തര്‍ജ്ജനി

മുഖമൊഴി

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍

വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് രാഷ്ട്രീയകക്ഷികള്‍. രണ്ട് പ്രമുഖമുന്നണികള്‍ തമ്മിലുള്ള പോരാട്ടമെന്നതിനപ്പുറം മൂന്നാംമുന്നണികൂടി മത്സരരംഗത്ത് നിലയുറപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുകയാണ് രണ്ടുമുന്നണിക്കും പുറത്തുള്ള കക്ഷികള്‍. മൂന്നാം മുന്നണിയുടെ ഭാഗമായേക്കുമെന്ന് കരുതപ്പെടുന്ന പാര്‍ട്ടികള്‍തന്നെ മൂന്നാംമുന്നണി പ്രായോഗികമാണോ എന്ന സംശയത്തിലാണ്. വന്‍രാഷ്ട്രീയപാര്‍ട്ടികള്‍ പ്രാദേശികപാര്‍ട്ടികളെ തങ്ങളുടെ കുടക്കീഴില്‍ അണിനിരത്തി വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നു. വ്യക്തമായ രാഷ്ട്രീയമോ പരിപാടികളോ ഇല്ലാത്ത ചെറുകിടപ്രാദേശികപാര്‍ട്ടികള്‍ വിലപേശലിനുള്ള മെച്ചപ്പെട്ട സാഹചര്യം എവിടെ ലഭിക്കുമെന്നതാണ് പരിഗണിക്കുക. അധികാരത്തിന്റെ ശര്‍ക്കരക്കുടത്തില്‍ കയ്യിടുവാനുള്ള വെമ്പലിലാണ് എന്തുതന്നെയായാലും മുന്നണികളും പാര്‍ട്ടികളുമെല്ലാം.

കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം ഏത് നിലയിലാണ് നിര്‍വ്വഹിക്കപ്പെടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മിശ്രസമ്പദ്‌വ്യവസ്ഥയുടെ കാലത്ത് നടപ്പാക്കിയിരുന്ന പരിപാടികളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. സബ്‌സിഡികള്‍ ഒരോന്നായി വെട്ടിക്കുറക്കുകയോ നിറുത്തലാക്കുകയോ ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിടകമ്പനികള്‍ നേരത്തെ തന്നെ സ്വകാര്യപാങ്കാളിത്തത്തിനും സമ്പൂര്‍ണ്ണസ്വകാര്യവത്കരണത്തിനും വിട്ടുകൊടുത്തു. പൊതുമേഖലാസ്ഥാപനങ്ങള്‍ എല്ലാം നഷ്ടങ്ങളുടെ കണക്കുകള്‍ പറയുകയും സ്വകാര്യമേഖലയ്ക്ക് ഏല്പിച്ചുകൊടുത്താലേ ഗുണമുള്ളൂ എന്ന് പൊതുജനങ്ങള്‍ക്ക് തോന്നിപ്പിക്കുന്ന വിധത്തില്‍ പെരുമാറുകയും ചെയ്യുന്നു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ഘട്ടം ഘട്ടമായി സബ്‌സിഡി നിറുത്തലാക്കണമെന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു. ചരക്കുകളുടെ നീക്കത്തിന് ചെലവുകൂടുന്നതിന് ഇത് ഇടവരുത്തും. നിത്യോപയോഗസാധനങ്ങളുടെയെല്ലാം വില വര്‍ദ്ധിക്കുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും. വിലവര്‍ദ്ധനവ് നല്ലതാണെന്ന സാമ്പത്തികശാസ്ത്രം പറയാന്‍ കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിതന്നെ തയ്യാറായി. ബഹുജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്ന് ജീവിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് അറിയുകയില്ല. ആഗോളവത്കരണത്തെയും സാമ്പത്തിക ഉദാരീകരണത്തെയും വിമര്‍ശിക്കുന്നവര്‍ക്കുപോലും ഇത്തരം സാഹചര്യത്തെ നേരിടുവാനുള്ള ബദല്‍ നിര്‍ദ്ദേശിക്കാനില്ല.

അഴിമതിയുടെ വ്യാപ്തി ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്കു് വളര്‍ന്നതും ഈ കാലയളവില്‍ കണ്ടു. അഴിമതി നമ്മുടെ രാജ്യത്തെ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ പറയുന്നു. ഗത്യന്തരമില്ലാതെ കേന്ദ്രമന്ത്രിസഭയിലെ മന്ത്രിയെപ്പോലും അഴിമതിക്കുറ്റത്തിന് തടവറയില്‍ അടക്കേണ്ടിവന്നു. സൈനികച്ചെലവില്‍ അഴിമതി നടന്നുവെന്ന് രാജ്യരക്ഷാമന്ത്രിതന്നെ സമ്മതിക്കുന്നു. ഇത്തരം അഴിമതികള്‍ ഏതാനും ഉദ്യോഗസ്ഥരും ഇടനിലക്കാരും മാത്രം ഉള്‍പ്പെടുന്ന പ്രവര്‍ത്തനമായിരുന്നുവോ? ഭരണത്തിന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് അഴിമതിക്കാരെ പിന്തുണയ്ക്കുകയും ഇടപാടുകള്‍ ഉറപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വം തന്നെയല്ലേ ഇവിടെ കുറ്റക്കാര്‍? പണം ചിലവഴിക്കുന്നേടത്തെല്ലാം മണത്തെത്തി ഇടനിലക്കാരനായി നിന്ന് കാശുപിടുങ്ങുന്നവര്‍ ഉദ്യോഗസ്ഥരേക്കാള്‍ രാഷ്ട്രീയക്കാരും അവരുടെ പ്രതിപുരുഷരായി കടന്നുവരുന്നവരുമാണ്. പദ്ധതികള്‍ വെള്ളാനകളായി പൊതുഖജനാവിനെ ചോര്‍ത്തുന്ന പ്രവര്‍ത്തനം എല്ലാ സര്‍ക്കാരുകളുടേയും നയപരിപാടി തന്നെ ആയിരിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളും പാര്‍ട്ടിക്ക് വിധേയരാവണം എന്ന് വാദിക്കുമ്പോള്‍, പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ള പരിപാടികള്‍ക്ക് കൂട്ടുനില്ക്കണം എന്നാണ് പറയുന്നതിന്റെ ലളിതമായ അര്‍ത്ഥം. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ പാര്‍ട്ടികളും പരിപാടികള്‍ നടത്തുന്നത്, പാര്‍ട്ടികളുടെ ദൈനംദനച്ചെലവിന് തന്നെ ധാരാളം പണം വേണം. ഈ പണം അഴിമതിയിലൂടെയല്ലാതെ എങ്ങനെയാണ് സമാഹരിക്കപ്പെടുന്നത്?

അഴിമതിക്കാരായ രാഷ്ട്രീയക്കാരും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് അറിയാത്തവരും വികസനത്തെക്കുറിച്ചോ പുരോഗതിയെക്കുറിച്ചോ ജനപക്ഷത്തുനിന്നുള്ള ചിന്തകള്‍ ഇല്ലാത്തവരും ചേര്‍ന്ന് അധികാരത്തിനായി നടത്തുന്ന ഒരു മത്സരം തന്നെയായി തെരഞ്ഞെടുപ്പുകള്‍. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തെരഞ്ഞെടുക്കാനേ സമ്മതിദായകന് അവകാശമുള്ളൂ. എല്ലാം ഒന്നിനൊന്ന് മോശമായതും സ്ഥാനാര്‍ത്ഥികള്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നവരുമായ സ്ഥാനമോഹികളില്‍ ഒരാളെ, തനിക്ക് അസ്വീകാര്യനാണ് അയാള്‍ എന്നിരിക്കെ കൈക്കൊള്ളേണ്ടിവരുന്ന അവസ്ഥ നീതീകരിക്കാവുന്നതല്ല. അത്തരം സന്ദര്‍ഭത്തില്‍ സമ്മതിദാനാവകാശം അസാധുവായിത്തീരുന്ന വിധത്തില്‍ പെരുമാറുകയോ സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുകയോ ചെയ്യുകയെന്നതാണ് പോംവഴി. ഇവയൊന്നും ജനാധിപത്യത്തിന്റെ സത്തയില്‍ ശരിയായ മാര്‍ഗ്ഗങ്ങളല്ല. ഈ സ്ഥാനാര്‍ത്ഥികളില്‍ ആരും എനിക്ക് സ്വീകാര്യമല്ല എന്ന് രേഖപ്പെടുത്തുവാനുള്ള ഇടംകൂടി ബാലറ്റ് പേപ്പറില്‍ ഉണ്ടായിരിക്കണം. ഏതെങ്കിലും തെറ്റിനെ സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് ശരി വിളിച്ചുപറയുകയാണ് വേണ്ടത് എന്ന പാഠം ഇന്ത്യയിലെ സമ്മതിദായകരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു മുന്നണിയോടുള്ള എതിര്‍പ്പ് കാരണം തനിക്ക് യാതൊരു യോജിപ്പുമില്ലാത്ത എതിരാളിയെ പിന്തുണയേ്ക്കണ്ടി വരികയെന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യം സാര്‍ത്ഥകവും ഉത്തരവാദിത്തപൂര്‍ണ്ണവുമാവണമെങ്കില്‍ പൗരന്റെ യഥാര്‍ത്ഥശബ്ദം കേള്‍ക്കുന്ന ഒരു അവസ്ഥ നിലവില്‍ വരണം. നേതൃത്വങ്ങളാല്‍ നയിക്കപ്പെടുന്ന അനുയായിസമൂഹത്തിന്റെ അനുരണനമാത്രമായ മുദ്രാവാക്യങ്ങളായിരിക്കരുത്, മറിച്ച് ധീരമായ പ്രഖ്യാപനങ്ങളായിരിക്കണം തെരഞ്ഞെടുപ്പുകളില്‍ മുഴങ്ങിക്കേള്‍ക്കേണ്ടത്.

Subscribe Tharjani |