തര്‍ജ്ജനി

സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

വര്‍ത്തമാനം

എഴുത്തിനെ ചെറുത്ത് ഇക്കാലത്തും സച്ചിദാനന്ദന്‍

കുവൈറ്റില്‍ കലയുടെ മാതൃഭാഷാപദ്ധതി ഉദ്‌ഘാടനത്തിന് വന്നപ്പോള്‍ നടത്തിയ സംഭാഷണം.

വടക്കേ ഇന്ത്യയില്‍ നിന്നും കേരളത്തിലേക്ക് കുടിയേറുന്ന തൊഴിലാളികളെക്കുറിച്ചാണ് സച്ചിദാനന്ദന്‍ പറഞ്ഞുതുടങ്ങിയത്. നാട്ടിലെ ഏറ്റവും പുതിയ വിശേഷത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തിരുവനന്തപുരത്ത് കവിയെ അത്ഭുതപ്പെടുത്തിയ ഒരുകാര്യം പറഞ്ഞത്. എകെജി സെന്റര്‍ എവിടെയാണെന്ന് മുണ്ട് മടക്കിക്കുത്തിയ ഒരു വഴിപോക്കനോട് ചോദിച്ചപ്പോള്‍ അയാള്‍ ഹിന്ദിയിലാണ് മറുപടി തന്നത്.

പെരുമ്പാവൂരും കൊരട്ടിയിലും മറ്റും ഒറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പലയിടത്തും ബസ്സുകള്‍ക്ക് മുമ്പിലെ ബോര്‍ഡുകള്‍ ഹിന്ദിയില്‍ കാണാം. ആ തൊഴിലാളികള്‍ക്ക് പക്ഷെ ഗവണ്‍മെന്റ് ക്ഷേമപദ്ധതികളെയൊക്കെ പേടിയാണ്. കേരളത്തില്‍ കുറച്ചുനാള്‍ നിന്ന് കുറച്ച് പൈസയുണ്ടാക്കി മടങ്ങുക എന്നതാവും അവരുടെ ഉദ്ദേശം. കേരളത്തിലെ ഈ പുതിയ വിശേഷം നമ്മുടെ കഥകളില്‍ വന്നിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. മുമ്പ് മലയാളികള്‍ ചേക്കേറിയ സ്ഥലങ്ങള്‍ പശ്ചാത്തലങ്ങളാക്കി കഥകളും നോവലുകളും വന്നിട്ടുണ്ട്. നമ്മുടെ എഴുത്തുകാര്‍ പുതിയ അഭയാര്‍ത്ഥികളെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് തോന്നുന്നു.

നമ്മുടെ എഴുത്തിന് ആഴം കുറഞ്ഞുവരികയാണ്. നൈമിഷികകവിതകളുടെ കാലമാണിപ്പോള്‍. നൈമിഷികതതന്നെ ജീവിതദര്‍ശനവുമായി. പണ്ട് ആഴമുള്ള ജീവിതദര്‍ശനങ്ങള്‍ ആവശ്യമായിരുന്നു, ഗൌരവമായ എഴുത്തിന്. അങ്ങനെയൊരു അന്തരീക്ഷം ഉണ്ടായിരുന്നതിനാല്‍ എഴുത്തുകാര്‍ ആഴത്തിലേക്കെത്താന്‍ പരിശ്രമിക്കുകയെങ്കിലും ചെയ്തിരുന്നു. ഇന്ന് ആഴം അനാവശ്യമായി. സൌഹൃദങ്ങളെപ്പോലെ എഴുത്ത് ആഴം കുറഞ്ഞ് പരപ്പ് കൂടിവന്നു. ഇംഗ്ലീഷില്‍പോലും എഴുതുന്നവരുടെ ശ്രദ്ധ പണവും പ്രശസ്തിയുമാണ്. എഴുത്ത് അവര്‍ക്ക് എലീറ്റ് ക്ലബ്ബില്‍ കയറാനുള്ള ചീട്ടാണ്. എഴുത്ത് നിയോഗമല്ല, ഞായറാഴ്ച ഹോബിയാണവര്‍ക്ക്.

മലയാളകവിതകളില്‍ രാമന്‍, അനിത തമ്പി, പി. പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് ശേഷമുള്ളവരുടെ കവിതകളില്‍ അവരെക്കുറിച്ച് "ഒന്നും ഉറപ്പുപറയാൻ സമയം ആയില്ല. അവരൊക്കെ അന്യോന്യം വിമര്‍ശിക്കുമായിരുന്നു. ഇന്ന് നിരൂപകരേ ഇല്ല. ഒ വി വിജയന്‍ പോലുള്ള പ്രസ്ഥാനങ്ങളും ഇന്നില്ല. ശങ്കരക്കുറുപ്പിനെ വിമര്‍ശിക്കാന്‍ - ഉള്ളടക്കം എന്തോ ആകട്ടെ - ധൈര്യമുണ്ടായിരുന്നൊരു നാടാണ് നമ്മുടേത്. ബ്ലോഗും സോഷ്യല്‍ മീഡിയയുമൊക്കെ വന്നപ്പോള്‍ എല്ലാം ഗംഭീരം എന്ന അഭിപ്രായമാണെല്ലാവര്‍ക്കും. അതൊരു അര്‍ബന്‍ കള്‍ച്ചറിന്‍റെ ഭാഗമാണ്. ബ്ലോഗുകളില്‍ ചിലപ്പോൾ നല്ല രചനകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഏറെയും നിമിഷരചനകള്‍ ആണ്. അവയ്ക്ക് കിട്ടുന്ന അമിതപ്രശംസ നവാഗതരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്. ഒരുതരം ക്ലബ് സംസ്കാരമാണ് അവിടെ നാം കാണുക. വിമര്‍ശനം തീരെ കുറവ്. അതുകൊണ്ട് എഴുതിയത് രണ്ടാമത് ഒന്ന് വായിച്ചുപോലും നോക്കാതെ ഉപരിപ്ലവമായ രചനകള്‍ അതേപടി പ്രകാശിപ്പിക്കാന്‍ എഴുത്തുകാര്‍ ധൈര്യപ്പെടുന്നു.

എന്റെ എഴുത്തും വായനയും സജീവമാക്കുവാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ വായിക്കുന്നത് ഫൊര്‍ പെപ്പര്‍ ആന്‍ഡ് ക്രൈസ്‌റ്റ് എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നോവലാണ്. പാക്കിസ്ഥാനി എഴുത്തുകാരന്‍ മുഹമ്മദ് ഹനീഫിന്റെ അവര്‍ ലേഡി ഒവ് ആലീസ് ഭട്ടി എന്ന നോവല്‍ വായിച്ചു. നന്നായിരിക്കുന്നു. സബ്‌കോണ്ടിനെന്റല്‍ സാഹിത്യത്തെക്കുറിച്ച് ഫ്രണ്ട്‌ലൈന്‍ ദ്വൈവാരികയില്‍ എന്റെ കോളത്തില്‍ - ത്രൂ മൈ വിന്‍ഡോ - എഴുതാറുണ്ട്. പുതിയ പുസ്തകം തഥാഗതം - കവിതകള്‍ - മാതൃഭൂമി പുറത്തിറക്കി. വരാനിരിക്കുന്നത് - സാഹിത്യവും പ്രതിരോധവും - ലേഖനസമാഹാരമാണ്. മാധ്യമം ഗ്രൂപ്പിന്റെ പ്രതീക്ഷ ബുക്ക്‌സ് പ്രസാധനം ചെയ്യുന്നു.

തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ആരംഭിക്കുന്ന ക്രിയേറ്റീവ് റൈറ്റിങ്ങ് മാസ്റ്റേഴ്‌സ് കോഴ്‌സില്‍ സാഹിത്യരചനയുടെ എം. എ . കോഴ്സിന്റെ ബോർഡ്‌ ഓഫ് സ്റ്റഡീസ് ചെയർമാനാണ് ഞാൻ. ജൂലൈയില്‍ ക്ലാസ്സ് തുടങ്ങും. 15 പേര്‍ക്കാണ് അഡ്മിഷന്‍. സിലബസ്സില്‍ കേരളയാത്ര, ലിറ്റെററി ഫെസ്റ്റിവലുകള്‍ക്ക് പോവുക, എഴുത്തുകാരുമായി സംവാദം തുടങ്ങിയവയുണ്ട്. പരീക്ഷയില്ല. അസൈന്‍മെന്റുകള്‍ക്കനുസരിച്ചാണ് മാര്‍ക്ക്. ജോലിസാദ്ധ്യതയെക്കരുതി സിലബസ്സില്‍ ജേണലിസം, സ്ക്രിപ്‌റ്റ് റൈറ്റിങ്ങ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഴുപതുകളില്‍ സം‌സ്കാരത്തെ വാരിപ്പുണരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. എന്നും ഇടതുപക്ഷ അനുഭാവം വച്ചു പുലര്‍ത്തിയ എനിക്ക് മാര്‍ക്സിസ്റ്റ് തിയറിയില്‍, അതിന്റെ ശൈലിയില്‍, പോസ്റ്റ്-സ്ട്രക്ചറലിസം എങ്ങനെ സ്വാധീനിക്കുമെന്നതുപോലുള്ള കാര്യങ്ങള്‍ ആകര്‍ഷകങ്ങളായി തോന്നിയിട്ടുണ്ട്. എന്റെ ഡോക്ടറേറ്റ് ആ വിഷയത്തിലായിരുന്നു. ഡോക്ടറേറ്റിനു മുമ്പും പിമ്പും ഇപ്പോഴും ഞാന്‍ പഠിക്കുന്ന വിഷയമാണത്. നക്സലൈറ്റ് ആശയങ്ങളോട് ആകര്‍ഷണം തോന്നാന്‍ പ്രത്യക്ഷകാരണം കെ.ജി.യെസ്സാണു്. പരോക്ഷകാരണം സാര്‍ത്ര് ആണെന്നു പറയാം. 19 വയസ്സിലേ സാര്‍ത്രിനെക്കുറിച്ച് ലേഖനമെഴുതിയിരുന്നു, ഞാന്‍. സാര്‍ത്ര് മാവോയിസവുമായി അടുത്തത് എന്നേയും സ്വാധീനിക്കുകയായിരുന്നു.

സാഹിത്യ അക്കാദമിയില്‍ നിന്നും 2006ലാണു് സെക്രട്ടറിയായി വിരമിച്ചത്. പത്തുവർഷം ചെയ്ത ആ ജോലി അക്കാദമിയേയും എന്നെത്തന്നേയും പരിണമിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃസ്ഥാനത്ത് എന്നും ഒരു ബ്രാഹ്മണമേധാവിത്വം ഉണ്ടായിരുന്നു. ഞാനാണു് ആദ്യത്തെ അബ്രാഹ്മണനായ സെക്രട്ടറി. ദക്ഷിണേന്ത്യക്കാരനായി ആദ്യം ആ സ്ഥാനത്തെത്തുന്ന ആളും ഞാന്‍ തന്നെ. എന്റെ പ്രവർത്തനകാലത്ത് അക്കാദമി ആദ്യമായി ദളിത് എഴുത്തുകാർക്കും ട്രൈബല്‍ എഴുത്തുകാര്‍ക്കുമായി 2 വീതം സമ്മേളനങ്ങള്‍ നടത്തി. അക്കാദമി വയസ്സന്മാരുടേത് എന്നൊരു ഇമേജുണ്ടായിരുന്ന്ത് ഞാന്‍ മുന്‍കൈയെടുത്ത് പൊളിച്ചു. 35 വയസ്സില്‍
താഴെയുള്ള എഴുത്തുകാര്‍ക്കായി ‘മുലാകാത്’ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി.സ്ത്രീകള്‍ക്കായി ആരംഭിച്ച വേദിയായിരുന്നു അസ്മിത. നാനാവിഷയസംബന്ധമായ സം‌വാദങ്ങള്‍‌ക്കും ഇന്ററാക്ഷനും പ്രഭാഷണപരമ്പരയ്ക്കുമായി - റോമിള ഥാപ്പറൊക്കെ വന്നതോര്‍ക്കുന്നു - വേണ്ടിയുള്ളതായിരുന്നു അന്തരാള്‍. ഈ വേദികള്‍ക്കൊക്കെ പേരിട്ടതും ഞാനാണു്. അക്കാദമിയിലേത് ജോലിയായി ഞാന്‍ കണ്ടിട്ടില്ല.

കഥകളിയും നമ്മുടെ ഫോക്‍ ആര്‍ട്ടുമെല്ലാം നമ്മുടെ ജീവിതത്തോടൊപ്പം പോരേണ്ടതാണു്. പക്ഷേ ജീവിതം മുന്നോട്ടുകുതിച്ചപ്പോൾ കഥകളിയും കലയും ബിംബങ്ങളായി നമ്മുടെ ചുവരുകളില്‍ കയറിയിരിക്കാന്‍ തുടങ്ങി. സാംസ്കാരികതയില്‍ നിന്നുള്ള അന്യവല്‍ക്കരണമാണു് ആഗോളീകരണം നമുക്ക് സമ്മാനിച്ചത്. കള്‍‌ച്ചര്‍‌‌ ഇന്‍‌ഡസ്ട്രി എന്ന പ്രയോഗമൊക്കെ ആദ്യം നെഗറ്റീവ് അര്‍ത്ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സം‌സ്കാരം വ്യവസായമായി മാറുന്നത് നമുക്ക് അടുത്തുകാണാം‌. അതിരപ്പിള്ളിയിലെ വെള്ളത്തിനു ലോകബാങ്ക് വിലയിടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇതിനെ ചെറുക്കാനാണു് സംസ്കാരം. അത് നമ്മില്‍നിന്ന് അന്യവൽക്കരിക്കപ്പെടാതിരിക്കാന്‍
നാം പരിശ്രമിക്കേണ്ടത്.

Subscribe Tharjani |