തര്‍ജ്ജനി

ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

ഒരു വീട്

ഒരു വീടുണ്ടായിരുന്നു.
ഓടിട്ടത്, നിലത്ത് ഇഷ്ടിക പാകിയത്.
അറയും
നിലത്തിരുന്നു പാചകം ചെയ്യാവുന്ന
അടുക്കളയും ഉള്ളത്.
കൊട്ടത്തളത്തില്‍നിന്ന് തുറക്കുന്ന
കിണറ്റുവാതിലില്‍ പൂപ്പല്‍ പിടിച്ചത്.

മൂന്നുമുറികള്‍
രണ്ടെണ്ണത്തിന് ഓവറകളും
ഒന്നിനു ഒറ്റവാതില്‍ മാത്രവുമുള്ളത്
അറവാതില്‍ ചേര്‍ത്തടക്കാനാവില്ല
സാക്ഷകള്‍ നിരതെറ്റി നിന്നിരുന്നു.
പൊട്ടിയ കിഴക്കേ ഇറയത്ത്
വാടാമല്ലിച്ചെടികളും
കീഴാര്‍നെല്ലിയുമുണ്ടായിരുന്നു.

ഒരു തോട് കടന്നുവേണമായിരുന്നു
ആ വീട്ടിലേക്ക് വരാന്‍.
അമ്മയും രണ്ട് പെണ്‍കുട്ടികളും
ആ തോടിന്റെ മുന്നില്‍ വന്ന്
ഒരു നിമിഷം നില്ക്കുമായിരുന്നു.
ഞാനാദ്യം ഞാനാദ്യം എന്ന് പറഞ്ഞ്
രണ്ട് പേരും കൈ പൊക്കുമായിരുന്നു.
മെറൂണും ക്രീമും നഴ്സറി യൂണിഫോമിട്ടവളെ
അമ്മ ഒക്കത്തെടുത്ത് അപ്പുറത്തെത്തിക്കും.
സ്ലേറ്റുപച്ചയും വിയര്‍പ്പും മണക്കുന്നവളെ
കൈ പിടിച്ച് കടത്തുമായിരുന്നു.

വലിയ നീണ്ടതാക്കോലിട്ട് വാതില്‍ തുറന്ന്
അമ്മ, ഉയരത്തില്‍ വച്ച മണ്ണെണ്ണ സ്റ്റൌവ്വില്‍
ചായ കൂട്ടി /പാലുകൂട്ടി തരുമായിരുന്നു.

മുറ്റത്തിറങ്ങിയാല്‍ എന്നും തണുപ്പായിരുന്നു
നിറയെ ഇലകളായിരുന്നു.
ഒരു മൈലാഞ്ചിയുടെ ചുവട്ടില്‍
വലിയ ഉറുമ്പിന്‍ കൂടുണ്ടായിരുന്നു
അകത്തേക്കും പുറത്തേക്കും പോവുന്ന
ഉറുമ്പുകളുടെ നിര ചാടികടക്കല്‍
അവര്‍ക്കൊരു രസമായിരുന്നു.
വാഴയിലത്തുണ്ടില്‍ പടക്കം പൊട്ടിച്ച്,
പൊങ്ങില്ല്യത്തിന്റെ അമ്പും ഈര്‍ക്കിലി വില്ലുമായി
അവര്‍ രാമായണം കളിക്കുമായിരുന്നു.
ഇരുട്ടൊഴിയാത്ത ഓവറകളില്‍
പോവാന്‍ മടിക്കുന്ന
അവരെ അമ്മ
വൈകുന്നേരം കൊട്ടത്തളത്തില്‍ നിര്‍ത്തി
മേല്‍ കഴുകിക്കുമായിരുന്നു.
അവസാനം ഒരു തൊട്ടി വെള്ളം
ശറ്രെറ്രെറ്രെ .... എന്നൊഴിക്കുമായിരുന്നു
നാമംചെല്ലുമ്പോള്‍ അവര്‍
പരസ്പരം ആടിവന്ന് തോള്‍ കൂട്ടിമുട്ടിക്കുമായിരുന്നു
നിഴല്‍മാനും മുയലും ഉമ്മവയ്ക്കുമായിരുന്നു.
60W രാത്രികളില്‍ അവര്‍ അച്ഛന്റെ
സൈക്കിള്‍ ബെല്ലിനു കാത്തിരിക്കുമായിരുന്നു.
സൈക്കിള്‍പ്പെട്ടിയില്‍ നിന്ന്
കടലാസിന്റെ കുമ്പിള്‍പ്പൊതികള്‍
നിലത്തിറങ്ങി പാതേം പുറത്ത് നിരന്നിരിക്കുമായിരുന്നു

രാത്രി, ഒരു പുഴയ്ക്കപ്പുറമുള്ള എണ്ണക്കമ്പനിയിലെ
വെളിച്ചത്തില്‍ അവര്‍നാലുപേരും ചേര്‍ന്നുകിടക്കുമായിരുന്നു
കിടക്കും മുമ്പേ അമ്മ എല്ലാ ജനല്‍ക്കുറ്റികളും
ഒന്നൂടെ ഉറപ്പുവരുത്തുമായിരുന്നു.
അടുക്കളപ്പാത്രങ്ങളും അഴയിലെ തുണികളും
മറക്കാതെ അകത്ത് വയ്ക്കുമായിരുന്നു.
രാത്രിയില്‍
കുട്ടികള്‍ ഉറങ്ങുന്ന ഏതോ സമയം കഴിഞ്ഞാണ്
അയാള്‍ വരിക.

ഓരോ വാതിലിലും
ജനല്‍പ്പാളിയിലും
തട്ടിവിളിക്കുക.

“അമ്മേ അമ്മേ" എന്ന്.
“വെള്ളം തരൂ അമ്മേ" എന്ന് അല്ലെങ്കില്‍
“കോരിക്കുടിക്കാന്‍ തൊട്ടിയെങ്കിലും തരൂ അമ്മേ" എന്ന്
നിലവിളിച്ച് തേങ്ങിവിളിച്ച്
പാതിരാ കഴിയുമ്പോള്‍
കുളത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുമായിരുന്നു.
വെളുക്കുംമുമ്പേ അവര്‍ വന്ന്
കൂട്ടികൊണ്ടുപോവുമായിരുന്നു.
കുട്ടികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.
അവര്‍ ഉറങ്ങുകയായിരുന്നു.
അച്ഛനും ഉറങ്ങിത്തുടങ്ങുമായിരുന്നു .......
അമ്മ ഉണരാറേ ഇല്ല ....... ഒറ്റദിവസവും ...
ഒരു തൊട്ടി അകത്തൊളിപ്പിച്ചു വച്ച അമ്മ.

Subscribe Tharjani |