തര്‍ജ്ജനി

ലേഖനം

"ബാഹ്യഇടപെടലുകള്‍ അയോഗ്യതയായി പരിഗണിക്കും''!

ഡോ. സി. ജെ. ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.
Visit Home Page ...

സോമനാഥന്‍ പി.

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.
Visit Home Page ...

മാതൃഭൂമിപത്രത്തില്‍ മലയാളസര്‍വ്വകലാശാലാനിയമനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

ചില വാക്യങ്ങള്‍ അങ്ങനെയാണ്, ആലോചനാമൃതം. ഓര്‍ക്കുന്തോറും അതിന്റെ ധ്വനിസൂചനകള്‍ വളര്‍ന്നുവളര്‍ന്നുവരും. കവിതപോലെ. ഒരു സ്ഥാപനത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്ന പത്രപ്പരസ്യത്തില്‍ അത്തരം വാക്യങ്ങള്‍ നാം പ്രതീക്ഷിക്കാറില്ല. കേരളത്തില്‍ ഏറ്റവും ഒടുവില്‍ നിലവില്‍വന്ന സര്‍വ്വകലാശാല അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന പത്രക്കുറിപ്പില്‍ പറയുന്നതു വായിക്കുക: 'ഏതെങ്കിലും തരത്തിലുള്ള ബാഹ്യഇടപെടലുകള്‍ അയോഗ്യതയായി പരിഗണിക്കും'.

ഈ ആര്‍ജ്ജവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വാധീനമില്ലാതെ ഒന്നും നടക്കുകയില്ല എന്ന പൊതുവിശ്വാസം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അത് അസാമാന്യമായ ധീരത ഉള്‍ക്കൊള്ളുന്ന വാക്യമാകുന്നു. അനാവശ്യമായ കാര്യങ്ങള്‍ക്കായി പണവും പരിചയവും അദ്ധ്വാനവും വ്യയം ചെയ്യേണ്ടതില്ല എന്നൊരു മുന്നറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുക വഴി സര്‍വ്വകലാശാല ഉദ്യോഗാര്‍ത്ഥികളായ മനുഷ്യരോടു മാത്രമല്ല, മുഴുവന്‍ സമൂഹത്തോടുമുള്ള പരിഗണനയും പ്രതിബദ്ധതയുംകൂടി വെളിപ്പെടുത്തുന്നുണ്ട് ഈ അറിയിപ്പില്‍. കേരളത്തിന്റെ സമകാലികസാഹചര്യത്തില്‍ ഈ പരിഗണനയുടെ മൂല്യം തിട്ടപ്പെടുത്താവുതല്ല.

അതേസമയം ഈ മുറിയിപ്പില്‍ ചില ദുസ്സൂചനകളും വായിച്ചെടുക്കാം. ഉദ്ദേശ്യത്തിനു വിരുദ്ധമായി, സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ശുദ്ധാത്മാക്കളെ അതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്ന ധര്‍മ്മം കൂടി ഈ വാക്യം അനുഷ്ഠിക്കുന്നുണ്ട്. ആഭ്യന്തരമായ സ്വാധീനം മാത്രമേ പാടുള്ളൂ എന്നും വ്യാഖ്യാനിക്കാം. ഇതൊക്കെ ദോഷൈകദര്‍ശനമാണെന്ന് തള്ളിക്കളയാവുതല്ല. സര്‍വ്വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങളെക്കുറിച്ചറിയാവുന്നവര്‍ക്കെല്ലാം അറിവുള്ളതാണിത്.

കേരളത്തിലെ സര്‍വ്വകലാശാലകള്‍ ജനാധിപത്യപരമായി രൂപീകരിക്കപ്പെട്ട സമിതികളാല്‍ നിയന്ത്രിക്കപ്പെടുവയാണ്. എങ്കിലും അവിടെയല്ലാം യോഗ്യതയെയും മാനദണ്ഡങ്ങളെയും അട്ടിമറിച്ചുകൊണ്ടും സ്വജനപക്ഷപാതപരമായുമാണ് നിയമനങ്ങള്‍ നടക്കുന്നത് എന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണല്ലോ എന്നാണ് പ്രസ്തുതവാക്യത്തിന്റെ മറ്റൊരു ധ്വനി. സ്വാധീനം രാഷ്ട്രീയകക്ഷിയോടുള്ള കൂറും അടിമത്തവുമാകാം മന്ത്രിമാരടക്കം ഭരണയന്ത്രത്തിന്റെ ഭാഗമായവരുടെ സ്വാധീനമാകാം വ്യക്തിബന്ധങ്ങളോ പണമോ പദവിയോ എന്തുമാകാം. അതെല്ലാം ജനസമ്മതമായ കാര്യങ്ങളായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിവക്ഷ. അത്തരമൊരു സാമാന്യവല്ക്കരണത്തെ കുറ്റപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. കാലടി ശ്രീശങ്കരാചാര്യസംസ്‌കൃതസര്‍വ്വകലാശാലയുടെ നിയമനചരിത്രം മാത്രം അതിനു മതിയാകും. അതിന്റെ ആരംഭം മുതല്‍ നടന്ന നിയമനങ്ങളില്‍ മിക്കതും കോടതിയിലെത്തിയിരുന്നു. ആക്ഷേപമില്ലാതെ അവിടെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നു സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയാത്തവിധം കോടതിവ്യവഹാരങ്ങളും 'വ്യവഹാരപഠനങ്ങ'ളും കുമിഞ്ഞുകൂടിയിട്ടുണ്ട്.

സാമൂഹികമായ ഈ ദുരവസ്ഥയെ കാവ്യഭംഗിയോടെ കവി തുഞ്ചെഴുത്തച്ഛന്റെ പേരിലുണ്ടായ മലയാളസര്‍വ്വകലാശാല വെളിപ്പെടുത്തിയിരിക്കുന്നു എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. അതോടൊപ്പം ചില സംശയങ്ങള്‍ ഉണ്ടാവുന്നത് അതൊരു തന്ത്രം മാത്രമാണോ എന്ന കാര്യത്തിലാണ്. സര്‍വ്വകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് പല കോണുകളില്‍നിന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ അഴിമതിയെ പ്രതിരോധിക്കാന്‍ ആ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തുടക്കത്തില്‍ത്തന്നെ മലയാളസര്‍വ്വകലാശാല മുതിരാഞ്ഞതെന്തുകൊണ്ട്? മറ്റു സര്‍വ്വകലാശാലകള്‍ക്ക് മാതൃകയായിത്തീരാനുള്ള ഈ സുവര്‍ണ്ണാവസരം പാഴാക്കിക്കളയുകല്ലേ ഫലത്തില്‍ മലയാളസര്‍വ്വകലാശാല ചെയ്തത്? (ജീവനക്കാരുടെ നിയമനം പി.എസ്.സി. വഴിയായരിക്കുമെന്ന് മാതൃകാപരമായിത്തന്നെ സര്‍വ്വകലാശാല നിയമം ഉണ്ടാക്കിയിരിക്കുന്നു.)

സര്‍വ്വകലാശാലകളിലേക്ക് നിയമനം നടത്തുമ്പോള്‍ പാലിക്കുന്ന നിയമപരമായ മുന്‍കരുതലുകള്‍ എത്രയെല്ലാമുണ്ടായാലും അതെല്ലാം നിഷ്ഫലമായിത്തീരുന്നു എന്നാണല്ലോ അഴിമതി നടക്കുന്നു എന്ന വിചാരത്തിന്റെ പശ്ചാത്തലം. അതേ രീതികള്‍ തന്നെ പിന്തുടര്‍ന്നാല്‍ അഴിമതിയെ ചെറുക്കാനാവില്ല എന്നുറപ്പ്. അത്തരം പഴുതുകളെല്ലാം അടയ്ക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് മലയാളസര്‍വ്വകലാശാല പുതുതായി സ്വീകരിച്ചിട്ടുള്ളത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മലയാളസര്‍വ്വകലാശാല അതിന്റെ പിറവിക്കു മുമ്പുതന്നെ പൊതുചര്‍ച്ചയില്‍ വലിയ ഇടം നേടിയിട്ടുള്ളതാണ്. ആ നിലയ്ക്ക് മേല്പറഞ്ഞ ഒരു വാക്യം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല മുന്‍കരുതലുകള്‍. യോഗ്യതാമാനദണ്ഡങ്ങളെ സംബന്ധിച്ചു നിലവിലുള്ള നിയമങ്ങളനുസരിച്ചു തികച്ചും സുതാര്യമായും നീതിപൂര്‍വ്വകമായും നിയമനങ്ങള്‍ നടത്തുവാനുള്ള ആസൂത്രണം നടത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ നോട്ടിഫിക്കേഷനുശേഷവും ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ചറിഞ്ഞ് കരാറുണ്ടാക്കുതായി കഥകള്‍ പരക്കുന്ന സാഹചര്യത്തിലാണ് ഇതു പറയേണ്ടിവരുന്നത്. 'ജോലി കിട്ടിയാല്‍മാത്രം പണം നല്‍കിയാല്‍ മതി'' എന്നണത്രെ വാഗ്ദാനം!

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനുദ്യമിക്കുന്ന യു.ജി.സി. അദ്ധ്യാപകനിയമനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സര്‍വ്വകലാശാലയും കോളേജും പിന്തുടരേണ്ട ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബിരുദാനന്തരബിരുദത്തിന് വെറുതെ ജയിച്ചാല്‍പ്പോരാ, 55 ശതമാനം മാര്‍ക്കുനേടിയിരിക്കണം. കൂടാതെ, യു.ജി.സി നടത്തുന്ന പരീക്ഷയില്‍ (NET) ജയിച്ചിരിക്കുകയും വേണം. ഇത്തരം ഉപാധികള്‍ ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്. അടിസ്ഥാനയോഗ്യതയോടൊപ്പം യു.ജി.സി. നിയമനത്തെ മുന്‍നിര്‍ത്തി, സെലക്ഷന്‍ കമ്മിറ്ററിയുടെ ഘടനയും ഇന്റര്‍വ്യൂവിന്റെ പ്രകൃതവും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിച്ചുനല്കിയിട്ടുണ്ട്. വൈസ്ചാന്‍സലര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ അതാത് വിഷയത്തില്‍ പണ്ഡിതരായിട്ടുള്ള മൂന്ന് അംഗങ്ങളും (സര്‍വ്വകലാശാലയുടെ നിയമാനുസൃതമായ സമിതി നല്കിയ പാനലില്‍നിന്ന് വൈസ്ചാന്‍സലര്‍ തിരഞ്ഞെടുക്കുവരായിരിക്കണം ഇവര്‍) നിര്‍ദ്ദിഷ്ടവിഷയത്തിന്റെ ഡീന്‍, ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍, പട്ടികജാതി/വര്‍ഗ്ഗം/മറ്റു പിന്നോക്കവിഭാഗം/ന്യൂനപക്ഷം/ സ്ത്രീ/ഭിശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകരുണ്ടെങ്കില്‍ ചുരുങ്ങിയത് ഈ വിഭാഗങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍പ്പെടുന്ന ഒരാള്‍, (നേരത്തെ സമിതിയില്‍ ഇല്ലാത്തപക്ഷം വൈസ്ചാന്‍സലര്‍ നോമിനേറ്റു ചെയ്യുന്ന ഒരു പണ്ഡിതന്‍) വിഷയത്തിലെ പ്രഗത്ഭരെക്കൂടാതെ പുറത്തുനിന്നുള്ള നാലംഗങ്ങള്‍ എന്നിവരടങ്ങിയതാവണം സമിതി.

വസ്തുനിഷ്ഠവും സുതാര്യവും വിശ്വസനീയവുമായ രീതിയിലായിരിക്കണം അപേക്ഷകരുടെ യോഗ്യതകളെ വിലയിരുത്തേണ്ടതെന്നും യു.ജി.സി. നിഷ്കര്‍ഷിക്കുന്നുണ്ട്.

അടിസ്ഥാനയോഗ്യതക്കു പുറമെ ഏതൊക്കെ യോഗ്യതകളാണ് ഇന്റര്‍വ്യൂവില്‍ പരിഗണിക്കേണ്ടതെന്നും അവയ്ക്കു കല്പിക്കേണ്ട മൂല്യമെന്തെന്നും വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

APIs പ്രസിദ്ധീകരണം പരമാവധി മാര്‍ക്ക്
ഗവേഷണ പ്രബന്ധങ്ങള്‍‌ റഫറീഡ് ജര്‍ണലുകള്‍ പ്രസിദ്ധീകരിച്ചതിന് 15
ISBN/ISSN നമ്പറുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലുള്ളവ 10
പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ച കോണ്‍‌ഫറന്‍‌സ് പേപ്പര്‍ 10
ഗവേഷണമൂല്യമുള്ള പുസ്തകങ്ങള്‍ അന്താരാഷ്ട്ര പ്രസാധകര്‍ വഴിയുള്ള ടെക്സ്റ്റ് പുസ്തകം. പുസ്തകത്തിന് 50
അദ്ധ്യായത്തിന് 10
ISBN/ISSN നമ്പറുള്ള ദേശീയ/സംസ്ഥാന സര്‍ക്കാര്‍ പ്രസാധകര്‍ വഴിയുള്ള ടെക്സ്റ്റ് പുസ്തകം പുസ്തകത്തിന് 25
അദ്ധ്യായത്തിന് 5
ISBN/ISSN നമ്പറുള്ള മറ്റു പ്രസാധകര്‍ വഴിയുള്ള ടെക്സ്റ്റ് പുസ്തകം പുസ്തകത്തിന് 15
അദ്ധ്യായത്തിന് 3
വലിയ വാല്യങ്ങളുള്ള പ്രൌഢമായ അന്താരാഷ്ട്ര പ്രസാധകരുടെ പുസ്തകത്തിലെ അദ്ധ്യായത്തിന് 10
വലിയ വാല്യങ്ങളുള്ള പ്രൌഢമായ ദേശീയ/സംസ്ഥാന സര്‍ക്കാര്‍‌ പ്രസാധകരുടെ പുസ്തകത്തിലെ അദ്ധ്യായത്തിന് 5

പട്ടികയില്‍ കാണിച്ചതിനുപുറമെ, പ്രൊജക്ടുകളും ഗവേഷണത്തിന് ഗൈഡായതിന്റെ പരിചയവുമെല്ലാം ഉയര്‍ന്ന പോസ്റ്റുകളിലേക്കുള്ള അക്കാദമികനിലവാരസൂചിക (Academic Progress Index) കണക്കാക്കാന്‍ പരിഗണിക്കും. ഇന്റര്‍വ്യൂ നടത്തിയാല്‍ ഇവയെല്ലാം ചേര്‍ത്ത് നല്‍കാവുന്ന മാര്‍ക്കിന്റെ രീതി, അക്കാദമികമികവിനും ഗവേഷണരേഖകള്‍ക്കും കൂടി 50 ശതമാനം, വിഷയത്തിലുള്ള പാണ്ഡിത്യത്തിനും അദ്ധ്യാപനനൈപുണിക്കും കൂടി 30 ശതമാനം, ഇന്റര്‍വ്യൂവിലെ പ്രകടനത്തിന് 20 ശതമാനം എന്നിങ്ങനെയാണ്. അസോസിയേറ്റ് പ്രൊഫസര്‍ക്ക് മിനിമം API 300 പോയന്റ്, പ്രൊഫസര്‍ക്ക് മിനിമം API 400 പോയന്റ് എന്നിവ അടിസ്ഥാനയോഗ്യതയാണ്.

ഇങ്ങനെ വ്യക്തവും വിശദവുമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളുമുള്ള സാഹചര്യത്തില്‍ അടിസ്ഥാനയോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാന്‍ അവസരം (പ്രമുഖപണ്ഡിതരെ നിയമിക്കുന്നതില്‍ ഒഴികെ) ഇല്ലെന്നുതന്നെ പറയാം. അപ്പോള്‍ അഴിമതിയെക്കുറിച്ചുള്ള ഈ ആശങ്ക ഒരു മതിവിഭ്രമം മാത്രമല്ലേ എന്ന തോന്നല്‍ സ്വാഭാവികമാണ്.
അടിസ്ഥാനയോഗ്യതയുള്ളവരെ നിയമിക്കുന്നത് ഒറ്റ നോട്ടത്തില്‍ അഴിമതിയായി കരുതാനാവില്ല. പക്ഷെ അതില്‍ ചില പ്രശ്നങ്ങളടങ്ങിയിട്ടുണ്ട്.

അടിസ്ഥാനയോഗ്യതയുള്ളവരുടെ എണ്ണം വളരെക്കൂടുതലും തസ്തികകളുടെ എണ്ണം വളരെക്കുറവുമാകുന്ന സാഹചര്യത്തില്‍ അക്കൂട്ടത്തില്‍ ഏതെങ്കിലും ഒരാളെ നറുക്കിട്ടെടുക്കുന്നതുപോലെ നിയമിക്കാന്‍ തീരുമാനിക്കുന്നത് യുക്തമല്ലല്ലോ. അത് മേല്പറഞ്ഞ മാനദണ്ഡങ്ങളുടെയും മാര്‍ഗ്ഗരേഖകളുടെയും അന്തസ്സത്തയെ ഉള്‍ക്കൊള്ളുന്ന നടപടിയാവില്ല. അടിസ്ഥാനയോഗ്യതയുള്ള അപേക്ഷകരെത്തന്നെ വിലയിരുത്തി ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥിയെത്തന്നെ വേണം നിയമിക്കാന്‍. കാരണം ആ മികവ് അടുത്ത തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ അത് അത്യാവശ്യമായതിനാല്‍ സര്‍ക്കാറിനെ സംബന്ധിച്ചും സമൂഹത്തെ സംബന്ധിച്ചും അത് അനിവാര്യമാണ്. അതിനുവേണ്ടിയാണ് യു.ജി.സി. നിലകൊള്ളുന്നതും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതും.

യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അന്തസ്സത്തയെ ആദരിക്കുമ്പോള്‍ അയോഗ്യനാണെന്ന് സ്വയം തോന്നുന്ന ആള്‍ മാത്രമേ അഴിമതിയ്ക്കുള്ള വഴികളിലൂടെ കടന്നുവരികയുള്ളൂ. അങ്ങനെ നിയമിതനാകുന്ന ഒരാള്‍ തീര്‍ച്ചയായും അയാളുടെ വിദ്യാഭ്യാസയോഗ്യതയെക്കാള്‍ സ്വജീവിതത്തില്‍ മാനിക്കേണ്ടത് അയാളെ നിയമിക്കാന്‍ അടിസ്ഥാനമാക്കുന്ന മറ്റു 'യോഗ്യത'കളാണ്. അതിന് പരിഗണന നേടിക്കൊടുക്കുന്ന ശക്തിയോട് എന്നെന്നും അയാള്‍ കടപ്പെട്ടവനായിരിക്കുകയും ചെയ്യും. കോഴ കൊടുത്തു പണി വാങ്ങിയ ആള്‍ പണിയെടുത്തുകിട്ടുന്ന വരുമാനത്തില്‍ തൃപ്തനാവില്ല. മറ്റുവഴികളിലൂടെ പണം സമ്പാദിക്കാന്‍ അയാള്‍ മടിക്കുകയില്ല. രാഷ്ട്രീയമായ പിന്‍ബലംകൊണ്ടു നേടിയ ആള്‍ ആ പാര്‍ട്ടിക്കുവേണ്ടി ഏതു വിടുപണിയും ചെയ്യാന്‍ ബാദ്ധ്യസ്ഥനാണ്. അതായത് വ്യക്തിപരമായി അയാളുടെ ധാര്‍മ്മികതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും ആ പണിയില്‍ കാണുകയില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിനുനേരെയുള്ള വെല്ലുവിളിയാണ് അക്കാദമികരംഗത്തെ നിയമനങ്ങളില്‍ നടക്കുന്ന അഴിമതി എന്നാണ് സൂചിപ്പിക്കുന്നത്.

അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ കുറഞ്ഞകൂലിക്ക് ആളുകള്‍ പണിയെടുക്കുതിന് പിന്നില്‍ മനേജുമെന്റിന്റെ ഔദാര്യമാണ് തനിക്കു ജോലി തന്നതെന്ന അടിമത്തബോധം നിഴലിച്ചു നില്ക്കുന്നതു കാണാതിരുന്നുകൂടാ. എയ്ഡഡ് സ്ഥാപനങ്ങളില്‍ കോഴ നല്കി ജോലി നേടുന്നവരുടെ സ്ഥിതിയും ഭിന്നമല്ല. നമ്മുടെ സാഹചര്യം തൊഴില്‍രഹിതരെ അത്തരം മാനസികാവസ്ഥയിലേക്ക് നിര്‍ബ്ബന്ധിച്ച് എത്തിക്കുമെന്നത് കരുണാപൂര്‍വ്വം കാണേണ്ട കാര്യമാണെന്നിരിക്കിലും. ഇതിനൊക്കെപ്പുറമെ, സ്വന്തം യോഗ്യതകള്‍ അവഗണിക്കപ്പെടാതിരിക്കാന്‍തന്നെ കനത്ത ശുപാര്‍ശകള്‍ ഉറപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ് ആലംബഹീനരായ തൊഴില്‍രഹിതര്‍ എന്ന വസ്തുതയെയും തള്ളിക്കളായാനാവില്ല. എന്തായാലും നിയമനകാര്യത്തിലെ അഴിമതി ചെറിയ ഒരു തൊഴില്‍പ്രശ്നമായി ചുരുക്കിക്കണ്ടുകൂടാ.

അഴിമതി തടയണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, (തീര്‍ച്ചയായും നമുക്കങ്ങനെ പ്രതീക്ഷിക്കാം) അതിന് മുന്നോടിയായി നടക്കേണ്ടത് നിലവിലുള്ള നിയമനരീതികള്‍ എങ്ങനെയാണ് വ്യഖ്യാനിച്ച് വളച്ചൊടിച്ച് സ്ഥാപിതതാല്പര്യത്തെ വാഴിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ മറികടക്കുതെങ്ങനെയാണ്?

ഇന്റര്‍വ്യൂ നടക്കുന്നതിനു മുമ്പുതന്നെ ഉദ്യോഗാര്‍ത്ഥിയുടെ അടിസ്ഥാനയോഗ്യതയും അതിന്റെ നിലവാരവും മാത്രമല്ല അക്കാദമികമായ നേട്ടങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, അദ്ധ്യാപനപരിചയം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനുള്ള മാനദണ്ഡങ്ങളും യു.ജി.സി.നല്കിയിട്ടുണ്ട്. പക്ഷെ അതെല്ലാം മാന്‍ഡേറ്ററി അല്ല, മറിച്ച് അതാത് സംസ്ഥാനത്തിന്റെയും സര്‍വ്വകലാശാലയുടെയും പരിഗണനയ്ക്ക് വിടുകമാത്രമാണ് ചെയ്യുന്നത്. സര്‍വ്വകലാശാല നിയമിച്ച ബോര്‍ഡ് അത്തരം മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയശേഷമാണ് ഇന്റര്‍വ്യൂ നടത്തേണ്ടത്. ഈ സാഹചര്യമാണ് അവരവര്‍ക്കിഷ്ടമുള്ള വ്യാഖ്യാനങ്ങള്‍ക്കു പഴുതിടുന്നത്. അഴിമതിക്ക് കളമൊരുക്കുന്നത്.

അദ്ധ്യാപനപരിചയം, പ്രസിദ്ധീകരണങ്ങള്‍, സെമിനാര്‍പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ അധികയോഗ്യതകളില്‍ ഏതെല്ലാം കനപ്പെട്ടവയായി പരിഗണിക്കാം എന്നും ഓരോന്നിനും എത്ര മാര്‍ക്കുനല്കാം എന്നും പരമാവധി എത്ര മാര്‍ക്കു നല്കാം എന്നുമൊക്കെയാണ് വിഷയവിദഗ്ദ്ധര്‍ തീരുമാനിക്കേണ്ടത്. അതില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ക്ക് വേണ്ടുവോളം അവസരമുണ്ട്. അതുകൊണ്ടുതന്നെ അതില്‍ പങ്കാളിയാകുന്ന വ്യക്തികളുടെ അക്കാദമികമായ പ്രതിബദ്ധതയും വ്യക്തിമഹതവുമൊക്കെ നിര്‍ണ്ണായകമാണ്. രണ്ടാമത്തെ പഴുത് ഇന്റര്‍വ്യൂവിലെ പ്രകടനത്തെ വിലയിരുത്തുന്നതിലാണ്. അത് തികച്ചും രഹസ്യാത്മകവും മിക്കവാറും ആത്മനിഷ്ഠവുമായാണ് നടക്കുന്നത്. സബ്ജക്ട് എക്‌സ്പര്‍ട്ടായി വരുന്നയാള്‍ ആ സ്ഥാനത്ത് വരുന്നത് രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്‍ബലത്തിലാണെന്നിരിക്കട്ടെ, തനിക്ക് ജോലിതന്നവരുടെ വാക്കുകള്‍ അനുസരിക്കാന്‍ അയാള്‍ ബാദ്ധ്യസ്ഥനായിരിക്കുമല്ലോ. ആ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന ആളെ തിരഞ്ഞെടുക്കാന്‍ അയാള്‍ പ്രവര്‍ത്തിക്കണമല്ലോ?.
കോഴ വാങ്ങി നിയമനം നടത്തു മാനേജ്‌മെന്റ് സ്ഥാപനങ്ങളെക്കുറിച്ച് ആരോപണം കേള്‍ക്കാറുണ്ട്. അവിടെയെല്ലാം മാനേജുമെന്റിന്റെ പണക്കൊതിയെ മാത്രമാണ് നാം കുറ്റപ്പെടുത്തുക പതിവ്. ആ ലാഭക്കൊതിക്ക് അനുകൂലമായി ഒപ്പിട്ടുകൊടുക്കുന്ന വിഷയവിദഗ്ദ്ധരെ അഴിമതിക്കാരായി വിലയിരുത്താറില്ല. ഇക്കാര്യത്തില്‍ കോഴ കൊടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെക്കാള്‍ ഉത്തരവാദിത്തം വിധികര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്ന വിഷയവിദഗ്ദ്ധര്‍ക്കാണുള്ളത്. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരഴിമതിയും നടക്കുകയില്ല എന്നതില്‍ സംശയമില്ലല്ലോ. അവരത്രെ ലാഭക്കൊതിയരുടെ ഒത്താശക്കാര്‍. അക്കാദമികലോകത്ത് നിലവാരമുള്ള സംഭാവനകള്‍ നല്കിയവരും ഇന്റഗ്രിറ്റി ഉള്ളവരുമായ ആളുകളെ വേണം വിഷയവിദഗ്ദ്ധരായി തെരഞ്ഞെടുക്കാന്‍. സംശുദ്ധവും സ്വതന്ത്രവും സത്യസന്ധവും പക്ഷപാതരഹിതവുമായ തീരുമാനമെടുക്കാന്‍ അവര്‍ക്കു പ്രാപ്തിയുണ്ടാകണം. അല്ലാത്ത പക്ഷം സ്വകാര്യമാനേജ്‌മെന്റുകളിലായാലും സര്‍ക്കാര്‍ സര്‍വ്വീസിലായാലും സര്‍വ്വകലാശാലയിലായാലും മാനദണ്ഡങ്ങള്‍ പാലിച്ചെന്നുവരുത്തി അഴിമതിക്കു കളമൊരുക്കാന്‍ 'വിഷയവിദഗ്ദ്ധര്‍'ക്കു കഴിയും. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമല്ല. അതുകൊണ്ടുതന്നെ വിഷയവിദഗ്ദ്ധരുടെ തെരഞ്ഞെടുപ്പും കൂടുതല്‍ കരുതലോടെ നടക്കേണ്ടതുണ്ട്.

അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ കാടടച്ചുള്ള വെടിപോലെയാണ്. ആര്‍ക്കും ആരുടെമേലും ആരോപിക്കാം. കാരണം അതിന്റെ പിന്നാമ്പുറവൃത്തികള്‍ അതീവരഹസ്യമായിട്ടാണ് നടക്കുക. നിഗൂഢവും രഹസ്യാത്മകവുമായ പരമ്പരാഗതാചാരങ്ങള്‍ മാറ്റി സുതാര്യമായ രീതികള്‍ നടപ്പിലാക്കുകയാണ് അത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള വഴി. യുവജനോത്സവത്തിന്റെ മത്സരവേദികളില്‍ വിധികര്‍ത്താക്കളുടെ വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് അവിടെ ഉയരുന്ന ആരോപണങ്ങളെ നേരിട്ടതെന്ന് ഓര്‍ക്കുക. അതുപോലെ സര്‍വ്വകലാശാലാനിയമനവും സുതാര്യമാക്കേണ്ടതല്ലേ? ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷകളില്‍ കാണിച്ചിരിക്കുന്ന അടിസ്ഥാനയോഗ്യത മുതല്‍ അധികയോഗ്യതകള്‍ വരെ ഓരോന്നിനും നല്കു പരിഗണനാമൂല്യം യു.ജി.സി.യുടെയും മറ്റും മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്‍കൂട്ടി പട്ടികപ്പെടുത്തി നോട്ടീസ് ബോര്‍ഡിലും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുക. ഇന്റര്‍വ്യൂവിന് കല്പിച്ചിരിക്കുന്ന മാര്‍ക്ക് എത്രയെന്നും പ്രസിദ്ധപ്പെടുത്തുക. ഇന്റര്‍വ്യൂ തീരുന്ന സമയത്തുതന്നെ അതിന്റെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അപ്പോള്‍ത്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കു മുമ്പാകെ പ്രസിദ്ധീകരിക്കുക. അങ്ങനെ കടലാസുപണികള്‍ മുഴുവന്‍ പൊതുജനങ്ങള്‍ക്ക് കാണാനാകുംവിധം തുറന്നുകൊടുത്താല്‍ത്തന്നെ അനാവശ്യമായ ആരോപണങ്ങള്‍ ഇല്ലാതാകും. സുതാര്യത - അതാണ് പരമപ്രധാനമായ കാര്യം.

ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം വിലയിരുത്തി മാര്‍ക്കിടുന്ന പണ്ഡിതരുടെ പേരുവിവരങ്ങളും യോഗ്യതയും ഇന്റര്‍വ്യൂബോര്‍ഡ് രൂപീകരിച്ചാലുടനെ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ താക്കീതുചെയ്യുന്നതുപോലെ വിധികര്‍ത്താക്കളെയും താക്കീതു ചെയ്യേണ്ടതുണ്ട്. പണ്ഡിതരുടെ യോഗ്യത വെളിപ്പെടുത്തുമ്പോള്‍ അവര്‍ ഏതെല്ലാം കോളേജുകളിലും സര്‍വ്വകലാശാലകളിലും ഏതേതെല്ലാം വിഷയങ്ങളില്‍ വിധികര്‍ത്താക്കളായി പോയിട്ടുണ്ട് എന്ന വിവരം വിശദമായി എടുത്തുചേര്‍ക്കേണ്ടതാണ്. അതുപോലെ ഉദ്യോഗാര്‍ത്ഥികളെക്കാള്‍ യോഗ്യത കുറഞ്ഞ വിധികര്‍ത്താക്കള്‍ ഉണ്ടാകാതെ നോക്കേണ്ടതാണ്. അവരുടെ യോഗ്യതകളും വെളിപ്പെടുത്തേണ്ടതാണ്. ആരോപണവിധേയരും പാദസേവകരായി പേരെടുത്തിട്ടുള്ളവരും വിഷയവിദഗ്ദ്ധരായി വരാന്‍ ഇട നല്കരുത്.

ഇന്റര്‍വ്യൂ അടച്ചിട്ടമുറിയില്‍ നടക്കുന്ന ഒരു രഹസ്യപരിപാടിയാണെന്ന് മാത്രമല്ല അതിന്റെ വിലയിരുത്തല്‍ മിക്കവാറും ആത്മനിഷ്ഠവുമാണ്. ചിലപ്പോഴൊക്കെ അതിന് ഗൂഢാലോചനയുടെയും സംഘടിതതീരുമാനത്തിന്റെയും സ്വഭാവം കൈവരുന്നു. ഇന്റര്‍വ്യൂവിന്റെ ഈ രഹസ്യസ്വഭാവം പൊളിക്കേണ്ടതുണ്ട്. അതിനായി അവിടെ നടക്കുന്ന കാര്യങ്ങളത്രയും ശബ്ദവും ദൃശ്യവുമടക്കം ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകപോലും ചെയ്യുന്നത് നന്നായിരിക്കും. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിതസമയത്തിനകം പരാതികള്‍ ബോധിപ്പിക്കാനുള്ള അവസരം നല്കുകയും അതേ ബോര്‍ഡുതന്നെ പരാതികള്‍ പരിശോധിക്കുകയും സ്വീകരിച്ച മാനദണ്ഡങ്ങളും നിഗമനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. അതിനുശേഷം മാത്രമേ നിയമനോത്തരവുകള്‍ നല്കാവൂ. രായ്ക്കു രാമാനം ഫോണില്‍ വിളിച്ചുവരുത്തി തിരക്കിട്ട നിയമനം നടത്തുന്നത് അഴിമതിയുടെ പുകമണമാണ് പരത്തുന്നത്.

ഇത്തരം പല സാദ്ധ്യതകള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ അനിവാര്യമാണ് എന്നുറപ്പ്. പക്ഷെ മലയാളസര്‍വ്വകലാശാല കാര്യങ്ങളുടെ ഗൗരവം വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നാണ് നോട്ടിഫിക്കേഷന്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവുക. ധാരാളം അവ്യക്തതകള്‍ അതിലടങ്ങിയിട്ടുണ്ട്. യു.ജി.സി. അംഗീകാരം കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് നിയമനങ്ങള്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും എന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കാത്തതില്‍ കുഴപ്പം പറയാനാവില്ല. എങ്കിലും തത്തുല്യമായ മാനദണ്ഡങ്ങള്‍ എന്ന് പറയാതിരുന്നത് ശരിയാണോ? പരമ്പരാഗതമായ വിഷയങ്ങള്‍ക്കു പുറത്തുള്ള വിഷയങ്ങളില്‍ അദ്ധ്യാപകരെ ക്ഷണിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട ബിരുദങ്ങളെക്കുറിച്ച് വ്യക്തവും സ്പഷ്ടവുമായ നിര്‍ദ്ദേശങ്ങള്‍ നല്കേണ്ടതാണ്. എന്നാല്‍ പൈതൃകപഠനം, സംസ്ക്കാരപഠനം തുടങ്ങിയവയ്ക്ക് അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്ന എം.എ. ബിരുദങ്ങള്‍ ഏതെല്ലാം വിഷയങ്ങളിലുള്ളതായിരിക്കണമെന്ന് പറഞ്ഞിട്ടില്ല. അത് ഫോക്‌ലോറാണോ ചരിത്രമാണോ അന്ത്രോപ്പോളജിയാണോ ഭാഷാശാസ്ത്രമാണോ സാഹിത്യമാണോ (എങ്കില്‍ ഏതു സാഹിത്യം) എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. അതേപോലെ ഭാഷാശാസ്ത്രവിഷയത്തില്‍ ആര്‍ക്കാണ് മുന്‍ഗണന നല്കുക എതും വ്യക്തമല്ല. മലയാളത്തില്‍ എം.എ. ഉള്ളവരെയാണോ പരിഗണിക്കുക. അതോ ഭാഷാശാസ്ത്രത്തില്‍ എം.എ. ഉള്ളവരെയോ? മലയാളം എം.എ.യും എം.ഫില്‍./പിഎച്ച്. ഡി. ബിരുദങ്ങള്‍ ഭാഷാശാസ്ത്രത്തിലും നേടിയവരാണോ അതോ തിരിച്ചുള്ളവരാണോ പരിഗണിക്കപ്പെടുക? ഭാഷാശാസ്ത്രം മലയാളത്തില്‍ പഠിപ്പിക്കേണ്ടവര്‍ക്ക് മലയാളത്തില്‍ എം.എ ബിരുദം നിര്‍ബ്ബന്ധമാണോ? സംശയങ്ങള്‍ പലതാണ്.

മുന്‍ അദ്ധ്യാപനപരിചയത്തെ പരിഗണിക്കുമ്പോള്‍ യു.ജി.സി. ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. സ്ഥിരവും അംഗീകൃതവും യു.ജി.സി. നിശ്ചയിച്ചിട്ടുള്ള സേവനവേതനവ്യവസ്ഥകളില്‍ ഉള്ള സര്‍വ്വീസിനെ മാത്രമാണ് 'സര്‍വ്വീസ്' എന്നതുകൊണ്ട് യു.ജി.സി. ഉദ്ദേശിക്കുന്നത്. എഫ്.ഐ.പി. പോലെ പൂര്‍ണ്ണശമ്പളം നല്കുന്നതും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നീണ്ടുനില്ക്കുന്നതുമായ സര്‍വ്വീസിനെയും മാത്രമേ യു.ജി.സി. പരിഗണിക്കുന്നുള്ളൂ. മലയാളസര്‍വ്വകലാശാലയുടെ നോട്ടിഫിക്കേഷനില്‍ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് പാരലല്‍കോളേജിലെ അദ്ധ്യാപനപരിചയംവരെ തത്തുല്യമായി മലയാളസര്‍വ്വകലാശാലയ്ക്ക് പരിഗണിക്കേണ്ടിവരും. അങ്ങനെ ചെയ്തില്ലെങ്കില്‍ നോട്ടിഫിക്കേഷനില്‍ പറയാത്ത ഉപാധികള്‍ ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവന്നു എന്ന് ചൂണ്ടിക്കാട്ടി അത്തരം സര്‍വ്വീസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോടതിയില്‍ പോകാന്‍ കഴിയും. അങ്ങനെ പോയ ചരിത്രമുണ്ട്. അതൊന്നും ആത്യന്തികമായി നിലനില്ക്കില്ലായിരിക്കാം. പക്ഷേ, കേസുകള്‍ക്കുള്ള സാദ്ധ്യതകള്‍ നോട്ടിഫിക്കേഷനില്‍ത്തന്നെ ഉള്‍പ്പെട്ടിരിക്കുന്നു. ഇതൊക്കെ സര്‍വ്വകലാശാലക്ക് തുടക്കത്തിലേ പ്രതിച്ഛായാനഷ്ടം ഉണ്ടാക്കാനിടയുണ്ട്. അതൊഴിവാക്കാനുള്ള കരുതലുകള്‍ ഇനിയും സാദ്ധ്യമാകുമെങ്കില്‍ സാദ്ധ്യമാകട്ടെ എന്ന ആശംസയോടാണിതൊക്കെ ചൂണ്ടിക്കാണിക്കുന്നത്.

പ്രഗത്ഭരായ പണ്ഡിതരെ സര്‍വ്വകലാശാലയിലേക്ക് സ്വാംശീകരിക്കുവാനുള്ള ശ്രമമുണ്ടെന്ന് നോട്ടിഫിക്കേഷനില്‍ സൂചനയുണ്ട്. തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണിത്. സാങ്കേതികമാനദണ്ഡങ്ങളുടെ പേരില്‍ കഴിവുറ്റ ആളുകളെ പൂര്‍ണ്ണമായും സര്‍വ്വകലാശാലയ്ക്കു പുറത്തിരുത്തുതില്‍ ഭാവനാശൂന്യതയാണുള്ളത്. മറിച്ചുചിന്തിക്കുവാന്‍ കാണിച്ച ധീരതയെ ആരോഗ്യകരമായ സമീപനമായിത്തന്നെ വേണം മനസ്സിലാക്കാന്‍. പക്ഷേ, അവരെ സര്‍വ്വകലാശാലയുടെ പരമോന്നതസമിതികളുടെ തീരുമാനത്തിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ക്ഷണിച്ചുവരുത്തി നിയമിക്കുകയായിരുന്നില്ലേ ഉചിതം? പകരം സാങ്കേതികമാനദണ്ഡങ്ങള്‍ പാലിച്ചു തിരഞ്ഞെടുക്കുവരോടൊപ്പം അവരെ അപേക്ഷകരായി വിളിച്ചുവരുത്തുന്നത് പലതരം കൂടിക്കുഴച്ചിലുകള്‍ക്കും നിയമപരമായ കുഴപ്പങ്ങള്‍ക്കും വഴിവെയ്ക്കില്ലേ എന്ന് സംശയിക്കാതിരിക്കാനാവുന്നില്ല.

മലയാളസര്‍വ്വകലാശാല മലയാളികളുടെ പുതിയ സര്‍വ്വകലാശാല മാത്രമല്ല പുതിയ പ്രതീക്ഷകളുടെ സര്‍വ്വകലാശാലകൂടിയാണ്. അതിനാല്‍ അദ്ധ്യാപകനിയമനങ്ങളില്‍ ബാഹ്യമായ ഇടപെടലുകളെ ഒരു വിധത്തിലും ആദരിക്കില്ല എന്ന പ്രഖ്യാപനം വെറുമൊരു പ്രഖ്യാപനമായല്ല കേരളത്തിലെ പൊതുസമൂഹം വായിക്കുന്നത്. ഈ വാഗ്ദാനത്തിന്റെ അന്തസ്സത്ത പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സര്‍വ്വകലാശാലയുടെ നായകര്‍ക്കു സാധിക്കണം. കറുത്തപുകയോ വെളുത്ത പുകയോ നമ്മുടെ ആകാശത്തു പടരുതെന്ന് കാത്തിരുന്ന് കാണാം.

Subscribe Tharjani |