തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

മേയ്, ഒരു മഴസന്ദേശം

“മേയ് ഇന്‍ അയ്മനം………” അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്‌’ തുടങ്ങുന്നത് കോട്ടയംജില്ലയിലെ അയ്മനത്തെ ഒരു മഴക്കാലത്തില്‍ നിന്നാണ്... മേയ് എന്ന മാസത്തിന്റെയും കോട്ടയം എന്ന പച്ചപ്പിന്റേയും പ്രണയാര്‍ദ്രമായ ഒരു ഒന്നുചേരല്‍....! മേയ് ഒരു അറിയിപ്പാണ്... വേനലിന്റെ വരള്‍ച്ചയിലെയേക്ക്, വരാന്‍പോകുന്ന പെയ്തുനിറയലുകളുടെ ആര്‍ദ്രമായ, ലഘുവായ ഒരു സ്നേഹസന്ദേശം.... മാസങ്ങളോളം നീണ്ടുനിന്ന ഊഷരതയിലേയ്ക്കു വീഴുന്ന ചെറിയ ആ ചാറ്റല്‍മഴകള്‍ സമ്പൂര്‍ണ്ണമായ ഒരു നനഞ്ഞുകുതിരലിനു വേണ്ടിയുള്ള ഭൂമിയുടെ ദാഹത്തെ തീവ്രമാക്കുന്നു... വിരഹാര്‍ദ്രയായ ഒരു കാമുകിയുടെ മനസ്സോടെ ഭൂമി കാത്തുകിടക്കും.... കാത്തിരിപ്പിന്റെ ആ കാലം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്ന ഒരു ഭൂപ്രകൃതിയാണ് കോട്ടയത്തിന്റെത്...

കോട്ടയം എന്റെ നാടായതുകൊണ്ട് തോന്നുന്നതാവാം.. ഒരുപക്ഷെ, സ്വന്തം നാാടിനോട്, അല്ലെങ്കില്‍ സ്വന്തമെന്ന് കരുതുന്ന നാടിനോട് ഗൃഹാതുരത കാത്തുസൂക്ഷിക്കുന്ന ഏതൊരാള്‍ക്കും, അത് ഏതു വന്‍കരയിലാണെങ്കിലും, ഋതുഭേദങ്ങളും ഭൂപ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ഈ ഒന്നുചേരല്‍, സ്വന്തം വൈകാരികതലത്തില്‍ അനുഭവവേദ്യമാകുന്നുണ്ടാവാം...

മേയ് മാസമാകുന്നതോടെ കോട്ടയത്തിന്റെ നിറവും മണവും സ്വാദും മാറുന്നു... ഏപ്രില്‍ അവസാനത്തോടെ വേനലിന്റെ മടിത്തട്ടിലേയ്ക്ക് മടിച്ചു മടിച്ചു് നാണംകുണുങ്ങിയെത്തുന്ന ചെറിയ ചാറ്റല്‍മഴ, വിഷുപ്പുലരിയ്ക്കുവേണ്ടി കണ്‍തുറന്ന കണിക്കൊന്നപ്പൂക്കളെ നനഞ്ഞ മണ്ണിലേയ്ക്കു ഉതിര്‍ത്തുകൊണ്ട് തളിരിടലിന്റെ പുതിയ പകലുകള്‍ക്ക്‌ തുടക്കമിടുന്നു... പുതുമഴയുടെ നനവില്‍ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഉരുവംകൊണ്ട്, ഗര്‍ഭാവസ്ഥയുടെ അവസാനനിമിഷങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് ജന്മത്തിന്റെ നിറവിനുവേണ്ടി വെമ്പലോടെ കാത്തു കിടക്കുന്നു... പ്രകൃതി ആകെ നനഞ്ഞു കുതിര്‍ന്ന്... ഋതുമതിയായ പെണ്ണിന്റെ മനസ്സോടെ...! സമൃദ്ധിയുടെ മാമ്പഴക്കാലം അവശേഷിക്കുന്ന കനികളെ മണ്ണിലേയ്ക്കു വീഴ്ത്തി, പെയ്തുതുടങ്ങുന്ന മഴയോടും മണ്ണിനോടും ചേര്‍ത്തുകൊണ്ട് സുഖകരമായ ഒരു മണം പ്രകൃതിക്ക് നല്കുന്നു.... ഒപ്പം കൊഴിഞ്ഞുവീണ റബ്ബര്‍, കാപ്പിപ്പൂവുകളുടെ മണം... കോട്ടയത്തെ മഴക്കാലത്തിന്റെ മണം!!...

തേന്‍ചുരത്തി മനസ്സിനെ മധുരിപ്പിച്ചുകൊണ്ട് വരിക്കയും കൂഴയും മണ്ണിനോട് ചേര്‍ന്ന് കഴിഞ്ഞു... പെറുക്കാന്‍ മറന്നുപോയ കശുമാങ്ങകള്‍ വിസ്മൃതിയുടെ വിത്തുകളെന്നപോലെ ആനുകൂല്യമായി വീണുകിട്ടിയ ജീവനും ചേര്‍ത്തുപിടിച്ചുകൊണ്ട് നനഞ്ഞ മണ്ണില്‍നിന്നും ചെറുനാമ്പുകളായി പുറത്തേക്ക് തലനീട്ടി നില്ക്കുന്നു.. എല്ലാം പച്ചനിറത്തില്‍... കോട്ടയത്തെ മഴക്കാലത്തിന്റെ നിറം...!!!

മേയ് തുടങ്ങുന്നതോടെ തിമിര്‍ത്തുപെയ്യുന്ന മഴസന്ധ്യകള്‍ക്കുവേണ്ടി അമ്മയും മുത്തശ്ശിയും കരുതിവച്ച ഉണക്കുകപ്പയും ഉപ്പുമാങ്ങയും ഉപ്പേരിയും ഭരണികളുടെ മൂടിനീക്കി അടുക്കളയുടെ അരങ്ങിലേക്ക്, തീയുടെ ഇളംചൂടിലേക്ക് എത്തിത്തുടങ്ങുന്നു... മഴയും മനസ്സും നിറഞ്ഞുപെയ്യുന്ന വൈകുന്നേരങ്ങളില്‍ പഴങ്കഥകളോടൊപ്പം വിളമ്പാന്‍... കോട്ടയത്തെ മഴക്കാലത്തിന്റെ സ്വാദ്...!!!

ഏപ്രില്‍കളികളുടെ വരണ്ടമണ്ണ് പരുക്കനാക്കിയ കുഞ്ഞിക്കാലുകളെ വീടിന്റെ ഇറയത്തിരുന്നു നനയിച്ചുകൊണ്ട് കളിവള്ളങ്ങളുടെ ഒരു പുതിയ മഴക്കാലത്തിന്റെ നനവിലേക്ക് ഉറങ്ങിയുണരുന്നു കുട്ടികള്‍... പൊടിതട്ടിയെടുത്ത കരിമ്പടങ്ങളുടേയും എരിയുന്ന വിറകടുപ്പിന്റേയും ചൂടിന്റെ സുഖാവസ്ഥയിലേക്ക് ഒതുങ്ങുന്ന മുത്തശ്ശി... കോട്ടയത്തെ മഴക്കാലത്തിന്റെ മനസ്സ്...!!

അതെ... നാടൊരുങ്ങുകയാണ്... മഴക്കാലത്തിന്റെ ആലസ്യത്തിലേക്ക്.. മഴയുടെ പുതപ്പിലേക്ക്...!!

Subscribe Tharjani |