തര്‍ജ്ജനി

പി.കെ.ശ്യാം

Visit Home Page ...

നേര്‍‌രേഖ

കൊടുങ്കാറ്റുകളെ നിങ്ങളെന്തിനാണ് ചങ്ങലക്കിടാന്‍ ശ്രമിക്കുന്നത്.

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു-ഒക്‌ടേവിയാപാസ്

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എത്രവട്ടം ചുംബിച്ചിട്ടുണ്ട്. അവളോടു ഹൃദയത്തില്‍ പരക്കുന്ന നിലാവെന്നോണം ചിരിക്കാറുണ്ടോ നിങ്ങള്‍. ഒരു ദിവസം എത്ര സമയം നിങ്ങള്‍ അവളോടു സംസാരിക്കുന്നു. സഹയാത്രികാ.. കമ്മ്യൂണിക്കേഷന്‍ എന്ന ഇംഗ്ലീഷ് പദം പിറന്നതുപോലും പൊതുവായത് എന്ന് അര്‍ത്ഥംവരുന്ന കമ്മ്യൂണിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്. ആശയവിനിമയം ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. എന്നിട്ടും എന്താണ് നിങ്ങള്‍ പരസ്പരം അറിയാതെ പോകുന്നത്. സംസാരിക്കാതെ പോകുന്നത്. ചിരിക്കാന്‍ പോലും മറക്കുന്നത്.

സമയം നിശ്ചലമായിരിക്കുന്നു. സ്ഥലം അപ്രത്യക്ഷമായിരിക്കുന്നു. നമ്മള്‍ ഇന്നു പുലരുന്നത് ആഗോളഗ്രാമങ്ങളിലാണ്. ഇങ്ങിനെ ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞയാള്‍ക്ക് മാര്‍ഷല്‍ മക്‌ലൂഹന്‍ എന്നാണു പേര്. നമ്മള്‍ വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും അകലുന്നിടത്താണ് ലോകം കുറെക്കൂടി നമ്മുടെ അടുത്തുവരുന്നത്... നമ്മളെ കൂടുതല്‍ അറിയുന്നവരുമായി നാം അടുക്കുന്നു. അതിനാലാണ് സൗഹൃദങ്ങളുടെ ഓര്‍ക്കൂടുകള്‍ പിറക്കുന്നത്. ഫേസ്ബുക്കുകളില്‍ പേജുകള്‍ കൂടുന്നത്. ഓണ്‍ലൈനായി മണിക്കുറുകള്‍ സെക്കന്റുകളായി കൊഴിഞ്ഞുപോകുന്നത്. സിംകാര്‍ഡുകള്‍ മൊബൈല്‍ഫോണുകളുടെ എണ്ണത്തിന്റെ ഇരട്ടിയാവുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യയുടെ എണ്ണത്തെ പിന്നിലാക്കും ലോകത്തിലെ മൊബൈല്‍ ഫോണുകളുടെ എണ്ണമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശയവിനിമയം എന്നത് സന്ദേശങ്ങളിലൂടെയുള്ള സാമൂഹ്യസമ്പര്‍ക്കമാണ് എന്ന് നിര്‍വചിച്ചത് ജോര്‍ജ്ജ് ഗെര്‍ബ്‌നര്‍ ആണ്. മൊബൈല്‍ഫോണ്‍വഴി സംസാരമല്ല മെസ്സേജുകളാണ് അധികമെന്ന് ഏതു മൊബൈല്‍കമ്പനിക്കാര്‍ക്കാണ് അറിയാത്തത്. അതുകൊണ്ടല്ലേ അവര്‍ ഇടയ്ക്കിടെ ഓഫറുകള്‍ മാറ്റുന്നത്. നിങ്ങളെന്തിനാണ് നിങ്ങളുടെ ഭാര്യ ആര്‍ക്കെങ്കിലും ഒരു മെസേജ് അയക്കുന്നത് അവളുടെ മൊബൈല്‍ അറിയാതെ എടുത്ത് പരിശോധിക്കുന്നത്. അവളുടെ കോള്‍ലിസ്റ്റുകളിലേക്ക് ഒളിഞ്ഞു നോക്കുന്നത്. അവളുടെ സൗഹൃദങ്ങളെ സംശയത്തോടെ നോക്കുന്നത്... ഭയക്കുന്നത്. സൗഹൃദങ്ങളെയും സ്നേഹബന്ധങ്ങളെയും തകര്‍ക്കാന്‍ നിങ്ങള്‍ക്കുള്ള അവകാശം എന്താണ്. നിങ്ങളുടെ മകളോ മകനോ ആര്‍ക്കെങ്കിലും മെസേജുകള്‍ അയക്കുന്നത് തടയാന്‍ മാത്രം കെല്പുണ്ടോ ഈ പുതിയ ലോകത്തില്‍ പുലരുന്ന നിങ്ങള്‍ക്ക്. കുടുംബമായിരുന്നു ഒരിക്കല്‍ ലോകത്തിന്റെ ഘടന. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഒരിക്കല്‍ ഇങ്ങിനൈ പറഞ്ഞു. അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി തീവ്രവാദമോ യുദ്ധമോ സ്‌ഫോടനങ്ങളോ അല്ല. അമേരിക്കയെ സംബന്ധിച്ച് എല്ലാ വിസ്ഫോടനങ്ങളെക്കാളും ആപല്‍ക്കരം കുടുംബശിഥിലീകരണമാണ്. പ്രസവിക്കാന്‍ സ്ത്രീകള്‍ക്കിഷ്ടമല്ല. വിവാഹബാഹ്യബന്ധങ്ങളാണവര്‍ ഇഷ്ടപ്പെടുന്നത്.

സഹയാത്രികാ... അച്ഛന്‍ മകനില്‍ നിന്നും അകലുന്നു... അമ്മ അച്ഛനില്‍ നിന്നും അകലുന്നു... അമ്മ പറയുന്നത് മകള്‍ക്കു മനസിലാവുന്നില്ല. മകന്റെ ചെയ്തികളൊന്നും അച്ഛനിഷ്ടമാവുന്നില്ല... ഇതൊക്ക അകക്കണ്ണില്‍ കണ്ട് ഏതു മുത്തശ്ശിയാണ് നിലവിളികളില്‍ ഒടുങ്ങിപ്പോകാതിരിക്കുന്നത്.

എന്തിനാണ് നിങ്ങള്‍ മകളുടെ മെസ്സേജുകളെ ഭയപ്പെടുന്നത്. നോക്കൂ ദൈവത്തിന്റെ ചിത്രവിരലുകല്‍ ഒരു കുഞ്ഞിന്റെ നിഷ്‌ക്കളങ്കത പോലെ ആര്‍ദ്രമാണ്. തൃഷ്ണകളുടെ ചായപ്പെട്ടി തുറന്ന് ദൈവം ഒരു ചിത്രം വരയ്ക്കുന്നു.... നിങ്ങള്‍ക്കിനി ഈ ലോകത്തില്‍ അവളെ തടയാനാവില്ല... എത്രനേരം അവള്‍ക്കു മുന്നില്‍ നിങ്ങള്‍ ടെലിവിഷന്‍ സെറ്റ് ഓഫ് ചെയ്യും? ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യും? അവളുടെ എത്ര മൊബൈലുകള്‍ എറിഞ്ഞുടയ്ക്കും?

മനുഷ്യമനസ്സിന്റെ ചില്ലലമാരകള്‍ തുറന്നു തന്നെ കിടയ്ക്കട്ടെ... അടയ്ക്കാന്‍ ശ്രമിക്കുന്നിടത്താണ് അപകടം. ഒരു താരകയെ കാണുമ്പോള്‍ അത് രാവുമറക്കും... പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും... പാല്‍ച്ചിരി കണ്ടത് മൃതിയെ മറന്നു സുഖിച്ചേ പോവുന്ന പാവം മനുഷ്യമനസ്സുകളെ തടയാന്‍ മാത്രം ആരാണ് നിങ്ങള്‍? സ്നേഹബന്ധങ്ങളുടെ മയില്പീലിത്തുണ്ടുകളല്ലേ ജീവിതം? ചെറിയ ചെറിയ കാര്യങ്ങളുടെ തമ്പുരാക്കന്മാരല്ലേ നമ്മളൊക്കെയും... നിങ്ങളൊരാളെ സ്നേഹിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ദൈവമുണ്ടെന്നല്ല പറയേണ്ടത്... ഞാന്‍ ദൈവത്തിന്റെ മനസ്സില്‍ ആയിക്കഴിഞ്ഞു എന്നാണ്. സ്നേഹസൗഹൃദങ്ങളുടെ പൂമരങ്ങളെക്കുറിച്ച് ഇങ്ങിനെ പറഞ്ഞതും ലബനീസ് കവി ഖലീല്‍ ജിബ്രാന്‍.

ആശയവിനിമയം എന്നത് ചിന്തകള്‍, വികാരങ്ങള്‍, വാക്കുകള്‍ തുടങ്ങി എല്ലാറ്റിന്റെയും അനര്‍ഗ്ഗളമായ ഒരു കൈമാറ്റമാണ്. സമാനഹൃദയമുള്ളവര്‍ തമ്മിലുള്ള ആശയവിനിമയം കവിതയുടെ നിര്‍ത്ധരി പോലെയാണ്. അതു ചിലപ്പോള്‍ മൊബൈലിലെ മെസ്സേജും നെറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ചാറ്റിങും ആയി രൂപം മാറുന്നു ഈ കാലത്ത്. അവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കാണ് തെറ്റുപറ്റുന്നത്. ഈയടുത്ത് ഒരു കഥ കേട്ടിട്ടുണ്ട്. ബിരുദത്തിനു പഠിക്കുന്ന മകളുടെ മൊബൈല്‍ അച്ഛന്‍ അവളറിയാതെ എടുത്തുനോക്കി. സേവ് ചെയ്ത പേരുകള്‍ കണ്ട് അച്ഛന്‍ ബോധംകെട്ടു വീണത്രേ. ഡി.ജി.പി, എ.ഡി.ജി.പി, ഐ,ജി, കമാന്‍ഡിങ് ഓഫിസര്‍ എന്നൊക്കെയുള്ള പേരിലായിരുന്നു മകള്‍ നമ്പറുകള്‍ പലതും സേവ് ചെയ്തിരുന്നത് .

ബാരീ... നിശബ്ദതയുടെ മുഖം മങ്ങിത്തുടങ്ങിയത് ഞാനറിഞ്ഞിരുന്നില്ല. പുലര്‍കാലമായതിനാലാവണം. മഞ്ഞിന്റ കടുവക്കുട്ടികള്‍ നിദ്ര വിട്ടുണര്‍ന്നിരുന്നില്ല. ഹേമന്തത്തില്‍ വിരുന്നു വരാറുള്ള മല്‍സ്യാകൃതിയുള്ള നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നുകൊണ്ട് നിന്റെ നഗ്നത കോരിക്കുടിക്കുന്നു. ഞാനെത്ര ഭയചകിതനാണ്. ഒരു മുയല്‍ക്കുഞ്ഞിന്റെ ഭയമാണ് എന്റേതെന്ന് നീ വിളിച്ചുപറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല. നീ വരുമ്പോഴെല്ലാം ലബനോണിലെ ഉദ്യാനങ്ങള്‍ ഇത്ര അരികിലെത്തിയോ എന്ന് ഞാന്‍ സംശയിച്ചുപോകാറുണ്ട്. നോക്കൂ, സുഗന്ധത്തിനുമൊരു സംഗീതധാരയുണ്ട്. അതു കൊണ്ടാണല്ലോ നീ വരുമ്പോഴെല്ലാം ഞാന്‍ പാടിപ്പോകുന്നത്.
ഖലീല്‍ ജിബ്രാന്‍

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2013-09-17 17:03.

ആശയവിനിമയത്തിനായുള്ള പുതിയ സംവിധാനങ്ങള്‍, മൊബൈല്‍ഫോണ്‍ മുതല്‍ ഇന്റര്‍നെറ്റ് വരെ സ്വാതന്ത്ര്യത്തിന്റെ പുതിയലോകം തുറന്നിട്ടുണ്ടെന്നത് വാസ്തവം. അതിന്റെ ഉപയോഗം പോലെ ദുരുപയോഗവും ആലോചിക്കപ്പെടേണ്ടതില്ലേ?

ഈ ആലോചനകളുടെ ഇംപ്രഷണിസ്റ്റിക് സ്വഭാവം ഇഷ്ടപ്പെട്ടു