തര്‍ജ്ജനി

മുഹമ്മദ്റാഫി നടുവണ്ണൂര്‍

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

നിരീക്ഷണം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന പോപുലിസ്റ്റ് വ്യവഹാരസിനിമയിൽ തട്ടിത്തടഞ്ഞു വീഴാനുള്ള ബൌദ്ധികസാന്നിദ്ധ്യം മാത്രമേ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സി. പി. എം നുഉള്ളു. അതുകൊണ്ടാണ് അത് പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകളെ ഭീഷണിപ്പെടുത്തേണ്ടിവരുന്നത്. രാഷ്ട്രീയശരികളെ ഉല്പാദിപ്പിക്കാൻ എന്ന ലേബലിൽ മിമിക്രിസിനിമകളിൽ ഉള്‍പ്പെടുത്താവുന്ന ഒന്നിനെ ഉണ്ടാക്കുകയാണ് സത്യത്തിൽ ഇതിൽ ചെയ്തത്. എന്നാൽ അരുണ്‍കുമാർ അരവിന്ദ് എന്ന കഴിവുള്ള സംവിധായകന്റെ മേക്കിംഗ് ഈ സിനിമയെ ഒട്ടും മുഷിപ്പില്ലാത്ത ഒന്നാക്കി മാറ്റുന്നു.

റോയി എന്ന കാഥാപാത്രം നമുക്ക് നഷ്ടമായ രാഷ്ട്രീയശരികളെ ഉള്‍വഹിക്കുന്നുമുണ്ട്. അയാള്‍ മലയാളിയുടെ രാഷ്ട്രീയകാല്പനികതയുടെ ഉല്പന്നം മാത്രമല്ല, പുതിയകാലത്ത് വംശനാശംതന്നെ സംഭവിച്ചുപോയ ഒരു 'വര്‍ഗ്ഗമാണ് '. പാർട്ടി സെക്രട്ടറി, പ്രതിപക്ഷനേതാവ് തുടങ്ങിയവരെ അതേപടി മിമിക്രി ചെയ്താണ് സിനിമയിൽ കൊണ്ടുവരുന്നത്. പാര്‍ട്ടി്യുടെ ഗോത്രസ്വഭാവം കേരളം ഈ അടുത്തകാലത്ത് ചര്‍ച്ചചെയ്തത് ടി .പി ചന്ദ്രശേഖരന്റെ വധത്തിനു ശേഷമാണ്. തങ്ങള്‍ക്ക് ഉള്‍കൊള്ളാൻ കഴിയാത്തവരെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുന്ന രീതിയിൽനിന്നും അവരെ പുറത്താക്കുന്നതോടൊപ്പം ഇല്ലാതാക്കുന്ന രീതിയിലേക്ക്, അതാവട്ടെ അതിന്റെ ഏറ്റവും ഭീകരതയോടെ പ്രത്യക്ഷപ്പെട്ടത് ആ സംഭവത്തോടെ ആയിരുന്നുവല്ലോ. അക്കാര്യം വിചാരണചെയ്യുക എന്ന ദൌത്യം നിർവ്വഹിക്കുക എന്ന ചിരിത്രപാഠനിര്‍മ്മിതിക്കുപകരം അതിന്റെ കാരണങ്ങളെ പൊളിച്ചു കാണിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഈ ചലച്ചിത്രത്തിലെ ആകെ ഉള്ള ഒരു മേന്മ.

പാർട്ടി എന്നത് അതിലുള്ളവർക്ക് / അതിനു വിധേയർ ആയവര്‍ക്ക് സംരക്ഷണം നല്കാനും അവര്‍ക്ക് അതിജീവനസൗകര്യങ്ങൾ ഒരുക്കാനും കടപ്പെട്ട ഒന്നാണ്. പാര്‍ട്ടിയെ കുലം കുത്തുന്നവരെ ഇല്ലാതാക്കി മാത്രമേ അതിനു മുന്നോട്ടുപോവുക സാദ്ധ്യമാവുകയുള്ളൂ. രാഷ്ട്രീയ കോർപറേറ്റ് സ്വഭാവം ആര്‍ജ്ജിച്ച ഇടതുപക്ഷം ഒരു ഗുണ്ടാസംഘം കൂടിയാണ് പുതുകാലത്ത് എന്ന വിമര്‍ശനം അവഗണിച്ചുകൊണ്ട് സി പി എം പാര്‍ട്ടിക്കു മുന്നോട്ടുപോവാൻ സാധിക്കില്ല. 'ഇടതുപക്ഷം' എന്ന ഐഡന്റിറ്റിതന്നെ സി പി എം നു നഷ്ടമായ ഒരു കാലത്ത് ഈ സിനിമ നല്ല ഒരു വില്പനച്ചരക്കുതന്നെ ആണ്.

ആലോചിക്കേണ്ട മാറ്റൊരു കാര്യം എന്തിനാണ് സി പി എം ഈ ചിത്രം പ്രദർശിപ്പിക്കുന്നത് ഭയപ്പെടുന്നത് എന്നതാണ്. രഞ്ജിത്തിന്റെ  ആദ്യകാലസിനിമകൾ പോലെ ജനപ്രിയചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ഈ സിനിമ അതിലെ രാഷ്ട്രീയം കൊണ്ട് എത്രമാത്രം അപകടമാണ് എന്ന തിരിച്ചറിവ് പൊതുബോധത്തിൽ പ്രക്ഷേപിക്കുന്നതിനു പകരം പ്രദര്‍ശിപ്പിക്കുന്ന തിയറ്റരുകളെ ഭീഷണിമുഴക്കി തടയുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചത്. 'ഇതിനകം ചര്‍ച്ചചെയ്യപ്പെട്ട ചിത്രത്തിലെ സംഘപക്ഷരാഷ്ട്രീയം തുറന്നുകാട്ടാൻ ഈ സിനിമ തിയറ്ററിൽ കാണിക്കുകതന്നെ വേണം.

മുരളി ഗോപി എന്ന തിരക്കഥാകാരനും അരുണ്‍കുമാര്‍ അരവിന്ദ് എന്ന സംവിധായകനും തങ്ങളുടെ സംഘപക്ഷം ഈ അടുത്തകാലത്ത്‌ എന്ന ചിത്രത്തിലും മറ്റും മുമ്പും തെളിയച്ചതാണല്ലോ. പാർട്ടി സെക്രട്ടറി വധാർഹനാണ് എന്ന സിനിമയുടെ കണ്ടെത്തൽ നരസിംഹനായകന്റെ പ്രതികാരയുക്തിയോളമേ നാം വായിക്കേണ്ടൂ. രാഷ്ട്രീയമായ ഒരുപാട് തെറ്റുകളെ പ്രക്ഷേപിക്കുന്ന ജനപ്രിയ/പൈങ്കിളി ചിത്രം മാത്രമാണ് ലെഫ്റ്റ് റൈറ്റ്. അത് ഒട്ടുമേ ഫിലൊസഫിക്കലൊ പോളിട്ടിക്കലോ അല്ല. അതിലെ അപകടകരമായ രാഷ്ട്രീയമാണ് കേരളത്തിലെ പൊതു ആസ്വാദനബോധം അര്‍ഹിക്കുന്നു എന്ന് കണ്ടെത്തിയ ഒരു നിര്‍മ്മാണം മാത്രമാണ് ഈ ചിത്രം.

Subscribe Tharjani |