തര്‍ജ്ജനി

സുനില്‍ .പി.എസ്

Anaesthetist,
Khoula Hospital,
P.O. Box 358,
Mina Al Fahal,Muscat, Oman.
ഇ മെയില്‍ : sunilps101@gmail.com

Visit Home Page ...

കവിത

പണിതീരാത്ത വീടുകള്‍

കാലമേറെയായിട്ടും പണിതീരാത്ത വീടുകളില്ലേ;
ഒരു ഓര്‍മപ്പിശകു പോലെ...
സിമന്റ് പൂശാതെ, മേല്‍ക്കൂര മേയാതെ...
പാതിതീര്‍ന്ന ഭിത്തിയില്‍ നിന്നെത്തി നോക്കും
തുരുമ്പിച്ച കമ്പിയുടെ അസ്ഥികൂടങ്ങളുമായ്.....
ഒന്ന് ഉള്‍വലിഞ്ഞു, ഒന്നുംമിണ്ടാതെ നില്ക്കുന്നവ..!!

കാരണങ്ങള്‍ പലതാകാം;
തികയാത്ത ലോണ്‍ തുക, കൈ പൊള്ളുന്ന
പലിശകള്‍, പെട്ടെന്നുള്ളൊരു മരണമാകാം;
എന്തുമാകട്ടെ ; അത് അങ്ങനെ നില്ക്കും,
ഒരു അപശകുനം പോലെ ,
പണിതീരാത്ത വീടുകള്‍...!!!!

പണി തീര്‍ന്നില്ലെന്നുകരുതി
ആള്‍പാര്‍പ്പില്ലെന്നു കരുതണ്ട...;
വാതില്‍ ഒന്ന് തട്ടി നോക്കണം;
ഒരു തെല്ല് ജാള്യയോടെ ഒരു
അച്ഛന്‍ ഇറങ്ങി വന്നേക്കാം;

“ മഴ തീര്‍ന്നിട്ടു വേണംപണി തീര്‍ക്കാന്‍ ”
എന്ന് കള്ളം പറഞ്ഞേക്കാം..;
ക്ഷമിച്ചേക്കണം; ഒരായുസ്സിന്റെ
സ്വപ്നം പൊലിഞ്ഞുപോയതിന്റെ
ദുഖമുണ്ടാകുമാ കണ്‍കളില്‍...

ചിലപ്പോള്‍ ഒരമ്മ വന്നേക്കാം
രാത്രിയില്‍ പൂട്ടാന്‍ കഴിയാത്ത
വാതിലുകളെ കുറിച്ചും,
തുറന്നു കിടക്കുന്ന പാളിയില്ലാത്ത
ജനലുകളെക്കുറിച്ചും ആവലാതിയോടെ
നിങ്ങളോട് പറഞ്ഞേക്കാം....

പുസ്തകകെട്ടുമായി വന്നുകേറുന്നൊരുകുഞ്ഞു;
വര്‍ഷാവസാനപരീക്ഷയ്ക്കെങ്കിലും
കറന്റ് കിട്ടുമോയെന്നു, ആരോടെന്നില്ലാതെ
ഒരു ചോദ്യമെറിഞ്ഞേക്കാം....

തിരിച്ചു പോരുമ്പോള്‍ മുറ്റത്തെത്തി
തിരിഞ്ഞൊന്നു നോക്കണം..;
പാളിയില്ലാത്ത ജനലിന്‍ മറയില്‍,
പണിതീരാത്ത വീടുകള്‍പോലെ
അങ്ങനെ നിന്നുപോകുമോ എന്ന്
ആശങ്ക ഉള്ളില്‍ നിറച്ചു
കല്യാണസ്വപ്നങ്ങളുമായി ചില
കണ്ണുകള്‍ കാണാം..!!

മഴയില്‍ ചോര്‍ന്നൊലിച്ചും
വെയിലില്‍ വാടിത്തളര്‍ന്നും
രാത്രിയില്‍ സാക്ഷയില്ലാത്ത
വാതില്‍ അമര്‍ത്തി ചാരിയും ,
കാറ്റില്‍ തുറക്കുന്ന ജാലകങ്ങളെ
ഇറുക്കി പിടിച്ചും,
പാതി പണിതീര്‍ന്ന മതിലുകള്‍
കടന്നെത്തും തെരുവുനായ്ക്കള്‍
പങ്കിട്ടെടുത്ത കളനിറഞ്ഞ മുറ്റവുമായ്,
ഉള്ളില്‍ തീരാത്ത കാത്തിരിപ്പുമായി,
ഒരു പാല്‍കാച്ചല്‍ സ്വപ്നംകണ്ടു,
പണിതീരാത്ത വീടുകള്‍
അങ്ങനെ നില്ക്കുന്നുണ്ടാകും
ഒരു അപശകുനം പോലെ...!!!!!

Subscribe Tharjani |