തര്‍ജ്ജനി

മുഖമൊഴി

സുകുമാരന്‍നായരും വെള്ളാപ്പള്ളിയും പിന്നെ ശ്രീശാന്തും

കെ.പി.സി.സി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തല ഈയിടെ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. രാഷ്ട്രീയനേതാക്കള്‍ യാത്ര നടത്തുന്നതില്‍ പുതുമയൊന്നുമില്ല. ഏതെങ്കിലും സമരപ്രഖ്യാപനത്തിന്റെ ഭാഗമായ പ്രചരണം നടത്താനാണ് പണ്ടൊക്കെ യാത്രനടത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഞ്ചുവര്‍ഷക്കാലം നിരുത്തരവാദപരമായി പെരുമാറിയതിനെ ജനമനസ്സുകളില്‍നിന്ന് മായ്ച് അതിന്റെ സ്ഥാനത്ത് പുതിയ ആവേശവും പ്രതീക്ഷയും സ്ഥാപിക്കാനായി മിക്കവാറും എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും യാത്രകള്‍ നടത്താറുണ്ട്. ഒരുകാര്യം ഉറപ്പിച്ചുപറയാം. എന്തെങ്കിലും കാര്യമില്ലാതെ പാര്‍ട്ടിനേതാക്കളാരും കേരളയാത്ര നടത്താറില്ല. അതിനാല്‍ കെ.പി.സി.സി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തല യാത്ര നടത്തും എന്ന് ഉറപ്പായതുമുതല്‍ കേട്ടുതുടങ്ങിയതാണ്, യാത്ര അവസാനിച്ചാല്‍ ഉടന്‍ അദ്ദേഹം മന്ത്രിസഭയില്‍ ചേരും, ഉപമുഖ്യമന്ത്രിയാവും എന്നെല്ലാം. പാര്‍ട്ടി നേതൃത്വത്തിന്റെ കീഴിലുള്ള സ്ഥാനമാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. കെ.പി.സി.സിയുടെ കാര്യത്തിലായാലും സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ കാര്യത്തിലായാലും. കേരള കോണ്‍ഗ്രസ്സ് ബി, അവരുടെ മന്ത്രി പാര്‍ട്ടി വിധേയത്വം കാണിക്കുന്നില്ലെന്നും അതിനാല്‍ പുറത്താക്കണമെന്നും ആവശ്യപ്പെട്ടത് നാം കേട്ടതാണ്. മന്ത്രിയായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടിനേതൃത്വത്തിന്റെ കല്പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെയെങ്കില്‍ കല്പിക്കുവാനും അനുസരിപ്പിക്കുവാനുമുള്ള ശക്തി വേണ്ടെന്നുവെച്ച് കല്പന അനുസരിക്കാനുള്ള അവസ്ഥയിലേക്ക് രമേശ് ചെന്നിത്തല പോകുന്നതെന്തിനെന്ന് ആരും ചോദിച്ചുപോകും. ഇത്തരം ചോദ്യങ്ങള്‍ ലളിതചിത്തരായ ജനസാമാന്യത്തിന്റേതാണ്. രാഷ്ട്രീയത്തിന്റെ യുക്തിയും ന്യായവും വിചിത്രമാണ്. അതിനാല്‍ സാധാരണക്കാരുടെ കാര്യത്തില്‍ സ്വാഭാവികമായത് രാഷ്ട്രീയത്തില്‍ അസ്വാഭാവികവും അതിശയവുമൊക്കെയാവും.

യാത്രകഴിഞ്ഞ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് എത്തിയെങ്കിലും ഇതുവരെ ഉപമുഖ്യമന്ത്രിയോ വെറുംമന്ത്രിയോ ആയില്ല. ഇതിനിടയില്‍ ജാതിക്കാര്യം പറഞ്ഞ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതാവ് ഈ വിഷയത്തില്‍ പ്രസ്താവനകള്‍വഴി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന്‍ തുടങ്ങി. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് മന്ത്രിപദം നഷ്ടപ്പെട്ട് ജയിലിലായ ആര്‍. ബാലകൃഷ്ണപിള്ളയുടെ വക്കാലത്ത് ഇടക്കാലത്ത് അദ്ദേഹം ഏറ്റെടുത്തിരുന്നു. ഇടമലയാര്‍ കേസിലെ അഴിമതി ഒരു ജാതീയമാനമുള്ള പ്രശ്നമായി അദ്ദേഹം വിശദീകരിച്ചതായി എവിടെയും കണ്ടിട്ടില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും അതീവവിചിത്രമായ പലേ രോഗങ്ങളുടേയും പേരില്‍ ശിക്ഷയില്‍ ഇളവ് വാങ്ങുകയും ചെയ്ത് അധികാരമോഹവുമായി നടക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ വക്കാലത്ത് ഏറ്റെടുത്ത് ജാതിപ്രശ്നം സംസാരിച്ച അദ്ദേഹം പഴയകാലത്തെ എന്‍.എസ്. എസ് നേതൃത്വവുമായി അദ്ദേഹത്തെ താരതമ്യംചെയ്യാന്‍ ആരെയെങ്കിലും പ്രേരിപ്പിച്ചുവെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ അങ്ങനെ പഴയകാലത്തെ നേതാക്കളുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുകമാത്രമല്ല, അദ്ദേഹത്തിന്റെ ഭൂതകാലം എന്തെന്ന് പറയുകപോലും ചെയ്തു. അദ്ദേഹം മാത്രമല്ല, പലരും ഇദ്ദേഹത്തിന്റെ ഭൂതകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ചെയ്തികള്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രതികരണം ക്ഷണിച്ചുവരുത്തുന്നതെന്ന് സംശയരഹിതമാണ്. ആരോടെങ്കിലും വിയോജിക്കുമ്പോഴോ, ആരെയെങ്കിലും വിമര്‍ശിക്കുമ്പോഴോ വിമര്‍ശനവിധേയനാവുന്നയാളുടെ ഭൂതകാലമെന്തെന്നല്ല സാധാരണനിലയില്‍ എടുത്തുപറയുക. വിമര്‍ശിക്കപ്പെടേണ്ടതായ കാര്യമെന്താണോ അതാവും പറയുക. അല്ലാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചുനോക്കേണ്ടതാണ്.

കേരളീയനവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട കീഴാളസമൂഹസംഘടനകളുടെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ എല്ലാ ജാതിസമൂഹങ്ങളും സംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടില്‍ കഴിയാന്‍ വിധിക്കപ്പെടുകയും മാനുഷികമായ പരിഗണന നിഷേധിക്കപ്പെടുകയുംചെയ്ത സമൂഹങ്ങളാണ് മനുഷ്യരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിച്ച്, മര്‍ദ്ദനത്തിനും വിവേചനത്തിനുമെതിരെ പോരാടാന്‍ ആദ്യം രംഗത്തുവന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ സമൂഹത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന ആത്മീയാചാര്യന്‍ വൈകുണ്ഠസ്വാമിയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഉത്തരേന്ത്യയില്‍ രാജാറാം മോഹന്‍റായിയും മറ്റും രംഗത്തുവരുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തിലാണിത്. തൊട്ടുപിന്നാലെ അയ്യങ്കാളിയുടെ പ്രസ്ഥാനം രംഗത്തെത്തുന്നു. സവര്‍ണ്ണസമൂഹവുമായി തെരുവില്‍ പോരടിച്ച് വഴിനടക്കുവാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ നേടിയെടുത്ത അയ്യങ്കാളി ശ്രീമൂലം അസംബ്ലിയിലും തന്റെ പോരാട്ടം തുടര്‍ന്നു. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. അതിന്റെ അലയൊലികളാണ് മറ്റു സാമൂദായികവിഭാഗങ്ങളെയും പ്രചോദിപ്പിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. കൂട്ടത്തില്‍ ഏറ്റവും ഒടുവിലായാണ് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രംഗത്തുവരുന്നത്. മര്‍ദ്ദിതരും ചൂഷിതരും പീഢിതരും സംഘടിച്ചതിന്റെ പിന്നാലെ ഓരോ സമൂദായവും സ്വന്തം അവസ്ഥയെന്തെന്ന് പരിശോധിക്കാന്‍ തയ്യാറായി. അക്കാരണത്താല്‍ത്തന്നെ ഓരോ സംഘടനയ്ക്കും വ്യത്യസ്തമായ അജണ്ടകളാവും ഉണ്ടാവുക. സാമൂഹികനവോത്ഥാനവും സ്വാതന്ത്ര്യപ്രാപ്തിയും ഐക്യകേരളവും കടന്ന് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ സാമുദായികസംഘടനകള്‍ എവിടെ എത്തിനില്ക്കുന്നുവെന്നതിന്റെ ഏറ്റവും നല്ല തെളിവുകളാണ് ചെന്നിത്തലയുടെയും ബാലകൃഷ്ണപിള്ളയുടേയും മകന്‍ ഗണേശ് കുമാറിന്റേയും മന്ത്രിസഭാപ്രവേശനത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി നടത്തിയ ഇടപെടലുകള്‍.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിനെതിരെ പലഘട്ടങ്ങളിലായി ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി പിളര്‍പ്പുകളും ഉണ്ടായി. ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ ഒരു സംഘടനയുണ്ടായി. വടക്കന്‍ കേരളത്തിലെ തിയ്യര്‍, തങ്ങള്‍ ഈഴവരല്ലെന്നും, എസ്. എന്‍. ഡി. പി യോഗം അവരെക്കൂടി കണക്കില്‍ക്കാണിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ് ചെയ്യുന്നതെന്നും ആക്ഷേപിച്ച് തിയ്യ മഹാസഭ എന്നൊരു സംഘടന മലബാറില്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പിളര്‍പ്പന്‍ സംഘങ്ങള്‍ക്ക് മാതൃസംഘടനയെ ഇല്ലാതാക്കാനോ ദുര്‍ബ്ബലപ്പെടുത്തുവാനോ സാധിക്കുകയില്ല. കാരണം, എത്രയോ വര്‍ഷങ്ങളായി കാമാനുഗതമായി വികസിപ്പിച്ച ആസ്തിയുടെ ബലത്തിലാണ് മാതൃസംഘടനാനേതൃത്വം നില്ക്കുന്നത്. സംഘടനയുടെ ഓഫീസുകളും കെട്ടിടങ്ങളും മാത്രമല്ല, സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷനല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ പലതരം സ്ഥാപനങ്ങളിലാണ് സംഘടനയുടെ ആസ്തി. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും അത്തരം സ്ഥാപനങ്ങളില്‍ ജോലി കിട്ടണമെന്നും കിട്ടുമെന്നും ആഗ്രഹിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നിങ്ങനെ വിപുലമായ ആശ്രിതസമൂഹത്തിന്റെ അസ്തിവാരമാണ് ഈ ആസ്തിയുടെ ബലത്തില്‍ സംഘടന പടത്തുയര്‍ത്തിയിട്ടുള്ളത്. ഇതിനു പുറമേയാണ് സംഘടനയുടെ വിലപേശല്‍ശക്തിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലും ഭരണത്തിലും കിട്ടുന്ന പങ്കാളിത്തം. നഷ്ടപ്പെടുവാന്‍ ധാരാളമുള്ളവരാണ് ഇന്ന് എല്ലാവരും. അതിനാല്‍ നഷ്ടപ്പെടാതിരിക്കാന്‍ കൌശലത്തോടെ പെരുമാറി കാലയാപനം ചെയ്യുകയെന്നതാണ് സമുദായാംഗങ്ങളുടെ ആശ്രിതഭാവത്തിലുള്ള ജീവിതം. അവിടെ ശരിതെറ്റുകളോ മൂല്യങ്ങളോ നീതിബോധമോ ആദര്‍ശമോ ഒന്നുമല്ല കാണുക. കമ്പോളത്തിലെ വിലപേശലിനേയും കൌശലത്തേയും നിസ്സാരമാക്കുന്ന കളികളാണ് കാണുക. ആ കളിയുടെ അവസാനത്തെ ഉദാഹരണമാണ് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍നായരും ചേര്‍ന്ന് പടുത്തുയര്‍ത്തുന്ന ഭൂരിപക്ഷസമൂദായ ഐക്യം.

ന്യൂനപക്ഷം എന്ന വാക്കിന്റെ വിപരീതപദമാണ് ഭൂരിപക്ഷം. ജനാധിപത്യത്തില്‍ വോട്ടിന്റെ കണക്കനുസരിച്ച് ജനങ്ങളെ ന്യൂനപക്ഷം എന്നും ഭൂരിപക്ഷം എന്നും തിരിച്ചുവെന്ന് പറയുന്നത് ദുര്‍വ്യാഖ്യാനമാണ്. ഭൂരിപക്ഷത്തിന്റെ താല്പര്യത്തിന് അനുസൃതമായി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷതാല്പര്യങ്ങള്‍ അവഗണിക്കപ്പെടുകയും ആ ജനസമൂഹത്തിന് അഹിതമായത് അനുഭവിക്കേണ്ടിവരികയും ചെയ്യും. ഇങ്ങനെ അനീതിക്ക് വിധേയരാവാനിടയുള്ള സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി ചില പരിരക്ഷകള്‍ ഭരണഘടനതന്നെ ന്യൂനപക്ഷങ്ങള്‍ക്കായി നല്കുന്നുണ്ട്. ജനാധിപത്യസമൂഹത്തിലെ രാഷ്ട്രീയത്തില്‍ എല്ലാ കക്ഷികളും ജനതാല്പര്യത്തെ മുന്‍നിറുത്തി ആണയിടുന്നവരാണ്. പ്രസംഗവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന വസ്തുത എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണെങ്കിലും വാക്കില്‍ എല്ലാ ദുര്‍ബ്ബലവിഭാഗക്കാരുടേയും സംരക്ഷകരായി വേഷംകെട്ടുന്നവരാണ് രാഷ്ട്രീയക്കാര്‍. എന്‍. എസ്. എസ്സും എസ്.എന്‍.ഡി.പിയും കേരളത്തിലെ രണ്ട് സാമുദായികവിഭാഗങ്ങളുടെ സംഘടനകളാണ്. അതാവട്ടെ ഹിന്ദുസമൂഹത്തിന്റെ ഭാഗമായ സമുദായങ്ങളുമാണ്. ഹിന്ദുസമൂഹം ഭൂരിപക്ഷമായിരിക്കുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഈ സംഘടനകള്‍ ഇക്കാലമത്രയും ജനാധിപത്യത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു. ജാതിബലം ഉപയോഗിച്ച് ജാതിക്കപ്പുറം കളിക്കാനായി ഇവര്‍ രണ്ടുപേരും രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാക്കിയിരുന്നു. മുന്നണിരാഷ്ട്രീയത്തിലെ കളികളില്‍ പാര്‍ട്ടിയുണ്ടായിട്ട് വലിയ ഗുണമൊന്നും വിശേഷിച്ച് കിട്ടാനില്ലെന്ന് വന്നപ്പോള്‍ പാര്‍ട്ടി പിരിച്ചുവിട്ട് വോട്ടുബാങ്ക് കളിക്കുകയായിരുന്നു. തങ്ങള്‍ പറയുന്നത് കേട്ട് വോട്ടുചെയ്യുന്നവരാണ് തങ്ങളുടെ സമുദായാംഗങ്ങള്‍ എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ സാധിക്കുന്നതുവരെ മാത്രമേ വോട്ടുബാങ്ക് കളി നടക്കുകയുള്ളൂ. തങ്ങള്‍ക്ക് വന്‍ അനുയായിവൃന്ദമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് കളിക്കുകയാണ് രാഷ്ട്രീയത്തില്‍ എല്ലാ കക്ഷികളും ചെയ്യുന്നത്. വിനീതവിധേയരായ അനുയായിവൃന്ദം ഇക്കാലത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഉണ്ടെന്ന് കരുതാനാവില്ല. കാഡര്‍ പാര്‍ട്ടികള്‍പോലും അവരുടെ പരിപാടികള്‍ നടത്താന്‍ പാടുപെടുകയാണ്. നേതാക്കള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കുകയും അവരുടേയും കുടുംബത്തിന്റേയും താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പരിപാടിയാണ് രാഷ്ട്രീയം എന്ന തിരിച്ചറിവ് പൊതുവേ എല്ലാവരും നേടിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തനിക്കെന്ത് കിട്ടും എന്ന ചോദ്യം ഓരോരുത്തരും നേരിട്ട്, പരസ്യമായിത്തന്നെ ചോദിച്ചുതുടങ്ങുകയും ചെയ്തുതുടങ്ങിയിരിക്കുന്നു.

എന്തുകിട്ടും എന്നതാണ് വര്‍ത്തമാനകാലരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യം. കേരളഭരണത്തില്‍ ലീഗിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷം നിയന്ത്രണം കയ്യടക്കിയിരിക്കയാണെന്ന് കുറേനാളായി പറഞ്ഞുകേള്‍ക്കുന്നു. അതിനര്‍ത്ഥം, കിട്ടുന്നതെല്ലാം ലീഗിനും അവരുടെ ആളുകള്‍ക്കും അവരെ ആശ്രയിക്കുന്നവര്‍ക്കും ആണെന്നാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ലെന്ന പരാതിയാണ് അതിന്റെ ബാക്കി. അതിനാല്‍ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തില്‍ നിന്നും മാറി ഭൂരിപക്ഷത്തിന്റെ നിയന്ത്രണം വരണമെന്നും അങ്ങനെ വന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം കിട്ടുകയുള്ളൂ എന്നതാണ് അതിന്റെ തുടര്‍ച്ചയായി പറയാവുന്ന കാര്യം. ഇത്രയൊന്നും പറയാതെ തന്നെ ആക്ഷേപത്തിന്റെ ധ്വനിയുടെ അങ്ങേയറ്റംവരെ പോകാനുള്ള രാഷ്ട്രീയരസികത നമ്മുടെ നാട്ടിലെ അര്‍ദ്ധസാക്ഷരരായ ജനസാമാന്യത്തിനുവരെ ഉണ്ട്. സുകുമാരന്‍നായരും വെള്ളാപ്പള്ളിയും കേരളത്തിലെ രണ്ട് വന്‍സാമൂദായിസംഘടനകളുടെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ യോജിച്ചാല്‍ അത് ഭൂരിപക്ഷസമുദായങ്ങളുടെ ഏകീകരണത്തിനുള്ള വഴിതുറക്കും എന്നെല്ലാം ചിലര്‍ ഭ്രമിച്ച് വശായിരിക്കുന്നു. നൂറ്റാണ്ടുകളോളം വര്‍ണ്ണവ്യവസ്ഥയുടേയും ജാതിവ്യവസ്ഥയുടേയും പേരില്‍ മനുഷ്യരെ പലതായി വിഭജിച്ച് മാനുഷികപരിഗണനപോലും നിഷേധിച്ച് നിലനിറുത്തിയ ഒരു മതം, ആര്‍. എസ്. എസ്സുകാര്‍ ഇക്കാലമത്രയും ശ്രമിച്ചിട്ടും ഏകോപിക്കാന്‍ കഴിയാതിരുന്ന മതം, സുകുമാരന്‍നായരും നടേശനും ശ്രമിച്ചാല്‍ ഒന്നാകുമെന്ന് കരുതുന്നുവെങ്കില്‍ അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

തങ്ങള്‍ പലതും ചെയ്യുന്നവരാണെന്ന് കാണിക്കാന്‍, ഏ.കെ.ആന്റണിയെ രാജ്യസഭയിലേക്ക് അയപ്പിച്ച് കേന്ദ്രത്തില്‍ എത്തിച്ചത് താനാണെന്ന് അവകാശപ്പെടും സുകുമാരന്‍നായര്‍. തമിഴ് നാട്ടിലെ വൈകോ എന്ന ഒരു രാഷ്ട്രീയക്കാരന്‍ തമിഴ് പുലിനേതാവ് പ്രഭാകരന് വല്ലതും സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നെല്ലാം പറഞ്ഞിരുന്നു. പക്ഷെ പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ തമിഴകത്ത് ഒന്നും സംഭവിച്ചില്ല. അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്താല്‍ കേരളത്തില്‍ വലിയ പ്രശ്നമുണ്ടാവുമെന്നെല്ലാം ആളുകളെ ധരിപ്പിച്ചിരുന്നു. ടെലിവിഷന്‍ ഓ.ബി വാനുകള്‍ അറസ്റ്റ് ലൈവായി കേരളത്തെ കാണിച്ചു. ഇവിടെ ഒന്നും സംഭവിച്ചില്ല. സുകുമാരന്‍നായര്‍ കേരളത്തിലെ നായന്മാരെല്ലാം തന്റെ വാക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് ധരിപ്പിച്ചാണ് വലിയ വര്‍ത്തമാനമെല്ലാം പറയുന്നത്. നടേശനും ചെയ്യുന്നത് അതുതന്നെ. ഗോകുലം ഗോപാലനും തിയ്യ മഹാസഭയും പരസ്യമായി കൊണ്ടുപോയതിന്റെ ബാക്കി യോഗമേ നടേശന്റെ കയ്യിലുള്ളൂ. അതുമുഴുവന്‍ തന്നെ അനുസരിക്കുന്നവരാണെന്ന് ധരിപ്പിക്കുകയാണ് അദ്ദേഹം. ഇവരുടെ ആശ്രിതരല്ല മലയാളികള്‍ എന്ന തിരിച്ചറിവ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാവാത്തതിന് കാരണം ലളിതമാണ്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ പോലും തങ്ങളോട് വിധേയത്വമുള്ളവരല്ല എന്ന് അവര്‍ക്കറിയാം. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന അന്തസ്സുള്ള മനുഷ്യസമൂഹം രൂപപ്പെടുന്ന കാലത്ത് തരംതാണ അവകാശവാദങ്ങളുമായി രംഗത്തിറങ്ങുകയല്ലാതെ രാഷ്ട്രീയക്കാരനും ജാതിസംഘടനക്കാരനും വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല. പക്ഷെ, ഈ അവകാശവാദങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം നാം അഭിമാനിക്കുന്ന നവോത്ഥാനമൂല്യങ്ങളുടേയും ജനാധിപത്യബോധത്തിന്റേയും സമ്പൂര്‍ണ്ണനിരാകരണമാണ്. എന്നിട്ടും മലയാളികള്‍ എത്ര സഹിഷ്ണുതയോടെയാണ് ഇതെല്ലാം കേട്ടിരിക്കുന്നത്!! ഒരുപക്ഷെ, ടെലിവിഷനില്‍ നിരന്തരം നിലവാരമില്ലാത്ത ഹാസ്യപരിപാടികള്‍ കണ്ട് തമാശയും കാര്യവും വേര്‍തിക്കാതെ ടെലിവിഷനുമുന്നിലിരിക്കുന്ന ശീലം കാരണമായിരിക്കാം സുകുമാരന്‍നായരുടേയും വെള്ളാപ്പള്ളി നടേശന്റേയും ഷോകള്‍ മലയാളികള്‍ ആസ്വദിക്കുന്നത്!!

കൊണ്ടുപിടിച്ച രാഷ്ട്രീയചര്‍ച്ചകള്‍ക്കിടയിലാണ് മലയാളിയായ ക്രിക്കറ്റ്കളിക്കാരന്‍ ശ്രീശാന്ത് വാതുവെപ്പുമാരുമായി കരാറുണ്ടാക്കി പണംവാങ്ങിയെന്ന കേസില്‍ അറസ്റ്റിലാവുന്നത്. ഇപ്പോഴും ശ്രീശാന്ത് തടവറയ്ക്കുള്ളിലാണ്. ക്രിക്കറ്റ്വാതുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പലവഴിക്ക് പുരോഗമിക്കുന്നു. ഇതിലെ സത്യമെന്തായാലും, ഒരു കായികവിനോദമെന്ന നിലയില്‍ കോര്‍പ്പറേറ്റ് മുതല്‍മുടക്കിന്റെ അടിസ്ഥാനത്തില്‍ പ്രചരിപ്പിച്ച കളിയാണ് ക്രിക്കറ്റ്. വന്‍വാണിജ്യസ്ഥാപനങ്ങള്‍ മുതല്‍മുടക്കുന്ന ഒരു ഇടപാട് എന്തായാലും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള, അതിനായി കുതന്ത്രങ്ങള്‍ മെനയാന്‍ ഇടമുള്ളതായിരുക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതില്‍ താല്പര്യമുള്ളവരെല്ലാ ഒത്തുചേരുന്ന ഇടമാവും അത്. ക്രിക്കറ്റില്‍ കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും അവരുടെകൂടെ അധോലോകവും കൂട്ടുചേരുന്നുവെന്നതില്‍ എന്താണ് അത്ഭുതം. മലയാളിയായ കളിക്കാരന്‍ ഈ വലിയ കളിയില്‍ അകപ്പെട്ടുപോയ ഒരു ചെറിയ ഇര. സത്യം പുറത്തുവരുന്നതുവരെ നമ്മുക്ക് കാത്തിരിക്കാം.

Subscribe Tharjani |
Submitted by keralafarmer (not verified) on Mon, 2013-06-10 17:45.

വളരുന്തോറും പിളരും പിളരുന്തോറും വളരും. രാഷ്ട്രീയമായാലും സാമുദായിക സംഘടനയായാലും അണികളെ കബളിപ്പിച്ചും, തന്റെ കസേര ബലപ്പെടുത്തലാണ് നേതൃത്വം നടത്തുന്നത്. സുകുമാരന്‍ നായരുടെ മകള്‍ എം.ജി യൂണിവേഴ്സിറ്റിയുടെ സിന്‍ഡിക്കേറ്റ് അംഗത്വം രാജി വെച്ചു എന്നു പറയുമ്പോഴാണ് ജനം അറിയുന്നത് സംഘടന എന്തു നേടുന്നു എന്നത്. വെള്ളാപ്പള്ളിയുടെ ബന്ധുക്കളുടെ കാര്യം പുറം ലോകം അറിഞ്ഞില്ല. മറ്റ് പലരോടും രാജി ആവശ്യപ്പെട്ടു എന്തായി. വക്കീല്‍ പരീക്ഷ പാസായാല്‍ ഈ നാട്ടില്‍ ആരോഗ്യമന്ത്രിയാകാം. ഡോക്ടറായാല്‍ പഞ്ചായത്തും ഭരിക്കാം. െന്നാലല്ലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് എക്സ്പെര്‍ട്ട് കമ്മറ്റിയില്‍ എത്താന്‍ കഴിയൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇഷ്ടം പോലെ ഉണ്ടായിട്ടും അവരെ നിയമിക്കാതെ ദാസന്മാരായ പെഴ്സണല്‍ സ്റ്റാഫിന് രണ്ടുവര്‍ഷത്തെ സര്‍വ്വീസ് മതി പെന്‍ഷന്. ഗസറ്റഡ് റാങ്ക് പെന്‍ഷന്‍ അപ്രകാരം ലഭിക്കുന്നതും നാം കണ്ടു.

Submitted by കെ എം ഷെരീഫ്‌ (not verified) on Tue, 2013-06-11 10:02.

നല്ല മുഖലേഖനം. ഈ ജനാധിപത്യബോധവും മതനിരപേക്ഷതയും എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടായെങ്കില്‍!