തര്‍ജ്ജനി

വിജു നായരങ്ങാടി

മലയാളവിഭാഗം,
ഗവ. കോളേജ്,
തിരൂര്‍.

Visit Home Page ...

ലേഖനം

ചില ജനുസ്സുകള്‍ ഇങ്ങനെയാണ്

ആധുനിക മലയാളകവിതയുടെ ചരിത്രത്തിനൊപ്പം നടക്കുകയും എന്നാല്‍ ആ ചരിത്രത്തില്‍ ആരും രേഖപ്പെടുത്താതെ പോകുകയുംചെയ്ത കവിയാണ്‌ ഡി.വിനയചന്ദ്രന്‍. അറുപതുകളോടെ മലയാളകവിതയില്‍ പിറന്ന ആധുനികതാവസന്തം സഹജാവബോധതിന്റേത് എന്നതിനേക്കാള്‍ ആര്‍ജ്ജിതാവബോധത്തിന്റേതായിരുന്നു. ആ അന്തരീക്ഷത്തില്‍ സഹജാവബോധത്തിന്റെ വഴിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എപ്പോഴും കാലത്തിനു പുറത്തുനില്ക്കേണ്ടിവരിക എന്നത് തീര്ത്തും സ്വാഭാവികം മാത്രവും. വിനയചന്ദ്രന്‍ കവിതയെഴുതിയകാലത്ത്, ജീവിച്ചിരുന്ന കാലത്ത്, കവിതയില്‍ ആറാടി നടന്ന അവസാനകാലം വരെയും, ഈ സ്വാഭാവികത അടിമുടി അദ്ദേഹത്തെ മൂടിക്കളഞ്ഞിരുന്നു. ആധുനികതയുടെ മനുഷ്യോന്മുഖപ്രത്യശാസ്ത്രത്തെയും മനുഷ്യവിരുദ്ധപ്രത്യശാസ്ത്രത്തെയും വിലയിരുത്തിത്തുടങ്ങുന്ന ഒരു സമീപഭാവിയില്‍ പക്ഷെ വിനയചന്ദ്രന്‍ ആധുനികതയ്ക്ക് സമാന്തരമായിട്ടായിരിക്കും വായിക്കപ്പെടുക എന്ന് തോന്നുന്നു.

ഒരു കവി എന്താവണം എന്ന് വിനയചന്ദ്രന് തീര്ച്ചകള്‍ ഉണ്ടായിരുന്നു. കവിജീവിതത്തിനിടയില്‍ എന്താണ് വിനയചന്ദ്രന്‍ ആര്‍ജ്ജിച്ചത് എന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാവും. മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട മുഴുവന്‍ കവിതകളും അദ്ദേഹത്തിന്റെ സ്മൃതിയുടെ ഭാണ്ഡത്തില്‍ ഉണ്ടായിരുന്നു. സംസ്കൃതത്തിലും വിദേശസാഹിത്യത്തിലും ഇതേപോലെ ഒരാഴത്തിലുള്ള സഞ്ചാരം ആ മനുഷ്യന്‍ നിസ്സാരമായെന്നപോലെ സാധിച്ചിരുന്നു. അതിന്റെ ഊര്ജ്ജത്തിലാണ് വിനയചന്ദ്രന്‍ പ്രകാശിച്ചുനിന്നത്

ജീവിതത്തിലും കവിതയിലും യാത്രയാണ് ആ കവിതകളുടെ മുദ്ര. ഒരു യാത്രികനെ തുടലിട്ട്‌ പിടിച്ചും അതേസമയം അതിരില്ലാത്ത ലോകങ്ങളിലേക്ക് പ്രക്ഷേപിച്ചും കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ടുതന്നെ തഥാഗതന്റെ ശരീരവും ഗൃഹസ്ഥാശ്രമിയുടെ മനസ്സും ഒരു പോലെ ആ കവിതയില്‍ പുലര്‍ന്നു. ഓരോ യാത്രയും ഓരോ പുതിയ ഭൂഭാഗത്തെ വെളിപ്പെടുത്തുംപോലെ ഓരോ കവിതയും ഒരേ അനുഭവത്തെ പ്രക്ഷേപിക്കുമ്പോഴും പലനിറം മാറിമറിഞ്ഞുവന്നു. എല്ലാ അനുഭവങ്ങളിലും പ്രണയവും രതിയും ഋതുഭേദങ്ങളില്‍ മുഖം മാറുന്ന പ്രകൃതിയായി വിസ്മയിപ്പിച്ചു.

കവിതയില്‍ വിനയചന്ദ്രന്‍ കുഞ്ഞിരാമന്‍നായരുടെ സാര്‍ത്ഥകമായ തുടര്ച്ചയായിരുന്നു. കുഞ്ഞിരാമന്‍നായരുടെ കവിതകളുടെ ഏറ്റവും അടിയടരിര്‍ ഏകാകിയായ ഒരാളുടെ തീവ്രദുഃഖം ഘനീഭവിച്ചു കിടപ്പുണ്ട്. നമ്മളത് ഇനിയും വായിച്ചെടുക്കാന്‍ പോകുന്നതേയുള്ളൂ. ആ തീവ്രദുഖത്തിന്, വ്യക്തി തന്റെ ജീവിതത്തില്‍ അനുഭവിച്ച, പകരംവെക്കാന്‍ മറ്റൊന്നില്ലാതെപോയ ഏകാന്തത തന്നെയാണ് കാരണം. ചുറ്റുപാടുമുള്ള ആള്‍ക്കൂട്ടം നല്കുന്ന ബഹളവെളിച്ചങ്ങള്‍ക്കിടയിലും ഉള്ളിന്റെയുള്ളില്‍ ചൂളിപ്പിടിച്ചിരുന്നു കണ്ണുനനഞ്ഞ് ചുറ്റും നോക്കുന്ന ഒരാളെ കുഞ്ഞിരാമന്‍നായര്‍ കവിതയില്‍ പോറ്റിവളര്‍ത്തിയിരുന്നു. കുഞ്ഞിരാമന്‍നായര്‍ ജീവിതത്തിന്റെ അരങ്ങ് ഒഴിഞ്ഞപ്പോള്‍ അദ്ദേഹം പോറ്റിയ ആ ഏകാകി നേരെചെന്ന് കുടിയേറിയത് വിനയചന്ദ്രന്റെ ആത്മാവിലേക്കും കവിതയിലേക്കും ആയിരുന്നു. അതിന്റെ ശേഷപത്രമാണ് വിനയചന്ദ്രന്റെ കവിതകള്‍.

വിനയചന്ദ്രന്റെ കവിതകള്ക്കു പ്രൊടോ ടൈപ് ഉണ്ടെന്നല്ല. അത് ഒരു തുടര്‍ച്ചയാണെന്നാണ് പറഞ്ഞു വരുന്നത്. സാംസ്കാരികമായ തുടര്‍ച്ചകളുടെ അടരുകളുള്ളപ്പോള്‍ മാത്രമാണ് കവിത മുന്നിലുള്ള കാലത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത്. തുടര്‍ച്ചകളുടെ അംശങ്ങളെ വിശകലനം ചെയ്യേണ്ടതില്ല, അത് ഏറെക്കുറെ വായനാലോകത്തിന് പരിചിതമാവും. എന്നാല്‍ ഈ തുടര്‍ച്ചകളെ പരിപാലിച്ചുകൊണ്ടുതന്നെ തന്റെ ജാതകം പറയുന്ന പക്ഷികയെയും വൃക്ഷത്തേയും മൃഗത്തെയും ഭൂതത്തെയും മാത്രമാണ് വിനയചന്ദ്രന്‍ കവിതയില്‍ പരിപാലിച്ചുപോന്നത്. കുഞ്ഞിരാമന്‍നായരുടെ കവിതയിലെ പ്രണയം രതി ഭക്തി എന്നിവയുടെ ജനുസ്സില്‍ അല്ല വിനയചന്ദ്രനില്‍ പ്രണയവും രതിയും, ഭക്തിപോലും പ്രവര്‍ത്തിച്ചത്‌. ആധുനികരില്‍ വിനയചന്ദ്രനോളം ആ അര്‍ത്ഥത്തില്‍ ഭക്തി കവിതയില്‍ സന്നിവേശിപ്പിച്ച കടമ്മനിട്ടയെ, ദേവീസ്തവത്തെ ഇപ്പോള്‍ നമുക്ക് ഓര്‍ക്കാം. നിരുപമവും സാന്ദ്രവും സൂക്ഷ്മവും ആണ് ആ ഭക്തി. ഓട്ടൂരിന്റെ അനു ഷ്ഠാനഭക്തിയല്ല അത്.

പ്രണയവും രതിയും ഭക്തിയും ഒരുമിച്ചുള്ള ഒരു ചേരുവയാണ് വിനയചന്ദ്രന്റെ കവിതയെ നിര്‍ണ്ണയിക്കുന്നത്. അതിന്റെ അനുപാതം, അതിന്റെ പ്രത്യേകത, ആ കവിതയെ ഒറ്റമരം കാട് എന്ന അവസ്ഥ സൃഷ്ടിച്ചു. പ്രണയിയ്ക്കും കാമിയ്ക്കും വീട് അന്യമാണെന്ന് കവിയുടെ കാല്പാടുകള്‍ നമ്മളോട് പറഞ്ഞു. വീട് ഒരു അകന്നകന്നുപോകുന്ന ഒന്നാണെന്നും കുഞ്ഞിരാമന്‍നായരുടെ ജീവിതം നമ്മോടു പറഞ്ഞു. അതിന്റെ നേര് എതിര്‍ദിശയിലാണ് വിനയചന്ദ്രന്‍ നിന്നത്. 'അമ്മയില്ലാത്തവര്‍ക്കെന്തു വീട്' എന്ന് ആവര്‍ത്തിച്ചു വ്യഥിതനാവുമ്പൊഴും വീട്ടിലേക്കു കുതിക്കുന്ന ഒരു മുതിര്‍ന്ന കുട്ടിയെ അദ്ദേഹം കാത്തു സൂക്ഷിച്ചു. അയാള് ഒരു ഗ്രഹസ്ഥാശ്രമിയുടെ എല്ലാ അടക്കവും പാലിക്കാന്‍ വെമ്പിക്കുതിച്ചുനിന്നു. അന്ചിത്തൽ വിനായകം പോലെ ഒരു കവിതയുടെ അടിപ്പടവില്‍ ഈ സങ്കല്പം ഉണ്ട്. വിനയചന്ദ്രികയും അകംപൊരുളും ഈ സത്യത്തിന്റെ ഉറക്കെയുള്ള പറച്ചിലുകളാണ്. ഈ സങ്കല്പത്തിലേക്ക്‌ വിനയചന്ദ്രന്റെ കവിതകള്‍ എപ്പോളൊക്കെ മനസ്സര്‍പ്പിച്ചുവോ അപ്പോളൊക്കെ സമഗ്രജീവിതം അതിന്റെ എല്ലാ വാശികളോടെയും സ്നേഹംചുരത്തി കവിതയായി കുടികൊണ്ടു. ആ ഗൃഹസാന്നിദ്ധ്യത്തില്‍ കുരിയണിഞ്ഞ ബലിമൃഗംപോലെ കവി അഗാധവിഷാദവാനായി കവിത ഒരുക്കിയ ഏകാന്തതയുടെ ഒളിയിടത്തില്‍ ആരും കാണുന്നില്ലെന്ന തോന്നലില്‍ സ്വസ്ഥനായി. ആ ആരുംകാണാവിഷാദം വിനയചന്ദ്രന് കവിതയില്‍ ഒരിക്കലും മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അയാള്‍ നിരന്തരം പ്രണയിയും കാമിയും തന്നെയായിരുന്നു. ഏതവസ്ഥയിലും അയാള്‍ക്ക്‌ നിന്നിടം ഉപേക്ഷിച്ചു പോകേണ്ട ചരരാശിയുടെ ജന്മമായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ നിന്നിടം ഉപേക്ഷിച്ചു പോകുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നവയുടെ കൂട്ടത്തില്‍ എന്നും അവള്‍ ഉണ്ടായിരുന്നു. 'അവള്‍ രാധ/ മ ഥുരയുടെ കുടില ചക്രങ്ങളില്‍ / കുതി കൊള്ളുവാന്‍ വെമ്പു /മെന്നെ നോക്കി / പ്രിയം പറയാതെയപ്രിയം പറയാതെ/ കരയാതെ കരയാതിരിക്കാതെ / യമുനയുടെ പടവിലേക്കതി ,മന്ദ /മൊറ്റയ്ക്ക് പോകുമെന്‍ കാമുകി' ഈ നിരന്തരമായ ഉപേക്ഷിക്കലില്‍ വിനയചന്ദ്രന് കവിത നല്കിയ തണുപ്പ് എത്രയാവും എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.

ജീവിതത്തില്‍ നിന്ന് കുതറിയോടുന്ന ഒരു ഇരയുടെ ഭാവം ആ അര്‍ത്ഥത്തില്‍ വിനയചന്ദ്രന്റെ കവിതയ്ക്കുണ്ട്‌. ആ ഒരു ഭാവം ആണ് വിനയചന്ദ്രന്റെ കവിതകളെ സഹജാവബോധത്തിന്റെ കവിതകളാക്കിയത്. അതുകൊണ്ടുകൂടിയാണ് വിനയചന്ദ്രന്റെ കവിതകളുടെ രൂപശില്പം ഏകതാനം ആണെന്ന് തോന്നിപ്പിച്ചത്. അതുകൊണ്ടുകൂടിയാണ് ഇത്തരത്തില്‍ ജീവിതത്തില്‍നിന്ന് നിര്‍ത്താതെ സന്യാസത്തിലെക്കോ മറ്റു രക്ഷാസ്ഥാനത്തേക്കോ ഓടിക്കൊണ്ടിരുന്ന ആശാന്‍കവിതകളെ അതിന്റെ വേരില്‍നിന്നും വായിച്ച്, കവിതയിലേക്ക്, കായിക്കരയിലെ കടല്‍ വിനയചന്ദ്രനെക്കൊണ്ട് എഴുതിച്ചത്. മലയാളത്തിലെ ഒരത്ഭുതശില്പമാണ്' കായിക്കരയിലെ കടല്‍ . ആശാന്‍കവിത ഉപാദാനവിഷയമായപ്പോള്‍ മലയാളത്തില്‍ ഉജ്ജ്വലങ്ങളായ പല കവിതകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ആശാന്‍കവിത ജീവിതത്തിന്റെ ഞരമ്പിലും വരമ്പിലുംനിന്ന് പിടഞ്ഞുണരുന്ന മറ്റൊരനുഭവം ആണ് ഇത്. വലുതും ചെറുതുമായി ആശാന്‍ എഴുതിയ മുഴുവന്‍ കവിതകളും 'കടലുദയമാകുന്നു' എന്ന് തുടങ്ങി 'നമസ്കാരം നമസ്കാരമേ' എന്ന് എഴുതി അവസാനിക്കുന്നതിനിടയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എനിക്ക് തോന്നിയിട്ടുണ്ട്, സന്യാസത്തിന്റെ വഴി പാതിയിലിട്ടു ഗൃഹസ്ഥാശ്രമി ആയ ആശാന്‍ വിനയചന്ദ്രനെ വല്ലാതെ മഥിച്ചിട്ടുണ്ടെന്ന് .

വിനയചന്ദ്രന്‍ മലയാളത്തില്‍ വീട്ടിലേക്കുള്ള വഴി മാത്രമല്ല പൂര്‍വ്വപുണ്യങ്ങളുടെ വീട്ടിലേക്കുള്ള ഒറ്റപ്പെട്ട വഴികൂടിയാണ്. ആ വഴി അത്ര മികച്ച രാജപാതയൊന്നും അല്ല. അവിടെ നാട്ടിടവഴിയുടെ അപരിചിതത്വവും തണലും തണുപ്പും ഉണ്ട്, നാഗരികപാതയുടെ ടാറും ഇരുമ്പുരുക്കും വേവലും കാത്തിരിപ്പുണ്ട്‌.. ആ കവിതയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ അടയാളപ്പെടുത്തേണ്ടിവരും എന്ന ഒരു ബാദ്ധ്യതയുംകൂടി ആ കവിതകള്‍ വായിക്കാന്‍ എടുക്കുമ്പോള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ പ്രണയിയാണോ, വിഷാദിയാണോ , കാമിയാണോ , ആതുരനാണോ, അലഞ്ഞൊടുങ്ങേണ്ടവന്‍ ആണോ എന്നൊക്കെ ഒരു പാട് ചോദ്യങ്ങളുമായിട്ടായിരിക്കും വിനയചന്ദ്രന്റെ കവിത നിങ്ങളെ വരവേല്ക്കുന്നത്. നെറ്റിയിലും കരപുടങ്ങളിലും ഒറ്റപ്പെടലിന്റെ, അതേത് വഴിയിലൂടെയായാലും, ഒറ്റപ്പെടലിന്റെ തിരുമുറിവുകളുള്ളവരെ ആ കവിത നിരന്തരം വിളിച്ചുകൊണ്ടിരിക്കും. ആ ജനുസ്സ് കുറ്റിയറ്റുപോകാത്ത കാലത്തോളം ആ കവിത ഇവിടെ ഉണ്ടാവുകയും ചെയ്യും; ആ ജനുസ്സിന് അറുതിയില്ലല്ലോ.

Subscribe Tharjani |