തര്‍ജ്ജനി

ലീന എം

മെയില്‍ : ln.mammavil@gmail.com

Visit Home Page ...

കവിത

ഗുരു

ഇവിടെയിക്കൊടുംകാട്ടിലേകലവ്യന്മാർ
ഇനിയുമൊരു ഗുരുവിന്റെ പാദങ്ങൾ തേടുന്നു;
ഇരുളാണ് ചുറ്റിലും - കൈത്തിരിനാളമായ്
വരുവതാരെന്നിനി? മിഴികൾ.. പരതുന്നു...!

ധന്യനാണവൻ - അകക്കണ്ണ് തുറപ്പവൻ
'അന്യരല്ലാരും നമുക്കെ'ന്നറിഞ്ഞവൻ..!
അവനുടെ കാലൊച്ച കാതോർത്തു തന്നെയീ
അവനിയിൽ മാനവർ കേഴുന്നതിപ്പൊഴും..!

കാട്ടാളരുള്ളിലെ കവിമാനസങ്ങളെ
കാടിന്റെ മന്ത്രമായ് മാറ്റുന്നു ഗുരുനാഥൻ ;
ഒരു ചിതൽപ്പുറ്റിൽ നിന്നൊരു ദിവ്യജന്മത്തെ
വരുവാൻ വിധിപ്പതും ഗുരുവിന്റെ ധന്യത..!

പിഞ്ചുപൈതങ്ങൾ തൻ കണ്ണിലെ നാളമായ്
കൊഞ്ചുന്ന കുഞ്ഞിളം ചുണ്ടിലെപ്പാട്ടായി ;
അക്ഷരച്ചെപ്പിലെ അറിവിന്റെ മുത്തായി
അരികെയൊരു താങ്ങായി നില്ക്കണം ഗുരുനാഥൻ ..!

കണ്‍കൾ തുറന്നേ നടക്കുന്നുവെങ്കിലും
കാണേണ്ടതൊന്നുമേ കാണുവാനാവാതെ
ഇരുളിന്റെ കൈകളിൽ പിടയുന്ന ഹൃദയങ്ങൾ,
ഇനിയുമൊരു ഗുരുവിന്റെ പാദങ്ങൾ തേടുന്നു..!

Subscribe Tharjani |