തര്‍ജ്ജനി

കെ.ആര്‍ .ഇന്ദിര

Visit Home Page ...

നിരീക്ഷണം

ഭാരതസ്ത്രീയുടെ ഭാവശുദ്ധി

ഭാരതസ്ത്രീയുടെ ഭാവശുദ്ധി നഷ്ടപ്പെടുന്നതില്‍ പുരുഷന്മാര്ക്കുള്ള വേവലാതിക്ക് അതിരില്ല. സരിത ഇങ്ങനെ തുടങ്ങിയാല്‍, അങ്കമാലിയിലെ പെണ്ണ് ഇങ്ങനെ തുടങ്ങിയാല്‍ വ്യവസ്ഥിതി തകര്ന്നുപോവില്ലേ? യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍പോലും സംശയിക്കപ്പെടില്ലേ? പുരുഷന്മാര്‍ സ്ത്രീകളുടെ പീഡനത്തിനെതിരെ സംഘടിക്കേണ്ടതല്ലേ? കുറ്റം ചെയ്യുന്ന സ്ത്രീകള്‍ക്ക് കഠിനശിക്ഷ നല്കേണ്ടടതല്ലേ? അവരെ സ്ത്രീവര്ഗ്ഗം തള്ളിപ്പറയേണ്ടതല്ലേ?

ചോദ്യങ്ങള്‍ നിരവധിയുണ്ട്.

ഉത്തരങ്ങള്‍ നേരത്തെ ഉണ്ട്. അവ പരിശോധിക്കേണ്ടതില്ല. പുതിയ ഉത്തരങ്ങള്‍ പരിശോ ധിക്കേണ്ടതുണ്ട് .

സരിത ചെയ്തത് : തന്റെ മെയ് വഴക്കവും നാവുവഴക്കവും ഉപയോഗിച്ച് പലരുടെയും പണം കൈവശപ്പെടുത്തി അവരെ വഞ്ചിച്ചു. സരിത ചെയ്തത് അഭൂതപൂര്‍വ്വമായ കാര്യമല്ല. കേരളത്തില്‍ എക്കാലത്തും നടന്നുപോവുന്ന പലവിധ തട്ടിപ്പുകള്‍പോലെ തന്നെയുള്ള ഒന്നുമാത്രം ആണത്. പക്ഷെ ഈ കേസില്‍ പച്ചഇറച്ചി മണക്കുന്നതുകൊണ്ട് ആണുങ്ങള്‍ മൂക്ക് വിടര്‍ത്തി ഘ്രാണിച്ചുകൊണ്ട് ചുറ്റും അമറിക്കൊണ്ടു പാഞ്ഞുനടക്കുന്നു. അതുകണ്ട് സ്ത്രീകള്‍ അസഹ്യതയോടെ ശപിക്കുന്നു.

അങ്കമാലിക്കാരി ചെയ്തത് : കുറിയേടത്ത് താത്രി തെളിവ് ശേഖരിച്ചതുപോലെ അവള്‍ തെളിവുണ്ടാക്കി. അവള്‍തന്നെ പറയുന്നു, താന്‍ സോദ്ദേശ്യമായി ചെയ്തതാണ് എന്ന്. ഇക്കാലമത്രയും ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ തകര്‍ക്കാന്‍വേണ്ടി സ്ത്രീയെ ചൂണ്ടയില്‍ കോര്‍ത്ത് എറിയുകയായിരുന്നു ചെയ്തുപോന്നിരുന്നത്. ഇവിടെ സ്ത്രീ തനിക്കുവേണ്ടി തീരുമാനം എടുക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്യുന്നു.

നിര്‍മ്മലാനന്ദയോഗി എന്ന ഒരു കാവിക്കാരന്‍ ഈയിടെ പറഞ്ഞ ഒരു സത്യം ഇവിടെ ഓര്ക്കുന്നത് നല്ലതാണ്. 'പുരുഷന് ലൈംഗികവികാരം ഇല്ലാതെ ഇണചേരാന്‍ ആവില്ല. പക്ഷെ സ്ത്രീക്ക് അത് കഴിയും. അതുകൊണ്ട് സ്ത്രീയുടെ കൈയില്‍ അധികാരം കിട്ടിയാല്‍ ലോകം കീഴ് മേല്‍ മറിയും' എന്നാണദ്ദേഹം പറയുന്നത്. സത്യംതന്നെ അത്. അതുകൊണ്ടുതന്നെ കാര്യസാദ്ധ്യത്തിനുവേണ്ടി സ്വന്തം ശരീരം ഉപയോഗപ്പെടുത്താന്‍ പുരുഷനേക്കാള്‍ എളുപ്പത്തിലും വിദഗ്ദ്ധമായും സ്ത്രീക്ക് കഴിയും. അപ്പോള്‍ ലോകം കീഴ് മേല്‍ മറിയും എന്നതും സത്യം തന്നെ. പക്ഷെ ഇപ്പോള്‍ ലോകം ശരിയായ നിലയില്‍ ആണോ എന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും വിരുദ്ധ അഭിപ്രായങ്ങള്‍ ആണുള്ളത്. പുരുഷന്റെ ശരിയായ ലോകം സ്ത്രീയുടെ ദൃഷ്ടിയില്‍ തല കീഴായതാണ്. അതുകൊണ്ട് അവള്ക്ക് അധികാരം ലഭിക്കുമ്പോള്‍ അവളുടേതായ ശരി സ്ഥാപിക്കപ്പെടുകയും ആ ശരി പുരുഷന് അഹിതകരം ആവുകയും ചെയ്യും. അതിനൊത്തവിധം പ്രവര്ത്തിക്കാന്‍ അവസരം ലഭിക്കുന്ന സ്ത്രീകള്‍ എണ്ണത്തില്‍ നന്നേ ചുരുക്കമായതുകൊണ്ട് അവര്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. കഠിനമായ കുടുംബവ്യവസ്ഥ സ്ത്രീകളെ ബന്ധിതരാക്കുന്നതുകൊണ്ടാണ് അധികം സ്ത്രീകള്ക്ക് ഈ രീതിയില്‍ പൊതുരംഗത്ത് കൌശലം പ്രയോഗിക്കാന്‍ അവസരം ലഭിക്കാത്തത്. കുടുംബത്തില്‍ ബന്ധിതരാവുന്ന സ്ത്രീകള്‍ തങ്ങളുടെ കൌശലം കുടുംബാംഗങ്ങളിലും ബന്ധുമിത്രാദികളിലും മാത്രമായി ഒതുക്കാന്‍ നിര്ബന്ധിതരാവുന്നു. മറിച്ച് ഇതര വ്യാവഹാരികമേഖലകളില്‍ അത് പ്രയോഗിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് വ്യാപകമായ ഒരു രീതിയായി മാറുമായിരുന്നു.

ന്യായാന്യായങ്ങള്‍ ലിംഗഭേദമെന്യേ പങ്കുവെക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി നടപ്പില്‍വരുത്താന്‍ ഉത്സാഹിക്കുക. ഫലം ഒട്ടും നിരാശാജനകമായിരിക്കുകയില്ല. നേരംപോക്കുകള്‍ക്കൊട്ടും കുറവും ഉണ്ടാവുകയില്ല.

Subscribe Tharjani |