തര്‍ജ്ജനി

പുസ്തകം

ചൈന, സരമാഗു, എം.ജി.എസ്, കാവ്യശാസ്ത്രം പിന്നെ ....

നൊബേല്‍ സമ്മാനജേതാവായ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ സരമാഗുവിന്റെ ശൈശവസ്മരണകളാണ് കുരുന്നോര്‍മ്മകള്‍. ബാല്യത്തിന്റെ കൌതുകങ്ങളും ഭാവനാലോകവും ഒരു എഴുത്തുകാരനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഈ പുസ്തകം വെളിവാക്കുന്നു.

കുരുന്നോര്‍മ്മകള്‍
ഷൂസെ സരമാഗു
വിവര്‍ത്തനം : സ്മിത മീനാക്ഷി
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം.
120 പുറങ്ങള്‍
വില : 80 രൂപ

പത്രപ്രവര്‍ത്തകയായ പല്ലവി അയ്യരുടെ ചൈനാജീവിതകാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകം. പുതിയ ലോകക്രമത്തിന് പാകത്തില്‍ മാറാന്‍ അഭിലഷിക്കുന്ന ചൈനയെയാണ് പല്ലവി അയ്യര്‍ കാണുന്നത്. ചൈനീസ് യുവത്വം എങ്ങനെ ചിന്തിക്കുന്നുവെന്നും പ്രവര്‍ത്തിക്കുന്നുവെന്നും അഭിലഷിക്കുന്നുവെന്നതും തന്റെ വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചും അവരുമായി ആശയവിനിമയംചെയ്തും അവര്‍ മനസ്സിലാക്കുന്നു. സൂക്ഷ്മവും കൌതുകകരവുമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തെ രസകരമാക്കുന്നു.

ചൈന മറ നീങ്ങുമ്പോള്‍
പല്ലവി അയ്യര്‍
വിവര്‍ത്തനം : സ്മിത മീനാക്ഷി
പ്രസാധനം : മാതൃഭൂമി ബുകസ്, കോഴിക്കോട്.
230 പുറങ്ങള്‍
വില : 160 രൂപ

നാഗരികതയുടെ ചടുലവേഗങ്ങളില്‍ വേരറ്റുപോകുന്ന ഗ്രാമീണമനുഷ്യന്റെ വേദനയും ഒറ്റപ്പെടലും നിസ്സഹായതയുമാണ് ഈ സമാഹാരത്തിലെ കവിതകളില്‍ നിറയുന്നത്. ജീവന്റെ പച്ച കൈവിടാതിരിക്കനുള്ള അതിതീക്ഷ്ണമായ ജാഗ്രതയും അതോടൊപ്പം കവിതകളില്‍ ഉടനീളം വ്യാപിക്കുന്നുണ്ട്. അന്‍പത് കവിതകളള്‍ടെ സമാഹാരം.
ധമനികള്‍
ദിവാകരന്‍ വിഷ്ണുമംഗലം
പ്രസാധനം : നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.
62 പുറങ്ങള്‍
വില : 45 രൂപ
അശാന്തമായ തന്റെ മനസ്സിന്റെ അവസാനത്തെ ആശുപത്രിയാണ് കവിത എന്ന് കരുതുന്ന കവിയുടെ രചനകള്‍. നാഗരികതയുടെ കടന്നുകയറ്റത്തില്‍ കൈമോശംവരുന്ന ഗ്രാമീണതയെക്കുറിച്ചുള്ള വിഹ്വലവും ഗൃഹാതുരവുമായ ഭാവനകളാണ് ഈ കവിതകളുടെ ഊര്‍ജ്ജപ്രഭവം.

ജീവന്റെ ബട്ടണ്‍
ദിവാകരന്‍ വിഷ്ണുമംഗലം
പ്രസാധനം : കറന്റ് ബുക്സ്, കോട്ടയം.
60 പുറങ്ങള്‍
വില : 40 രൂപ

മലയാളത്തിലെ പ്രമുഖ നാടകകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായ കുട്ടനാട് കെ. രാമകൃഷ്മപിള്ളയുടെ പുസ്തകം. സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ ആകാശവാണിക്കുവേണ്ടി ചെയ്ത പ്രഭാഷണപരമ്പര വിപുലീകരിച്ച് പുസ്തകമാക്കണമെന്ന ആവശ്യത്ത അനുസരിച്ച് തയ്യാറാക്കിയത്. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലെ നായകരില്‍ ഒരാളായിരുന്നെങ്കിലും ദേശീയവിമോചനസമരത്തിലാണ് ഊന്നല്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം
കുട്ടനാട് കെ. രാമകൃഷ്മപിള്ള
പ്രസാധനം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം
295 പുറങ്ങള്‍
വില : 205 രൂപ

കാവ്യശാസ്ത്രതത്വങ്ങള്‍ കാരികഖളും സൂത്രങ്ങളും ഹൃദിസ്ഥമാക്കി പഠിക്കുക എന്നത് പ്രയാസകരമായി അനുഭവപ്പെടുന്നവര്‍ക്ക് അവ കഥകളിലൂടെ പരിചയപ്പെടുത്തി വിശദീകരിച്ചുകൊടുക്കുകയാണ് ഡോ.ടി.ഭാസ്കരന്‍ ഈ പുസ്തകത്തില്‍. മലയാളത്തില്‍ ഭാരതീയകാവ്യശാസ്ത്രത്തെക്കുറിച്ചുള്ള മികച്ച പാഠപുസ്തകത്തിന്റെ കര്‍ത്താവായ പണ്ഡിതനായ അദ്ധ്യാപകനില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും സഹൃദയര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു പുസ്തകം. 23 ലേഖനങ്ങളാണ് ഈ ചെറുപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാവ്യശാസ്ത്രം കഥകളിലൂടെ
ഡോ. ടി. ഭാസ്കരന്‍
പ്രസാധനം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം
100 പുറങ്ങള്‍
വില : 70 രൂപ

കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന പ്രൊഫ. എം. ജി. എസ്. നാരായണന്റെ ചരിത്രപഠനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വിശദീകരിക്കുന്ന മൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കവി, ചിത്രകാരന്‍, നിരൂപകന്‍, പ്രഭാഷകന്‍, സാംസ്കാരികസംഘാടകന്‍ എന്നീനിലകളില്‍ സ്തുത്യര്‍ഹമാണ്ടയ പ്രവര്‍ത്തനം നടത്തിയ ഡോ. എം. ജി. എസ്, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചരിത്രവിഭാഗം മേധാവിയും പിന്നീട് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസിറ്ററിക്കല്‍ റിസേര്‍ച്ചിന്റെ തലവനുമായി പ്രവര്‍ത്തിച്ചു. അദ്ദേഹം വഹിച്ച പദവികളെക്കാള്‍ പ്രശാനമാണ് കേരളചരിത്രപഠനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്ന് വിശദമാക്കുകയാണ് ഡോ.വെളുത്താട്ട് കേശവനും കൂട്ടുകാരും. പണ്ഡിതരെ ആദരിക്കുക എന്നത് അപൂര്‍വ്വമായതിനാല്‍ മലയാളത്തില്‍ ഇതുപോലെ ഒരു പുസ്തകം അപൂര്‍വ്വമാണ്.

എം.ജി.എസിന്റെ ചരിത്രനിലപാടുകള്‍
ഡോ. വെളുത്താട്ട് കേശവന്‍, എ.എം.ഷിനാസ്, ശ്രീജിത്ത്. ഇ
പ്രസാധനം : സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം
84 പുറങ്ങള്‍
വില : 60 രൂപ

Subscribe Tharjani |