തര്‍ജ്ജനി

കെ. ടി. ബാബുരാജ്

Visit Home Page ...

കഥ

ഗന്ധമാദനം

ഘ്രാണശക്തി കുറയുന്നവര്‍ക്കായി ചില ഓര്‍മ്മപ്പെടുത്തലുകള്‍

(അ)പരിചിതഗന്ധങ്ങള്‍

രമാദേവിട്ടീച്ചര്‍ പ്രസവാവധിയില്‍ പ്രവേശിച്ചപ്പോള്‍ അനാഥമായിപ്പോയ സെവന്ത്‌ ഡി യിലെ ബയോളജി ക്ലാസ്സിലേക്ക്‌ ഒരു നാള്‍ വെറുതെ ഗോവിന്ദന്‍മാഷ്‌ കടന്നുവന്നു. ഗോവിന്ദന്‍മാഷ്‌ ആള്‌ ചില്ലറക്കാരനല്ല. അദ്ധ്യാപകസംഘടനയുടെ സംസ്ഥാനനേതാവ്‌. തീപ്പൊരിപ്രസംഗകന്‍, ചിരട്ട പാറയ്ക്കുരയ്ക്കുന്ന ശബ്ദം. പരുക്കന്‍ മുഖഭാവം.

ഞങ്ങള്‍ നാല്പത്തിരണ്ടു പേര്‍ ഇലയനങ്ങാതിരുന്നു.

ഗോവിന്ദന്‍മാഷ്‌ സാമൂഹ്യപാഠം മാഷാണ്‌. ഞങ്ങള്‍ക്ക്‌ വത്സലട്ടീച്ചറാണ്‌ സാമൂഹ്യം എടു ത്തിരുന്നത്‌. അതിനുവേണ്ടി മുന്നേ ഞങ്ങള്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയതാണ്‌.
ഗോവിന്ദന്‍മാഷുടെ സാമൂഹ്യപാഠത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കണേ...
മസിലുപിടിച്ച്‌ ശ്വാസംവിടാതെയുള്ള ഞങ്ങളുടെ ഇരുത്തം കണ്ടാവണം മാഷ്‌ ചിരിച്ചു. ആ ചിരി കുറച്ചുറക്കെയായി. ഞങ്ങളൊന്നയഞ്ഞു. ഞങ്ങളും ചിരിച്ചു.

സെവന്ത്‌ ഡി ക്കാരെ ഒന്നു പരിചയപ്പെടട്ടെ. ഓരോരുത്തരായി പേരു പറയുക.
എല്ലാവരും പേരു പറഞ്ഞ്‌ ഉഷാറായി.

നേരം കൊല്ലാനായി മാഷ്‌ ഒരു ചോദ്യമെടുത്തിട്ടു. നിങ്ങള്‍ക്ക്‌ ആരാകാനാണ്‌ ഇഷ്ടം.
ക്ലാസില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നിറഞ്ഞു. തുറന്നിട്ട ജാലകത്തിലൂടെ പെയിലറ്റുകള്‍ പറന്നു. തീവണ്ടി എഞ്ചിനു മുന്നില്‍ ചിലര്‍ ഡ്രൈവറായി നിന്നു. കൈയില്‍ പുസ്തകവും നീട്ടിപ്പിടിച്ച ചൂരലുമായി ഉഷാകുമാരിയെ കണ്ടു. ഫുട്ബോള്‍ ക്യാപ്റ്റനാവണമെന്നായിരുന്നു സിയാദിന്റെ ഉറച്ചശബ്ദം.

എന്താവണമെന്ന്‌ അറിയാതെ വട്ടംചുറ്റിയ എന്നെ ഗോവിന്ദന്‍ മാഷ്‌ തുറിച്ചുനോക്കി. മാഷുടെ നോട്ടത്തില്‍ ട്രൌസറിനെ അരയോട്‌ ബലമായി ചേര്‍ത്തുനിര്‍ത്തിയ ചരട്‌ അയഞ്ഞു. എന്റെ വെപ്രാളം കണ്ട്‌ മാഷ്‌ പറഞ്ഞു. ന്‍ഘും ഇരുന്നാലോചിക്ക്‌ എന്താവണംന്ന്‌.

ഞാന്‍ ഇരുന്നിടത്തുനിന്നും ആരും കാണാതെ ട്രൌസറിന്റെ ചരടുമുറുക്കിക്കെട്ടി. ഒരു കുടുക്കു വച്ചുതരാന്‍ അമ്മയോട്‌ പറഞ്ഞിട്ട്‌ എത്ര ദിവസമായി.

മാഷുടെ രണ്ടാമത്തെ ചോദ്യം വന്നു.
നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പൂവ്‌ ഏതാണ്‌?

പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നാണ്‌ പൂക്കള്‍ വിരിഞ്ഞുതുടങ്ങിയത്‌. റോസ്‌, മുല്ല, പനിനീര്‍ ചെമ്പകം, താമര... ചെമ്പരത്തിപ്പൂവുമായാണ്‌ റുക്സാബി എഴുന്നേറ്റുനിന്നത്‌. നിമിഷനേരംകൊണ്ട്‌ ക്ലാസ്സൊരു പൂന്തോട്ടമായി. അതിലേറെയും വിരിഞ്ഞത്‌ റോസാപ്പൂവാണ്‌.

എന്താ നിനക്ക്‌ പൂക്കളോട്‌ ഇഷ്ടമല്ലേ? മാഷിന്റെ ശബ്ദം കനത്തിരുന്നു.

ട്രൌസര്‍ ഊരിപ്പോകുമെന്ന്‌ എനിക്ക്‌ വീണ്ടും തോന്നി. എനിക്ക്‌ ഏതു പൂവിനോടാണ്‌ ഇഷ്ടം. പ്രത്യേകിച്ച്‌ ഏതെങ്കിലും ഒരു പൂവിനോട്‌...

ഇരിക്ക്‌. ദേഷ്യത്തോടെ മാഷുടെ ആജ്ഞ.

കുട്ടികള്‍ നിശ്ശബ്ദരായി. എല്ലാ കണ്ണുകളും എന്നിലേക്ക്‌ നീളുന്നുണ്ട്‌. മാഷു ചോദിച്ചിട്ട്‌ ഉത്തരം പറയാതിരിക്കുക. ഏതെങ്കിലും ഒരു പൂവിന്റെ പേരു പറഞ്ഞാല്‍ പോരെ.
പക്ഷേ... ഏതെങ്കിലും ഒരു പൂവ്‌...?

വൈകാതെ അടുത്ത ചോദ്യവും വന്നു.
ഏറ്റവും ഇഷ്ടപ്പെട്ട മണം.

കുട്ടികളെല്ലാവരും ഇഷ്ടഗന്ധങ്ങളെ മൂക്കില്‍ വലിച്ചു കയറ്റി. സെന്റ്‌, അത്തര്‍, റോസാപ്പൂ വ്‌, മുല്ലപ്പൂവിന്റെ മണം, ഊതുബത്തി, മുട്ടായിക്കടലാസ്‌, കൂറമുട്ടായി, വാസനസോപ്പ്‌...

ക്ലാസ്സില്‍ ഗന്ധങ്ങളുടെ ശീല്‍ക്കാരം.

അപ്പോള്‍ ഒരു ഇഷ്ടഗന്ധം വന്ന്‌ എന്നെ പൊതിഞ്ഞു. ഞാനപ്പോള്‍ അടുക്കളയിലെത്തി. അമ്മ ചീനച്ചട്ടിയില്‍ കടുക്‌ വറുക്കുകയാണ്‌. കടുക്‌ പൊട്ടിത്തീരാറായപ്പോള്‍ മൂന്നു നാല്‌ കറിവേപ്പില പറിച്ചിട്ടു. മൊരിഞ്ഞ കടകും കറിവേപ്പിലയും വെളിച്ചെണ്ണയും അമ്മ കറിച്ചട്ടിയിലേക്ക്‌ ഒഴിച്ചു. ശ്‌.. ശ്‌..ശ്‌ എന്നൊരു മ്യൂസിക്കോടെ കടുകും എണ്ണയും കറിയില്‍ കിടന്ന്‌ ഉറഞ്ഞാടി. അപ്പോള്‍ അടുക്കളിയിലാകെ ഒരു ഗന്ധം പരന്നു. ഞാനത്‌ ആവോളം വലിച്ചുകയറ്റി.

'അമ്മ കറിക്ക്‌ വറത്തിടുന്ന മണം."

കുറച്ചുറക്കെയാണ്‌ ഞാനത്‌ വിളിച്ചുപറഞ്ഞത്‌. ഒരു നിമിഷം ക്ലാസ്സ്‌ നിശ്ശബ്ദമായി. പിന്നെ ഒരു കൂട്ടച്ചിരിയാണ്‌. ഏറ്റവും ഉറക്കെ ചിരിച്ചത്‌ ഗോവിന്ദന്‍മാഷാണ്‌. ചിരിക്കിടയില്‍. മാഷ്‌ ചുമച്ചു. ചിരിയും ചുമയും ഇടകലര്‍ന്നു. മാഷുടെ കണ്ണില്‍ വെള്ളംനിറഞ്ഞു. മാഷ്‌ അടുത്തുവന്ന്‌ എന്നെ ചേര്‍ത്തൊന്നമര്‍ത്തി. ഇരിക്കാന്‍ ആംഗ്യംകാണിച്ചു.

എന്തിനാണ്‌ മാഷ്‌ ചിരിച്ചത്‌. എനിക്ക്‌ മനസ്സിലായില്ല.

എന്നെ കളിയാക്കി ചിരിച്ചതാണോ. അതും മനസ്സിലായില്ല.
അടുത്തിരിക്കുന്ന ശേഖരന്‍ ചെവിയില്‍ പറഞ്ഞു. 'മാഷ്ക്ക്‌ മണം തരൂക്കില്‌ പോയി."(തൊണ്ടയില്‍ കുടുങ്ങി)

കടുത്ത ജലദോഷം പിടിച്ച്‌ ഞാനിപ്പോള്‍ മണമില്ലാതിരിക്കുകയാണ്‌. അടുക്കളയില്‍ ഭാര്യ കറിക്ക്‌ വറത്തിടുന്നതിന്റെ സംഗീതം കേള്‍ക്കാം. ഞാന്‍ മൂക്കു വട്ടംപിടിച്ചു. എവിടെ ആ മണം? താഴെ ചെന്ന്‌ ഇന്നത്തെ പത്രമെടുത്ത്‌ മണത്തുനോക്കി. മുറ്റത്തിറങ്ങി മാതളനാരകത്തിന്റെ തളിരുനുള്ളി മൂക്കിലേക്കു കൊണ്ടുപോയി. തുളസി പറിച്ച്‌ കൈയിലെടുത്ത്‌ ഞെരടി മണത്തുനോക്കി... ദൈവമേ ഒന്നിന്റേയും മണം അറിയുന്നില്ലല്ലോ. എന്റെ മൂക്കിനെന്തു പറ്റി. അത്‌ അടഞ്ഞു കിടക്കുകയാണ്‌. കിടപ്പുമുറിയില്‍ ചെന്ന്‌ വിക്സ്‌ വേപ്പറബിന്റെ ഡബ്ബയെടുത്ത്‌ ആഴത്തില്‍ വിരലുകൊണ്ടൊന്നു തോണ്ടിമൂക്കിലേക്ക്‌ കയറ്റാന്‍ ഒരുമ്പെട്ടതാണ്‌...

അപ്പോഴാണ്‌ കൈയിലൊരു പിടുത്തം.

ഭാര്യയാണ്‌. അവള്‍ ചോദിച്ചു. എന്താ നിങ്ങളെ വിചാരം. ആ സുചിത്രട്ടീച്ചറെ പോലാവാനാ...

സുചിത്രട്ടീച്ചര്‍ക്കെന്തു പറ്റി.

ഇതു പോലെ വിക്സും അമൃതാഞ്ജനും യൂക്കാലിപ്സുമൊക്കെ വലിച്ചുവാരി മൂക്കില്‍കയറ്റി.
ഇപ്പോ ഒരു മണവും അറിയുന്നില്ല. സാമ്പാറിന്റെ മണവുമില്ല. മീന്‍കറിയുടെ മണവുമില്ല. കഷ്ടം.

മണമില്ലാത്ത ലോകം. ഓ... ആലോചിക്കാന്‍ വയ്യ. നാസികാഗ്രത്തെ ഘ്രാണകോശങ്ങള്‍ മരിച്ചുപോയി...

ആ ചിന്തയില്‍ ഞാന്‍ ചാരുകസേരയില്‍ കിടന്നു. മുന്നിലെ മേശമേല്‍ ചിതറികിടക്കുന്നുണ്ട്‌ പത്രങ്ങളും മാസികകളും പുസ്തകങ്ങളും. കഥകള്‍, കവിതകള്‍, ഉപന്യാസങ്ങള്‍, നോവലുകള്‍, അനുഭവക്കുറിപ്പുകള്‍... നമ്പ്യാരുടെ കല്യാണസൌഗന്ധികമുണ്ട്‌ മുന്നില്‍ മണംപൊഴിച്ചുനില്ക്കുന്നു. ഞാനത്‌ രണ്ടായിപ്പകുത്ത്‌ മുഖത്തോടു ചേര്‍ത്തുവെച്ച്‌ കണ്ണടച്ചു. ഗന്ധമാദനത്തില്‍നിന്നും വീശിയ സൌഗന്ധികപുഷ്പത്തിന്റെ മണവുമായെത്തിയ കാറ്റില്‍ മയങ്ങിയുറങ്ങുന്ന ദ്രൌപദിയുടെ ചിത്രം തെളിഞ്ഞു മനസ്സില്‍. നെല്ലിന്‍ത്തണ്ടു മണക്കുന്ന, എളിന്‍നാമ്പു കിളിര്‍ക്കുന്ന കടമ്മനിട്ടയിലെ വഴികള്‍ കണ്ണില്‍ നിറഞ്ഞു. കവിതയിലെ ഗന്ധങ്ങളുമായി വൈലോ പ്പിള്ളിയും അരികിലെത്തി. വെളിച്ചെണ്ണയില്‍ മൊരിഞ്ഞ പരിപ്പുവടയുടെ മണവുമായി കഥ വരുന്നത്‌ ടി. പ ത്മനാഭനില്‍ നിന്നു തന്നെ. മാങ്ങാച്ചുനയുടെ മണം വീണ്ടുമോര്‍പ്പിക്കുന്നു. സിതാരയുടെ വിഷുവോര്‍മ്മ. മുല്ലപ്പൂവിന്റെയും കാച്ചിയ എണ്ണയുടെയും മണമുള തലമുടിക്കെട്ട്‌ എന്റെ മുഖത്തേക്കഴിച്ചിട്ട്‌ മാറിനില്ക്കുന്നത്‌ എം. ടി യല്ലാതെ മാറ്റാരാണ്.

പുസ്തകം കയ്യില്‍ കിട്ടിയാല്‍ മണത്തുനോക്കുന്ന ശീലം മറക്കാതെ കൂടെയുണ്ട്‌. ജൂണ്‍മാസത്തിന്‌ അന്ന്‌ മൂന്നു തരം മണമുണ്ടായിരുന്നു. പാഠപുസ്തകം പകുത്ത്‌ മുഖത്തോടു ചേര്‍ത്ത്‌ ആവോളം വലിച്ചുകയറ്റിയത്‌ ഒന്നാമത്തേത്‌. പുതുതായി കിട്ടിയ ശീട്ടിത്തുണി കുപ്പായത്തിന്റെ കഞ്ഞിപ്പശമണം. റേഷന്‍കടകളില്‍നിന്നും കുറഞ്ഞ വിലയില്‍ കിട്ടിയിരുന്ന കണ്‍ട്രോള്‍ തുണികൊണ്ടായിരുന്നു അന്നു ഞങ്ങളുടെ ട്രൌസറും ഷര്‍ട്ടും. അയല്‍വക്കത്തെ നബീസുവിന്റെ പാവാടയും അതേ തുണികൊണ്ടുതന്നെ. സ്കൂളില്‍ യൂണിഫോം നിലവില്‍ വരാത്ത കാലത്ത്‌ യൂണിഫോമായി റേഷന്‍കടകളിലെ കണ്‍ട്രോള്‍ തുണികള്‍ മണംപരത്തി നടന്നു. പാതിരാത്രിയില്‍ എപ്പോഴോണ്‌ പുതുമഴ വരുന്നത്‌. തുറന്നിട്ട ജാലകത്തിലൂടെ മണ്ണ്‌വെന്ത മണംവരും. പുതുമണ്ണിന്റെ ഗന്ധമെന്ന്‌ പിന്നീട്‌ ഞങ്ങളതിനെ ആലങ്കാരികമായി പറയാന്‍ പഠിച്ചു. പുതുമഴയും പുസ്തകവും കുപ്പായവും ഉണ്ടെങ്കിലും സ്കൂളിലേക്ക്‌ ഞങ്ങളെ ആകര്‍ഷിച്ചത്‌ ഉപ്പുമാവിന്റെ മണം കൂടിയായിരുന്നു. പുസ്തകക്കെട്ടിനൊപ്പം കറുത്ത റബര്‍ബാന്റു കൊണ്ടു മുറുക്കി ഒരു പിഞ്ഞാണപ്പാത്രവും ഞങ്ങളോടൊപ്പം സ്കൂളിലേക്ക്‌ പോന്നു. വിശപ്പിന്റെ ഗന്ധമാണ്‌ അന്നും ഇന്നും ലോകത്തിലെ ഏറ്റവും തീക്ഷ്ണമായ ഗന്ധമെന്ന്‌ എന്നേ ഞങ്ങള്‍ പഠിച്ചിരിക്കുന്നു. കോവിലന്റെ 'റ" വായിക്കുമ്പോഴൊക്കെ പത്മിനിട്ടീച്ചറുടെ ഒന്നാം ക്ലാസിലെ ഒന്നാമത്തെ ബഞ്ചില്‍ ഉപ്പുമാവു വേവുന്നതിന്റെ മണവും കാത്ത്‌ ഇപ്പോഴും ഞാന്‍ ചെന്നിരിക്കാറുണ്ട്‌.

ഓരോ കാലത്തിനും അതിന്റേതായ ഗന്ധങ്ങളുണ്ട്‌. ഗന്ധങ്ങളുമായാണ്‌ ഉത്സവങ്ങള്‍പോലും വരിക. കല്ലുവിളക്കിലെരിഞ്ഞ നെയ്ത്തിരികളുടെയും മഞ്ഞള്‍പ്പൊടിയുടേയും ഗന്ധവുമായാണ്‌ തെയ്യം തിറകളെത്തുക. മണം പിടിച്ചാണ്‌ ഓണത്തിന്റെ വരവ്‌ അറിയുക. വിഷു വരുന്നു, പെരുന്നാള്‍ വരുന്നു, ക്രിസ്തുമസ്‌ വരുന്നു എന്നു പറയുക. ചെളി നിറഞ്ഞ വയ ലുകളില്‍ കാക്കപ്പൂവും പുല്ലരിയും പറിക്കാന്‍ ഇറങ്ങുമ്പോള്‍ സ്വകാര്യമായി പറിച്ചുതിന്നുന്ന ഇളനെല്ലിന്റെ പിട്ടലിനുപോലുമുണ്ട്‌ മധുരമൂറുന്ന മണം. അടുത്ത വീട്ടിലെ പെരുന്നാളുകളായിരുന്നു അന്നു ഞങ്ങളെ ഏറ്റവും മദിപ്പിച്ചിരുന്നത്‌. ഇറച്ചിക്കറി വേവുന്നതിന്റെയും നെയ്ച്ചോറ്‌ ഇളക്കുന്നതിന്റെയും മണംവന്ന്‌ ഞങ്ങളെ പിടിച്ചുവലിച്ചു കൊണ്ടുപോകും. നെയ്ച്ചോറ്‌ തിന്നാല്‍ സോപ്പിട്ട്‌ കൈകഴുകില്ല. മണം പോയാലോ. ഇടയ്ക്കിടെ കൈ മണത്തുനോക്കണ്ടേ. ചങ്ങാതിമാര്‍ക്ക്‌ അന്തസ്സോടെ കൈ മണപ്പിച്ചുകൊടുക്കണ്ടേ.

അമ്മമണം:

കേണല്‍ വി. പി. സുരേശന്റെ അമ്മ മണം എന്നൊരു കവിത ഈയിടെ വായിച്ചു. വിറച്ചുതുളുന്ന മഞ്ഞില്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ ഓര്‍മ്മകളുടെ മണമാണത്‌. കവിതയെക്കാളേറെ കവിതയുടെ ശീര്‍ഷകമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ഞാനപ്പോള്‍ അമ്മയുടെ മടിയിലേക്ക്‌ ഒന്നുകൂടി ചുരുണ്ടു. കൂലിപ്പണി കഴിഞ്ഞ്‌ വിയര്‍ത്തു കുളിച്ച്‌ ക്ഷീണത്തോടെ അമ്മ കോലായില്‍ വന്നിരിക്കും. അമ്മയുടെ കൈപിടിച്ച്‌ ഞാനെന്റെ തലയിലേക്ക്‌ വെക്കും. ചളിപുരണ്ട വിരലുകള്‍ എന്റെ തലമുടിയിലൂടെ പായിക്കുവാന്‍ പറയും. എത്ര തല തടവിയാലും എനിക്കു മതിയാവില്ല. അമ്മയുടെ കൈ ബലമായി പിന്നേയും പിന്നേയും ഞാന്‍ മുടിയിഴകളിലേക്കു കൊണ്ടുപോകും. കുറച്ചു കഴിയുമ്പോള്‍ അമ്മയ്ക്ക്‌ ദേഷ്യം വരും. നീ എഴുന്നേറ്റ്‌ പോകുന്നുണ്ടോ. മേലു മുഴുവന്‍ ചെളിയും മണ്ണുമാണ്‌. വിയര്‍പ്പു നാറുന്നു. ഞാന്‍ പോയി കുളിക്കട്ടെ. ഞാനപ്പോള്‍ കൂടുതല്‍ കൂടുതല്‍ അമ്മയോട്‌ ഒട്ടിച്ചേരും. അമ്മയുടെ വിയര്‍പ്പില്‍ ഞാന്‍ വാത്സല്യത്തിന്റെ ഗന്ധം നുകരും.

മക്കളോടൊപ്പം ഷട്ടില്‍ കളിച്ച്‌ വിയര്‍ത്തു കുളിച്ച്‌ കോലായില്‍ വന്നിരുന്ന എന്നിലേക്ക്‌ ഭാര്യ ചാരിയിരുന്നു. ഞാനവളെ തള്ളിമാറ്റി. എടീ നീ മാറിനില്ക്ക്‌. മേല്‌ മുഴുവന്‍ വിയര്‍പ്പാണ്‌. അപ്പോള്‍ അവള്‍ ഒന്നു കൂടി എന്നെ മുറുക്കി. പിള്ളേരു കേള്‍ക്കാതെ ചെവിയിലൊരു സ്വകാര്യം പറഞ്ഞു. ഈ വിയര്‍പ്പിന്റെ മണം എനിക്ക്‌ ഒരുപാടിഷ്ടാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലേ...

വയനാട്ടില്‍ ബി. എ ഡിന്‌ പഠിക്കുമ്പോഴാണ്‌ ക്യാമ്പസിലെ ഏറ്റവും സുന്ദരി യായ പെണ്ണിന്റെ രൂക്ഷമായ വിയര്‍പ്പുമണത്തെക്കുറിച്ച്‌ സുഹൃത്തുകൂടിയായ മാഷ്‌ പറഞ്ഞത്‌. അടുത്തുവരുമ്പോഴേക്കും അവളുടെ അസൈന്‍മെന്റും പ്രോജക്ടുമൊക്കെ നോക്കുകപോലും ചെയ്യാതെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരിക്കും. സഹിക്കാന്‍ കഴിയില്ലെടോ ആ സര്‍പ്പസുന്ദരിയുടെ രൂക്ഷഗന്ധം.

സത്യന്‍മാഷുടെ പറമ്പിലെ പാല മുറിച്ചത്‌ ഇന്നലെയാണ്‌. പതിനഞ്ചായിരം ഉറുപ്പികക്ക്‌. മുതുമുത്തശ്ശി മാവും കൂറ്റന്‍ ഒരു പാലയും മാഷ്‌ ഏതോ ഒരു മാപ്പിളയ്ക്ക്‌ വിറ്റു. കടുക്കാച്ചിമാങ്ങകള്‍ പെരുമഴ പോലെ ഉതിര്‍ക്കുന്ന മാവ്‌. കാടാച്ചിറ സ്കൂളിലെ കുട്ടികള്‍ക്ക്‌ അവരുടെ പോക്കുവരവുകളില്‍ വിരുന്നൂട്ടുന്ന മാവ്‌. കടുക്കാച്ചിമാങ്ങ കടിച്ചീമ്പി തിന്നാനേ പറ്റൂ. മുഴുവന്‍ ചകിരിയാണ്‌. മധുരം പോലെ മണവും അതി രസം. മാവു വാങ്ങിയവര്‍ക്ക്‌ ഫ്രീയായി കൊടുത്തതാണ്‌ പാല. ഒരു മാവു മുറിക്കുമ്പോള്‍ പാല ഫ്രീ.

ഞാനിവിടെ വീടുവെച്ച്‌ താമസമാക്കിയതു മുതല്‍ എന്നെ ഏറ്റവുമധികം മദിപ്പി ച്ചത്‌ ആ പാലയാണ്‌. തണുത്ത നിലാവുള്ള രാത്രികളില്‍ വീടിന്റെ ബാല്‍ക്കണിയിലിരുന്ന്‌ ഞാനൊന്ന്‌ നോക്കുകയേ വേണ്ടൂ. പാലപ്പൂമണം വന്ന്‌ എന്നെ പൊതിയും. ചാരുപടിയില്‍ കിടന്ന്‌ ഞാനത്‌ ആവോളം നുകരും. അതെന്നില്‍ ഓര്‍മ്മകളുടെ സുഗന്ധം നിറയ്ക്കും. കഴിഞ്ഞുപോയ കാലങ്ങള്‍, അടുത്തിടപഴകിയ മനുഷ്യര്‍ എല്ലാം സുഗന്ധമായെന്നില്‍ നിറയും. ഈ പാലപ്പൂമണത്തില്‍ നിന്നാണ്‌ വയനാട്ടിലെ കാപ്പിപൂത്ത തോട്ടത്തിലേക്ക്‌ ഞാന്‍ കയറുക. അവിടെ ഞാന്‍ അച്ചുവേട്ടനെ കാണും. ഒഞ്ചിയത്തെ രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന കെ. എ സ്‌. ആര്‍. ടി. സി സുപ്ര ണ്ട്‌. മഞ്ഞു പെയ്യുന്ന നിലാവത്ത്‌ കാപ്പിച്ചെടികള്‍ക്കിടയിലൂടെ 'അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം" എന്ന കവിതയും മൂളി എന്റെ കൈയും പിടിച്ചു നടക്കും. കോടിപുതച്ചു കിടത്തിയ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ ചുറ്റിലും നിറയും. രക്തസാക്ഷിത്വത്തിന്‌ ചോരയുടെ മണം മാത്രമല്ല, ധീരതയുടെ മണം കൂടിയുണ്ടെന്ന്‌ പറയുമ്പോള്‍ അച്ചുവേട്ടന്റെ തൊണ്ടയിടറും.

പ്രണയത്തിന്‌ ഒരു ഗന്ധമുണ്ടെങ്കില്‍ അത്‌ കാപ്പി പൂത്ത മണമാണെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. അതിനേക്കാള്‍ തീവ്രമായ ഒരു മണം എനിക്കു പ്രണയവുമായി ചേര്‍ത്തുവെക്കാനില്ല. അതൊരു അത്ഭുതമാണ്‌. നേരിയ ഒരു ചാറ്റല്‍ മഴയുടെ ചുടുചുംബനം മതി. പൂത്തുലഞ്ഞ്‌ മദഗന്ധം പരത്തി വിലാസവതികളാവും കാപ്പിച്ചെടികള്‍. പ്രണയത്തിന്‌ ഓംലറ്റിന്റെ മണമാണെന്നു പറഞ്ഞത്‌ കവികൂടിയായ എന്റെ പോലീസ്‌ സുഹൃത്ത്‌ ബിജുവാണ്‌. പ്രണയിച്ചിരുന്ന മൂന്നു വര്‍ഷക്കാലം തന്റെ ചോറ്റുപാത്രത്തില്‍ എന്നും അവള്‍ അവനായി ഒരു ഓംലറ്റ്‌ ഒളിപ്പിച്ചു വെക്കാറുണ്ടായിരുന്നത്രെ.

പൊട്ടനച്ഛാച്ചന്‍:

തെങ്ങിന്റെ മണവുമായാണ്‌ തേങ്ങ പറിക്കുന്ന ബാബു എന്നും കാലത്ത്‌ വീട്ടുമുറ്റത്തൂടെ കടന്നു പോവുക. വൈകുന്നേരത്തെ തിരിച്ചുള്ള യാത്രയില്‍ അവന്‌ കള്ളുമണം ചങ്ങാതിയായി ഉണ്ടാവും. തെങ്ങുകളും ചേരുമ്പോള്‍ ഞാനെന്റെ അച്ഛാച്ചനെ ഓര്‍ക്കും. ഓര്‍മ്മയിലൊരിക്കലും നിയതമായൊരു രൂപത്തില്‍ പിടി തരാത്ത എന്റെ പൊട്ടനച്ഛാച്ചന്‍. ചെവി കേള്‍ക്കി ല്ല. സംസാരിക്കില്ല. എന്നാലും എല്ലാം മനസ്സിലാവും. ഒരു ഇല അനങ്ങിയാല്‍പ്പോലും അറിയും. അമ്മയാണ്‌ പൊട്ടനച്ഛാച്ചന്റെ കഥകള്‍ പറഞ്ഞു തന്നത്‌. അതികാലത്ത്‌ അച്ഛാച്ചന്‍ കള്ളുചെത്താന്‍ ഇറങ്ങും. ചെത്തുകഴിഞ്ഞ്‌ വന്നാല്‍ എന്നെ പിടിച്ച്‌ മടിയിലിരുത്തി കള്ളുപാനിയില്‍ വിരല്‍മുക്കി മധുരക്കള്ള്‌ നാവില്‍ വെച്ചുതരും. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ അങ്ങനെ ഞാനൊരു കള്ളുകുടിയനുമായി. ഒരിക്കല്‍ അച്ഛാച്ചന്‍ കള്ളേറാന്‍ പോയപ്പോള്‍ മുറ്റത്തും പറമ്പിലും കിണറ്റുവക്കിലുമൊക്കെ അമ്മ നെഞ്ചത്തടിച്ച്‌ നിലവിളിച്ച്‌ പാഞ്ഞു നടന്നു. ഉയ്യന്റപ്പാ... എന്റെ കുഞ്ഞീന കാണുന്നില്ലപ്പാ... അമ്മയുടെ നിലവിളി അച്ഛാച്ചന്‍ കേട്ടില്ല. പക്ഷേ തന്റെ ഉടലിലാകെ പാഞ്ഞു കയറുന്ന ഒരു താളം തെങ്ങിന്റെ മണ്ടയിലിരുന്ന്‌ അച്ഛാച്ചന്‍ അറിഞ്ഞു. അച്ഛാച്ചന്‍ താഴോട്ടു നോക്കി. താഴെ തെങ്ങിന്‍ ചുവട്ടില്‍ നൂല്‍ബന്ധമില്ലാതെ ഉമിനീരൊലിപ്പിച്ചു നില്ക്കുന്ന കുഞ്ഞീനെ കണ്ടു. അവന്‍ ഒരു ഓട്ടുകഷണം കൊണ്ട്‌ തെങ്ങിലടിച്ച്‌ അച്ഛാച്ചനെ വിളിക്കുകയാണ്‌. അച്ഛാച്ചന്‍ ഒരു ഇളന്നീര്‍ വെട്ടി അതും കടിച്ചു പിടിച്ച്‌ താഴത്തിറങ്ങി. അച്ഛാച്ചന്റെ ചുമലിലിരുന്ന്‌ ഇളംനീരും കുടിച്ചുവരുന്ന കുഞ്ഞീനെ കണ്ടാവണം അമ്മ നെഞ്ചത്തടി നിര്‍ത്തിയത്‌.
ഇളന്നീരിന്റെ പാടയ്ക്ക്‌ പുരുഷബീജത്തിന്റെ ഗന്ധവുമായുള്ള സാദൃശ്യം കണ്ടെത്തിയത്‌ എന്റെ മെഡിക്കല്‍ റെപ്രസെന്റേറ്റീവ്‌ സുഹൃത്താണ്‌. യൌവ്വനത്തിന്റെ തിമര്‍പ്പില്‍ ആരാന്റെ പറമ്പിലെ തെങ്ങുകളില്‍ പാഞ്ഞുകയറി ഇളന്നീര്‍ കുലകള്‍ വെട്ടിയിട്ട്‌, ഇളന്നീര്‍തൊണ്ടുകളില്‍ അവിലും പഴവും ശര്‍ക്കരയുമിട്ട്‌ കുഴച്ച്‌ കഥകള്‍ പറഞ്ഞ്‌ നേരം വെളുപ്പിച്ച കാലത്തിന്റെ മണം അവന്‍ ഇടക്കിടെ പുറത്തെടുക്കും.

ജീവിതത്തിനെന്ന പോലെ മരണത്തിനും ഗന്ധമുണ്ട്‌. അതൊരു പേടിപ്പിക്കുന്ന മണമാണ്‌. മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണ"വും അശോകന്‍ ചരുവിലിന്റെ 'പല തരം വീടുകളും" വായിച്ചപ്പോള്‍ ഞാനത്‌ അറിഞ്ഞിട്ടുണ്ട്‌. മരണം മണക്കുന്ന വീട്‌ എന്ന്‌ കഥാസമാഹാരത്തിന്‌ പേരിട്ടപ്പോള്‍ അശറഫ് ആഡൂരിനോട്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌... വേണോ ഇങ്ങനെയൊരു പേര്‌. മരിച്ചവീടുകളില്‍ നിന്നുയരുന്ന ചന്ദനത്തിരികളുടെ മണമാണ്‌ ഏറ്റവും അസഹനീയം. വീട്ടിലെത്തി കുളിച്ചു വസ്ത്രംമാറുന്നതുവരെ കൂട്ടിനുണ്ടാവും ആ മണം. ശവശൈത്യം നിറഞ്ഞ മോര്‍ച്ചറിയുടെ ഉള്ളകത്തേക്ക്‌ ക്യാമറയും പിടിച്ച്‌ ഒരിക്കല്‍ കടക്കേണ്ടിവന്നു. ആത്മഹത്യ ചെയ്ത ഒരാള്‍ സ്ട്രക്‍ച്ചറില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. പോലീസിനു വേണ്ടി മരിച്ചയാളുടെ പല പോസിലുള്ള ഫോട്ടോകള്‍... ക്യാമറയുടെ പ്രസ്‌ ബട്ടണില്‍ കിടന്ന്‌ വിരല്‍ വിറച്ചു. ശവഗന്ധം മൂക്കില്‍ കയറാതിരിക്കാന്‍ ശ്വാസം മുറുകെ പിടിച്ചു. എന്നിട്ടോ... പ്രത്യേകിച്ചൊന്നുമില്ല. ഒരു മണവും ഞാനറിഞ്ഞില്ല. നേരിയ ഒരു തണുപ്പല്ലാതെ.

വായനാറ്റം:

നാട്ടുപാതകളുടെ ഗന്ധങ്ങള്‍ നഗരവീഥികളില്‍ ചെന്ന്‌ അവസാനിക്കുന്നു. അതിവേഗജീവിതത്തിന്റെ തീക്ഷ്ണഗന്ധങ്ങള്‍ എന്നെ ഒന്നൊന്നായി പൊതിയുന്നു. തുറന്നിട്ട ഓടകള്‍, റോഡരുകിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന പുക, തീയില്‍ പൊരിയുന്ന മസാലപുരണ്ട കോഴികള്‍, ചര്‍ദ്ദിയില്‍ വഴുതിവീണ മദ്യപന്റെ വിലാപം...
പുഴയായ പുഴയെല്ലാം കടലില്‍ ചെന്നടിയുന്നു. ഒരു പുഴയിലും കുളിക്കാന്‍ തോന്നുന്നില്ല. ഒരു കടലിലും കാലിറക്കിവെക്കാനാവുന്നില്ല. അഴുകിയഗന്ധങ്ങള്‍ എന്റെ ഘ്രാണശക്തിയെ തിരിച്ചെടുക്കുകയാണോ...

മുലപ്പാലിന്റെ മണം, സ്നേഹത്തിന്റെ സൌഹൃദത്തിന്റെ പാരസ്പര്യത്തിന്റെ പ്രണയത്തിന്റെ പ്രാര്‍ത്ഥനയുടെ വിശ്വാസത്തിന്റെ മണം... ഇവയൊക്കെ ഇല്ലാതാക്കുമാറ്‌ രാഷ്ട്രീയക്കാരന്റെ വായനാറ്റത്തിന്റെ മണമാണല്ലോ ചുറ്റും പരക്കുന്നത്‌.

കാഴ്ചയും കേള്‍വിയും രുചിയും സ്പര്‍ശവും ഓരോ ശ്വാസത്തിലും അന്യമാകുന്ന ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നില്‍ക്കുമ്പോള്‍ ഗന്ധമാദനത്തില്‍ നിന്നും ഒഴുകിയെത്തുന്ന കാറ്റിന്‌ ഇപ്പോള്‍ മനുഷ്യപ്പറ്റിന്റെ മണമില്ല.

അതിന്‌ പകയുടെ മണം... ചോരയുടെ മണം.
ശരിയാണോ ചങ്ങാതി...

*ഗന്ധമാദനം: ഗന്ധം കൊണ്ട്‌ മദിപ്പിക്കുന്ന പുരാണപ്രസിദ്ധമായ പര്‍വ്വതം.

Subscribe Tharjani |