തര്‍ജ്ജനി

ഡോ. സി. ജെ. ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

സൈബര്‍യുഗം വെല്ലുവിളിപ്പൂ (മലയാളസര്‍വ്വകലാശാലയെ)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല ജൂണ്‍ 8ന് തിരൂരില്‍ നടത്തിയ 'സൈബര്‍യുഗത്തിലെ മലയാളസര്‍വ്വകലാശാല' എന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം.

സൈബര്‍യുഗം എതിനു സമകാലം എന്ന വിവക്ഷയുണ്ടല്ലോ. പ്രധാനമായും ആ വിവക്ഷയില്‍ ഊന്നിക്കൊണ്ട് മലയാളസര്‍വ്വകലാശാലയുടെ രൂപഭാവങ്ങളെക്കുറിച്ച് ചിന്തിക്കാനാണ് ഇവിടെ തുനിയുന്നത്. മുന്നോടിയായി സൈബര്‍ലോകവുമായി ബന്ധപ്പെട്ട ചില ആലോചനകള്‍ മുന്നോട്ടുവെയ്ക്കാനും ഇവിടെ തുനിയുന്നുണ്ട്. സര്‍വ്വകലാശാല അതിന്റെ ഭ്രൂണാവസ്ഥയൊക്കെ പിന്നിട്ടുകഴിഞ്ഞു. ഇനി പലതും പറയുന്നത്, പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു നടത്തുന്ന ചിറകെട്ടാണെന്ന് തോന്നിയേക്കാം. എങ്കിലും ഇങ്ങനെ വന്നുപോകുന്ന സ്ഥിതിക്ക് പറയുന്നതാണ്. ചിലതൊക്കെ പ്രസക്തമാണെന്നു വെക്കാം. അതേപടി ഉപകാരപ്പെട്ടില്ലെങ്കിലും സാരമില്ല. പ്രസക്തമായ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ പ്രയോജനപ്പെട്ടാലും അതു ഗുണമായിരിക്കുമല്ലോ.

ആധുനികവും വികസ്വരവുമായ ഭാഷാസാമൂഹങ്ങളും, സ്വാഭാവികമായി അവരുടെ ഭാഷകളും സൈബര്‍ലോകത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രൂപപ്പെടുന്ന ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രം ഈ മേഖലയുമായി ബന്ധപ്പെട്ട് ഭാഷ കൈവരിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നും അതിനുവേണ്ടി നടത്തേണ്ട ആസൂത്രണമെന്തെന്നുമൊക്കെ ഗൗരവബുദ്ധിയോടെ പരിശോധിക്കുകയും പഠിക്കുകയും കരുതലോടെ ആസൂത്രണം നടത്തുകയും ചെയ്യേണ്ടതുതന്നെ. ഈ ബോദ്ധ്യമുണ്ടെന്നത് തീര്‍ച്ചയായും ആഹ്ലാദകരമാണ്.

ഞാനൊരു വിവരസാങ്കേതികവിദഗ്ദ്ധനോ കമ്പ്യട്ടര്‍ വിദഗ്ദ്ധനോ അല്ല. ആ കുറവോടുകൂടി, തന്നെ വിഷയത്തെ കണ്ടുകൊണ്ട് സംസാരിക്കുകയാണ്. ഈ രംഗത്ത് ചില ആലോചനകളും പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും നടത്തുന്നവരുമായി ബന്ധപ്പെട്ട് ചില സംവാദങ്ങളിലും ആസൂത്രണപ്രവര്‍ത്തനങ്ങളിലും (മിക്കപ്പോഴും ഒരു ശ്രോതാവിന്റെ റോളില്‍) ഇടപഴകിയതിന്റെ വെളിച്ചത്തില്‍, സൈബര്‍കാലത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ മലയാളഭാഷയിലുണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ വളരെ വളരെ പതുക്കെയാണ് സംഭവിക്കുതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ബ്ലോഗും ഫെയ്‌സുബുക്കും വെബ്മാഗസിനുകളുള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സങ്കേതസ്ഥാനങ്ങളുമൊക്കെച്ചേര്‍ന്ന് ഭാഷയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന നവീനതകളും വൈജ്ഞാനികപദ്ധതികളും വിവിധ സോഫ്‌റ്റ്വേര്‍ നിര്‍മ്മാണങ്ങളും മാത്രമല്ല, മലയാളത്തില്‍ ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളിലേക്കു കടക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനപരമായുണ്ടായ വികാസവും എല്ലാം നിലനില്ക്കുമ്പോഴും നമ്മുടെ മലയാളം വിവരസാങ്കേതികരംഗത്തിന്റെ സാദ്ധ്യതകള്‍ വളരെ ചെറിയ തോതില്‍ മാത്രമേ ഉപയോഗപ്പെടുത്തിക്കഴിഞ്ഞിട്ടുള്ളൂവെന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്. അതുകൊണ്ട് മലയാളികള്‍ ദുരിതത്തിലാണെന്ന് വിവക്ഷയില്ല. മലയാളഭാഷയുടെ ദുരിതാവസ്ഥയാണ് ശ്രദ്ധാര്‍ഹമായ വിഷയം.

വിവരസാങ്കേതികതയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ തലച്ചോറുകള്‍ മലയാളഭാഷയ്ക്ക് വിവരസാങ്കേതികതയെ പ്രയോജനപ്പെടുത്തി ആധുനികസൗകര്യങ്ങളൊരുക്കുവാന്‍ ചെലവഴിക്കുന്നത് തുച്ഛമായ ഊര്‍ജ്ജം മാത്രമാണ്. വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ വ്യാപരിക്കുന്നവര്‍ മിക്കവാറും ഇംഗ്ലീഷിനെയാണ് ആശ്രയിച്ചുപോരുന്നതും. അതില്‍ തെറ്റുണ്ടെന്ന് പറയാനല്ല ശ്രമിക്കുന്നത്. മലയാളം ഈ സമകാലികാവസ്ഥയെ അഭിമുഖീകരിക്കുന്നതിലും അതിനെ പ്രയോജനപ്പെടുത്തി ഭാഷയെ പുതിയ യുഗത്തില്‍ മറ്റ് ആധുനികഭാഷകളോടൊപ്പം എത്തുന്നതിനുള്ള ശ്രമത്തില്‍ പിന്നോക്കാവസ്ഥയിലാണെന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു എന്നുമാത്രം.

അച്ചടിയുടെ യുഗത്തിലേക്ക് പ്രവേശിച്ചുകൊണ്ടാണ്, അതിന്റെ സമസ്തസാദ്ധ്യതകളെയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ ഭാഷ ഇന്നത്തെ മട്ടില്‍ വികസിതമായിത്തീര്‍ന്നത്. ഡിജിറ്റല്‍യുഗത്തില്‍ പുതിയ ഭാഷായുഗം ആരംഭിക്കുകയാണ്. ഇതു മനസ്സിലാക്കി മുന്നേറുവാനുള്ള പരിശ്രമങ്ങള്‍ പതുക്കെയാവുന്നത് നമ്മുടെ ഭാഷയെക്കുറിച്ച് പൊതുവില്‍ നിലവിലുള്ള അപകര്‍ഷബോധത്തെ ശക്തിപ്പെടുത്താനേ സഹായിക്കുകയുള്ളൂ. (ലജ്ജിച്ചുലജ്ജിച്ച് ഒരു മലയാളസര്‍വ്വകലാശാല എന്ന് കല്പറ്റ നാരായണനെഴുതുമ്പോള്‍ ഈ അപകര്‍ഷത്തെയല്ലേ ആവിഷ്‌കരിച്ചുറപ്പിക്കുന്നത്?) രാഷ്ട്രീയമായ താല്പര്യങ്ങളാലുള്ള ബഹുമതികള്‍, ശ്രേഷ്ഠഭാഷപോലുള്ള വിശേഷണങ്ങള്‍, വാങ്ങിയെടുന്നക്കുതുകൊണ്ട് മാത്രം പരിഹരിക്കാവുതല്ല ഭാഷയുടെ പിന്നോക്കനിലയും പിന്നോക്കബോധവും. ഭാഷയെ വന്നകാലത്തിനു തോളൊത്തുനില്ക്കുന്ന അവസ്ഥയിലേക്കു നയിക്കുകയും സമകാലികവല്ക്കരിക്കുകയും ചെയ്യാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ മലയാളം ആധുനികാനന്തരമായ ഒരു യുഗത്തിന്റെ ഭാഷയായി മാറിത്തീരുകയുള്ളൂ. ആത്മവിശ്വാസത്തോടെ മലയാളിക്കു സ്വന്തഭാഷയെ അനുഭവിക്കാനും ആവിഷ്‌കരിക്കാനും കഴിയുകയുള്ളൂ. ഒരു ജനതയെ ആത്മവിശ്വാസത്തിലേക്ക് നയിക്കാത്ത ഭാഷ ഭാഷയല്ല, പേടിപെട്ട പേച്ചാണ്.

അതിരിക്കട്ടെ. ഇവിടെ ഓര്‍ക്കേണ്ടുന്ന ഒരു കാര്യമിതാണ്. മലയാളപഠനം നടത്തുന്നവര്‍ക്കോ മറ്റു ഭാഷാസ്നേഹികള്‍ക്കോ ഈ രംഗത്തു മുന്നില്‍ നില്ക്കാനോ ശക്തമായി മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണത്. അക്കാദമികമായ നമ്മുടെ ഭാഷാപഠനം വര്‍ത്തമാനത്തെ, സമകാലികാവശ്യങ്ങളെ, മുന്നില്‍ക്കാണുന്ന തരത്തില്‍ സജീവമായ ഒരു നിലയിലല്ല ഉള്ളത്. മലയാളത്തിനകത്ത് ഒരു മൃതഭാഷ ഒളിഞ്ഞുകിടപ്പുണ്ട്. ഇംഗ്ലിഷ് കലരാത്തതും വിശുദ്ധവുമായ തനിമലയാളത്തെക്കുറിച്ചോര്‍ത്തു ഖിന്നരാവുവരിലൂടെ ആദരിക്കപ്പെടുന്ന ഒരു ഭൂതകാലമലയാളം. വാസ്തവത്തില്‍ അതിന് വലിയ പഴക്കമൊന്നുമില്ല. ആ അ-മലയാളത്തിന്റെ മഹിമ പാടാനും അത് ശ്രേഷ്ഠമാണെന്ന് ഉറപ്പിക്കാനും മലയാളം മലയാളിയുടെ ജൈവാംശമാണെന്ന് വാദിക്കാനും ആധുനികമായ മലയാളിയുടെ മതേതരസ്വത്വത്തെ നിതരാം സൂചിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന കവചകുണ്ഡലമാണെന്ന് പഠിപ്പിക്കാനുമൊക്കെയുള്ള ഉത്സാഹശാലികളെ എത്രയെങ്കിലും പ്രദാനം ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും നമ്മുടെ ഭാഷാപഠനം ഗൗരവബുദ്ധിയോടെ ഭാഷയുടെ സമകാലികമായ ഇ-ആവശ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ളവര്‍ക്ക് ജന്മംകൊടുക്കുന്നില്ലെന്നതാണ് വേദനാജനകമായ വസ്തുത. ഇതിന് പരിഹാരമുണ്ടാക്കാനുള്ള അക്കാദമികശ്രമങ്ങള്‍ മലയാളസര്‍വ്വകലാശാലയില്‍നിന്ന് ഉണ്ടാകുമെങ്കില്‍ നല്ലതായിരിക്കും. ആ ശ്രമത്തിന്റെ ഭാഗമായി വിവരസാങ്കേതികമേഖലയില്‍, അതിന്റെ ഭാഷാപരമായ തലത്തില്‍ ശ്രദ്ധിക്കുന്ന ഒരു തുറന്ന, വിവരസാങ്കേതികവിദ്യയെ മലയാളവിനിമയത്തിനും മലയാളികളുടെ വിദ്യാഭ്യാസത്തിനും ഭദ്രമായി ആശ്രയിക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരു തുറന്ന, മലയാളസര്‍വ്വകലാശാലയില്‍ ഉണ്ടാകുന്നത് അഭിലഷണീയമായിരിക്കും. അത് മലയാളഭാഷാപഠനത്തിന്റെയും ഗവേഷണത്തിന്റെയും പ്രധാനപ്പെട്ടൊരു ഭാഗമായിട്ടെങ്കിലും വരേണ്ടതുണ്ട്.

ഈയിടെയുണ്ടായ ഒരു അനുഭവത്തോട് ബന്ധപ്പെടുത്തി ചില കാര്യങ്ങള്‍ പറയാം. എസ്.ഇ.ആര്‍.ടി.യുടെ മുന്‍കൈയില്‍ നടന്ന ഒരു ചെറുശില്പശാലയുടെ അനുഭവമാണ്. ഭാഷാചിന്തകനും ഗവേഷകനുമായ പ്രൊഫ. ടി.ബി. വേണുഗോപാലപ്പണിക്കരെ പ്രധാനമായി ആശ്രയിച്ചുകൊണ്ട് നടത്തിയ ശില്പശാല. മലയാളത്തിന്റെ ഉച്ചാരണവ്യവസ്ഥയെ കമ്പ്യൂട്ടറില്‍ പ്രയോഗിക്കാവുന്നതരത്തില്‍ സങ്കേതവല്ക്കരിക്കുവാന്‍ വേണ്ടി നടത്തിയ ശില്പശാലയായിരുന്നു അത്. അന്ധരായ ആളുകള്‍ക്ക് ഇ-ടെക്സ്റ്റുകള്‍ വായിച്ചുകേള്‍ക്കാനുള്ള ഒരു മെച്ചപ്പെട്ട സോഫ്റ്റ്‌വേര്‍ വികസിപ്പിക്കാന്‍വേണ്ടി പ്രയത്നിക്കുന്ന ദീപ ഗോപിനാഥാണ് ശില്പശാലയുടെ മുന്നാള്‍. എഞ്ചിനിയറിങ്ങ് പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളാണ്. അവരുടെ പരിശ്രമത്തിന് ആവശ്യമായ അറിവുകള്‍ സമാഹരിക്കാന്‍വേണ്ടിയാണ് ശില്പശാല ഓര്‍ഗനൈസ് ചെയ്തിരുന്നത്. വേണുഗോപാലപ്പണിക്കരോടൊപ്പം അദ്ദേഹത്തിനു കീഴില്‍ കുറച്ചു ഭാഷാശാസ്ത്രപരിശീലനം ലഭിച്ചിട്ടുള്ള ഞങ്ങള്‍ ഏതാനും പേരും ആ പരിപാടിയില്‍ പങ്കുചേരുകയുണ്ടായി. രാസത്വരകങ്ങളെന്ന നിലയിലാണ് ഞങ്ങളുടെ സാന്നിദ്ധ്യം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരായ പി. സോമനാഥന്‍, ആര്‍. വി. എം. ദിവാകരന്‍, മേരി മാതാ കോളേജിലെ അദ്ധ്യാപകന്‍ ജോസഫ് കെ ജോബ്. ഗുരുവായൂരപ്പന്‍ കോളേജിലെ അദ്ധ്യാപിക സുനിത ടി.വി., മാഹി മഹാത്മാഗാന്ധി കോളേജിലെ അദ്ധ്യാപകന്‍ മഹേഷ് മംഗലാട്ട്, എസ്.ഇ.ആര്‍.ടിയിലെ ദിനേശന്‍ മാസ്റ്റര്‍ എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. മഹേഷും സുനിതയും ഈ രംഗത്ത് തങ്ങളാലാവുംവണ്ണം കാര്യങ്ങള്‍ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിച്ചിട്ടുള്ള മലയാളം അദ്ധ്യാപകരാണ്. അവരെപ്പോലുള്ള ചുരുക്കം ചിലരെ മാറ്റിനിര്‍ത്തിയാല്‍ ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണാന്‍ ശ്രമിച്ചിട്ടുള്ള മലയാളഭാഷാസാഹിത്യപഠിതാക്കള്‍ ഇല്ലെന്നു പറയേണ്ടിവരും.

എന്നാല്‍ ഈ മേഖലയില്‍ വളരെ സീരിയസ്സായി ശ്രദ്ധ ചെലുത്തുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ഉണ്ടായിവരുന്നുമുണ്ട്. ശില്പശാലയുടെ കേന്ദ്രസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ദീപതന്നെ ഉദാഹരണമാണ്. മലയാളത്തിന് ഫോണ്ടുകള്‍ ഉണ്ടാക്കാന്‍വേണ്ടി യത്നം നടത്തിയ ആളുകള്‍, വ്യത്യസ്തമായ ലിപിവ്യവസ്ഥാസോഫ്‌റ്റേ്‌വേറുകള്‍ ഉണ്ടാക്കാനായി യത്‌നിച്ചിട്ടുള്ളവര്‍, വിക്കിപ്പീഡിയ പോലുള്ള വിവരകോര്‍പ്പസുകള്‍ രൂപീകരിക്കാനും വികസിപ്പിക്കാനും ശ്രമിച്ചിട്ടുള്ളവര്‍ ഒക്കെയുണ്ട്. അവര്‍ മുമ്പു സൂചിപ്പിച്ച തരത്തിലുള്ള ഭാഷാപ്രേമികളോ ഉത്സവക്കാരോ അല്ല. ഭാഷയെ വൈകാരികമായി കാണുകയും ജയ്‌വിളിച്ച് ഭാഷയെ രക്ഷപ്പെടുത്തിക്കളയാമെന്ന് കരുതുകയും ചെയ്യുന്നവരുമല്ല. ഭാഷയുടെ എഞ്ചിനീയര്‍മാരാണവര്‍. സഹജമായ പ്രതിബദ്ധതയാല്‍ ജോലിയെടുക്കുന്നവര്‍. അത്തരക്കാരുടെ ഭാഷാപ്രയത്നങ്ങളെ കൂട്ടിയിണക്കാനും ആരോഗ്യകരമായ സംവാദങ്ങളിലൂടെ തെളിഞ്ഞ കാഴ്ചപ്പാടോടെ മലയാളത്തെ വിവരസാങ്കേതികതയുടെ തികവുറ്റ പ്രയോഗശേഷിയിലേക്കു വളര്‍ത്തുവാനും വേണ്ട ശ്രമമുണ്ടായാല്‍ പുതിയ കാലത്തോടൊപ്പം നടക്കാന്‍ ശ്രമിച്ചു എന്ന ആശ്വാസമെങ്കിലും ഉണ്ടായേക്കും.

ആരോഗ്യകരമായ സംവാദം എന്നുപറഞ്ഞത് ബോധപൂര്‍വ്വമാണ്. ഈ മേഖലയില്‍ അറിയാനും അറിയിക്കാനുമുള്ള സംവാദങ്ങള്‍ നടക്കാതെ പോയതിന്റെ ഫലമായി പല തര്‍ക്കങ്ങളും തര്‍ക്കമായി കുതര്‍ക്കമായി സംവാദത്തിനുള്ള വാതിലുകളേതുമില്ലാത്തതായി മാറിയ അനുഭവങ്ങളുണ്ട്. രചന അക്ഷരവേദിക്കാരുടെ ശ്രമങ്ങളും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശ്രമങ്ങളും രണ്ടുവഴിക്ക് പോയതിന്റെയും യൂണിക്കോഡ് എന്‍കോഡിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സന്ദിഗ്ദ്ധതകളെയും മറ്റും ഓര്‍ക്കുക.. ഇത്തരം വാദവിവാദങ്ങളെവരെ കണക്കിലെടുത്തുകൊണ്ട് യുക്തിസഹവും വിശാലമായ പരിഗണനകളുള്ളതുമായ ഉയര്‍പടവുകളിലേക്കെത്തുവാനുള്ള വിവേകം പ്രവര്‍ത്തനക്ഷമമാകുന്ന വേദിയാകണം മലയാളം സര്‍വ്വകലാശാലയിലുണ്ടാകുന്ന വിവരസാങ്കേതികതുറ. അങ്ങനെയൊന്ന് ഉണ്ടാകുന്നുണ്ടെങ്കില്‍.

മലയാളഭാഷയെ വിവരസാങ്കേതികതയുടെ പടവുകളിലൂടെ നയിക്കുന്നതിന് വലിയ പരമിതിയാകുന്നത് ഇത്തരം ആളുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം പോകട്ടെ, സഹായംപോലും നല്കാനുള്ള കെല്പുള്ളവരെ സൃഷ്ടിക്കുവാന്‍ നമ്മുടെ ഭാഷാപഠനത്തിനു കഴിയുന്നില്ല എന്നതാണ്. മേല്പറഞ്ഞ ശില്പശാല ബോദ്ധ്യപ്പെടുത്തിയ ഒരു കാര്യം അതുകൂടിയായിരുന്നു. സ്വനവും സ്വനിമവും ജീവല്‍ഭാഷയും മൃതഭാഷയും പാരഗ്രാഫില്‍ ഉത്തരമാക്കി എഴുതാന്‍ പഠിച്ചു ഭാഷാശാസ്ത്രം പാസ്സായിപ്പോകുന്നതിനപ്പുറത്ത് ആധികാരികമായി ഭാഷയെക്കുറിച്ച് എന്തെങ്കിലും പറയാനോ പ്രായോഗികമായി വിശദീകരിക്കാനോ ഉള്ള കഴിവൊന്നും ഞങ്ങള്‍, ചുരുങ്ങിയ പക്ഷം ഞാനെങ്കിലും ആര്‍ജ്ജിച്ചിരുന്നില്ല എന്നാണ് മനസ്സിലായത്. സംഘടിതമായ യത്നംകൊണ്ട് തെളിച്ചങ്ങളിലേക്കെത്തിച്ചേരുകയുണ്ടായി എന്ന വസ്തുത വിസ്മരിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ളവരുടെ ഈമട്ടിലുള്ള ദൗര്‍ബ്ബല്യങ്ങളെ ഭാവിയിലെ ഭാഷാപഠനം, മലയാളസര്‍വ്വകലാശാലയിലെങ്കിലും തിരുത്തിയെടുക്കേണ്ടതുണ്ട്.

ഭാഷാപഠനം കൂടുതല്‍ ആഴമുള്ളതായിത്തീരേണ്ടതുണ്ട്. വിശാലമാകേണ്ടതുണ്ട്. വാമൊഴികേന്ദ്രിതവാദപരമായ ഭാഷാസമീപനങ്ങളിലൂടെ അതിനു കഴിയുമെന്ന് തോന്നുന്നില്ല. സൂത്രവാക്യങ്ങളിലേക്കും സ്വത്വാദിമുദ്രകളിലേക്കും ചുരുക്കിയെടുക്കുന്ന കുറുക്കുവിദ്യകൊണ്ടൊന്നും ഭാഷയെ സങ്കീര്‍ണ്ണമായ പ്രതിഭാസത്തെ മനസ്സിലാക്കാനോ സമകാലികമായ ആവശ്യങ്ങള്‍ക്കനുസൃതമായി വഴക്കിയെടുക്കാനോ സാധിക്കുകയില്ല. ഭാഷയെ സങ്കീര്‍ണ്ണപ്രതിഭാസത്തെ പല തരത്തില്‍, പല സമീപനങ്ങളിലൂടെ, മനസ്സിലാക്കുന്നതിനുള്ള സന്നദ്ധതയോടുകൂടിയ പരിശീലനം ഭാഷാപഠനത്തിന്റെ സര്‍വ്വകലാശാലാതലത്തിലുള്ള അഭ്യസനത്തിലെങ്കിലും ലഭ്യമാകേണ്ടതുണ്ട്. അതു ലഭിച്ച, വൈദഗ്ദ്ധ്യവും വികസിതമായ കാഴ്ചപ്പാടും ഉള്ള ഭാഷാവിജ്ഞാനികള്‍ക്കു ജന്മം കൊടുക്കാനും അവര്‍ക്ക് ഭാഷാസൂത്രണത്തില്‍ ഭാഗധേയത്വം ഉറപ്പുവരുത്തുവാനുമൊക്കെ സാധിക്കുമെങ്കില്‍ മാത്രമേ ഈ ഭാഷാപഠനകേന്ദ്രം സഫലവും സാര്‍ത്ഥകവുമായ ഒരു കരുതലായി, മുടക്കുമുതലായി ഭാവിയില്‍ ശോഭിക്കാനിടയുള്ളൂ.

ഭാഷയെ സംസ്കരിക്കുകയും വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി വഴക്കിയെടുക്കുകയും ചെയ്യുന്നതിലൂടെ സൃഷ്ടിക്കുന്ന വിവിധങ്ങളായ സംസ്കൃതഭാഷകള്‍. അവയുടെ ഉന്മേഷകരമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിലൂടെ വിവിധ ഭാഷാമണ്ഡലങ്ങളെ സൃഷ്ടിക്കാനും വികസിപ്പിക്കാനും കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കുന്ന ഒരു സമീപനം സ്വീകരിച്ചാലേ ഭാഷാപഠനത്തെ ഗൗരവമുള്ള ഒരു പരിശീലനപദ്ധതിയായി വികസിപ്പിക്കാന്‍ ഒക്കുകയുള്ളൂ. സൈദ്ധാന്തികമായും പ്രായോഗികമായും സജ്ജരായ മികച്ച ഭാഷാ എഞ്ചിനിയര്‍മാരെ സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഭാഷാവിദ്യാഭ്യാസം - അതാവണം ഭാഷാപഠനതുറയുടെ ധര്‍മ്മം. ഒരേ സമയം ഭാഷാശാസ്ത്രവും സാങ്കേതികവിദ്യയും കൈകാര്യം ചെയ്യാനാവുന്നവര്‍ ഉണ്ടാവേണ്ടതുണ്ട്. ഭാഷയെ ഘടനാപരമായും തത്ത്വചിന്താപരമായും കലാചിന്താപരമായും മനസ്സിലാക്കാനും കഴിവുള്ള സ്കോളര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയണമെന്ന് വേറൊരു തരത്തില്‍ പറയാം.

മലയാളം സര്‍വ്വകലാശാല ഇത്തരത്തില്‍ എമിനന്റ് ആയ സ്കോളര്‍മാരെ, കുറച്ചുകൂട്ടിപ്പറഞ്ഞാല്‍ ഇന്റലക്ച്വല്‍സിനെ, പ്രായോഗികമായി മലയാളിയുടെ മാനസികജീവിതത്തില്‍ അഥവാ ഭാഷാജീവിതത്തില്‍ ഇടപെടുകയും പുതിയ ലോകത്തിന്റെ നിര്‍മ്മാതാക്കളാവുകയും ചെയ്യുവരെ , സൃഷ്ടിക്കാനുതകിയെങ്കില്‍ മാത്രമേ അത് വ്യത്യസ്തവും ഉപകാരപ്രദവും അഭിമാനകരവുമായ ഒരു വൈജ്ഞാനികകേന്ദ്രമായി വളരാനിടയുള്ളൂ. മറിച്ച് കേരളത്തിലെ കോളേജുകളിലോ സര്‍വ്വകലാശാലാപഠനവിഭാഗങ്ങളിലോ നടക്കുന്ന ബിരുദാനന്തരബിരുദകോഴ്‌സുകളുടെയോ അവയുടെ പുന:ക്രമീകൃതമായ നിഴല്‍ കോഴ്‌സുകളുടെയോ നടത്തിപ്പുകേന്ദ്രമായിട്ടാണ് അത് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തമിഴ്‌നാട്ടിലെ തമിഴ് സര്‍വ്വകലാശാലയെപ്പോലെ, കുപ്പത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദ്രാവിഡസര്‍വ്വകലാശാലപോലെ കൂട്ടത്തിലൊന്ന് അങ്ങനെയും എന്നമട്ടില്‍ ആളുകള്‍ക്ക് ഇരുന്നുനരക്കാനും നരകംതീര്‍ക്കാനുമുള്ള ലാവണങ്ങള്‍ പ്രദാനംചെയ്യുന്ന ഒരു സ്ഥാപനമായിത്തീരും. അങ്ങനെയായിത്തീര്‍ന്ന്, അതു ഭാവിയില്‍ നമ്മെ അപകീര്‍ത്തിപ്പെടുത്തും എന്ന് ഉറച്ചു ഭയക്കുന്നു ഞാന്‍.

ഇതരസര്‍വ്വകലാശാലകളിലെ ഭാഷാപഠനത്തിന്റെ നിലവാരത്തിനപ്പുറത്തേക്കുപോകാന്‍, ഭാഷയെ സാംസ്കാരികോപലബ്ധിയെ അഥവാ സാംസ്കാരികമൂലധനത്തെ അതുപയോഗിക്കുന്ന ജനതയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തിനുപകരിക്കുന്ന തരത്തില്‍ ആസൂത്രണം ചെയ്യുക എന്ന ഉന്നതമായ ലക്ഷ്യബോധമെങ്കിലും ഇല്ലെങ്കില്‍, (അതിനു കഴിയുമോ എന്നതു പിന്നീടുമാത്രം വരുന്ന കാര്യമാണ്) പുതിയൊരു സര്‍വ്വകലാശാലയെന്തിന് എന്ന ചോദ്യം ചോദിക്കുകതന്നെ വേണം. പുതിയ എന്ന് പറഞ്ഞതുകൊണ്ടായില്ലല്ലോ. അത് പുതിയതാകേണ്ടേ?

ഭാഷാഭിമാനം വളര്‍ത്തലാണ് സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളിലൊന്ന് എന്നൊക്കെ പറയുമ്പോള്‍ ഏതെങ്കിലും തരത്തില്‍ സുചിന്തിതമായ ഭാഷാദര്‍ശനമൊക്കെ കൂടെയുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. അങ്ങാടിയില്‍ കിട്ടുന്ന തറവാടിത്തഘോഷണസ്വഭാവിയായ അഭിമാനമൊക്കെ ഇവിടെ ആവശ്യത്തിലധികം സ്റ്റോക്കുണ്ട്. അതിനിനിയൊരു സര്‍വ്വകലാശാലയിലിരുന്ന് കുറച്ചു സന്നദ്ധഭടന്മാര്‍ പാടുപെടേണ്ടതുണ്ടോ? (ഇതൊക്കെ ഉച്ചത്തില്‍ പറഞ്ഞുപോകുന്ന ആത്മഗതങ്ങളാണ്.)

ഇവിടെ അവ്യക്തമായി വിഭാവനം ചെയ്ത മട്ടിലുള്ള ഒരു തുറ അല്ലെങ്കില്‍ വകുപ്പ് ഉണ്ടായിരിക്കുന്ന തരത്തിലാണ് സര്‍വ്വകലാശാലയുണ്ടാകുന്നതെങ്കില്‍ അതിനു പൂരകമായി പ്രവര്‍ത്തിക്കുന്ന മികവുറ്റ ഭാഷാ-സാഹിത്യ-ചിന്താവിദ്യാഭ്യാസം സാദ്ധ്യമാക്കുന്ന ഗവേഷണോന്മുഖമായ ഒരു സ്ഥാപനമായിട്ടായിരിക്കും മലയാളസര്‍വ്വകലാശാല മൊത്തത്തില്‍ രൂപകല്പന ചെയ്യപ്പെടുക എന്ന് തോന്നുന്നു. മലയാളം സര്‍വ്വകലാശാല ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമെന്നതിലുപരി കേരളത്തിന്റെ ധൈഷണികതയെ മലയാളത്തില്‍ പ്രകാശിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള ദൗത്യത്തിനു നേതൃത്വം നല്കുന്ന, വഴികാട്ടുന്ന ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഭാഷാചിന്താകേന്ദ്രമായി മാറും. ഭാഷാപഠനവും സാഹിത്യപഠനവും മനുഷ്യനെക്കുറിച്ചുള്ള പഠനമാണെന്നും അത് അന്തസ്സുള്ള കാര്യമാണെന്നും അത് മലയാളത്തില്‍ സാദ്ധ്യമാകുമെന്നും വാന്നാല്‍ത്തന്നെ ഈ ഭാഷയുടെ പേരിലുള്ള വിലാപങ്ങള്‍ക്ക് സൃഷ്ടിപരമായ മറുപടി രൂപപ്പെടുമെന്ന് ഞാന്‍ കരുതുന്നു.

കുറച്ചുകൂടി മൂര്‍ത്തവും വ്യക്തവുമാക്കാം. മലയാളം സര്‍വ്വകലാശാല പ്രാഥമികമായി മലയാളബിരുദ-ബിരുദാനന്തരബിരുദങ്ങള്‍ സമ്പാദിക്കാനുള്ള ഇടമോ, എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കപ്പെടുന്ന ഒരു ഇടമോ, മലയാളത്തെ സംരക്ഷിച്ചുസൂക്ഷിക്കുന്ന ഒരു മ്യൂസിയമോ ആയിട്ടല്ല സങ്കല്പിക്കേണ്ടത്. മലയാളികളുടെ ഭാഷാജീവിതത്തെ അഭിസംബോധന ചെയ്യുകയും മലയാളത്തില്‍ ഭാഷാചിന്തയും സാഹിത്യചിന്തയും മനസ്സിലാക്കുകയും ആവിഷ്കരിക്കുകയും ചെയ്യാന്‍ കഴിവുള്ളവരെ വാര്‍ത്തെടുക്കുകയുമാവണം അതിന്റെ ലക്ഷ്യമെന്ന് ഞാന്‍ കരുതുന്നു. ആഴത്തിലുള്ള, പരപ്പുമുള്ള ഭാഷാപഠന-ഗവേഷണങ്ങള്‍ നടത്തുവാനുള്ള ഇടം എന്ന് ലളിതമായി പറയാം. സമഗ്രമായ ഭാഷാ-സാഹിത്യവിജ്ഞാനവും സവിശേഷമേഖലകളില്‍ താത്വികമായ അറിവും സാമര്‍ത്ഥ്യവുമുള്ള സ്പെഷലിസ്റ്റുകളെ, സാംസ്കാരിക എഞ്ചിനീയര്‍മാരുടെ ഒരു നിരയെ, അറിവിന്റെ പതാകാവാഹകരെ രൂപപ്പെടുത്താനുള്ള ഇടം. മലയാളഭാഷയില്‍ മലയാളിക്കാവശ്യമായ കാര്യങ്ങള്‍ അന്തസ്സായി പ്രകടിപ്പിക്കാനാവുമെന്ന് കാണിച്ചുകൊടുത്തുകൊണ്ട് നിലവിലുള്ള സര്‍വ്വകലാശാലകളെ മലയാളോന്മുഖമായി രൂപാന്തരപ്പെടുത്താനുള്ള പ്രേരണ ചെലുത്തുകയെന്ന സാംസ്കാരികദൗത്യം നിര്‍വ്വഹിക്കാന്‍ അതിനു കഴിയണം.

ഈ സര്‍വ്വകലാശാലയുടെ രൂപീകരണദശയില്‍, തുടക്കത്തില്‍, ഇവിടെ കവിതയില്‍ എം.ഏ., കഥയില്‍ എം.ഏ. തുടങ്ങിയ കോഴ്സുകള്‍ ആരംഭിക്കുവാനുള്ള സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നുവല്ലോ. നാട്ടില്‍ ഒരു പരിഹാസവിഷയമായി അതു മാറുകയുണ്ടായി. ഇമ്മാതിരി കോഴ്സുകള്‍കൊണ്ടെന്തു കാര്യമാണുള്ളത് എന്ന വികാരവും വിചാരവുമാണ് പൊതുവില്‍ പങ്കുവെയ്ക്കപ്പെട്ടത്. തികച്ചും സ്വാഭാവികമാണത്. ഇത്തരം കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന ആളുകള്‍ക്ക് എന്തു തൊഴിലാണ് കിട്ടുക എന്ന ചോദ്യവും കൂട്ടത്തില്‍ ഉന്നയിക്കപ്പെട്ടു.

നിലവിലുള്ള എം.ഏ. കളുടെ പൊതുസ്വഭാവത്തെ ചിന്തയുടെ മൂശയായി ഉപയോഗിക്കുന്നവരുടെ മനസ്സില്‍ കഥയില്‍ ഏം. ഏ. എന്നുപറഞ്ഞാല്‍ കഥയില്ലായ്മയായി അനുഭവപ്പെടും. പത്തിരുപതു പേപ്പറുകള്‍ പഠിക്കുന്ന കൂട്ടത്തില്‍ ഒരു പേപ്പറായി- പുതിയ ഭാഷയില്‍ കോഴ്സായി- കഥയെയും കവിതയെയും കണ്ടവര്‍ക്ക് കവിത മാത്രമായി ഒരു എം,ഏ. പ്രോഗ്രാമിനെ സങ്കല്പിക്കുക വിഷമകരംതന്നെ. ബിരുദാനന്തരബിരുദം പഠിച്ചാല്‍ തൊഴില്‍ കിട്ടുന്നതരത്തില്‍ വൈജ്ഞാനികരംഗത്തു തൊഴില്‍വിഭാഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുമ്പോള്‍ തൊഴിലിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരുന്നതും സ്വാഭാവികം. പക്ഷേ, ആ ആലോചനയെ തിരസ്കരിക്കുമ്പോഴും സാമ്പ്രദായികതയില്‍നിന്നുള്ള വഴിമാറ്റവും സ്പെഷലൈസേഷനെക്കുറിച്ചുള്ള ബീജരൂപത്തിലുള്ള ചിന്തയും അവിടെയുണ്ടെന്ന് തിരിച്ചറിയപ്പെട്ടില്ല. ആ തിരിച്ചറിവ് ഉണ്ടായിവന്നിരുന്നെങ്കില്‍ അതിനെ വിമര്‍ശനം ചെയ്തുകൊണ്ട് മുന്നോട്ടുപോകുവാനും പരികല്പനാരൂപത്തിലുള്ള ആ ആശയബീജത്തെ സഫലമായ ചില തലങ്ങളിലേക്ക് വളര്‍ത്താനും കഴിയുമായിരുന്നു. അതൊന്നുമുണ്ടായില്ല. പകരം ആ ആലോചന പിന്‍വലിച്ച് പുതിയ ചില കോഴ്സുകള്‍ക്ക് രൂപംകൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. തൊഴിലിലേക്കു നയിക്കുന്നതിനെക്കുറിച്ചുള്ള ആധികളും ആലോചനകളെ ബാധിച്ചതായാണ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഭാഷാപോഷിണിയിലെഴുതിയ ലേഖനത്തില്‍നിന്നും മനസ്സിലാക്കുന്നത്. എവിടെയിവരെ പ്ലെയ്‌സു ചെയ്യും എന്ന ചോദ്യം ചോദിക്കേണ്ടതുതന്നെ. എന്നാല്‍ അതിനുണ്ടായ പര്യവസാനം ഖേദകരമായേ തോന്നിയുള്ളു.

തൊഴിലിനായി ചില ഡിപ്ലോമാ കോഴ്സുകള്‍ ആരംഭിക്കാമൊണ് ആലോചന. എന്തു കഷ്ടമാണിത് എന്ന് ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഭാഷ പഠിച്ചവരെ, ഭാഷ എന്ന സാംസ്കാരികജീവിതപരിസ്ഥിതിയുടെ പ്രവര്‍ത്തനവും പ്രസക്തിയും മനസ്സിലാക്കിയവരെ യഥാര്‍ത്ഥത്തില്‍ ഈ സമൂഹത്തില്‍ ആവശ്യമില്ലെന്നല്ലേ ഇവിടെ, ഈ ആസൂത്രണാഭാസംകൊണ്ട് നാം സമ്മതിച്ചുകൊടുക്കുന്നത്? വാസ്തവത്തില്‍ അവരുടെ ആവശ്യം ഏറിനില്ക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ ഭാഷ ശ്രേഷ്ഠതയുടെ എത്രയോ പടവുകള്‍ കേറാന്‍ കിടക്കുന്നു.

ചിന്തിക്കാന്‍ കൊള്ളാവുന്ന ഒരു ഭാഷയായി ഇതു മാറുവാന്‍, ചിന്തയുടെ സ്പര്‍ശമുള്ള വാക്യഗോപുരങ്ങളുടെ നിര്‍മ്മിതികള്‍ ഈ ഭാഷയെ എത്രയധികം മുന്നോട്ടുകൊണ്ടുപോകാന്‍ കിടക്കുന്നു? പേച്ചുകള്‍ക്കപ്പുറത്തേക്കു കടന്ന ഭാഷയെക്കുറിച്ചുള്ള സങ്കല്പത്തോടെ പ്രവര്‍ത്തിക്കുന്ന ഭാഷാചിന്തകരുടെ യത്നംകൊണ്ട് നമ്മുടെ ജീവിതപരിസരം, (ഭാഷയുള്‍പ്പെടെയുള്ള പരിസരം,) ഭാഷീകരിക്കപ്പെടേണ്ടിയാണിരിക്കുന്നത്. അതിനു മാര്‍ഗ്ഗദര്‍ശനം നല്കാന്‍, ചുരുങ്ങിയപക്ഷം ഭാഷയിലുണ്ടാകുന്ന ഭാഷാപരീക്ഷണയത്നങ്ങളെ വിലയിരുത്താനും ഭാഷാചിന്താപരമായി വ്യാഖ്യാനിക്കാനും ഭാഷയില്‍ ആവിഷ്കരിക്കാനും കഴിയുന്ന ഭാഷാപഠിതാക്കളെ സൃഷ്ടിച്ചെടുക്കാന്‍ നമുക്കു കഴിയാത്തതുകൊണ്ടാണ് സൈബര്‍യുഗത്തില്‍ നമ്മുടെ ആളുകള്‍ അന്യഭാഷകളുടെ പീടികയില്‍ ക്യൂ നില്ക്കേണ്ടിവരുന്നത്. സമകാലഭാഷാസാഹചര്യത്തെ, അഭിമുഖീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതുമായ തൊഴില്‍ ചെയ്യാനാവില്ലെന്നതുകൊണ്ടും അത്തരം തൊഴില്‍ ചെയ്യുന്ന മേഖലകളെക്കുറിച്ച് ചിന്തിക്കാനാവതില്ലെന്നതുകൊണ്ടുമാണ് മറ്റൊരു തെഴിലധിഷ്ഠിതകോഴ്സിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. പണിതരാത്ത അരിതരാത്ത ഒന്നാണ് ഈ ഭാഷയെന്നും അതിന്റെ പഠനമെന്നുമല്ലേ നാം അറിഞ്ഞോ അറിയാതെയോ പറഞ്ഞുവെയ്ക്കുന്നത്?

നമുക്കു തിരിച്ചുപോകാം. എം.ഏ. കഥ, അല്ലെങ്കില്‍ എം.ഏ. കവിത, അതുമല്ലെങ്കില്‍ അത്തരത്തിലേതെങ്കിലും ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനം ബിരുദാനന്തരബിരുദം നല്കാന്‍ മാത്രം ആഴവും പരപ്പുമുള്ളതാക്കാന്‍ കഴിയില്ലെന്ന് നമ്മെ പഠിപ്പിച്ചത് നാം പഠിച്ചുപോന്ന കോഴ്‌സുകളുടെ ഘടനയും സ്വഭാവവുമല്ലേ എന്ന് ആലോചിച്ചുനോക്കുക. വാസ്തവത്തില്‍ ഇങ്ങനെയൊരു സാഹിത്യജനുസ്സിനെ കേന്ദ്രീകരിച്ച്, എന്തിന് ഒരു കഥാകൃത്തിനെ, അല്ലെങ്കില്‍ ഒരു കഥാകൃത്തിന്റെയോ ഏതാനും കഥാകൃത്തുക്കളുടെയോ കഥകള്‍ വിശദമായി പഠിച്ച് പ്രബന്ധമെഴുതുമ്പോള്‍ ബിരുദാനന്തരബിരുദത്തിന്റെ മുകളിലുള്ള എം.ഫിലും പരമോതബിരുദമായ ഡോക്റ്റര്‍ ഒഫ് ഫിലോസഫി ബിരുദവും നല്കുന്നതില്‍ നാമെന്തുകൊണ്ടാണ് അപാകത കാണാതെ പോകുതെന്ന് ആലോചിച്ചാല്‍ ചിന്തയിലെ വഴിതെറ്റല്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. നമ്മുടെ ശീലങ്ങളാണ് നമ്മുടെ ധാരണകളെ ഉല്പാദിപ്പിക്കുന്നത്.

കഥ അല്ലെങ്കില്‍ കവിത എന്ന ഒരു സാഹിത്യജനുസ്സിനെ പഠിക്കുക എന്നുവെച്ചാല്‍ അതില്‍ സ്പെഷലൈസ് ചെയ്യുതോടൊപ്പം അതിനെ വ്യവച്ഛദിച്ചറിയാന്‍ ഇതരസാഹിത്യജനുസ്സുകളെ പഠിച്ചറിയുകകൂടിയല്ലേ ചെയ്യേണ്ടിവരിക? കഥ ആവിഷ്കരിക്കപ്പെടുന്നത് ഭാഷയിലാണ് എതിനാല്‍ ഭാഷയെക്കുറിച്ചുള്ള അറിവും അയാള്‍ക്കുവേണ്ടിവരും. ഭാഷ എന്ന അത്ഭുതപ്രതിഭാസത്തെ, നാം മനുഷ്യരാകുന്നതും, അച്ഛനും അമ്മയുമാകുന്നതും അദ്ധ്യാപകനും വിദ്യാര്‍ത്ഥിയുമാകുന്നതും ചരിത്രകാരനാകുന്നതും ശാസ്ത്രജ്ഞനാകുന്നതും സാഹിത്യകാരനാവുന്നതും കലാകാരനാകുന്നതും ചിന്തകനാകുന്നതും കര്‍ത്താവും കര്‍മ്മവുമാകുന്നതും ഇരയും വേട്ടക്കാരനുമാകുതും എന്നുവേണ്ട നമ്മുടെ സ്വപ്നങ്ങളുണ്ടാകുന്നതും മനസ്സ് എന്ന ലോകമുണ്ടാകുന്നതുമെല്ലാം ഈ പ്രതിഭാസത്തിലൂന്നിയും ആശ്രയിച്ചുമൊക്കെയാണെന്ന് കാണുവോളം ആഴത്തിലും പരപ്പിലും ഭാഷയെ മനസ്സിലാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അങ്ങനെ പഠിക്കുമ്പോള്‍ നാം നമ്മുടെ ഭാഷയുടെ അതിരുകള്‍ ഭേദിക്കുകയും സകലഭാഷകളിലുമുണ്ടായ ആശയങ്ങളോട് സംവാദത്തിലാകാതെ ഭാഷാപഠനം പൂര്‍ത്തിയാക്കാനാവില്ല, കൊള്ളാവുന്ന ഒരു നിലയിലെത്തിച്ചേരാനാകില്ലെന്ന് മനസ്സിലാക്കുകയും ചെയ്യും.

വിഷയപരമായ അതിരുകള്‍പോലും ലംഘിക്കപ്പെടുന്ന പഠനമാണ് ഭാഷാപഠനം. തത്ത്വചിന്തയും മനശ്ശാസ്ത്രവും എന്നുവേണ്ട സമസ്തശാസ്ത്രങ്ങളും കൈകോര്‍ക്കുന്നതും ഭാഷ എന്ന ചിഹ്നവ്യവഹാരത്തെ മുഖ്യമായി പരിഗണിക്കുതുന്നമായ പഠനമാണ് ഭാഷാപഠനമെന്നും മനസ്സിലാക്കും. അങ്ങനെ വിപുലമായ ഒരു പഠനത്തിന്റെ തിരികുറ്റിയായി കഥ എന്ന സാഹിത്യജനുസ്സിനെ പ്രതിഷ്ഠിക്കുക എന്ന കുറ്റമല്ലേ പരിഹസിക്കപ്പെടുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. കഥയില്‍ എം ഏ. എന്നുവെച്ചാല്‍ കഥ എന്ന സാഹിത്യജനുസ്സിനെ കേന്ദ്രീകരിച്ചുകൊണ്ട് ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച അറിവുനേടലാണെന്നുവരും. വരണം.

കഥയില്‍ സ്പെഷലൈസ് ചെയ്യുന്ന ഒരാള്‍ കഥനം എന്ന ആദിമവാചികകലാരൂപത്തിന്റെ വിവിധങ്ങളും വിഭിന്നഭാഷകളില്ലൂടെ പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളതുമായ കഥയെ കഴിയുന്നത്ര പരപ്പില്‍ മനസ്സിലാക്കുന്ന ഒരാളായിത്തീരണം. കഥയെ മുന്‍നിറുത്തിയാണ് ഇവിടെ പറഞ്ഞത്. ഇതേ മട്ടില്‍ കവിതയെ, വിവരസാങ്കേതികവിദ്യയെ, നാടകത്തെ, സിനിമാസാഹിത്യത്തെ, പരസ്യഭാഷയെ, ഭാഷാശാസ്ത്രത്തെ ഒക്കെ മുഖ്യമായെടുക്കുന്ന പഠനവുമാകാം. ഭാഷാശാസ്ത്രം പഠിക്കുന്ന ഒരാള്‍ ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍, വിവിധവിജ്ഞാനശാഖകളില്‍ ഭാഷാസംബന്ധിയായുണ്ടായ ആലോചനകളെയൊക്കെ വിശദമായി മനസ്സിലാക്കുന്ന ഒരു പണിയാണ് എടുക്കേണ്ടിവരുക. ഭാഷയുടെ സാഹിത്യമുള്‍പ്പെടെയുള്ള പ്രകാശനങ്ങളെക്കുറിച്ചും അയാള്‍ പഠിക്കാതെ വയ്യ. ഇത്തരമൊരു പഠനത്തിലും ഭാഷയുടെ അതിരുകള്‍ കഴിവുള്ളിടത്തോളം ലംഘിച്ചുകൊണ്ടേ മികവിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ. ഇങ്ങനെ ജ്ഞാനത്തിന്റെയും വൈകാരികാനുഭവങ്ങളുടെയും വിസ്തൃതിയെലക്ഷ്യം വെക്കുന്നില്ലെങ്കില്‍ എന്തിന് പുതിയൊരു സര്‍വ്വകലാശാല എന്ന് വീണ്ടും ചോദിക്കാതെ വയ്യ.

മലയാളസര്‍വ്വകലാശാലയിലെ ഭാഷാപഠനം മറ്റു ഭാഷകളിലേക്കും കടെത്തണമെ വാദം അംഗീകരിച്ചാല്‍ അത് മലയാളസര്‍വ്വകലാശാലയുടെ പരിധികളെ ലംഘിക്കുന്നതാവില്ലേ എന്ന ചോദ്യം വരാം. മലയാളസര്‍വ്വകലാശാല ഏകഭാഷാവാദത്തിന്റെ സാക്ഷാത്കാരമായാണ് സങ്കല്പിക്കുന്നതെങ്കില്‍ അങ്ങനെയൊരു ചോദ്യത്തിന് സാംഗത്യമുണ്ട്. മറിച്ച്, മലയാളമനസ്സിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കും സൈബര്‍യുഗത്തിലേക്കും നയിക്കുന്നതും, മലയാളനാടിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വികസിക്കുന്നതുമായ ഒരു വീക്ഷണത്തില്‍, മലയാളിയുടെ വിശ്വത്തോളം വിടര്‍ന്ന ദര്‍ശനത്തിന് ഭാഷാപരമായ പിന്തുണകൊടുക്കുന്ന പഠനകേന്ദ്രമെന്ന അര്‍ത്ഥത്തിലാണ് മലയാളസര്‍വ്വകലാശാലയെ സങ്കല്പിക്കുന്നതെങ്കില്‍ പുറത്തുപോകുന്നില്ല. അത്തരമൊരു വിശാലമായ സമീപനത്തില്‍ പ്രത്യക്ഷമായിത്തന്നെ മലയാളത്തിലേക്ക് ആശയങ്ങള്‍ കടന്നുവരാനും ആശയങ്ങള്‍ ഉല്പാദിപ്പിക്കപ്പെടാനും ഇടവരുമെന്നും കരുതുന്നു. അത് ഭാഷയെ, ഭാഷാചിന്തയെ, കലാചിന്തയെ ശക്തിപ്പെടുത്തും.

ഭാഷയിലേതിലും വായിക്കുക, മറ്റു ഭാഷക്കാരോട് അവര്‍ക്കും നമുക്കും സൗകര്യമായിത്തോന്നുന്ന ഭാഷയില്‍ സംവാദത്തിലേര്‍പ്പെടുക, മലയാളത്തില്‍ ആവിഷ്കരിക്കുക, അതുവഴി ആശയസമ്പമായ മികവുറ്റ മലയാളസാഹിത്യസമ്പത്ത് സൃഷ്ടിക്കുക, മികവുറ്റ മലയാളഭേദങ്ങളുടെ സമൃദ്ധിയുണ്ടാക്കുക, മലയാളമെന്നാല്‍ പൈങ്കിളിവ്യവഹാരങ്ങളുടെ മാത്രം ഭാഷയാണെ ബോധത്തെ കടപുഴക്കുക, സാഹിത്യമെന്നാല്‍ മഞ്ഞണിമാമലയില്‍നിന്നൊരു മഞ്ഞ ഗൂര്‍ക്ക എന്ന മട്ടിലുള്ള അനുപ്രാസഭംഗികളിലൊടുങ്ങുതല്ലെന്ന് സൃഷ്ടിപരമായി ബോദ്ധ്യപ്പെടുത്തുക, ഗഹനമായ ചിന്തകളുടെ പ്രകാശനസ്ഥലമാണ് ഈ ഭാഷയെന്ന് ചുരുങ്ങിയപക്ഷം മലയാളികളെയെങ്കിലും ബോദ്ധ്യപ്പെടുത്തുക - അങ്ങനെ വന്നാല്‍ തറവാടിത്തഘോഷണപരമായല്ലാതെ, വസ്തുനിഷ്ഠവും അനുഭവനിഷ്ഠവുമായി അഭിമാനകരമായ ഭാഷയാണെന്ന് അനുഭവിപ്പിക്കുന്ന നിലയാണുണ്ടാവുക. അങ്ങനെ ഭാഷയെ സമ്പവും സമൃദ്ധവുമാക്കുന്നതെങ്ങനെയെന്ന് മാതൃകാപരമായി കാണിച്ചുകൊടുക്കുന്ന ഭാഷാ-സാഹിത്യചിന്താകേന്ദ്രമായി ഒരു സര്‍വ്വകലാശാല. അതാവണം മലയാളസര്‍വ്വകലാശാല.

മാതൃകാപരമായി എന്ന് വെറുതെ പറഞ്ഞതല്ല. ഈ മാതൃകയുടെ ചുവടുപിടിച്ചുകൊണ്ട് മറ്റുസര്‍വ്വകലാശാലകളിലെ ശാസ്ത്ര-മാനവികശാസ്ത്രവിഭാഗങ്ങളിലും മെഡിക്കല്‍ കോളേജുകളിലും എഞ്ചിനിയറിങ്ങ് കോളേജുകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും ഒക്കെയുള്ള വൈജ്ഞാനികപ്രവര്‍ത്തനങ്ങളെയും മലയാളോന്മുഖമാക്കാനുള്ള പ്രേരണയും പ്രചോദനവും നല്കാന്‍ കഴിഞ്ഞാല്‍ അത് ഈ പരമോന്നതപഠനകേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണവിജയമായിരിക്കും. മലയാളഭാഷയെ സമ്പമാക്കുന്നതിനുള്ള ഉത്തരവാദിത്തം മലയാളവിഭാഗങ്ങളുടെയും മലയാളം സര്‍വ്വകലാശാലയുടെയും കടമ മാത്രമാണെ കുഴപ്പം പിടിച്ച ചിന്തയെ മറികടക്കുന്നതായിരിക്കും ആ മുന്നേറ്റം. ഇംഗ്ലീഷിനോ സംസ്കൃതത്തിനോ അറബിക്കിനോ തമിഴിനോ കന്നടത്തിനോ അപരത്വം കല്പിക്കാതെതന്നെ, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ മലയാളഭാഷക്ക് വികാസവും വീര്യവും പകരാന്‍ വേണ്ടിയുള്ള ആസൂത്രണം നടത്തുകയാണ് ആവശ്യം.

ശ്രേഷ്ഠഭാഷാപദവിയുടെ പേരില്‍ വല്ല ഫണ്ടും കിട്ടുമെങ്കില്‍ അത് അത്തരം ആസൂത്രണകാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതാകും ഗുണകരമാവുക. മലയാളഭാഷയില്‍ പ്രബന്ധങ്ങളും രചനകളും ഭംഗിയായി നിര്‍വ്വഹിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കും ശാസ്ത്രഗവേഷകര്‍ക്കും ഇതരഭാഷാപഠനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അഡിഷനലായ ഫെലോഷിപ്പുകള്‍ നല്കുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്കുക, (മലയാളത്തിലുള്ള പരിജ്ഞാനം സര്‍ക്കാര്‍ സര്‍വ്വീസിനുള്ള മാനദണ്ഡങ്ങളിലൊന്നായി ഈ സര്‍ക്കാര്‍ നിശ്ചയിച്ചുകഴിഞ്ഞു എത് ആശാവഹമാണ്), ശാസ്ത്ര - മാനവികശാസ്ത്രമേഖലകളില്‍ മലയാളത്തിലും പരീക്ഷയെഴുതാനുള്ള സാഹചര്യമുണ്ടാക്കുക, വിവിധ മേഖലകളില്‍ ഹിന്ദി പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദി ആഫീസര്‍മാരെ നിയമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രീതിയില്‍ ശാസ്ത്ര - മാനവികശാസ്ത്രമേഖലകളിലെ മലയാളത്തിലുള്ള ആവിഷ്കാരങ്ങള്‍ക്ക് ഭാഷാപരമായ സഹായം ചെയ്യുതിന്, മികവു തെളിയിച്ചുകടന്നുവരുവരെ മലയാളം ആഫീസര്‍മാരായി നിയമിക്കുക തുടങ്ങിയ പ്രായോഗികനടപടികള്‍ക്ക് തുക ഉപയോഗിച്ചാല്‍ വലിയൊരു ഭാഷാവിപ്ലവം തന്നെ ഇവിടെ സംഭവിക്കുമെന്നാണ് തോന്നുന്നത്. മലയാളത്തില്‍ എഴുതുവാനും ചിന്തിക്കാനും പറയുവാനും ആഹ്വാനം ചെയ്താല്‍ ചെവികൊടുക്കാത്ത പണ്ഡിതലോകം ഈ ഭാഷ ചുരത്തുമെന്ന് മനസ്സിലാക്കുന്നതോടെ, അതിലുള്ള പരിജ്ഞാനം അധികാരത്തിന്റെ പ്രീതിയുള്ളതാണെന്ന് മനസ്സിലാക്കുന്നതോടെ, അതിലേക്കു ചെവി തിരിച്ചുവെയ്ക്കുകയും മലയാളത്തില്‍ നാവുചലിപ്പിക്കുകയും ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാതിരിക്കില്ല.

ഭാഷയെ അധികാരത്തോടിണക്കുന്നതിലൂടെവേണം അതിനെ പരിപോഷിപ്പിക്കാന്‍. ചിന്തയിലും ഭാവനയിലും ശീലങ്ങളിലും മുന്തിയ ഭാഷയാണെന്ന അനുഭവമുണ്ടാക്കുക, അതിനുള്ള ഉദ്യമങ്ങളെ അധികാരപരമായും സാമ്പത്തികമായും സഹായിക്കുകയും ചെയ്യുക-അതിലൂടെ വേണം ഭാഷയെ സ്വീകാര്യമാക്കിത്തീര്‍ക്കാന്‍. അതിനു പകരം നിരന്തരം വിലപിക്കുന്നു, നമ്മുടെ ഭാഷാപ്രേമികള്‍. അതുകൊണ്ട് നാം കൂടുതല്‍ അവഹേളിതമായിത്തീരുകയേയുള്ളൂ.

മാതൃഭാഷ ചരിത്രപരമായി വികസിച്ചുവന്ന ജൈവപരിസരമാണെന്ന് ഉദ്‌ബോധിപ്പിക്കുന്നതൊക്കെ തലകുലുക്കേണ്ട ശരി. പക്ഷേ ആ ചരിത്രപരമായ രൂപപ്പെടലില്‍ അതിന് ചരിത്രം ഏല്പിച്ച കുരിശുകളായ അനുഭവങ്ങള്‍ ചരിത്രപരവും ജൈവികവുമായ ബാധയായി കൂടെപ്പിറന്നിട്ടുണ്ട് എന്നും തിരിച്ചറിയണം. ആ അനുഭവങ്ങളെ ഭൂതമാക്കി തളയ്ക്കാതെ ഈ ഭാഷ ഉയിരോ ഉശിരോ ആത്മവിശ്വാസമോ അന്തസ്സോ ആയിത്തീരുകയില്ല. ഇല്ലായ്മയും വല്ലായ്മയും അനുഭവപ്പെടുത്തുന്ന സാഹചര്യങ്ങളെ അതിലംഘിക്കുന്ന ഒരു തരം നവോത്ഥാനം സംഭവിച്ചാലേ കാര്യമുള്ളൂ. അതിനുവേണ്ടിയുള്ള സര്‍ഗ്ഗാത്മകയത്നങ്ങളാണ് ആവശ്യം.

വികസിതമായ ചിന്തയുടെയും വികസിതമായ ഭാവനയുടെയും ഇണക്കം ഉറപ്പിച്ചുകൊണ്ടേ ഭാഷയെ അന്തസ്സിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കാനാവുകയുള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്. സൈബര്‍യുഗത്തിലെ ഭാഷാപരമായ വിനിമയങ്ങള്‍ക്കുവരെ ഈ ഭാഷയില്‍ സുസാദ്ധ്യതയുണ്ടെന്നും ഈ ഭാഷ ആശയനിര്‍മ്മാണോദ്യുക്തമായ ചിന്തയുടെയും, ഭാവനിര്‍മ്മാണോദ്യുക്തമായ ഭാവനയുടെയും ഭാവവിനിമയങ്ങളുടെയും വാഹകമാണെന്നും അനുഭവപ്പെടുത്തുവാന്‍ കഴിയണം. അതിനു നേതൃത്വം നല്കാന്‍ കഴിയുന്ന വീക്ഷണ-ചിന്താവികാസം സംഭവിച്ച മനുഷ്യര്‍ മലയാളം സര്‍വ്വകലാശാലയില്‍ കടന്നുവരണം, സൃഷ്ടിക്കപ്പെടുകയും വേണം. സംഭവിക്കുമോ? ലാവണാന്വേഷികള്‍ക്കു കടന്നുപറ്റാനും ഇരുന്ന് മുരണ്ടുപോകാനുമുള്ള ഇടമായി മാറുമോ അത്? ബന്ധുബലത്തിലും സമുദായബലത്തിലും കക്ഷിബലത്തിലും ശക്തരായ വിദ്വാള്‍(ന്‍)മാരും, സബ്ജക്റ്റിവായി കാര്യങ്ങള്‍ തീരുമാനിക്കലാണ് തങ്ങളുടെ പണി എന്ന് ധരിച്ചുവശായ സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ടുകളും ജനിക്കാനിടയാക്കുന്ന നമ്മുടെ ജീവിത-ഭാഷാ-സ്വപ്ന-മോഹവ്യവസ്ഥയില്‍ വലിയ പ്രയാസമാണത്. ആ വലിയ പ്രയാസത്തെ അതിജീവിക്കാനും കിട്ടവുന്ന ഗുണനിലവാരമുള്ള ആളുകളെ കുടിയിരുത്താനും ഗുണനിലവാരമുള്ള പ്രവൃത്തികളിലേര്‍പ്പെടാനും ഗുണനിലവാരമുള്ള വിത്തുകള്‍ വിതക്കാനും ഗുണനിലവാരമുള്ള വിളകൊയ്യാനും ഇതിന്റെ ഉത്തരവാദിത്തത്തിലിരിക്കുന്നവര്‍ക്ക് കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുവാനേ കഴിയുന്നുള്ളൂ. വലിയ സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും ഈ ഭാഷയുടെ പേരില്‍, എഴുത്തച്ഛനെഴുതിയ ഭാഷയുടെ പേരില്‍ - ശങ്കരാചാര്യരുടെ ചിന്ത പ്രവഹിച്ച ഭാഷയുടെ പേരില്‍ നടന്നതുപോലുള്ള വഷളത്തരങ്ങള്‍ നടക്കാതിരിക്കട്ടെ.

Subscribe Tharjani |