തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

നമ്മള്‍

വെളിച്ചത്തിനു തെളിച്ചംപോലെ
നിഴലേ നീയെന്‍ പ്രിയ തോഴന്‍.

ആര്‍ക്കുമേറാനരുതാത്ത തോണി-
പോലെ നമ്മളൊരുമിച്ചൊഴുകുന്നു.

നിന്നെയെന്‍ ജീവനെന്നു വിളിക്കട്ടെ!

പ്രഭാതത്തിലെന്നെയും കടന്നു വളര്‍ന്നും,
സായാഹ്നത്തിലൊപ്പം തണലായും
അസ്തമയത്തിലെന്നിലേക്ക് ചുരുങ്ങിയെന്‍
ദേഹത്ത് കയറിയൊടുക്കമൊരേ
ദേഹം തന്നെയായി മാറുന്നു നമ്മള്‍ ‍.

എന്റെ വാക്കുകള്‍ സുവര്‍ണ്ണമാക്കും
ആല്‍ക്കെമിസ്റ്റു നീ തന്നെയുള്‍ പ്രേരകവും!

വെളിച്ചത്തിലെന്നിലെ കാളിമയടര്‍ത്തി
മെല്ലെയതില്‍ നിത്യം ജീവനെപ്പരത്തി
പപ്പടം പോല്‍ നിരത്തിയുണക്കുന്നു നീ.

നിദ്രയിലെന്നുള്‍ച്ചൂടില്‍ വെന്തു
സ്വപ്നത്തില്‍ ചേര്‍ന്നുറങ്ങി
വളരുമെന്നിലെല്ലാ നിമിഷവും.

ഒടുക്കമൊരു കുമ്പിള്‍ വായുവെന്നില്‍
നിന്നും പറിച്ചെടുത്തെന്നെയിരുട്ടിലൊ-
റ്റക്കുറക്കി പുകച്ചുരുളായി പൊങ്ങും!

ഈ വിഭ്രമലോകത്ത് ഞാനറിയുന്നു
നിഴലേ നീയേ നിത്യമാം സത്യം!

Subscribe Tharjani |