തര്‍ജ്ജനി

മുഖമൊഴി

കൽക്കരി പാടങ്ങളിൽ പൂക്കുന്നത്

അഴിമതി കണക്കനുസരിച്ച് പട്ടികപ്പെടുത്തിയ 176 രാജ്യങ്ങൾക്കിടയിൽ തൊണ്ണൂറ്റി നാലാമത്തെ സ്ഥാനമാണ് ഈ വർഷം ട്രാൻസ്പെരൻസി ഇന്റെർനാഷണൽ ഇന്ത്യയ്ക്കു നൽകിത്. കഴിഞ്ഞ വർഷത്തെ റാങ്ക് 95 ആയിരുന്നെങ്കിൽ 2010-ൽ എൺപത്തി ഏഴാം സ്ഥാനത്തായിരുന്നു. സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതയാഥാർത്ഥ്യമായി ഇന്ത്യൻ അഴിമതിയെ വിലയിരുത്തുന്ന അമേരിക്കൻ എംബസി യുടെ 1976 -ലെ ഒരു കേബിൾ വിക്കിലീക്സ് അടുത്തകാലത്ത് പുറത്തു വിട്ടിട്ടുണ്ടായിരുന്നു. ദലൈലാമ, ഇക്കഴിഞ്ഞ മാർച്ചിൽ മീററ്റിൽ വച്ചു നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഒരു സർട്ടിഫിക്കറ്റിനു പത്തോ നൂറോ വാങ്ങി കീശയിലിടുന്ന സാധാ ഉദ്യോഗസ്ഥൻ മുതൽ കോടികളുടെ തിരിമറിയിൽ പുളയുന്ന രാഷ്ട്രീയക്കാരൻ വരെ മേഖലകൾ മാത്രമല്ല തട്ടുകളും കൈയടക്കിയ വിപുലമായ ഒരു സാമ്രാജ്യമാണ് അഴിമതിയുടേത്. ഇന്ത്യാക്കാരന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ വാസ്തവമായി അക്ഷരാർത്ഥത്തിൽ അഴിമതി വളർന്നു കൊണ്ടേയിരിക്കുന്നതിന്റെ പ്രധാന കാരണം ആളാം വീതം ആർക്കും സംഭാവന നൽക്കാവുന്ന വിധത്തിലുള്ള അതിന്റെ പ്രവർത്തനമേഖലയുടെ വിസ്തൃതി തന്നെ.

ചാണക്യൻ അർത്ഥശാസ്ത്രത്തിൽ വിവിധതരം അഴിമതികളെക്കുറിച്ചും അതിനെ നേരിടേണ്ട ശിക്ഷാരീതികളെക്കുറിച്ചും പറയുന്നുണ്ട്. രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മേഖലകൾക്കു പുറമേ പാരമ്പര്യം കൂടി ഇക്കാര്യത്തിൽ അവകാ‍ശപ്പെടാവുന്നതരം ചരിത്രം ഇന്ത്യയ്ക്കുണ്ടെന്നർത്ഥം. 2011 ഏപ്രിലാണ് അണ്ണാ ഹസാരേ ‘അഴിമതിയ്ക്കെതിരെ മരണം വരെ’യുള്ള നിരാഹാരസമരവുമായി രംഗത്തെത്തുന്നത്. ഹസാരെ നടത്തിയ സമരം 2011 ഡിസംബറോടെ അതിന്റെ ഗതിവേഗം മായ്ച്ചു. ‘പ്രസ്ഥാനം അവസാനിക്കുന്നില്ല, മാറ്റി വയ്ക്കുകമാത്രമേ ചെയ്യുന്നുള്ളൂ’ എന്നായിരുന്നു ഉറപ്പ്. ഗാന്ധിയൻ സമരമാർഗത്തിൽ നിന്നു കൊണ്ട് വമ്പിച്ച യുവജനപങ്കാളിത്തത്തോടെ വ്യാപകമായ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭത്തിന് പറ്റിയ നിലയിലുള്ള വിരാമമല്ല അതിനു വന്നു ഭവിച്ചത്. അതിന്റെ പരിഹാസ്യത അഴിമതിയെന്ന യാഥാർത്ഥ്യത്തിന്റെ സർവാതിശായിത്വത്തിലേയ്ക്കാണ് സൂചി തിരിച്ചു വയ്ക്കുന്നത്. ഈ കാലഘട്ടത്തിൽ തന്നെ പുറത്തു വന്ന സ്കാമുകളുടെ പട്ടികയിലേയ്ക്ക് കണ്ണോടിക്കുക : 1. ബെല്ലാരി ഖനി കുംഭകോണം, 2. 140 മില്യൺ ഡോളറിന്റെ തത്ര കുംഭകോണം, 3. എൽ ഐ സി ഹൌസിങ് ലോൺ കുംഭകോണം, 4. NTRO കുംഭകോണം, 5. ഗോവൻ ഖനി കുംഭകോണം, 6. ബ്രുഹത് ബംഗലുരു മഹാനഗരപാലികാ കുംഭകോണം, 7. HIMUDA ഹൌസിങ് കുംഭകോണം, 8. പൂനയിലെ ഹൌസ് - ലാൻഡ് കുംഭകോണങ്ങൾ, ULC വിവാദം 9. 130 മില്യൺ ഡോളറിന്റെ ഒറീസ പൾസ്, MGNREGA കുംഭകോണങ്ങൾ, 10. മുബൈ സെയിത്സ് ടാക്സ് കൊള്ള, 11. മഹാരാഷ്ട്രയിലെയും ആസാമിലേയും വിദ്യാഭ്യാസ കുംഭകോണവും PDS വിവാദവും, 12. കേരളത്തിലെ നിക്ഷേപ വിവാദം, 13. ഉത്തർപ്രദേശിലെ TET, MGNREGA കുംഭകോണങ്ങൾ, 14. ഇന്ത്യൻ എയർ ഫോഴ്സ് ഭൂമി ഇടപാട് വിവാദം, 15. ബീഹാറിലെ സോളാർ വിളക്കു കുംഭകോണം, 16. ബി എൽ കശ്യപ് EPFO വിവാദം, 17. 23 മില്യൺ ഡോളറിന്റെ മുദ്രപ്പത്രകുംഭകോണം... 2012 -ൽ എണ്ണം ഇതിനേക്കാൾ കൂടുന്നു; അഴിമതിയ്ക്കു വിധേയമായ തുകയും. സ്വിസ് ബാങ്ക് അക്കൌണ്ട് തുകകളെക്കുറിച്ചുള്ള വിവരവും, കോമൺ വെൽത്ത് ഗെയിംസ് കുംഭകോണവും 2 ജി സ്പെക്ട്രം അഴിമതിയും സ്കോർപ്പിൻ സബ് മറൈൻ വിവാദവും അബ്ദുൾ കരീം തെൽഗിയുടെ ഇരുപതിനായിരം കോടിയുടെ മുദ്രപ്പത്ര കുംഭകോണവും പുറത്തു വരുന്നത് ഇതിനും ശേഷമാണ്. ലോക്പാൽ ബില്ലിന്റെ സുതാര്യതയ്ക്കുവേണ്ടിയുള്ള മുറവിളി തത്കാല ഓളത്തിനു ശേഷം വലയങ്ങളൊന്നും സൃഷ്ടിച്ചില്ലെന്ന് അർത്ഥം. ചുരുക്കത്തിൽ വെള്ളം, തിളക്കാൻ വെമ്പി പൂർവസ്ഥിതിയിലേയ്ക്കു മടങ്ങി.

ഒരു വശത്ത് മൂല്യങ്ങളെ ബഹുമാനിക്കുന്നതരം ജീവിതരീതിയെ ആദർശാത്മകമായി പുകഴ്ത്തുക; മറുവശത്ത് സ്വന്തം ജീവിതം തന്നെ എല്ലാതരം മൂല്യങ്ങളെയും മെതിക്കാൻ ഉപയുക്തമായ ആയുധമാക്കി തീർക്കുക. ഇത്തരമൊരു കുഴമറിച്ചിലിലാണ് ഇന്ത്യൻ ജീവിതം. രാജാവിന്റെ സ്വഭാവം ശരിയല്ലെങ്കിൽ ശിശുമരണവും വരൾച്ചയും പാതിവ്രത്യഭംഗങ്ങളും രാജ്യത്തെ ആവേശിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു ജനതയെ മേൽത്തട്ടുകളിലെ വമ്പിച്ച കൊള്ളകൾ ശീലങ്ങളായി ബാധിക്കാതിരിക്കാൻ ന്യായമൊന്നുമില്ല. വിഷപരീക്ഷയും അഗ്നി പരീക്ഷയും കൊണ്ട് സത്യസന്ധത തെളിയിച്ചിരുന്ന ഒരു നാടുകൂടിയാണ് ഇന്ത്യ. യുക്തിയുടെ വെളിച്ചം വൈകിയ വേളകളിൽ പോലും തലച്ചോറുകളിലെ അറകളെ തുറന്നിടാൻ മടിക്കുന്നത് വിശ്വാസത്തിനുള്ള രൂഢമൂലത കൊണ്ടാണ്. അത്തരം മൂല്യങ്ങളുടെ കടയ്ക്കൽ കത്തി കേറുമ്പോൾ നിലനിൽ‌പ്പിനെ സംബന്ധിക്കുന്ന വാസ്തവങ്ങളാണ് തകർന്നടിയുന്നത്. ഇന്ത്യൻ അഴിമതിയുടെ വേരു ചികഞ്ഞവർ കണ്ടെത്തിയ കാരണങ്ങളിൽ രസകരമായ ചിലതുകൂടിയുണ്ട്. അതിലൊന്ന് പലതരത്തിൽ‌പ്പെടുന്ന ദൈവങ്ങൾക്ക് എന്തെങ്കിലും നൽകി കാര്യസാദ്ധ്യത്തിനായി പ്രാർത്ഥിക്കുന്ന ചിരന്തനമായ ശീലമാണ്. പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന നയപ്രകാരം പ്രസാദങ്ങൾ പലപ്പോഴും പണമാണ്. തിരുപ്പതി വെങ്കിടാചലപതിയും ശബരിമലഅയ്യപ്പനും ഗുരുവായൂരപ്പനും ആൾദൈവങ്ങളും ഭക്തജനങ്ങളുടെ കൈക്കൂലികളാൽ, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും മീഡിയാ ദല്ലാൾമാരെയും ഒക്കെക്കാൾ സമ്പന്നരാണ്. പ്രതിമാദൈവങ്ങളെ പാലുകൊടുത്തും ലഡ്ഡുതീറ്റിച്ചും സ്വന്തം ജീവിതത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ വെമ്പുന്ന ഒരു ജനതയുടെ സ്വാഭാവികമായ ദുരന്തങ്ങൾ രാഷ്ട്രീയരംഗത്തേയ്ക്കും ചേക്കേറുന്നു.

വിലയ്ക്കു വാങ്ങുന്ന പിന്തുണയോടെയാണ് നമ്മുടെ നിയമനിർമ്മാണസഭകൾ ബില്ലുകൾ പാസ്സാക്കിയെടുക്കുന്നത്. കാര്യസാദ്ധ്യത്തിനുള്ള വില പച്ച നോട്ടുകൾ (ഇപ്പോൾ ചുവന്ന നോട്ടുകൾ) തന്നെ അവിടെയും. കേന്ദ്രസർക്കാൻ ബീഹാറിനനുവദിച്ച പതിനയ്യായിരം കോടി നിതീഷ്കുമാറിനെ കൂടെ നിർത്താനുള്ള വിലയാണെന്ന് പറയപ്പെടുന്നു. ബി എസ് പിയെയും സമാജ് വാദി പാർട്ടിയെയും കൂടെ നിർത്തണമെങ്കിലും അവരുടെ വില നിലവാരമനുസരിച്ചുള്ള പ്രസാദങ്ങൾ നൽകണം. പാർട്ടികൾക്കു കൊടുക്കാനുള്ള ഫണ്ടുകൾക്ക് ഇപ്പോൾ നികുതിയില്ല. സാധാരണപ്രവർത്തകനിൽ നിന്നു പിരിക്കുന്ന ലെവികൾ കൊണ്ടല്ല, ഒരു പാർട്ടിയും ഇന്ന് ജീവിച്ചു പോകുന്നത്. കോടികൾ ഫണ്ടിലേയ്ക്കൊഴുകുമ്പോൾ, അതൊഴുക്കാൻ കഴിവുള്ളവർ നിർണ്ണായക സ്ഥാനത്തുള്ള കുംഭകോണങ്ങളും അവസാനിക്കില്ല. തീരുമാനിച്ച തീയതിയ്ക്കും രണ്ടു ദിവസം മുൻപേ ഇത്തവണ പാർലമെന്റ് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളമാണ് പ്രധാന കാരണം. റെയിൽ വേയിലെ വിവാദ കൈക്കൂലി കേസിൽ മന്ത്രി പവൻ കുമാർ ബൻസലിന്റെയും കൽക്കരി കുംഭകോണത്തിൽ സി ബി ഐ റിപ്പോർട്ട് സംബന്ധിച്ച വിവാദത്തിൽ‌പ്പെട്ട നിയമമന്ത്രി അശ്വിനികുമാറിന്റെയും രാജിയാവശ്യമാണ് പ്രതിപക്ഷത്തെ കലുഷിതമാക്കിയത്. ആ ഒറ്റ കാരണത്താൽ രാജ്യത്തെ 67% ആളുകൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു കൊടുക്കാനുള്ള ബില്ല് പിന്നെയും അവതാളത്തിലായി. അധികാരത്തിലേറിയ സർക്കാരിന്റെ ആദ്യത്തെ നൂറു ദിനപരിപാടിയിൽ ഉൾപ്പെട്ടിരുന്ന ബില്ലാണിത്. 2009 -ൽ പരിഗണിക്കേണ്ടിയിരുന്നത്. അതോടൊപ്പം ചവിട്ടി തേയ്ക്കപ്പെട്ടത് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക സംബന്ധിക്കുന്ന ബില്ലാണ്. ഇവ രണ്ടും സാധാരണക്കാർക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യമൊന്നും രണ്ടു മന്ത്രിമാരുടെ രാജിക്കു വേണ്ടിയുള്ള മുറവിളിയുടെ ഒച്ചയിൽ പുറത്തു കേട്ടില്ല. ഉന്നതതലങ്ങളിലെ അഴിമതി, ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ദരിദ്രനാരായണന്മാരോടുള്ള അവഹേളനമാണ്. അവരെ കൂടുതൽ ദാരിദ്ര്യത്തിലേയ്ക്ക് താഴ്ത്താനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല. കൂടെ നിയമനിർമ്മാണസഭകൾ ഓതിരവും കടകവുമായി ചുവടു വച്ച് സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അവധിക്കു പിരിയുക കൂടി ചെയ്യുമ്പോൾ എല്ലാം പൂർത്തിയാവുന്നു. അഴിമതിയ്ക്കോ അതിന്റെ ആഘാതത്തിനോ ഫലപ്രദമായ പരിഹാര നിർദ്ദേശങ്ങൾ ആർക്കും ഇല്ല. അഥവാ ആർക്കും താത്പര്യമില്ല. തിരഞ്ഞെടുപ്പാണ് മുന്നിൽ വന്നു നിൽക്കുമ്പോൾ പൊടി പൊടിച്ചു അതു നടത്തിയെടുക്കാനുള്ള വകകൾ സ്വരൂപിക്കുക എന്ന മുഖ്യ അജണ്ടയ്ക്കു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു. വർഷാവർഷം കുംഭകോണങ്ങളിൽപ്പെട്ടു വരുന്ന അഴിമതി തുകയുടെ വലിപ്പം കണ്ടു കണ്ണു വീർക്കുകയാണ് നമുക്കിപ്പോൾ പറഞ്ഞിട്ടുള്ള പണി. കേസിൽ ഉൾപ്പെട്ടിരിക്കുന്ന തുകയുടെ വലിപ്പം കണ്ട് (അതിലെ പൂജ്യങ്ങളുടെ എണ്ണക്കൂടുതൽ കണ്ട്) രാജ്യത്തെ പരമാധികാര നീതിന്യായ കോടതി തന്നെ അമ്പരക്കുന്നതു് 2 ജി സ്പെക്ട്രം കേസിൽ നാം കണ്ടു. കൽക്കരിപ്പാടം കേസ് അതിലും കൂടുതൽ പൂജ്യങ്ങളെ നിരത്തി കാണിച്ചു. പുതിയ പുതിയ കുംഭകോണങ്ങളുടെ കാര്യം വരുമ്പോൾ കാര്യം വരുമ്പോൾ ഫലപ്രദമായി അവതരിപ്പിക്കേണ്ട ഒരു ഭാവം കൂടി ഇനി നമ്മൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഭാവിയിലേയ്ക്കു കൂടിയുള്ള ആവശ്യത്തിന്. രസസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഭരതന്റെ നാട്ടുകാർക്ക് ആ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ല.

Subscribe Tharjani |