ടായിരുന്നു. കന്യാസ്ത്രീകള്‍ക്ക് പരിചയമില്ലാത്ത ഒരു ഗന്ധം അന്തരീക്ഷത്തിലേയ്ക്ക് വമിച്ചുകൊണ്ടിരുന്നു. അസഹിഷ്ണുവായ ഒരുവള്‍ പറഞ്ഞു "ഇത് എന്തിനെ മനമാണെന്നറിയ്യോ ? " മറ്റു കന്യാസ്ത്രീകള്‍ ഇല്ലെന്നു ആംഗ്യം കാട്ടി . "പുകയിലച്ചൂര്". അത് കളവാണെന്ന് മറ്റൊരു കന്യാസ്ത്രീ പറഞ്ഞപ്പോള്‍ അസഹിഷ്ണുവായ കന്യാസ്ത്രീ ക്രോധത്തോടെ പറഞ്ഞു " ങാ...അറിയുമ്പോ അറിയും... പിശാചിന്റെ മണമാ അതിന്..." ബര്‍ത്തലോമ്യോയെ കരുണയോടെയോ വാത്സല്യത്തോടെയോ മറ്റെന്തോ വികാരത്തോടെയോ നോക്കിക്കൊണ്ട്‌ നിന്നിരുന്ന കന്യാസ്ത്രീകള്‍ക്ക് ഈ വെളിപ്പെടുത്തല്‍ കേട്ട് സങ്കടവും ദേഷ്യവും തോന്നി. മദറിന്റെ ശബ്ദമാണ് ആ തര്‍ക്കത്തിന് അന്ത്യം കുറിച്ചത്. "എനിക്ക് അയാളോട് സംസാരിക്കണം. എന്നിട്ട് വേണം പള്ളിമേടയിലും സ്റ്റേഷനിലും ആളെ വിടാന്‍. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം" അസഹിഷ്ണുവായ കന്യാസ്ത്രീ എന്തൊക്കെയോ ശാപവാക്കുകള്‍ ഉരുവിട്ട്കൊണ്ട് കോണ്‍വെന്റിലെ ഇരുട്ടിലേയ്ക്കു പിന്‍വാങ്ങി.

പൂന്തോട്ടത്തില്‍ തുറന്നുകിടന്നിരുന്ന ശവപ്പെട്ടിയില്‍ കാറ്റ് കുറേയധികം ഡയ്സിപ്പൂക്കളെ കൊണ്ടുവന്നിട്ടു. പെട്ടിയുടെ മൂടിയില്‍ ആരോ മനോഹരമായ ചിത്രപ്പണികള്‍ ചെയ്തിരുന്നു. സൂര്യകാന്തിപ്പൂവിന്റെ ഇതളുകള്‍പോലെ വെയില്‍ കൊഴിഞ്ഞുകൊഴിഞ്ഞ് പെട്ടിയില്‍ നിറഞ്ഞു. എന്നിട്ടും, അസാധാരണവും മധുരവും ആയ ഒരു തണുപ്പ് പെട്ടിയില്‍ കവിഞ്ഞുനിന്നിരുന്നു. ആരും ഇല്ലാതിരുന്നിട്ടും അതിന്റെ ശൂന്യതയില്‍ ആരോ ആലസ്യമാണ്ട് ഉറങ്ങുന്നുണ്ടെന്ന് കണ്ടുനിന്നിരുന്നവര്‍ക്ക് തോന്നി.

മദര്‍ സുപ്പീരിയരുടെ മുറിയിലേയ്ക്ക് ബര്‍ത്തലോമ്യോ ആനയിക്കപ്പെട്ടു. അയാളുടെ കഴുത്തിലെ ഞരമ്പുകള്‍ നീലച്ചിരിക്കുന്നത്‌ മദര്‍ ശ്രദ്ധിച്ചു. അയാളുടെ കാല്പാദങ്ങളില്‍ കട്ടപിടിച്ച ചോരയുണ്ടായിരുന്നു. ആഴ്ചകളായി ക്ഷൗരംചെയ്യാത്ത മുഖം, മെഴുക്കുപുരണ്ട ഒറ്റക്കുപ്പായം, വിഭ്രാന്തമായ കണ്ണുകള്‍, എല്ലാം മദറില്‍ ജന്മാന്തരമായ ഏതോ സ്മരണകളാണ് ഉണര്‍ത്തിയത്. അയാളുടെ ശ്വാസകോശത്തില്‍നിന്ന്, കുപ്പായത്തിന്റെ കുടുക്കുകളില്‍ നിന്ന് നെർറ്റഹ് ഒരു സംഗീതം പുറത്തു വന്നിരുന്നു.

"സിസ്റ്റര്‍ , എനിക്കുറങ്ങണം", ബര്‍ത്തലോമ്യോ പറഞ്ഞു.
"പക്ഷെ, നിങ്ങളോട് സംസാരിക്കാനാണ് ഞാന്‍ വിളിപ്പിച്ചത്", മദര്‍ ഭവ്യതയോടെ പറഞ്ഞു.
"ഞാന്‍ സംസാരിക്കാം. പക്ഷെ അതിന്, എനിക്കാദ്യം ഉറങ്ങണം. ഉറങ്ങിയ ശേഷം നിങ്ങള്‍ എന്റെ നെറ്റിയില്‍ കൈകള വെയ്ക്കണം. അപ്പോള്‍ ഞാന്‍ സംസാരിക്കും", അയാള്‍ പറഞ്ഞു.

അയാള്‍ കിടന്നതിന്റെ തലയ്ക്കല്‍ മദര്‍ ഒരു ക്രൂശിതരൂപം വെച്ചു. അതിനരികില്‍ ഒരു വലിയ മെഴുകുതിരിയും കത്തിച്ചുവെച്ചു. അയാളുടെ ഹൃദയം ഒരു വന്യമൃഗത്തേപ്പോലെ മുരണ്ടുകൊണ്ടിരുന്നു. കോണ്‍വെന്റിനു മുകളില്‍ ഒരു കറുത്ത മേഘം പാഴ്ചെടിപോലെ അലക്ഷ്യമായി നിന്നു. മെതിക്കളത്തില്‍നിന്ന വൃദ്ധകള്‍ അതുകണ്ട് മഴവരുമോ എന്ന് ഭയന്നു. മേച്ചില്‍സ്ഥലത്ത് താറാവുകളെ പോറ്റിയിരുന്നവര്‍ പരിഭ്രാന്തരായി. പഴത്തോട്ടങ്ങളില്‍നിന്ന പണിക്കാര്‍ ശാപവാക്കുകള്‍ ഉരുവിട്ടു.

മദര്‍ അയാളുടെ നെറ്റിയില്‍ തൊട്ടു. അയാളുടെ ചുണ്ടുകള്‍ എന്തിനോവേണ്ടി വിടര്‍ന്നു. അദൃശ്യമായ ഒരു കൈ, അല്ല ചിലപ്പോള്‍ ഒരു തൂവാല ആരോ അയാളുടെ മുഖത്ത് തഴുകുന്നുണ്ട് എന്നും മദറിനു തോന്നി. നിദ്രയിലേയ്ക്ക് വഴുതിവീഴുംമുമ്പ് ബര്‍ത്തലോമ്യോ കരഞ്ഞു. ഒരു കുഞ്ഞിനേപ്പോലെ തൊണ്ണ്‍ കാട്ടി കരഞ്ഞു. ആ കരച്ചില്‍ കേട്ടാല്‍ ഭൂമിയിലെ എല്ലാ മരങ്ങളുടെയും ഇലകള്‍ വേദന കാരണം കൊഴിഞ്ഞു പോകുമെന്ന് മദറിനു തോന്നി. അത്രയേറെ കയ്പുള്ള ശബ്ദം ആ സ്ത്രീ അതിനു മുമ്പ് കേട്ടിരുന്നില്ല. 'മകനേ' എന്ന് വിളിക്കുവാന്‍ അവരുടെ ഹൃദയം പിടഞ്ഞു. ബര്‍ത്തലോമ്യോ ഒരു കുഞ്ഞിനെപ്പോലെ പിന്നെയും പിന്നെയും വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. കോണ്‍വെന്റിലെ മുഴുവന്‍ കന്യാസ്ത്രീകളും ടെറസ്സില്‍ കൂടുകൂട്ടിയിരുന്ന അസംഖ്യം പ്രാവുകളും ആ വേദന സഹിക്കവയ്യാതെ വിറച്ചുപോയി. ബര്‍ത്തലോമ്യയെ ആദ്യം കണ്ട കന്യാസ്ത്രീ "എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ നീ എന്നെ ഇവ്വിധം പരീക്ഷിക്കുന്നത് എന്തിന്" എന്ന് ചോദിച്ച് ചുമരില്‍ മുഖം അമര്‍ത്തിത്തേങ്ങി.

രണ്ട്

"നീ ഇന്ന് തണ്ണിമത്തന്റെ ചാറു കൊണ്ടാണോ കുളിച്ചത്? "ദലൈല ബര്‍ത്തലോമ്യോയോട് ചോദിച്ചു.

അവന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അവന്‍ ആ ഗന്ധം ആര്‍ത്തിയോടെ നുകര്‍ന്നു. അവന്റെ കുപ്പായത്തിനുള്ളിലേയ്ക്ക് കൈകള്‍ ഊര്‍ത്തി അവന്‍ നെഞ്ചിലെ രോമങ്ങള്‍ കൂട്ടിപ്പിടിച്ചു.

"പറയ്‌, എന്റെ ഏതു ഭാഗമാണ് നിന്റെ അമ്മയേപ്പോലെ ഉള്ളത് ? "

ബര്‍ത്തലോമ്യോ ഒരു കുഞ്ഞിനേപ്പോലെ അവളുടെ ആകാശം പോലത്തെ കണ്ണുകളിലേയ്ക്ക് നോക്കി.

"കണ്ണുകള്‍", അവന്‍ പറഞ്ഞു .

അവന്‍ പൊട്ടിച്ചിരിച്ചു. "ഈ കണ്ണുകളോ അതോ മുലക്കണ്ണുകളോ ? ", അവന്‍ ചോദിച്ചു.

അവന്റെ ചുണ്ട് വരണ്ടു. ബര്‍ത്തലോമ്യയ്ക്ക് ഒരു ശിശുവിനേപ്പോലെ വിശന്നു. അതവന്‍ കണ്ടു. സ്റ്റുഡിയോയുടെ കതകുകള്‍ക്കിടയിലൂടെ ഒരു ശൈത്യകാലക്കാറ്റ് വന്ന് അവരെ ചുറ്റിനിന്നു. അവള്‍ ഒരു തകരവിളക്ക് എടുത്തുകൊണ്ടു വന്നു അവന്റെ മുഖത്തെ വിശപ്പ് ഒന്നുകൂടെ ഉറപ്പുവരുത്തി. അനന്തരം തൻറെ ബ്ലൗസിന്റെ ഹുക്കുകൾ അകത്തി, മുടിപ്പിന്നുകൾ മാറ്റി അവന് മുല കൊടുത്തു. അവളുടെ വെളുത്ത കാലുകൾ തണുത്തു വിറയ്ക്കുമ്പോഴും നെഞ്ച് ചൂള പോലെ പഴുത്തു. ചുണ്ടുകൾ എത്ര പൊള്ളിയിട്ടും ജനിച്ചപ്പോഴത്തെ പോലത്തെ വിശപ്പ്‌ കാരണം ബർത്തലോമ്യോ തന്റെ അമ്മയെ കുടിച്ചു കൊണ്ടേയിരുന്നു

മൂന്ന്

ജൂതശ്മശാനത്തിന് മുൻപിലെ പൂട്ടിയിട്ട ഇരുമ്പുഗേറ്റിനു മുൻപിൽ ചാരിയുറങ്ങുന്ന ബർത്തലോമ്യോയെ ദലൈല ആദ്യമായികാണുന്നത് ആ വർഷം ആദ്യമായി മഞ്ഞു വീണ ദിവസത്തിലായിരുന്നു. മാജിക് അവറിൽ ശ്മശാനത്തിന്റെ ഫോട്ടോ എടുക്കാൻ വന്നതായിരുന്നു അവൾ. ബർത്തലോമ്യോയുടെ ആകാരം കണ്ടപ്പോൾ താൻ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഒരു ലാറ്റിൻ അമേരിക്കാൻ ഗോൾ കീപ്പറെയാണ് ദലൈലയ്ക്ക് ഓർമ വന്നത്. അയാളുടെ മുഖത്തിന്‌ ഭൂമിയിൽ നിന്ന് പണ്ടെങ്ങോ അറ്റ് പോയ ഒരു ഗോത്രത്തിന്റെ ച്ഛായ ഉണ്ടായിരുന്നു. ദലൈല അയാളെ തട്ടിയുണർത്തി.

"നിങ്ങളാണോ ഈ ശ്മശാനത്തിന്റെ കാവൽക്കാരൻ ? " , അവൾ ചോദിച്ചു.

ബർത്തലോമ്യോ ഞെട്ടിയുണർന്ന് ദലൈലയുടെ മുഖത്തേയ്ക്ക് നോക്കി. പ്രേതത്തെ കണ്ടതു പോലെ അയാളുടെ മുഖം വിളറി. അയാള് ചാടിയെണീറ്റു പുറകോട്ടു നടക്കാൻ തുടങ്ങിയപ്പോൾ ദലൈല അപമാനിതയായതു പോലെ അലറി.

"എന്തൊരു നാശമാണിത് ? ഞാൻ നിങ്ങളെ കണ്ടാണോ പേടിക്കേണ്ടത് അതോ നിങ്ങൾ എന്നെ കണ്ടിട്ടോ ? "

അവളുടെ സംസാരത്തിലെ പരിഹാസം അയാളെ ബോധത്തിലേയ്ക്ക് ഉണർത്തി. ദലൈലയുടെ മുഖം അയാളെ ഭയചകിതനാക്കിയിരുന്നു. മഞ്ഞു വീണ ഒരു നടപ്പാത അയാള്ക്ക് പെട്ടെന്ന് ഓർമ വന്നു. മുഖം കാട്ടാതെ ശിരോവസ്ത്രം ധരിച്ച് പിന്തിരിഞ്ഞു നടന്ന് അകന്നകന്നു പോകുന്ന ഒരു സ്ത്രീയുടെ പഴയ ദൃശ്യം അയാളെ ദു:ഖിപ്പിച്ചു. പെട്ടെന്ന് കാൽവെള്ളയിൽ നിന്ന് ക്രൂരമായ ഒരു വേദന ശിരസ്സിലേയ്ക്ക് പാഞ്ഞുകയറി. ഇടത്തേ കാലിലെ പഴുത്ത മൂന്ന് ആണികളിൽ ഒന്നില ഒരു കല്ല്‌ കുത്തിയപ്പോഴായിരുന്നു അത്. പക്ഷേ , ദലൈലയുടെ വാക്കുകളിലെ മൂർച്ച അയാളുടെ ശ്രദ്ധ തെറ്റിച്ചു.

ദലൈലയ്ക്ക് തന്റെ ക്ലയന്റ്സിൽ ഒരാൾക്ക് വേണ്ടി മാജിക് അവറിൽ ശ്മശാനത്തിന്റെ ഒരു ഫോട്ടോ മാത്രം എടുത്താൽ മതിയായിരുന്നു.

എന്നാൽ ബർത്തലോമ്യോയ്ക്ക് കുറച്ചു കൂടെ ഗൗരവമുള്ള ഒരു ആവശ്യം ഉണ്ടായിരുന്നു. അതവളോട്‌ പറഞ്ഞാൽ നടക്കും എന്നൊരു വിശ്വാസം പൊടുന്നനെ അയാളിൽ ഉണ്ടായി. അയാളുടെ ആവശ്യം കേട്ടതിനു ശേഷം ദലൈല പറഞ്ഞു .

"അപ്പോൾ നിങ്ങൾക്ക് ഈ ശ്മശാനത്തിൽ കുഴിച്ചിട്ടിരിക്കുന്ന നിങ്ങളുടെ അമ്മയുടെ അസ്ഥികൾ വേണം അല്ലെ ? അത്ര എളുപ്പം അല്ല. പക്ഷേ നടക്കും. ആദ്യം നിങ്ങൾ എന്നെ ഈ ഫോട്ടോ എടുക്കാൻ സഹായിക്ക്. എന്നിട്ട് നമുക്ക് ഈ കാര്യം ചർച്ച ചെയ്യാം."

കുനിഞ്ഞു നിന്ന ബർത്തലോമ്യോയുടെ മുതുകിൽ ചവുട്ടി നിന്ന് ഗേറ്റിനു മുകളിലേയ്ക്ക് തന്റെ ഡി എസ് എൽ ആർ ക്യാമറ ഉയരത്തി അവൾ ആവശ്യത്തിലധികം ചിത്രങ്ങൾ എടുത്തു.

തൻറെ സ്റ്റുഡിയോയിലേക്ക് തിരിച്ചു നടക്കുമ്പോൾ ദലൈല അയാളോട് ചോദിച്ചു

"നിങ്ങൾ ശരിക്കും ജൂതനാണോ ? "
"അതേ"
"ഒരു കലർപ്പും ഇല്ലാത്ത ജൂതൻ ? "
"അതേ "
"എന്താണ് നിങ്ങളുടെ ജോലി ? "
"ഞാൻ ഒരു ചിത്രകാരനാണ്"

ദലൈല അത് കേട്ട മാത്രയിൽ തിരിഞ്ഞു നിന്നു "ശരിക്കും? "

ബർത്തലോമ്യോ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി. അവൾക്ക് ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല. ഒരു അപരിചിതന്റെ മുൻപിൽ അത്രയും ആവേശം പ്രകടിപ്പിക്കാതിരിക്കാൻ അവൾ പെട്ടെന്ന് വിഷയം മാറ്റി.

"എന്തേ നിങ്ങളുടെ കണ്ണുകൾക്ക്‌ കീഴെ ഒരു വിഷാദത്തിന്റെ കറുപ്പുനിറം ? "

ബർത്തലോമ്യോ ഒരു കൈക്കുഞ്ഞിനെപ്പോലെ മധുരമായി ചിരിച്ചു.

"അത് നിങ്ങൾ എന്നെ നേരെ നിന്ന് നോക്കുന്നത് കൊണ്ടാണ്. പാർശ്വത്തിൽ നിന്നാൽ അത് കാണില്ല. കാരണം ആ കറുപ്പുനിറം എന്റേതല്ല, നിങ്ങളുടെ മനോഹരമായ കണ്‍പീലിയുടെ നിഴലാണ്. "

"ഏയി..." നാണം കാരണം ദലൈലയുടെ നാവൽപ്പം കുഴഞ്ഞു.
"എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ നിങ്ങളെപ്പോലെ ഒരാളെ അന്വേഷിച്ചു വരികയായിരുന്നു.'

ബർത്തലോമ്യോയ്ക്ക് ഒന്നും മനസ്സിലായില്ല.
ദലൈല ജൂതത്തെരുവിലെ തന്റെ ആർട്ട് കഫേയിലേയ്ക്ക് ബർത്തലോമ്യോയെ കൂട്ടിക്കൊണ്ട് പോയി. പെയിന്റിംഗുകൾ കാണിച്ചു. അവയ്ക്ക് കുറുകേ ഇട്ടിരിക്കുന്ന പ്രൈസ് ടാഗുകൾ കാണിച്ചു. ബർത്തലോമ്യയ്ക്ക് അയവിൽ ഒന്നും ഒരു താല്പര്യവും തോന്നിയില്ല. പകരം അവസരം കിട്ടിയപ്പോഴെല്ലാം അയാൾ അവളുടെ

മുഖവും മുഖത്തെ അസാധാരണമായ കണ്ണുകളുമാണ് ശ്രദ്ധിച്ചത്. അവ അയാളിൽ ഉണ്ടാക്കിയ ഭയം, ആശ്ചര്യം മറച്ചു വെയ്ക്കാൻ സാധിച്ചില്ല.

"നിങ്ങൾ ഇതിനു മുൻപ് സ്ത്രീകളെ കണ്ടിട്ടില്ലേ ? "
"ഉവ്വ് "
"എന്നെക്കാൾ സുന്ദരിയായ മറ്റൊരു സ്ത്രീയെയും കണ്ടിട്ടില്ലേ ?"
"ഇല്ല"
"കള്ളം"
"അല്ല, സത്യം"

അത് ദലൈലക്ക് ഇഷ്ടപ്പെട്ടു. അത് വിശ്വസിക്കാൻ അവൾക്കു സ്വന്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. അവളെ നോക്കിയവരും മോഹിച്ചവരും ആരും തന്നെ അങ്ങിനെ പറയാതിരുന്നിട്ടില്ല. തന്റെ അടുത്ത് വന്നവരാരും തന്നെ വിട്ടു പോയിട്ടില്ല എന്നും ദലൈല ഓർത്തു.

"നിങ്ങൾ ആഗ്രഹിച്ചത്‌ നടക്കും. ഞാൻ പിള്ളേരെ വെച്ച് ആ ശവക്കുഴി മാന്തി അമ്മയുടെ എല്ലുകൾ എടുത്തു തരാം. പകരം എനിക്കെന്തു ചെയ്തു തരും ? "

"അറിയില്ല "
"നിങ്ങൾ എനിക്ക് ഒരു ചിത്രം വരച്ചു തരും. ഈ ജൂതത്തെരുവിൽ ഏറ്റവും മാർക്കറ്റുള്ളത് രണ്ടു കാര്യങ്ങൾക്കാണ്.
ഒന്ന് ജൂതൻ
രണ്ട് പെയിന്റിംഗ്"

ബർത്തലോമ്യോ ജൂതത്തെരുവിലേയ്ക്ക് നോക്കി. ഓർമ്മയുടെ ശവഗന്ധം അയാളുടെ മൂക്കിലേയ്ക്ക് അടിച്ചുകയറി.
സഹതാപം കിട്ടാത്ത വിലാപഗാനം പോലെ തന്റെ പൂർവ്വികരുടെ ഭൂമി. ഒരേ ഒരു ജൂതക്കെട്ടിടത്തിൽ നിന്നും മാത്രം പുകച്ചുരുളുകൾ ആകാശത്തിലേയ്ക്ക് ഉയരുന്നത് കണ്ടു. ബാക്കിയെല്ലാം അദൃശ്യമായ ഒരു മൂകതയിൽ വിറങ്ങലിച്ചു നിന്നു. അയാൾ ഒറ്റയ്ക്ക് നടന്നു. നിഴലുകൾ പരസ്പരം ശകാരിക്കുന്നത് അയാൾ കേട്ടു . കാട്ടുപ്രാവുകളുടെ കാഷ്ടം അയാളുടെ കാലിൽ പറ്റി .

മഞ്ഞുപാതയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നു പോയ ഒരു സ്ത്രീ.
അവരുടെ ആകാശം പോലത്തെ കണ്ണുകൾ.
ഓഹ്
ബർത്തലോമ്യോയുടെ കാൽവെള്ളയിലെ പഴുത്ത ആണിയിൽ നിന്ന് ചോര ഊറി വന്നു.
എവിടെ നിന്നോ വന്ന ഈച്ചകൾ അയാളുടെ കാൽ പൊതിഞ്ഞു.
ഒറ്റനിൽപ്പിൽ അയാള് വീണ്ടും ഭയവിഹ്വലമായ ഒരു സ്വപ്നം കണ്ടു.
പിന്തിരിഞ്ഞു നോക്കാതെ നടന്നു പോയ സ്ത്രീക്ക് പിന്നാലെ വാവിട്ടു കരഞ്ഞു കൊണ്ട് ഓടുന്ന ഒരു ബാലൻ.
അവൻ ഓടിയോടി ഏതാണ്ട് ആ സ്ത്രീയെ തൊട്ടെന്ന സ്ഥിതി ആയി.
പെട്ടെന്ന് അവൻ വീണു.
അവന്റെ കുഞ്ഞുപാദങ്ങളിൽ ഒരു ആണി പഴുത്തു ചീഞ്ഞു.
അവന്റെ ശരീരം മണ്ണിൽ പുതഞ്ഞു പോയി.
മഞ്ഞുപുകയിൽ സ്ത്രീയോ മാഞ്ഞുപോയി.
ഓഹ്
"ഈമാ"
അവൻ തൊണ്ണ് കാട്ടി കരഞ്ഞു.

അയാള് സ്റ്റുഡിയോയിലേക്ക് തിരിച്ചു നടന്നു.

"എന്റെ ആർട്ട് കഫേ വലിയ നഷ്ടത്തിലാണ്. എനിക്ക് കര കയറണം അല്ലെങ്കിൽ ഞാൻ എന്റെ വീട്ടുകാർക്കിടയിൽ പരിഹാസപാത്രമാവും. ഇനിയും തല കുനിക്കാൻ എനിക്ക് വയ്യ. ആർട്ടിൽ പി എച് ഡി എടുത്തു നാടും വീടും ഉപേക്ഷിച്ചു ഇങ്ങോട്ട് പോരുമ്പോൾ ഞാൻ ഒരുപാട് വെല്ലുവിളികൾ നടത്തിയിരുന്നു. അതിൽ ഒന്ന് പോലും എനിക്ക് പാലിക്കാൻ സാധിച്ചില്ല.

"ഞാൻ വരക്കാം", ബർത്തലോമ്യോ പറഞ്ഞു. "പക്ഷേ, എനിക്ക് വരയ്ക്കേണ്ടത് നിങ്ങളെയാണ്."

"കഷ്ടം,", ദലൈല ഇടയ്ക്ക് കയറി പറഞ്ഞു, "എനിക്ക് വേണ്ടത് ഒരു പോർട്രയിറ്റ് അല്ല. "

"അത് ഒരു പോർട്രയിറ്റ് ആയിരിക്കില്ല. പക്ഷേ, അതിൽ നിങ്ങൾ ഉണ്ടായിരിക്കും. " , ബർത്തലോമ്യോ പറഞ്ഞു.

ദലൈല സമ്മതിച്ചു. അവൾ കഫേ ഉള്ളിൽ നിന്നും താഴിട്ടു പൂട്ടി. ബർത്തലോമ്യോയ്ക്ക് വേണ്ടി വരയ്ക്കാൻ നിന്നു കൊടുത്തു. ആ മുറിക്കകത്തെ വെളിച്ചം പോലും ബർത്തലോമ്യോ സംവിധാനം ചെയ്തു. കാലുകുഴയും വരേയ്ക്കും അയാള് വരച്ചുകൊണ്ടേയിരുന്നു. അവൾ എത്ര വാശി പിടിച്ചിട്ടും ചിത്രത്തിന്റെ ഒരു ഭാഗവും അയാൾ അവളെ കാണിക്കാൻ തയാറായില്ല.

"നോക്ക്, എന്റെ എത്ര ദിവസത്തെ കച്ചവടമാണ് മുടങ്ങുന്നതെന്ന് നിങ്ങൾക്കറിയില്ല. എന്നെ നിരാശപ്പെടുത്തരുത്. എനിക്കിനിയും നിരാശപ്പെടാൻ വയ്യ. ഇതോടെ എനിക്ക് രക്ഷപ്പെടണം. ആരെങ്കിലും ആകാതെ എനിക്കിനി തിരിച്ചു ചെല്ലാൻ വയ്യ."

അയാൾ അതൊന്നും കേട്ടില്ല. ഭക്ഷണം കഴിക്കാൻ കൂടി മിനക്കെട്ടില്ല. പെയിന്റിംഗ് കാണാനുള്ള ദുരാഗ്രഹം കൊണ്ട് അവൾ ഒരു ദിവസം അവൾ ബർത്തലോമ്യോയെ നിർബന്ധിച്ച് വീഞ്ഞു കുടിപ്പിച്ചു. അന്ന് അയാൾ മനോഹരമായ ഒരു കാവ്യം പാടി. ഭൂമിയിൽ അത്രത്തോളം ഹൃദയഭേദകമായ ഒന്നും അവൾ കേട്ടിട്ടുണ്ടായിരുന്നില്ല.

"നിനക്കെന്താണ് വേണ്ടത് ? നിന്റെ സുന്ദരിയായ അമ്മയുടെ എല്ലും മുടിയും അല്ലാതെ ? നിനക്കെന്തു വേണമെങ്കിലും ഞാൻ തരും. ", ദലൈല പറഞ്ഞു.

അവൻറെ ചെമ്പിച്ച താടിയിൽ പിടിച്ച് അവള അടക്കിപ്പിടിച്ച ശബ്ദത്തിൽ അവന്റെ ചുണ്ടുകള തൊടാതെ മൂന്ന് ഉമ്മകൾ നല്കി.
അവന്റെ കണ്ണുകളിൽ നിന്ന് തിളച്ച ജലം ഒഴുകി. അവൾ അത് നാവ് കൊണ്ട് നുണഞ്ഞു. അനന്തരം, അവന്റെ ചുണ്ടുകളിൽ മഞ്ഞുകാലം അടർത്തിയ തൊലി ചവച്ചു തിന്നു.

"നീ ഒരു മനുഷ്യനല്ല"

"പിന്നെ, ആരാണ് ? "

"നീ ഒരു കാഞ്ഞിരമരം ആണ്"

ബർത്തലോമ്യോ കരഞ്ഞു. തൊണ്ണ്‍ കാട്ടി കരഞ്ഞു. ഒരു കുഞ്ഞിനേപ്പോലെ വാവിട്ടു "ഈമാ"

അവന്റെ കരച്ചിൽ മാറ്റാൻ ദലൈല പറഞ്ഞു

"വാ, എന്റെ ചൂചുകങ്ങളെ തിണർപ്പിക്ക്. അല്ലെങ്കിൽ ചിത്രത്തിൽ അത് ഉണക്കമുന്തിരി പോലെ വൃത്തികേടായിരിക്കും. "

അവന്റെ വിരലുകൾ അവളെ ഒരു മുന്തിരിചെടിയാക്കി.
ദലൈല പറഞ്ഞു

"എന്തേ നിൻറെ വിരൽത്തുമ്പുകളിൽ മാത്രം തഴമ്പ്? "
"ഞാൻ പണ്ട് കിന്നാരം വായിക്കുമായിരുന്നു", അവൻ പറഞ്ഞു.
"നോക്കട്ടെ, നിനക്ക് കിന്നാരം വായിക്കാൻ അറിയാമോ എന്ന്" , അവൾ അവിശ്വാസത്തോടെ പറഞ്ഞു.

ഒരു പാറ്റ സ്റ്റുഡിയോയുടെ ജനാലച്ചില്ലയിൽ വന്ന് തലയിടിച്ച് വീണു. അതിൻറെ കരകര ശബ്ദം ഒഴിച്ചാൽ ആ പാതിരാ അത്രയ്ക്ക് നിശ്ശബ്ദമായിരുന്നു. ജൂതത്തെരുവിൽ ഹിമാവാതം ആഞ്ഞുവീശിക്കൊണ്ടിരുന്നു. പീഞ്ഞ മരം കൊണ്ടുണ്ടാക്കിയ മേശയിൽ ദലൈല ഒരു കിന്നരത്തിന്റെ ആകൃതിയിൽ കിടന്നു.

"കൊണ്ടുവാ നിന്റെ കൈനഖങ്ങൾ...നിനക്കെന്തിനാണ് പ്ലക്ക് ഡ്രംസ് ?"

ഈർപ്പത്തിന്റെ ഗന്ധം ഉണ്ടായിരുന്ന മുറിയിൽ പെട്ടെന്ന് പുതിയ ഒരു ഗന്ധം വ്യാപിച്ചു. ബർത്തലോമ്യോ ആ ഗന്ധത്തിന്റെ ലഹരിയിൽ കണ്ണുകള അടച്ചു.

"എന്തേ"
"ഒരു ഗന്ധം"
"എന്തിൻറെ? "

"ഒരു വാസനദ്രവ്യക്കുപ്പി പൊട്ടിയതിന്റെ"

ദലൈല അലറിച്ചിരിച്ചു.
ബർത്തലോമ്യോയുടെ ചുമലുകൾ വിറച്ചു.

" എന്തിനാണ് നിനക്ക് നിൻറെ അമ്മയുടെ അഴുകാത്ത എല്ലുകളും മുടിയും? ", അവൾ ചോദിച്ചു.
"എനിക്ക് ഉമ്മ വെയ്ക്കാൻ. ഞാൻ ഇത് വരെ അമ്മയെ ഉമ്മ വെച്ചിട്ടില്ല. "
"നിന്റെ കണ്ണുകൾ അടക്ക്", ദലൈല പറഞ്ഞു "നിന്റെ അമ്മയുടെ ശവം അഴുകിയിട്ടില്ലെന്ന് തന്നെ വെയ്ക്കുക. എല്ലുകൾക്ക് ഉണ്ടാവുമെന്ന് കരുതുക. നല്ല മിനുസമുള്ള മാംസം. നല്ല ചൂടുള്ള മാംസം . "

"കരുതി"
"ഇനി ഉമ്മ വെയ്ക്ക്', അവൾ പറഞ്ഞു.

നാല്

ബർത്തലോമ്യോ ചിത്രം വരച്ചു പൂർത്തിയാക്കി. പക്ഷേ, അയാളൾ അതിനു കീഴേ തൻറെ കയ്യൊപ്പ് ചേർത്തില്ല . ചിത്രത്തിലെ ദലൈലയെ കണ്ട് യഥാർത്ഥ ദലൈല ബർത്തലോമ്യോയോട് പറഞ്ഞു.

"ഓഹ് , നീ എന്നെ ഇത്രത്തോളം പ്രേമിക്കുന്നുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. പറയൂ, നീ എന്നെ എത്രത്തോളം പ്രേമിക്കുന്നുണ്ട് ? "

"നിന്റെ പ്രേമം കിട്ടിയതിനു ശേഷം അടുത്ത നിമിഷം മരിക്കാനുള്ള അത്രയും സന്നദ്ധതയോടെ."

അത് കേട്ട് ദലൈലയുടെ മുഖം മ്ലാനമായി.

"നീ എന്തിനാണ് ഇത്ര കടുത്ത ഭാഷയിൽ സംസാരിക്കുന്നത് ?", അവൾ ദേഷ്യപ്പെട്ടു.

"എനിക്കിഷ്ടപ്പെടുന്ന, എനിക്ക് സ്വീകരിക്കാൻ കഴിയുന്ന ഭാഷയിൽ പറയൂ."

"സ്വർഗത്തേക്കാൾ", ബർത്തലോമ്യോ പറഞ്ഞു.

പെട്ടെന്ന്, ജൂതത്തെരുവിന് മുകളിലെ ആകാശത്ത് നക്ഷത്രങ്ങൾ മേഘങ്ങളിൽ മറഞ്ഞു . ദൈവനിന്ദ കേൾക്കാൻ കഴിയാഞ്ഞിട്ടെന്ന പോലെ ആകാശം കറുത്തു പോയി.

അഞ്ച്

ചിത്രം കാണാൻ വന്നവർ ദാലൈലയുടെ ആർട്ട് കഫെയെ ഒരു തീർഥാടന കേന്ദ്രം പോലെ ആക്കി. ചിത്രത്തിലേയ്ക്ക് നോക്കിയവർ ഗൂഡമായ ഒരു ആകർഷണത്തിൽ പെട്ടിട്ടെന്ന പോലെ അതിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ചിത്രത്തിലെ ദേവദൂതിയുടെ കണ്ണുകളോ അതിനു പുറകിലെ ആകാശമോ അവൾ ഉറ്റുനോക്കുന്ന കവാടമോ , എന്താണെന്നറിയില്ല , കണ്ടവർ അതിനുള്ളിലേയ്ക്ക് വീഴാൻ പോയി.

ഒരാൾ പറഞ്ഞു "ആരോ എന്നെ ആലിംഗനം ചെയ്യാൻ കൈകൾ നീട്ടിയത് പോലെ എനിക്ക് തോന്നി. അങ്ങിനെയാണ് ഞാൻ മുൻപോട്ടാഞ്ഞത്."

മറ്റൊരാൾ പറഞ്ഞു " എനിക്ക് പണ്ട് നഷ്ടപ്പെട്ടതെന്തോ ഞാൻ അതിൽ കണ്ടു. എന്റെ ഓർമ്മ അതിനെ മറന്നു പോയിരുന്നു. പക്ഷേ ആ ചിത്രത്തിൽ ഞാൻ അതിനെ കണ്ടു".

ആർട്ട് ക്രിട്ടിക്കുകളിൽ ഒരാൾ ഇങ്ങനെ എഴുതി " ആ ചിത്രത്തെ നേരിടാനുള്ള ഏക വഴി അത് കാണാതിരിക്കുക മാത്രമാണ്. "

ദലൈലയെ ആളുകൾ ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞു
"ആരാണ് ആ ദേവദൂതിക ? "
"മഞ്ഞു വീണ ഈ മലമ്പാത എങ്ങോട്ടാണ് പോകുന്നത് ? "
"ആ മഞ്ഞിൽ തെളിഞ്ഞു കാണുന്ന രക്തത്തുള്ളികൾ ആരുടെതാണ്? "
"വിദൂരതയിൽ നില്ക്കുന്ന ആ കെട്ടിടം ഒരു സിനഗോഗാണോ ? "

ആ ചിത്രം വരച്ചതാരാണ് എന്ന ചോദ്യത്തിന് ദലൈല ഇപ്രകാരം മറുപടി പറഞ്ഞു " പറയാറായിട്ടില്ല. പറഞ്ഞാൽ പിന്നെ നിങ്ങൾക്ക് വിലയുണ്ടാകില്ല"
ആ ചിത്രത്തിൻറെ വില ചോദിച്ചവരോട് ദലൈല പറഞ്ഞു "പറയാറായിട്ടില്ല. നിങ്ങൾ അതിനു വിലയിടാൻ ആയിട്ടില്ല"

അപ്പോഴെല്ലാം ബർത്തലോമ്യോ ഉറങ്ങുകയായിരുന്നു. അഗാധമായ ഉറക്കം. എത്ര വീണിട്ടും താഴെ തൊടാത്ത ഇറക്കത്തിലേയ്ക്ക് ഒരു ഇറക്കം. അയാള് അങ്ങിനെ വീണു കൊണ്ടേയിരുന്നു. ഒരു ശവപ്പെട്ടിയിലാണ് അയാള് ഉറങ്ങിക്കൊണ്ടിരുന്നത്. അതിൻറെ മൂടിയിൽ ദലൈല മനോഹരമായ ചിത്രപ്പണികൽ ചെയ്തിരുന്നു. അത് അവൾ അയാൾക്ക് പ്രണയസമ്മാനമായി വാങ്ങി കൊടുത്തതായിരുന്നു. അത് കിട്ടിയ ദിവസം ബർത്തലോമ്യോയ്ക്ക് ആനന്ദത്തിൻറെതായിരുന്നു.

ദലൈല അയാളുടെ കയ്യില കടിച്ചു കൊണ്ട് പറഞ്ഞു " നിന്റെ ഞാൻ എല്ലാ വിഷാദങ്ങളും ഞാൻ വലിച്ചെടുക്കാൻ പോവുകയാണ്. ഇനി നിന്റെ ഹൃദയത്തിൽ ഒരു ദു:ഖവും ബാക്കി വരില്ല.ഇനി മുതൽ നീ എന്റെ ഹൃദയം പറയുന്നതിന് അനുസരിച്ച് ചലിക്കും. എന്റെ രക്തവും നിന്റെ രക്സ്തവും തമ്മിൽ ഇനി വ്യത്യാസമില്ല. നീ അലഞ്ഞത് മതി. നീ തിരഞ്ഞത് എന്നെയാണ്. ഇപ്പോൾ നീ എന്നെ കണ്ടെത്തിക്കഴിഞ്ഞു. ഇനിയും ആ രഹസ്യം നിന്നിൽ നിന്നും ഒളിച്ചു വെയ്ക്കുന്നത് ശരിയല്ല. നീ ഇനി എവിടെയും പോവേണ്ട. എന്നിലാണ് നിന്റെ മോക്ഷം."

അനന്തരം ദലൈല ബർത്തലോമ്യോയെ സ്വന്തം മടിയില കിടത്തി.
അവന്റെ കൈവിരലുകൾ എന്തോ തിരയുന്നത് കണ്ടു ദലൈല ചോദിച്ചു.

"നീ എന്താണ് ചെയ്യുന്നത് ? "
"ഞാൻ നിന്റെ ഉടുപ്പിന്റെ ചുളിവുകൾ മാറ്റുകയാണ്", അവൻ പറഞ്ഞു.
"ങേ...അതിനു ഞാൻ ഉടുപ്പുകൾ ധരിചിട്ടില്ലലോ? ", ദലൈല അത്ഭുതപ്പെട്ടു.

ബർത്തലോമ്യോ അവളോട് പറഞ്ഞു
"ദലൈല, എന്റെ എല്ലാ ഓർമ്മകളും മായ്ച്ചു കളയൂ. എന്നിട്ട് , നിന്നെ മാത്രം അതിൽ വെയ്ക്കൂ. എനിക്ക് മറ്റൊന്നിനേയും ഓർക്കണ്ട. എനിക്ക് വേണ്ടി ഒരു പാട്ട് പാടൂ. എന്നെ ഉറക്കൂ . ഞാൻ നിന്നെ അള്ളിപ്പിടിച്ചു ഉറങ്ങട്ടെ. എന്നെ ഒരിക്കലും അടർത്തി മാറ്റല്ലേ."

ദലൈല മയങ്ങിയ അവന്റെ ചുണ്ടുകളിൽ വീഞ്ഞ് പകർന്നു . അതിന്റെ അനാദിയായ മയക്കത്തിൽ ബർത്തലോമ്യോ ഉറങ്ങി. ആ വീഞ്ഞിന്റെ രുചി ബർത്തലോമ്യോയ്ക്ക് പരിചയം ഉണ്ടായിരുന്നില്ല.

ആറ്

എല്ലാ വിലപേശലുകൾക്കും ഊഹക്കച്ചവടങ്ങൾക്കും ഒടുവിൽ ഒരാള് ആ ചിത്രത്തിന് വിലയിട്ടു. ദാലൈലക്ക് തന്നെ പരിഹസിച്ച ഗ്രാമം മുഴുവനും വിലയ്ക്ക് വാങ്ങാനുള്ള അത്രയും പണം. പക്ഷേ , അയാള് ഒരു ഉപാധി വെയ്ച്ചു . ആ ചിത്രത്തിൽ ഒരു രഹസ്യമുണ്ട്. ആ ചിത്രകാരൻ ആര്ക്കും പറഞ്ഞു കൊടുക്കാൻ ഇടയില്ലാത്ത ഒരു രഹസ്യം. അത് എനിക്കറിയണം. അത് അറിയുന്ന ദിവസം ഞാനിത് ഒറ്റത്തവണയിൽ വാങ്ങും. അയാൾ വിസിറ്റിംഗ് കാർഡ് കൊടുത്ത് സ്റ്റുഡിയോ വിട്ടു പോയി.

ദലൈല ബർത്തലോമ്യോയ്ക്കരികിലെയ്ക്ക് പാഞ്ഞു. അകത്തെ ഇരുട്ടുമുറിയില താൻ പ്രണയ സമ്മാനമായി കൊടുത്ത ശവപ്പെട്ടിയിൽ വാൻ ഉറങ്ങുന്നുണ്ടായിരുന്നു. ദലൈല അയാളെ കുലുക്കി വിളിച്ചു. അയാള് എഴുന്നേറ്റില്ല . അവൾക്കു ഭ്രാന്തു പിടിച്ചു. അവൾ അയാളെ അടിക്കുകയും തൊഴിക്കുകയും ചെയ്തു . ഒരിടത്ത് മാറിയിരുന്ന് ഒരു മരക്കുറ്റിയിൽ തലയിട്ടടിച്ചു കരഞ്ഞു.

"നീ എന്തിനാണ് എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് ? എന്റെ പ്രണയം മുഴുവനും നിനക്ക് ഞാൻ തന്നില്ലേ ? നീ എന്തിനാണ് എന്നെ ചതിച്ചത് ? ആ രഹസ്യം എനിക്കെന്തേ പറഞ്ഞു തന്നില്ല ? "

ബർത്തലോമ്യോയുടെ അടഞ്ഞ കണ്ണുകളിൽ നിന്നും തിളച്ച ജലം ഒഴുകി. എന്തോ പറയാനെന്ന പോലെ അയാളുടെ അയാളുടെ വരണ്ട ചുണ്ടുകൾ വിടർന്നു. ദാലൈലയുടെ കണ്ണുകളിൽ തിളക്കം ഉണ്ടായി. ബുദ്ധി വീണ്ടെടുത്തവളെ പോലെ അവൾ അയാൾക്കരികിലേയ്ക്ക് ചെന്നു.

"എൻറെ കുഞ്ഞല്ലേ , എന്നോട് പറയൂ , എന്താണ് ആ രഹസ്യം ? ആ ചിത്രത്തിലെ പെണ്‍കുട്ടി എന്ത് കണ്ടാണ്‌ , ആരെ കണ്ടാണ്‌ ഇത്ര ആനന്ദിക്കുന്നത് ? അവൾ എങ്ങോട്ടാണ് ആരെയാണ് നോക്കുന്നത് ? "

ബർത്തലോമ്യോയുടെ വിറയ്ക്കുന്ന ചുണ്ടുകൾ അവൾ ചുംബിച്ചു. അവന്റെ കുപ്പായം തുറന്ന് തൊലിയുള്ളിടത്തെല്ലാം ഉമ്മ വെച്ചു. അവന്റെ തണുത്ത ശരീരത്തിൽ രക്തത്തിന് ചൂട് പകർന്നു .അവൻ അവളോട്‌ ആ രഹസ്യം പറഞ്ഞു. അവൾ അത് മന:പ്പാഠം ആക്കി. അവന്റെ ചുണ്ടുകളിൽ അവൾ സ്ഥിരമായി ഇട്ടിച്ചിരുന്ന പുകയിലവീര്യമുള്ള വീഞ്ഞ് കുറച്ചധികമായി പകര്ന്നു കൊടുത്തു.

ചിത്രം വാങ്ങുമ്പോൾ ധനികൻ ചോദിച്ചു
"അപ്പോൾ അവൾ തന്റെ തന്നെ ആത്മാവിനെയാണ് നോക്കുന്നത് അല്ലേ ? "
"അതെ", അവൾ പറഞ്ഞു .
"അല്ല, കൃത്യമായി പറഞ്ഞാൽ അവൾ തന്റെ ആത്മാവിൻറെ മറുപാതിയെ ആണ് നോക്കുന്നത് . യുഗങ്ങളുടെ കാത്തിരിപ്പിന് ശേഷം അവൾ ആദ്യമായി അത് കണ്ടെത്തിയതിന്റെ ആനന്ദമാണ് അവൾക്ക്", ധനികാൻ പറഞ്ഞു.
"ശരിയായിരിക്കും. ഇറ്റ്‌ കുഡ് ബീ .", ധനികാൻ കൊടുത്ത പണക്കെട്ടുകൾ എണ്ണിക്കൊണ്ടിരിക്കെ ദലൈല പറഞ്ഞു.

ഏഴ്

മദർ മുറിക്ക് പുറത്തിറങ്ങി. മട്ടുപ്പാവിലേയ്ക്ക് നടന്നു. കറുത്ത മേഘങ്ങള ഒഴിഞ്ഞു പോയിരുന്നു. വളപ്പിൽ ഒരു ചിലച്ചില്ല. പൂന്തോട്ടത്തിന് നടുവിൽ കിടന്നിരുന്ന ശവപ്പെട്ടിയെ ഡയ്സിപ്പൂക്കൾ ഏറെക്കുറെ മൂടി കളഞ്ഞിരുന്നു. ഭൂമിക്കു മേലെ ചെറുതായി , വളരെ നിശ്ശബ്ദമായി ഒരു ചാറ്റൽമഴ പെയ്തു. മണ്ണില നിന്ന് ഒരു ഈരാൻ ഗന്ധം ഉയർന്നു.

മദർ തന്റെ തണുത്ത വിരല് കൊണ്ട് മട്ടുപ്പാവിലെ മണിയടിച്ചു. പക്ഷികളേപ്പോലെ കന്യാസ്ത്രീകൾ കൂട്ടമായി പറന്നു വന്ന് മട്ടുപ്പാവിലേയ്ക്ക് ആകാംക്ഷാപൂർവ്വം നോക്കി.

മദർ അവരോടു പറഞ്ഞു.

"മരണശേഷം ഒരു വിശുദ്ധ ആവണം എന്നതായിരുന്നു എന്റെ ഏറ്റവും വെല്യ ആഗ്രഹം. ഒരു രോഗത്തിനും മരുന്ന് കഴിക്കാതെ ഞാൻ സഹിച്ചു. എല്ലാ വേദനകളും എനിക്ക് ദൈവത്തിലുള്ള സഹാനമായിരുന്നു. ഞാനവയിൽ ആനന്ദിച്ചു. എനിക്ക് സഹിക്കാനാവാത്ത ഒരു എവ്ടനയും ഈ ലോകത്തിലില്ല എന്ന് ഞാൻ അഹങ്കരിച്ചു.

പക്ഷേ ...ഇയാൾ ...ഇയാൽ എന്നെ ലജ്ജിപ്പിച്ചു.
പക്ഷേ ഇത്രയും വേദന മനുഷ്യരായി പിറന്നവർ ആരും അനുഭവിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചു. അതിൻറെ പഴുപ്പ്, അതിന്റെ ചലം, അത് ഞാൻ കുത്തിപ്പൊട്ടിച്ചു. ദൈവം അയാളുടെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ ! "

"കുര്യച്ചനോട് സി ഐ അഗസ്റ്റിനെ വിളിക്കാൻ പറയൂ", മദർ ആജ്ഞാപിച്ചു

Subscribe Tharjani |
Submitted by KS Binu (not verified) on Tue, 2013-11-12 04:30.

ഷെറിന്‍,

വായിച്ചു. ജൂതന്റെ നോവ്, ആദിമമായ, ഇലകളെ കൊഴിക്കുന്ന നോവ്! അമ്മയ്ക്ക് വേണ്ടിയുള്ള ജന്മാന്തരാന്വേഷണം! ശിശുസഹജമായ അനാഥത്വം വേദനിപ്പിക്കുന്നു! :(

അറിയാം, പ്രധാനമായും ബര്‍ത്തലോമ്യയുടെ കഥയാണ്, ഭൂമിയില്‍ ഏറ്റവും അസംസ്കൃതവും കടുത്തതുമായ വേദന പേറുന്നവന്റെ! പക്ഷേ എന്റെ ചിന്ത മുഴുവന്‍ ഡിലൈലയില്‍ കുരുങ്ങിക്കിടക്കുകയാണ്. കാരണം, യാദൃശ്ചികമെന്ന് പറയട്ടെ, ഇത് ഈയിടെ ഞാന്‍ ഡിലൈലയെക്കുറിച്ച് വായിക്കുന്ന രണ്ടാമത്തെ കഥ. ആദ്യത്തെ കഥയുടെ പേര്‍ തന്നെ ഡിലൈല എന്നായിരുന്നു, മേതിലിന്റെ.

ഡിലൈല അന്നുമിന്നും ഒരു മിസറിയാണെനിക്ക്. ആ പതിവ് ഇവിടെയും തെറ്റിയില്ല. അവള്‍ കുറേയധികം വെളിപ്പെടുകമൂലം കൂടുതല്‍ മഞ്ഞ് മറയായണിയുന്നു. പണത്തോടുള്ള സ്വാര്‍ഥത മാത്രമാണോയെന്ന് തിട്ടപ്പെടുത്തുക അസാധ്യമായിരുന്നു. അത് മാത്രമായിരുന്നില്ല, എന്ന് എനിക്ക് തോന്നുന്നു. (ഞാന്‍ കരുതുന്നത്, അവന്റെ സ്നേഹത്തെ ഭയന്നിട്ടാണെന്നാണ്! സ്ത്രീ, കാമുകി, അമ്മ, അങ്ങനെ അവള്‍ക്ക് പല മാനങ്ങളുണ്ടായിരുന്നിട്ടും!)

കഥ ഇഷ്ടപ്പെട്ടെന്ന് പറയേണ്ടല്ലോ. ഞാന്‍ ഇതങ്ങ് എടുക്കുന്നു, സുഹൃത്തുക്കള്‍ക്ക്.

Submitted by AnonymousFazal Rahman (not verified) on Fri, 2014-01-03 22:45.

കഥയുടെ പ്രധാന ആകര്‍ഷണീയത ഭാഷാ പ്രയോഗത്തിലെ എന്തോ തൊട്ടപ്പുറത്തുണ്ടെന്നും അതാണ്‌ പ്രധാനമെന്നും തോന്നിക്കുന്ന വൈഭവമാണെന്നു തോന്നുന്നു. the very heart is at bay, just at bay... അങ്ങനെ ഒരു തോന്നല്‍. ലാസറിനെ ഓര്‍മ്മിപ്പിക്കുന്ന ആ പ്രത്യക്ഷവും, നിഗൂഡതയുടെ വഴികളിലൂടെയുള്ള മുന്നോട്ടു പോക്കും. നന്നായിട്ടുണ്ട് ആവിഷ്ക്കാരം.

Submitted by Viddi Man (not verified) on Tue, 2014-01-07 23:05.

ഒരുപാട് തവണ വായിച്ചു. വായനാലോകം ചെറുതായതുകൊണ്ട് ബർത്തലോമ്യയെയും ദലൈലയേയും അന്വേഷിക്കുകയാണ് ആദ്യവായനക്കു ശേഷം ചെയ്തത്. യേശുവിന്റെ പന്ത്രണ്ട് ശിഷ്യരിൽ ഒരാളായിരുന്നു ബർത്തലോമ്യ എന്നു കണ്ടെത്തി. സാംസൺ - ദലീല കഥയിൽ ദലൈലയേയും. പിന്നീടും വായനകൾ. ദലീല, ദലൈല തന്നെയാവാമെന്നു തോന്നി. ജൂതനും കന്യാസ്ത്രീമഠത്തിൽ ഉയിർത്തവനുമായിട്ടും, ബെർത്തലോമ്യ? അവനെ വായിച്ചെടുക്കുന്നവൻ വരുമ്പോൾ അവന്റെ ചെരുപ്പിന്റെ വാറഴിച്ചെടുക്കാൻ യോഗ്യതയുണ്ടായാൽ മതിയായിരുന്നു.

അമ്മയെ തേടിയുള്ള ബെർത്തലോമ്യയുടെ അന്വേഷണം.
അമ്മയായി നടിച്ച് അവനിലേക്ക് രതി പകർന്ന ദലൈല.
അവളിൽ ആഴ്ന്നു പോകുമ്പോഴും അമ്മയോടുള്ള സ്നേഹം ചിത്രത്തിൽ ചാലിച്ച ബെർത്തലോമ്യോ.
അനുഭൂതിയെന്നാൽ മറുപാതിയെന്നു മാത്രം നിർവചിക്കുന്ന പണക്കാരൻ.
'അങ്ങനെ തന്നെയായിരിക്കാം' എന്ന് പണമെണ്ണി വാങ്ങിച്ച് ബെർത്ത്യലോമ്യയെ ശവപ്പെട്ടിയിലടക്കുന്ന ദലൈല.

അവന്റെ വേദനയും സഹനവുമറിഞ്ഞ്, അതിന്റെ പഴുപ്പും ചലവും കുത്തിപ്പൊട്ടിച്ച് അവനെ നിത്യശാന്തിയിലേക്ക് നയിക്കുന്ന മദർ.

ഉദാത്തം.

ഈ കഥയെ പരിചയപ്പെടുത്തിയ ആൾ പറഞ്ഞതു പോലെ, ഈ കഥയെ നേരിടുന്നതിനുള്ള ഏക വഴി ഇത് വായിക്കാതിരിക്കുക മാത്രമാണ്.

പി എസ് : പലയിടത്തും അക്ഷരത്തെറ്റുകൾ കണ്ടു. ശ്രദ്ധിക്കുമല്ലോ.

Submitted by Ajith Kumar (not verified) on Thu, 2014-01-09 20:00.

വളരെ ഇഷ്ടപ്പെട്ടു കഥ
വായിച്ചുവരവേ മായികലോകത്തിനും യഥാര്‍ത്ഥലോകത്തിനുമിടയില്‍ തുടര്‍ സഞ്ചാരം നടത്തിക്കൊണ്ടിരുന്നു മനസ്സ്