തര്‍ജ്ജനി

പുസ്തകം

സാര്‍ത്ര് , പാശ്ചാത്യസംഗീതം, വി.ടി. മുരളി, ബി കല്യാണിക്കുട്ടിയമ്മ പിന്നെ കോവിലനും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദാര്‍ശനികനായിരുന്ന ഴാങ് പോല്‍ സാത്രിന്റെ ആത്മകഥയുടെ ഫ്രഞ്ചില്‍ നിന്നുമുള്ള വിവര്‍ത്തനം. മദ്ധ്യവയസ്സില്‍ സ്വയം വിലയിരുത്തുന്ന ആത്മാന്വേഷണമാണ് സാര്‍ത്രിന്റെ ഈ പുസ്തകം. വ്യക്തിജീവിതവും ചിന്താലോകവും ആശയങ്ങളും പരസ്പരം ഇഴചേര്‍ന്നുകിടക്കുന്ന അപൂര്‍വ്വമായ ആത്മകഥ. എഴുത്തുകാരന്റെ ഭാഷയില്‍ നിന്ന് നേരിട്ട് മലയാളത്തില്‍ എത്തുന്ന പുസ്തകം എന്ന വിശേഷംകൂടി ഈ മലയാളകൃതിക്കുണ്ട്.

വാക്കുകള്‍
ഴാങ് പോള്‍ സാര്‍ത്ര്
വിവര്‍ത്തനം : ആലക്കാട് സലില
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം.
190 പുറങ്ങള്‍
വില : 125 രൂപ

പാശ്ചാത്യസംഗീതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. സംഗീതത്തിന്റെ സൈദ്ധാന്തികതലം വിശദീകരിക്കുവാനാണ് ഗ്രന്ഥകാരന്‍ ശ്രദ്ധപുലര്‍ത്തുന്നത്. പാശ്ചാത്യസംഗീതത്തിന്റെ നൊട്ടേഷനുകള്‍, സംഗീതത്തിന്റെ ചരിത്രം, സംഗീതരചയിതാക്കളെക്കുറിച്ചുള്ള വിവരണം എന്നിവയെല്ലാം ഈ പുസ്തകത്തിലുണ്ട്. മലയാളത്തില്‍ ഇത്തരം ഒരു പുസ്തകം ആദ്യമാണ്.

പാശ്ചാത്യസംഗീതപ്രവേശിക
ഫാ. ഡോ. എം. പി. ജോര്‍ജ്ജ്
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം.
190 പുറങ്ങള്‍
വില : 175 രൂപ

ചലച്ചിത്രപിന്നണിഗായകനും എഴുത്തുകാരനുമായ വി.ടി. മുരളിയുടെ സംഗീതസംബന്ധിയായ ആറാമത്തെ പുസ്തകമാണ് പാട്ടൊരുക്കും. ആനുകാലികങ്ങളില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച് വായനക്കാരുടെ പ്രിയംനേടിയ ലേഖനങ്ങളുടെ സമാഹാരം. മലയാളത്തിലെ ജനപ്രിയസംഗീതത്തിന്റെ ചരിത്രവും സൌന്ദര്യശാസ്ത്രവുമാണ് ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. പ്രസന്നവും ചൈതന്യപൂര്‍ണ്ണവുമായ ഗദ്യമെഴുത്തിന്റെ ഭംഗിയും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.
പാട്ടൊരുക്കം
വി. ടി. മുരളി
പ്രസാധനം : ലിറ്റ്മസ്, ഡിസി ബുക്സ്, കോട്ടയം .
199 പുറങ്ങള്‍ ചിത്രങ്ങള്‍ വേറെയും
വില : 140 രൂപ
കോവിലന്റെ ഏകനാടകം. ആയരത്തിത്തൊള്ളായിരത്തി അമ്പത്തിയേഴിലാണ് കോവിലന്‍ ഈ നാടകം എഴുതുന്നത്. അറം പറ്റിയതുപോലെ ഒരു സംഭവം പുസ്തകത്തിന് ആമുഖമായി കോവിലന്‍ രേഖപ്പെടുത്തുന്നു. മരണം - മരണത്തെപ്പോലെ കുഴിമടിയനും മുരട്ടുകള്ളനും വേറെയാരുണ്ട് എന്ന് അദ്ദേഹം നാടകത്തിലെഴുതി. ആ സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജാനു മരിച്ചു. ഈ പുസ്തകം അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സാധാരണക്കാരയാ മനുഷ്യരുടെ അതിസാധാരണമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ അത്യസാധാരണമായ ഭാവമണ്ഡലം വികസിപ്പിക്കുന്ന കോവിലന്റെ സര്‍ഗ്ഗചേതനയുടെ മികച്ച നിദര്‍ശനംതന്നെ ഈ പുസ്തകം.

നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും
കോവിലന്‍
പ്രസാധനം : മാതൃഭൂമി ബുക്സ്, കോഴിക്കോട്
80 പുറങ്ങള്‍
വില : 55 രൂപ

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയെന്നും വ്യാഴവട്ടസ്മരണകളുടെ കര്‍ത്താവ് എന്ന നിലയിലുമാണ് ബി. കല്യാണിയമ്മ ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത്. സ്ത്രീവിദ്യാഭ്യാസത്തിന് സൌകര്യമില്ലാതിരുന്ന കാലത്ത് പഠിക്കുകയും ബിരുദം നേടുകയും ചെയ്ത അവര്‍ മലയാളത്തിലെ ആദ്യകാലകഥാകൃത്തുകളില്‍ ശ്രദ്ധേയയാണ്. നോവല്‍, കവിത, നാടകം, ഉപന്യാസം, വിവര്‍ത്തനം, ശാസ്ത്രം, ജീവചരിത്രം എന്നീ സാഹിത്യശാഖകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച എഴുത്തുകാരിയാണ് അവര്‍. തമസ്കരിക്കപ്പെടുയോ വിസ്മരിക്കപ്പെടുകയോ ചെയ്ത ബി. കല്യാണിയമ്മയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി.
ബി. കല്യാണിയമ്മ
പി.രമാദേവി
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
96 പുറങ്ങള്‍
വില : 40 രൂപ
Subscribe Tharjani |