തര്‍ജ്ജനി

ജയശ്രീ തോട്ടയ്ക്കാട്ട്

7-A Santhi Thotekat
Chittoor Road
Ernakulam
മെയില്‍ : jaygini@gmail.com

Visit Home Page ...

കവിത

ആസന്നം

മരണം ഉറപ്പാക്കപ്പെട്ട
നാലുപേർ
വലിച്ചടച്ച
വാതിലിനുള്ളിൽ
ഒരു മേശയ്ക്ക് ചുറ്റും
ഇരിക്കുകയായിരുന്നു.
അന്തരീക്ഷത്തിൽ
വിഷമയമായ
എന്തോ ഒന്ന്
പടരുന്നുണ്ടായിരുന്നു.
അനിവാര്യമായ
കീഴടങ്ങലിലെന്നപോലെ
തളർന്നു
നേർത്ത
സ്വരത്തിൽ
ഒരാൾ ചോദിക്കുകയായിരുന്നു:
“ ബാക്കിയെല്ലാവരും...”?
കുനിഞ്ഞിരുന്നവരിൽ
ഒരാൾ
വിളർത്ത മുഖത്തോടെ
തലയാട്ടുന്നുണ്ടായിരുന്നു.
അടുത്ത നിമിഷങ്ങളിലേതോ ഒന്നിൽ
തണുത്തുറയാൻ പോകുന്ന
കണ്ണുകൾ
സംഭ്രാന്തിയോടെ
ചുറ്റോടുചുറ്റും
ഉഴറുന്നുണ്ടായിരുന്നു-
മൂടിക്കെട്ടാൻ
ഏതെങ്കിലുമൊരു പഴുതിനി
ബാക്കിയുണ്ടോ?

നോക്കിയിരിക്കേ
സമയം കവിഞ്ഞൊഴുകി
വാതിലിനടിയിലൂടെയൊരു
കരിനീലഗന്ധം
നാക്ക് നീട്ടവേ-
ശ്വസിക്കാൻ ഭയന്ന്
തങ്ങളിൽ
കൈകൾ കോർത്തു
കാത്തിരുന്നവർ
വിരലോരോന്നായ്
അയഞ്ഞൊ-
റ്റയൊറ്റയായൂർന്ന്
ഇരുളിൽ പതിക്കാൻ തുടങ്ങവേ....
നിശ്ശബദതയൊരു
ഹുങ്കാരമായ്
വാതിൽ തകർത്തെത്തി
തൻ കരിമ്പട-
മാഞ്ഞ് വീശുകയായ്
ആദിമൌനം.
വീണ്ടും
പിടഞ്ഞുണർന്ന്
കണ്മിഴിച്ച്
കാത്തിരിക്കാനേതുമില്ലാത്ത
ഇരിപ്പുമായ്.

Subscribe Tharjani |