തര്‍ജ്ജനി

കൃഷ്ണദീപക്

ഇ മെയില്‍ : krishnamaliyeckel@gmail.com

Visit Home Page ...

കവിത

ഒറ്റപ്പെടലിന്റെ അഥവാ സന്തോഷത്തിന്റെ സമയം

ഒറ്റപ്പെടലിന്റെ സമയമാണിത്

ഭ്രമിച്ചു മറഞ്ഞ
ചുംബനത്തിന്റെ തീരാത്ത ചൂട്
ജനലരികുകളില്‍ പറ്റിപ്പിടിച്ച്
എന്നെ തന്നെ മിഴിച്ചു നോക്കുന്നു

ഒരൊറ്റ നോട്ടത്തില്‍ തന്നെ
ഞാനതിന്റെ പൊരുള്‍
മനസ്സിലാക്കും.

പിന്നെ -
വെയില്‍ പൊള്ളിക്കുന്ന
ഈന്തപ്പനകള്‍ക്കിടയിലൂടെ
ആരുടെ കണ്ണിലും പെടാതെ
നിലയ്ക്കാത്ത തിരയില്‍
ആടിയുലഞ്ഞ്
ഏഴുകടലും താണ്ടി
കുതിച്ചു പൊന്തും

മത്സ്യക്കുഞ്ഞുങ്ങളുടെ പുളച്ചില്‍
തിരമാലകള്‍ക്ക്
താളം നഷ്ടപ്പെടുന്നത് കണ്ട്
നിഗൂഢമായി ചിരിച്ച്
അപ്പോഴും ആ ചുംബനം
എനിക്ക് പിന്നാലെ ഉണ്ടാകും

എങ്കിലും -
നിനക്ക് പിടിതരാതെ
വഴുതി ഓടുമ്പോഴുള്ള
ഒരു സുഖമുണ്ടല്ലോ
അവിടെ
അവിടെയാണ്
നിന്നെ ഞാന്‍ ഒറ്റപ്പെടുത്തുന്നതും
നിറഞ്ഞു സന്തോഷിക്കുന്നതും.

Subscribe Tharjani |