തര്‍ജ്ജനി

വി.ജയദേവ്

R 17 A, Yudhister Marg,
C Scheme,
JAIPUR
RAJASTHAN

ഫോണ്‍ : 094133 48755
ബ്ലോഗ് :ആനമയിലൊട്ടകം

Visit Home Page ...

കഥ

പൂക്കാരന്‍ തെരുവ്

മരണം നടക്കാനിറങ്ങേണ്ട താമസമേയുള്ളൂ, തെരുവില്‍ സാധാരണപോലെ വര്‍ത്തിക്കുന്ന എല്ലാറ്റിനും ഒരു വിറയല്‍പോലെ താളം പിഴച്ചുതുടങ്ങാന്‍. രാവിലെയും വൈകീട്ടുമാണ് സാധാരണ. കോടതിക്കവലയും കലക്ടറേറ്റ് വളവും കടന്ന് പള്ളിയും മൈതാനവും വലംചുറ്റി പൂക്കാരന്‍തെരുവിന്റെതന്നെ ഭാഗമായ, പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചൈനാ കോളനിയും അതിനപ്പുറമുള്ള സെമിത്തേരിയും പിന്നിലാക്കി ഈ നടത്തം രാമേട്ടന്റെ ഒറ്റപ്പെട്ട വീടുവരെ കാണും. അതുകഴിഞ്ഞാല്‍ കാഴ്ചയില്‍പ്പെടുന്നവണ്ണം കാഴ്ചകളൊന്നും ഇല്ലാത്തതിനാല്‍ മരണത്തിന്റെ നടത്തത്തെ അടയാളപ്പെടുത്താന്‍ വിവരണങ്ങളൊന്നും ഉണ്ടായിരിക്കില്ല. മരണം അതിനുശേഷം പുകപോലെ മറഞ്ഞെന്നോ ഒക്കെ പേരിനു പറയാമെന്നുമാത്രം. അല്ലെങ്കില്‍ അനന്തതയില്‍ വിലയിച്ചെന്നോ മറ്റോ, എവിടെയു തൊടാത്തതു പോലെ.

പൂക്കാരന്‍തെരുവിലെ പൂക്കളുടെ മണത്തില്‍നിന്ന് നെറ്റിചുളിച്ചു മുഖംമാറ്റി, നാല്‍ക്കവലയില്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗപ്പെരുക്കത്തിലേക്ക് നോക്കിനില്ക്കുമ്പോഴാകും ഒരു ഭാരലോറിക്കു പെട്ടെന്ന് ഭ്രാന്തിളകിയതുപോലെ ഒരു ഇരുചക്രവാഹനത്തെ വെറുതേയൊന്ന് ഉരുമ്മിനോക്കുന്നത്. ഇരുചക്രവാഹനക്കാരനും ഏതോ നിയോഗം എന്നപോലെ എണ്ണലോറിക്ക് അടിയിലേക്ക് വെട്ടിക്കും. സ്പീഡ് കുറച്ചുപോകുകയെന്ന ബോര്‍ഡ് നോക്കുകുത്തിപോലെ നില്ക്കുകയാവും. ചിലപ്പോള്‍ മരണത്തിന്റെ കണ്ണിലേക്ക് നോക്കിനില്ക്കുകയാവും. കറുത്ത റോഡില്‍ ചോരകൊണ്ട് ഇരുചക്രവാഹനക്കാരന്‍ എന്തോ കോലം വരയ്ക്കാന്‍ തുടങ്ങുകയായിരിക്കും. അപ്പോഴേക്കും മരണം മുന്നോട്ട് നടന്നുകഴിഞ്ഞിട്ടുണ്ടാവുമെന്ന് രാമേട്ടന് എന്നും ഉറപ്പായിരുന്നു. മൈതാനത്തിന്റെ നിഴല്‍പറ്റിയ മൂലയില്‍ സ്വവര്‍ഗാനുരാഗികള്‍ ഉരുണ്ടു തുടുത്ത ആണ്‍കുട്ടിയുടെ തൊലിമിനുപ്പിലേക്ക് ആണ്ടിറങ്ങുകയാവും. കാടുപിടിച്ച പിന്നാമ്പുറത്തു ഇഞ്ചക്ഷന്‍ സൂചിയില്‍നിന്ന് ഒരളവ് ലഹരി സിരകളിലേക്കു നാവുനീട്ടി ഒഴുകിത്തുടങ്ങിയിരിക്കും. ചിലപ്പോള്‍ മരണം അടുത്തുചെന്ന് മസിലുകളില്‍ കെട്ടിയിരിക്കുന്ന നാടയുടെ പിരിമുറുക്കം ഒന്ന് അയച്ചുകൊടുത്താലായി. അധികമൊന്നും കാത്തുനില്ക്കാന്‍ സമയമില്ല. ചൈനാ കോളനിയില്‍ നാടന്‍ പേറ്റിച്ചി നാണിത്തള്ള കുത്തിക്കലക്കിക്കളഞ്ഞ ഒരു ഭ്രൂണത്തിന്റെ നിശ്ശബ്ദമായ നിലവിളിക്ക് കാതോര്‍ക്കാതെങ്ങനെ പറ്റും. വയറിനുള്ളില്‍ ഒരു ഭൂകമ്പം മറച്ചുപിടിച്ച് യുവതി ഒരു ചോരച്ചാലായി പുറത്തേക്കു നീന്തിത്തുടങ്ങിയിരിക്കും, അപ്പോഴേക്കും. ചോരച്ചാലില്‍ ചവിട്ടാതെ മരണം അതു ചാടിക്കടന്നു മുന്നോട്ടു നടന്നുകഴിഞ്ഞിട്ടുണ്ടാവും. സെമിത്തേരിയില്‍ മുളച്ചുവന്ന പുതുമണം മാറാത്ത കുരിശുചെടികളിലേക്കു നോക്കുമ്പോള്‍ പ്രത്യേകിച്ചെന്തു തോന്നാന്‍? ഉമ്മറത്തെ ചാരുകസാരയിലിരുന്നു രാമേട്ടന്‍ മരണത്തിന്റെ വെപ്രാളങ്ങളിലേക്കു തുറിച്ചുനോക്കും. അതില്‍ നിന്നു രക്ഷപ്പെടാന്‍ ഒളിക്കാന്‍ പറ്റുന്ന ഇടം തിരയുകയായിരിക്കും അത്. എവിടെ ഒളിച്ചാലും രാമേട്ടന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പാണ്. ചാരുകസാരക്കീഴിലേക്കു നൂണ്ടുപോവുന്ന മരണത്തെ രാമേട്ടന്‍ ചുക്കിച്ചുളിഞ്ഞ തൊലി ചേര്‍ത്തുപിടിക്കും. എന്നിട്ട് ഒരാണിയില്‍ തറച്ചു ചുവരില്‍ തൂക്കിയിടും. ഇവിടെ നിന്ന് പിന്നങ്ങോട്ടു മരണത്തിന്റെ നടത്തത്തെ അടയാളപ്പെടുത്താനുള്ള കാഴ്ചകളില്ലാത്തതിനാല്‍ അവിടെ തൂങ്ങിക്കിടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല.

ആ രാമേട്ടനാണു മരിച്ചുപോയതെന്നു ജോണ്‍ പോള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചന്ദ്രമോഹനന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്നെങ്കിലുമൊരിക്കല്‍ കൂടെയൊന്നു നടന്നുനോക്കാന്‍ മരണം രാമേട്ടനെ ക്ഷണിച്ചു പ്രലോഭിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം ഒട്ടുമുണ്ടായിരുന്നില്ല. ആ സമയത്ത് നേരിയൊരു കൈവിറയല്‍ പോലുമില്ലാതിരിക്കുന്നതു രാമേട്ടന് മാത്രമായിരുന്നു. ചുവന്നലൈറ്റില്‍ നിന്ന് നൊടിയിടനേരത്തേക്ക് പച്ചവെളിച്ചമുയര്‍ത്തി വാഹനങ്ങളുടെ വേഗം തിക്കിച്ച് കൂട്ടത്തോടെ വളഞ്ഞുപിടിക്കുന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാവും മരണം. ചുവരിലെ ആണിയില്‍ അധികനേരമൊന്നും തൂങ്ങിയിരിക്കാന്‍ പറ്റില്ല; രാമേട്ടന് ചാരുകസാരത്തുണിയില്‍ ജീവിതകാലം മുഴുവന്‍ ചടഞ്ഞുകൂടിയിരിക്കാന്‍ കഴിയുമെന്നു വിചാരിച്ച്. ചുവരില്‍ നിന്ന് അതു പകയോടെ രാമേട്ടനെ നോക്കി. ഇടയ്ക്കു കഴുത്തുചെരിച്ചു രാമേട്ടന്‍ നോക്കിയാലായി. നീ അവിടെത്തന്നെയിരിക്ക്. ഇന്ന് ആവശ്യത്തിന് ഉള്ളതായിക്കാണുമല്ലേ, എന്നു മുരളുന്നതു് കേട്ടിരിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയുമല്ലല്ലോ. എന്നിട്ടും ഒരു പൂമ്പാറ്റയെപ്പോലും പിടിച്ചുതരാന്‍ സാധിച്ചിട്ടുണ്ടോ? ഉറക്കെ ചോദിക്കില്ല, ഏതായാലും. ദേഷ്യം വന്നാല്‍ ആളെ ദഹിപ്പിക്കുന്ന ഒരു നോട്ടമുണ്ട് രാമേട്ടന്.

പുരികം വളഞ്ഞുള്ള ആ നോട്ടത്തിന്റെ അര്‍ഥം വേറെയെന്താവാനാണ്? തന്നിട്ടില്ലേ ഒന്നും എന്നല്ലാതെ. ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. ഇല്ലേ എന്നാണെങ്കില്‍ ഇല്ല. അതങ്ങനെ കൈയില്‍ കൊണ്ടു വച്ചുതന്നതൊന്നുമല്ലല്ലോ. ഒരു മണ്ണെണ്ണ സ്റ്റൗ ഊതിനിറച്ചു തീയാളിച്ചു പൊട്ടിത്തെറിപ്പിക്കാനൊന്നും ചില്ലറയൊന്നുമല്ല പാട് എന്നു മനസ്സിലാക്കണം. മൈതാനത്തിനു പിന്നിലൂടെ ഇരുട്ടില്‍ ആളെക്കൂട്ടി ഒരാളെ അടിച്ചുവീഴ്ത്താനും ചോരവീഴ്ത്തി അവശനാക്കാനും അത്ര എളുപ്പമൊന്നുമല്ലെന്നു പറയണമെന്നുണ്ടായിരുന്നു മരണത്തിന്. അപ്പോള്‍ റോഡില്‍ക്കൂടെ ഒരു വാഹനം പാഞ്ഞുവരുന്നതു തടയാന്‍ ഒരു മാതിരിപ്പെട്ട പാടൊന്നും പെട്ടാല്‍പ്പോര. സാധാരണ രാത്രി മൈതാനത്തിനടുത്ത് എന്തു പ്രശ്നങ്ങള്‍ കണ്ടാലും ആരും വാഹനം നിര്‍ത്തി നോക്കാറൊന്നുമില്ല. എന്നാല്‍ അസാധാരണമായതു സംഭവിക്കാന്‍ വേണോ വല്ല സമയവും. അതുകൊണ്ടല്ലേ, ഇപ്പോള്‍ ചാരുകസാരയില്‍ ചാരിയങ്ങനെയിരിക്കുന്നത്. ശപിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ, ഒച്ച പൊങ്ങരുത്. പിറുപിറുക്കാതെ അവിടെ ഇരുന്നോ, എന്നോടു ചെയ്തതിന് അത്രയൊന്നും കിട്ടിയാല്‍ പോരാ എന്നോ മറ്റോ പറഞ്ഞു രാമേട്ടന്റെ ശകാരമുയരും. അധികം ദേഷ്യം വന്നാല്‍ പശ വച്ചൊട്ടിച്ച പോലെ ചുവരില്‍ തൂങ്ങിക്കിടക്കുന്ന കാലദൈര്‍ഘ്യവും കൂടും. അതു മരണത്തിനു നന്നായറിയാം. എന്നാലും, പറഞ്ഞുപോകുന്നതാണല്ലോ?.

ആവശ്യത്തിനായോ എന്നും മറ്റും തീരുമാനിക്കുന്നത് ഇയാളാണോ എന്നോ മറ്റോ മരണം വീണ്ടും പിറുപിറുക്കും. കണക്കപ്പിള്ളയാണെന്നു തോന്നും ആ ഇരുപ്പ് കണ്ടാല്‍. കണക്കല്പം പിഴച്ചതുകൊണ്ടാ, അല്ലെങ്കില്‍ എവിടെക്കിടക്കേണ്ട, എങ്ങനെ കിടക്കേണ്ട ആളായിരുന്നു. കാല്‍പ്പെരുവിരലുകള്‍ കൂട്ടിക്കെട്ടി, മൂക്കില്‍ പഞ്ഞിയും തിരുകി, ആരുടെയോ റീത്തുകള്‍ അട്ടിയിട്ടുവച്ച്. ഹോ, ആ കിടപ്പു കാണാന്‍ തന്നെ ഒരു ചന്തമൊക്കെയുണ്ടായേനേ. ഈ കസാരയില്‍ ഇങ്ങനെ അള്ളിപ്പിടിച്ചിരുന്നു ജീവിതം പാഴാക്കേണ്ട ആവശ്യം വല്ലോമുണ്ടായിരുന്നോ? ഓര്‍ക്കാപ്പുറത്തു നിര്‍ത്തിയ വാഹനത്തില്‍, രാത്രിതന്നെ അധികം ചോര പാഴാക്കാതെ ആശുപത്രിയിലെത്തിയതു കൊണ്ടല്ലേ, ഇപ്പോള്‍ ചാരുകസാരയിലുള്ള ഈ ചടഞ്ഞിരുപ്പ്. തൊട്ടടുത്ത സ്വകാര്യആശുപത്രിക്കാരെക്കൊണ്ടു അപകടംപറ്റിയ ആളെ അഡ്മിറ്റ് ചെയ്യാന്‍ പറ്റില്ലെന്നു പറയിപ്പിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു. കത്തിക്കുത്ത് കേസാണ്, കേസും മറ്റും വന്നാല്‍ തടി കേടാകുമേ എന്നു സൂചിപ്പിച്ചതേയുള്ളൂ, പയ്യന്‍ ഡോക്ടറാകെ വിരണ്ടുപോയതു കണ്ടുനില്ക്കാന്‍ നല്ല രസമായിരുന്നു. വേഗം സര്‍ക്കാര്‍ ആശുപത്രിയിലേക്കെടുക്കുന്നതാണു നല്ലത് എന്നു പറഞ്ഞുകൊടുത്തപ്പോള്‍ പയ്യന്‍ ഡോക്ടര്‍ അതു തത്ത പറയുന്നതുപോലെ പറയുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രി നാലഞ്ചുനാഴിക അകലെയാണെന്ന് ഉള്ളാലെ പറഞ്ഞു. വഴിയില്‍ വച്ചു തടഞ്ഞു കൊക്കയിലേക്ക് ഒന്നു മറിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അതായിരുന്നു കണക്കുകൂട്ടല്‍. മിണ്ടാതെയവിടെത്തന്നെ കിടന്നോണം, രാമേട്ടന്‍ മുരണ്ടു. ഇയാളാരെയാണു പേടിപ്പിക്കാന്‍ നോക്കുന്നത്? മിണ്ടാതെയിരുന്നാല്‍ കാണാമായിരുന്നു. നാലഞ്ചുനാഴികയുണ്ടു സര്‍ക്കാര്‍ ആശുപത്രിയിലേക്ക്. അവിടെയെത്തുമ്പോഴേക്കും കാറ്റുപോകും. വെറുതേ കേസും പുക്കാറും പിറകേ കൂട്ടേണ്ട എന്നൊക്കെ പറഞ്ഞുനോക്കിയതാണ്. എന്നാല്‍ ഒരാളെ രക്ഷിച്ചേ അടങ്ങൂ എന്നൊക്കെ വാശിയായാല്‍ എന്തു ചെയ്യും? സര്‍ക്കാര്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പെട്ടെന്നു ഡ്യൂട്ടി ഡോക്ടറെ ലീവെടുപ്പിക്കാന്‍ വലിയ പ്രയാസമൊന്നുമുണ്ടായില്ല. എന്നാലും കത്തിക്കുത്തും അതിനു പിന്നാലെ വണ്ടി ഇടിച്ചുകൊല്ലാനുള്ള ശ്രമവും കഴിഞ്ഞ് അത്യാസന്നനിലയില്‍ വരുന്നവനെയൊക്കെ രക്ഷിച്ചേ അടങ്ങൂ എന്നു വാശിപിടിക്കുന്ന ഡോക്ടര്‍മാരുള്ളിടത്തേ ഇതും ഇതിനപ്പുറവും നടക്കും. ചോര കൊടുക്കാന്‍ തയാറായി ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നല്ലോ. എന്നിട്ടുമെന്താ, ചാരുകസാരയില്‍ തപസ്സായല്ലോ. പണ്ടത്തെ വീറും വാശിയും ഇപ്പോള്‍ ആ വിറളിപിടിച്ച നാവിനു മാത്രമാണല്ലോ. ശരീരം അവിടെയെങ്കില്‍ അവിടെ ഇവിടെയെങ്കില്‍ ഇവിടെ എന്നായല്ലോ. എന്നാലും കൈയില്‍ കിട്ടിയാല്‍ എറിഞ്ഞു ചുവരിലെ ആണിയിലിങ്ങനെ തൂക്കിക്കഴിയും. അതിനൊട്ടും കുറവു വന്നിട്ടില്ല. പാതിരാത്രി ഒരഞ്ചാറു പേരെ ഓടിച്ചു വീട്ടില്‍ കയറ്റാന്‍ സാധിക്കാഞ്ഞിട്ടല്ല. നല്ല വേനല്‍ക്ക് ഓടിട്ട മോന്തായം ഉണക്കുകച്ചി പോലെ ആളിപ്പടര്‍ന്നു കത്തുമെന്ന കാര്യം അറിയാഞ്ഞിട്ടുമല്ല. വരും, ഓരോന്നിനും ഓരോ സമയം. കണക്കുകൂട്ടലുകള്‍ എന്നും തെറ്റിപ്പോകുകയും മറ്റുമില്ല. വല്ലപ്പോഴും ഒന്നു തെറ്റും. അതാര്‍ക്കും തെറ്റും.

കത്തിയുടെ മുന നേരെ നട്ടെല്ലിനിടയിലേക്കു തന്നെയല്ലേ കയറിപ്പുളഞ്ഞത്. ഒരു തെറ്റും പറ്റിയിട്ടില്ല. ഇരുട്ടായിരുന്നിട്ടു പോലും. അതല്ലേ ഇപ്പോള്‍ ഈയിരിപ്പിരിക്കുന്നത്?. ശബ്ദമുണ്ടായിക്കിയാല്‍ ചുട്ടുകളയുമെന്നൊക്കെ മുരണ്ടോണ്ടിരിക്കാനല്ലേ ഇപ്പോള്‍ പറ്റൂ. എന്നിട്ടുമില്ല, അഹങ്കാരത്തിനൊട്ടും കുറവ്. പിന്നെ പറയാനല്ലേ കഴിയൂ എന്നൊരു ആശ്വാസമുണ്ട്. ഈ ആണിയില്‍ നിന്ന് ഊരിപ്പോവാന്‍ കഴിയാഞ്ഞിട്ടൊന്നുമല്ല. പക്ഷെ, മുഖത്തിനു ചുറ്റുമാ കണ്ണ്. ഇവിടെ നിന്ന് ഇളകുമ്പോഴേക്കും കാര്യം പിടികിട്ടും. സഹായിച്ചേ അടങ്ങൂ എന്നൊക്കെയുള്ള പിടിവാശിയൊക്കെ കൊള്ളാം. പോകുന്ന വഴി അപകടം പിടിച്ചതാണെന്നൊക്കെ പറഞ്ഞുനോക്കിയതാണ്. സാധാരണഗതിയില്‍ ആര്‍ക്കും പാതിരാത്രിയില്‍ ഒരു കിടുകിടുപ്പൊക്കെ തോന്നേണ്ടതാണ്. വന്നതു വന്നു, ഏതായാലും രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങി, ഇനി വഴിയില്‍ ഉപേക്ഷിച്ചുപോകുന്നതെങ്ങനെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. കോടതിക്കവലയ്ക്കു വച്ച് ഒരു കാറ് അതിവേഗത്തില്‍ വന്ന് തൊട്ടുമുന്നില്‍ ബ്രേക്കിട്ടതൊക്കെയാണ്. എന്നാല്‍ അയാള്‍ വാഹനം വെട്ടിച്ചെടുത്തപ്പോള്‍ ഒന്നു തീര്‍ച്ചയായിരുന്നു. ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിട്ടേ നില്ക്കൂ എന്ന്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

എന്റെ പൊന്നുംകുരിശു മുത്തപ്പായെന്ന് അന്നാമ്മ സിസ്റ്റര്‍ അന്തിച്ചുപോയതാണ്. ഡ്യൂട്ടി ഡോക്ടറും സ്ഥലത്തില്ല. ഞാനെന്നാ ചെയ്യും മാതാവേ എന്നു കേട്ടപ്പോഴേ തീര്‍ച്ചയാക്കി രക്ഷിച്ചവന്റെ വാഹനം കാഷ്വാലിറ്റിപ്പടിക്കല്‍ ഇരപ്പിച്ചുകൊണ്ടു നിര്‍ത്തിയതു കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന്. സുഖമില്ലാതെ അവധിയെടുത്തുപോയ ഡ്യൂട്ടി ഡോക്ടര്‍ പാതിരാത്രിയില്‍ വീണ്ടും വരുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ഡ്യൂട്ടിയില്‍ വേറെ ആളില്ലാതെ പെട്ടെന്നു ലീവെടുത്തു പോയാല്‍ കുരിശാകുമേ എന്ന് അന്നമ്മ സിസ്റ്റര്‍ പറഞ്ഞുകാണും. പറഞ്ഞുവരുമ്പോള്‍ ഏറ്റവും സീനിയര്‍ നഴ്‌സുമാണല്ലോ. ഡോക്ടറൊക്കെ നിക്കറിടുന്ന കാലത്തു വെള്ളക്കുപ്പായത്തിലിറങ്ങിയതാണല്ലോ. എന്തെങ്കിലും പെട്ടെന്നു ചെയ്യണം, ഡോക്ടര്‍, ചോര കുറെ നഷ്ടപ്പെട്ടുപോയിട്ടുണ്ട് എന്നും മറ്റുമുള്ള സഹായക്കാരന്റെ വെപ്രാളങ്ങളെ ഡോക്ടര്‍ അവഗണിക്കുമെന്നു കണക്കുകൂട്ടിയത് അല്പം തെറ്റിപ്പോയി. സ്വകാര്യആശുപത്രി ഡോക്ടര്‍മാരെ വെല്ലുന്ന ശുഷ്കാന്തിയാണല്ലോ സര്‍ക്കാര്‍ ഡോക്ടര്‍ കാണിച്ചത്. മാത്രമല്ല, ആരോ ഇയാളുടെ പിന്നാലെയുണ്ട് എന്നൊരു ആക്രാന്തവും അയാളുടെ ഭാഗത്തുനിന്നുണ്ടായത് തീര്‍ത്തും യാദൃച്ഛികമെന്നേ പറയാനുള്ളൂ. അപ്പോഴേക്കും അന്നമ്മ സിസ്റ്റര്‍ക്കു പോലീസിനു ഫോണ്‍ ചെയ്യാന്‍ തോന്നിയതും തീരെ വിചാരിക്കാത്തതായിപ്പോയി. പോലീസിനെ നാളെ പുലര്‍ന്നിട്ടു നോക്കിയാല്‍ മതിയെന്നായിരുന്നു ഏക ആശ്വാസം. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് അപ്പോള്‍ത്തന്നെ ഒരു വണ്ടി നിറയെ പോലീസുകാരെത്തിയത് എന്തു മറിമായമാണെന്നാ ഇപ്പോഴും മനസിലാവാത്തത്.

നിന്റെ പിറുപിറുപ്പ് അല്പം കൂടിപ്പോവുന്നുണ്ട്, നീയെന്റെ കൈയീന്നു മേടിക്കുവേ എന്നൊക്കെ ഇരുന്ന ഇരുപ്പിലിരുന്നു പറഞ്ഞെന്നുവച്ച് മിണ്ടാതിരിക്കാന്‍ കഴിയുമോ?. ആവശ്യപ്പെട്ടിട്ടൊന്നുമല്ലല്ലോ ഇങ്ങനെ ചുവരില്‍ പിടിച്ചു കുടുക്കിയിരിക്കുന്നത് ? സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണല്ലോ. അപ്പോള്‍ പിറുപിറുക്കുന്നതു കേള്‍ക്കേണ്ടിയും വരും, അല്ല പിന്നെ, എന്നൊക്കെയല്ലാതെ എങ്ങനെയാ ഇതിനോടൊക്കെ പ്രതികരിക്കേണ്ടത്. പിടിച്ചു ചുവരില്‍ ആണിയില്‍ തൂക്കി പറയിക്കുന്നതല്ലേ. ഒന്നും മേലാതെ ചാരുകസാരയില്‍ പിടിച്ച് ഒരേയിരിപ്പിലിരുത്തിയതിനുള്ള പ്രതികാരമാണെന്നൊക്കെ ഒരു വിചാരമുണ്ടാവും. അതു മനസ്സില്‍ തന്നെ അങ്ങു വച്ചേച്ചാല്‍ മതി. ഒന്ന് ഊതിയാല്‍ തെറിക്കുന്ന ഇരിപ്പേ അതുള്ളൂ. അതെല്ലാം ഒരു ദിവസം മനസ്സിലാവും. ഒന്ന് ഊതിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി മുഴുവന്‍ ഇരുട്ടില്‍ മുക്കിയെടുത്തതാ, അന്ന്. ഓര്‍മ്മയുണ്ടാവും. അല്ലെങ്കില്‍ എവിടെ ഓര്‍മയിരിക്കുന്നു. ചോരവാര്‍ന്ന് ഏതാണ്ട് നനഞ്ഞ കടലാസ് പോലുള്ള കിടപ്പായിരുന്നല്ലോ. എന്റെ മാതാവേ, കറന്റും പോയി, ഇനിയെന്നാ ചെയ്യും എന്ന് അന്നമ്മ സിസ്റ്റര്‍ പറഞ്ഞതു കേട്ട് നിറഞ്ഞ ഇരുട്ടില്‍ മാറിനിന്ന് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയത് ഇന്നും മറന്നിട്ടില്ല. എന്നാല്‍ മെഴുകുതിരി വെട്ടത്തില്‍ അടിയന്തര ഓപ്പറേഷന്‍ നടത്താനൊക്കെ സര്‍ക്കാര്‍ ഡോക്ടറെ ആരാ പഠിപ്പിച്ചതാരാണെന്നാ മനസ്സിലാവാത്തത്.

ഇനി പഠിപ്പിച്ചതു പോട്ടെ. അത്രയും ചങ്കുറപ്പ് ആ ഡോക്ടര്‍ക്ക് ആരാണ് ആ അര്‍ദ്ധരാത്രിയില്‍ കൊടുത്തത് എന്നായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. മെഴുകുതിരി നാളത്തിലേക്ക് ഓരോ പ്രാണിയെ അപ്പപ്പോ പറത്തിവിടാന്‍ പെട്ട പാട്. എന്നാലും അന്നമ്മ സിസ്റ്ററുടെ തീപ്പെട്ടിയില്‍ ഇത്രയധികം കൊള്ളികള്‍ കുത്തിനിറച്ചു വച്ചുകൊണ്ടിരുന്നത് ആരാണെന്നാ ഒരു പിടിയുംകിട്ടാതെ പോയത്. നാലോ അഞ്ചോ കൊള്ളികള്‍ കാണുമെന്നേ കരുതിയിരുന്നുള്ളൂ. അല്ലെങ്കില്‍ ഒരു കൊടുങ്കാറ്റ് തന്നെ വീശിയടിപ്പിക്കാമായിരുന്നു. പക്ഷെ അന്നാമ്മ സിസ്റ്ററുടെ മിടുക്ക് ഇത്രയും വരുമെന്ന് ഏതായാലും നേരത്തേ മനസ്സിലാക്കാതിരുന്നത് കഷ്ടമായിപ്പോയി. അന്നാമ്മ സിസ്റ്ററെ നേരത്തേ പരിചയമില്ലാതെയൊന്നുമില്ല. ഹെഡ് നഴ്‌സ് തസ്തിക കൃത്യസമയത്തു കൊടുക്കാത്തതിനാല്‍ ചെറിയ നീരസത്തിലൊക്കെയായിരുന്നു. വല്ല മാസികയും വായിച്ചു നേരം വെളുപ്പിക്കുമെന്നല്ലാതെ അവര്‍ സ്വന്തം നിലയില്‍ ഒന്നും മുന്‍കൈയെടുത്തു ചെയ്യുന്നതായി കണ്ടിട്ടില്ല. സഹായിയുടെ വാഹനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇരപ്പിക്കുമ്പോള്‍ അതായിരുന്നു ആശ്വാസവും. വല്ലയിടത്തും കിടത്തിയേരേ, ഇനി നാളെ നോക്കാം, പിന്നെ ഡോക്ടറുമില്ല എന്ന് അന്നമ്മ സിസ്റ്റര്‍ പറയുമെന്നേ കരുതിയിരുന്നുള്ളൂ. അതാണു കണക്കുകൂട്ടല്‍ പിഴച്ചുപോയതിന് ഒരു കാരണം.

ഓപ്പറേഷനൊക്കെ നടത്തിക്കോട്ടെ, ആവശ്യത്തിനു കൊടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രീല് എവിടെയാ ചോരയെന്നൊരു സമാധാനവുമുണ്ടായിരുന്നു. എന്നാല്‍, എവിടെ നിന്നെന്നറിഞ്ഞില്ല, ചോര കൊടുക്കാന്‍ വേണ്ടി കുറെ ചെറുപ്പക്കാര്‍ ആ അസമയത്ത് ആശുപത്രിയിലേക്കു ഓടിപ്പിണച്ചെത്തിയത്. ഈ നീക്കം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ സന്ധ്യയ്ക്കു മുമ്പേ അവരെ കുടിപ്പിച്ചോ കുളിപ്പിച്ചോ കിടത്താമായിരുന്നു എന്നാണ് അപ്പോള്‍ തോന്നിയത്. രാമേട്ടന്‍ കുത്തുകൊണ്ടും വണ്ടിയിടിച്ചും ആശുപത്രിയിലായി എന്ന് അപ്പോഴേക്കും ഇത്ര പാട്ടായതെങ്ങനെയെന്നും തീരെ മനസ്സിലായില്ല. ഇരുട്ടില്‍ വേണമെങ്കില്‍ ചെറുപ്പക്കാരെ മുഴുവന്‍ വഴി തെറ്റിച്ചു മടക്കിയയക്കാമായിരുന്നു. അതിനും ശ്രമിക്കാതിരുന്നില്ല. എന്നാല്‍ വന്നുകയറിയവരുണ്ടോ തിരികെപ്പോവുന്നു? രാമേട്ടനെ കണ്ടിട്ടേ തിരിച്ചു പോകുന്നുള്ളൂ എന്നും പറഞ്ഞ് കാഷ്വാലിറ്റിക്കു മുന്നില്‍ ഇരിപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ അപ്പോഴേക്കും. അവരെ എന്തെങ്കിലും കാണിച്ചു പ്രലോഭിപ്പിക്കാമെന്നു വച്ചാല്‍ പാതിരാത്രി എന്തു കാട്ടാനാണ് എന്ന ചോദ്യത്തിനും ഉത്തരം ശരിക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എല്ലാം നൊടിയിടയില്‍ വേണമായിരുന്നുതാനുമല്ലോ. ത്ഫൂ..ഒരു രാമേട്ടന്‍. എന്നിട്ട് ആ ഇരിപ്പ് കണ്ടല്ലോ. നട്ടെല്ലിലെ കുത്തില്‍ പിന്‍ തറച്ചു വച്ച ഒരു പോക്കാച്ചിത്തവളയെ പോലെ.

നട്ടെല്ലിലെ കുത്തു തന്നെയാണ് ഒരു തരത്തില്‍ സംഗതികള്‍ ആകെ കീഴ്‌മേല്‍ മറിച്ചത്. മെഴുകുതിരി വെട്ടത്തില്‍ ഡോക്ടര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അതിന്റെ ആഘാതത്തില്‍ നിന്നു രക്ഷിക്കാനായില്ല. എന്നാലും, ജീവന്‍ രക്ഷിക്കാനായല്ലോ എന്ന് അന്നമ്മ സിസ്റ്ററുടെ ശബ്ദം ഇരുട്ടില്‍ കേട്ടപ്പോള്‍ ഇരുട്ടടി കൊടുക്കാനാണു തോന്നിയത്. മെഴുകുതിരി വെട്ടത്തില്‍ ജീവന്‍ രക്ഷിക്കാനായല്ലോ എന്ന്. എന്നുവച്ചാല്‍ ശരിയായ വെട്ടമുണ്ടായിരുന്നെങ്കില്‍ മുഴുവനായി അങ്ങു രക്ഷപ്പെടുത്താന്‍ പറ്റുമായിരുന്നെന്ന്. അതിന് അന്നമ്മ സിസ്റ്റര്‍ക്കും വൈകാതെ ഒരു പണി കൊടുത്തു. ഒരു ചെറിയ കൈപ്പിഴയേ ഉണ്ടായിരുന്നുള്ളൂ. മരുന്നു മാറിക്കുത്തിയെന്നോ മറ്റോ. മരുന്ന് ആ സമയത്തു മാറ്റിവയ്ക്കാന്‍ അല്പം പണിപ്പെടേണ്ടിവന്നുവെന്നുള്ളതു നേരാ. എന്നാലും സിസ്റ്റര്‍ക്കു പണി പോയിക്കിട്ടിയല്ലോ. ഒരു വലിയ രക്ഷക വന്നിരിക്കുന്നു. എല്ലാവരെയും അങ്ങു രക്ഷിച്ചുകളയും എന്ന ആ ഭാവമുണ്ടല്ലോ. കേസും കൂട്ടവും വന്നപ്പോള്‍ എല്ലാ തെളിവുകളും എതിരായി. ഉടന്‍ വന്നു പിരിച്ചുവിടല്‍ നോട്ടീസ്. അന്നു തീപ്പെട്ടി നിറയെ കൊള്ളികള്‍ കുത്തിനിറച്ചുവച്ചതിനു പറ്റിയ ശിക്ഷ. ആരും കാണിക്കരുത് അതിസാമര്‍ഥ്യം. കാണിച്ചാല്‍ ഇങ്ങനെയിരിക്കും.

മിണ്ടരുത് എന്നൊക്കെ ഒച്ചവച്ചാല്‍ ഇവിടെ അനുസരിക്കാന്‍ ആരിരിക്കുന്നു? അതു തന്നെയാണു പറയാനുള്ളത്. അതിസാമര്‍ത്ഥ്യം കാണിച്ചാല്‍ ഈ ചാരുകസാരയില്‍ ഈ ഇരിപ്പ് ഇരിക്കേണ്ടിവരും. പറഞ്ഞേക്കാം. എല്ലാവരോടുമായാണു പറയുന്നത് എന്നു കൂടി കൂട്ടിക്കോ. അന്നു രക്ഷിച്ച ഡോക്ടര്‍ക്കും കിട്ടിയല്ലോ കണക്കിന്. കൈക്കൂലി വാങ്ങിയതിനു സര്‍ക്കാര്‍ ഡോക്ടറുടെ പണി പോയെന്നു കേട്ടപ്പോള്‍ ചിരിച്ചുചിരിച്ചു കുടലു കലങ്ങിപ്പോയി. പത്തുപൈസ വാങ്ങാത്ത ഡോക്ടറാണ് എന്നൊക്കെയായിരുന്നു കേഴ്‌വി. എന്നാലും ആ ഗര്‍ഭിണിയുടെ ബന്ധുക്കളുടെ കീശയില്‍ നാലഞ്ചു ഗാന്ധിത്തല നോട്ട് തിരുകിവയ്ക്കുമ്പോള്‍ അതത്ര എളുപ്പമാണ് എന്നോര്‍ത്തിരുന്നതേയില്ല. ഗര്‍ഭിണിയേയും കൊണ്ടുവന്ന് ആശുപത്രിയില്‍ നടതള്ളിയേച്ച് അടുത്ത ഷാപ്പില്‍ പോയി മിനുങ്ങിക്കളയുമോ എന്നായിരുന്നു പേടി മുഴുവനും. ഡോക്ടറെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ആ നോട്ട് ഡോക്ടറുടെ മേശപ്പുറത്തിടാന്‍ കൈവിറച്ചേക്കുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. നോട്ടെടുത്തപ്പോള്‍ ശരിക്കും അയാളുടെ കൈ വിറയ്ക്കുന്നുമുണ്ടായിരുന്നല്ലോ. തന്റെ കീശയില്‍ എവിടന്നു വന്നു ഈ ഗാന്ധിത്തലയെന്നായിരുന്നു ഗര്‍ഭിണിയുടെ ബന്ധു വിചാരിച്ചുകൊണ്ടിരുന്നത് എന്നതു ന്യായം. അതു കാണിച്ചാലൊന്നും ഡോക്ടര്‍ വീഴില്ലെന്നും ഉറപ്പായിരുന്നു. ശരിക്കും ഗര്‍ഭിണിയുടെ കാര്യത്തില്‍ ഡോക്ടറുടെ കൈക്കപ്പുറത്തായിരുന്നു പ്രശ്നങ്ങള്‍. ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴേ അവശയും ദുര്‍ബലയും ആയിരുന്നു. ഡോക്ടര്‍ തനിക്കു പറ്റിയതുപോലെ നോക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടാല്‍ ആര്‍ക്കുമുണ്ടാകുമല്ലോ ആശയക്കുഴപ്പം. ഇതെന്തിനാ ഈ പണം എന്നൊക്കെ ഡോക്ടര്‍ ചോദിക്കുകയായിരുന്നു. വിജിലന്‍സുകാര്‍ അല്പം വൈകിപ്പോയിരുന്നെങ്കില്‍ സംഗതി കുഴപ്പമായേനെ. അതാ പറഞ്ഞത് എല്ലാ കണക്കും എല്ലായ്പോഴും തെറ്റില്ലെന്ന്. കൈയോടെ പിടിച്ചപ്പോള്‍ ഡോക്ടര്‍ക്ക് ഒന്ന് എതിര്‍ക്കാന്‍ പോലുമായില്ല. കേസു വന്നപ്പോഴും തെളിവെല്ലാം എതിര്. സങ്കടം പറഞ്ഞെത്തിയ അന്നമ്മ സിസ്റ്റര്‍ മാത്രം പറഞ്ഞു: ആരോ ഡോക്ടറെ കുടുക്കിയതാ. മരുന്നുമാറിക്കുത്തിയ കേസില്‍ അന്നമ്മയുടെ നിരപരാധിത്വത്തിനു മുന്നില്‍ കൈമലര്‍ത്തിയ ഡോക്ടറായിരുന്നു എന്നെങ്കിലും ഓര്‍ക്കണ്ടേ. എന്നിട്ട് ഇപ്പോള്‍ പതം പറയാന്‍ വന്നിരിക്കുന്നു. ഇങ്ങനെ പോയാല്‍ അന്നമ്മ ഭാവിയില്‍ പൊന്നമ്മയാവുമല്ലോ എന്നോര്‍ത്ത് അന്നും ചിരിച്ചുചിരിച്ചു മണ്ണുകപ്പിയതാ.

ഇളിക്കാതെ ഇരിക്കുന്നുണ്ടോ, ഞാനങ്ങ് എഴുന്നേറ്റു വരണോ എന്നൊക്കെ കസാരയില്‍ തൂങ്ങിയുള്ള വിരട്ടലൊക്കെ കേട്ടാല്‍ തോന്നും ഇപ്പോള്‍ ഇങ്ങെഴുന്നേറ്റു വന്നു മൂക്കേക്കൂടി വലിച്ചുകളയുമെന്ന്. കൈവലിച്ചുനീട്ടി കഴുത്തിലൊന്നു തൊടുകയേ വേണ്ടൂ, കസാരയില്‍ തന്നെ സിദ്ധി കൂടാന്‍. കുറച്ചുകാലം കൂടി അനുഭവിക്കട്ടെ എന്നു വിചാരിച്ചിട്ടുതന്നെയാണ്. നാട്ടുകാരുടെ ആദര്‍ശ പുണ്യാളനല്ലേ. അനുഭവിക്കട്ടെ കസാരയിലിരുന്നു വേരിറങ്ങട്ടെ. അപ്പോള്‍ ഒരു പിടിത്തമുണ്ടു കഴുത്തിന്. ഒരു പൂവിറുക്കുന്നതിനേക്കാളും എളുപ്പത്തിലിങ്ങുപോരും ജീവന്‍. കുറെ നാളായി ക്ഷമിക്കുന്നു. പഴയ കാര്യങ്ങളോര്‍ത്ത് ഒന്നു ചിരിച്ചുപോയതാ ഇപ്പോ കൊഴപ്പം. വല്ലപ്പോഴും ചിരിക്കണം. എന്നും എപ്പോഴും മോന്തയും കൂര്‍പ്പിച്ച് നാട്ടുകാര്‍ക്കു വേണ്ടി ഓരോ അബദ്ധങ്ങള്‍ എഴുന്നെള്ളിച്ച് ആദര്‍ശം കാണിച്ചു നടന്നാല്‍ പോര. കുറെക്കാലം കഴിയുമ്പോള്‍ നാട്ടുകാര്‍ മൂട്ടിലെ പൊടിയും തട്ടി അവരുടെ പാട്ടിനു പോകും. കൊണ്ടറിഞ്ഞാലും പഠിക്കില്ലെന്നു വച്ചാല്‍ എന്തു ചെയ്യും. ഇപ്പോള്‍ ഒരുത്തനുമില്ലല്ലോ ഇങ്ങട്ട് തിരിഞ്ഞുനോക്കാന്‍. ചോര കൊടുക്കാനും മറ്റും എന്തായിരുന്നു തിരക്ക്. ഒന്നമര്‍ത്തി മുള്ളാന്‍ പോലും നാലാള്‍ പിടിക്കേണ്ട ഗതികേടു വരുത്തിവച്ചാല്‍ ആരു തിരിഞ്ഞുനോക്കാനാണ്. വച്ചിട്ടുണ്ടല്ലോ കസാരക്കാലില്‍ ഒരു പാത്രം. ഇരുന്നുമുള്ളി. എന്നിട്ടും അഹങ്കാരത്തിന് ഒട്ടുമില്ല ഒരു കുറവും. ഇരിക്കട്ടെ, എത്രകാലം ഇരിക്കുമെന്നൊക്കെ സ്വയം തീരുമാനിക്കാന്‍ പറ്റില്ലല്ലോ. ഒരു ദിവസം വച്ചിട്ടുണ്ട്. മുഖമടച്ച് ഒന്നു കൊടുക്കും. മുഖം താനേ ഒരു വശത്തോട്ടു കോടിപ്പോവും. ഓ, നമ്മടെ രാമേട്ടന് അറ്റാക്കായി എന്നൊക്കെപ്പറഞ്ഞ് ഓരോരുത്തരൊക്കെ അപ്പോള്‍ കയറിവരാനുണ്ട്. അപ്പോഴേക്കും എല്ലാം തീര്‍ന്നുകഴിഞ്ഞിരിക്കും. എന്നാലും അറ്റകൈയ്ക്ക് കൊണ്ടോവും. സര്‍ക്കാര്‍ ആശുപത്രീല്‍ക്ക്. അവിടെയാണല്ലോ പാവപ്പെട്ടവരുടെ സ്വര്‍ഗ്ഗരാജ്യം. മരിച്ച നിലയില്‍ കൊണ്ടുവന്നതാണല്ലോ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ കോടുന്ന മുഖത്തേക്കു നോക്കി ഒന്നുകൂടി തലയറഞ്ഞു ചിരിക്കണമെന്നുണ്ട്. അവസാനത്തെ ചിരി ആരാ ചിരിക്കുക എന്നറിയണമല്ലോ.

ഓ, നിനക്കു വൈകീട്ടത്തെ കറക്കത്തിനു നേരമായി എന്നൊക്കെ ഒരു പരിഹാസച്ചിരി ആ കിറിയുടെ കോണില്‍ തെളിയുന്നുണ്ട്. എന്നുവച്ചാല്‍, ഇയാളാണെന്നു തോന്നും ഇതിനൊക്കെ സമയം നിശ്ചയിക്കുന്നതെന്ന്. സമയമായാല്‍ പോവേണ്ടവര്‍ അതിന്റെ പാട്ടിനു പോവും. അതിനാരുടെയും സമ്മതമൊന്നും ആര്‍ക്കും ആവശ്യമില്ല. ചെല്ല്, ചെന്ന് ഓരോരുത്തന്റെയൊക്കെ സ്വസ്ഥത കെടുത്തി അവനെയെല്ലാം വഴിതെറ്റിച്ചു കാലപുരിക്കയക്ക് എന്നാ ആ പുച്ഛമുണ്ടല്ലോ. അതിനിയും കാണാന്‍ വയ്യ. കാണാന്‍ പാടില്ല. പോയിക്കറങ്ങിത്തിരിച്ചുവരുമ്പോഴേക്കു തീര്‍ന്നേക്കണം, ആളെയൊരു മാതിരി ഊശിയാക്കുന്ന ആ ചിരിയും കിറിയുടെ അറ്റത്തൂടെ ഒഴുകിവീഴുന്ന ഊത്തയും. ഉം ചെല്ല്, ചെല്ല് എന്നൊന്നും പറയേം വേണ്ട. പറഞ്ഞല്ലോ സമയമാകുമ്പോള്‍ പോകുമെന്ന്. ഇവിടിങ്ങനെ കസാരയില്‍ വേരുപിടിച്ചതുപോലെ ഇരിക്കുന്നതു പോലെയല്ല. പോയിട്ടു കാര്യമുണ്ടായിട്ടുതന്നെയാണ്. ഓരോരുത്തനൊക്കെ ആധിപിടിച്ചു കാറിലും ബൈക്കിലും പോയിത്തുടങ്ങുന്ന സമയമായി. സമയം തീര്‍ന്നവനെ തിരിച്ചുവിളിച്ചേ മതിയാകുകയുള്ളൂ. ആരെയും അധികകാലം ഇവിടെ വച്ചുപൊറുപ്പിക്കാനൊന്നും പറ്റില്ല.

ചുവരിലെ ആണിയില്‍ നിന്നു ഒരു മിന്നല്‍പ്പിണര്‍ പോലെ മുറ്റത്തേക്കു ചാടി അവിടെനിന്നു തൊടിക്കു പുറത്തേക്കു നടക്കുമ്പോള്‍ പിന്നില്‍ പുച്ഛത്തോടെ കാര്‍ക്കിച്ചുതുപ്പുന്നതൊന്നും കാണാഞ്ഞിട്ടൊന്നുമല്ല. അതെന്നുമുള്ളതാണല്ലോ എന്നുവച്ച് വകവച്ച് തന്നിട്ടുമില്ല. എല്ലാത്തിനും ചേര്‍ത്ത് തരുന്നുണ്ട്. പറഞ്ഞല്ലോ, പോയി വരുമ്പോഴേക്ക് തീര്‍ത്തേക്കണം, എല്ലാം. ഇങ്ങനെ കസാരയില്‍ കൊളുത്തിയിട്ടു എന്നും ജീവിക്കാമെന്നൊന്നും കരുതേണ്ട. എത്രയും നേരത്തേയായാല്‍ അത്രയും നന്ന്. മടങ്ങിവന്നിട്ടുവേണം, കഴുത്തില് അവസാനത്തെ പിടിത്തമിടാന്‍. അപ്പോള്‍ എന്നത്തേയും പോലെ പിടിച്ചു വീണ്ടും ചുവരിലേക്കെറിഞ്ഞ് ആണിയില്‍ കൊരുത്തിടാമെന്നൊന്നും കരുതേണ്ട. അപ്പോഴേക്കും മുഖം കോടിക്കഴിഞ്ഞിരിക്കും. ഒന്നു തൊടുകയേ വേണ്ടൂ. ശ്വാസം പിഴുതുകളയാന്‍. ഇനി കണക്കു തെറ്റുമെന്നൊന്നും കരുതേണ്ട. അതിനി തെറ്റാന്‍ പോകുന്നില്ല. ഇനി സഹായത്തിനു പണ്ടേപ്പോലെ ആരെങ്കിലും ഓര്‍ക്കാപ്പുറത്തെത്തുമെന്നൊന്നും വിചാരിക്കുകയും വേണ്ട. ഒരുത്തനും ഈ പടി തിരിഞ്ഞുനോക്കില്ല. അതിനുള്ള പണിയെല്ലാം ഒപ്പിച്ചുവച്ചിട്ടുണ്ട്. കാറ്റു പോയാപ്പിന്നെ വന്നോട്ടെ. വരണം, വരണം, എല്ലാരും വരണം, അവരുടെ മുന്നിക്കൂടി ഒന്നു തലയുയര്‍ത്തി നടക്കാനുണ്ട്. ഇന്നു രാത്രി ചിരിച്ചുചിരിച്ചു പണ്ടാറമടങ്ങണം. സെമിത്തരിയും ചൈനാ കോളനിയും കടന്നു മൈതാനം വലംവയ്ക്കുമ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ കൊഴുത്തുരുണ്ട പയ്യന്റെ ജഡം എങ്ങനെ മറവുചെയ്യുമെന്ന ആലോചനയിലായിരുന്നു. ചൈനാ കോളനിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്കു തൊട്ടുമുന്നേ ഒരു ജാഥ പോയിക്കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. വ്യാജക്കള്ളു കുടിച്ചു ഛര്‍ദ്ദിച്ചും തുപ്പിയും ബോധംകെട്ടും. അതിനു പിന്നാലെ പെണ്ണുങ്ങളും പിറുങ്ങിണികളും അലമുറയിട്ടും നെഞ്ചുതല്ലിപ്പൊളിച്ചും. ഇന്നു സര്‍ക്കാര്‍ ആശുപത്രിവളപ്പില്‍ തിരക്കിന്റെ ചവിട്ടുകളിയാവും. ഓരോന്നും കൊഴിഞ്ഞുവീണും വീഴാത്തവനെ തല്ലിക്കൊഴിച്ചും. കലക്ടറേറ്റ് വളവില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്റെ പഴുതുകള്‍ക്കിടയിലൂടെ മരണം നൂണ്ടുകടന്നു നടന്നു. വഴിയരികില്‍ നിന്നിരുന്ന വന്മരത്തെ ഒന്നു തൊട്ടുകടന്നുവച്ചതേയുളളൂ. മരം കടപുഴകി ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്കു വീഴാനിരുന്നതാണോ എന്നു തോന്നിപ്പോവും. കോടതിക്കവല വരെ വാഹനങ്ങള്‍ തിരക്കില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നതു കാണാന്‍ പ്രത്യേക രസമാണേ. അതിനിടയില്‍ പെട്ടിട്ടുണ്ട് രണ്ട് ആംബുലന്‍സും. അതുങ്ങളുടെ നിലവിളീം ചുവന്ന വിളക്കിന്റെ പടപടപ്പുമൊക്കെ അധികം നോക്കിയിരിക്കാന്‍ ആര്‍ക്കിരിക്കുന്നു സമയം?. ഇതിനിടയിലൂടെ നൂണ്ടുവന്ന് ഒരു രക്ഷകന്റെയും വാഹനം ഇനിയൊരു വട്ടം കൂടി സര്‍ക്കാര്‍ ആശുപത്രിപ്പടിക്കല് ബ്രേക്കടിച്ചുനിര്‍ത്തില്ല. അതു കട്ടായം.

ജോണ്‍ പോളും ചന്ദ്രമോഹനും എത്തിയപ്പോഴേക്കും രാമേട്ടന്റെ മുഖം ഒരു വശത്തേക്കു കോടിപ്പോയിരുന്നു. എന്നാലും ശ്വസിക്കുന്നുണ്ടോ എന്നൊരു സംശയം ജോണ്‍ പോളാണ് ഉയര്‍ത്തിയത്. അതു പരിശോധിക്കാനെന്നവണ്ണം ചന്ദ്രമോഹന്‍ നെഞ്ചിടത്തേക്കു ചെവികള്‍ ചേര്‍ത്തുവച്ചു. എന്നാല്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താനായില്ല ഇരുവര്‍ക്കും. ട്രാഫിക്കില്‍ കുരുങ്ങി കുറെ സമയം കിടന്നപ്പോഴും ഒരിക്കല്‍ കൂടി രാമേട്ടന്റെ നെഞ്ചില്‍ ചെവിവച്ചുനോക്കാനുള്ള ധൈര്യമൊന്നും ഇരുവര്‍ക്കുമുണ്ടായില്ല. മണിക്കൂറുകള്‍ വൈകിയെത്തിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കാഷ്വാലിറ്റി ഡോക്ടറാണ് മരണം പ്രഖ്യാപിച്ചത്. കുറച്ചുകൂടി നേരത്തേ കൊണ്ടുവന്നിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു എന്നു ഡോക്ടര്‍ പറഞ്ഞത് കാര്യമായാണോ എന്നു ജോണ്‍ പോള്‍ സംശയിച്ചു. വ്യാജക്കള്ളും മരം വീണ അപകടവുമൊക്കെയായിരുന്നെങ്കിലും രാമേട്ടനെ രക്ഷിക്കാന്‍ ഇവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞതും ആശ്വസിപ്പിക്കാനായിരുന്നിരിക്കണം. രാമേട്ടന്‍ ചിലപ്പോള്‍ നേരത്തേ മരിച്ചുപോയിരുന്നിരിക്കാം. ഈ ആലോചനകള്‍ക്കിടയില്‍ ആരുടേയോ ചിരി കേട്ടു ജോണ്‍ പോളും ചന്ദ്രമോഹനും തിരിഞ്ഞുനോക്കി. എന്നാല്‍ ആരെയും കാണാന്‍ കഴിഞ്ഞുമില്ല. ശവസംസ്ക്കാരച്ചടങ്ങിനെക്കുറിച്ചുള്ള ആലോചനകളിലേക്ക് അവരുടെ വിചാരങ്ങള്‍ കടന്നുകഴിഞ്ഞതിനാല്‍ അതേക്കുറിച്ച് ഇരുവരും പിന്നീട് ഓര്‍ത്തതുമില്ല.

Subscribe Tharjani |