തര്‍ജ്ജനി

ഡോ. അപർണ നായർ

മെയില്‍ : cheruaparna@gmail.com

Visit Home Page ...

അനുഭവം

ഷീഫെങ്ങ് മുത്തശ്ശിയെത്തേടി

കാല്‍ഗരിയിലെ മഞ്ഞുപെയ്യുന്ന ഒരു പ്രഭാതം. ഞാന്‍ പതിവുപോലെ എട്ടു മണിക്കുള്ള ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ എത്തി. തൂവെള്ള പുതപ്പണിഞ്ഞ മഞ്ഞുമലകള്‍ സ്റ്റേഷനകലെയായി കാണാം. ക്രിസ്മസ് അവധി അടുത്ത് വരുന്നതിനാല്‍ അവിടെ വലിയ തിരക്കില്ല. എല്ലാവരും കാല്‍ഗരി വിട്ടു ചൂടുള്ള സുഖവാസസ്ഥലങ്ങള്‍ തേടിപ്പോകുന്ന സമയമാണ്. സമയം എട്ടു മണിയോടടുക്കുന്നു. ഞാന്‍ ചുറ്റും നോക്കി. എന്റെ പ്രിയപ്പെട്ട ഷീഫെങ്ങ് മുത്തശ്ശിയെ. മൂന്ന് വർഷം മുൻപ്‌ ഇതുപോലെ തണുത്തുറഞ്ഞ ഒരു ദിവസമാണു ഷീഫെങ്ങ് മുത്തശ്ശിയെ ഞാൻ ആദ്യമായി കാണുന്നത്. മഞ്ഞു പെയ്യുന്ന ദിനങ്ങളില്‍ സ്റ്റേഷനും പരിസരവും ഉഴുതു മെതിഞ്ഞ പാടം പോലെയാണ്. ഒപ്പം നല്ല വഴുക്കുള്ളതിനാല്‍ എത്രയോ മനുഷ്യരാണ് തെന്നി വീഴുന്നത്!
ഷീഫെങ്ങ്(ഷീഫു) എന്ന സുഹൃത്തിനെ എനിക്ക് സമ്മാനിച്ചതും അങ്ങനെയുള്ള ഒരു തെന്നിവീഴ്ച്ചയാണ്. ട്രെയിനിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ ഒരു തിക്കും തിരക്കും സ്വാഭാവികമാണ്. പക്ഷെ തിരക്ക് കൂടിയപ്പോള്‍ ഷീഫു വഴുക്കുള്ള നടപ്പാതയെ മറന്നു. തറയില്‍ ചിതറി വീണ ഷീഫു വിന്റെ സാധനങ്ങള്‍ അടുക്കുമ്പോള്‍ തുടങ്ങി ഞങ്ങളുടെ സൗഹൃദം. 'താങ്ക്യു പ്രിന്‍സെസ് ' എന്ന് എന്നോട് പറയുമ്പോഴും വീണതിനെ ഓര്‍ത്തു ചിരിക്കുന്നുമുണ്ട് ഷീഫു. ആര്‍ യു ആല്‌രൈറ്റ് ? എന്ന് ഞാന്‍ ചോദിക്കുമ്പോഴും ചിരി തന്നെ. അടുത്ത ട്രെയിനില്‍ കയറി സിറ്റി സ്റ്റേഷന്‍ എത്തും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഓഫീസിലേക്ക് കയറാൻ ലിഫ്റ്റിൽ വിരലമർത്തുമ്പോൾ പിറകിൽ ‍നിന്നുള്ള ഒരു വിളി, എക്സ് ക്യൂസ് മീ ' അത് ഷീഫുവായിരുന്നു. ഞങ്ങള്‍ക്ക് കയറേണ്ടതും ഒരേ ലിഫ്റ്റ്‌. ഞാന്‍ പതിനാറാം നിലയിലെ എന്റെ ഓഫീസിലേക്കും ഷീഫു പത്താം നിലയിലേക്കും യാത്ര പറഞ്ഞു പോയി.
വൈകുന്നേരം അഞ്ചു മണിക്ക് ഞാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും ഷീഫു അവിടെയുണ്ട്. പിന്നെ ദല്‌ഹൗസീ സ്റ്റേഷന്‍ വരെ ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഷീഫുവിനു ഒരുപാടു സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും ഇടയ്ക്കു വന്നു വിശേഷങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും ചിരിച്ചു കൊണ്ട് മറുപടിയും പറയുന്നു. യാത്രയിലെല്ലാം തന്റെ തുന്നല്‍ പണിയും ഒപ്പം കൂട്ടും. ഷീഫു മനോഹരമായിത്തുന്നി ഉണ്ടാക്കിയ തൊപ്പിയും കൈയ്യുറയുമെല്ലാം എല്ലാവര്ക്കും സൗജന്യമായി കൊടുക്കും. എല്ലാവരോടും സൌഹൃദത്തോടെ പെരുമാറുന്ന ഷീഫുവിനെ അപ്പോഴാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്.
ഞങ്ങളുടെ സൗഹൃദം അതിന്റെ ആഴങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. പ്രവൃത്തി ദിവസങ്ങളിലെ സൗഹൃദം എന്നാണ് അതിനെപ്പറ്റി എനിക്ക് തോന്നിയിട്ടുള്ളത്. അതിനാലാവാം ഞങ്ങള്‍ ഫോണ്‍ നമ്പര്‍ പോലും കൈമാറിയിരുന്നില്ല. ഫീഷുവിനെ കാണുമ്പോള്‍ എനിക്ക് ചെമ്പരത്തിപ്പൂവില്‍ തേന്‍ കുടിക്കാന്‍ വരുന്ന കുഞ്ഞിക്കുരുവിയെയാണ് ഓർമ വരുക. ചെറുപ്പത്തില്‍ എന്റെ ജനലഴികളിലൂടെ ഞാനാ കുരുവികളെ നോക്കി ഇരിക്കാറുണ്ടായിരുന്നു. ഒരു നിമിഷം പോലും അവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. അവരുടെ ഒരുതരം ഹൈപ്പെര്‍ ആക്ടിവിറ്റി നോക്കിയിരിക്കാന്‍ അന്ന് നല്ല രസമായിരുന്നു. ഷീഫു മുത്തശിയും അങ്ങനെയായിരുന്നു. ചിലപ്പോള്‍ ഷീഫുവിനെ കണ്ടാല്‍ കോയിപ്പറമ്പിലെ ചിരുതപ്പണിക്കത്തിയുടെ ഛായ ഉണ്ടെന്നുതോന്നും. ഒരു വ്യത്യാസം മാത്രമുള്ളത് ഷീഫുവിന്റെ മഞ്ഞ നിറമാണ്‌.
ഞാനീ ഭൂമിയില്‍വരുന്നതിനു നാല്‍പതു വര്ഷം മുന്‍പ് ഇവിടെ എത്തിയ ആളാണ് ഷീഫു. അവരുടെ അനുഭവങ്ങളെല്ലാം എനിക്ക് ഓരോ പാഠമായിരുന്നു. രണ്ടു വയസുള്ളപ്പോള്‍ കാനഡയില്‍ എത്തിയതാണ് ഷീഫു. പിന്നീട് ചൈനയില്‍ പോയിട്ടേയില്ല. അതിനാലാവാം മാവോ സേടോങിനെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ 'ഹൂ ഈസ് ദാറ്റ്‌ ഗയ്?' എന്ന് പറഞ്ഞത്. മാവോ സേടോങിനെപ്പറ്റി ഞാന്‍ കൂടുതല്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ 'സീ പ്രിന്‍സെസ്സ് , ഐ ലൈക്‌ ദിസ്‌ പ്ലയ്സ് ആന്‍ഡ്‌ ദിസ്‌ ഈസ്‌ മൈ ലൈഫ് ആന്‍ഡ്‌ സോള്‍ ആന്‍ഡ്‌ ഐ ഡോണ്ട് നോ എനിതിംഗ്'. ചൈനീസ് ഭാഷ അറിയാമെങ്കിലും ഇംഗ്ലീഷിൽ‍ പറയാനായിരുന്നു ഷീഫുവിനു കൂടുതൽ‍ ഇഷ്ടം.
ചെറുപ്പം മുതലേ അച്ഛനെ ബിസിനെസ്സില്‍ സഹായിച്ചതിനാല്‍ അധികം പഠിക്കാന്‍ കഴിഞ്ഞില്ല എന്ന് ഷീഫു ഇടയ്ക്കു പറയാറുണ്ടായിരുന്നു. പിന്നെ ഏറ്റവും പറയാറുള്ളത് കാങ്ങിനെപ്പറ്റിയാണ്‌. സന്തോഷകരമായ അവരുടെ ദാമ്പത്യത്തെപ്പറ്റി പറയുമ്പോള്‍ പലതവണ ഞാന്‍ ഒരുങ്ങിയതാണ് അവരുടെ മക്കളെപ്പറ്റി ചോദിയ്ക്കാന്‍. എന്തെങ്കിലും വിഷമമുള്ളതുകൊണ്ടാവം അതേപ്പറ്റി ഒന്നും പറഞ്ഞില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒരു നുഴഞ്ഞു കയറ്റം വേണ്ടയെന്നു എനിക്കും തോന്നി. അതിനാല്‍ കൂടുതലൊന്നും അറിയാന്‍ ശ്രമിച്ചില്ല. ഷീഫുവിന്റെ ബന്ധുക്കളാരും ചൈനയിലുണ്ടാവില്ലേ? എന്താണ് അവിടേക്ക് ഒരിക്കലും പോകാത്തത്? എന്നിങ്ങനെയുള്ള ഒരുപാടു ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ വന്നിരുന്നു.
ബാലുവിന്റെ ബാലിശമായ ചില തീരുമാനങ്ങളും, പൊന്നുവിന്റെ അനുസരണക്കേടും ഒക്കെ ഞാന്‍ ഷീഫുവിനോട് പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്റെ തോളില്‍ തട്ടിലിട്ടു പറയും, 'യു ആ൪ ലക്കി, യു ഹാവ് സം വണ്‍ വൈയ്റ്റിംഗ് ഫോര്‍ യു '. മറുപടി എനിക്കിഷ്ടമായില്ല എന്നത് കൊണ്ടാവാം വീണ്ടും പറഞ്ഞു, 'മെന്‍ ആള്‍വേയ്സ് ഹാവ് അപ്പര്‍ഹാന്ട് ആന്‍ഡ്‌ ഐ ബിലീവ് ഇറ്റ്‌ ഈസ്‌ ഗുഡ് ഫോര്‍ എ സ്റ്റേബിള്‍ ഫാമിലി ലൈഫ്'. കാരണമില്ലാതെ നീണ്ടു പോകുന്ന എന്റെ ഉദ്യോഗക്കയറ്റം എന്നെ വിഷമിപ്പിച്ചപ്പോഴും ഷീഫു എനിക്ക് കരുത്തു തന്നു.
ആരോഗ്യകാര്യങ്ങളെപ്പറ്റിപ്പറയുമ്പോഴൊക്കെ എന്നോട് തടി കുറയ്ക്കണമെന്നും, ദിവസവും വ്യായാമം ചെയ്യണമെന്നു താക്കീതു ചെയ്യുമായിരുന്നു. ഭക്ഷണം എത്ര കഴിക്കണം എങ്ങനെ കഴിക്കണം എന്നൊക്കെ വ്യക്തമായ അറിവ് ഷീഫുവിനുണ്ടായിരുന്നു. ഒരു ചിട്ടയുമില്ലാതെ എന്റെ ജീവിതത്തില്‍ വല്ലപ്പോഴെങ്കിലും ആ ഉപദേശങ്ങള്‍ കടന്നുവന്നിരുന്നു. എനിക്ക് ഷീഫു മുത്തശ്ശി എന്തിനും ഒരു മാതൃകയായിരുന്നു. ഒരു ദിവസം ഷീഫു എന്നോട് ഒരു കുഞ്ഞു കൂടി ആയിക്കൂടെ എന്ന് ചോദിച്ചു. പൊന്നുവിന്റെ വാശിയൊക്കെ അപ്പോള്‍ കുറയുമത്രേ. അടുത്തിടെ വായിച്ച ഒരു ബുക്കില്‍ പറയുന്നുവത്രേ ഒറ്റക്കുട്ടികള്‍ക്ക് സ്വാര്‍ഥത കൂടുതലാണെന്ന്. അടുത്ത ഉദ്യോഗക്കയറ്റത്തിനുവേണ്ടി പാഞ്ഞു നടന്ന ഞാന്‍ ഷീഫു പറഞ്ഞത് അത്ര കാര്യമാക്കിയില്ല.
ഭാഷക്കും,സംസ്കാരത്തിനും, പ്രായത്തിനും എല്ലാം അതീതമായ ഞങ്ങളുടെ സൗഹൃദം സഹയാത്രികര്‍ക്ക് ഒരു പുതുമയായിരുന്നു. പരിചയമില്ലാത്തവര്‍ ചിലപ്പോള്‍ കരുതുന്നുണ്ടാവും ഞാന്‍ ഷീഫുവിന്റെ ഇന്ത്യന്‍ ഭര്‍ത്താവിലുള്ള മകളെന്നോ അല്ലെങ്കില്‍ മകന്റെ ഇന്ത്യക്കാരിയായ ഭാര്യയെന്നോ ഒക്കെ. ചൈനീസ് പഠിക്കാനുള്ള എന്റെ ശ്രമം വൃഥാവിലായപ്പോഴും ഷീഫു തന്റെ മലയാളം പഠനം ആവേശത്തോടെ മുന്നോട്ടു കൊണ്ടുപോയി. ഞാന്‍ നാട്ടില്‍ നിന്നു കൊണ്ട് വന്ന് സമ്മാനിച്ച വിളക്കും, കഥകളി വേഷവുമൊക്കെ ഷീഫുവിനു വലിയ അദ്ഭുതമാണ്‌. ഞങ്ങൾ‍ക്ക് സംസാരിക്കാൻ‍ എന്നും വിഷയങ്ങളുണ്ടായിരുന്നു. എന്തിനെപ്പറ്റിയും കൂടുതല്‍ അറിയാന്‍ ഷീഫുവിനു വലിയ ഇഷ്ടമായിരുന്നു.
ട്രെയിനുകള്‍ ഒരുപാടു പോയ്‌ വന്നു. ആളുകള്‍ ഒരുപാടു പോയ്‌ വന്നു. മഞ്ഞു മലകള്‍ മാറി, വസന്തകാലമെത്തി. പക്ഷെ ഷീഫു മാത്രം വന്നില്ല. എവിടെ അന്വേഷിക്കും ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു. ബാലുവിനോട് ചോദിച്ചപ്പോഴും അഡ്രസ്‌ ഇല്ലാതെ എങ്ങനെ കണ്ടു പിടിക്കും എന്നായി. ഷീഫുവിന്റെ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ കരുതിയിരുന്നവരോടൊക്കെ തിരക്കി പക്ഷെ ആര്‍ക്കും അറിയില്ല ഷീഫുവിനെപ്പറ്റി.
അവസാനമായി ഞങ്ങൾ‍ പിരിയുമ്പോൾ പൊന്നുവിനുള്ള പിറന്നാൾ‍ സമ്മാനം എന്നെ ഏൽ‍പ്പിച്ച്‌ , 'സീ യൂ ടുമോറോ ' എന്ന് പറഞ്ഞു നടന്നകന്ന ഷീഫു വീണ്ടും എന്താണാവോ തിരിഞ്ഞു നോക്കിയത്. ഒരു പക്ഷെ ഇനി നമ്മൾ‍ കാണില്ല എന്നാണാവോ അതിന്റെ അർ‍ഥം. മനസും ശരീരവും മരവിച്ചു തുടങ്ങിയ എനിക്കു ഒരു പോസിറ്റീവ് എനർ‍ജിയായി ആരാവും ഷീഫുവിനെ എന്റെ അരികിലേക്ക്‌ വിട്ടത്. സുഹൃത്തുക്കളാരും ഇല്ലാതെ വിരസമായി തള്ളി നീക്കിയ ട്രെയിൻ‍ യാത്ര ഷീഫുവിന്റെ വരവോടെ മനോഹരമായ ഒരായിരം നല്ല ഓർ‍മ്മകൾ‍ എനിക്ക് നല്‍കി. എന്റെ ചിന്തകളിലും മാറ്റങ്ങൾ‍ വന്നു തുടങ്ങിയിരുന്നു.
പാവം ഷീഫു എവിടെയാവും ഇപ്പോള്‍? ആ ചിരിയും, സംസാരവും, പറന്നുള്ള നടത്തവും എനിക്ക് നഷ്ടബോധം ഉണ്ടാക്കുന്നു. എവിടെ തിരഞ്ഞാലാണോ ഷീഫുവിനെ കണ്ടുമുട്ടാന്‍ കഴിയുക? എന്നും രാവിലെ ദല്‌ഹൊസീ സ്റ്റേഷനിലെത്തുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കും ഇന്നെങ്കിലും ഷീഫുവിനെ കാണാന്‍ കഴിയണേന്നു. കൃത്യമായി പറഞ്ഞാല്‍ ഷീഫു അപ്രത്യക്ഷയായിട്ടു മുപ്പത്തിയൊന്നു ദിവസം കഴിയുന്നു. ഇന്നും ഞാന്‍ ഷീഫുവിനെ തിരയുന്നു. പഴയപോലെ തോളില്‍ തട്ടി 'പോട്ടെ സാരമില്ല' എന്ന് പറയാനും, ഒരു പാട് ചിരിക്കാനും ഒക്കെയായി ഷീഫു വരും എന്ന് കാത്ത് ഇന്നും എട്ടു മണിക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഞാന്‍ സ്റ്റേഷനിലെത്തും. ഷീഫു നാളെ വരും എന്ന ആശയോടെ ഓരോ ദിവസവും തള്ളി നീക്കുന്നു.

Subscribe Tharjani |