തര്‍ജ്ജനി

ഷറഫ് മുഹമ്മദ്

Visit Home Page ...

കവിത

സാവിത്രിയുടെ അരഞ്ഞാണം

സാവിത്രിയുടെ അരഞ്ഞാണം
ഇപ്പോള്‍ മതിമറന്നു ചിരിക്കാറില്ല.
ത്രീവ്രപരിചരണവാര്‍ഡില്‍
സാഷ്ഠാംഗം കിടന്നപ്പോളാണു
അങ്ങനെ ഉറപ്പിച്ചത്.

അഞ്ചാം ക്ലാസ്സില്‍ വെച്ചാണ്,
അയ്യോ കണ്ണിപൊട്ടിയല്ലോ മോളേ
എന്ന്, അനീഷ് മാമന്‍
കടിച്ച് കൂട്ടിയതും
എന്തു നല്ല മാമന്‍ എന്ന് അവളുറച്ചതും.

അതിനെത്രയോ മുമ്പ്
ഇതെന്തു ഭംഗി ആരെടുത്തതാ
എന്ന് അബ്ബസിക്കയുടെ വിരലുകള്‍
ചിലേടങ്ങളില്‍ പതറിവീണത്
അവള്‍ക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല,
പല്ലില്‍ ഒട്ടിയ മിഠായിയുടെ മധുരം മാത്രം
ഊര്‍ന്നിറങ്ങുന്നുണ്ട്
അവള്‍ക്കപ്പോള്‍
അഞ്ച് വയസ്സായിരുന്നു.

പാഠശാലയില്‍നിന്നു വരമ്പിലേക്കിറങ്ങുമ്പോള്‍
വഴിയൊക്കെയും തന്‍വഴിയെന്ന ഘോഷം,
പുറകില്‍ ഫലിതെത്തിന്‍ ബീജഗണിതം
ഹരീന്ദ്രനും കൂട്ടരും.

അരഞ്ഞാണം ചിരിതുള്ളിയുണരുമ്പോള്‍
ഉള്ളില്‍ കനലുറവ പൊട്ടി

അവളുടെ കഥ കേട്ട്,മതികെട്ട്
അരഞ്ഞാണത്തില്‍ കുഴഞ്ഞുവീണു കാമുകന്‍ സദാശിവന്‍.
സങ്കടക്കടല്‍ ഒരു തലോടലില്‍ അടക്കുന്നോന്‍.

ഇനിയെല്ലാ ദു:ഖവെള്ളിയും
അവള്‍ക്കോര്‍മ്മ ദിവസങ്ങള്‍.

താലിച്ചരടില്‍നിന്ന്
അരഞ്ഞാണത്തിലേക്ക്
പിടുത്തമെറിഞ്ഞത് പീതാംബരന്‍.
കുടിച്ച ചാരായത്തിന്‍ മൂര്‍ച്ഛയില്‍
അയാള്‍ക്ക് കൈ കുഴഞ്ഞു.

അരഞ്ഞാണമന്നാദ്യമായ് തോറ്റു.
പണയവസ്തുവില്‍ കൂടുതലൊന്നും
അത് അയാളില്‍ ഉണര്‍ത്തിയില്ല
അയാള്‍ അവളെയും

മണിയഞ്ചായിട്ടേയുള്ളൂ
വയസ്സമ്പതും
വഴി വിജനം മറ്റാരുമില്ല
പിള്ളേര്‍ക്ക് മീശ മുളച്ചിട്ടുമില്ല
ഒരാന്തലില്‍
അരഞ്ഞാണം എറിഞ്ഞുകൊടുത്ത്
ഓടിയത് വെറുതെ

തീവ്രപരിചരണവാര്‍ഡില്‍
സാഷ്ഠാംഗം കിടക്കുമ്പോളാണ്
ഇനി ചിരിക്കാനില്ലെന്നുറച്ചത്
മൗനത്തിലാണ്ടതും.

Subscribe Tharjani |