തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

ആഗ്രഹം

എന്നും കാലത്ത് തെറ്റാതെ എത്തും
ഒരു താന്തോന്നിക്കുരുവി
ഉമ്മറച്ചുമരിലെ ആള്‍ക്കണ്ണാടിയില്‍
ആഞ്ഞാഞ്ഞു കൊത്തും പ്രതിയോഗിയെ
കൊത്തുംതോറും കലിയേറിയേറിവരും
പുലര്‍കാല ഉറക്കത്തിന്റെ മൂര്‍ദ്ധന്യതയില്‍
മൂര്‍ച്ചയേറിയ കൊക്ക് ആഴ്ന്നിറങ്ങുമ്പോള്‍
കര്‍ണ്ണത്തിന്റെ കണ്ണാടി പൊട്ടുമെന്നാകുമ്പോള്‍
'നാശ' മെന്നോതി ഉമ്മറപ്പടിയില്‍ -
ഉണര്‍ന്നെത്തുംപോല്‍
ഒളിക്കുവാനെന്നോണം ഊളിയിട്ടു പറക്കും
ചെമ്പരത്തിക്കൊമ്പില്‍ .
കണ്ണൊന്നു തെറ്റിയാല്‍ മതി
കണ്ണാടിയില്‍ കൊത്തി തിരിച്ചു പറക്കും
ക്ഷീണിച്ചു കഴിയുമ്പോള്‍
അലക്കു കല്ലിലെ സോപ്പ് വെള്ളം -
കുടിച്ചു കഴിയുമ്പോള്‍
ആര്‍ത്തിയും,ആവേശവും കൂടിക്കൂടി വരും
കണ്ടന്‍പൂച്ച വന്നതില്‍ പിന്നെ
കണ്ടതില്ല കുരുവിയെ
കാത്തിരിക്കാറുണ്ടിന്നും ഞാന്‍
അടങ്ങാത്ത ആഗ്രഹത്താല്‍
അലാറം വിളിച്ചുണര്‍ ത്തുന്നതിനേക്കാള്‍
കണിശമായി
വിളിച്ച് ഉണര്‍ത്താറുള്ള
കുഞ്ഞിക്കുരുവിയെ.

Subscribe Tharjani |