തര്‍ജ്ജനി

മുഖമൊഴി

സൌരോര്‍ജ്ജവും ചില ഫോണ്‍വിളികളും

അടുത്തകാലത്ത് ഉണ്ടായതില്‍വെച്ച് ഏറ്റവും ശക്തമായ വിവാദത്തിന്റെ കൊടുങ്കാറ്റില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിപദവും ആടി ഉലയുകയാണ്. ഭരണപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ പണിയാണ്. ആരോപിക്കപ്പെട്ടതില്‍ എത്രത്തോളം വസ്തുതകളുണ്ടെന്നത് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് പുറത്തുവരിക. ആരോപണം ചിലപ്പോള്‍ വെറും ആരോപണം മാത്രമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണം ഉന്നയിച്ചവര്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ആരോപണം ഉന്നയിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ആരോടും ക്ഷമാപണം ചെയ്തതതായി അറിവില്ല. ആരോപണവിധേയരായവരുടെ ഉത്തരവാദിത്തമാണ് സത്യം തെളിയിക്കുകയെന്നത് എന്നാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ നടപ്പുരീതി. ഇപ്പോള്‍ സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും അത് ലക്ഷ്യംകണ്ടാല്‍ ഗുണഭോക്താക്കളാവുന്നവരുടെ പെരുമാറ്റവും കാണുമ്പോള്‍ വിശ്വാസത്തിലേറെ സംശയങ്ങളാണ് ഉണ്ടാവുന്നത്. ആരോപണം മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നേരെയാണ്. അഴിമതിക്കാരെന്ന് അറിയപ്പെടാത്ത രണ്ട് നേതാക്കളാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. അവരുടെ പാര്‍ട്ടിക്ക് അഴിമതിക്കാര്യത്തില്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിച്ഛായ ഉള്ള രണ്ട് നേതാക്കളാണ് ഇവര്‍. മാത്രമല്ല, കാര്യപ്രാപ്തിയുടെ കാര്യത്തിലും ഇവര്‍ പാര്‍ട്ടിയിലെ മറ്റ് കിങ്ങിണിക്കുട്ടന്മാരെപ്പോലെയല്ല എന്ന് മലയാളികള്‍ക്കെല്ലാം അറിവുള്ളതാണ്. ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരില്ല എന്ന ന്യയത്തില്‍ സ്വയം നക്കിരസിച്ചവരല്ല ഇവരെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. ഭരണം പാര്‍ട്ടിക്ക് വിധേയമാവണം എന്ന് വാദിക്കുന്നവര്‍ പാര്‍ട്ടിക്കാര്‍ക്ക്് സ്വന്തംകാര്യം നേടാന്‍ ഭരണസംവിധാനം ഉപയോഗിച്ച് അവസരം നല്കണം എന്നാണല്ലോ ഭംഗ്യന്തരേണ പറയുന്നത്. അങ്ങനെ പാര്‍ട്ടിക്ക് വിധേയരാവാതെ ഭരിച്ചവര്‍ നമ്മുടെ അറിവില്‍ ഇല്ല. ഗണേശ് കുമാര്‍ പാര്‍ട്ടിക്ക് വിധേയമാവുന്നില്ലെന്നായിരുന്നല്ലോ അച്ഛന്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടിയും ഉന്നയിച്ച പരാതി. പക്ഷെ, അത് അവര്‍ക്ക് വേണ്ട അളവില്‍ കാര്യം നടക്കുന്നില്ല എന്നതിനാലുണ്ടായ പരാതിയായി കണക്കാക്കിയാല്‍ മതിയാവും. അഴിമതിക്കെതിരെ, സ്വജനപക്ഷപാതത്തിനെതിരെ നെടുങ്കന്‍പ്രസംഗങ്ങള്‍ നടത്തുന്നവര്‍ അഴിമതിക്ക് എതിരായതുകൊണ്ടല്ല, അഴിമതി തനിക്ക് നടത്തുവാന്‍ അവസരം കിട്ടുന്നില്ലെന്നതിനാല്‍ പരാതിപ്പെടുന്നവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി രാജിവെക്കണം എന്നതും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ്. മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നില്ല. അന്വേഷണം കഴിഞ്ഞ് കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിന് തിരിച്ചുവരാമല്ലോ, മുമ്പൊക്കെ ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെക്കുന്നതായിരുന്നല്ലോ ഇദ്ദേഹത്തിന്റെ രീതി, ഇപ്പോഴെന്താ രാജിവെക്കാത്തത് എന്നെല്ലാം പറയുന്നത് സ്കൂള്‍കുട്ടികളല്ല, കേരളത്തിലെ എണ്ണം പറഞ്ഞ, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളാണ്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത ഭരണം വേണം എന്ന് ഇവര്‍ക്ക് പറയാന്‍ കഴിയുന്നില്ല. ഈ ഭരണം പോയാല്‍ ഞങ്ങള്‍ അഴിമതിവിമുക്തവും സ്വജനപക്ഷപാതരഹിതവുമായ ഭരണം കാഴ്ചവെക്കും എന്ന് പറയാനുള്ള ശ്രേഷ്ഠഭാഷ എന്താണ് നമ്മുടെ പ്രതിപക്ഷത്തിന് കൈമോശം വന്നത്? ഭരണപക്ഷം ഇത്രയും ചെയ്തില്ലേ, ഇനി ഒരു അവസരം ഞങ്ങള്‍ക്ക് തരൂ എന്നാണോ അവര്‍ പറയുന്നത്? അല്ലെങ്കില്‍ കള്ളനും പോലീസും എന്ന കുട്ടിക്കളിയോ? കളി മൂര്‍ച്ഛിപ്പിക്കാന്‍ തെരുവുയുദ്ധവും പൊതുജനങ്ങളെ ആകെ തടവുകാരാക്കിയ ഹര്‍ത്താലും നടത്തി, വരാനിരിക്കുന്ന നാളുകള്‍ തങ്ങളുടെ കളിയാല്‍ കടുത്തദുരിതം നിങ്ങള്‍ക്ക് നല്കുമെന്ന മുന്നറിയിപ്പും ലഭിച്ചുകഴിഞ്ഞു.

സോളാര്‍തട്ടിപ്പുകേസിന്റെ ആദ്യനാളുകള്‍ മുതല്‍ പ്രതിപക്ഷം കൊണ്ടുവരുന്ന ആരോപണങ്ങള്‍ക്കും തെളിവുകള്‍ക്കുമെതിരെ ഭരണപക്ഷം എതിര്‍തെളിവുകള്‍ കൊണ്ടുവന്നിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ആ തെളിവുകളുടെ അടിസ്ഥാനത്തില്‍, ബിജു രാധാകൃഷ്ണന്‍ എന്ന ഒരാള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന സരിത എസ് നായരുമായി കൂട്ടുചേര്‍ന്ന് സൗരോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കാം എന്ന് വാഗ്ദാനം നല്കി പലരില്‍നിന്നുമായി ലക്ഷക്കണക്കിന് രൂപ തട്ടിപ്പുനടത്തിയെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനമായ വസ്തുത. ഇത്തരം തട്ടിപ്പുകള്‍ എക്കാലത്തും കേരളത്തില്‍ എന്നല്ല ലോകത്തിലെല്ലായിടത്തും നടന്നിരുന്നു. വഞ്ചന എന്ന ക്രിമിനല്‍ കുറ്റമാണത്. ഈ കുറ്റകൃത്യം നിര്‍വ്വഹിക്കുന്നതിന് അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം നടത്തി. അതും വാസ്തവം എന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട ടെനി ജോപ്പന്‍ എന്നയാള്‍ സരിത നായരുടെ തട്ടിപ്പില്‍ പങ്കാളിത്തം വഹിച്ചതായി പോലീസിന് തെളിവുകിട്ടുകയും ജോപ്പന്‍ അറസ്റ്റിലാവുകയും ചെയ്തു. പേഴ്‌സനല്‍ സ്റ്റാഫിലെ ആരോപണവിധേയരില്‍ സംശയാസ്പദമായിരിക്കുന്നവരെ മുഖ്യമന്ത്രി തന്നെ പുറത്താക്കി. പ്രതിപക്ഷനേതാവിന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ മൂന്നുപേര്‍ പുറത്താക്കപ്പെട്ട സമീപകാലസംഭവം ഇതുമായി ചേര്‍ത്തുവെച്ച് വായിക്കുന്നത് ഒരു കോമിക് ഇഫക്ട് നല്കും.

മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനം പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്കുന്ന ഒരു കാര്യമാണ്. അത് സ്വന്തക്കാരെയും ഇഷ്ടക്കാരെയും സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ് എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നത്. മുമ്പ് ഒരു മന്ത്രി മകന്റെ ഭാര്യയെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ച് വിവാദത്തില്‍പ്പെട്ടിരുന്നു. പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട ഈ ജീവനക്കാര്‍ക്ക് നിശ്ചിതമായ ജോലിയോ ജോലിസമയമോ ഇല്ല. ഹാജര്‍ തുടങ്ങി സര്‍ക്കാര്‍ജോലിയുടെ ഭാഗമായ ചട്ടവട്ടങ്ങളില്‍നിന്നും പരമാവധി സ്വാതന്ത്ര്യം അനുഭവിക്കുന്ന ഇവര്‍ വഴിയാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും പരിപോഷിപ്പിക്കുന്ന പരിപാടി മന്ത്രിമാരും പാര്‍ട്ടിക്കാരും നടത്തുക. പേഴ്‌സനല്‍ സ്റ്റാഫില്‍ പെട്ടില്ലെങ്കിലും സമര്‍ത്ഥരായ മന്ത്രിപുത്രന്മാര്‍ സമാന്തരഭരണംതന്നെ നടത്തിയതിന്റെ കഥകളും കേരളീയര്‍ അപവാദകഥകളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനത്തിലെന്നതുപോലെ പേഴ്‌സനല്‍ സ്റ്റാഫിന്റെ കാര്യത്തിലും കൃത്യമായ വ്യവസ്ഥവേണം. സര്‍ക്കാര്‍ ജോലിയിലുള്ളവരെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുകയല്ലാതെ പുറത്തുനിന്നും നിയമനം നടത്താന്‍ അനുവദിക്കാതിരിക്കണം. പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവന് പാര്‍ട്ടിക്കാര്യമാണ് സര്‍ക്കാര്‍ ഭരണത്തിന്റെ ആധാരശിലയായ ചട്ടങ്ങളേക്കാള്‍ പ്രധാനം. ചട്ടങ്ങള്‍ ഇളവുചെയ്തും ലംഘിച്ചും ഉത്തരവുകള്‍ പുറത്തിറക്കിയാണ് എല്ലാ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നത്. ചട്ടങ്ങള്‍ അറിയാത്തവന്, അത് പരിഗണിച്ച് ശീലമില്ലാത്തവന് സ്വന്തംതാല്പര്യങ്ങള്‍ നടത്തുകയാവും പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് പരിപാടി നടത്താന്‍ വേദിയാക്കിയെങ്കില്‍ അതിന് കാരണം മേല്പറഞ്ഞതാണ്. പാര്‍ട്ടിക്കാര്യവും വ്യക്തിപരമായ നേട്ടവും സ്വജനപക്ഷപാതവും മാത്രം നോക്കി ചക്കരക്കുടത്തില്‍ കയ്യിട്ടുകളിക്കുന്നവന് എന്ത് നിയമം? ഇങ്ങനെ വിവാദമുണ്ടാവുകയും കേസാവുകയും ചെയ്യാതെപോയ ഇടപാടുകള്‍ വേറെയൊന്നുമില്ലെന്നാണോ? അങ്ങനെ നൂറായിരം അഴിമതികള്‍, നിയമലംഘനങ്ങള്‍, സ്വജനപക്ഷപാതങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരെണ്ണം വിവാദമായിപ്പോയെന്ന് മാത്രം.

കേരളാപോലീസിന്റെ കേസന്വേഷണം കുറച്ചുകാലമായി ഹൈടെക്കായിട്ട്. മൊബൈല്‍ഫോണ്‍ എന്ന ഉപകരണം ഉപയോഗിക്കുന്നവന്റെ പോക്കും വരവും ഇപ്പോഴത്തെ സ്ഥാനവും മൊബൈല്‍സേവനം നടത്തുന്നതിനായി ആവശ്യമായ അടിസ്ഥാനവിവരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ സേവനത്തിനാണ് കമ്പനി ബില്ലിടുന്നത്. അതിനാല്‍ ഈ വിവരങ്ങളെല്ലാം അവര്‍ ശേഖരിച്ചുവെച്ചിരിക്കും. തികച്ചും ഓട്ടോമേറ്റഡ് ആയ സംവിധാനമാണിത്. ഏതെങ്കിലും ഉപഭോക്താവ് പരാതി പറഞ്ഞാല്‍ അത് പരിശോധിക്കാന്‍ ഈ വിവരങ്ങളെല്ലാം അവര്‍ ശേഖരിച്ച് വെച്ചിരിക്കും. അത് നിയമപരമായ ബദ്ധ്യതയുമാണ്. ഈ വിവരശേഖരം ഉപയോഗിച്ചാണ് ടി. പി. ചന്ദ്രശേഖരന്‍വധത്തിന്റെ അന്വേഷണം കേരളാപോലീസ് നിര്‍വ്വഹിച്ചത്. അപ്പോള്‍ ഇന്നത്തെ പ്രതിപക്ഷം നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പോലീസ് കളിക്കുകയാണെന്ന് ആക്ഷേപിച്ചത് നാം കേട്ടതാണ്. വളരെ നേരത്തെ തയ്യാറാക്കി നടപ്പിലാക്കിയ ഒരു രാഷ്ട്രീയകൊലപാതകം, തെളിവുകള്‍ നശിപ്പിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും നടത്തിയ എല്ലാ ശ്രമങ്ങളേയും മറികടന്ന് പോലീസ് തെളിവുകള്‍ സഹിതം പ്രതികളെ പിടികൂടിയപ്പോള്‍ മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ആഭ്യന്തരമന്ത്രി പ്രതിപക്ഷത്തിന്റെ പ്രഖ്യാപിതശത്രുവാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയും അതുപോലെതന്നെ. അവരെ കടന്നാക്രമിക്കാനും അധികാരത്തില്‍ നിന്നും പുറത്താക്കാനും സാധിക്കുമെങ്കില്‍ നടക്കട്ടെ എന്നുകണക്കാക്കി നടത്തുന്ന കോലാഹലമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന തെരുവുയുദ്ധങ്ങളാവും അതിനായി വരാനുള്ള നാളുകളില്‍ ഒരുപക്ഷേ നമ്മുക്ക് കാണേണ്ടിവരിക. തിരുവനന്തപുരത്തെ തെരുവുകളില്‍ അത് പതിവ് സംഭവമാക്കിക്കഴിഞ്ഞു. അസംഘടിതരും നിരാലംബരുമായ ജനങ്ങളുടെമേല്‍ കുതിരകേറി നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം എത്രത്തോളം ജനാധിപത്യരാഷ്ട്രീയസംസ്കാരത്തിന് യോജിച്ചതാണ്?

സോളാര്‍തട്ടിപ്പുകേസ് അന്വേഷിക്കാനായി പോലീസ് ശേഖരിച്ച ഫോണ്‍കോള്‍വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ദൃശ്യമാദ്ധ്യമങ്ങള്‍ അതിജീവനത്തിനായി കടുത്തപോരാട്ടം നടത്തുന്നകേരളത്തില്‍, ബ്രേക്കിംഗ് ന്യൂസിനായി വെപ്രാളപ്പെട്ട് ഓടിനടക്കുന്ന മാദ്ധ്യമസമൂഹത്തിന് നെയ്യപ്പം കിട്ടിയതുപോലെയായി ഈ കോള്‍ ഡാറ്റ. സരിത എസ്. നായര്‍ ആരൊക്കെയൊക്കെ വിളിച്ചു, ആരൊക്കെ സരിതയെ വിളിച്ചുവെന്ന വിവരശേഖരം പരിശോധിക്കുമ്പോഴാണ് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരും മാദ്ധ്യമപ്രവര്‍ത്തകരുമെല്ലാം ഈ വിളിപ്പട്ടികയില്‍ സ്ഥാനംകണ്ടിരിക്കുന്നുവെന്ന് വെളിവാകുന്നത്. അതോടെ ഭരണപക്ഷത്തും എതിര്‍പക്ഷത്തും നിന്ന് ആരൊക്കെ വിളിച്ചു, എസ്. എം. എസ് അയച്ചുവെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ പരസ്യപ്പെടുത്താന്‍ തുടങ്ങി. അതില്‍ ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടും. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി അതില്‍ പെട്ടില്ല. പക്ഷെ ജോപ്പന്‍ പെട്ടു. ജോപ്പന്റെ പങ്കാളിത്തം വെളിവായി. പണിപോയി, കേസില്‍പ്പെടുകയുംചെയ്തു. അതിനിടെ പലരും സരിത തങ്ങളെ വിളിച്ചതിനും തങ്ങള്‍ സരിതയെ വിളിച്ചതിനും ക്ഷമാപണസ്വരത്തില്‍ വിശദീകരങ്ങള്‍ നടത്തിത്തുടങ്ങി. ഒരു പെണ്ണ് ആണുമായി നടത്തുന്ന സംഭാഷണത്തിന്് പിന്നില്‍ ലൈംഗികതയുടെ നിറംചാര്‍ത്തിക്കാണുന്ന മലയാളിമനസ്സ് ഈ ഫോണ്‍സംഭാഷണവാര്‍ത്തകള്‍ രസിച്ചുകേട്ടു. സരിതയുടെ ഫോണ്‍വിവരങ്ങള്‍ മാത്രമാണ് ഇത്രയും കൗതുകത്തോടെ ആളുകള്‍ കേട്ടത്. കഥയിലെ നായകനായ ബിജു രാധാകൃഷ്ണന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ന്നതുമില്ല, ആരും അതേപ്പറ്റി വേവലാതിപ്പെട്ടതുമില്ല. തേക്കടിയില്‍ മന്ത്രിമാര്‍ നടത്തിയ ഉല്ലാസയാത്രയില്‍ കൂടെ സരിതയും ഉണ്ടായിരുന്നുവെന്ന് അതിനിടയില്‍ മാദ്ധ്യമങ്ങളില്‍ ചിലത് പ്രചരിപ്പിച്ചു. ആ വിവാദയാത്രയില്‍ പങ്കെടുത്ത മന്ത്രി അനില്‍കുമാര്‍ വികാരഭരിതനായാണ് അതിനോട് പ്രതികരിച്ചത്. കൂടെ സതിരയുണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും എന്ന് പ്രതിജ്ഞചെയ്തു, അദ്ദേഹം. കൂട്ടത്തില്‍ പറഞ്ഞത് തന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട പിതൃസഹോദരപുത്രന്‍ കൂടെയുണ്ടായിരുന്നുവെന്നാണ്! പേഴ്‌സനല്‍ സ്റ്റാഫില്‍ ആരെയാണ് നിയമിക്കുന്നത് എന്നതിന് തെളിവ്!

പണക്കാരായ വ്യവസായികള്‍, വ്യാപാരികള്‍, തട്ടിപ്പുകാര്‍ എന്നിങ്ങനെയുള്ളവരുമായി ഉറ്റസൗഹൃദം പുലര്‍ത്തുന്നവരാണ് രാഷ്ട്രീയക്കാര്‍. സാധാരണപൗരന്മാര്‍ക്ക് ഈ രാഷ്ട്രീയനേതാക്കളേയും മന്ത്രിമാരെയും കാണാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇവര്‍ക്ക് കാണാന്‍ സാധിക്കും. മാത്രമല്ല, അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നിയമത്തില്‍ നിലവിലുള്ള പഴുതുകള്‍ ഉപയോഗിച്ച് നേടാനും സാധിക്കും. പഴുതില്ലെങ്കില്‍ പഴുത് പുതുതായി ഉണ്ടാക്കുവാനും സാധിക്കും. അങ്ങനെ കാര്യസാദ്ധ്യം നേടുന്ന പണക്കാരില്‍ നിന്നും കൈപ്പറ്റുന്ന പണം ഉപയോഗിച്ചാണ് രാഷ്ട്രീയക്കാര്‍ സമ്പന്നരാവുന്നത്. അഴിമതിക്കാരുമായുള്ള ബന്ധമാണ് രാഷ്ട്രിയക്കാരന് പൊതുജനവുമായുള്ള ബന്ധത്തെക്കാള്‍ പ്രിയംകരം. പൊതുജനം ഉത്തരവാദിത്തവും ചുമതലകളും ഏല്പിക്കുമ്പോള്‍ കൂട്ടുകച്ചവടം നടത്തുകയാണ് പണക്കാരുമായി ഒത്തുചേര്‍ന്ന് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും അവരുടെ കയ്യിലുള്ള പണംകാരണം അധികാരത്തിന്റെ ഇടനാഴികളില്‍ അനായാസമായ പ്രവേശനം ലഭിക്കുന്നു. അവരുടെ താല്പര്യസംരക്ഷണമാണ് രാഷ്ട്രിയക്കാര്‍ക്ക് വ്യക്തിപരമായ നേട്ടം ഉണ്ടാക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം പ്രസംഗിക്കാന്‍ കൊള്ളാം. പണമുണ്ടാക്കാന്‍ പണക്കാരുടെ പണിക്കാരാവുകയാണ് വേണ്ടത് എന്ന് ഇന്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും അറിയാം. ലക്ഷങ്ങളുടേയും കോടികളുടേയും കണക്ക് പറഞ്ഞ് ബിജു രാധാകൃഷ്ണനും സരിത എസ്. നായരും വരുമ്പോള്‍ അതിനാല്‍ അവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കപ്പെടും.

സോളാര്‍ കേസിനിടയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടു. സീരിയല്‍ നടി ശാലു മേനോനാണ് സെന്‍സര്‍ബോര്‍ഡില്‍ നിന്നും പുറത്തായത്. ക്രമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ സെന്‍സര്‍ബോര്‍ഡില്‍ നിന്നും പുറത്താവും എന്ന വ്യവസ്ഥയുള്ളതിനാലാണ് പണിപോയത്. സെന്‍സര്‍ബോര്‍ഡില്‍ അംഗത്വം നേടാനുള്ള അവരുടെ യോഗ്യതയെന്തായിരുന്നു? കേരളത്തിലെ അസംഖ്യം സീരിയില്‍ നടികളില്‍ ഒരാള്‍. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നു. ഇത്രയും മതിയോ ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗത്വംപോലെ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുവാനുള്ള യോഗ്യത? അംഗമായതിന് ശേഷം അവര്‍ നടത്തിയ സേവനമെന്താണ്? ഒന്നുമില്ലെന്നാണ് പത്രവാര്‍ത്തകള്‍. പേഴ്‌സനല്‍ സ്റ്റാഫില്‍ സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുന്നതുപോലെ സര്‍ക്കാര്‍ സമിതികളില്‍ സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുകയെന്നതും രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രവര്‍ത്തനമാണ്. യോഗ്യതയൊന്നും അവിടെ പ്രശ്‌നമല്ല. പൊതുഖജനാവിലെ പണം സ്വന്തക്കാര്‍ക്ക് അര്‍ഹതയില്ലെങ്കിലും നല്കണമെന്ന് ഒരു മന്ത്രി കരുതുന്നുവെങ്കില്‍ അദ്ദേഹത്തെ നാം എങ്ങനെയാണ് കാണേണ്ടത്? രാഷ്ട്രീയപാര്‍ട്ടിയിലെ പദവിയും ഭരണവ്യവസ്ഥയിലെ സ്ഥാനവും സ്വജനപക്ഷപാതത്തിനും വഴിവിട്ട ഇടപാടുകള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ ജനമന:സാക്ഷിയുണര്‍ത്താന്‍ ഇപ്പോഴത്തെ വിവാദങ്ങളും കോലാഹലങ്ങളും വഴിയൊരുക്കുമോ? അതോ കുട്ടികളുടെ കള്ളനുംപോലീസുംകളിയിലെ, നീയിത്ര നേരവും പോലീസായില്ലേ, ഇനി നീ കള്ളനാവ് ഞാന്‍ പോലീസാവട്ടെ എന്ന പരിഭവം പറച്ചിലാണോ ഇപ്പോഴത്തെ കോലാഹലത്തിന്റെയെല്ലാം പിന്നില്‍?

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2013-07-17 20:34.

പ്രതിപക്ഷത്തിന്റെ പാപ്പരത്തം പ്രകടമാക്കുന്ന ഒരു രാഷ്ട്രീയപ്രതിസന്ധിയാണ് ഇപ്പോള്‍ കാണുന്നത്. ഉമ്മന്‍ചാണ്ടി ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ജോസ് തെറ്റയിലിന്റെ കാര്യത്തിലോ, ലാവ് ലിന്‍ നായകനായ പിണറായി വിജന്റെയോ കാര്യത്തില്‍ അവര്‍ക്ക് ധാര്‍മ്മികതയുടെ പ്രശ്നമില്ല. രാഷ്ട്രീയം പരാജയപ്പെട്ടിടത്ത് ഉന്നയിക്കുന്ന വെറും ചപ്പടാച്ചിയാണ് ഈ ധാര്‍മ്മികത എന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്. ഉമ്മന്‍ചാണ്ടി രാജിവെച്ച് ഇപ്പോഴത്തെ പ്രതിപക്ഷം അധികാരത്തിലേറാന്‍ ഇടവന്നാല്‍ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കേണ്ടി വരും. അത് ഒഴിവാക്കാന്‍ കെ.എം. മാണിയെ ക്ഷണിക്കുന്നേടത്തുവരെ എത്തിനില്ക്കുന്ന ധാര്‍മ്മികത തമാശതന്നെ.