തര്‍ജ്ജനി

മുഖമൊഴി

ജനങ്ങള്‍ അറിയേണ്ടതില്ലാത്ത വിവരങ്ങള്‍

ജനത്തിന്റെ പേരില്‍ ആണയിടുന്നവരാണ് നമ്മമുടെ രാഷ്ട്രീയപാര്‍ട്ടികള്‍. ജനാധിപത്യസമൂഹത്തില്‍ ജനത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ എന്ന് മേനിനടിക്കുന്നവര്‍. ജനങ്ങളുടെ ആശകളും അഭിലാഷങ്ങളുമാണ് തങ്ങളുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും പിന്നിലെന്നും അവര്‍ പറയും. അവരുടെ പ്രതിജ്ഞാബദ്ധത ജനങ്ങളോടാണ്. ഒക്കെ ശരിതന്നെ, പക്ഷെ, ജനങ്ങള്‍ തങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ അറിയുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആലോചിക്കാന്‍ പോലും വയ്യ. ഞങ്ങള്‍ പറയുന്നത് കോട്ടാല്‍മതി ജനങ്ങള്‍, ഞങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, ചര്‍ച്ചചെയ്യുന്നത്, എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും ജനങ്ങള്‍ അറിയരുത്. അറിയാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ തടയും. ഹാ! എത്ര ഉദാരമായ ജനാധിപത്യം!! നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരേണ്ടുന്ന പബ്ലിക് അതോറിറ്റികളാണെന്ന വിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുന്നതില്‍ നമ്മുടെ പാര്‍ട്ടികള്‍ കാണിച്ച ആവേശവും ആത്മാര്‍ത്ഥതയും ഉളുപ്പില്ലായ്മയും അവരുടെ അനുയായികളെയെങ്കിലും അമ്പരപ്പിക്കേണ്ടതാണ്.

വിവരാവകാശനിയമം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണമാണ്. ജനാധിപത്യത്തിന്റെ സഫലമായ പ്രയോഗം വിവരത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് നിലക്കൊള്ളുന്നത്. പാര്‍ട്ടികളും ഭരണകൂടവും നടത്തുന്ന പ്രചരണങ്ങളല്ല യഥാര്‍ത്ഥവിവരം. അവയൊക്കെ നിശ്ചിതമായ താല്പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തുന്ന പ്രചരണങ്ങളാണ്. പലപ്പോഴും അവയെല്ലാം അര്‍ദ്ധസത്യങ്ങളോ അസത്യങ്ങള്‍പോലുമോ ആയിരിക്കും. ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവിനു മുമ്പത്തെ കാലത്തെ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്ത മുന്‍പ്രസ്താവനകള്‍ നിര്‍ല്ലജ്ജം നിഷേധിച്ചിരുന്നു. പറയുന്നത് കള്ളമാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സിലാവുമെങ്കിലും ആ കളവ് തെളിയിക്കുവാന്‍ എളുപ്പമല്ലെന്നതിനാല്‍ ഈ തന്ത്രം രാഷ്ട്രീയക്കാര്‍ പരക്കെ പ്രയോഗിച്ചിരുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സാങ്കേതികവിദ്യ വ്യാപകമായതോടെ റെക്കോഡ് ചെയ്തത് കേള്‍പ്പിച്ച് ഈ നുണപറയലിനെ ചോദ്യംചെയ്യാമെന്ന അവസ്ഥ വന്നു. ടെലിവിഷന്‍ വന്നതോടെ ശബ്ദവും ദൃശ്യവും ചേര്‍ന്ന റെക്കോര്‍ഡിഗ് കാണിച്ച് നുണ പറയുന്നുവെന്ന് തെളിയിക്കുവാനാകും. രാഷ്ട്രീയക്കാര്‍ നിലനില്പിനായി പലതരം കുതന്ത്രങ്ങളും തട്ടിപ്പുകളും നുണപറയലുമെല്ലാം നടത്തുന്നവരാണ്. എതിരാളിയേയും തങ്ങളുടെ കൂട്ടത്തിലുള്ളവരെയും വെട്ടിവീഴ്ത്തിയാണ് ഓരോ നേതാവും ഔന്നത്യങ്ങള്‍ കീഴടക്കുന്നത്. അത്തരം നേതാക്കള്‍ ഭരണകര്‍ത്താക്കളാവുമ്പോള്‍ അവരില്‍ നിന്ന് സത്യം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവര്‍ പറയുന്നതിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ ഭരിക്കപ്പെടുന്നവര്‍ക്ക് സാധിക്കണം. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല, ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണം സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവേണ്ടത്.

പൊതുഖജനാവില്‍ നിന്നുമുള്ള പണം പരോക്ഷമായി കൈപ്പറ്റുന്നവര്‍ എന്നനിലയിലും ജനജീവിതത്തെ ബാധിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരേണ്ടവയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന കേന്ദ്ര വിവരാവകാശകമ്മീഷന്റെ തീര്‍പ്പിനെതിരെ പ്രമുഖപാര്‍ട്ടികളെല്ലാം ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്. വിവരാവകാശനിയമം പാസ്സാക്കിയ കോണ്‍ഗ്രസ്സുകാരാണ് അതിന്റെ മുന്‍നിരയില്‍. കൂടെത്തന്നെ ഇടതുപക്ഷത്തിന്റെ അമരക്കാരായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അണിനിരന്നു. പക്ഷെ ഭാരതീയ ജനതാപാര്‍ട്ടി തന്ത്രപരമായി പെരുമാറി. കേന്ദ്ര വിവരാവകാശകമ്മീഷന്റെ നിര്‍ദ്ദേശം അനുസരിക്കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ നിര്‍ദ്ദേശം അനുസരിച്ച് വിവരാവകാശ ഓഫീസറെ നിയോഗിച്ച്, അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരം നല്കിയ ഒരേയൊരു പാര്‍ട്ടിയേ ഉണ്ടായുള്ളൂ. അതാവട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്.

തങ്ങളെ സംബന്ധിച്ച ഏത് വിവരം ജനങ്ങള്‍ക്ക് നല്കുന്നതിനെയാണ് പാര്‍ട്ടികള്‍ ഭയപ്പെടുന്നത്? വിവരാവകാശനിയമം എല്ലാ വിവരങ്ങളും നിരുപാധികമായി നല്കണം എന്ന് പറയുന്നില്ല. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നല്കേണ്ടതില്ല എന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതുപോലെ പകര്‍പ്പവകാശനിയമത്തിന്റെ പരിരക്ഷയുള്ളത്, ബൌദ്ധികവിഭവം എന്നിങ്ങനെയുള്ളവയും നല്കേണ്ടതില്ല. ഇത്തരം വിവരങ്ങള്‍ പങ്കിടുന്നത് വിവരം നല്കുന്ന സ്ഥാപനത്തിന്റെ താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലുള്ള പരിരക്ഷയാണ്. അതുപോലെ ഫൈഡ്യൂഷറി റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ നല്കേണ്ടതില്ലെന്നും വിവരാവകാശനിയമം പറയുന്നു. ഡോക്ടര്‍, വക്കീല്‍ എന്നിങ്ങനെയുള്ള തൊഴില്‍ ചെയ്യുന്നവരുമായി ബന്ധപ്പെടുന്നവര്‍ പങ്കിടുന്ന വിവരങ്ങള്‍ ഏറെയും സ്വകാര്യമായ വിവരങ്ങളാണ്. അത്തരം സ്വകാര്യവിവരങ്ങു നല്കേണ്ടതില്ല. ഇത്രത്തോളം സ്വകാര്യതയേയും വ്യക്തിപരമായ അന്തസ്സിനേയും പരിഗണിക്കുന്ന ഒരു നിയമത്തിന്റെ പരിധിയില്‍ വരാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മടിക്കുന്നതോ ഭയപ്പെടുന്നതോ എന്തിനാണ്?

പാര്‍ട്ടിയോഗത്തിന്റെ മിനുട്ട്സ് പോലെയുള്ള രേഖകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് എന്തിനാണ്? യോഗത്തിന് ശേഷം പാര്‍ട്ടിവക്താവ് അല്ലെങ്കില്‍ പ്രസിഡന്റ്/സെക്രട്ടറി പത്രസമ്മേളനം നടത്തി പറയുന്ന കാര്യങ്ങള്‍ വാസ്തവം തന്നെയാണോ എന്ന് അന്വേഷിക്കുവാന്‍ ജനത്തിന് അധികാരമില്ലേ? പൂര്‍ണ്ണമായ വസ്തുതകള്‍ തന്നെയാണോ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ എന്താണ് കുഴപ്പം? പാര്‍ട്ടി നയങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ത്തന്നെയാണോ പാര്‍ട്ടിപ്രവര്‍ത്തനം നടക്കുന്നത് എന്ന് പരിശോധിക്കുവാന്‍ ജനങ്ങള്‍ക്ക് അധികാരമില്ലെന്നാണോ ഈ നേതാക്കള്‍ പറയുന്നത്?

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിന്ന പല സര്‍ക്കാര്‍ വകുപ്പുകളും വിവരാവകാശപ്രവര്‍ത്തകരുടെ ജാഗ്രതാപൂര്‍വ്വമായ ഇടപെടലിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ഒരു പാര്‍ലമെന്റ് അംഗത്തിന് നല്കേണ്ടതില്ലാത്ത വിവരമേ വിവരാവകാശനിയമം അനുസരിച്ച് ചോദിക്കുന്ന സാധാരണപൌരന് നിഷേധിക്കാവൂ എന്ന് നിയമം പറയുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും സാര്‍ത്ഥകമായ ഈ നിയമം തങ്ങള്‍ക്ക് ബാധകമാക്കരുത് എന്ന് വാദിക്കുന്നവര്‍ ജനവിരുദ്ധരാണ്. അവര്‍ ഫാസിസത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവരാണ്. പാര്‍ട്ടിപ്രവര്‍ത്തനത്തിനായി സ്വരൂപിക്കുന്ന പണത്തിന്റെ കണക്ക്, ആ പണം ചിലവഴിച്ച രീതി എന്നിങ്ങനെ പാര്‍ട്ടിക്കാര്‍ക്ക് ജനങ്ങളില്‍ നിന്നും ഒളിച്ചുവെക്കേതല്ലാത്ത വിവരം ഒന്നുമില്ലെന്ന വസ്തുതയാണ് അവര്‍ ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ടതാണ്. പാര്‍ട്ടി വക്താവിന്റെ വര്‍ത്തമാനം കേട്ട് കഴിയേണ്ട വിഡ്ഢികളാണ് ജനം എന്നവര്‍ കരുതുന്നു. വിവരങ്ങള്‍ എത്ര മറച്ചുവെച്ചാലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഊഹിക്കുവാന്‍ ജനങ്ങള്‍ക്ക് സാധിക്കും.

Subscribe Tharjani |