തര്‍ജ്ജനി

രാജേഷ്

Visit Home Page ...

സിനിമ

ജാങ്കോ അണ്‍ചെയിന്‍ഡ്

ക്ലു ക്ലക്സ് ക്ലാന്‍ (Klu Klux Klan) എന്ന ഒരു സംഘടന ഒന്നര നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ ഉണ്ടായിരുന്നു. (ഷെര്‍ലക്ഹോംസ് കഥയില്‍, ഫൈവ് ഓറഞ്ച് പൈപ്സില്‍ വരുന്ന സംഘം) ടെക്സ് വില്ലന്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഈ സംഘത്തിനെപ്പറ്റി അറിയാമായിരിക്കും. തലയില്‍ ചാക്കുകൊണ്ട് ഉണ്ടാക്കിയ മുഖംമൂടി അണിഞ്ഞ് കുതിരപ്പുറത്ത് സംഘമായിച്ചെന്ന്, കറുത്ത വര്‍ഗ്ഗക്കാരെ(യും) തൂക്കിക്കൊല്ലുന്ന സംഘം. വളരെ വെറിപിടിച്ച സംഘടനയാണ്. ഈ സംഘത്തിന്റെ പേര് കേട്ടാലേ ജനം നടുങ്ങും. ഇതില്‍ ആരൊക്കെയാണുള്ളതെന്ന് ആര്‍ക്കും അറിയില്ല. നാട്ടിലെ വലിയ അധികാരത്തിലുള്ള ഷെറീഫ് മുതല്‍ കടത്തിണ്ണയില്‍ കിടക്കുന്നവര്‍വരെ ഓരോ നാട്ടിലും ഈ സംഘത്തില്‍ രഹസ്യാംഗങ്ങളായിരിക്കുന്നവര്‍ അനേകമാണ്. ‘കാള്‍സന്റെ കഴിഞ്ഞ കാലം’ എന്ന ലയൺ കോമിക്സ് കഥയില്‍ വരുന്ന ‘പാവങ്ങള്‍' - Innocents- പോലെ ഇവരുടെ ഇടയിലും പല അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സംഘടന രൂപപ്പെട്ട കാലം ക്രി.പി 1865.

മുഖത്ത് ഇങ്ങനെ ചാക്കുമുഖംമൂടി ധരിച്ച് കുതിരപ്പുറത്ത് വായുവേഗത്തില്‍ പോകുന്ന ഒരു വെറിപിടിച്ച സംഘത്തില്‍ ഉണ്ടാകാവുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണ്? ആദ്യം ആ ചാക്ക് തലയില്‍കെട്ടി അതിലുള്ള തുളകളിലേയ്ക്ക് കൃത്യമായി കണ്ണുകള്‍ പതിപ്പിക്കാന്‍ പറ്റുമോ? ഒരുപക്ഷേ, പെട്ടെന്ന് ആ തുണി തോന്നിയപോലെ ആടി കണ്ണ് കാണാതായി എവിടെയെങ്കിലും ഇടറി വീണാല്‍? ഇതുപോലെ പല ആപത്തുകള്‍ ഇതിലുണ്ട്, അല്ലേ? ഇങ്ങനെയുള്ള മണ്ടത്തരങ്ങളെ കൃത്യമായി കാണിച്ചു തരുന്നതാണ് ക്വെന്റിന്‍ ടോറന്റിനോ സ്റ്റൈല്‍.

വാസ്തവത്തില്‍ ഈ ക്ലൂ ക്ലക്സ് ക്ലാന്‍ സംഘടന രൂപപ്പെടുന്നതിനും ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പേ ആണ് ജാങ്കോ അണ്‍ചെയിന്‍ഡ് (Django Unchained-2012- English) എന്ന സിനിമ തുടങ്ങുന്നതെങ്കിലും, ഈ സംഘടന എങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന് ടരന്റിനോ ഭാവന ചെയ്തിരിക്കുന്നെന്നാണ് എനിക്ക് തോന്നിയത്. സാധാരണ, ടരന്റിനോ സിനിമകളെ കാണുന്നവര്‍ക്ക് യഥാര്‍ത്ഥജിവിതത്തിലെ ക്രൂരതകളില്‍ ഉണ്ടാകുന്ന അപകടകരമായ നിമിഷങ്ങള്‍ ടരന്റിനോ കാണിച്ചുതരുന്നത് അറിയാമായിരിക്കും. ഉദാഹരണത്തിന് പള്‍പ് ഫിക്ഷന്‍ സിനിമയെടുത്താല്‍, ബുച്ചും വിന്‍സന്റും കാറില്‍നിന്നും ഇറങ്ങിനടന്ന് അപാര്‍ട്ട്മെന്റ് വാതിലില്‍ മുട്ടുമ്പോള്‍വരെ അവര്‍ രണ്ടുപേരും ജോളിയായിരിക്കുന്ന കൂട്ടുകാര്‍ എന്നേ നമ്മള്‍ കരുതുകയുള്ളൂ. കാരണം അവരുടെ സംഭാഷണം യൂറോപ്പിനെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും ഒക്കെയാണ്. വാതിലില്‍ മുട്ടുമ്പോള്‍ അവര്‍ തോക്ക് എടുക്കുന്ന നിമിഷം കടുത്തസംഭവം എന്തോ ഒന്ന് നടക്കാന്‍പോകുന്നെന്ന് നമുക്ക് മനസ്സിലാകുന്നു. ഒരു കൊലചെയ്യാന്‍ പുറപ്പെട്ടിരിക്കുന്ന രണ്ട് കൂട്ടുകാര്‍ എപ്പോഴും ബാലായുടെ സിനിമയില്‍ വരുന്നതുപോലെ സീരിയസ്സായി മുഖംകടുപ്പിച്ച് തുറിച്ചുനോക്കിക്കൊണ്ടുതന്നെ വരണമോ? അവര്‍ക്ക് സരസമായി വരാന്‍ പറ്റില്ലേ? അവരുടെ ജോലിതന്നെ കൊല ചെയ്യലല്ലേ? അങ്ങനെയാണ് കഥാപാത്രസൃഷ്ടി കാലങ്ങളായുള്ള ധാരണകളെ പൊളിക്കുന്നത്.

തന്റെ ആദ്യകാലസിനിമകളില്‍ ഈ ‘പൊളിക്കല്‍’ ജോലി ചെയ്തയാളാണ് ടരന്റിനോ. Reservoir Dogs-ലും ഇതുണ്ട്. അതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. സംഭാഷണങ്ങള്‍കൊണ്ട് കഥ കൊണ്ടുപോകുന്ന രീതി അതില്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമ എന്നത് വിഷ്വല്‍ മീഡിയം ആണ്. അതില്‍ ‘മിണ്ടല്ലേ, കാണിക്ക്’ എന്നതാണ് ആദ്യത്തെ നിയമം. സംസാരിച്ചുകൊണ്ടേ ഇരുന്നാല്‍ മടുപ്പ് മിച്ചമാകും. എന്നാല്‍ ടരന്റിനോ ആ നിയമത്തിനെ പൊളിച്ചയാളാണ്. കാഴ്ചയില്‍ എത്ര മനോഹരമായിരിക്കുമോ അതിനേക്കാള്‍ മനോഹരമായി കഥാപാത്രങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന സംഭാഷണങ്ങള്‍ നിറച്ച് തിരക്കഥ രചിക്കുന്നയാളാണ് അദ്ദേഹം.

എന്നാല്‍, ടരന്റിനോയും ടെമ്പ്ലേറ്റിന്റെ ചട്ടക്കൂടില്‍നിന്നും രക്ഷപ്പെട്ടില്ല. അദ്ദേഹത്തിന്റെ ടെമ്പ്ലേറ്റ് എന്താണെന്നാല്‍, മുകളില്‍ പറഞ്ഞ അപകടനിമിഷങ്ങള്‍, നീണ്ട സംഭാഷണങ്ങള്‍, തിരക്കഥയുടെ അദ്ധ്യായങ്ങളുടെ പേരുകള്‍ തിരശ്ശീലയില്‍ കാണിക്കുന്നത്, വയലന്‍സ്, ചോര ചീറ്റുന്നത്, തെറിവാക്കുകള്‍ എന്നിവയുടെ കൂടെ നോണ്‍ ലീനിയര്‍ സംവിധാനം. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയായ Jackie Brown എന്ന സിനിമയില്‍ ഈ ടെമ്പ്ലേറ്റ് എളുപ്പത്തില്‍ വ്യക്തമാകുന്നുണ്ട്.

എന്നാലും, തമിഴില്‍ ഇങ്ങനെ ടെമ്പ്ലേറ്റ് വച്ച് എടുക്കുന്ന ബാലായെ പോലുള്ളവരുടെ സിനിമകള്‍ക്കും ടരന്റിനോയുടെ ടെമ്പ്ലേറ്റ് അധിഷ്ഠിതമായ സിനിമകള്‍ക്കും ഒരു ചെറിയ വ്യത്യാസം ഉണ്ട്. ടരന്റിനോ സിനിമകളില്‍ കഥാപാത്രങ്ങള്‍ ഒരേ പോലെയാവില്ല. ഓരോരോ കഥാപാത്രങ്ങള്‍ക്കും സംഭവിക്കുന്ന വ്യത്യസ്തസംഭവങ്ങള്‍ കാണിക്കുന്നതില്‍ മാത്രമേ ടരന്റിനോയുടെ ടെമ്പ്ലേറ്റ് പുറത്ത് വരാറുള്ളൂ. അതായത് തിരക്കഥ എഴുതുന്ന മുറയ്ക്ക് ഉണ്ടാകും ടെമ്പ്ലേറ്റ്. എന്നാല്‍ തമിഴില്‍ അങ്ങിനെയല്ല. തമിഴില്‍ കഥ, കഥാപാത്രങ്ങള്‍, പിന്നണി എന്നിവ ഒരേപോലെ ഉണ്ടായിരിക്കുന്ന പോലെയാണ് ബാലാ സിനിമകള്‍ പടച്ച് വിടുന്നത്. ഒപ്പം വേറൊരു കാരണവും ഉണ്ട്. അത് ഈ ലേഖനത്തിന്റെ അവസാനം പറയാം.

വേറൊരു പ്രധാനപ്പെട്ട കാര്യം – ടരന്റിനോ സിനിമകള്‍ എല്ലാത്തിലും ഇന്നുവരെ അദ്ദേഹത്തിനെ രക്ഷിക്കുന്ന വേറൊരു അംശം ഉണ്ട്. അതാണ് സംഗീതം. സംഗീതത്തെ ഔചിത്യപൂര്‍വ്വം സിനിമയില്‍ ഉപയോഗിക്കുന്നത് ടരന്റിനോയുടെ പ്രത്യേകതയാണ്. അതും വിശദമായി ഈ ലേഖനത്തില്‍ എഴുതുന്നുണ്ട്. പിന്നാലെ വരും. തമിഴില്‍ ടെമ്പ്ലേറ്റ് സിനിമകള്‍ പരാജയപ്പെടുന്നത് സംഗീതം കൊണ്ടും കൂടിയാണെന്ന് മനസ്സിലാക്കിയാല്‍ ടരന്റിനോയുടെ ടെമ്പ്ലേറ്റ് വിജയിക്കുന്നതിന്റെ കാരണം തിരിച്ചറിയാന്‍ കഴിയും. സംഗീതം എന്ന് കേട്ടയുടന്‍ പാട്ടുകളാണോ ഓര്‍മ്മയില്‍ വരുന്നത്? പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രമാണ് ഞാന്‍ പറയുന്നത്. പശ്ചാത്തലസംഗീതം ഒരുക്കുന്നതില്‍ ടരന്റിനോ ഒരു കില്ലാടി ആണ്. അതിനെപ്പറ്റി പിന്നീട്.

Django Unchained സിനിമ, അതിന്റെ കഥ മാത്രം എടുത്ത് നോക്കിയാല്‍ മുക്കാലേ മുണ്ടാണിയും ഒരു സാധാരണ ഹോളീവുഡ് ചവര്‍ ആണ്. എന്നാല്‍, ഒരു ചവര്‍ കഥയ്ക്ക് ടരന്റിനോ തിരക്കഥ എഴുതിയാല്‍ എന്ത് സംഭവിക്കും എന്നത് ഈ സിനിമയില്‍ വ്യക്തമാകുന്നു. ടരന്റിനോയുടെ പഴയ സിനിമകളേക്കാള്‍ ഇതില്‍ കറുത്ത ഹാസ്യം (കറുത്ത കഥാനായകന്‍ ആയതുകൊണ്ടാണോ എന്തോ) അധികമാണ്. ഒപ്പം കറുത്തജനതയെ വിളിക്കുന്ന ‘നീഗ്രോ’ എന്ന വാക്കും അധികം. അദ്ദേഹത്തിന്റെ പഴയ സിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ ഇതില്‍ വയലന്‍സ് വളരെ കുറവാണ്. അതുപോലെ തുടര്‍ച്ചയായി ലീനിയര്‍ തിരക്കഥയില്‍ അദ്ദേഹം മുഴുകാത്ത സിനിമയും ഇതായിരിക്കും. ഇതില്‍ ഓരോ സീനിലും അദ്ധ്യായത്തിന്റെ പേര് കാണിക്കുന്നില്ല. അദ്ദേഹത്തിന്റെ ടെമ്പ്ലേറ്റ് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞ് അതിലുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഈ സിനിമയില്‍നിന്നും എടുത്തുകളഞ്ഞിട്ടുണ്ട് എന്ന് പറയാം. എന്നാലും, ചില സീനുകള്‍ കാണുമ്പോള്‍ ഇത് ടരന്റിനോ സിനിമയാണെന്ന് കണ്ണടച്ച് പറയാവുന്നതാണ്.

ശരാശരി കഥയാണെങ്കിലും അത് ഓഡിയന്‍സിന് കൊടുക്കുമ്പോള്‍ ആ കഥയെ മറക്കാനാവാത്ത കലാനുഭവം ആയി മാറുന്നതെങ്ങിനെ എന്നത് ടരന്റിനോയുടെ കൈവശമുള്ള കല ആണ്. ‘അനുഭവം’ എന്ന് പറഞ്ഞാല്‍, അത് നമ്മെ കണ്ണിരിലാഴ്ത്തുന്നതായിരിക്കണമെന്നത് നിര്‍ബ്ബന്ധമില്ല. അങ്ങിനെ ഒരു സിനിമ ടരന്റിനോ വിചാരിച്ചാലും എടുക്കാന്‍ പ്രയാസമാണ്. എന്നാല്‍, അതിന് നേര്‍വിപരീതമായി, അല്പം പുഞ്ചിരിയോടെ സന്തോഷത്തോടെ ഓഡിയന്‍സിനെ പറഞ്ഞയക്കുന്ന സിനിമകളാണ് ടരന്റിനോ സിനിമകള്‍.

Django Unchained അങ്ങിനെയൊരു സിനിമയാണ്. ഈ സിനിമയുടെ തിരക്കഥ കുറഞ്ഞത് അഞ്ച് പ്രാവശ്യമെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. ഓരോ സംഭാഷണവും എവിടെ പറയുന്നു എന്ന് സിനിമ കാണുന്നതിന് മുന്നേ നന്നായി അറിയാം. എന്നാല്‍, ഒരു വെള്ളക്കടലാസില്‍ എഴുതപ്പെട്ടിട്ടുള്ള വരികള്‍ തിരശ്ശീലയില്‍ എങ്ങിനെ ടരന്റിനോ കാണിക്കുന്നുവെന്നത് കാണുന്നതിനായി ഈ സിനിമയ്ക്കായി കാത്തിരുന്നു. ബുധനാഴ്ച രാത്രി (27 മാര്‍ച്ച് 2013 - for my nostalgic reasons) കരുടാ മാന്‍ ഐനോക്സില്‍ ഈ സിനിമ കണ്ടു. ഞാന്‍ പ്രതീക്ഷിച്ചത് തെറ്റിയില്ല. തിരക്കഥയില്‍ ഞാന്‍ വായിച്ച അതേ വരികള്‍ (ചില ഭാഗങ്ങളില്‍ ചില സംഭാഷണങ്ങള്‍ മാറിയിട്ടുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചിരുന്നതായിരുന്നു. ഒന്നുരണ്ട് സീനുകളും സിനിമയില്‍ ഇല്ല. അവ ഇന്ത്യയില്‍ കട്ട് ചെയ്തതല്ല. ടരന്റിനോ അവയെ ഉപേക്ഷിച്ചതാണ്.) സിനിമയില്‍ ഊര്‍ജ്ജസ്വലരായ അഭിനേതാക്കള്‍ മനോഹരമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഒരോ സംഭാഷണം വരുമ്പോഴും ഞാനത് അനുഭവിച്ചു. അതു പോലെ, ടരന്റിനോയുടെ കൈമുദ്ര പല സീനുകളിലും അവരിലൂടെ വെളിപ്പെടുന്നതും കണ്ടു.

ഉദാഹരണത്തിന്, സിനിമയുടെ തുടക്കത്തില്‍ സ്പെക് സഹോദരന്മാരെ ഡോക്ടര്‍ ഷൂട്സ് വെടിവയ്ക്കുന്ന രംഗം. അതില്‍ രണ്ടാമത്തെ സഹോദരനായ ഡിക്കിയുടെ കുതിരയെ ഷൂട്ട്സ് തലയില്‍ വെടിവച്ച് കൊല്ലുന്നു. കുതിരയുടെ അടിയില്‍ ഡിക്കി കുടുങ്ങിപ്പോകുന്നു. അപ്പോള്‍ ആരംഭിക്കുന്ന ഡിക്കിയുടെ അലര്‍ച്ച, ആ സീനുകളില്‍ മുഴുവനും പിന്നണിയില്‍ കേട്ടുകൊണ്ടിരിക്കും.

അതുപോലെ ജാങ്കോയും ഡോക്ടര്‍ ഷൂട്ട്സും ഡോട്ട്റെ എന്ന നാട്ടില്‍ കുതിരപ്പുറത്ത് എത്തുന്ന സീന്‍. ആ നാട്ടിലെ ഷെറീഫിനെ ഷൂട്ട്സ് കൊല്ലുന്ന രംഗം. ആ സമയം പിന്നില്‍ നാട്ടുകാരില്‍ ചിലര്‍ നില്ക്കുന്നുണ്ടാകും. അവരുടെ ഇടയില്‍ ഊന്നുവടിയും പിടിച്ച് ഒരു ചെറുപ്പക്കാരിയും ഉണ്ട്. ഷെറീഫിനെ ഷൂട്ട്സ് കൊന്ന് അടുത്ത നിമിഷം എല്ലാവരും ചിതറിയോടുമ്പോള്‍ ഈ പെണ്ണും തപ്പിത്തടഞ്ഞ് ഓടുന്നത് ചീത്രീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് രണ്ടും ഞൊടികള്‍ മാത്രമേയുള്ളൂ. ഇങ്ങനെ ഒരു പെണ്‍ കഥാപാത്രത്തിനെ ചിത്രീകരിച്ചത് ടരന്റിനോയുടെ സ്റ്റൈല്‍ ആണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള പ്ലാനറ്റ് ടെറര്‍ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് അതറിയാം.

അടുത്ത ടരന്റിനോ കൈമുദ്ര – വീണ്ടും രണ്ട് ഞൊടികള്‍ മാത്രം വരുന്ന കാഴ്ച. മുകളില്‍ പറഞ്ഞ അതേ സീനിന്റെ അവസാനം ആ നാട്ടിലെ മാര്‍ഷല്‍ അവിടെയെത്തുന്നു. അപ്പോള്‍ ആ കെട്ടിടത്തിന്റെ മുകളില്‍ രണ്ടുപേര്‍ - രണ്ട് റൈഫിളുകള്‍; മറ്റൊരു കെട്ടിടത്തിന്റെ മുകളില്‍ രണ്ടു പേര്‍ - രണ്ട് റൈഫിളുകള്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ടേ വരും. (അങ്ങിനെ പറഞ്ഞുകൊണ്ടേ വരുമ്പോള്‍ മാര്‍ഷലിന്റെ കൂടെവരുന്ന പെണ്ണിനെ ശ്രദ്ധിക്കൂ) നാട്ടുകാര്‍ എല്ലാവരും ജാങ്കോയും ഷൂട്ട്സും ഇരിക്കുന്ന ഹോട്ടലിന്റെ വെളിയില്‍ തോക്കുകളോടെ നിലയുറപ്പിക്കുന്നു. അപ്പോള്‍ പെട്ടെന്ന് ഒരു ഷോട്ടില്‍ അവരുടെയിടയില്‍ ഒരു കിഴവിയും തോക്കുമായി നില്ക്കുന്നത് കാണാം. ടരന്റിനോയുടെ കുറുമ്പ് തന്നെ. ആ കിഴവിയുടെ റിയാക്ഷനും മനോഹരമായിരിക്കും (അടുത്ത രണ്ട് നിമിഷങ്ങളിലെ കട്ട് ഷോട്ടില്‍). അതുപോലെ ആ സീനിലെ തോക്കുധാരികളായ നാട്ടുകാരെ ശ്രദ്ധിച്ചുനോക്കൂ. വലിയ മീശ, കട്ടത്താടി, തൊഴിലാളി, മുതലാളി, മാട് മേയ്ക്കുന്നവര്‍ എന്നിങ്ങനെ പല കഥാപാത്രങ്ങളും കാണാം. ഇവരെല്ലാം മാര്‍ഷല്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ കാണപ്പെടുന്നവരാണ്.

ഇങ്ങിനെയൊക്കെയാണ് ടരന്റിനോയുടെ കുറുമ്പ് പിടിച്ച ചിത്രീകരണം. എത്ര ഗൌരവമുള്ള സീനിലും ടരന്റിനോ നമ്മളെ പുഞ്ചിരിപ്പിക്കും എന്ന് പറഞ്ഞില്ലേ? അതാണ് എടുത്തുകാണിക്കുന്നത്. പിന്നേയും ഇതുപോലെ പല ചെറിയ ചെറിയ ഷോട്ടുകള്‍ ഉണ്ട്. കുതിര ഫ്രിറ്റ്സ് തലയാട്ടി സലാം വയ്ക്കുന്നത്, ഡോക്ടര്‍ ഷൂട്ട്സിന്റെ വണ്ടിയുടെ മുകളിലുള്ള വലിയ പല്ലിന്റെ മാതൃക കണ്ടിട്ടും ‘നീ എന്ത് ഡോക്ടറാണ്?’ എന്ന് ചോദിക്കുന്നത് (ഈ പല്ല് തിരക്കഥയില്‍ ഇല്ല. സിനിമ ചിത്രീകരിക്കുമ്പോള്‍ ടരന്റിനോ ചെയ്ത ചെറിയ മാറ്റമാണ്. ഇത് പറയാന്‍ കാരണം, സിനിമയിലുള്ള ക്ലൂ ക്ലസ് ക്ലാന്‍ സംഘത്തിന്റെ വരവില്‍, തിരക്കഥ അനുസരിച്ച്, ഡൈനാമറ്റുകള്‍ ഷൂട്ട്സ് അദ്ദേഹത്തിന്റെ വണ്ടിയുടെ അടിയില്‍ മണ്ണിലാണ് കുഴിച്ചിട്ടിരിക്കുന്നത്. അത് നോക്കിയാണ് വെടിവയ്ക്കുന്നത്. എന്നാല്‍ സിനിമയില്‍ അതിലും മനോഹരമായി, പല്ലിന്റെ മാതൃകയ്ക്കുള്ളില്‍ ഡൈനാമറ്റ് തിരുകിവച്ചിരിക്കുന്നതായി കാണിക്കുന്നു. അതിലേയ്ക്കാണ് അയാള്‍ വെടിവയ്ക്കുന്നത്. അങ്ങനെയാണ് തിരക്കഥയെ മറികടക്കുന്നത്. ടരന്റിനോയ്ക്ക് അത് മധുരം കഴിക്കുന്നത് പോലെയാണ്. ‘Are you positive?’ എന്നാണ് താന്‍ അന്വേഷിച്ചു വന്നയാള്‍ കുതിരപ്പുറത്ത് രക്ഷപ്പെടുന്നത് കണ്ട് ജാങ്കോയോട് ഷൂട്ട്സ് ചോദിക്കുന്നത്, Bounty hunter എന്നാല്‍ എന്താണെന്ന് ജാങ്കോ ചോദിക്കുന്ന രംഗം, താന്‍ നഗ്നനായി തൂക്കിയിടപ്പെടുമ്പോള്‍ തന്റെ വൃഷണങ്ങളെ പഴുപ്പിച്ച കത്തികൊണ്ട് അറുക്കാന്‍ വരുന്ന Ace woody യെ അവന്റെ വൃഷണത്തില്‍ വെടിവച്ച് കൊല്ലുന്നത് എന്നിങ്ങനെ പല ഉദാഹരണങ്ങള്‍ സിനിമയില്‍ ഉണ്ട്.

ഈ സിനിമയെക്കുറിച്ച് പ്രധാനമായി പറയേണ്ട വിഷയം – രണ്ടാമത്തെ പകുതിയില്‍ കാൽവിൻ കാന്റിയായി വരുന്ന ലിയനാര്‍ഡോ ഡി കാപ്രിയോയുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ്. അതിലും ഷൂട്ട്സും ജാങ്കോയും കാൽവിൻ കാന്റിയും സംസാരിക്കുന്ന വളരെ നീണ്ട രംഗം ഉണ്ട്. കൈയ്യില്‍ ഒരു തലയോട്ടിയും പിടിച്ച് കാൽവിൻ കാന്റി സംസാരിക്കുന്ന സീന്‍. ഇതില്‍ ടരന്റിനോയുടെ ടെമ്പ്ലേറ്റ് വ്യക്തമായി മനസ്സിലാക്കാം. കിൽ ബിൽ സിനിമയുടെ അവസാനം സൂപ്പര്‍ മാനെപ്പറ്റി വില്ലൻ ബിൽ സംസാരിക്കുന്ന സീനുണ്ട്. അതുപോലെ പള്‍പ് ഫിക്ഷനിലും വെടി വയ്ക്കുന്നതിന് മുമ്പ് ബുച്ച് പറയുന്ന ബൈബിള്‍ വചനം. അതുപോലെ ഏതോ ഒരു സാധനം എടുത്ത് അതിനെപ്പറ്റി ധാരാളം സംസാരിച്ച്, അവസാനം അപ്പോ‍ള്‍ നടക്കുന്ന സീനിലേയ്ക്ക് ആ സീനും ആ സാധനവും വിളക്കുന്നത് ടരന്റിനോയുടെ തിരക്കഥയുടെ ടെക്നിക് ആണ്. ഇതുവരെ അത് മുഴച്ചു നിന്നിട്ടില്ല (കിൽ ബിൽ സിനിമയിലെ ക്ലൈമാക്സില്‍ സൂപ്പര്‍മാന്‍ സംഭാഷണം മാത്രം അല്പം ബോറഡിക്കും) ഈ സിനിമയില്‍ അത് മനോഹരമായി കാണിച്ചിട്ടുണ്ട്.

ഇതുപോലെയുള്ള കാഴ്ചകള്‍കൊണ്ട് സിനിമയില്‍നിന്നും വിരസതയെ ടരന്റിനോ ഇല്ലാതാക്കുന്നു. മൂന്ന് മണിക്കൂര്‍നേരം ഒരു ഇരുട്ടറയില്‍ അടഞ്ഞ് കിടക്കണമെന്നത് എന്ത് വലിയ ക്രൂരതയാണ്? ആ ദുരന്തപൂര്‍ണ്ണമായ അനുഭവത്തിനെ ടരന്റിനോയെപ്പോലുള്ള സംവിധായകന്‍ സിനിമയെടുത്ത്, സിനിമ കാണുന്നവരെ സന്തോഷിപ്പിക്കുന്നു. ഇതില്‍ വേറൊരു വിഷയം എന്താണെന്നാല്‍, Django Unchained സിനിമ മൊത്തം 2:45 മണിക്കൂര്‍ നേരമുണ്ട്. എന്നാല്‍ ഒരു നിമിഷം പോലും എനിക്ക് മടുപ്പ് തോന്നിയില്ല. അതേ സമയം പരദേശി സിനിമ ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമേയുള്ളൂ. എന്നാല്‍ ഓരോ നിമിഷവും മരണവേദന തന്നുകൊണ്ടിരുന്നു ആ സിനിമ. (ഉടനേ ‘ഇയാള്‍ ഇങ്ങനെ ഇംഗ്ലീഷ് സിനിമയെ പുകഴ്ത്തി, തമിഴ് സിനിമകളെ കേവലപ്പെടുത്തുന്നു’ എന്ന് തീരുമാനിക്കുന്നതിന് മുമ്പേ കാരണം വ്യക്തമാക്കാം. പല പ്രാവശ്യം – തുടക്കം തൊട്ടേ ഞാന്‍ ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നത് തന്നെ – സിനിമ എന്നത് അതില്‍ അഭിനയിക്കുന്നവര്‍, പശ്ചാത്തലസംഗീതം, ഷോട്ടുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്, നല്ല അഭിനയത്തെ നഷ്ടപ്പെടുത്താത്ത സാന്നിദ്ധ്യം, നാടകീയമായ രംഗങ്ങള്‍ അങ്ങിനെയങ്ങിനെ പല വിഷയങ്ങള്‍ ചേര്‍ന്നതാണ്. ടരന്റിനോയുടെ ഈ സിനിമ ഒരു പക്കാ മസാലയാണ്. എന്നാലും ഇതില്‍പ്പോലും ഓരോ ഷോട്ടിലും ആ കൈയ്യടക്കം കണ്ട് സന്തോഷിക്കാം. എന്നാല്‍ പരദേശി, ഒരു സൊ കാള്‍ഡ് തമിഴ് സിനിമയുടെ സര്‍വേക്കല്ലാണ് (വര്‍ഷത്തില്‍ ഒരു തമിഴ് സിനിമയെങ്കിലും ഇങ്ങനെ ഇറങ്ങുന്നുണ്ട്. ഒപ്പം, ജീവിതത്തില്‍ ആകെമൊത്തം കുറച്ച് സിനിമകള്‍മാത്രം കണ്ടിട്ടുള്ള ഒരു ആള്‍ക്കൂട്ടം, ലോകസിനിമ.... ലോകസിനിമ.....എന്ന് അലറുന്നു. ആ സിനിമ കണ്ടാലോ അത് തട്ടുനാടകങ്ങളുടെ തിരവടിവേ ഉണ്ടാകൂ. ഇത് എന്റെ അനുഭവം.) അതായത് എന്റെ മനസ്സിലാക്കലില്‍ പരദേശി ഒരു pseudo കലാസിനിമയാണ്. ആ സിനിമയിലെ ഓരോ ഷോട്ടിലും കാപട്യം പതിഞ്ഞിരിക്കുന്നു.

(എനിക്ക് ഓരോ പ്രാവശ്യവും ഇങ്ങനെ തമിഴ് സിനിമളെപ്പറ്റി disclaimer നല്കുന്നത് ഇഷ്ടമല്ല. അതായത്, ഒരു സിനിമയെപ്പറ്റിയുള്ള എന്റെ അഭിപ്രായം തുറന്നെഴുതുമ്പോള്‍ ‘ഞാന്‍ ഈ സിനിമയെ ആക്രമിക്കുകയല്ല; ഇത് എന്റെ വിമര്‍ശനമാണ്; എനിക്ക് വൈരാഗ്യം ഒന്നുമില്ല’ എന്നൊക്കെ പറഞ്ഞ് സിനിമയെ വിമര്‍ശിക്കുന്നത് വളരെ മുഷിപ്പന്‍ പരിപാടിയായി തോന്നുന്നു. അതിനാല്‍ ഇനിമുതല്‍ പരദേശി പോലെയുള്ള പാഴുകളെ വിമര്‍ശിക്കുമ്പോള്‍ ഡിസ്ക്ലേമര്‍ വയ്ക്കില്ല. എന്നെപ്പറ്റി അറിയാവുന്ന സുഹൃത്തുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. അറിയാത്ത സുഹൃത്തുക്കള്‍ക്ക് അത് അത്യാവശ്യവുമല്ല.)

എന്തൊക്കെയായാലും ജാങ്കോ അണ്‍ചെയിന്‍ഡ് ( ടരന്റിനോയുടേ പതിവ് മസാലയാണെങ്കിലും, സിനിമ രസിച്ചിരുന്ന് കാണാന്‍ ഒരു വിഷമവും ഇല്ല. അത്രയ്ക്ക് തന്മയത്വത്തോടെ എടുത്തിരിക്കുന്ന സിനിമയാണത്.

അടുത്തത്, ഈ സിനിമയുടെ സംഗീതത്തെക്കുറിച്ച് അല്പം ചില വാക്കുകള്‍.
അറിയിപ്പ് : ഞാന്‍ ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പാട്ടുകളും മറക്കാതെ കേള്‍ക്കുക. അപ്പോഴേ ഈ സിനിമയുടെ പശ്ചാത്തലസംഗിതത്തില്‍ ടരന്റിനോ കാണിച്ചിരിക്കുന്ന അതിശയം മനസ്സിലാവൂ.

ടരന്റിനോ പഴമയെ സ്നേഹിക്കുന്നയാളാണ്. ‘നൊസ്റ്റാള്‍ജിയ’ എന്ന് നമ്മള്‍ പറയില്ലേ? നമുക്ക് ചെറുപ്പത്തില്‍ ഇഷ്ടമുണ്ടായിരുന്ന ചില കാര്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞിരിക്കുന്നുണ്ടാകും. പ്രത്യേകസിനിമകളഉം പാട്ടുകളും (കോമിക്സുകള്‍ പോലും) സൂക്ഷിച്ചുവയ്ക്കാനും നമ്മളില്‍ ചിലര്‍ക്ക് കഴിയും. ടരന്റിനോ അദ്ദേഹത്തിന് ഇഷ്ടമുള്ള സിനിമകളും റിക്കാര്‍ഡുകളും അങ്ങിനെ സൂക്ഷിച്ചുവച്ചിരുന്നു. റിക്കാര്‍ഡുകള്‍ എന്ന് പ്രത്യേകം പറയാന്‍ കാരണമുണ്ട്. റിക്കാര്‍ഡില്‍ കേള്‍ക്കുന്ന അനുഭവത്തില്‍ ഈ റിക്കാര്‍ഡുകളുടെ പങ്ക് മഹത്തായതാണെന്ന് റിക്കാര്‍ഡ് ഭ്രാന്തന്മാര്‍ക്ക് അറിയാം. എന്റെ ചെറുപ്പംതൊട്ടേ ഇങ്ങനെ നൂറ് കണക്കിന് റിക്കാര്‍ഡുകളുടെ ഇടയിലാണ് ജീവിച്ചത്. ഇപ്പോഴും എന്റെ പക്കല്‍ കോയമ്പത്തൂരില്‍ പല റിക്കാര്‍ഡുകളും കേള്‍ക്കാന്‍ പരുവത്തിലുണ്ട്. Vinyl records എന്ന് ഇംഗ്ലീഷില്‍ ഇതിനെ വിളിക്കും. ഈ റിക്കാര്‍ഡുകള്‍ മൂലമാണ് എന്നിയോ മറിക്കോണിന്റെ സംഗീതം ചെറുപ്പത്തില്‍ കേട്ടത്. ഇപ്പോൾ ടരന്റിനോയുടെ നൊസ്റ്റാള്‍ജിയയെപ്പറ്റി.

ജാങ്കോ അണ്‍ചെയിന്‍ഡ് സിനിമയിലെ സംഗീതത്തെക്കുറിച്ച് ടരന്റിനോ പറയുന്നത്: ഈ സിനിമയുടെ പശ്ചാത്തലസംഗീതം എന്റെ റിക്കാര്‍ഡ് ശേഖരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ആ പഴയ റിക്കാര്‍ഡുകളില്‍ സംഗീതം കേള്‍ക്കുന്ന അതേ അനുഭവമാണ് ഇതില്‍ തരാന്‍ ശ്രമിച്ചത്. അതായത്, അവയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന കരകരപ്പ് ശബ്ദം പോലും അങ്ങിനെതന്നെ ഇതിലുണ്ടാകും. ആ റിക്കാര്‍ഡുകളുടെ പുതിയ ഡിജിറ്റല്‍രൂപം ഉപയോഗിക്കാന്‍ എനിക്ക് സമ്മതമല്ല. കാരണം, ഞാന്‍ എങ്ങിനെ ആ സംഗീതം കേട്ട് വളര്‍ന്നോ, ആ അനുഭവം ഈ സിനിമ കാണുന്ന ആസ്വാദകര്‍ക്ക് നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ടരന്റിനോയുടെ മറ്റ് സിനിമകളിലെപ്പോലെ ഇതിലും പഴയസംഗീതം അധികമാണ്. പ്രത്യേകിച്ചും എന്നിയോ മറിക്കോന്‍, ജെറി ഗോള്‍ഡ്സ്മിത്ത്, ജിം ക്രോസ്, ലൂയിസ് ബഗലോവ് പോലുള്ള ടരന്റിനോയുടെ ഇഷ്ടസംഗീതജ്ഞരുടെ നോട്ടുകള്‍ ഇതില്‍ ഉണ്ട്.

പ്രത്യേകിച്ച്, 1966ല്‍ പുറത്തു വന്ന ജാങ്കോ സിനിമയിലെ ടൈറ്റില്‍ പാട്ടായ ജാങ്കോയാണ് ഈ സിനിമയുടെ ടൈറ്റില്‍ പാട്ട്. ആ പാട്ടിന്റെ വരികള്‍ ശ്രദ്ധിച്ചുനോക്കൂ. ഒരു ടിപ്പികല്‍ അറുപതുകളിലെ അനുഭവം നല്കും (’Django, have you always been alone?…Django, have you never loved again?…). ഒപ്പം, ഈ പാട്ടിന്റെ പശ്ചാത്തലസംഗീതം, Boney M ന്റെ സംഗീതം ഓര്‍മ്മിപ്പിക്കും. ഈ പാട്ട് കേള്‍ക്കുമ്പോള്‍, യാതൊരു ഡിജിറ്റല്‍ വക്രതയും ഇല്ലാതെ പാട്ട് അങ്ങിനെതന്നെ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന് ഓര്‍ക്കുക.

അടുത്തത്, എന്നിയോ മൊറിക്കോന്‍. ഇദ്ദേഹത്തിനെപ്പറ്റി അറിയാവുന്നവര്‍ക്ക് സെര്‍ജിയോ ലിയോണിന്റെ ഓര്‍മ്മയും വരും. എന്നാല്‍ സെര്‍ജിയോ ലിയോണി ഇല്ലാതെ തന്നെ മറിക്കോണി മനോഹരമായി സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച Two mules for sister sara. ആ സിനിമയില്‍ നിന്നും എനിക്ക് അറിയാവുന്ന രണ്ട് പാട്ടുകള്‍ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്. ഒന്ന് - The braying mule. ഇത്, സിനിമയുടെ ആരംഭത്തില്‍ ഷൂട്ട്സും ജാങ്കോയും Daughtrey എന്ന നാട്ടില്‍ എത്തുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കും. ഇത് ഒരു ഒന്നാന്തരം കമ്പോസിങ് ആണ്. Two mules for sister sara സിനിമയുടെ ടൈറ്റില്‍ സംഗീതമാണിത്. ഒരു കഴുത കരയുന്നതുപോലെ തുടങ്ങും. ഈ സംഗീതം ഈ സിനിമയില്‍ വീണ്ടും പുതിയതായി ഉപയോഗിച്ചിരിക്കുന്നു ടരന്റിനോ. മറ്റൊരു ഈണം, ഒന്നര നിമിഷം മാത്രമുള്ള സിറ്റാര്‍ പീസ് ആണ്.

ആദ്യം ജാങ്കോ അണ്‍ചെയിന്‍ഡ് . അതിന്റെ തുടക്കത്തില്‍ വരുന്ന റിക്കാര്‍ഡിന്റെ ‘ഹിസ് സ് സ് ശബ്ദം ശ്രദ്ധിക്കുക. രണ്ടാമതുള്ളതാണ് ഒറിജിനല്‍ braying mule.

അടുത്ത നൊട്ടേഷന്‍, ’His name was King’ എന്ന ഇറ്റാലിയന്‍ സിനിമയിലെ നൊട്ടേഷന്‍ ആണ്. ഇതില്‍ അഭിനയിച്ചിരിക്കുന്നത് ക്ലോസ് കിര്‍സ്കി. ഈ സിനിമയുടെ സംഗീതം, Luis Bacalov. ജാങ്കോ അണ്‍ചെയിന്‍ഡ് സിനിമയില്‍ ഇത് ഷെറീഫിനെ കൊന്നിട്ട് Daughtrey നഗരത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ കേള്‍ക്കാം.

അടുത്ത ഒന്നാന്തരം സംഗിതം വരുന്നത് – സിനിമയിൽ ബിഗ് ഡാഡിയുടെ ഫാമിൽ ജാങ്കോ, റോജർ ബ്രിറ്റിലിനെ ചാട്ടവാർ കൊണ്ട് അടിക്കുമ്പോൾ. ആ പശ്ചാത്തല സംഗീതം 1966 ഇൽ Django സിനിമയ്ക്കായി Luis Bacalov ഈണം നൽകിയതാണ്. ആ സംഗീതം ഈ സിനിമയിൽ എങ്ങിനെ തത് സ്വരൂപത്തിൽ പ്രത്യക്ഷപ്പെടുന്നെന്ന് സിനിമ കാണുന്നവർക്ക് മനസ്സിലാക്കാം. ഇതാ ആ ഒറിജിനൽ ഈണം. ഗംഭീരമായ ഇതിന്റെ രണ്ടാം പകുതി ശ്രദ്ധിക്കൂ.

ഇതാ അടുത്ത നൊസ്റ്റാൾജിയ നൊട്ടേഷൻ. Django Unchained സിനിമയിൽ ഷൂട്ട്സും ജാങ്കോയും മഞ്ഞു മൂടിയ മലകൾക്കു മുകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കാം. ഇത് എടുത്തിരിക്കുന്നത് ’Day of Anger’ എന്ന 1967 ലെ സിനിമയിൽ നിന്നാണ്. ഇതിൽ അഭിനയിച്ചിരിക്കുന്നവർ, Good bad and the Ugly യിൽ വില്ലനായി അഭിനയിച്ച Lee van Cleef (കിൽ ബിൽ സൈനിമകളിലുടെ അവസാനം R.I.P Lee van cleef എന്ന് എഴുതിയിരിക്കും. ടരന്റിനോയുടെ നൊസ്റ്റാൾജിയ അത്രയ്ക്കാണ്).

http://www.youtube.com/watch?feature=player_embedded&v=p0dqQ-8FOII
ഈ സിനിമയിൽ rap പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ജായ്മി ഫാക്സേ എഴുതിയ ആ പാട്ട്, നിങ്ങൾ തന്നെ അന്വേഷിച്ച് കണ്ടെത്തി കേൾക്കൂ (ഹോം വർക്ക്).

1983 ഇൽ ‘Under Fire’ എന്ന സിനിമ വന്നിരുന്നു. അതിലെ സംഗീതം – ജെറി ഗോൾഡ്സ്മിത്. അതിൽ വരുന്ന ഒരു നൊട്ടേഷന്റെ പേര്, Nicaragua. ആ നോട്ട് Django Unchained സിനിമയിൽ ഉണ്ട്. ഇത്, കാൽ വിൻ കാന്റിയുടെ ഫാമിൽ ഷൂട്ട്സും ജാങ്കോയും എത്തുമ്പോൾ വരും. എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നോട്ടേഷനുകൾ ഒന്നാമത്തേതാണിത്. കേട്ടു നോക്കൂ. ഒപ്പം തന്നെ, സിനിമയും ഓർമ്മയിലിരിക്കട്ടെ. നിങ്ങൾക്കും ഇത് ഇഷ്ടമാകും. ആദ്യം പതിവ് പോലെ Django Unchained സിനിമയിൽ നിന്നും. ഇനി അതിന്റെ ഒറിജിനൽ.

എന്നിയോ മറിക്കോണിയുടെ ആരാധകർക്ക് ഇതാ ഈ അടുത്ത നൊട്ടേഷൻ. Django Unchained സിനിമയ്ക്കായി പ്രത്യേകമായി മറിക്കോണിയെ എഴുതിയ പുതിയ നോട്ട് ആണിത്. അത് ടരന്റിനോ അത്ഭുതകരമായി ഉപയോഗിച്ചിരിക്കുന്നു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ, മറിക്കോണിയുടെ അപ്പൊഴത്തെ വയസ്സ് 84. ഈ പാട്ട് കേട്ടു നോക്കൂ. പാട്ടിനെ പേര് - Ancora Qui. സിനിമയിൽ കാൽ വിൻ കാന്റിയുടെ ഫാമിൽ ജാങ്കോ തന്റെ ഭാര്യമായ ബ്രൂം ഹിൽഡയെ ആദ്യമായി ആ കുഴിയിൽ നിന്നും പുറത്തെടുക്കുന്നത് കാണുമ്പോൾ തുടങ്ങുന്ന പാട്ടാണിത്. പാടിയിരിക്കുന്നത് ഇറ്റാലിയനിൽ പ്രശസ്ത ഗായികയായ എലീസാ ടൊഫോലി ആണ്. സ്വസ്ഥമായിരുന്ന് കേട്ടാൽ നിങ്ങളുടെ മനസ്സിനെ ഇത് ഉരുക്കും. ഈ പാട്ടിന്റെ തരം – അതാണ് എന്നിയോ മറക്കോണിയുടെ തരം. വളരെ പഴയ കാല സംഗീതജ്ഞനാണെങ്കിലും, ഇപ്പോഴത്തെ അവസ്ഥയിലും അത്ഭുതകരമായി ഉയർന്നു നിൽക്കും മറക്കോണി - is just simply great.

അടുത്ത നൊട്ടേഷനും മറക്കോണിയുടെ തന്നെ. ഇത് ഇടം പിടിച്ചിട്ടുള്ള സിനിമ - ’The Hellbenders’, വർഷം 1967. Django Unchained സിനിമയിൽ ക്ലൈമാക്സിൽ വരുന്ന പശ്ചാത്തലസംഗീതം. കേട്ടാൽ രോമാഞ്ചം വരും

ഇതൊന്നുമല്ലാതെ, വേറേയും ഒറിജിനൽ പാട്ടുകൾ Django Unchained സിനിമയിൽ ഉണ്ട്. അതുപോലെ, അതിൽ ഇടം പിടിച്ചിരിക്കുന്ന വേറൊരു മറക്കാനാവാത്ത നൊസ്റ്റാൾജിയ നൊട്ടേഷൻ ഇവിടെ. ഇത് സിനിമയിൽ ഇല്ലെന്ന് കരുതുന്നു. ഒരുവേള സിനിമയിൽ എന്റെ ശ്രദ്ധ തെറ്റിപ്പോയെങ്കിൽ സുഹൃത്തുക്കൾ അത് എവിടെ വരുന്നെന്ന് പറയണമെന്ന് അപേക്ഷിക്കുന്നു.

ഓക്കേ. അല്പം നീണ്ട ഈ ലേഖനം ഇവിടെ അവസാനിക്കുന്നു. അവസനിപ്പിക്കുന്നതിനു മുമ്പ് ഒരു വാക്ക്. ടരന്റിനോ ചെയ്യുന്ന ടെമ്പ്ലേറ്റ് സിനിമകൾക്കും നമ്മുടെ നാട്ടിലെ ടെമ്പ്ലേറ്റ് സംവിധായകരുടെ സിനിമൾക്കും ഉള്ള വിത്യാസം ആദ്യം പറഞ്ഞു. ഇപ്പോൾ, ഈ കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞ് തോന്നുന്നത് – ഇങ്ങനെയൊരു ടെമ്പ്ലേറ്റ് സിനിമ ആരെകൊണ്ടും (റ്റൊരന്റീനൊ ഒഴികെ) എടുക്കാൻ പറ്റില്ല. കാരണം വളരെ ലളിതം. ടരന്റിനോയുടെയുള്ളിൽ ഒരു ആസ്വാദകൻ ഉണ്ട്. ഈ വകയിലുള്ള സംഗീതം ടരന്റിനോയ്ക്കല്ലാതെ വേറേ ആർക്കും ഭാവന കാണാൻ പറ്റില്ല. നമ്മുടെ നാട്ടിൽ ടെമ്പ്ലേറ്റ് സിനിമ ചെയ്യുന്ന സംവിധായകർ (ഇവരുടേ ടെമ്പ്ലേറ്റ് തന്നെ ചവർ ആണ്) ടരന്റിനോയെപ്പോലെ സംവിധായകരിൽ നിന്നും പഠിക്കേണ്ട വിഷയങ്ങൾ വളരെയുണ്ട്. എന്നാൽ അത് ഒരിക്കലും നടക്കുന്നില്ല. സിനിമ എന്ന വിഷയത്തിൽ ജനം വെറുപ്പോടെ കാണുന്ന അക്രമം, രക്തം, ചീത്ത വാക്കുകൾ പോലുള്ളവ ഉപയോഗിച്ച് അതിൽ നിന്നും അതിശയകരമായ കലാസൃഷ്ടികൾ ചെയ്തയാളാണ് ടരന്റിനോ. അദ്ദേഹത്തിന്റെ നിഴലിന്റെ ഒരു മൂലയ്ക്ക് നമ്മുടേ സംവിധായകർ തൊട്ടാലേ അത്ഭുതകരമായ സിനിമകൾ ചെയ്യാം…പക്ഷേ….?

Subscribe Tharjani |