തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

പാര്‍ക്ക്

പാര്‍ക്കുകളിലുണ്ട്
ചില പോക്കറ്റുകള്‍
പ്രണയികളുടെ, യുവ -
മിഥുനങ്ങളുടെ, യുവാക്കളുടെ .
കവികള്‍ക്കും കിളികള്‍ക്കുമൊരിടം.

ആരവങ്ങളില്‍ നിന്നൊഴിഞ്ഞ്
ആകാശത്തിന്റേതായവശേഷിക്കുന്ന
കാറ്റിന്റെ ശ ബ്ദത്തില്‍
കാടുപിടിച്ച പോക്കറ്റില്‍
കരളിലൊരു കടലാഴവു മായി
യേറ്റ്സ്,ഒര്‍ലോവ്സ്ക്കി,
അലന്‍ ഗിന്‍സ്ബര്‍ഗ്
മഹാ മനീഷിയായ റൂമി
ചിരന്തനമായ സാമര്‍ത്ഥ്യത്താല്‍
ചിലന്തി നെയ്യും വലകള്‍
പരീത് കുട്ടിയെപ്പോലെ
പരതി നടക്കുന്നു.

കടല്‍ക്കരയിലെ പതുപതുത്ത
പൂഴിമണ്ണില്‍നഷ്ടകാമുകന്‍
വെള്ളത്തിനു മുകളിലെ ഉയര്‍ന്ന-
പാറകളില്‍
മൌനത്തിന്റെ വാത്മീകത്തില്‍
ഒരു കടല്‍ക്കാക്ക
രവിവര്‍മ്മചിത്രംപോലെ
തടാകം, താമര, അരയന്നം
അടുക്കിവെച്ച ഉരുളന്‍ കല്ലുകളുടെ
ബിനാലെ ചിത്രം.

പിന്നെയുമുണ്ട് ചില പോക്കറ്റുകള്‍
അന്നന്നത്തെ കൊറ്റിനു വേണ്ടി
ഉടയാടയുരിയുന്ന
ചതഞ്ഞ പുല്ലുകളുള്ള
പാറക്കൂട്ടങ്ങള്‍ക്കപ്പുറം .....

Subscribe Tharjani |