തര്‍ജ്ജനി

മൊഴിമാറ്റം : എസ് ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കഥ

റോഡിലെ ആ മനുഷ്യൻ

മധുരന്തകം രാജാറാമിന്റെ തെലുഗുകഥ

ഒരു പൊള്ളുന്ന വേനൽക്കാലം. പന്ത്രണ്ട് മണി പോലുമായിട്ടില്ല; എന്നാലും പൊള്ളുന്ന ചൂട്. സുര്യദേവന്റെ കോടതിയിൽ ലോകത്തിനെ വിചാരണ ചെയ്യുന്നത് പോലെയുണ്ടായിരുന്നു. ഒരു ഉറുമ്പിന്റെ ഒച്ച പോലും കേൾക്കാവുന്നത്ര നിശ്ശബ്ദത. മരങ്ങളിൽ ഒരില പോലും അനങ്ങുന്നില്ല; അണ്ണാന്മാരും കാക്കകളുമെല്ലാം ചില്ലകളിലും പൊന്തകളിലും ഒളിച്ചു. ചിലപ്പോൾ കഴിഞ്ഞ അഞ്ചാറ് വർഷത്തെ റെക്കോർഡ് തകർക്കുന്ന ചൂടാണ് ഈ വർഷമെന്ന് നാളെ പത്രങ്ങളിൽ വാർത്ത വരുമായിരിക്കും.

ഭൂമിയ്ക്ക് അരഞ്ഞാണം കെട്ടിയത് പോലെ രങ്കം പേട്ട് – തിമ്മപുരം റോഡ് കിടന്നു.

റോഡ് വിജനമായിരുന്നു.

റോഡിനിരുവശവും കാടായിരുന്നു.

കാട്ടിനുള്ളിൽ മേയാൻ പോയ പശുക്കൾ പോലും പുറത്തേയ്ക്ക് വന്നില്ല; അവ പൊന്തകൾക്കിടയിൽ അഭയം പ്രാപിച്ചു.

ചുരുക്കത്തിൽ, പ്രദേശം മൊത്തം ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചിത്രം പോലെ തോന്നിച്ചു.

ഒന്ന് മാത്രം ചലിച്ചു. പ്രധാനവീഥിയിലൂടെ, ഒരു പൂമ്പാറ്റയെപ്പോലെ, ഒരു കാർ തെന്നി നീങ്ങി. അത് നരസപ്പ ഗാരുവിന്റെ കാറാണെന്ന് നാൽപ്പത് ഗ്രാമങ്ങൾക്കും ചേരികൾക്കും അറിയാമായിരുന്നു.

കാർ വാങ്ങിക്കാൻ 25000 രൂപ നരസപ്പ ഗാരു ചിലവാക്കി; മാസത്തിൽ 120 രൂപ ശമ്പളത്തിൽ ഒരു ഡ്രൈവറെ വച്ചിട്ടുണ്ട്; പ്രധാനവീഥി സർക്കാർ പണിതതായിരുന്നു. രാജകീയമായ പ്രാതലിന് ശേഷം അദ്ദേഹം കാറിൽ വിശ്രമിക്കുകയായിരുന്നു. വേഗത്തിൽ ഓടിക്കാൻ ഡ്രൈവറോട് പറയേണ്ട കാര്യമില്ലായിരുന്നു. റോഡ് നല്ലതായിരുന്നു, കുണ്ടും കുഴിയുമില്ലാതെ, വിലകൂടിയ കാറുകൾക്ക് സഞ്ചരിക്കാൻ വേണ്ടി ഉണ്ടാക്കിയത് പോലെ. പുറം ലോകം മുഴുവൻ ചുട്ടുപൊള്ളുകയാണെങ്കിലും കാറിനകത്ത് തണുപ്പായിരുന്നു, ലൌകികതകളിൽ നിന്നും മുക്തി നേടിയ താപസിയുടെ മനസ്സ് പോലെ. വളരെ പ്രസന്നം.

പോക്കറ്റിൽ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുക്കാൻ നരസപ്പ ഗാരു ഒന്ന് ചെരിഞ്ഞു. അതെടുക്കുന്നതിനിടയിൽ ഗ്ലാസ്സിലൂടെ ഒന്ന് നോക്കി. ഒരു നിമിഷം. ഒരേയൊരു നിമിഷം. ആ അല്പനിമിഷത്തിനുള്ളിൽ, നരസപ്പ ഗാരു റോഡിൽ ഒരു രൂപം കണ്ടു… ആരായിരിക്കും അത്?

നരസപ്പ ഗാരു സിഗരറ്റ് കത്തിച്ചു. ഒരു പഫ് പുറത്തേയ്ക്ക് വിടുമ്പോൾ, അദ്ദേഹത്തിന്റെ മങ്ങിയിരുന്ന ഓർമ്മ പെട്ടെന്ന് ഉണർന്നു.

അരയിൽ ഒരു തുവർത്ത് കെട്ടിയിരിക്കുന്നു, തലപ്പാവും കെട്ടിയിട്ടുണ്ട്. അതല്ലാതെ വേറേ വസ്ത്രങ്ങളൊന്നുമില്ല. കുറ്റിക്കാട് പോലെ വളർന്നിരിക്കുന്ന താടി.

മുഖത്ത് ചുളിവുകളുണ്ടായിരുന്നു. വിയർപ്പ് അയാളുടെ ദേഹത്തിൽ അരുവികൾ തീർത്തിരിക്കുന്നു. കൈയ്യിൽ ഒരു ഊന്നുവടി. ദുർബലമായ ശരീരം. നരസപ്പഗാരുവിന് അറിയാവുന്ന ആളായിരുന്നു അത്! അയാളുടെ പേര്: രങ്കണ്ണ.

‘രങ്കണ്ണയ്ക്ക് ഒരുപാട് വയസ്സായത് പോലെ’ നരസപ്പ ഗാരു മനസ്സിൽ പറഞ്ഞു.

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ്, ഈ രങ്കണ്ണ ഒരു ഉരുക്കുമനുഷ്യനായിരുന്നു. കഴുത്തിൽ ഒരു ചരട്, കൊമ്പൻ മീശ, കൈയ്യിൽ ഒരു വടി. ആ രൂപത്തിൽ, അയാൾ പഴയ പലനാട് ഭാഗത്തെ ഒരു യോദ്ധാവിനെപ്പോലെയുണ്ടായിരുന്നു.

നരസപ്പ ഗാരുവിന് ഇപ്പോഴും എല്ലാം ഓർമ്മയുണ്ട്. റോസാച്ചെടിയുടെയടുത്ത് ഒരു അണലിയെ കണ്ടിരുന്നു. പാടത്ത് വിത്തെറിയുകയായിരുന്ന രങ്കണ്ണയ്ക്ക് ഉടനേ വാർത്ത പോയി. അയാൾ വരുന്നത് വരെ റോസാച്ചെടിയുടെ അടുത്ത് പോകാൻ ആരും ധൈര്യപ്പെട്ടില്ല. കൈയ്യിലെ വടി കൊണ്ട് രങ്കണ്ണ ചെടിയിളക്കി. പാമ്പ് മതിലിലേയ്ക്ക് പാഞ്ഞ് കയറി. മണ്ണുകൊണ്ടുള്ള മതിലായിരുന്നു അത്. അഞ്ച് മുഴം ഉയരമുള്ളത്. അതിന്റെ മുകളിൽ കല്ലുകൾ പാകി കൂർപ്പിച്ച് വച്ചിരുന്നു. രങ്കണ്ണ എങ്ങിനെയാണ് അതിന്റെ മുകളിലേയ്ക്ക് ചാടിയതെന്ന് ആർക്കുമറിയില്ല. ഇടിമിന്നൽ പോലെ അദ്ദേഹം ആ മതിലിന്റെ കൂർത്ത അഗ്രത്തിലേയ്ക്ക് ചാടി. പാമ്പിനെ പിന്തുടർന്ന് അതിന്റെ കഥ കഴിച്ചു. അങ്ങനെയൊരു സർക്കസ്സിലെപ്പോലെ അഭ്യാസം കാണിച്ച രങ്കണ്ണ ഇപ്പോൾ ആ ടാറിട്ട റോഡിലൂടെ നടക്കാൻ പോലുമാകാതെയായിരിക്കുന്നു. സമയത്തിന്റെ കളി!.

രങ്കണ്ണയെ കണ്ടപ്പോൾ, നരസപ്പ ഗാരുവിന്റെ മനസ്സ് ഭൂതകാലം ചികയാൻ തുടങ്ങി. കാര്യങ്ങളെല്ലാം മനസ്സിലായി വരുന്നതിന് മുമ്പ് നരസപ്പ ഒരു ചെറുപ്പക്കാരനായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ വിചാരം ഈ ലോകത്തിലെ സാധാരണ മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത അഭൌമമായ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ള ഒരേയൊരാൾ രങ്കണ്ണ ആണെന്നായിരുന്നു. പനമരങ്ങളിൽ കുതിച്ച് കയറാനും എളുപ്പത്തിൽ പഴങ്ങൾ പറിച്ചെടുക്കാനും തെങ്ങിൽ തോപ്പിൽ ഒരു തെങ്ങിൽ നിന്നും മറ്റൊന്നില്ലേയ്ക്ക് ചാടി നീങ്ങാനും അയാൾക്ക് സാധിച്ചിരുന്നു. മാവിന്റെ ഉച്ചിയിൽ, നീറുകൾ നിറഞ്ഞ ഉച്ചിയിൽ കയറി അയാൾ മാമ്പഴം പറിക്കുമായിരുന്നു. അമ്പലത്തിന്റെ ഗോപുരത്തിൽ കൂട് കെട്ടിയ പ്രാവിനെ പിടിക്കുമായിരുന്നു. സ്വന്തം താല്പര്യങ്ങൾ മാത്രമല്ലാതെ, ആ ചെറിയ കുട്ടിയുടെ ആഗ്രഹങ്ങൾ, വീട്ടുകാർക്ക് നിറവേറ്റിക്കൊടുക്കാൻ പറ്റാത്തത്, അയാൾ സാധിച്ച് കൊടുക്കുമായിരുന്നു. കറ്റ കെട്ടാൻ വേണ്ടി കുനിയുമ്പോൾ രങ്കണ്ണ ശിവധനുസ്സ് പോലെയുണ്ടാകുമായിരുന്നു. നിവർന്ന് നിൽക്കുമ്പോൾ, മലമുകളിലെ സ്തംഭം പോലെയും. അയാൾ മുകളിൽ നിന്നും വീഴുകയാണെങ്കിൽ എന്താകുമായിരുന്നു, അയാൾ വിഷമിക്കും. പക്ഷേ, എല്ലാ ആപത്തുകളും രങ്കണ്ണയ്ക്ക് നിത്യാഭ്യാസം പോലെയായിരുന്നു.

ഒരിക്കൽ അടുത്ത ഗ്രാമത്തിൽ നിന്നും പെണ്ണ് കാണാൻ ബന്ധുക്കൾ വന്നിരുന്നു. അതിലൊരാൾ കിണറ്റിൻ കരയിൽ നിന്ന് കുളിക്കുമ്പോൾ അയാളുടെ വിരലിലെ മോതിരം കിണറ്റിൽ വീണു. അതൊരു എട്ട് വളയങ്ങളുള്ള കിണറായിരുന്നു. വെള്ളം അഞ്ചാമത്തെ വളയം വരെയുണ്ടായിരുന്നു. അടിയിൽ, കനത്ത പായൽ. ആരുടെയെങ്കിലും കൈയ്യോ കാലോ അതിൽ പെട്ടാൽ ശവമടക്കിയത് പോലെ തന്നെ. ആരൊക്കെ തടയാൻ ശ്രമിച്ചിട്ടും രങ്കണ്ണ സമ്മതിച്ചില്ല. അയാൾ കിണറിലേയ്ക് ചാടി. രണ്ടോ മൂന്നോ മിനിറ്റുകളേയ്ക്ക് അയാളുടെ അനക്കമൊന്നുമില്ലായിരുന്നു; ചിലർ രങ്കണ്ണയുടെ അന്ത്യം കണ്ടെന്ന മട്ടിൽ ചുണ്ട് ചുളിച്ചു. പക്ഷേ രങ്കണ്ണ മരിച്ചില്ല; മോതിരത്തോടെയേ മുകളിലേയ്ക്ക് വന്നുള്ളൂ.

നരസപ്പ ഗാരു കണ്ണുകൾ അടച്ചു. അദ്ദേഹം ഇപ്പോൾ താമസിക്കുന്ന വീട് അദ്ദേഹത്തിന്റെ അച്ഛൻ പണിതതായിരുന്നു. അച്ഛൻ അതിനായി പണം മുടക്കിയിട്ടുണ്ടാകാം. പക്ഷേ അദ്ധ്വാനം ചിലവഴിച്ചത് ആരായിരിക്കും? അല്ലെങ്കിൽ ആ വീട് ആര് പണിതു? മണ്ണ് കുഴക്കാനും, വെള്ളം കോരാൻ കാളകളെ നയിക്കാനും മറ്റും? പൊരിവെയിലത്ത് നിന്ന് ഇഷ്ടിക ഉണ്ടാക്കിയത് ആരായിരിക്കും? പുളിമരം മുറിച്ചത് ആരായിരിക്കും? ഇഷ്ടിക ചുടാൻ ചൂള തീർത്തത് ആരാണ്? എല്ലാത്തിനും പുറമേ, ആര്, ഫോറസ്റ്റ് റേഞ്ചേഴ്സിന്റെ കണ്ണിൽ പെടാതെ, കാട്ടിൽ നിന്നും ഞാവൽ മരങ്ങൾ മുറിച്ച് ദുർഘടമായ പാതയിലൂടെ എത്തിച്ചിട്ടുണ്ടാകും?

നരസപ്പ ഗാരുവിനെ ഇഷ്ടമില്ലാത്തവർ പലതും പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അദ്ദേഹം നന്ദിയില്ലാത്തവനൊന്നുമല്ല. അത് തെളിയിക്കാൻ അദ്ദേഹത്തിന്റെ ഇപ്പോൾ ഈറനായ കണ്ണുകൾ മാത്രം മതി.

ഡ്രൈവർ ശ്രദ്ധിച്ചാലോയെന്ന് കരുതി നരസപ്പ ഗാരു മുഖം അല്പം താഴ്ത്തി.

ഒരിക്കൽ മാനിലപ്പുളി കൊണ്ടുവരാൻ രങ്കണ്ണയെ അയച്ചിരുന്നു. അയാൾ താമസിച്ചിരുന്ന വീട് മാനിലപ്പുളി തോട്ടം ഉള്ള സ്ഥലത്തിനടുത്തായിരുന്നു. പഴം കഴിക്കാൻ പറഞ്ഞ് രങ്കണ്ണ തന്റെ കുടിലിലേയ്ക്ക് പോയി തിരിച്ച് വന്നു. മുട്ടോളമെത്താത്ത ചുവരുകൾ, മുള കൊണ്ടുണ്ടാക്കിയ വാതിൽ, ഓല മേഞ്ഞ മേൽക്കൂര. പന്നികൾക്ക് ഉണ്ടാക്കുന്ന കൂട് ഭേദമായിരിക്കും.

‘ഈ സ്ഥലത്ത് എങ്ങിനെ ജീവിക്കുന്നു രങ്കണ്ണ?’ അദ്ദേഹം ചോദിച്ചു.

‘എന്ത് ചെയ്യാനാണ്, കൊച്ചുമുതലാളീ? ഞങ്ങൾ പാവങ്ങളാണ്. ഇതെങ്കിലും ഉള്ളത് തന്നെ മഹാഭാഗ്യം. സാരമില്ല. നിങ്ങൾ വലുതാകുമ്പോൾ ഇതിനേക്കാൾ നല്ലൊരു വീട് ഞങ്ങൾക്ക് പണിത് തരില്ലേ?‘ എത്ര നിസ്സാര കാര്യം! രങ്കണ്ണയുടെ സേവനങ്ങൾക്ക് പ്രതിഫലമായി നൽകാൻ പറ്റിയ അഭിനന്ദനീയമായ കാര്യം ഇതാ മുന്നിൽ നിൽക്കുന്നു. പക്ഷേ അപ്പോൾ അദ്ദേഹം ചെറിയ കുട്ടിയായിരുന്നു. ഏഴോ എട്ടോ വയസ്സ്! സാരമില്ല. നല്ല കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ധാരാളം സമയമുണ്ട്.

അപ്പോഴേയ്ക്കും നരസപ്പ ഗാരു പഠനത്തിനായി പട്ടണത്തിലേയ്ക്ക് പോയി. ആ പത്തോ പന്ത്രണ്ടോ വർഷത്തിനിടയ്ക്ക്, വല്ലപ്പോഴുമേ തന്റെ നാട്ടിലേയ്ക്ക് പോയിട്ടുള്ളൂ, ഏതെങ്കിലും അവധിയ്ക്കോ മറ്റോ. പട്ടണത്തിലെ പഠനങ്ങളേക്കാളുപരി, വ്യാജമായ നാഗരികതയുടെ ഉന്മാദങ്ങൾ വിദ്യാർഥികളെ ആകർഷിച്ചിരുന്നു.

‘കൊച്ചുമുതലാളി, സുഖമാണോ?’ എന്ന് രങ്കണ്ണ ചോദിച്ചാൽ നരസപ്പ ഗാരു അസ്വസ്ഥനാകുമായിരുന്നു. അയാളുടെ ഹൃദയത്തിലേയ്ക്കുള്ള വാതിൽ അലിഗഡ് പൂട്ടിട്ട് പൂട്ടിയത് പോലെ. ലോകത്ത് ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്. ചിലർ അവരുടെ കൃഷിയിൽ നിന്നും വരുമാനമുണ്ടാക്കുന്നു; ചിലർ കച്ചവടത്തിൽ നിന്നും; ചിലർക്ക് അവരുടേ ജോലിയിൽ ഉയർച്ച നേടാനുൾല കോണിപ്പടികൾ ലഭിക്കുന്നു. ‘ഞങ്ങൾക്ക് പുതുവർഷമില്ല, പുലരിയുമില്ല’ എന്ന് ഒരു കവി. ഈ ഹതഭാഗ്യന്മാർക്കിടയിൽ അതിജീവിക്കുന്ന ഒരാളാണ് രങ്കണ്ണയെന്ന് തോന്നുന്നു.

രങ്കണ്ണയുടെ ശരീരത്തിന് കരുത്തും പ്രഭാവവും നഷ്ടമായിരിക്കുന്നു. അയാളുടെ വീട്ടിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. കുടിലിനടുത്തോ, പാടങ്ങൾക്കപ്പുറമുള്ള വഴികളിലോ ഒരു തുണ്ട് തുണി മാത്രമുടുത്ത ഒരു വികൃതിച്ചെക്കനെ കാണുകയാണെങ്കിൽ, അത് മിക്കവാറും രങ്കണ്ണയുടേതായിരിക്കും. പെൺ കുട്ടിയാണെങ്കിൽ, കീറത്തുണിയുടുത്ത്, അലസമായ മുടിയുമായി കാണപ്പെടുകയാണെങ്കിൽ, മിക്കവാറും രങ്കണ്ണയുടെ മകളായിരിക്കും. ‘നോക്കൂ രങ്കണ്ണാ! അവർക്ക് നല്ല ഉടുപ്പ് വാങ്ങി കൊടുത്തൂടേ? ഫീസൊന്നും വാങ്ങാത്ത സ്കൂളുകളൊന്നും ഇവിടെയില്ലേ? അവരെ സ്കൂളിൽ വിടാത്തതെന്താ? പാവങ്ങൾ പാവങ്ങളായിത്തന്നെ തുടരണമെന്ന് നിയമമൊന്നുമില്ല. നിങ്ങൾക്ക് പണമില്ലെന്ന് എനിക്കറിയാം. എന്റെ അച്ഛനോട് ചോദിച്ചാൽ തരുമായിരുന്നില്ലെ?’

അങ്ങിനെ എന്തൊക്കെയോ നരസപ്പ ഗാരുവിന് പറയണമെന്ന് തോന്നി, പക്ഷേ പറഞ്ഞത് കൊണ്ടായോ? പറ്റുമായിരുന്നെങ്കിൽ അത് ചെയ്ത് ലോകത്തിന് മുന്നിൽ കാണിക്കണമായിരുന്നു. അദ്ദേഹം ഒരു കോളേജ് വിദ്യാർഥി മാത്രമായിരുന്നു. ഒരാൾ പറയുന്നതെല്ലാം പ്രവർത്തിച്ച് കാണിക്കുന്നത് എളുപ്പമാണോ? അവസരം വരുന്നത് വരെ കാത്തിരിക്കുന്നതല്ലേ നല്ലത്?

അവർ അവിടെയെത്തി. അവസരവും വന്നുചേർന്നു.

പക്ഷേ അപ്പോൾ വേറേ ഒരുപാട് തടസ്സങ്ങൾ.

അവസാനം അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ അമ്മ കുറുകേ വന്നു. ‘ഇത് ശരിയാണോ മോനേ? രങ്കണ്ണയ്ക്ക് അഞ്ച് ഏക്കർ കൊടുക്കാൻ പോകുകയാണോ? എന്തിന്? അയാൾ അത് കൊണ്ട് എന്ത് ചെയ്യാൻ പോകുന്നെന്നാണ് കരുതുന്നത്? അവിടെ ഒരു കിണറെങ്കിലുമുണ്ടോ? അയാൾക്ക് അവിടെ കൃഷി ചെയ്യാൻ പറ്റുമോ? പറയുന്നത് കേൾക്ക് മോനേ, നീ അത് ചെയ്ത് നോക്ക്. ഈ വർഷാവസാനത്തിനുള്ളിൽ അയാൾ ആ സ്ഥലം വിറ്റില്ലെങ്കിൽ എന്നോട് ചോദിക്ക്…..’

സാധ്യതയുണ്ട്. മിക്കവാറും.

പകരം, അയാൾക്ക് മക്കളെ സ്കൂളിൽ അയക്കണമെന്നായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും അവർക്ക് സ്കൂളിൽ ചേരാനുള്ള പ്രായം കടന്നിരുന്നു.

അന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ കഴിഞ്ഞാൻ രങ്കണ്ണ സന്തുഷ്ടനായിരുന്നു. അയാളുടെ മക്കൾ അത്ര പോരായിരുന്നു. ഭാഗ്യം അന്വേഷിച്ച് അവർ എങ്ങോട്ടൊക്കെയോ പോയി.

പത്ത് വർഷങ്ങൾക്ക് മുമ്പ് അയാളുടെ ഭാര്യയും മരിച്ചു.

വീടില്ല. മക്കളില്ല. ഭാര്യയില്ല. ആ ഗ്രാമവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു, അയാൾ ആലോചിച്ചു. ഈ കിഴവൻ അവസാനനാളുകൾ എവിടെയായിരിക്കും ചിലവഴിക്കുക? അറിയില്ല!

അദ്ദേഹത്തിന് ഒന്ന് ഓർമ്മ വന്നു, രങ്കണ്ണയുടെ ഒരു മകളെ വിവാഹം കഴിച്ചയച്ചത് ഈ പ്രദേശത്തെവിടേയോ തന്നെയാണ്.

ഒരു ചെരുപ്പ് പോലും അയാൾ ധരിച്ചിട്ടുണ്ടാവില്ല!

വിയർപ്പൊഴുക്കി, എല്ലൊടിച്ച്, സിരകൾ തളർത്തി, അയാളുടെ ഓരോ തുള്ളി രക്തവും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ചു, ആ മനുഷ്യൻ….

അയാൾക്ക് ബസ്സിൽ പോകാമായിരുന്നു. പക്ഷേ പണമുണ്ടാവില്ല.

എപ്പോഴായിരിക്കും അയാൾ പുറപ്പെട്ടിട്ടുണ്ടാകുക?

അയാൾ ഭക്ഷണം കഴിച്ചിട്ട് എത്ര നാളായിക്കാണും?

അയ്യോ, പാവം മനുഷ്യൻ! അയാൾക്ക് ഒരു വീട് പണിയാൻ പോലും പറ്റിയില്ല.

ഒന്നും അയാൾക്ക് വേണ്ടി സമ്പാദിക്കാൻ പറ്റിയില്ല. മക്കളുടെ ഭാവിയ്ക്ക് വേണ്ടിയും ഒന്നും കരുതാൻ പറ്റിയില്ല.

ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞ് അയാളെ കയറ്റാൻ പറഞ്ഞിരുന്നെങ്കിൽ, അത് ജീവിതത്തിലെ വലിയൊരു ആഹ്ലാദമാകുമായിരുന്നു.

അതിനേക്കാൾ വലിയൊന്ന് നരസപ്പ ഗാരുവിന്റെ ജീവിതത്തിൽ ഉണ്ടായി.

ഇപ്പോൾ, എന്തായാലും, കാർ രങ്കണ്ണയിൽ നിന്നും ഏതാണ്ട് പത്ത് മൈൽ അകലെയായിരുന്നു.
................................

(മധുരന്തകം രാജാറാം (1930-1999). ആധുനിക തെലുഗു സാഹിത്യത്തിലെ പ്രമുഖൻ. 1993 ഇൽ സാഹിത്യ അക്കാദമി പുരസ്കാരവും 1991, 1993 എന്നീ വർഷങ്ങളിൽ കഥ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.)

Subscribe Tharjani |