തര്‍ജ്ജനി

പുസ്തകം

ശരത്തിന്റെ ഓര്‍മ്മകളും ഓര്‍ത്തോപ്പതിയും മറ്റും

ഡോക്യുമെന്ററിചലച്ചിത്രസംവിധായകനും സമാന്തരസിനിമാപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായ സി. ശരത്ചന്ദ്രന്റെ ഓര്‍മ്മപ്പുസ്തകം. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ ആനന്ദ് പട് വര്‍ദ്ധന്‍, കെ. പി. ശശി തുടങ്ങിയ സമാന്തരസിനിമാപ്രവര്‍ത്തകര്‍ മുതല്‍ അനിവര്‍ അരവിന്ദ് തുടങ്ങിയ ബദല്‍പ്രസ്ഥാനപ്രവര്‍ത്തകര്‍വരെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട ശരത്ചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുന്നു.

ഓര്‍മ്മകളുടെ മൂന്നാം കണ്ണ്
എഡിറ്റര്‍ : മുസ്തഫ ദേശമംഗലം
പ്രസാധനം : ശരത്തിന്റെ സുഹൃത്തുക്കള്‍
264 പുറങ്ങള്‍
വില : 200 രൂപ

പ്രകൃതിചികിത്സയിലെ യഥാര്‍ത്ഥമാര്‍ഗ്ഗം ഓര്‍ത്തോപ്പതിയാണെന്ന് വിശദീകരിക്കുന്ന പുസ്തകം. മണ്ണ് കുഴച്ച് പുരട്ടലും പലതരം നീരുകള്‍ കുടിപ്പിക്കലുമാണ് പ്രകൃതിചികിത്സയെന്ന പൊതുധാരണയെ തിരുത്തുകയാണ് ഈ മേഖലയില്‍ മൌലികമായ അന്വേഷണങ്ങള്‍ നടത്തിയ ഡോ. പി. എ. രാധാകൃഷ്ണന്‍.

രോഗം, ചികിത്സ,ശരീരം എന്നിവയെക്കുറിച്ചുള്ള ധാരണകളെ സമൂലം തിരുത്തുവാനുള്ള ആലോചനകളാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഓര്‍ത്തോപ്പതിയെന്ന ചികിത്സാസമ്പ്രദായത്തിന്റെ താത്വികവും പ്രായോഗികവുമായ തലങ്ങള്‍ ഹൃദ്യമായി പ്രതിപാദികക്കുന്ന മലയാളത്തിലെ ആദ്യപുസ്തകം. തന്റെ പഴയപുസ്തകത്തിന്റെ തിരുത്തിയെഴുതലുകളിലൂടെ രൂപപ്പെട്ടത് എന്ന് ഗ്രന്ഥകാരന്‍തന്നെ പറയുന്നു. മലയാളത്തില്‍ എന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഇത്തരം ഒരു പുസ്തകം അപൂര്‍വ്വമാണ്.

ഓര്‍ത്തോപ്പതി എന്ത്?എന്തിന്? എങ്ങനെ?
ഡോ. പി. എ. രാധാകൃഷ്ണന്‍
പ്രസാധനം : തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാകേന്ദ്രം.
296 പുറങ്ങള്‍
വില : 200 രൂപ

വയല്‍ക്കഥ
എഡിറ്റര്‍: ടി. ശ്രീനിവാസന്‍
പ്രസാധനം : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
108 പുറങ്ങള്‍
വില : 80 രൂപ

കുറുമാപ്പള്ളി ശ്രീധരന്‍ നമ്പൂതിരിയും കേശവന്‍നമ്പൂതിരിയും അമ്പതുകള്‍ മുതല്‍ മാതൃഭൂമി പത്രത്തിലും വാരാന്തപ്പതിപ്പിലും ആഴ്ചപ്പതിപ്പിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പില്ക്കാലത്ത് പ്രശസ്തരാവുകയും കേരളത്തിന്റെ കലാ-സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യമാവുകയും ചെയ്ത പലരേയും മലയാളിവായനക്കാര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ട ലേഖനങ്ങള്‍ പലതും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പലകാലങ്ങളിലായി എഴുതപ്പെട്ടവയാണെങ്കിലും ഒന്നിച്ച് ചേര്‍ത്തുവെക്കുമ്പോള്‍ അത് വള്ളുവനാടിന്റെ കലാചരിത്രമാവും എന്ന് ഈ ലേഖനങ്ങള്‍ സമാഹരിച്ച എസ്. രാജേന്ദു കണ്ടെത്തുന്നു.

കെ.സി.നാരായണന്റെ അവതാരികയും എസ് രാജേന്ദുവിന്റെ ആമുഖപഠനവും.

വള്ളുവനാടിന്റെ കലാചരിത്രം
എഡിറ്റര്‍ : എസ്. രാജേന്ദു
പ്രസാധനം : എസ്. രാജേന്ദു, കടുങ്ങനാട്ട് പത്തായപ്പുര, പന്നിയംകുറിശ്ശി പോസ്റ്റ്, ചെര്‍പ്പുളശ്ശേരി.679 503.
384 പുറങ്ങള്‍
വില : 200 രൂപ

Subscribe Tharjani |