തര്‍ജ്ജനി

സിന്ധു. കെ. വി.

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

Visit Home Page ...

കവിത

മൂന്നാം നാള്‍ !

പനിപിടിച്ചൊരു പുഴക്കരയിലെ മരം,
പനിയാര്‍ക്ക് എന്നത് ചോദ്യമാകാത്ത വിധം
പൊള്ളുന്നുണ്ട്, എല്ലാരും.
പുഴക്കരയിലെ മരം,
പനിയില്ലാത്ത പുഴയെ ഓര്‍മ്മിക്കുകയല്ല
ഓര്‍മ്മകള്‍പോലും പനിച്ചുപോയൊരു കാലത്ത്
മാനംമുട്ടെ വളരണോ
മുട്ടെ മുട്ടെ വളര്‍ന്നിട്ട്
അങ്ങേക്കരയിലെ കാഴ്ചകള്‍ കാണണോ
എന്നും ആലോചിക്കുകയല്ല
തനിക്കായി മാത്രം ഒരു കാറ്റും തേടുകയല്ല
ഇത്തിരിപ്പോന്ന കുളിരുകളെ
താലോലിച്ചിരിപ്പല്ല,
ഇക്കണ്ട കനലിലും വളരുന്നുണ്ടെന്ന്
തിരിഞ്ഞുനിന്ന് ആരോടോ പറയാനായി
ആടിയുലയുകയാണ്
അക്കരേക്ക് പോവുന്ന കാറ്റ്
ആ ഇരമ്പലുകള്‍
ഏറ്റി കൊണ്ടുപോകുകയാണ്,
തിരിച്ചൊരു കൊടുങ്കാറ്റായവ
വരേണ്ടതുണ്ടെന്ന്
കൊഴിഞ്ഞുവീണൊരു ഇലത്താളില്‍
കുറിച്ചിടുകയാണ്
നിവര്‍ന്നു നില്ക്കുന്ന കുന്നുകളേ,
ഏകാന്തതാരകങ്ങളേ
നെഞ്ചുറപ്പുള്ള മനുഷ്യരേ,
മൂന്നാം നാള്‍ നിങ്ങളൊക്കെ
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്
വായിക്കുകയാണ്.

Subscribe Tharjani |