തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

അദൃശ്യ

ഞാന്‍ ജീവിക്കുമീ
തുരുത്തിലെ കാട്ടിലൊന്നും
പച്ചത്തത്തകള്‍
കൂടുകൂട്ടാന്‍ എത്താറില്ല.
ദൂരക്കൂടുതല്‍ കൊണ്ടാവാം ..

ഞാനുറങ്ങുന്ന
പുഴയുടെ നടുവിലൊന്നും
തോണിക്കാരുടെ
പാട്ടുകള്‍ കേള്ക്കാറില്ല
രാത്രി വെള്ളത്തില്‍ മുങ്ങി
കൂടുതല്‍ ഇരുളുന്നത് കൊണ്ടാവും.

ഞാനുണരുമ്പോള്‍
മിഴിമുനത്തുമ്പിലൊന്നും
ചിത്രശലഭങ്ങള്‍
തെന്നിപ്പിടയാറില്ല ..
പൂവുകള്‍ വിടരാത്തത് കൊണ്ടാവും.

ഞാന്‍ കാത്തിരിക്കുമ്പോള്‍
അകലെയേതോ മലയില്‍നിന്നും
പക്ഷിച്ചിറകുകള്‍
പുഴ കടന്നെത്താറില്ല .
ആകാശം വിളിക്കാത്തത് കൊണ്ടാവും..

ഞാന്‍ കരയുമ്പോള്‍
പുഴയിലെ ഓളങ്ങളില്‍
ഇത്തിരിയുപ്പോ
പിന്നൊരു മധുരമോ ചുവയ്ക്കാറില്ല .
കണ്ണീര്‍ വന്ന വഴി
വരണ്ടത് കൊണ്ടാവും.

ഞാന്‍ നടന്നകലുമ്പോള്‍
തീരങ്ങള്‍ ഒരിയ്ക്കലും
മുളയിലക്കയ്യുകള്‍ നീട്ടി
എന്നെ തടയാറില്ല.
എത്തിപ്പിടിക്കാന്‍ ആവാത്തത് കൊണ്ടാവും ..

വന്നതും പോയതുമൊന്നും
ആരും അറിയാറുമില്ല
ഓര്‍ത്തിരിക്കാറുമില്ല..
ഒരു പക്ഷെ
ഞാന്‍ ഞാന്‍ മാത്രമായത് കൊണ്ടാവും.

Subscribe Tharjani |