തര്‍ജ്ജനി

ഹരിശങ്കര്‍ കര്‍ത്താ

Visit Home Page ...

കഥ

വൃന്ദാവനത്തിലെ കൃഷ്ണപത്നി

‘ദാ അക്കാണുന്ന പുഴയുടെ പേരാണ് കാളിന്ദി’
‘യമുന തന്നെയല്ലേ കാളിന്ദി?’
‘ഭൂമിശാസ്ത്രം അപ്രസക്തമാണീ കഥയിൽ. സ്വന്തം ദേശം വിട്ട് അധികമൊന്നും സഞ്ചരിക്കാത്ത ഒരു ദക്ഷിണാത്യനാണ് ഇത് എഴുതുന്നത്. അവനെ കുഴപ്പിക്കരുത്’

‘ശരി. അങ്ങനെയാകട്ടെ. കാളിന്ദി മനോഹരമായിരിക്കുന്നു. ഞാൻ കേട്ടിട്ടുണ്ടല്ലോ, കാളിന്ദി അങ്ങയുടെ പത്നിമാരിൽ ഒരുവളാണെന്ന്. ഉള്ളത് പറയണമല്ലോ, അങ്ങയുടെ ഭാര്യമാരുടെ എല്ലാം പേരുകൾ എനിക്കിത് വരെ കാണാതെ പഠിക്കാൻ ഒത്തിട്ടില്ല. ഗുണകോഷ്ടകം പോലും ഈയുള്ളവൾക്ക് വശപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, സദാസമയം ഭഗവാന്റെ സ്മരണയിൽ വലഞ്ഞിരിക്കുന്ന ഈയുള്ളവൾക്ക് അത് ദുസാദ്ധ്യവുമല്ലോ.’

‘നിന്റെ അജ്ഞാനത്തിൽ ഞാൻ സന്തുഷ്ടനാണ്. നിന്റെ അജ്ഞാനം നിന്നെ കൂടുതൽ സുന്ദരിയാക്കുന്നു. നീയൊരു അരുമയായ പൂച്ചക്കിടാത്തി തന്നെ.’

‘പതിനാറായിരത്തിയെട്ടിലൊന്നാണെങ്കിലും സന്തുഷ്ടയാണ് ഞാൻ. എന്നെ പറ്റി പ്രമുഖരായ എഴുത്തുകാരൊന്നും തന്നെ എഴുതുകയോ പാടുകയോ ചെയ്യില്ല എന്നെനിക്കുറപ്പുണ്ട്. കാലാന്തരത്തിൽ ഞാൻ തന്നെ ഒരുപക്ഷേ എന്നെ മറന്ന് പോയേക്കാം. എന്നാലെന്ത്! ഞാൻ കൃഷ്ണപത്നിയാണ്. ഭഗവാനേ, ഞാനും സന്തുഷ്ടയാണ്.’

‘നിന്റെ ഖേദം എന്നെ വലപ്പിക്കുന്നു. നീ ഉറപ്പിച്ച് പറഞ്ഞ സ്ഥിതിയ്ക്ക് അതങ്ങനെ തന്നെയാകട്ടെ. പ്രാമുഖ്യമില്ലാത്തവനും പ്രതിഭശൂന്യനും എന്നോടുള്ള ഭക്തിയിൽ അല്പനുമായ ഒരുവൻ നിന്നെ പറ്റിയെഴുതുക തന്നെ ചെയ്യും. എഴുതപ്പെടുന്നതിന്റെ പ്രാമുഖ്യം നഷ്ടമാകുന്ന ഒരു കാലത്താകും അത് സംഭവിക്കുക. നീ വിഷമിക്കണ്ട. ഇത്തരം മായാമയങ്ങളായ കാര്യങ്ങളിൽ അഭിരമിച്ച് സമയം കളയുവനാണോ ഇത്ര ദൂരം രഥം തെളിച്ച് നാമിവിടെ എത്തിയത്. നിന്റെ സംസാരം എന്നെ സംസാരത്തിലാക്കുവാൻ ഞാൻ അനുവദിക്കണമെന്നാണോ! നോക്കിയാട്ടെ, അസ്തമയത്തിന്റെ ആ കാന്തി കണ്ടോ? അകലങ്ങളിലേക്ക് പറന്നകലുമ്പോഴും പാടാൻ മറക്കാത്ത കിളികളെ കണ്ടോ? ആ കടമ്പ് കണ്ടോ? കടമ്പിലെ പുഷ്പങ്ങൾ കണ്ടോ? കാണ്മാൻ കഴിയില്ലെങ്കിലും അങ്ങകലെയെവിടെയോ പൂത്ത് ഞെളിഞ്ഞ് നിൽക്കുന്ന ചെമ്പകത്തിന്റെ ഗന്ധം ആവാഹിച്ച ഈ കാറ്റിത് വഴി കടന്ന് പോകവെ ഞാൻ നിന്നെ കടന്ന് പിടിക്കാത്തത് നീയെന്നിലേക്ക് ചാഞ്ഞ് വീഴുമല്ലോ എന്ന് കിനാവ് കണ്ട് കൊണ്ടാണ്. കേൾക്കുന്നില്ലേ രാക്കുയിലുകൾ കച്ചേരിയ്ക്കൊരുങ്ങന്നത്?’

‘സന്ധ്യാവന്ദനം കഴിഞ്ഞുവെങ്കിലും രതിക്രീഡയ്ക്ക് ഈ വേള അശുഭമാണെന്ന് അങ്ങേയ്ക്ക് അറിയാവുന്നതല്ലേ? ഒരിക്കൽ ഇത്തരം ഒരു സന്ധ്യയിൽ സംഭവിച്ച ഇണചേരലിൽ നിന്നാണ് ഹിരാണ്യാക്ഷൻ എന്ന അസുരൻ ജന്മം കൊണ്ടത്.’

‘ശുഭേ, അശുഭമൊന്നെന്നില്ല തന്നെ. പ്രത്യേകിച്ചും ക്രീഡകൾക്ക്. എന്നാൽ തന്നെയും നിന്റെ അഭീഷ്ടം നടക്കട്ടെ. നമുക്കല്പം നടക്കാം. ഈ പുൽമേടുകളിൽ നടക്കുമ്പോഴും പാദുകം ധരിക്കുന്ന നിന്നെ പുറം വഴി അടിക്കണം.’

‘അഴിപ്പിക്കുന്നതിൽ അങ്ങയോളമെത്താൻ ആരുണ്ട് ഭഗവാനേ! ഞാനെന്റെ പാദുകങ്ങൾ ഉപേക്ഷിക്കുന്നു.’

‘അതെയതെ. ഞാൻ അഴിപ്പിക്കുന്നവൻ തന്നെ. എന്റെ മുന്നിലെല്ലാം അഴിഞ്ഞ് കിടക്കുന്നു. അതുകൊണ്ട് ഞാൻ കെട്ടിക്കുകയും ചെയ്യുന്നു. കെട്ടുകൾ പോലും അഴിഞ്ഞിരിക്കുന്നു. തികച്ചും രസകരമായൊരു കളിയിൽ അകപ്പെട്ട കുട്ടിയാണ് ഞാൻ. എന്റെ ബാലലീലകൾ എഴുതി എഴുതി വിരലുകൾ തേയുക തന്നെ ചെയ്യും. എന്റെ ലീലകൾ സംഗ്രഹിച്ചത് എക്കാലത്തെയും വലിയ ഗ്രന്ഥങ്ങളിലൊന്നാകും. മറ്റെല്ലാ പുസ്തകങ്ങളും ഉപേക്ഷിച്ചാലും കുഞ്ഞുണ്ണി അത് മാത്രം സൂക്ഷിച്ച് വയ്ക്കും.’

‘അങ്ങ് വളരെ താത്വികമായ് സംസാരിക്കുന്നു. ഞാനൊരു മണ്ടിയാണെന്നോർത്ത് ഇത്തരം വാക്ൿപീഡനങ്ങൾക്ക് അങ്ങ് മുതിരല്ലേ. ലളിതമായ കാര്യങ്ങൾ പറഞ്ഞാലും. ഈ കാളിന്ദിയും രാത്രിയും ചേർന്ന് അങ്ങയുടെ കറുപ്പ് നിറമാർന്ന ശരീരത്തെ എന്റെ കാഴ്ചയിൽ നിന്നും മറയ്ക്കുന്നു. നിഴലുകൾക്കിടയിൽ അങ്ങ് അകിൽ ഗന്ധവും രണ്ട് കണ്ണുകളുമാകുന്നു. ഇന്ന് അമാവാസിയാണോ? നിലാവുദിച്ചിരുന്നെങ്കിൽ ഈ പൂന്തോപ്പ് എത്ര സുന്ദരമായിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു.’

‘നീ പറഞ്ഞത് കേട്ട് ഭാവിതലമുറ ചിരിക്കുമെടി പെണ്ണേ. വൃന്ദാവനത്തിൽ ചന്ദ്രനുദിക്കുന്നു എന്ന ആശയം എന്റെ അവതാരങ്ങളെ കവച്ച് വെക്കും. ഇന്നില്ലാത്തതും നാളെയുണ്ടാകുന്നതുമായ ചലച്ചിത്രം എന്ന വിനോദത്തിന്റെ ഭാഗമായ് ഭാരതഭൂവിൽ അന്ന് നിലനിൽക്കുന്ന മിക്ക ഭാഷകളിലേക്കും അത് വിവർത്തനം ചെയ്യപ്പെടും. ആ ഗാനങ്ങളിൽ, ഇപ്പോഴെ ഉണ്ടായിത്തുടങ്ങിയിരിക്കുന്ന കവിതകളിൽ രാധയും മാധവനും നിത്യം പ്രണയകേളികളിൽ അഭിരമിച്ചു കൊണ്ട് ഈ ലോകത്തെ പ്രേമോദാരമാക്കും.’

‘ഓ! രാധ! എന്റെ ആത്മാവ് കൊണ്ടവളെ ഞാൻ അസൂയപ്പെടുന്നു. ഞാൻ കേട്ടിട്ടുണ്ട്.’

‘രാധയിൽ അസൂയയുള്ളവർ ഭാഗ്യവതികൾ. വൃന്ദാവനം അവർക്കുള്ളതല്ലോ.’

‘രാധയോടൊപ്പം ശരിക്കും അങ്ങെന്താണ് ചെയ്ത് കൂട്ടിയത്. ശരിക്കും നിങ്ങൾ തമ്മിലുള്ള ബന്ധം എന്തായിരുന്നു? വിവാഹപൂർവ്വബന്ധത്തെ പറ്റിയുള്ള ഈ അന്വേഷണം അങ്ങയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി വ്യാഖാനിക്കപ്പെടില്ല എന്ന് ഞാൻ കരുതുന്നു.’

‘നിന്റെ ഉപചാരങ്ങൾ അധികമാവുന്നു. എനിക്ക് സ്വകാര്യതയില്ല. ഞാൻ സ്വകാര്യവുമല്ല. രാധയും ഞാനും തമ്മിലുള്ള ബന്ധത്തിന് ഒരുപാട് അർത്ഥതലങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഇനിയും പലതും ഉണ്ടാകും. അതെല്ലാം ശരി തന്നെ. ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ്. അത്രമാത്രമെ അതിൽ ഉള്ളൂ. അതിൽ കൂടുതൽ എന്തെങ്കിലും വേണമെന്നുണ്ടോ? നമുക്കിടയിൽ ഉള്ളത് പോലെ തന്നെ.’

‘അതല്പം കടന്ന് കൈ തന്നെ. നരകാസുരന്റെ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ട ഈ അശരണയെവിടെ, വസ്ത്രങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ടവളായ് ആ പറഞ്ഞ പ്രേമോദാരമായ നിലാവിൽ വിയർപ്പണിഞ്ഞ് ഉലകിനെ മുഴുവൻ സംഭ്രമിപ്പിക്കുവാ‍ൻ തക്ക വണ്ണം നാണം വെടിഞ്ഞ് കിടന്ന രാധികാദേവിയെവിടെ? പുൽക്കൊടികളെ നക്ഷത്രങ്ങളോട് ഉപമിക്കുന്നുവോ? പൊട്ടക്കിണറിനെ സമുദ്രത്തോടും സമുദ്രത്തെ പാലാഴിയോടും ഉപമിക്കുന്നുവോ?’

‘നീ പറഞ്ഞ പുൽക്കൊടികളും നക്ഷത്രങ്ങളും പൊട്ടക്കിണറും സമുദ്രവും പാലാഴിയുമെല്ലാം ഞാൻ കണ്ടിട്ടുണ്ട്. സദാ കണ്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. എനിക്കതെല്ലാം ചന്തമുള്ളവ തന്നെ. എനിക്കറിയാം അതെല്ലാം കൊഴിഞ്ഞു പോവുകയും വറ്റിപ്പോവുകയും ചെയ്യും. പിന്നെയും ഞാനതെല്ലാം സൃഷ്ടിക്കും. നിന്റെ ആലങ്കാരികത എന്നോട് വേണ്ട. ഇനി രാധയെ സംബന്ധിച്ചാണെങ്കിൽ, മറ്റേത് പെണ്ണിന്റെ കാര്യത്തിലും സംഭവിക്കാവുന്നത് പോലെ അവളുടെ ശരീരത്തെ സംബന്ധിച്ചാണ് പലരുടേയും ഉത്കണ്ഠ. ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ത് എന്നറിയാനുള്ള ത്രാണി വികലമാക്കപ്പെട്ട ഈ മനുഷ്യഹൃദയങ്ങൾക്കില്ല തന്നെ. അതെ, ഞങ്ങൾക്കിടയിൽ അസാരം ക്രീഡകളുണ്ടായിട്ടുണ്ട്. അതെല്ലാം പ്രേമത്തിന്റെ ആവിഷ്കാരങ്ങൾ തന്നെ ആയിരുന്നു.’

‘മറ്റേത് പുരുഷനേയും പോലെ ഭഗവാനും ചൊടിക്കുന്നു.’

‘മറ്റേത് പെണ്ണിനേയും പോലെ നീയും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ല.’

‘മറ്റേത് ദമ്പതിമാരേയും പോലെ നമ്മളും വഴക്കിടുകയാണോ ഭഗവാനേ?’

‘അതെനിക്കിഷ്ടമായി. കാര്യങ്ങളുടെ കിടപ്പ് വശം മനസിലാക്കുക. എന്നെ സംബന്ധിച്ച് നീയും രാധയും ഒരുപോലെ തന്നെയാണെങ്കിലും നീ നീ ആണെന്നും അവൾ അവളാണെന്നുമുള്ള ബോധ്യമെനിക്കുണ്ട്. പക്ഷേ ഒരു ഭർത്താവെന്ന നിലയിൽ ചൊടിക്കേണ്ടത് എന്റെ ധർമ്മമായിരുന്നു. നിനക്കറിയുമോ ഞാൻ മായാമനുഷ്യനാണ്.ഈ കാണുന്ന ശരീരം ഞാൻ മായ കൊണ്ട് നിമ്മിച്ചതാണ്’

‘അയ്യോ! വിജനമായ ഈ പൂന്തോപ്പിൽ അമാവാസി നാളിൽ ഒരു പെണ്ണിനോടിത് പറയാൻ കൊള്ളുമോ! ആ അബല ചകിതയായി പോകില്ലേ. ഈ ഇരുട്ടത്ത് ഒന്നാമത് അങ്ങയെ കാണുവാൻ ആകുന്നില്ല. ഈ മേനിച്ചൂടാണെനിക്ക് ചൂട്ട് പിടിക്കുന്നത്. ഈ വാക്കുകൾ ആണെനിക്ക് ആലംബം. നാം ഗ്രാമത്തിൽ നിന്നും അകലെയെത്തി. നഗരങ്ങളാണെങ്കിലോ അതിലുമകലെ. ഇവിടെ വന്യത മാത്രം പടർന്ന് കിടക്കെ എന്നെ പേടിപ്പിക്കുകയാണോ?’

‘ഒരുപക്ഷേ നീ രാധയായിരുന്നെങ്കിൽ ഞാനിപ്പോൾ തന്നെ മറഞ്ഞേനെ. നിന്നെ ആകുലത കൊണ്ട് വലച്ചേനെ. നിന്റെ വിലാപം കൊണ്ട് ഈ വൃന്ദാവനത്തെ നിറച്ചേനെ. എന്നാൽ നിന്നോട് ഞാനങ്ങനെ ചെയ്യുന്ന പക്ഷം പനി പിടിച്ച നിന്നെ ശുശ്രൂക്ഷിക്കേണ്ട ചുമതല കൂടി എനിക്ക് വന്ന് ചേരും.’

‘ആഹാ! എന്നെ രാധയിലും വില കുറച്ച് കാണുകയാണോ! ഇത് കഷ്ടം തന്നെ. അഗ്നിസാക്ഷിയായ് കല്യാണം കഴിച്ച് വീട്ടിൽ കൊണ്ട് താമസിപ്പിച്ചിരിക്കുന്ന ഒരുവളോട് ഇത്തരം നീചത്തരം കള്ള്കുടിയന്മാരായ കെട്ടിയവന്മാർ പോലും പറയുകയില്ല എന്നത് ഉറപ്പാണ്. ഇതെന്ത് ധർമ്മം! കുന്തം!‘

‘ചിലപ്പോഴൊക്കെ ധർമ്മത്തിനും അപ്പുറമാണ് ഞാനെന്ന് ഈ ലോകത്തെ എനിക്ക് ഓർമ്മിപ്പിക്കേണ്ടി വരും. താമസിയാതെ നമ്മുടെ കുരുക്ഷേത്രത്തിൽ വെച്ച് സാമാന്യം നല്ല രീതിയിൽ ഒരു പോരു നടക്കും. അതിൽ ആ ഹസ്തിനപുരിയിലെ സഹോദരന്മാർ, കഴിഞ്ഞാഴ്ച നമ്മുടെ വീട്ടിൽ വന്നില്ലേ ആ അർജ്ജുനനും സഹദേവനും മറ്റും, ങും, അവരും അവരുടെ മച്ചുനന്മാ‍രായ ദുര്യോധനാദികളും, അന്ന് നമ്മൾ വാരണാസിയിൽ പോയപ്പോൾ കണ്ട ദുശ്ശളയുടെ ആങ്ങള, അതെ, അവരൊക്കെ തമ്മിൽഅടിച്ച് മുടിയും. അതിനു തൊട്ട് മുമ്പ് ആ അർജ്ജുനന് ഞാൻ വിശ്വരൂപം തന്നെ കാട്ടികൊടുക്കും. ഒട്ടു മായയില്ലാത്ത പൂർണ്ണമായ മായ. അത് കണ്ടാലും അവൻ യുദ്ധത്തിനു പോകും. വിദ്യ കൊണ്ടും അനുഭവം കൊണ്ടും ഉന്നത തലങ്ങളിൽ വിഹരിക്കുന്ന അർജ്ജുനന്റെ ഗതിയിതെങ്കിൽ നിന്റെ അവസ്ഥ എന്താകും! പക്ഷേ ചിലപ്പോഴൊക്കെ ഞാൻ ശരിക്കും ഭഗവാനാണെന്ന് ഓർമ്മിപ്പിക്കാതെ വയ്യ!‘

‘ഞാനിപ്പോൾ കണ്ടവരുടെ കുടുംബക്കാര്യം വല്ലതും ചോദിച്ചോ! ഇല്ലല്ലോ!‘

‘സന്ധ്യ മറഞ്ഞ് പോയെങ്കിലും നിന്റെ കവിളണകളിൽ അവയിപ്പോഴും തങ്ങി നിൽക്കുന്നത് ഞാൻ കാണുന്നു!‘

‘പഞ്ചാരവർത്തമാനം ഒന്നും വേണ്ട. ഞാൻ രാധയല്ലല്ലോ. ഇന്നാണെങ്കിൽ അമാവാസിയും!‘

‘ഉള്ളത് പറഞ്ഞാൽ അമാവാസിയും നിലാവും എല്ലാം കിനാവുകൾ മാത്രം. നോക്കു ചന്ദ്രിക ഉദിച്ചു നിൽക്കുന്നത്. കാലപുരുഷനായ എനിക്ക് അസാധ്യമായതെന്താണ്.’

‘പക്ഷേ ഞാൻ രാധികയല്ലല്ലോ! എന്നിൽ അത്ര ഉദാത്തമായ ഭോഗപരതയില്ലല്ലോ! എനിക്ക് നാണമില്ലായ്മയില്ലല്ലോ. ഞാൻ വെറും ഭാര്യയാണല്ലോ.‘

‘ഭാര്യ മാത്രമല്ല. എന്റെ കുഞ്ഞുങ്ങളുടെ അമ്മയുമാ‍കും. അപ്പോൾ അനസൂയായ രാധ കൂടി നിന്നിൽ അസൂയപ്പെടും!‘

‘ഇതിഹാസങ്ങളും ചരിത്രങ്ങളും കവിതകളും വിട്ട് കളയാൻ പോകുന്ന കൃഷ്ണപത്നിയും അവളുടെ പിള്ളേരും. വേണ്ട ഭഗവാനേ. ഒന്നും വേണ്ട. ദ്വാരകയുടെ ഇരുണ്ട കോണുകളിൽ കണ്ണൻ വരുന്നുണ്ടോ എന്ന് നോക്കി ഞാൻ ഇരുന്നോളം. സ്വയം രാധികയാണെന്ന് സങ്കല്പിച്ചോളാം. നെടുവീർപ്പുകളിൽ മുക്തി നേടിക്കോളാം.’

‘ഒരോത്തരും അവരുടെ വിധി നിർണ്ണയിക്കുന്നു. വാക്ക് പ്രപഞ്ചമായ് പരിണമിക്കുന്നു. നീ പറഞ്ഞതൊക്കെ സംഭവിക്കും. ഈ വൃന്ദാവനത്തിൽ അമാവാസിനാളിലെ നിലാവിൽ കുളിച്ച് നിൽക്കുന്ന നമ്മുടെ ചിത്രം വരച്ചിടാൻ ആരുമുണ്ടാകില്ല. പക്ഷേ എത്ര മനോഹരമാണീ ദൃശ്യം!‘

‘ഈ കഥയെഴുതിയ കൊശവന് അതിനെ ഒരു നല്ല കുറ്റിയിൽ കെട്ടാൻ പോലും കഴിവില്ലാതെ പോയല്ലോ എന്ന് വായിക്കുന്നോർ കളിയാക്കട്ടെ എന്ന് ഞാൻ ശപിക്കുന്നു. ഒടുവിലെങ്കിലും ഒരല്പം ഭോഗമോ ആനന്ദമോ എനിക്ക് നൽകാതെ അടുത്തതിന്റെ അടുത്ത വരിയിൽ കഥ അവസാനിപ്പിക്കുവാൻ പോകുകയാണവൻ.’

‘വ്യാസനും ജയദേവനും സുഗതകുമാരിയും കലഹണനും കാളിദാസനും കണ്ണദാസനും എല്ലാം വിട്ട് പോകാൻ പോകുന്ന എന്റെ കൃഷ്ണായനത്തിലെ ഒരു ഇതളിന് തനിക്കൊക്കും വിധം ഒരു ആവിഷ്കാരം നടത്തിയ അവനെ ഞാൻ ഇപ്പോഴെ അനുഗ്രഹിക്കുന്നു. കഥ കഴിഞ്ഞു.’

Subscribe Tharjani |