തര്‍ജ്ജനി

സിയാഫ് അബ്ദുള്‍ഖാദര്‍

ബ്ലോഗ് : http://aamiyudechithrapusthakam.blogspot.in/,
http://karivandukal.blogspot.in/
മെയില്‍ : siyaf.k.a@gmail.com

Visit Home Page ...

കഥ

പിന്നേം ചങ്കരന്‍ ...

ചങ്കരന്‍കള്ളടിച്ചു വന്നു ഉറങ്ങുകയായിരുന്നു. ഉച്ച തികഞ്ഞത് കൊണ്ട് വെയിലിനു നല്ല ചൂട്. ഇറയത്ത് നിലത്ത്‌ വെറും തോര്‍ത്തുവിരിച്ചു കിടന്നപ്പോള്‍ചങ്കരന്‍ വിയര്‍ത്തുകുളിച്ചു. അകത്തു നിന്ന് തങ്കയുടെ പായ്യാരമുയര്‍ന്നു.
"ചെറുക്കന്‍ പള്ളിക്കൂടത്തി ഒന്നും കഴിക്കാതെയാ പോയത്, തണ്ടാന്‍ ഇതെന്തോ കണ്ടാ?" ചങ്കരന്‍മിണ്ടിയില്ല. തങ്ക മിണ്ടുമ്പോള്‍ചങ്കരന്‍ മിണ്ടത്തില്ല. അതുകൊണ്ട് മിക്കവാറും തങ്ക തന്നെ മിണ്ടിക്കൊണ്ടിരിക്കും.

ഇന്നും തെങ്ങ് കേറാന്‍പോയിട്ട് ചങ്കരന്‍ ബീരാവുഹാജിയോടു "ഇനി നാളെയാകട്ടെ"എന്ന് പറഞ്ഞു പോന്നു. അതീയിടെ പതിവാണ്. നാലഞ്ചു തെങ്ങ് കേറിക്കഴിയുമ്പോള്‍ചങ്കരനു മടുക്കും. പാതി കേറിക്കഴിയുമ്പോള്‍ ഇനി ഇറങ്ങിയാലോ എന്ന് തോന്നും. ദേഹബലത്തിനു ഒട്ടും കുറവില്ല. എന്നാലും മേലെന്നു തോന്നും. ആശുപത്രിയില്‍ കാണിക്കാം എന്ന് തങ്ക പറഞ്ഞപ്പോ ചങ്കരന്‍ചിരിച്ചു. പോയില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ എപ്പോള്‍ ചെന്നാലും എന്ത് രോഗം ആണെങ്കിലും ഒരു ചോന്ന വെള്ളം കിട്ടും. ആ വെള്ളത്തിനു പകരം ലേശം മരനീരടിച്ചാല്‍ ഒന്നുമില്ലെങ്കില്‍ തലയെങ്കിലും പെരുത്തു കിട്ടും.

ബീരാവു ഹാജിക്കാണെങ്കില്‍ മാസത്തില്‍ എല്ലാ ദിവസവും കേറ്റം ഉണ്ട്. ചങ്കരന്‍ ചെല്ലാത്ത വിഷയമേയുള്ളൂ. ഹാജിയുടെ പറമ്പില്‍ മുഴുവന്‍ തെങ്ങാണ്. നാട്ടുകാരെല്ലാം തെങ്ങ് വെട്ടി റബ്ബര്‍ വെച്ചിട്ടും ബീരാവു ഹാജി തെങ്ങും കമുകും കൊണ്ടുനടക്കുന്നു. സ്വന്തം സ്ഥലത്ത് ഉള്ളത് പോരാതെ നാട്ടുകാരുടെ തെങ്ങ് ഓടെ എടുത്തു കച്ചവടവും ഉണ്ട് ഹാജിക്ക്. എല്ലാ ദിവസവും പണി ഉണ്ടെങ്കിലും ഹാജിക്ക് ആളെ കിട്ടാനില്ല. ചെറുക്കനെ കൂടെ കൊണ്ടുപോകാമെന്ന് വെച്ചാല്‍ അവന്‍ വായില്‍കൊള്ളാത്തത് പറയും. കഴിഞ്ഞ ദിവസം അവനോടു വെട്ടരുവാ എടുത്തു കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ അവന്‍ "പതിറ്റാണ്ടുകളായി ദളിത്‌സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഫ്യൂഡല്‍മാടമ്പികള്‍ നമുക്ക് തീര്‍പ്പിച്ചുതന്ന ആയുധം" എന്നും പറഞ്ഞു ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി. ചങ്കരന്‍ അഭിമാനത്തോടെ ആ പോക്ക് നോക്കിനിന്നു.

"സ്കൂളില്‍ വിടുന്നതുകൊണ്ട് ഗുണമൊണ്ട്" എന്ന് മനസ്സിലോര്‍ത്തു.
"ഇങ്ങനെ കിടന്നാലാ തണ്ടാനേ? വൈകുന്നേരം ചെറുക്കന്‍ വരുമ്പോള്‍ എന്നാ എടുത്തിട്ടു പുഴുങ്ങിക്കൊടുക്കും ?"
"എനിക്ക് മേലാ .... നടൂനു ഒരു വെലക്കം. നേരത്തെ പോന്നതുകൊണ്ട് കൂലി ഒന്നും കിട്ടിയില്ല "
അടുത്തിരുന്ന തങ്ക ചങ്കരന്റെ മേല് തടവി ."എന്റെ തണ്ടാരു വല്ലാതെ അങ്ങ് ക്ഷീണിച്ചു പോയി".
അതവളുടെ അടവാണ്. എന്തെങ്കിലും കാര്യസാദ്ധ്യത്തിനുള്ള സോപ്പിടല്‍ ! ചങ്കരന്‍ കണ്ണടച്ച് കിടന്നു.

ഇങ്ങോട്ട് നോക്കിക്കേ? നമ്മുടെ പൂശാരിയോടു നാളെ വരാന്‍പറഞ്ഞിട്ടുണ്ട്. നാളെ കേറാന്‍പോകണ്ടാ, പൂശാരി വരുമ്പോള്‍ ഇവിടെ ആണൊരുത്തന്‍ വേണ്ടായോ ?"
"അതെന്തോന്നിനെടീ ?" കണ്ണ് തുറക്കാതെതന്നെ ചങ്കരന്‍ അന്വേഷിച്ചു. നാളെ നേരം വെളുത്താലുടന്‍ ഷാപ്പില്‍പോകാം എന്ന ചിന്ത അയാളെ സന്തോഷിപ്പിച്ചു.
"തണ്ടാന്റെ ദണ്ണം ഒക്കെ മാറട്ടെ, പൂജ ചെയ്താല്‍ എല്ലാം ശെരിയാകും"
"എനിക്കെങ്ങുമ്മേണ്ട" ചങ്കരന്‍ ഇടഞ്ഞു .
"അപ്പറത്തെ ചന്ദ്രനെ നോക്കിക്കേ, അവന്റെ വീട്ടില്‍ പൂശാരി വന്നു പൂജ ചെയ്തെപ്പിന്നെ വല്യേ ഐശ്വര്യമാ അവിടെ. കാലു വയ്യാണ്ടിരുന്നവനാ, എല്ലാ അസുകോം മാറി. ഇപ്പൊ സ്കൂട്ടര്‍എടുക്കാമ്പോകുവാ. ഇവിടെയും അതൊക്കെ വേണ്ടേ ? നമ്മക്കും ഇങ്ങനെ തന്നെ കഴിഞ്ഞാല്‍ മതിയാ ?"
അതൊള്ളതാ. തങ്ക പിടിപ്പുള്ളവളാണ്. അവള്‍ പറഞ്ഞാല്‍ അതില്‍ കാര്യമെന്തെങ്കിലും കാണും. ചങ്കരന്‍ ആലോചിക്കുന്ന മാതിരി മിണ്ടാതെ കിടന്നു. തങ്കയും അത്രയേ പ്രതീക്ഷിച്ചുള്ളൂ. നാളെ രാവിലെതന്നെ ഷാപ്പില്‍പോകാം. ചങ്കരന്‍ സന്തോഷിച്ചു.

പിറ്റേന്ന് പൂശാരി വന്നു. പണിയും തൊരവും ഇല്ലാതെ നടന്ന പൂശാരി വണ്ണംവെച്ച് കിണ്ണം മാതിരിയായിരിക്കുന്നു. പൂശാരി ആ തടിയും വെച്ച് തുള്ളി. പൂശാരി അലറി. പൂശാരി കോഴിയെ കൊന്നു. (അതും തങ്ക വളര്‍ത്തുന്ന ചേലഞ്ചും തികഞ്ഞ പൂങ്കോഴിയെ). പൂശാരി ചാരായം കുടിച്ചു, തുള്ളി ചങ്കരനു കൊടുക്കാതെ. ചങ്കരനു ദേഷ്യം മൂത്ത് നുരഞ്ഞു തുടങ്ങിയിരുന്നു. "തഞ്ചക്കേട്‌ ഒക്കെ മാറും, ഉണ്ണിയില്‍ ഞാന്‍ മൂന്നാം കാലായി പിറക്കും" എന്ന് ആശീര്‍വ്വദിച്ചു പൂശാരി പോയി. വെയിലെറിച്ചിട്ടും കൈ വെറച്ചു തുടങ്ങീട്ടും ഷാപ്പില്‍ പോകാന്‍പറ്റാത്ത അരിശം ചങ്കരനു കലിച്ചുവന്നു. പൂശാരി പോയതും ചങ്കരന്‍ തോര്‍ത്തെടുത്ത് കുടഞ്ഞു തോളത്തിട്ടു. ഉരുക്ക് പോലത്തെ പേശികളിലുടക്കി അത് താഴേക്ക് വീഴാതെ തൂങ്ങിക്കിടന്നു. തങ്ക പിറകില്‍നിന്ന് വിളിച്ചു പറഞ്ഞു "പെട്ടെന്ന് വന്നേക്കണം. ഷാപ്പില്‍ പെറ്റ്കിടക്കരുത് ". ചങ്കരന്‍ കേള്‍ക്കാത്തഭാവത്തില്‍ നടന്നു. മനസ്സില്‍ കരുതി. "കുന്തം !"

രണ്ടുദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഒരു വെളുപ്പാന്‍കാല കൂര്‍ക്കംവലിയിലേക്ക് ഒ ബി വാനും പാന്റും ചെക്ക് ഷര്‍ട്ടും ഇട്ട മൈക്ക് പിടിച്ച പെണ്‍കുട്ടിയും ക്യാമറയും കണ്ണ് അടിച്ചു പോകുന്ന വെളിച്ചവും ഒക്കെ ഇരച്ചു കയറുംവരെ,ചങ്കരന്‍ അന്തംവിട്ടു, "ഇതെന്താണപ്പാ? ആളും കൂട്ടവും?"

ഇംഗ്ലീഷ് അരച്ച് ചേര്‍ത്ത മലയാളത്തില്‍ "ദളിത്‌പിന്നോക്ക വിഭാഗത്തില്‍ നിന്നാദ്യമായി ഒരാള്‍ക്ക് ഒരു തേര്‍ഡ് ലിമ്പ് കിട്ടിയപ്പോള്‍ സെറിന് എന്ത്‌ തോന്നുന്നു ?" എന്ന് ആ ഇംഗ്ലീഷ് കൊച്ചു കൊഞ്ചുന്നത് കേട്ടപ്പോള്‍ചങ്കരനു ശരിക്കും തൂറാന്‍മുട്ടി.അവള്‍ടെ ഒരു ഇംഗ്ലീഷ് !" ഇതിനെക്കാളും മണിമണിയായി ഇംഗ്ലീഷ് തൂറിയിരുന്ന വെള്ളക്കാരെ വെറും വാരിക്കുന്തം കൊണ്ടോടിച്ച എന്റെ അച്ഛന്റെ മോന്‍ ആണ് കൊച്ചേ ഞാന്‍" എന്ന് പറയാന്‍ തോന്നിയെങ്കിലും ചങ്കരന്‍ മൌനം പാലിച്ചു. അതിനു വേറൊരു കാരണം കൂടിയുണ്ടായിരുന്നു, തനിക്കൊരു കാലു കൂടി വളര്‍ന്നിരിക്കുന്നു എന്നറിഞ്ഞ അതിശയം!, വാലുപോലെ നീണ്ടു, പിന്‍ഭാഗത്ത് ചുരുട്ടാനും മടക്കാനും സൌകര്യവും, സൗന്ദര്യവും ഒത്തിണങ്ങിയ ഒരു സുന്ദരന്‍തൃക്കാല് !

പൊട്ടിയ കണ്ണാടിയില്‍ നോക്കി മുടിയും മുകറും മിനുക്കി തങ്ക ക്യാമറക്ക് പോസ് ചെയ്തു. ചങ്കരനെക്കുറിച്ചു ഓരോന്ന് ഓര്‍ത്തെടുത്തു, അതിശയത്തോടെ തങ്കയുടെ ചെമ്മാന്ത്രം ചങ്കരന്‍ അറിഞ്ഞു. തെങ്ങുമ്മേ നോക്കി നിന്ന് ഉമിക്കരി കൊണ്ട് ചങ്കരന്‍ പല്ല് തേക്കുന്നതും കപ്പയും മുളക് ചമ്മന്തിയും കഴിക്കുന്നതും തങ്കയോടു യാത്ര പറഞ്ഞു ഏണിയും തോളിലേറ്റി പണിക്ക് പോകുന്നതും ഒക്കെ പകര്‍ത്തി ക്യാമറയും ഇംഗ്ലീഷ് പെണ്ണും കൂട്ടരും തൃപ്തിയോടെ മടങ്ങി. തങ്കയുടെ കണ്ണ് പൊട്ടുന്ന തെറി പേടിച്ചു ചങ്കരന്‍ പണിക്കും പോയി.

നടക്കുമ്പോള്‍ചെറിയൊരു ഏനക്കേട് ചങ്കരന് തോന്നായ്കയല്ല. മുണ്ട് മടക്കിക്കുത്താന്‍ ഒക്കെ വലിയ പാട്. കക്കൂസില്‍ ഇരിക്കാന്‍ നേരത്ത് ഒരു എതക്കേട്‌. പക്ഷെ തെങ്ങിന്റെ കുടുന്തയില്‍എത്തിയപ്പോള്‍ അല്ലെ, ആ മൂന്നാം കാലിന്റെ ഗുണം ചങ്കരന് പിടികിട്ടിയത്, കേറാനും ഇറങ്ങാനും നല്ല വേഗം, തളാപ്പ് വേണ്ടേ വേണ്ട, മൊബൈലില്‍ ഫോണ്‍ വന്നാല്‍ എടുക്കാന്‍ തെങ്ങില്‍ നിന്നിറങ്ങേണ്ട. രണ്ടു തെങ്ങ് കേറിയിരുന്ന സമയംകൊണ്ട് ആറു തെങ്ങു കേറാം. കൂലി കിട്ടിയപ്പോള്‍ചങ്കരന്‍ വാപൊളിച്ചു മൂന്നു ദിവസത്തെ കൂലി ഒറ്റയടിക്ക്. അടമൂരീ ,കൊള്ളാമല്ലോ .

മൂന്നു നാല് ദിവസം കൊണ്ടുതന്നെ ചങ്കരനു മൂന്നാംകാലു പരിചിതവും സുഖകരവുമായിത്തീര്‍ന്നു. ഷാപ്പില്‍നിന്ന് നിലംതപ്പി അടിച്ചിറങ്ങുമ്പോള്‍ കണ്ണ് തിരിയാതെ വീടെത്താന്‍ പണിപ്പെട്ടിരുന്ന ചങ്കരന്‍ ആള് ജെന്റില്‍മാനായി. ആടാന്‍ തുടങ്ങുമ്പോള്‍ മൂന്നാമത്തെ കാലു സപ്പോര്‍ട്ട് കൊടുക്കുന്നു. നല്ല കുട്ടപ്പനായി നടന്നു ഉച്ച തിരിയുംമുന്‍പേ വീട്ടിലെത്തുന്നു. അത്ര തന്നെ.

തങ്കയുടെ പരാതികള്‍ക്കും അവസാനമായി. അത്യാവശ്യത്തിനു കാശ്. പണികഴിഞ്ഞു ചങ്കരന്‍ വിയര്‍ക്കാതെ ഉറങ്ങുന്നേരം തങ്ക കുത്തിയിരുന്നു തനിക്ക് മിസ്സായ സീരിയല്‍ ഒക്കെ കണ്ണീര്‍വാര്‍ത്തുകൊണ്ട് കണ്ടുതീര്‍ത്തു. ചെറുക്കന് പഠിത്തം കഴിഞ്ഞു വരുമ്പോള്‍ കൊതിതീരെ ആഹാരം. ഇച്ചിരി പൊന്നും പൊടിയുമോക്കെയായി തങ്കയും ഒന്ന് മെഴുത്തു.
ആ ടി വി ക്കാര് വന്നതുതന്നെ ചങ്കരന് അത്ര പിടിച്ചിട്ടുണ്ടായിരുന്നില്ല. തങ്ക എന്തെല്ലാമോ വായില്‍തോന്നിയത് എഴുന്നെള്ളിച്ചപ്പോ ഒട്ടും പിടിച്ചിട്ടുണ്ടായിരുന്നില്ല. എന്തായാലും ചങ്കരന് പിടിച്ചാലും ഇല്ലെങ്കിലും ചങ്കരന്‍ തൃകാലനായ കഥ വില്ലേജാപ്പീസര്‍ പിടിച്ചതു അങ്ങനെയാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദേ കിടക്കുന്നു ആപ്പീസില്‍ ചെല്ലണം എന്ന് പറഞ്ഞു ചങ്കരനു ഒരു കത്ത്.

ചെറുക്കന്‍ അത് വായിച്ചിട്ട് പറഞ്ഞതൊന്നും ചങ്കരനു അങ്ങോട്ട്‌ മനസ്സിലായില്ല. എന്താണെങ്കിലും സര്‍ക്കാര് കാര്യമല്ലേ ? എന്ന് തങ്ക ചോദിച്ചത് ചങ്കരന്‍ കേട്ടത് തന്നെയില്ല. ചങ്കരന്‍ അക്കാര്യം വലിയ ബലംകൊടുക്കാതെ അതങ്ങ് വിട്ടു. ബലം കൊടുക്കാതിരുന്നത് കൊണ്ട് ഏഴാംപക്കം ആപ്പീസില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആള് വന്നു. ചങ്കരന്‍ പണിസ്ഥലത്തായത് കൊണ്ട് തങ്കയോടു ഉടനെ ആളെ ഹജരാക്കിയില്ലെങ്കില്‍ പിന്നെ സെന്‍ട്രല്‍ ജയിലില്‍ച്ചെന്ന് കാണേണ്ടിവരും എന്നൊക്കെ പറഞ്ഞു വിരട്ടിയപ്പോള്‍ തങ്ക പേടിച്ചു. തങ്ക പേടിച്ചതുകൊണ്ട് ചങ്കരനും പേടിച്ചു. പിന്നെ ചങ്കരനു പോകാതെ നിവൃത്തിയില്ലെന്നായി, അല്ലെങ്കിലും, വില്ലേജാപ്പീസ്, ഹജൂര്‍കച്ചേരി, രയ്ഷാപ്പീസ്, സെന്‍ട്രല്‍ജയില്‍ എന്നൊക്കെ കേട്ടാല്‍ ഏതു സാധാരണക്കാരനാ പേടിക്കാത്തത്?

ചങ്കരന്‍ ചെല്ലുമ്പോള്‍ ഭാഗ്യം സീറ്റില്‍ വില്ലെജാപ്പീസര്‍ ഉണ്ടായിരുന്നു, അങ്ങനെയൊന്നും കാണാന്‍ കൊടുക്കുന്ന ആളല്ല. വലിയ തിരക്കുള്ള ആളെന്ന് അവിടെ ഫാറം പൂരിപ്പിച്ചു കൊടുക്കാനിരിക്കുന്ന പെങ്കൊച്ചു പറഞ്ഞു. ചങ്കരന്റെ കയ്യില്‍നിന്ന് പതിനഞ്ചു രൂപാ വാങ്ങി ആ കൊച്ചു വായിലെ തുപ്പലില്‍ ഒട്ടിച്ച കോര്‍ട്ട് ഫീ സ്റ്റാമ്പ്‌പതിച്ച അപേക്ഷയുമായി ചങ്കരന്‍ വില്ലെജാപ്പീസറുടെ മുന്നിലെത്തി താണ് വണങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കസേര, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അലമാര. അതില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാള്‍വഴികള്‍ അടുക്കിവെച്ചിരിക്കുന്നു. കസേരയില്‍ അത്രയൊന്നും പഴക്കമില്ലാത്ത വില്ലെജാപ്പീസര്‍.

വില്ലേജാപ്പീസര്‍ കടലാസ് നോക്കി. വില്ലെജാപ്പീസര്‍ചങ്കരനെ നോക്കി. വില്ലെജാപ്പീസര്‍ നെറ്റിചുളിച്ചു, വില്ലെജാപ്പീസര്‍ മൂക്ക് ചൊറിഞ്ഞു. എഴുന്നേറ്റുപോയി മുറുക്കാന്‍ തുപ്പിവന്നു. എന്നിട്ട് വില്ലെജാപ്പീസര്‍ ചോദിച്ചു.
"തൃക്കാല് കിട്ടിയിട്ട് കരമടച്ചില്ല അല്ലിയോ?"
ചങ്കരന്‍ തല ചൊറിഞ്ഞു. കരമടക്കണം എന്ന് അറിഞ്ഞുകൂടായിരുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.
"ഊംoo.." അപേക്ഷ നോക്കി ഗൌരവമായി ആപ്പീസര്‍ എന്തെല്ലാമോ ആലോചിച്ചു. ഇയാള്‍ എന്നതേലും പറഞ്ഞിരുന്നെങ്കില്‍ കേട്ടിട്ടങ്ങു പോകാമായിരുന്നു. ഷാപ്പില്‍ പുലരി അളന്നു തുടങ്ങിക്കാണും.

"തണ്ടപ്പേര്‍ എന്തുവാ? "
ചങ്കരന്‍ വെറുതെ ചിരിച്ചു. "അതെന്തുവാ?"അതൊക്കെ കടലാസില്‍ എഴുതിക്കാണും എന്നാണ് ചങ്കരന്‍ വിചാരിച്ചിരുന്നത്. അല്ലാതെ അതൊക്കെ ഓര്‍ത്തിരിക്കാന്‍ ചങ്കരന് എവിടാ സമയം? ഇടുപ്പില്‍ തോര്‍ത്തില്‍ ചേടിവെച്ച പ്ലാസ്റ്റിക്ക് കടലാസ് കൊണ്ട് പൊതിഞ്ഞ കെട്ട് അഴിച്ചു കുറെ മുഷിഞ്ഞ നോട്ടുകള്‍ ചങ്കരന്‍ വില്ലെജാപ്പീസര്‍ക്ക് നേരെ നീട്ടി. "സാറേ, ഇതീന്ന് ആവശ്യത്തിനു എടുത്തിട്ട് എന്തുവാ ചെയ്യണ്ടത് എന്ന് വെച്ചാല്‍ അങ്ങനെ ചെയ്താട്ടെ. എനിക്ക് പോയിട്ട് കേറാന്‍ ഒള്ളതാ "

വില്ലെജാപ്പീസര്‍ ഒരു ഉളുക്കിയ ചിരിചിരിച്ചു. ചങ്കരന്‍ നീട്ടിയ നോട്ടുകള്‍ എണ്ണിനോക്കി. പിന്നെ തോളില്‍ത്തട്ടി എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു ."ബാ "

ആ മുറിയില്‍ ഇരുട്ടായിരുന്നു. ഒരു ബെഞ്ചില്‍ കാലുനീട്ടി ഇരിക്കാന്‍ പറഞ്ഞു. ചങ്കരന്‍ അനുസരിച്ചു. മൂന്നാം കാലില്‍ എന്തോ തണുപ്പ് കൊത്തുന്നതും ക്ടിക്ക് എന്നൊരൊച്ച ഉണ്ടാവുന്നതും ഒക്കെ ചങ്കരന്‍ അറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലെജാപ്പീസര്‍ പറഞ്ഞു. "ഉം ,കുണുക്ക് കുത്തിയിട്ടുണ്ട്‌, ഇനി കരമടച്ചിട്ടു പൊക്കോ"

കരമടച്ചത് വെറുതെയായില്ല. ഒരു പൊന്നിന്‍കുണുക്ക് പതിച്ചുകിട്ടി. ഗാന്ധിമഹാന്റെ തല പതിച്ച പൊന്നുതകിട്. ചങ്കരന്‍ അഭിമാനത്തോടെ വീട്ടിലേക്കുമടങ്ങി. രാത്രി കിടക്കാന്‍നേരം ആ രഹസ്യമായ അഭിമാനത്തിന്റെ കാരണം ചങ്കരന്‍ തങ്കയോടു പറഞ്ഞു. "എടിയെ, മഴക്കാലത്ത് പണിയില്ലേല്‍, അരി വാങ്ങിക്കാന്‍ കാശില്ലാത്ത നേരത്ത് ഈ പൊന്നും കുണുക്ക് നമുക്ക് പണയം വെക്കാവല്ലാ" (എങ്ങനെയാണ് ചങ്കരന്‍ തങ്കയുടെ കാതില്‍ രഹസ്യമായി പറഞ്ഞ കാര്യം വില്ലെജാപ്പീസര്‍ അറിഞ്ഞത് എന്നത് ഒരു അതിശയം തന്നെ. അടുത്ത തവണ വില്ലേജാപ്പീസില്‍ ചെന്നപ്പോള്‍ ആപ്പീസര്‍ പ്രത്യേകം പറഞ്ഞു ."വെളവ് വേലായുധനോടു വേണ്ടാ കേട്ടോ. ആ കുണുക്ക് സര്‍ക്കാരു വഹയാ തണ്ടാരെ. അതില്‍തൊട്ടു കളിക്കല്ലേ. എട്ടിന്‍റെ പണി കിട്ടുവേ ")

ആ കുണുക്ക് ഒരു കുരിശാണെന്ന് അടുത്ത മാസമെ ചങ്കരന് മനസ്സിലാക്കിയുള്ളൂ. കരമടക്കേണ്ട തീയതി അടുക്കുമ്പോള്‍ കുണുക്ക് പതിച്ച ഭാഗം ചൊറിയാന്‍ തുടങ്ങും, ചൊറിച്ചില്‍ എന്നുവെച്ചാല്‍ പിടിച്ചാല്‍കിട്ടാത്ത ചൊറിച്ചില്‍. തങ്കയും ചങ്കരനും അപ്പുറത്തും ഇപ്പുറത്തുമിരുന്നു ചൊറിഞ്ഞുചൊറിഞ്ഞു മടുക്കും. എന്നാലോ, ആപ്പീസില്‍പോയി കരമടക്കേണ്ട താമസം, ഒക്കെ സുഖമാകും.

ആദ്യമൊക്കെ ചങ്കരനു പണിക്കൂലി കിട്ടുന്ന പൈസ മിച്ചം വരുമായിരുന്നു. പിന്നെപ്പിന്നെ ഷാപ്പില്‍കൊടുക്കാനും വീട്ടുചിലവിനും കരമടക്കാനും ഒക്കെക്കൂടി തികയാതെയായി. ഷാപ്പില്‍പോയിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ എന്നായി തങ്ക. ഒരു വശത്ത്‌ കുണുക്കിന്റെ ചൊറിച്ചില്‍, മറുവശത്ത് തങ്കയുടെ ചൊറിച്ചില്‍. രണ്ടും സഹിക്കുക അസാദ്ധ്യമായതുകൊണ്ട് ചങ്കരന്‍ അങ്ങ് ക്ഷമിച്ചു. ഷാപ്പില്‍ പോകാന്‍ തോന്നിയിട്ടും പോകാതെ വീട്ടില്‍ അരപ്രൈസില്‍ കുത്തിയിരുന്നു സമയം തള്ളി. കരമടക്കുന്നതായിരുന്നു ഒരു വലിയ പാട്. ഓരോ മാസവും വില്ലേജാപ്പീസര്‍ക്ക് തോന്നുന്നതായിരുന്നു കരമായി അടക്കേണ്ട സംഖ്യ. അത് അയാള്‍ക്ക്‌ ഇഷ്ടമുള്ളതുപോലെ കൂട്ടും, കുറയ്ക്കും, കുറയ്ക്കുമ്പോള്‍ ഒരു പ്രാവശ്യം കൂട്ടിയിട്ടേ കുറയ്ക്കൂ എന്നുമാത്രം.

കഷ്ടം! തങ്കയെക്കാളും ആര്‍ത്തി ആണല്ലോ ഇങ്ങേര്‍ക്കും ഇങ്ങേരുടെ സര്‍ക്കാരിനും എന്ന് കയ്യിലെ പ്ലാസ്ടിക് പൊതി മുഴുവനും കൊണ്ടുപോയി വില്ലെജാപ്പീസര്‍ക്ക് പൂജിക്കുമ്പോള്‍ പലപ്പോഴും ചങ്കരന്‍ ഓര്‍ത്തു. ബീരാവു ഹാജി ഉള്ളത് കൊണ്ട് പണിക്ക് മുട്ടില്ല, തീരുമ്പോള്‍ തീരുമ്പോള്‍ പണിതരാന്‍ അയാള് മിടുക്കനാണ്. പക്ഷെ ചങ്കരന്‍ എത്ര പണിതിട്ടും പണിതിട്ടും പൈസ പഴയത് പോലെ മിച്ചം വെക്കനായില്ല.

ചങ്കരന്‍പൂശാരിയെകണ്ടു സങ്കടം പറഞ്ഞു. പൂശാരി കൈമലര്‍ത്തി.
"എനിക്ക് കൊടുക്കാനെ അറിയൂ, തിരിച്ചെടുക്കാന്‍ അറിയില്ല. എന്നാലും നമുക്കൊരു പൂജ നടത്തിനോക്കാം"

കള്ളുകുടിക്കാന്‍ കാശില്ലാത്തപ്പോഴാ അവന്റെയൊരു പൂജ., ചങ്കരന്‍ പൂശാരി ആയതു കൊണ്ട് തെറിപറഞ്ഞില്ലെന്ന് മാത്രം. ഷാപ്പ് എന്ന് ഓര്‍ത്തപ്പോള്‍ത്തന്നെ ചങ്കരന് കുളിര് കോരി, എത്ര ദിവസമായി ഷാപ്പില്‍പോയിട്ട്. എല്ലാ ദിവസവും പണിതന്നെ പണി. നേരം വെളുക്കുമ്പോള്‍ കേറാന്‍ തുടങ്ങുന്നു. ഇരുട്ടുമ്പോള്‍ കിട്ടിയത് മുഴുവന്‍ തങ്കയെ ഏല്‍പ്പിച്ചു വല്ലതും വാരിത്തിന്നാല്‍ തിന്നു എന്ന് വരുത്തി എവിടെയെങ്കിലും മറിയുന്നു, രാവിലെ പിന്നെയും എഴുന്നേറ്റ് പിന്നേം കേറാന്‍പോകുന്നു. ഒരു ദിവസംപോലും ഒഴിവില്ല. അങ്ങനെ പറ്റില്ലല്ലോ.

തങ്ക അയല്‍ക്കൂട്ടത്തില്‍പോയ തക്കംനോക്കി അടുക്കളയിലെ അരിയിടുന്ന ബക്കറ്റില്‍നിന്ന് കാശെടുത്ത് കൊണ്ടുപോയി ഷാപ്പില്‍കൊടുത്തു ചങ്കരന്‍ നല്ലോണം തിന്താരാ. പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും പിന്നെ കുറെ ദിവസവും പണിക്ക് പോയില്ല, അന്നെല്ലാം ചങ്കരന്‍ നല്ലോണം തിന്താരാ. തങ്ക അവിടെയും ഇവിടെയും ഒളിച്ചുവെച്ചിരുന്ന കാശ് എല്ലാം അങ്ങനെ ചങ്കരന്‍ തീര്‍ത്തു. അതു കഴിഞ്ഞപ്പോള്‍ തങ്കയുടെ പൊന്നെടുത്തു വിറ്റു. കുറെ വില്ലേജാപ്പീസില്‍ പൂജിച്ചു. ബാക്കിക്കു കള്ളും വരാല് കറിയും കഴിച്ചു. അല്ല പിന്നെ!

അന്നൊരു നാള്‍ കള്ളടിച്ചു കഴിഞ്ഞിറങ്ങുമ്പോള്‍ ചങ്കരന് ഒരു വെളിപാടുണ്ടായി . കുറെക്കാലമായി രണ്ടു കാലില്‍ നടന്നിട്ട്. ഇന്നൊന്നു നടക്കണം. ഇല്ലെങ്കില്‍ അത് താന്‍ മറന്നുപോയാലോ? ചങ്കരന്‍ തന്റെ മൂന്നാംകാല് മടക്കിപ്പിടിച്ചു, അപ്പോഴല്ലേ രസം! നടക്കുമ്പോള്‍ ഒരുമാതിരി തത്തത്താപുത്തത്താന്ന്. നില്‍ക്കാന്‍പറ്റാതെ വേച്ചുവേച്ച് പോകുന്നു. നടക്കാന്‍പോയിട്ട് ചൊവ്വിനു നില്‍ക്കാന്‍പോലും പറ്റുന്നില്ല. "ന്റെ ഗുരുകാരണവന്മാരെ, എന്റെ കാലു പോയെ " എന്ന് നെലോളിക്കാനാണ് ചങ്കരന് ആദ്യം തോന്നിയത്.

മൂന്നുമാസം മുമ്പ് വരെ ഒരു കള്ളുഷാപ്പ് മുഴുവനും അകത്താക്കിയാലും പുല്ലുപോലെ നടന്നു വീട്ടില്‍ എത്തിയിരുന്ന ചങ്കരനാണ്. ഒരു കുപ്പി തെകച്ചടിച്ചില്ല. തന്റെ കപ്പാസിറ്റി പോയതാണോ എന്നൊരു ശങ്ക തോന്നി, പക്ഷെ കണ്ണിനും തലക്കുമൊന്നും ഒരു തെളിച്ചക്കുറവുമില്ല. തനിക്കിനി മൂന്നാം കാലില്ലാതെ മര്യാദക്ക് നടക്കാന്‍പറ്റില്ല എന്ന് അറിഞ്ഞപ്പോള്‍ ചങ്കരന് ശരിക്കും സങ്കടംവന്നു.

ഒരു തെങ്ങിന്‍ചോട്ടില്‍ ഇരുന്നു ചങ്കരന്‍ വായില്‍കയ്യിട്ടു വാള് വെച്ചു. ഇനി ഉള്ളില്‍കിടക്കുന്നതിന്റെ തിമര്‍പ്പാണെങ്കില്‍ അതങ്ങ് പോട്ടെ. വാള് വെക്കുമ്പോള്‍ ചങ്കരനെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിരവധി വസ്തുക്കള്‍ പുറത്തുചാടി. വവ്വാലുകള്‍, കരിന്തേളുകള്‍, വിഷപ്പാമ്പുകള്‍, കൊമ്പന്‍സ്രാവുകള്‍ അങ്ങനെ എന്തെല്ലാം, എന്തിനു താന്‍ വാള് വെച്ചയിടത്ത്‌നിന്ന് ഒരു ചങ്ങലക്കിട്ട മനുഷ്യന്‍ നടന്നുമറയുന്നത് പോലും പുകപിടിച്ച കണ്ണുകളോടെ ചങ്കരന്‍ കണ്ടു. പക്ഷെ കള്ളടിച്ചാല്‍ ഇക്കാലത്ത് ഇതും ഇതിലപ്പുറവും കാണും എന്ന് ഊറിച്ചിരിച്ചതേയുള്ളൂ ചങ്കരന്‍.

കെട്ടു വിട്ടെങ്കിലും വെളിവ് വന്നെങ്കിലും ചങ്കരന് പഴയപോലെ രണ്ടു കാലില്‍ നടക്കാന്‍ പറ്റിയില്ല, കുഞ്ഞുപിള്ളേര്‍ നടക്കുംപോലെ പിചാപിച്ചാ നടക്കും, വീഴും, മൂന്നാല് പ്രാവശ്യം വീണു കുണ്ടി ചളുങ്ങിക്കഴിഞ്ഞപ്പോള്‍ ചങ്കരന് മതിയായി. ഒടുക്കം വേറെ നിവൃത്തിയില്ലാതെ ചങ്കരന്‍ തന്റെ മൂന്നാംകാലു പുറത്തെടുത്തു. ഇപ്പോള്‍ എല്ലാം ശരി. നടപ്പ് ഓക്കേ! ചങ്കരന്‍ ഓക്കേ! വീട്ടില്‍ വെളിച്ചം കെടുത്താതെ കാത്തിരിക്കുന്ന തങ്കപോലും ഓക്കേ.

ചവിട്ടുപടിയില്‍ കാലുരച്ചു കേറുമ്പോള്‍ചങ്കരന്‍ ഒരുകാര്യം തീരുമാനിച്ചു കഴിഞ്ഞിരുന്നു. കാലിലെ കുണുക്ക് പുതപ്പിട്ടു മൂടി തങ്കയുടെ ചെവിട്ടില്‍ വളരെ അടക്കത്തില്‍ അത് ഓതുകയും ചെയ്തു.

"നാളെ ഞാന്‍ ആശൂത്രീ പോകും, എന്റെയീ ഒടുക്കത്തെ മൂന്നാംകാലു ഞാന്‍ മുറിപ്പിക്കും. ഡോക്ടര്‍ക്ക് എത്ത്ര കാശ് വേണേലും കൊടുക്കും ഞാം. വീട് വിറ്റിട്ടാണേലും. എന്നാലും എനിക്കീ തോയിരക്കെട് വേണ്ടാ" തങ്ക തളര്‍ന്ന സ്വരത്തില്‍ മൂളി, കാത്ത്കാത്തു കിട്ടിയ ഇത്തിരിപ്പൊന്ന് പോയത് അവളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷെ ചങ്കരന്റെ കയ്യില്‍ കാശില്ലെങ്കില്‍ അവന്‍ വീട് മാത്രമല്ല, തന്നെയും പിള്ളേരെയുംകൂടെ എടുത്തു വില്‍ക്കാന്‍ മടിക്കില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു.

ചങ്കരന്‍ പിറ്റേന്ന് കോഴികൂവുന്നതിനു മുന്നേ എഴുന്നേറ്റ് ആശുപത്രിയിലേക്ക് പോയി. നേരംവെളുത്താല്‍ പിന്നെ ആ വില്ലെജാപ്പീസര്‍ ഉണരും. മൂന്നാം കാലില്‍ ആ കുണുക്ക് ഉള്ളതുകൊണ്ട് എന്ത് ചെയ്താലും എവിടെപ്പോയാലും അങ്ങേരു അറിയും. അതിനുമുന്‍പ് ആസ്പത്രിയില്‍പോയി ഈ മൂന്നാംകാലു തെണ്ടിയെ മുറിച്ചുകളയണം. ബസ്സില്‍ കേറുമ്പോള്‍ തലയില്‍ മുണ്ടിട്ടുമൂടി, കണ്ടക്റ്റര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ ആളെ മനസ്സിലാകാതിരിക്കാന്‍ ഒച്ച മാറ്റിയാണ് ഇറങ്ങേണ്ട സ്ഥലംപോലും ചങ്കരന്‍ പറഞ്ഞത്.
ആസ്പത്രിയില്‍ ആരും വന്നിരുന്നില്ല, രാവിലെ വരാന്തയില്‍ ഇരുന്നു കൂട്ടിരുപ്പുകാര്‍ ഉറക്കം തൂങ്ങി. പത്രംവില്‍ക്കുന്ന പയ്യന്‍ വലിയ കെട്ടു പത്രവും ആയി നടന്നുപോയി. ചങ്കരന്‍ വരാന്തയില്‍ ഒരിടത്ത് കാജാബീഡിയും വലിച്ചു കൂനിക്കൂടിയിരുന്നു. ഇടക്ക് ആസ്പത്രിക്ക് മുന്നിലെ തട്ടുകടയില്‍പോയി ചായകുടിച്ചും തുരുതുരാ ബീഡി വലിച്ചും കൊക്കിച്ചുമച്ചും ഒക്കെ ചങ്കരന്‍ നേരംപോക്കി. ഡോക്ടര്‍ വരാന്‍കുറേക്കൂടി താമസിക്കും. ഒ പി കൌണ്ടറില്‍ മുടിഞ്ഞ ക്യൂ ആയിരുന്നു. ഇത്രേം ആള്‍ക്കാര്‍ക്ക് ഇതെന്ത് അസുഖം ആണോ ആവോ? ഉന്തിയും തള്ളിയും ചീത്ത പറഞ്ഞും ഒക്കെ എങ്ങനെയൊക്കെയോ ഒരു ചീട്ടു ചങ്കരനും ഒപ്പിച്ചെടുത്തു.

ഡോക്ടറുടെ മുറിക്ക് മുന്നിലും ഉണ്ട് നീണ്ട ക്യൂ. കയ്യ് ഒടിഞ്ഞവര്‍, കാലൊടിഞ്ഞവര്‍, മുറിവും ചതവും ഒക്കെ ധാരാളം ഉള്ളവര്‍, അങ്ങനെ. അപ്പുറത്തെ വാര്‍ഡില്‍നിന്നും ദേഹമാസകലം പ്ലാസ്ടറിട്ട ഒരു രോഗിയെ വീല്‍ചെയറില്‍ ഇരുത്തി തള്ളിക്കൊണ്ട് പോയി.

ഡോക്ടറുടെ മുറിയിലും നിറയെ രോഗികള്‍ ഉണ്ടായിരുന്നു. അവിടെയും ക്യൂനിന്ന് നിന്ന് ചങ്കരന്റെ കാലൊടിഞ്ഞു. എങ്ങനെയൊക്കെയോ ഡോക്ടറുടെ മുന്നിലിട്ട ചെറിയ സ്റ്റൂളില്‍ ചങ്കരന്‍ എത്തിപ്പെട്ടു. കോട്ടുവാ ഇട്ടുകൊണ്ട്, ഡോക്ടര്‍ ചങ്കരനെ ഒഴിവാക്കുമ്പോലെ ചോദിച്ചു.
"എന്താ വന്നത് തണ്ടാരെ? എന്താ വേണ്ടത് തണ്ടാരെ?"
ചങ്കരനു ആകെപ്പാടെ ഒരു സമാധാനം തോന്നി.
"എനിക്ക് നടക്കാം പറ്റണില്ല, നടക്കുമ്പോ വീണുപോകുന്നു "
"അത്രേയുള്ളൂ , വാ തുറന്നേ തണ്ടാരെ "ചങ്കരന്‍ വാതുറന്നു .
"ഇനി ശ്വാസം വലിച്ചു വിട്ടേ തണ്ടാരെ "ചങ്കരന്‍ ശ്വാസം വലിച്ചുവിട്ടു .
"തിരിഞ്ഞിരുന്നേ തണ്ടാരെ ,മറിഞ്ഞിരുന്നേ തണ്ടാരെ "എന്നൊക്കെ വായടക്കാതെ പറഞ്ഞു ഡോക്ടര്‍ ചങ്കരനെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കിടത്തിയും ഇരുത്തിയും നിറുത്തിയും ഒക്കെ പരിശോധിച്ചു. കണ്ണ് തുറന്നുനോക്കി, വാ പൊളിച്ചുനോക്കി, ചെവിയിലും മൂക്കിലും ടോര്‍ച്ചു അടിച്ചുനോക്കി, നെഞ്ചില്‍ കൊട്ടിനോക്കി, നാഡി പിടിച്ചുനോക്കി, എന്തെല്ലാമോ മിഷ്യന്‍വെച്ച് നോക്കി. ഒടുവില്‍ എന്തോ പുതിയ കാര്യം കണ്ടെത്തിയപോലെ ഡോക്ടര്‍ പറഞ്ഞു.

"തണ്ടാര്‍ക്ക് ഒരു കുഴപ്പവുമില്ല ,തണ്ടാര് പൊയ്ക്കോ "
"എനിക്ക് ഈ മൂന്നാം കാലു വന്നേപ്പിന്നെ ശരിക്ക് നടക്കാന്‍ പറ്റുന്നില്ല ഡോക്ടറെ, ഈ കാലു ഒന്ന് മുറിച്ചു കളയണം അതിനാ വന്നത് "
അത്രേയുള്ളൂ എന്നമട്ടില്‍ ഡോക്ടര്‍ പറഞ്ഞു "ഇതൊന്നു നേരത്തെ പറയണ്ടേ തണ്ടാരെ? ഒരു കാലല്ലേ, അത് നമുക്ക് ഇപ്പോത്തന്നെ മുറിക്കാലോ, ദേ, ആ റൂം കണ്ടോ? അവിടന്ന് ഒരു ചീട്ടു വാങ്ങിച്ചിട്ട് വാ."

ചങ്കരന്‍ സന്തോഷത്തോടെ ആ മുറിയിലേക്ക് നടന്നു. ആ മുറിയില്‍ കയറിയതും വാതില്‍ ക്ടിക്ക് എന്നൊരു ഒച്ചയോടെ അടഞ്ഞു. പക്ഷെ അവിടിരിക്കുന്ന ആളെ കണ്ടപ്പോള്‍, ചങ്കരന്റെ ചങ്കിടിച്ചുപോയി. ദാണ്ടിരിക്കുന്നു നമ്മുടെ വില്ലെജാപ്പീസര്‍. ഇങ്ങേരു ഇതെങ്ങനെ അറിഞ്ഞു?

"വാ വാ തണ്ടാരെ. പറ്റിക്കാമെന്നു വിചാരിച്ചു അല്ലെ കൊച്ചു കള്ളാ" ചങ്കരന്‍ ഇളിഞ്ഞ ചിരി ചിരിച്ചു.
"കയ്യിലിനി കരമടക്കാന്‍ ദമ്പിടി കാശില്ല സാറേ. കഞ്ഞി വെക്കാന്‍പോലും ഗതിയില്ലാത്തത് കൊണ്ടാ ഈ മുടിഞ്ഞ മൂന്നാംകാലു മുറിക്കാമെന്നു വെച്ചത്.'
"അതെങ്ങനാ തണ്ടാരെ ?" വില്ലെജാപ്പീസറുടെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടപ്പോള്‍ അയാള്‍ തന്നെ ഇടിച്ചേക്കും എന്ന് ചങ്കരനു തോന്നി. "അതങ്ങനെ മുറിക്കാനൊന്നും പറ്റത്തില്ല. സര്‍ക്കാര് മൊതലല്ല്യോ, ഇനി മുറിക്കണമെങ്കില്‍ സര്‍ക്കാരിലേക്ക് കാശടക്കണം"

ചങ്കരനു പെരുത്തു വന്നു "ഞങ്ങക്കടെ ദൈവം, ഞങ്ങക്കടെ പൂശാരി, ഞങ്ങക്കടെ മേത്തു കിളുത്ത ഒരു മൂന്നാമത്തെ കാലു, അത് ഞങ്ങള്‍ക്ക് സൌകര്യമുള്ളപ്പ ഞങ്ങള്‍ കൊണ്ട് നടക്കും, സൌകര്യമുള്ളപ്പ ഞങ്ങള് മുറിക്കും. അതിനു നിങ്ങക്കടെ സര്‍ക്കാരിനെന്താ?"
"സര്‍ക്കാര്‍ അല്ല്യോ ഈ നാടായ നാടും കാടായ കാടും ഒക്കെ ഭരിക്കുന്നേ? അപ്പൊ സര്‍ക്കാരിനു അതില് ഒക്കെ കാര്യമുണ്ടാവത്തില്ല്യോ തണ്ടാരേ? ഇവരെയൊക്കെ ഭരിക്കാന്‍ കാശ് വേണ്ടായോ തണ്ടാരെ? സര്‍ക്കാരിന്റെ കയ്യില്‍ പണംകായ്ക്കുന്ന മരമൊന്നുമില്ല. തണ്ടാര്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ തൃക്കാല് മുറിച്ചോ. പക്ഷെ കാശടക്കണം."

"എത്രയാ?"ചില്ലറ വല്ലതുമാണെങ്കില്‍ കൊടുത്ത് തുലക്കാം എന്ന് കരുതി ചങ്കരന്‍ പറഞ്ഞു .
"ചെറിയ ഒരു തുക, ഇതുവരെ അടച്ചതും, അടച്ചതിന്റെ ഇരട്ടിയും പിന്നതിന്റെ ഇരട്ടിയും പിന്നതിന്റെ ഇരട്ടിയും പിന്നെ ആയിരം രൂപയും പിന്നെ ഒരു രൂപയും കൂടെ കൂട്ടിയാല്‍ കിട്ടുന്ന തുക അടച്ചിട്ടു കാലു മുറിച്ചോ."

ചങ്കരന്‍ ദേഷ്യംകൊണ്ട് വിറച്ചു. "അടച്ചില്ലെങ്കില്‍ താനെന്നെ എന്തോ ചെയ്യും?"

വില്ലെജാപ്പീസര്‍ വായിലെ മുപ്പത്തിരണ്ടും പല്ല് കാണിച്ചു ചിരിച്ചു. വായില്‍ കയ്യിട്ട് ശൂളമടിച്ചു. (വിസില്‍ വാങ്ങാന്‍ ഒക്കെ സര്‍ക്കാരിന്റെ കയ്യിലെവിടെന്നാ കാശ്?) എവിടെ നിന്നറിയില്ല, ഒരു പട പോലീസുകാര്‍ കാക്കക്കൂട്ടംപോലെ മുറിയിലേക്ക് ഇരച്ചുകയറി. അവര്‍ചങ്കരന്റെ ചുറ്റുംനിന്ന് തോക്ക്ചൂണ്ടി .

ചങ്കരനു കാവുങ്കല്‍ദേവിയുടെ പടയണിക്ക് വേല തുള്ളുന്നത് ഓര്‍മ്മവന്നു. തപ്പും ചെണ്ടയും ഇലത്താളവും കൊട്ടി തെക്കെ ചേരുവാരത്തില്‍നിന്ന് തുടങ്ങി വടക്കേ ചേരുവാരം ചുറ്റി ഒടുവില്‍ ദേവിക്ക് മുന്നില്‍ കുമ്പിടുന്നത് ഓര്‍മ്മവന്നു. ഓരോ ചോട് വെക്കുമ്പോഴും അഴലുകളെല്ലാം അപ്രത്യക്ഷമാകുന്നതും ഓര്‍മ്മവന്നു. പിന്നെ താമസിച്ചില്ല. "ഒന്നാം ചോടിന് കുമ്പിടുന്നേ ദേവീ വില്ലെജാപ്പീസര്‍ ജനലില്‍ക്കൂടെ പുറത്ത്, രണ്ടാം ചോടിന് കുമ്പിടുന്നേ ദേവീ,പോലീസുകാര്‍,തോക്കുകള്‍ എല്ലാം നിലത്ത് . മൂന്നാം ചോടിന് കുമ്പിടുന്നേ ദേവീ, എന്തത്ഭുതം, മൂന്നാമത്തെ കാല്‍ ഒന്നും ചെയ്യാതെതന്നെ അപ്രത്യക്ഷമായിരിക്കുന്നു.

ആശ്വാസത്തോടെ ചങ്കരന്‍ പുറത്തേക്ക് നടന്നു. ഷാപ്പ്‌ ഇപ്പോള്‍ തുറന്നുകാണും, പുലരി അളക്കാന്‍ തുടങ്ങിക്കാണും, ഒരു കുപ്പി മരനീരടിച്ചു തല പെരുപ്പിച്ചിട്ടുതന്നെ ബാക്കിക്കാര്യം!

Subscribe Tharjani |