തര്‍ജ്ജനി

മുഖമൊഴി

നീതിമാന്മാരും പ്രജകളും

ഈ ഓണക്കാലത്ത് ഭരിക്കുന്നവേരയും പ്രജകളേയും വിഷയമാക്കേണ്ടിവന്നത് യാദൃച്ഛികും മാത്രം. കള്ളവും ചതിയുമില്ലാത്ത ഭരണം നടത്തിയ മാവേലിയുടെ ഓര്‍മ്മകളുമായി ഓണം കടന്നുവരുന്നതിനു് തൊട്ടുമുമ്പ് കേന്ദ്രത്തില്‍ സര്‍ക്കാര്‍-പ്രതിപക്ഷ സമവായത്തോടെ ഒരു ബില്‍ പാസ്സാക്കുകയുണ്ടായി. ഇന്ത്യന്‍ ജനപ്രാതിനിധ്യബില്ലിനുള്ള ഒരു ഭേദഗതിയായിരുന്നു അത്. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയ നിയമനിര്‍മ്മാണമാണ് നമ്മുടെ ആലോചനാവിഷയം. സുപ്രീം കോടതിയുടെ വിധി വന്നപാടെ അതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം രംഗത്തിറങ്ങി. ഇത്തരി ഗുണ്ടായിസവും നിയമലംഘനവുമില്ലാതെ ഇക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം ഇല്ലെന്നതിനാല്‍ ക്രമിനല്‍കേസില്‍പ്പെടാനും കോടതിയാല്‍ ശിക്ഷിക്കപ്പെടാനുമുള്ള സാദ്ധ്യത ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റെയും തൊഴിലവസ്ഥയുടെ ഭാഗമാണ്. ചെറുകിടകേസുകള്‍ മാത്രമല്ല കേന്ദ്രമന്ത്രിമാര്‍വരെ തിഹാറിലെ അന്തേവാസികളാകുന്ന ജനാധിപത്യമാണ് നമ്മുടെ നാട്ടിലുള്ളത് എന്ന് ഈയിടെയായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. തിഹാറിലേക്ക് അവരെ പറഞ്ഞയച്ചത് നമ്മളാരുമല്ല, കോടതിയാണ്.അണ്ണ ഹസാരെയും സംഘവും അഴിമതിക്കെതിരെ സമരം നടത്തുന്നതിനിടയില്‍ പലരും പറഞ്ഞ അഴിമതിക്കഥകള്‍ കേട്ട് നാം അഴിമതിയെന്ന ജനാധിപത്യവ്യായാമത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ കയ്യില്‍ കൃത്യമായ കണക്കും തെളിവുകളും ഇല്ലെന്ന് സമ്മതിക്കാം. എന്നാല്‍ ഒട്ടും സ്വാഭാവികമല്ലാത്ത, ഒട്ടും നീതിയുക്തമെന്ന് ആര്‍ക്കും തോന്നാത്ത പലതരം ഇടപാടുകള്‍ നടക്കുന്ന നാടാണിതെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ പിന്നില്‍ രാഷ്ട്രീയക്കാരാണെന്നും എല്ലാവര്‍ക്കും അറിയാം. അവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും അറിയാം. അവരാണ് നിയമസഭയിലും പര്‍ലമെന്റിന്റെ രണ്ട് സഭകളിലും ഇരിക്കുന്നത്. അവരാണ് അവിടെ മന്ത്രിമാരായിരിക്കുന്നത്. അവരാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അവരാണ് തീരുമാനിക്കുന്നത് ക്രിമിനല്‍കേസില്‍ നടപടിയുണ്ടായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യതയില്ല എന്ന്. ഇതില്‍പ്പരം ധന്യത ഇന്ത്യന്‍ ജനാധിപത്യത്തിന് എന്താണ് ഇനി ഉണ്ടാവാനിരിക്കുന്നത്?

അതിരിക്കട്ടെ, ഇത്തരം നിയമനിര്‍മ്മാണത്തെ തിരുത്താന്‍ അസംഘടിതരായ പൌരസമൂഹത്തിന് സാധിക്കില്ല. പൌരസമൂഹത്തിന്റെ സംഘടിതരൂപം രാഷ്ട്രീയപാര്‍ട്ടികളുടേതാണ്. അവരാണ് തെരഞ്ഞെടുപ്പ്കാലത്ത് നമ്മെ പ്രതിനിധാനം ചെയ്യാനുള്ള ആളുകളെ നിശ്ചയിക്കുന്നത്. അവര്‍ നമ്മളെ പ്രതിനിധാനം ചെയ്യുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ നമ്മുക്ക് അവസരം ഉണ്ട്. പക്ഷെ, അത്തരം അവസരത്തെ ഇല്ലാതാക്കിക്കൊണ്ട്, ഈ തെരഞ്ഞെടുപ്പിന്റെ പ്രശ്നം മറ്റു പലതുമാണ് എന്ന് രാഷ്ട്രീയക്കാര്‍ മുന്നണികളുണ്ടാക്കി ജനങ്ങളോട് പറയും. വേറെ പ്രശ്നങ്ങളൊന്നും അവരുടെ സൌകര്യത്തിന് ലഭിക്കുന്നില്ലെങ്കില്‍ അവര്‍ തന്നെ തങ്ങള്‍ക്ക് പാകത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അങ്ങനെ അവര്‍, രാഷ്ട്രീയക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന ധര്‍മ്മയുദ്ധമാണ് തെരഞ്ഞെടുപ്പ് എന്ന് അസംഘടിതരായ ജനങ്ങളെ ധരിപ്പിച്ച്, ജനങ്ങളെക്കൊണ്ട് നിഴല്‍യുദ്ധം നടത്തിച്ച് നേടുന്ന ജയമാണ് നമ്മുടെ നിയമസഭകളേയും പാര്‍ലമെന്റിനേയും സൃഷ്ടിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവുമോ?

ജനാധിപത്യത്തില്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഉണ്ടായിരിക്കും എന്ന് രാഷ്ട്രമീമാംസയുടെ പാഠപുസ്തകങ്ങളില്‍ നാം വായിച്ച ബന്ധം ഇല്ലാതായിട്ട് കാലമേറെയായി.ഒരു പ്രതീക്ഷയമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സഫലമാവുമോ എന്ന് ഒരു ഉറപ്പുമില്ല്ലാത്ത പ്രതീക്ഷകളെങ്കിലും ഉണ്ടാവുന്നതാണ് എന്നതിനാല്‍ അസംബന്ധത ചൂഴ്ന്നുനില്ക്കുന്ന ജീവിതം നയിക്കുവാന്‍ നാം ബാദ്ധ്യസ്ഥരായിരിക്കുന്നു. നമ്മെ രക്ഷിക്കുവാന്‍ ഒരു മലാഖയോ ദൈവദൂതനോ വരില്ലെന്ന് നമ്മുക്കറിയാം. എന്നാലും കുട്ടിക്കാലത്ത് കേട്ട കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമെന്ന് ധരിച്ച് അസംബന്ധപ്രതീക്ഷകളില്‍ നാം ജീവിക്കുന്നു. സ്വയം പരിഹാസ്യരാക്കേണ്ടിവരുന്ന ഈ ജീവിതസന്ധിയെ അങ്ങേയറ്റം ദാരുണമാക്കി ആഘോഷിക്കുകയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍.

നിയമസഭയിലും പാര്‍ലമെന്റിലും അംഗമാവുന്ന രാഷ്ട്രീയക്കാരന് പെന്‍ഷന്‍ നല്കാന്‍ അവര്‍ തന്നെ നിയമനിര്‍മ്മാണം നടത്തി. തെരഞ്ഞെടുപ്പില്‍ ജയിച്ച് ജനപ്രതിനിധിയാകുന്നവന്റെ ചെലവ് വഹിക്കുവാന്‍ പണ്ടേക്കുപണ്ടേ ജനപ്രതിനിധ്യനിയമത്തില്‍ വകുപ്പുണ്ട്. ടെലഫോണ്‍ അപൂര്‍വ്വവസ്തുവായിരുന്ന കാലത്ത് സ്വന്തമായി ഫോണ്‍ പരിധിയില്ലാതെ ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നവരാണ് ജനപ്രതിനിധികള്‍. ഉപയോഗിക്കുന്നതിന്റെ കാശ് പൊതുഖജനാവില്‍നിന്ന്. യാത്രകള്‍ പൊതുഖജനാവില്‍ നിന്ന്. തീറ്റയും വിശ്രമവും പൊതുഖജനാവില്‍ നിന്ന്. അങ്ങനെ പൊതുഖജനാവില്‍ നിന്നും തീറ്റിപ്പോറ്റുന്നവന്‍ അതിന് അര്‍ഹതയുള്ളവനാണോ എന്ന് തീരുമാനിക്കുവാന്‍ വേറെ വഴിയൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവനെ പേറാന്‍ ജനം ബാദ്ധ്യസ്ഥരാവുന്നു. പത്തുരൂപ കൈക്കൂലി വാങ്ങുന്നവനെ പൊടിഇട്ടുപിടിക്കുന്ന നാട്ടില്‍ കോടികള്‍ കൈക്കൂലി വാങ്ങുന്നവനെ പിടിക്കാന്‍ വഴിയില്ല. എ. രാജയെപ്പോലെ വല്ല ദൌര്‍ഭാഗ്യവാന്മാരും കാലദോഷംകൊണ്ട് പിടിക്കപ്പെടും. പരസ്യമായി നടന്ന അഴിമതിയുടെ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു സുരേഷ് കല്‍മാഡി വേണ്ടിവരും. അങ്ങനെ ചില ചാവേറുകളുണ്ടായാല്‍ ബാക്കിയെല്ലാം ഭദ്രം. സുരക്ഷിതം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഇടിഞ്ഞുവീഴുന്ന പാലങ്ങളും കെട്ടിടങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ കേമത്തം വിളംബരം ചെയ്യുന്നു. എല്ലാ ഇടപാടുകളിലും കോഴ വാങ്ങാന്‍ പലതരം ഇടനിലക്കാര്‍. കല്‍ക്കരിപ്പാടം ഇടപാടിന്റെ അന്വേഷണത്ത നടക്കുമ്പോഴാണ് മന്ത്രാലയത്തില്‍ നിന്ന് ഫയലുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതായി കോടതിക്കുമുന്നില്‍ സര്‍ക്കാര്‍ പറയുന്നത്. ആരാണ് ഫയലുംകൊണ്ട് മുങ്ങിയത്. ഇടപാടില്‍ അഴിമിതിയില്ലെങ്കില്‍ ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് എന്തിന്? ഇതൊരു കോമാളി ജനാധിപത്യം തന്നെ. ധാര്‍മ്മിക ഉത്തരവാദിത്തം എന്ന് പണ്ട് ഇവിടെ ഒരു പ്രയോഗമുണ്ടായിരുന്നു. ഇപ്പോള്‍ ധാര്‍മ്മികത മാത്രമല്ല ഉത്തരവാദിത്തം പോലും നാം നിഷേധിക്കുന്നു. അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന് അവസാനനിമിഷംവരെ വെട്ടിപ്പും തട്ടിപ്പും നടത്തുകയാണ് ജീവിതലക്ഷ്യമെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

പൊതുഖജനാവില്‍ നിന്നും വേതനം പറ്റുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അവരുടെ ശമ്പളവും ആനുകൂല്യങ്ങളും അടുത്തൂണിനുശേഷം കിട്ടുന്ന പെന്‍ഷനും എല്ലാം പൊതുഖജനാവില്‍ നിന്നാണ്. ഒരു ആയുസ്സ് സര്‍ക്കാരിന് സമര്‍പ്പിച്ച് ജീവിക്കുന്നതിനുള്ള പ്രതിഫലം. സര്‍ക്കാര്‍ജോലികിട്ടിയാല്‍ പിന്നെ സുഖമായി എന്ന് കണക്കാക്കുന്നവരെ മാറ്റി നിറുത്തുക. അതുപോലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ദല്ലാളുകളായി ഓഫീസുകളെ മാറ്റിത്തീര്‍ക്കുന്ന സാമൂഹികദ്രോഹികളേയും ഒഴിവാക്കുക. ഈ രണ്ട് ഗണത്തിലും പെടാത്തവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പന്‍ഷി ലഭിക്കാന്‍ നിശ്ചിതകാലയളവില്‍ ഇടവേളകളില്ലാതെ ജോലി ചെയ്തിരിക്കണം എന്നെല്ലാമുള്ള നിയമവും നിബന്ധനകളും ഉണ്ട്. എന്നാല്‍ അത്തരം നിയമമോ നിബന്ധനകളോ ഇല്ലാതെ തങ്ങള്‍ക്ക് പെന്‍ഷന്‍ നല്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ തീരുമാനിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മത്സരപരീക്ഷകളിലൂടെ ജോലി നേടി, ഒരു ആയുസ്സ് മുഴുവന്‍ സര്‍ക്കാര്‍ സേവനത്തിന് വിനിയോഗിച്ചര്‍ക്ക് കിട്ടുന്ന ആനുകൂല്യമാണ് യോഗ്യതയെക്കുറിച്ച്, തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ എന്ന ഒരൊറ്റ വ്യവസ്ഥയില്‍ ഒതുക്കി ഇവര്‍ സ്വയം നല്കാന്‍ തീരുമാനിച്ചത്. എത്ര ദിവസം സഭയില്‍ ഹാജരായിരിക്കണം എന്ന വ്യവസ്ഥപോലുമില്ല! സഭാപ്രവര്‍ത്തനത്തില്‍ എന്ത് സംഭാവന നല്കിയെന്ന പരിഗണനയില്ല. അധികാരദുഈവ്വിനിയോഗം നടത്തിയോ എന്ന പരിശോധനയില്ല!!! നിരുപാധികമായ പെന്‍ഷന്‍. അതാവട്ടെ നിരുപാധികമായി ഉപയോഗപ്പെടുത്തിയ അംഗത്വകാലാവധിയിലെ ആനുകൂല്യങ്ങള്‍ക്ക് പുറമെ!!!

ശരി, ഇതിനൊക്കെ എന്തെങ്കിലും ന്യായം പറയാം. പക്ഷെ, ആയുഷ്കാലം സര്‍ക്കാര്‍ സേവനം നല്കുന്നവന്റെ പെന്‍ഷന്‍ വ്യവസ്ഥകള്‍ ഇവര്‍ തിരുത്തി. ജോലിയിലുള്ള കാലത്ത് അവര്‍ അടക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാശ് നല്കും. ഇതെല്ലാം ചേര്‍ത്ത് കിട്ടുന്ന തുകയുടെ പലിശയില്‍ നിന്ന് പെന്‍ഷന്‍ നല്കും. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീം. അടുത്തൂണ്‍ പറ്റിയവന് നല്കുന്ന പെന്‍ഷനാണ് സര്‍ക്കാരിന്റെ ചെലവിനത്തില്‍ പ്രധാനം എന്നതിനാല്‍ രാഷ്ട്രതാല്പര്യത്തെ മുന്‍നിര്‍ത്തി കൈക്കൊണ്ട തീരുമാനം. ബലേ ഭേഷ്. നന്നായിട്ടുണ്ട്. നമ്മുടെ നിയമനിര്‍മ്മാതാക്കള്‍ രാജ്യതാല്പര്യത്തില്‍ തല്പരരാണ്! എങ്കില്‍ സര്‍വ്വവ്യാപകമായ അഴിമതി നിര്‍മ്മാജ്ജനം ചെയ്യാമായിരുന്നില്ലേ? പൊതുഖജനാവിന്റെ ചോര്‍ത്തുന്നത് മുഖ്യമായും ഇടനിലക്കാരും ദല്ലാളികളുമാണ്. അവരെ തടയാമായിരുന്നില്ലേ?

ആഗോളപ്രതിഭാസമായ അഴിമതിയെക്കുറിച്ച് ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പരിഹാരം അന്വേഷിക്കാനാവില്ലെന്ന് വാദിക്കാം. എന്നാല്‍ അവനവനെ ബാധിക്കുന്ന നിയമങ്ങള്‍ സ്വയം നിശ്ചയിക്കുന്നതിനെ നീതീകരിക്കുന്നത് എങ്ങനെയാണ്? ജനാധിപത്യവ്യവസ്ഥയുടെ രീതിയനുസരിച്ച് അങ്ങനെയാണ് കാര്യങ്ങള്‍ എന്ന് വിശദീകരിക്കാം. ശരി, എന്നാല്‍ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോണ്‍ട്രീബ്യുട്ടറിയും നമ്മുക്ക് നിരുപാധികവും എന്ന് തീരുമാനിക്കുന്നതോ? അങ്ങനെ തീരുമാനിക്കുമ്പോള്‍, സാധാരണപൌരന്‍ ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ നിഷേധിക്കപ്പെടന്നതെല്ലാം നേടാന്‍ രാഷ്ട്രീയക്കാരന്‍ ആയാല്‍ മതി എന്ന പുതിയ വ്യവസ്ഥ നല്കുന്ന ആനുകൂല്യമോ?

Subscribe Tharjani |