തര്‍ജ്ജനി

പി.കെ.ശ്യാം

Visit Home Page ...

നേര്‍‌രേഖ

നിങ്ങളെന്തിനാണ് മുഖ്യമന്ത്രിയെ ഈ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

എങ്കിലും നിനക്കെതിരെ എനിക്കൊന്ന് പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. (വെളിപാട് 2.4)

സരിതാമാഡത്തെ ഫോണില്‍ വിളിച്ചതാരൊക്കെയാണ്. അവര്‍ക്ക് എസ്. എം. എസ് അയച്ചത് ആരൊക്കെയാണ്? സുരേഷ്‌ഗോപി സ്റ്റൈലില്‍ പറഞ്ഞാല്‍ അങ്ങ് കൊമ്പത്തെ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവന്‍വരെ ഉണ്ടാകും. രാഷ്ട്രീയകേരളം ഒരു സരിതാനായര്‍ക്കു ചുറ്റും ഭ്രമണംചെയ്യുന്നു. സരിതാനായര്‍ അഴികള്‍ക്കുള്ളിലാണ്. എന്നാല്‍ അവരാരുടെയെങ്കിലും പേരൊന്നു മൂളിയാലോ. പാവം കുഞ്ഞൂഞ്ഞിന് കാര്യം മനസ്സിലായിട്ടില്ല. തനിക്ക് ഫോണേ ഇല്ലെന്ന് പച്ചവെള്ളം പോലും ചവച്ചിറക്കുന്ന മുഖ്യന്‍ പറയുന്നത് പാവം ജനം കേട്ടുനിന്നു. പിന്നെ പറഞ്ഞു, ഇക്കാര്യത്തില്‍ അന്വേഷണവുമില്ല... അടിയന്തിരപ്രമേയവുമില്ലെന്ന്. ഇത്രയുമായപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ക്കും തോന്നി അടി അടിയന്തിരമായെന്ന്. സരിതാനായരുടെ കോള്‍ലിസ്റ്റുകളെടുത്തു. പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പന്‍ എന്ന സ്വന്തം ജോപ്പന്‍ മാത്രം സരിതയെ വിളിച്ചത് 57 തവണ. ഈശോയെ... കഥ മാറി. കഥാപാത്രങ്ങള്‍ മാറി. ജോപ്പനു പിറകെ സലിംരാജ്, ജിക്കു ജേക്കബ്, ഗിരീഷ്‌കുമാര്‍, തോമസ് കുരുവിള ... സോളാര്‍ കുംഭകോണത്തിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ച് കൂഞ്ഞൂഞ്ഞ് ചര്‍ച്ച ചെയ്തതെന്ത്? ശ്ശോ... ഈ മാദ്ധ്യമങ്ങളുടെ ഒരു കാര്യം.

ആശ്രിതവത്സലനും കരുണാവാരിധിയുമായ ഒരു മുഖ്യന് പ്രജകളുടെ സങ്കടം അടച്ചിട്ട ഒരു വാതിലിനനുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലായോ... ഇതുപോലല്ലേ അടുത്തകാലത്ത് ഒരു മന്ത്രിയുടെ ഭാര്യ മന്ത്രിക്കെതിരെ കേസു പറയാന്‍ വന്നപ്പോള്‍ അരുത് കുഞ്ഞേ... രമ്യതയിലല്ലേ കാര്യമെന്ന് ഉപദേശിച്ച് കുഞ്ഞാടിനെ തിരിച്ചയച്ചത്. സരിത-ബിജുരാധാകൃഷ്ണന്‍... സമവാക്യം പിന്നെ പോയത് ശാലു മേനോനിലേക്ക്... ശാലു മേനോന്റെ ഗൃഹപ്രവേശത്തിന് തന്റെ മന:സാക്ഷി കൂടിയായ സാക്ഷാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പോയത്രേ... തിരുവഞ്ചൂരിനെയും സരിത വിളിക്കാറുണ്ടത്രേ... കാര്യങ്ങള്‍ കൈവിടുമെന്നു വന്നപ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞു. ശാലുവിന്റെ വീട്ടില്‍ പോയത് പറയാതിരുന്നത് പ്രതിച്ഛായ ഭയന്നാണെന്ന്. ഞാനൊരു പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്നയാളാണ്. സത്യത്തിന്റെ വഴിയില്‍ നിന്നും ഇതുവരെ വ്യതിചലിച്ചിട്ടില്ല.
വാര്‍ത്തകള്‍ തുടര്‍ന്നു... എം. എല്‍. എ മാരിലൊരാള്‍ സരിതാനായര്‍ക്ക് എസ്. എം. എസ് അയച്ചിട്ടുണ്ടത്രേ... തോമസൂട്ടി വിട്ടോടാ... പല എം. എല്‍. എ മാരും മൊബൈല്‍ഫോണുകള്‍ ഓഫാക്കിത്തുടങ്ങിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

1970 ല്‍ ഇരുപത്തിയേഴാം വയസ്സില്‍ പുതുപ്പള്ളിക്കാര്‍ കുഞ്ഞൂഞ്ഞിനെ ജയിപ്പിച്ചു വിട്ടതാണ്. 2010 ല്‍ പിന്നെയും ജയിപ്പിച്ചു. കൂടുതല്‍ ഭൂരിപക്ഷത്തിന്. പണ്ടേ അതിവേഗം ബഹുദൂരമാണ് സഞ്ചാരം .ഉറക്കം കുറവ്. മുടി പോലും ചീകാന്‍ സമയം കിട്ടാറില്ല. ലളിത ജീവിതം, ആദര്‍ശശുദ്ധി, വാത്സല്യത്തിന്റെ പാലാഴി. (ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കുകയില്ല. സങ്കീര്‍ത്തനം 91.10)

പിതാവേ ഇക്കാണുന്നതും കേള്‍ക്കുന്നതും ഒക്കെ ശരിയാണോ. കുഞ്ഞൂഞ്ഞ് തിരിയുന്നു, മറിയുന്നു. എന്റെ രക്തത്തിനായി ചിലര്‍ ദാഹിക്കുന്നെന്ന് പറഞ്ഞുകരയുന്നു. ആദര്‍ശത്തിന് രാഷ്ട്രീയം നല്കിയ ആള്‍രൂപത്തിന്റെ പേരാണ് കുഞ്ഞൂഞ്ഞെന്ന്.
പണ്ടൊരു മുഖ്യനുണ്ടായിരുന്നു, കഞ്ഞി കുടിക്കുമ്പോഴേ കളവു പറയുമായിരുന്നുള്ളൂ പോലും. ഇവിടെയൊരാള്‍ കണ്ണു തുറന്നാല്‍ കളവു പറയുന്നെന്നു ഐക്കാര്‍ ഏഷണി പറയാനും തുടങ്ങി. ഭാഗ്യത്തിനാണ് ഈ സമയംതന്നെ എതിര്‍പക്ഷത്ത് തെറ്റയിലിനൊന്ന് തെറ്റിയത്. 24 മിനുട്ട് നീണ്ട നീലചിത്രം യുട്യൂബുവഴി കുട്ടികളടക്കം കണ്ടുനിന്നപ്പോള്‍ മാതാപിതാക്കള്‍ ചാനലുകള്‍ വഴി ദൃശ്യങ്ങള്‍ മാന്യമായിത്തന്നെ കണ്ടു.

പൊതുജനത്തെ ഇങ്ങിനെ കരുതുന്നവര്‍ സൂക്ഷിക്കുകയെന്ന് ഒരു ചാനല്‍, കഴുതയുടെ ചിത്രത്തിനു താഴെ എഴുതിക്കാണിച്ചിടത്ത്... ദേ പോയി ദാ വന്നു എന്ന് പറഞ്ഞ് ചെറിയൊരു ബ്രേയ്ക്ക്... ഇവിടെ കേരള രാഷ്ട്രീയത്തിലെ ലൈംഗികാരോപണങ്ങളുടെ ചരിത്രത്തില്‍ നിന്നൊരു ഫ്ലാഷ്ബാക്ക്.

പണ്ടു പണ്ട് ഒരിടത്തൊരു മന്ത്രിയുണ്ടായിരുന്നു. പി.ടി.ചാക്കോ എന്നു പേര്.പീച്ചിയിലേക്ക് പോവുന്ന വഴിയില്‍ പാവം ഒരു സ്ത്രീക്ക് ലിഫ്റ്റ് നല്‍കി. ആരോ ഒറ്റിക്കൊടുത്തു. പൊല്ലാപ്പായി. ആരോപണങ്ങളുടെ അവസാനം മന്ത്രിക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. പി.ടി.ചാക്കോ എന്ന പേരുപോയി പീച്ചീ ചാക്കോവായി. പിന്നെയൊരു മന്ത്രി. പേരില്‍ തന്നെ നീലയുണ്ട്. സൂക്ഷിക്കേണ്ടതായിരുന്നു. എന്നിട്ടും ഐ. എ. എസ് കാരിയായ നളിനി നെറ്റോയോടാണ് അപമര്യാദ കാട്ടിയത്. നീലന്റെ പേരിലും നീല പുരണ്ടു. പിന്നെയൊരാള്‍ സാക്ഷാല്‍ കുഞ്ഞാലി. ലീഗിനെ വലതുപാളയത്തില്‍ കെട്ടി വേണ്ടിവന്നാല്‍ ഇടതുവച്ച് മിന്നല്‍വേഗത്തില്‍ വലത്തോട്ടന്നെ തിരിയാനറിയുന്നവന്‍. എന്നാല്‍ ഐസ്‌ക്രീം എന്നു കേട്ടാല്‍ ഉരുകിയൊലിക്കുന്ന കുഞ്ഞാലിക്കുട്ടി. പിന്നെയും ഒരു മന്ത്രി. വിമാനയാത്രക്കിടയില്‍ ആകാശത്ത് വച്ചാണ് കൈയുടെ കണ്‍ട്രോള്‍ പോയത്. അടുത്ത കാലത്തുണ്ടായിരുന്നൊരു മന്ത്രി. മോനേ ഗണേഷേ എന്ന് ദേഷ്യം വന്നാലും ഇല്ലെങ്കിലും പിള്ള ഇടയ്ക്കിടെ വിളിക്കും. ഭാര്യ അടിച്ചിട്ടാണ് മുഖത്തിന്റെ ഷെയ്പ് മാറിയതെന്ന് ഗണേഷ്. അല്ല കാമുകിയുടെ ഭര്‍ത്താവ് അടിച്ചു ഷെയ്പ് മാറ്റിയതാണെന്ന് എല്ലാം എപ്പോഴും അറിയുകയും പറയുകയും ചെയ്യുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ്. എന്തായാലും പണി പോയിക്കിട്ടി.തെറ്റയിലിനു തെറ്റിയത് തെറ്റെന്നു പറയാന്‍ കേരള രാഷ്ടീയത്തിലെ മിന്നല്‍പ്പിണറായി പോലും തയ്യാറായില്ല. തെറ്റയില്‍ രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണെന്നായിരുന്നു ഈ പാര്‍ട്ടിയുടെ പ്രതികരണം. (പി.ശശിയെ സി.പി.എംല്‍ നിന്ന് പുറത്താക്കിയിട്ട് രണ്ടു വര്‍ഷം തികഞ്ഞത് ഈ ജൂലൈ 2 ന് ) നിങ്ങള്‍ക്കുമിരിക്കാം ഹോട്ട്‌സീറ്റില്‍... സരിതാനായരുടെ ഫോണിലേക്ക് ഒരൊറ്റ എസ്.എം.എസ്... ചോദ്യം ഇതാ... കേരള രാഷ്ട്രീയത്തില്‍ ഒളിക്യാമറ പിടിച്ച് ഒളിവിലാക്കിയ ആദ്യ എം.എല്‍.എ ആരാണ്.

തിരിച്ചുവരാം... കുഞ്ഞൂഞ്ഞ് നാടുവാണീടും കാലം മാലോകലെല്ലാംരും ഒന്നുപോലെ. പോയിപ്പോയി കുഞ്ഞൂഞ്ഞുപോലും പ്രതിയാകുന്നു. അരനൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ കുഞ്ഞൂഞ്ഞ് ഇതുപോലൊരു പ്രതിസന്ധിയില്‍ പെട്ടിട്ടില്ല. എന്തായാലും സരിതാനായര്‍ ചില്ലറക്കാരിയല്ല. സുതാര്യമായ മുഖ്യമന്ത്രിയെക്കൊണ്ടൊരു മൊബൈല്‍ഫോണ്‍ സ്വന്തമായി വാങ്ങിപ്പിച്ചു കളഞ്ഞില്ലേ. ബിജുവിന്റെ വ്യക്തിപരമായ കാര്യങ്ങളാണുപോലും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ഏറെ നേരം കേട്ടിരുന്നതത്രേ. അതു പുറത്തു പറയുന്നത് സദാചാരമല്ലപോലും. ആന്റണി കഴിഞ്ഞാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമല്ലേ പുതുപ്പള്ളിക്കാരന്‍ കൂഞ്ഞൂഞ്ഞ്. എന്നിട്ടും എന്തിനാണ് നിങ്ങള്‍ ഒരു പാവം മുഖ്യമന്ത്രിയെ പെരുമഴയത്തു നിര്‍ത്തിയിരിക്കുന്നത്.(ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്ക സമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. പത്രോസ്5.6)

Subscribe Tharjani |