തര്‍ജ്ജനി

പി.കെ.ശ്യാം

Visit Home Page ...

നേര്‍‌രേഖ

ക്ഷമിക്കണം, നിങ്ങള്‍ മരംവെട്ടുകാരന്റെയും പാത്രം കഴുകുന്നവന്റെയും പിറകിലാണ്

നിങ്ങള്‍ പറഞ്ഞുപറഞ്ഞ് ചാരമാക്കിയ കേസുകള്‍ ഏറെയുണ്ട്. എന്നാല്‍ മായ്ചാലും മായാത്ത കേസുകള്‍ പലതും സ്വപ്നത്തില്‍പ്പോലും വന്ന് അസ്വസ്ഥമാക്കാറുണ്ടല്ലോ നിങ്ങളെ... 1994 നവംബര്‍ 19 മുതല്‍ ആണ് ചാരക്കേസുകഥ നിങ്ങളുടെ വിശുദ്ധവര്‍ഗ്ഗം റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. പിണഞ്ഞ അമളിയും നമ്പി നാരായണന്‍ തുടങ്ങിയവരോട് ചെയ്ത കൊടുംപാതകവും ഒരു വിഡ്ഡിച്ചിരിയില്‍ ഒളിപ്പിച്ചാണ് നിങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നത്. അച്ചടിച്ച പത്രങ്ങളൊക്കെയും കത്തിച്ചു കളഞ്ഞാലും ആ ചാരത്തില്‍നിന്നും വായനക്കാരന്റെ മനസ്സില്‍ കാട്ടുതീ പടരുമെന്ന് ചരിത്രം പറഞ്ഞു. എയര്‍ ചെയ്ത പച്ചക്കള്ളങ്ങള്‍ കേരളീയാന്തരീക്ഷത്തെ മാത്രമല്ല, നമ്മുടെ വാര്‍ത്താപരിസ്ഥിതിയെയടക്കം നീലവിഷത്തില്‍ മുക്കി. ഞാനെന്തിനാണിങ്ങനെ തൊട്ടും തൊടാതെയും പറഞ്ഞു തുടങ്ങുന്നതെന്നറിയുമോ. സെക്സ്, ക്രൈം, മണി, പൊളിറ്റിക്സ്... നമ്മുടെ വാര്‍ത്താനിര്‍വചനങ്ങള്‍ക്കൊന്നും തെറ്റു പറ്റിയിട്ടില്ല... ശരിയാണ്... നിങ്ങളുടെ വര്‍ഗ്ഗത്തിന്റെ ജന്മാവകാശത്തെ അംഗീകരിച്ചുതരുന്നു, പാവം ജനം.

ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിങ് തുടങ്ങി സ്റ്റിങ് ഓപ്പഷേന്‍വരെ... അതിനപ്പുറവുമാവാം നിങ്ങള്‍ക്ക്... ഡല്‍ഹിയില്‍, ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ച് കൊലചെയ്തപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വനിതാ റിപ്പോര്‍ട്ടര്‍മാരെ ചുണ്ടില്‍ ലിപ് സ്റ്റിക്ക് പുരട്ടി രാത്രികാലങ്ങളില്‍ റയില്‍വേസ്റ്റേഷനുകളിലേക്കും ബസ്‌ സ്റ്റാന്‍ഡുകളിലേക്കും അയച്ചു... മലയാളിമനസ്സിന്റെ അരുതായ്മകള്‍ തത്സമയം ജനത്തെ കാണിക്കാന്‍. പിന്നെ പിന്നെ, മലയാളി ഹൗസുകള്‍ ലൈവായി കാണിച്ച് ജനമനസ്സിനെ രസിപ്പിക്കാനുമായി നിങ്ങള്‍ക്ക്. മന്ത്രിമാരെയടക്കം പലരേയും പല പേരുകളില്‍ വിളിച്ച് വലിയ വലിയ രഹസ്യങ്ങള്‍ ചോര്‍ത്തി, പല പല മിമിക്രികള്‍ കാട്ടി സമൂഹത്തിലെ വാച്ച് ഡോഗ്‌സ് ആയി ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വളര്‍ന്നു പന്തലിക്കുന്നു നിങ്ങള്‍... മുമ്പ് സാക്ഷാല്‍ ജോര്‍ജ്ജ് ബര്‍ണാഡ്ഷായെയാണ് നിങ്ങള്‍ പച്ചയ്ക്ക് കൊന്നതെങ്കില്‍ ഇങ്ങ് കുഞ്ഞുകേരളത്തില്‍ നടി കനകയെ കൊല്ലാക്കൊല ചെയ്യുന്നു നിങ്ങള്‍. പിറ്റേന്ന് ആത്മവഞ്ചനയുടെ അലോസരമില്ലാതെ വാര്‍ത്താവേട്ടയ്ക്കിറങ്ങുന്ന നിങ്ങള്‍ സുഖമായി ജീവിക്കുന്ന കനകയുടെ വീട്ടില്‍ച്ചെന്ന് ബൈറ്റ് എടുത്ത് പാവം ജനത്തിന്റെ മുന്നില്‍ ബ്രേക്കിങ് വാര്‍ത്ത എന്ന ഇറച്ചിക്കഷണങ്ങളാക്കി ഇട്ടുകൊടുക്കുന്നു. (പണ്ട് കെ. ബാലകൃഷ്ണന്‍ എന്ന സാക്ഷാല്‍ കൗമുദി ബാലകൃഷ്ണന്‍ സഹികെട്ട് നിങ്ങളുടെ വര്‍ഗ്ഗത്തെക്കുറിച്ച് പറഞ്ഞതോര്‍മ്മയുണ്ട്. “They know ABC of everything , but the XYZ of nothing”. 1977 ല്‍ പ്രധാനമന്തി സ്വന്തം മണ്ഡലത്തില്‍ എട്ടുനിലയ്ക്ക് പൊട്ടിയപ്പോള്‍ എട്ടുമണിക്കൂറോളം വാര്‍ത്ത എയര്‍ ചെയ്യാതെ നിന്ന ഇന്ദ്രജാലവും കാട്ടിയിരുന്നു നിങ്ങളില്‍ ചിലര്‍.

ഇത്രയും പറഞ്ഞുവരുമ്പോഴേയ്ക്കും ലൈനില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും നമുക്കിടയില്‍ അകലം ഉണ്ടായിത്തുടങ്ങുന്നതും ഞാന്‍ അറിയുന്നുണ്ട്... എന്നാലും ലൈനില്‍ തുടരണം... പ്ലീസ്.

കുറച്ച് ചരിത്രം പറയാന്‍ നേരമായെന്നു തോന്നുന്നു. 1780 ല്‍ ജയിംസ് ആഗസ്റ്റസ് ഹിക്കി എന്ന ബ്രിട്ടീഷുകാരന്‍ ജനുവരി 29 ന് ബംഗാള്‍ ഗസറ്റ് എന്ന പത്രം തുടങ്ങിയിടത്തു നിന്നാണല്ലോ നമ്മുടെ ഇന്ത്യയില്‍ പത്രങ്ങള്‍ പിച്ചവച്ചു തുടങ്ങിയത്. സേറാംപൂര്‍ മിഷഷറിമാര്‍, ജയിംസ് സില്‍ക്ക് ബക്കിങ്ഹാം, റാം മോഹന്‍ റായ്...... തുടങ്ങി എത്ര മഹാന്മാര്‍ ജനാധിപത്യത്തിന്റെ നാലാം സ്തംഭത്തിന്റെ കാവലാളുകളായി നിന്നു. ഇന്ത്യന്‍ ഒപ്പീനിയന്‍, യങ് ഇന്ത്യ, ഹരിജന്‍ എന്നീ മൂന്ന് പ്രധാനപത്രങ്ങളുടെ പത്രാധിപരായിരുന്നു ഗാന്ധിജി. അഹിംസയും സത്യാഗ്രഹവും മാത്രമായിരുന്നില്ല ഗാന്ധിജിയുടെ സമരായുധങ്ങള്‍. അതില്‍ പത്രപ്രവര്‍ത്തനവും ഉള്‍പ്പെട്ടിരുന്നു. പൊതുവികാരം മനസ്സിലാക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, ജനങ്ങളുടെ ഇടയില്‍ അഭിലഷണീയമായ ചില മനോഭാവങ്ങള്‍ ( Sentiments) വളര്‍ത്തിയെടുക്കുക, ഭയമില്ലാതെ ജനങ്ങളുടെയും അധികാരികളുടെയും തെറ്റുകുറ്റങ്ങള്‍ തുറന്നുകാട്ടുക. ഇതായിരുന്നു മഹാത്മാവിന്റെ പത്രപ്രവര്‍ത്തനതത്വങ്ങള്‍. 1946 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കണമെന്ന് ബ്രിട്ടന്‍ തീരുമാനിച്ചു. ഇതോടെ മതാടിസ്ഥാനത്തില്‍ രണ്ടു രാജ്യം എന്ന ആവശ്യം ശക്തമായി. 1946 ഓടെ ഡല്‍ഹി കിംവദന്തികളുടെ കൂടാരമായി. അതിശയോക്തി കലര്‍ത്തിയുളള ലഹളകളുടെ വര്‍ണന, ഏറ്റുമുട്ടലുകളുടെ കഥകള്‍, ഹിന്ദു-മുസ്ലീം കലാപങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍.... പത്രങ്ങള്‍ പുറത്തുവിട്ട കഥകള്‍ മഹാത്മാവിനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. പത്രത്തില്‍ വരുന്ന എല്ലാ കാര്യങ്ങളെയും ഈശ്വരസത്യങ്ങളായി നോക്കിക്കാണുന്നത് ശരിയല്ലെന്ന് 1946 ഏപ്രില്‍ 18 ന് ഒരു പ്രാര്‍ത്ഥനാസമ്മേളനത്തില്‍ ഗാന്ധിജി പറഞ്ഞു. അധികാരക്കൈമാറ്റത്തിനു മുമ്പ് പത്രങ്ങളുടെ എല്ലാ അനുമാനങ്ങളെയും ഒരു തമാശയിലൂടെ അദ്ദേഹം വിമര്‍ശിച്ചു. വൈസ്രോയിയുടെ സ്ഥാനത്ത് ഒരു സ്വേച്ഛാധികാരിയായി ഞാന്‍ നിയമിക്കപ്പെട്ടിരുന്നെങ്കില്‍ ഹരിജന്‍ പത്രമൊഴികെ എല്ലാ പത്രങ്ങളും നിരോധിക്കുമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

റിപ്പോര്‍ട്ടര്‍, നിങ്ങള്‍ക്കിപ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലാണ് അനുദിനം താല്പര്യമേറുന്നതെന്നറിയാം. പക്ഷേ അതിലൊരു വ്യത്യാസമുണ്ടെന്നു മാത്രം. മഞ്ജുവാര്യര്‍ എന്ന ഒരു പ്രിയനടി വ്യാഴവട്ടക്കാലത്തിനു ശേഷം ഒരു പരസ്യചിത്രീകരണത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചപ്പോള്‍ ആ വാര്‍ത്ത പത്രങ്ങളില്‍,ചാനലുകളില്‍ ആദ്യവാര്‍ത്തകളിലൊന്നായി. അഞ്ചുപേര്‍ ദുരന്തത്തില്‍ മരിച്ചതിനും മുകളിലായി നടിയുടെ പരസ്യചിത്രീകരണവാര്‍ത്ത. നിങ്ങളുടെ സ്ഥാപനത്തിന്റെ അന്വേഷണം, വാര്‍ത്ത നന്നായി എഴുതിച്ച്, കൂടുതല്‍ പരസ്യം വരും നാളുകളില്‍ പിടിക്കുകയായിരുന്നെന്ന് ജനം അടക്കം പറഞ്ഞു. മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നു പറഞ്ഞ് ശബ്ദാനുകരണം നടത്തി മറ്റൊരു മന്ത്രിയെ ഫോണില്‍ വിളിച്ച് ചതിച്ചുമാവാം നിങ്ങള്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിങ്. എന്നാല്‍ നിങ്ങള്‍ക്കു മുമ്പൊരു തലമുറ ഉണ്ടായിരുന്നു എന്നോര്‍ക്കണം. ബീഹാറിലെ ഭഗല്‍പ്പൂരില്‍ വിചാരണത്തടവുകാരെ പോലീസ് അന്ധരാക്കിയതിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന അരുണ്‍സിന്‍ഹ, മഹാരാഷ്ട്രയിലെ റിമാന്‍ഡ് ഹോമുകളിലെ പെണ്‍കുട്ടികളെ വേശ്യവൃത്തിയിലേലേക്ക് നയിച്ച അധികൃതരുടെ നടപടികള്‍ തുറന്നു കാട്ടിയ ഷീല ബാഴ്‌സ, ഹര്‍ഷദ്‌ മേത്ത ഉള്‍പ്പെടെയുള്ളവര്‍ചേര്‍ന്നു നടത്തിയ 5000 കോടിയുടെ കുംഭകോണം പുറത്തുകൊണ്ടുവന്ന സുചേത ദലാല്‍, ബോഫോഴ്‌സ് തോക്കിടപാട് പുറത്തെത്തിച്ച ചിത്രാ സുബ്രഹ്മണ്യന്‍, അനന്തകോടിയുടെ ടു ജി സ്‌പെക്ട്രം പുറത്തുകൊണ്ടുവന്ന തലശ്ശേരിക്കാരന്‍ ഗോപീകൃഷ്ണന്‍... മാദ്ധ്യമപ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ക്കും അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനത്തിനും മാതൃകയായയവര്‍ ഏറെയുണ്ട്.

ലൈനില്‍ തുടരാനാവില്ല പ്രീയപ്പെട്ട റിപ്പോര്‍ട്ടര്‍ ഇനിയും നിങ്ങള്‍ക്ക്... എനിക്കറിയാം... നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പറയാതിരിക്കുന്നവര്‍ക്ക് നേരെ ചാടുന്ന സ്വഭാവംപോലും വന്നുകഴിഞ്ഞു നിങ്ങള്‍ക്ക്. എനിക്കു നിങ്ങളെ അറിയാം. എന്നാല്‍ ഒന്നുകൂടി പറഞ്ഞു നിര്‍ത്താം സഹയാത്രികനായ നിന്നോട്. അമേരിക്കയില്‍ ഈയിടെ ഒരു സര്‍വ്വെ നടന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി എന്താണെന്നായിരുന്നു ചോദ്യം. വിവിധ ജോലികളുടെ ലിസ്റ്റും അവര്‍ക്ക് നല്കിയിരുന്നു. അതില്‍ ഇരുന്നൂറാമത്തെ ഇഷ്ടജോലി മാത്രമായിരുന്നു പത്രപ്രവര്‍ത്തനം. അതിനും മുകളിലായിരുന്നു മരംവെട്ടുകാരന്റ (Lumberjack)യും പ്ലേറ്റ് കഴുകുന്നവന്റെ (Dishwasher)യും ജോലി...!

വാല്‍ക്കഷണം :

അമേരിക്കയില്‍ നായകള്‍ക്കായി 24 മണിക്കൂര്‍ ടി.വി ചാനല്‍ അടുത്ത മാസം വരുന്നു. നായകള്‍ ആകെ സന്തോഷത്തിലാണ്. മനുഷ്യയജമാനന്മാരുടെ ചാനലുകള്‍ നമുക്കിനി കാണേണ്ടല്ലോ. മാത്രമല്ല നമുക്കു മാത്രമായി ഒരു സ്വന്തം ചാനല്‍ കിട്ടുകയല്ലേ. നായ്ക്കള്‍ പ്രചരണത്തിനിറങ്ങിക്കഴിഞ്ഞത്രേ... പുതിയൊരു ചാനല്‍ സംസ്ക്കാരത്തിനായി എന്നാണ് അവരുടെ ഭാഷയില്‍ ചാനലിന്റെ ക്യാപ്ഷന്‍.

Subscribe Tharjani |